ദയാബായിക്ക് എന്താണ് വേണ്ടത്?
മെച്ചപ്പെട്ട ആരോഗ്യസംവിധാനം കാസർകോടിന്റെയും അവകാശമാണ്. അത് നിഷേധിക്കപ്പെടുന്നതിനെതിരെ നടക്കുന്ന സമരങ്ങളെ മൊത്തം സമൂഹം പിന്തുണക്കേണ്ടത് ആവശ്യമാണ്? പക്ഷേ, എന്തു കൊണ്ട് ദയാബായിയുടെ സമരം മാത്രം ആക്ഷേപിക്കപ്പെടുന്നു?
സമരം ജീവിതമാക്കിയ ദയാബായിക്ക് കേരളത്തിലെന്താണ് കാര്യം. അതിനുമാത്രം എന്ത് പ്രശ്നമാണ് ഇവിടെയുള്ളത് –സെക്രട്ടേറിയറ്റ് നടയിൽ ദയാബായിയുടെ നിരാഹാര സമരം പത്താം ദിനത്തിൽ എത്തിയപ്പോൾ പ്രചരിക്കുന്ന ചോദ്യമാണിത്. തൊട്ടുപിന്നാലെ ഉത്തരവും റെഡി. വലതുപക്ഷ രാഷ്ട്രീയമാണ് എല്ലാറ്റിനും പിന്നിൽ. ആരോഗ്യരംഗത്ത് രാജ്യത്ത് എന്നും മുൻപന്തിയിലുള്ള ഒരു സംസ്ഥാനത്തെ അപകീർത്തിപ്പെടുത്തുകയാണ് ലക്ഷ്യം. പ്രതിപക്ഷ നേതാക്കളും ആസ്ഥാന ഇടതുവിരുദ്ധരും സമരനായികയെ സന്ദർശിച്ചത് തെളിവായും ഇവർ ചൂണ്ടിക്കാട്ടുന്നു. യഥാർഥത്തിൽ ഒരു ജില്ലയുടെ ചികിത്സാ രംഗത്തെ പരിമിതികളിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ് ദയാബായി. അതിന്റെ തുടക്കം മാസങ്ങൾക്കു മുമ്പേ കാസർകോട് തുടങ്ങിക്കഴിഞ്ഞു. ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിനു മുന്നിൽ ഇരിപ്പിടമൊരുക്കിയതിലൂടെ ഒരു നാടിന്റെ നിലവിളിക്ക് ഒരു പരിഹാരമുണ്ടാക്കുകയാണ് 82കാരിയായ ദയാബായി ചെയ്യുന്നത്. നിവേദനങ്ങളുടെ പെരുമഴ സൃഷ്ടിച്ച് കാര്യങ്ങൾ നേടിയെടുക്കുക അത്ര എളുപ്പമല്ലെന്ന തിരിച്ചറിവിൽനിന്നാണ് സമരകേന്ദ്രം സെക്രട്ടേറിയറ്റ് ആക്കാൻ ദയാബായി തന്നെ മുൻകൈയെടുത്തത്.
കാസർകോടിന്റെ ചികിത്സാ പരിമിതികൾ നാലാളറിയുന്നതിന്റെ ലജ്ജ സർക്കാറിനുമുണ്ട്. കാസർകോടെന്നാൽ എൻഡോസൾഫാനാണെന്നും അതിനു സർക്കാർ ചെയ്യേണ്ടതെല്ലാം ചെയ്തുകഴിഞ്ഞെന്നുമാണ് സർക്കാർ നിലപാട്. ദുരിതബാധിതരായ എല്ലാവർക്കും സുപ്രീംകോടതി നിർദേശിച്ച അഞ്ച് ലക്ഷം നഷ്ടപരിഹാരം നൽകിക്കഴിഞ്ഞ ആശ്വാസത്തിലാണ് ഭരണകൂടം. അനേകം കോടതിയലക്ഷ്യ ഹരജികളിൽ ഉത്തരംമുട്ടിയാണ് ആ അഞ്ചു ലക്ഷം നൽകിയതെങ്കിലും എൻഡോസൾഫാൻ ദുരിതബാധിതർക്ക് വലിയൊരു ആശ്വാസമായിരുന്നുവെന്നതിൽ സംശയമില്ല. നഷ്ടപരിഹാരം നൽകിയതോടെ തീരുന്നതല്ല എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ. മൂന്നുമാസത്തിനിടെ ദുരിതബാധിതരായ പത്തോളം കുഞ്ഞുങ്ങളാണ് മരിച്ചുവീണത്. മതിയായ ചികിത്സ കിട്ടാതെയാണ് ഈ കുഞ്ഞുങ്ങളുടെ മടക്കം. നഷ്ടപരിഹാരം വിധിച്ച പരമോന്നത കോടതി നിർദേശിച്ച ചികിത്സാ സൗകര്യവുംകൂടി ഒരുക്കേണ്ടതുണ്ട്. ആ കുറവാണ് കാസർകോട് നേരിടുന്ന വലിയ പ്രശ്നം. ആ പ്രശ്നങ്ങളിലേക്ക് എല്ലാവരുടെയും ശ്രദ്ധ പതിയാൻതന്നെയാണ് മുഖ്യമന്ത്രി ഇരിക്കുന്ന നോർത്ത് ബ്ലോക്കിന് വിളിപ്പാടകലെ ദയാബായി നിരാഹാരമിരിക്കുന്നത്.
എയിംസിനായി മുറവിളി
കേന്ദ്രസർക്കാർ കേരളത്തിനു പ്രഖ്യാപിച്ച ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) കോഴിക്കോട് കിനാലൂരിൽ സ്ഥാപിക്കണമെന്നാണ് സംസ്ഥാന സർക്കാറിന്റെ നിലപാട്. ഇക്കാര്യം കേന്ദ്രസർക്കാറിനെ അറിയിക്കുകയും നടപടികളുമായി സംസ്ഥാനം ഏറെ മുന്നോട്ടുപോവുകയും ചെയ്തു. തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ എയിംസ് സ്ഥാപിക്കണമെന്ന നിലക്ക് അതത് എം.പിമാർ രംഗത്തുവന്നെങ്കിലും ഒരു നാടാകെ എയിംസിനായി മുന്നോട്ടുവന്ന കാഴ്ച കാസർകോട് മാത്രമാണ്. കേരളത്തിന് പ്രഖ്യാപിച്ച എയിംസ് എവിടെ വേണമെന്നത് സർക്കാറിന്റെ നയനിലപാടുകൾക്ക് അനുസരിച്ചാണ് എന്ന ഉറച്ചബോധ്യമുണ്ടായിട്ടും കാസർകോട്ടെ ജനപ്രതിനിധികൾ ഉൾപ്പെടെ ഇപ്പോഴും സമരത്തിലാണ്. എയിംസ് സ്ഥാപിക്കാനുള്ള പ്രപ്പോസലിൽ കാസർകോട് ജില്ലയുടെ പേര് ഉൾപ്പെടുത്തി പുതിയ പട്ടിക സമർപ്പിക്കണമെന്നാണ് ആവശ്യം. എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയുണ്ടാക്കി ഇതിനകം വിവിധ സമരങ്ങൾ നടത്തി. എൻഡോസൾഫാൻ ദുരിതബാധിതർക്ക് മികച്ച ചികിത്സക്കൊപ്പം എയിംസ് സ്ഥാപിക്കേണ്ട ജില്ലയുടെ പട്ടികയിൽ കാസർകോടിന്റെ പേര് ഉൾപ്പെടുത്തണമെന്ന ആവശ്യംകൂടി ഉന്നയിച്ചാണ് ഗാന്ധിജയന്തി ദിനത്തിൽ ദയാബായി സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്.
എയിംസ് ജനകീയ കൂട്ടായ്മ കാസർകോട്ട് ഇപ്പോഴും പന്തൽകെട്ടിയാണ് എയിംസ് ആവശ്യം ഉന്നയിക്കുന്നത്. എയിംസ് എവിടെ സ്ഥാപിക്കണമെന്ന കാര്യത്തിൽ തീരുമാനമായിട്ടും പോയ ബസിനു കൈകാണിച്ചിട്ടെന്ത് കാര്യമെന്ന പരിഹാസങ്ങൾ കേട്ടിട്ടും ഇവർ പിന്മാറുന്നില്ല.
ആദ്യം ഒറ്റക്കെട്ട്, പിന്നെ തടിയൂരി ഇടതുപക്ഷം
കാസർകോട്ട് വിദഗ്ധ ചികിത്സാ കേന്ദ്രം സ്ഥാപിക്കണമെന്ന ആവശ്യത്തിനും സമരത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. പെരിയയിലെ കേന്ദ്രസർവകലാശാലയോട് ചേർന്ന് മെഡിക്കൽ കോളജ് സ്ഥാപിക്കുമെന്ന് കരുതി ആ വഴിക്ക് കുറെ ശ്രമങ്ങൾ നടന്നു. മുൻ എം.പി. പി. കരുണാകരൻ ചെയർമാനായി ആക്ഷൻ കമ്മിറ്റിയുണ്ടാക്കി കേന്ദ്ര ആരോഗ്യമന്ത്രിയായിരിക്കെ ജെ.പി. നഡ്ഡയെ പോയി കണ്ടു. കേന്ദ്ര സർവകലാശാലയോട് ചേർന്ന് മെഡിക്കൽ കോളജ് എന്നത് സർക്കാറിന്റെ അജണ്ടയിലില്ലെന്നും എല്ലാ സംസ്ഥാനങ്ങളിലും എയിംസ് സ്ഥാപിക്കാൻ തീരുമാനമുണ്ടെന്നും ആ വഴിക്ക് ശ്രമിക്കാനും അദ്ദേഹം നിർദേശിച്ചു. മികച്ച ചികിത്സാ കേന്ദ്രമെന്നതിൽനിന്ന് പിന്നീട് എയിംസ് എന്നതിലേക്കായി കാര്യങ്ങൾ.
2014 ജൂലൈ ഒമ്പതിന് ജില്ലയിലെ അഞ്ച് എം.എൽ.എമാരും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പോയി കണ്ടു. യു.ഡി.എഫിലെ പി.ബി. അബ്ദുറസാഖ്, എൻ.എ. നെല്ലിക്കുന്ന്, എൽ.ഡി.എഫിലെ കെ. കുഞ്ഞിരാമൻ, ഇ. ചന്ദ്രശേഖരൻ, കെ. കുഞ്ഞിരാമൻ എന്നിവരാണ് കണ്ടത്. കേരളത്തിന് പ്രഖ്യാപിച്ച എയിംസ് കാസർകോട്ട് വേണമെന്നും എത്ര ഭൂമി വേണമെങ്കിലും നൽകാമെന്നും ജില്ലയുടെ പേര് ഉൾപ്പെടുത്തി കേന്ദ്രത്തിന് പ്രപ്പോസൽ അയക്കണമെന്നുമാണ് ഇവർ ആവശ്യപ്പെട്ടത്. സി.പി.ഐയിലെ ഇ. ചന്ദ്രശേഖരന്റെ ഔദ്യോഗിക ലെറ്റർപാഡിലായിരുന്നു അഞ്ച് എം.എൽ.എമാരും ഒപ്പിട്ട ആ നിവേദനം തയാറാക്കിയത്. ഉമ്മൻ ചാണ്ടിക്കു പിന്നാലെ പിണറായി വിജയൻ വന്നപ്പോഴും സമരത്തിൽ ഇടതു ജനപ്രതിനിധികൾ പങ്കെടുത്തു. 2021 ഒക്ടോബർ നാലിന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ എയിംസ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി. എയിംസിനായി കാസർകോട് പരിഗണിക്കുന്നില്ലെന്ന് എൻ.എ. നെല്ലിക്കുന്നിന്റെ ചോദ്യത്തിന് മറുപടി പറഞ്ഞു. എയിംസ് ജനകീയ കൂട്ടായ്മക്കാർ പിന്നീട് കണ്ണൂരിലെ വീട്ടിലെത്തി മുഖ്യമന്ത്രിയെ കണ്ടു. ''എയിംസിനായിരുന്നെങ്കിൽ ഇങ്ങോട്ട് വരേണ്ടതില്ലായിരുന്നു'' എന്നാണ് കൂടിക്കാഴ്ചയുടെ തുടക്കത്തിൽതന്നെ അദ്ദേഹം മറുപടി നൽകിയത്. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതോടെ ജില്ലയിലെ ഇടതുപക്ഷം എയിംസ് സമരത്തിൽനിന്ന് മെല്ലെ പിന്മാറിത്തുടങ്ങി. യു.ഡി.എഫ്, ബി.ജെ.പി നേതാക്കൾ വിവിധ സമരങ്ങളിൽ ഇപ്പോഴും സഹകരിക്കുന്നു.
സുപ്രീംകോടതിക്ക് അറിയണം കാസർകോടിന്റെ കാര്യം
കേരളത്തിന്റെ വടക്കേയറ്റത്തായിപ്പോയി എന്ന ഒറ്റക്കാരണത്താൽ ചികിത്സാ സൗകര്യത്തിൽ സമാനതകളില്ലാത്ത അവഗണനയാണ് കാസർകോട് നേരിടുന്നതെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. സർക്കാറിന് ഉദ്യോഗസ്ഥരെ പണിഷ്മെന്റ് ട്രാൻസ്ഫർ ചെയ്യാനുള്ള ജില്ല. സർക്കാർ തൊഴിലന്വേഷകർക്ക് 'ഏറെ സാധ്യത'യെന്നനിലക്ക് തിരഞ്ഞെടുക്കാനുള്ള ഒരിടം. എന്തിനും ഏതിനും മംഗളൂരുവിനെ ആശ്രയിക്കുന്നതിനാൽ ചികിത്സയിലും വിദ്യാഭ്യാസത്തിലുമൊന്നും എന്തിന് ഓക്സിജന്റെ കാര്യത്തിൽപോലും കാസർകോട്ടുകാർക്ക് പരിഭവമൊന്നുമുണ്ടായിരുന്നില്ല. കോവിഡ് ഒന്നാം തരംഗവേളയിൽ ജില്ല ശരിക്കും അനുഭവിച്ചു. കേരളത്തിൽനിന്നുള്ള കോവിഡ് രോഗികൾ പ്രവേശിക്കുന്നത് ഒഴിവാക്കാൻ കർണാടക സർക്കാർ അതിർത്തിയിൽ മണ്ണിട്ടു. ഇക്കാരണത്താൽ മാത്രം രണ്ടര ഡസനോളം പേർക്കാണ് കൃത്യമായി ചികിത്സ കിട്ടാതെ മരണം വരിക്കേണ്ടിവന്നത്. കോവിഡ് രണ്ടാംതരംഗത്തിൽ നാട് ശ്വാസം മുട്ടിയപ്പോൾ കാസർകോട്ടെ ആശുപത്രികൾക്ക് ഓക്സിജൻ നൽകുന്നതും കർണാടക നിർത്തി. കാസർകോട്ട് സ്വന്തമായി ഓക്സിജൻ പ്ലാന്റുണ്ടാക്കുന്നതിലേക്ക് നയിച്ചത് ഇതാണ്.
കഴിഞ്ഞ ആഗസ്റ്റ് 18ന് സുപ്രീംകോടതി നടത്തിയ ഇടപെടലിലാണ് എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രതീക്ഷ. കാസർകോട് ജില്ലയുടെ ചികിത്സാരംഗത്തെ സൗകര്യങ്ങൾ സംബന്ധിച്ച് കൃത്യമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ല ലീഗൽ സർവിസ് അതോറിറ്റിയെ ചുമതലപ്പെടുത്തിയിരിക്കയാണ് പരമോന്നത കോടതി. എൻഡോസൾഫാൻ ദുരിതബാധിതരായ എല്ലാവർക്കും അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം ഉടൻ കൊടുക്കണമെന്ന് പലതവണ ആവശ്യപ്പെട്ട അതേ കോടതിയാണ് കാസർകോട്ടെ ചികിത്സ സംബന്ധിച്ച വിശദീകരണം തേടിയത്. ആറാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശിച്ചത്. ഒരു ജില്ലയുടെ ചികിത്സാ സൗകര്യമെന്തെന്ന് അന്വേഷിച്ച് കണ്ടെത്തി റിപ്പോർട്ട് നൽകാൻ പരമോന്നത കോടതി സ്വന്തംനിലക്ക് കമ്മിറ്റിയെ നിയോഗിച്ചതെന്ന അപൂർവത കൂടിയുണ്ട് ഈ വിധിക്ക്. എൻഡോസൾഫാൻ ദുരിതബാധിതരായ ആറായിരത്തിലധികം പേർക്കും അഞ്ചു ലക്ഷം വീതം നഷ്ടപരിഹാരം നൽകിക്കഴിഞ്ഞുവെന്ന് കേരളം സത്യവാങ്മൂലം നൽകിയതിനുശേഷമാണ് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എ.എസ്. ഭോപണ്ണ എന്നിവരടങ്ങുന്ന ബെഞ്ച് ചികിത്സാ സാധ്യതകൾ പഠിക്കാൻ ഉത്തരവിട്ടത്.
എൻഡോസൾഫാൻ രോഗികൾക്ക് എല്ലാവിധ ചികിത്സാ സൗകര്യവും ലഭ്യമാണെന്ന കേരളത്തിന്റെ സത്യവാങ്മൂലം അവിശ്വസിച്ചാണ് സ്വന്തംനിലക്ക് അന്വേഷിക്കാൻ സംവിധാനമുണ്ടാക്കിയത് എന്നുകൂടി ഇതോടൊപ്പം ചേർത്ത് വായിക്കണം.
ഒക്ടോബർ 21ന് കേസ് വീണ്ടും പരിഗണിക്കുന്നതോടെ ആറായിരത്തിലധികം വരുന്ന എൻഡോസൾഫാൻ ദുരിതബാധിതർക്ക് സാന്ത്വന ചികിത്സയും ഫിസിയോതെറപ്പി സൗകര്യവും ഒരുക്കുകയെന്ന ആവശ്യം സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.
2012 മാർച്ച് നാലിന്റെ ഉത്തരവുപ്രകാരം ഉമ്മൻ ചാണ്ടി സർക്കാറാണ് കാസർകോട് മെഡിക്കൽ കോളജ് പ്രഖ്യാപിച്ചത്. ഇടുക്കി, മഞ്ചേരി, പത്തനംതിട്ട മെഡിക്കൽ കോളജുകൾക്ക് ഒപ്പമായിരുന്നു ആ പ്രഖ്യാപനം. 2013 നവംബർ 30ന് തറക്കല്ലിട്ട കോളജിന്റെ ആശുപത്രി കെട്ടിടംപോലും ഇതുവരെ പൂർത്തിയായില്ല. ഒപ്പം, പ്രഖ്യാപിച്ചവ കോളജുകളായപ്പോഴും കാസർകോട്ടെ പണിതീരാത്ത കെട്ടിടം പത്താംവർഷത്തിലേക്ക് കടക്കുകയാണ്. ആകെ പൂർത്തീകരിച്ച അക്കാദമിക് ബ്ലോക്കിൽ 11 ഡോക്ടർമാരെ നിയമിച്ച് ഒ.പി മാത്രം പ്രവർത്തിക്കുന്നു. ടാറ്റ കോവിഡ് ആശുപത്രി എൻഡോസൾഫാൻ സാന്ത്വന പരിചരണ കേന്ദ്രമാക്കണമെന്നാണ് സുപ്രീംകോടതിയിൽ ഇരകൾ ആവശ്യപ്പെട്ടത്. ലീഗൽ സർവിസ് അതോറിറ്റിയുടെ റിപ്പോർട്ട് വരുന്നതോടെ അത്തരമൊരു വിധിയാണ് ഇരകൾ പ്രതീക്ഷിക്കുന്നത്.
ഡി.വൈ.എഫ്.ഐ എവിടെ?
കാസർകോടിന്റെ നോവായ എൻഡോസൾഫാൻ വിഷയത്തിൽ എല്ലാവർക്കും അഞ്ചു ലക്ഷം നഷ്ടപരിഹാരമെന്ന ചരിത്രവിധി ഡി.വൈ.എഫ്.ഐ സുപ്രീംകോടതിയെ സമീപിച്ച് നേടിയെടുത്തത് 2017 ജനുവരി പത്തിന്. ജസ്റ്റിസുമാരായ എൻ.വി. രമണ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ച് മൂന്നുമാസത്തിനകം അർഹരായ എല്ലാവർക്കും അഞ്ചു ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. ദുരിതബാധിതരുടെ ആജീവനാന്ത ചികിത്സക്ക് മികച്ച സൗകര്യവും ഒരുക്കാൻ കോടതി ഉത്തരവിട്ടു.
2010 ഡിസംബർ 31ന് കെ.ജി. ബാലകൃഷ്ണൻ അധ്യക്ഷനായ ദേശീയ മനുഷ്യാവകാശ കമീഷന്റെ നിർദേശംകൂടി കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ നിർണായകവിധി വന്നത്. എന്നാൽ, വിധി വന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും സംസ്ഥാന സർക്കാർ അനങ്ങിയില്ല. ഡി.വൈ.എഫ്.ഐയും വിഷയത്തിനു പിന്നാലെ പോയില്ല. എൻഡോസൾഫാൻ ദുരിതബാധിതർക്കായി പ്രവർത്തിക്കുന്ന 12 സംഘടനകളുടെ കൂട്ടായ്മ കോൺഫെഡറേഷൻ ഓഫ് എൻഡോസൾഫാൻ വിക്ടിംസ് റൈറ്റ്സ് കലക്ടിവ്സ് കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ചു. വിവിധ അന്ത്യശാസനങ്ങൾക്കു പിന്നാലെ ഇക്കഴിഞ്ഞ ജൂൺ, ജൂലൈ മാസങ്ങളിലായി എല്ലാവർക്കും അഞ്ചു ലക്ഷം രൂപവീതം സർക്കാർ നഷ്ടപരിഹാരം നൽകാൻ നിർബന്ധിതമായത് അങ്ങനെയാണ്. ഇത്രയും വലിയ നഷ്ടപരിഹാരം നൽകിയിട്ടും അതിൽ സന്തോഷമോ ക്രെഡിറ്റ് എടുക്കാനോ ഒന്നുമില്ലാതെ ഡി.വൈ.എഫ്.ഐ പാലിക്കുന്ന മൗനം കൗതുകകരമാണ്. ആരാന്റെ നേട്ടംപോലും തന്റെ ഇടപെടലാക്കി മാറ്റുന്നകാലത്ത് ഒന്ന് അഭിമാനിക്കാൻപോലും ഡി.വൈ.എഫ്.ഐ നേതൃത്വം എവിടെയും വന്നില്ല.