നീണ്ട 333 വർഷങ്ങൾക്ക് ശേഷം വീണ്ടെടുക്കപ്പെട്ട ഒരു കപ്പൽ -ഇ. സന്തോഷ് കുമാർ എഴുതുന്നു
My name is Ozymandias, King of Kings;
Look on my Works, ye Mighty, and despair!
Nothing beside remains. Round the decay
Of that colossal Wreck, boundless and bare
The lone and level sands stretch far away.”
P.B. Shelley (poem: Ozymandias)
സെപ്റ്റംബർ 29ാം തീയതി സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ഹോമിൽ ‘വാസ’ എന്നു പേരുള്ള ഒരു മ്യൂസിയം കാണാൻ പോയി. പഴയകാലത്തെ സാമഗ്രികൾ സൂക്ഷിച്ചു വെക്കാറുള്ള പതിവു മ്യൂസിയങ്ങളിൽനിന്നും വ്യത്യസ്തമായി ഇവിടെ ഒരേയൊരു വസ്തു മാത്രമേ പ്രദർശിപ്പിക്കപ്പെട്ടിട്ടുള്ളൂ –ഒരു വലിയ കപ്പൽ. അതിനെ ഉൾക്കൊള്ളാൻ പാകത്തിൽ വലിയൊരു കെട്ടിടം നിർമിച്ച് മ്യൂസിയമാക്കിയിരിക്കുകയാണ്. ഏതാണ്ട് നാലു നൂറ്റാണ്ടുകൾക്കു മുമ്പ് ആദ്യയാത്രയിൽത്തന്നെ കടലിലാഴ്ന്നുപോയ കപ്പലായിരുന്നു അത്. നീണ്ട 333 വർഷങ്ങൾ അത് വെള്ളത്തിലാണ്ടു കിടന്നു. അതു വീണ്ടെടുത്ത് അഴുക്കുകളെല്ലാം കഴുകിക്കളഞ്ഞശേഷം മിക്കവാറും നിർമിച്ച കാലത്തുണ്ടായിരുന്നതുപോലെത്തന്നെ സൂക്ഷിച്ചിരിക്കുകയാണവിടെ. ഇരിപ്പിടങ്ങളും കട്ടിലുകളും പാചകശാലയും പാത്രങ്ങളും ഉടുപ്പുകളും ആയുധങ്ങളും എല്ലാം അതേ മാതിരി. അതുകൊണ്ട് വാസ മ്യൂസിയത്തിലെത്തുമ്പോൾ നമ്മൾ 17ാം നൂറ്റാണ്ടിലെത്തുകയാണ്. പ്രദർശനശാലയിലെ മൂന്നുനിലകളിൽ ഒന്നൊന്നായി കയറി കപ്പലിന്റെ ആകാരവും അലങ്കാരവും നാലു നൂറ്റാണ്ടു മുമ്പത്തെ ജീവിതവും കാണുന്നു.
കപ്പലിന്റെ തട്ടുകളോരോന്നും പരിചയപ്പെടുത്തി ചരിത്രം വിശദീകരിച്ചുതന്നിരുന്ന ഗൈഡിന്റെ പേര് സാന്ദ്ര എന്നായിരുന്നു. അതൊരു ഇന്ത്യൻ പേരുപോലെ തോന്നും. അതുമാത്രമല്ല, സ്വീഡിഷ് ഭാഷയിലെ പല പദങ്ങളും ഉച്ചരിക്കുമ്പോൾ നമ്മുടെ ഭാഷകളുമായി ശബ്ദസാമ്യം തോന്നിച്ചിരുന്നു.
‘വാസ’ എന്നാൽ കപ്പൽ എന്നു തന്നെയാണർഥം. ടൈറ്റാനിക് പോലെയല്ല, ‘വാസ’ ഒരു യുദ്ധക്കപ്പലായിരുന്നു. ടൈറ്റാനിക്കിനെപ്പോലെ പുറമെനിന്നുള്ള ഏതെങ്കിലും വസ്തുക്കൾ ഇടിച്ചതുകൊണ്ടുള്ള ആഘാതത്തിൽ താഴ്ന്നുപോയതല്ല അത്. നിർമാണത്തിലെ ചില പിഴവുകളായിരുന്നു കപ്പലിന്റെ ദുരന്തത്തിനു ഹേതു. എന്നാൽ, പണിതീരുന്ന കാലത്ത് യൂറോപ്പിലെ ഏറ്റവും മോടികൂടിയ കപ്പലായിരുന്നു ‘വാസ’. 1628 ആഗസ്റ്റ് 10ന് രാവിലെ കന്നിയാത്രക്ക് പുറപ്പെടുമ്പോൾ സ്റ്റോക്ഹോം നഗരത്തിലെ പതിനയ്യായിരത്തോളം വരുന്ന നിവാസികളിൽ ഭൂരിപക്ഷവും കപ്പലിനെ യാത്രയാക്കാൻ തുറമുഖത്ത് എത്തിച്ചേർന്നിരുന്നു. ഗുസ്താവ് അഡോൾഫസ് രണ്ടാമൻ രാജാവിന്റെ സ്വകാര്യ അഭിമാനമായിരുന്നു അത്. ലന്തക്കാരായ രണ്ടു ശിൽപികളുടെ നേതൃത്വത്തിൽ നാനൂറിലേറെ ആശാരിമാർ രണ്ടു വർഷത്തോളം കഠിനമായി അധ്വാനിച്ചിട്ടാണ് കപ്പൽ പൂർത്തിയാക്കിയത്. പഴക്കംചെന്ന ഓക്കുമരങ്ങളുടെ പലകകൾ ചേർത്തുവെച്ചുണ്ടാക്കിയ അതിന് എണ്ണൂറ് ചതുരശ്രമീറ്റർ വിസ്തീർണമുണ്ടായിരുന്നു. ജലോപരിതലത്തിൽനിന്നു കാണുമ്പോൾ ഇന്നത്തെ നിലയിലുള്ള മൂന്നു കെട്ടിടങ്ങളുടെ ഉയരമുണ്ടായിരുന്നു. മുൻവശത്ത് രാജാവിന്റെ ശൗര്യത്തെ പ്രതിനിധാനം ചെയ്യാനെന്നോണം ഗർജിക്കുന്ന സിംഹപ്രതിമകൾ നിലകൊണ്ടു. മറ്റു ഭാഗങ്ങളിൽ ചായം തേച്ച കമനീയമായ എഴുനൂറോളം ശിൽപങ്ങൾ. മുകൾത്തട്ടിലെ തുറവികളിലൂടെ ഓടിൽ നിർമിച്ച 64 പീരങ്കികൾ പുറത്ത് ശത്രുരാജ്യങ്ങളുടെ കപ്പലുകളെ ഉന്നംവെക്കുന്നു. ദേശീയവരുമാനത്തിന്റെ അഞ്ചു ശതമാനം ചെലവുവന്നു അത് പൂർത്തീകരിക്കാൻ.
പ്രസന്നമായ ഒരു ദിവസമായിരുന്നു അത്. അറുപതിലധികം ജീവനക്കാരടക്കം നൂറ്റമ്പതോളം പേർ കപ്പലിലുണ്ട്. എത്രയും വേഗം പോളണ്ടിലെത്തുക എന്നതായിരുന്നു രാജകൽപന. എന്തെന്നാൽ ഗുസ്താവ് രാജാവ് അപ്പോൾ അവിടെ യുദ്ധംചെയ്യുകയായിരുന്നു. കത്തോലിക്കാ രാജ്യമായ പോളണ്ടും േപ്രാട്ടസ്റ്റന്റ് സ്വീഡനും തമ്മിലുള്ള ഒരു യുദ്ധം. ആയുധങ്ങളും ആളുകളുമായി ‘വാസ’ എത്തിച്ചേർന്നാൽ രാജാവിന് അതു വലിയ സഹായമാവും. മതവിഭാഗങ്ങൾ തമ്മിലുള്ള കലഹം മാത്രമായിരുന്നില്ല അത്. ബാൾട്ടിക് മേഖലയുടെ അധിനിവേശത്തിനുവേണ്ടിയുള്ള പോരാട്ടം. ഗുസ്താവ് രാജാവിന്റെ മച്ചുനനായിരുന്നു അന്ന് പോളണ്ടിലെ ഭരണാധികാരി. കൂടുതൽ വിപുലമായ സാമ്രാജ്യം, ആശയപ്രചാരണം, കൂടുതൽ ധനം, പ്രതാപം, കൂടുതൽ അധികാരം: ഇന്നും അന്നും യുദ്ധങ്ങളുടെ തിരക്കഥകൾക്കു വലിയ മാറ്റമൊന്നുമില്ല.
നിർണായകമായ ആ യാത്ര തുടങ്ങി ഇരുപതു മിനിറ്റുകൾക്കുള്ളിൽ –വെറും ഒരു കിലോമീറ്റർ പിന്നിട്ടതേയുണ്ടായിരുന്നുള്ളൂ –പായകളിൽ കാറ്റുപിടിച്ച് കപ്പൽ ഉലഞ്ഞുതുടങ്ങുകയായി. ആദ്യത്തെ ഉലച്ചിലിനുശേഷം സമനില കൈവരിച്ചെങ്കിലും പിന്നെ വീശിയ കാറ്റിൽ അതിനു പിടിച്ചുനിൽക്കാനായില്ല. ചരിഞ്ഞുപോയ കപ്പലിന്റെ ഉൾത്തട്ടുകളിലേക്ക് വെള്ളം ഒട്ടുവേഗത്തിൽ ഒഴുകിക്കയറി. ഒരൽപം ദൂരെ, കരയിൽനിന്നും കൈവീശി യാത്രയാക്കിയിരിക്കുന്നവരുടെ കൺമുന്നിൽത്തന്നെ, പിൽക്കാലത്തു കണ്ടുപിടിക്കാനിരിക്കുന്ന ചലച്ചിത്രവിദ്യയിലെ ഒരു രംഗത്തിലെന്ന മട്ടിൽ അതു ബാൾട്ടിക് കടലിന്റെ ആഴത്തിലേക്കു പോയി. ആദ്യയാത്ര കണ്ടുനിന്നവർ തന്നെ അന്ത്യയാത്രക്കും സാക്ഷികളായിത്തീരുന്ന അപൂർവമുഹൂർത്തം. പിന്നീട് 333 വർഷങ്ങൾ കപ്പൽ അങ്ങനെ കിടന്നു. അപകടത്തിൽ മുപ്പതുപേർ മരിച്ചിരുന്നു. പലരെയും കണ്ടുകിട്ടിയില്ല.
സ്റ്റോക്ഹോം അക്കാലത്ത് ചെറിയൊരു പട്ടണമായിരുന്നു. ഗുസ്താവ് രാജാവിന്റെ പ്രജകളിൽ മിക്കവർക്കും തടികൊണ്ടുള്ള ഒറ്റമുറി വീടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപൂർവം ചില ധനികർ കല്ലുകൊണ്ടുണ്ടാക്കിയ വീടുകളിൽ പാർത്തു. രാജശാസനകളെ ഭയപ്പെടുന്നതിൽ പക്ഷേ, ഏവരും തുല്യത പുലർത്തി. ഉദാഹരണത്തിന്, കപ്പൽ പൂർത്തീകരിച്ച സമയത്തുതന്നെ അതിനു സംതുലനം കൈവരിക്കാനായിട്ടില്ലെന്ന് പലർക്കും അറിയാമായിരുന്നു. പുറംമോടി കാണിക്കുന്നതിനായി വെച്ച അനേകം ശിൽപങ്ങളും അത്തരമൊരു കപ്പലിന് ഉൾക്കൊള്ളാവുന്നതിന്റെ ഇരട്ടിയോളം വരുന്ന പീരങ്കികളും അതിന്റെ ശാപമായിരുന്നു. തന്നെയുമല്ല, ഇക്കാര്യത്തിൽ സംശയമുണ്ടായിരുന്ന കപ്പിത്താൻ 60 നാവികരെ കപ്പലിന്റെ മുകൾത്തട്ടിൽ ബലപരീക്ഷക്കായി ഇരുവശങ്ങളിലും മാറിമാറി കവാത്തു ചെയ്യിച്ചു. അപ്പോഴെല്ലാം അത് ആടിയുലയുന്നുണ്ടായിരുന്നു. കപ്പലിന്റെ ബലഹീനത കപ്പിത്താനു മനസ്സിലായി. പക്ഷേ, യുദ്ധമേഖലയിലേക്കു കപ്പലിനെ എളുപ്പമെത്തിക്കാൻ കൽപന നല്കിയ രാജാവിനോട് അക്കാര്യം തുറന്നുപറയാൻ ആരും തയാറായില്ല. ഭയം ഏവരെയും വിലക്കി. അങ്ങനെ നോക്കുമ്പോൾ, രഹസ്യമായെങ്കിലും ‘പ്രവചിക്കപ്പെടാവുന്ന ഒരു മരണമായിരുന്നു’ അത്. വൈകാതെ നടന്ന അന്വേഷണത്തിലും ആരാണ് ഈ നിർമാണപ്പിഴവിനു പിറകിൽ എന്നു കണ്ടെത്താനായില്ല. ലന്തക്കാരായ ശിൽപികളിൽ ഒരാളെ കുറ്റക്കാരനായിക്കണ്ട് എല്ലാവരും കൈകഴുകി. മാസങ്ങൾക്കു മുമ്പേ അയാൾ മരിച്ചുപോയിരുന്നതുകൊണ്ട് ആ തീരുമാനം എളുപ്പമായിരുന്നു.
1660 മുതൽ, നഷ്ടപ്പെട്ടുപോയ ഈ കപ്പലിനെക്കുറിച്ച് അന്വേഷണം തുടങ്ങിയിരുന്നു. പക്ഷേ, അന്നത്തെ സാങ്കേതികവിദ്യക്ക് കണ്ടെടുക്കാനാവുന്നതിലും ആഴത്തിലുള്ള അടിത്തട്ടിൽ ദീർഘമായൊരു ശീതനിദ്രയിലായിരുന്നു അത്. എങ്കിലും കമനീയമായ ഒരു സമുദ്രയാനത്തെപ്പറ്റിയുള്ള ചിന്ത ജനതയുടെ പൊതുസ്മൃതിയിൽ മായാതെ കിടന്നു. തലമുറകളിലൂടെ കഥകളായും പാട്ടുകളായും അതു കൈമാറ്റം ചെയ്യപ്പെട്ടു. കപ്പലിനെക്കുറിച്ചുള്ള അത്തരം മുത്തശ്ശിക്കഥകൾ കേട്ടാണ് പിൽക്കാലത്ത് കുട്ടികൾ ബാല്യം പിന്നിട്ടിരുന്നത്.
വെറുമൊരു ഐതിഹ്യമായി മാഞ്ഞുമറഞ്ഞുപോകുമായിരുന്ന ഈ സംഭവത്തെ പുനരുജ്ജീവിപ്പിച്ചത് ആൻഡേഴ്സ് ഫ്രാൻസൺ എന്ന പുരാവസ്തുഗവേഷകനായിരുന്നു. ആയിരത്തിത്തൊള്ളായിരത്തി അമ്പതുകളിൽ സ്റ്റോക്ഹോമിലെ കടലിന്റെ ഉപരിതലത്തിൽ അദ്ദേഹം കണ്ടെത്തിയ ചില പഴയ ഓക്കുമരക്കഷണങ്ങളെ പിന്തുടർന്ന് അദ്ദേഹം തന്റെ അന്വേഷണം ആരംഭിച്ചു. മുങ്ങൽ വിദഗ്ധരുടെ ഒരു സംഘം സഹായത്തിനെത്തി. അവരാണ് ബാൾട്ടിക്കിന്റെ അടിത്തട്ടിൽ തണുത്ത ഉറക്കത്തിൽ കിടന്നിരുന്ന ആ യാനത്തെ കണ്ടെത്തിയത്. വിവിധ സംഘടനകൾ, സർക്കാറുകൾ, ശാസ്ത്രജ്ഞരും ചരിത്രവിദഗ്ധരും പണ്ഡിതരും ഒത്തുചേർന്നു. കപ്പൽ നിർമിച്ച രാജാവിന്റെ പിൻതലമുറക്കാരനായിരുന്ന ഗുസ്താവ് അഡോൾഫ് ആറാമനായിരുന്നു വീണ്ടെടുപ്പുകാലത്തെ രാജാവ്. അദ്ദേഹം ഒരു പുരാവസ്തുവിദഗ്ധനും കൂടിയായിരുന്നു എന്നത് സംഗതി എളുപ്പമാക്കി. എല്ലാവരും ഒത്തുചേർന്ന് കപ്പലിനെ കുത്തനെ ഉയർത്തിയെടുക്കാൻ വേണ്ടുന്ന സാങ്കേതികവിദ്യ ആവിഷ്കരിക്കുകയായിരുന്നു. വീണ്ടെടുപ്പിന്റെ വിവിധ ഘട്ടങ്ങളും പുരോഗതിയും ദീർഘകാലം സ്വീഡിഷ് ടെലിവിഷന്റെ സവിശേഷവിഭവമായി മാറി. ഒടുവിൽ, ഒരു ദശകത്തെ അധ്വാനത്തിനുശേഷം 1961 ഏപ്രിൽ 24ാം തീയതി പതുക്കെപ്പതുക്കെ അതു ജലോപരിതലത്തിലേക്കുയർന്നുവന്നു. റിപ് വാൻ വിങ്കിൾ ഉറക്കം വിട്ടുണർന്നുവരുന്നതു പോലെയായിരുന്നു അത്. അതിന്റെ വശങ്ങളിൽ ഉണ്ടായിരുന്ന ചളിപറ്റിയ ശിൽപങ്ങൾ മൂന്നുനൂറ്റാണ്ടുകൾക്കു ശേഷമുള്ള നഗരത്തെ ഒട്ടൊരു അത്ഭുതത്തോടെ നോക്കി. പുതിയ മനുഷ്യരെയും എടുപ്പുകളെയും നിരീക്ഷിച്ചു. വിസ്തൃതമായ പാതകളിലെ ഗതാഗതം ശ്രദ്ധിച്ചു. ഒന്നുറങ്ങിയെണീറ്റപ്പോഴേക്കും കാലം വല്ലാതെ മാറിയിരിക്കുന്നു എന്നു കണ്ടു.
സമുദ്രജലം ആ ശിൽപങ്ങളുടെ മേലുള്ള ചമയങ്ങൾ അഴിച്ചുകളഞ്ഞിരുന്നു. മുൻഭാഗത്തെ സിംഹപ്രതിമയുടെ കണ്ണുകളിലെ ക്രൗര്യം കെട്ടുപോയിരുന്നു. കപ്പലിനകത്ത് ആദിമകാലത്തെ മണ്ണും ചളിയും നിറഞ്ഞുകിടന്നു. പിന്നീട് വർഷങ്ങളോളം ശുദ്ധജലംകൊണ്ടും രാസപദാർഥങ്ങൾകൊണ്ടും കഴുകിയാണ് അതിനുള്ളിലെ ഇടങ്ങൾ തിരിച്ചെടുക്കുന്നത്. അങ്ങനെ പതിനേഴാം നൂറ്റാണ്ടിന്റെ ജീവിതത്തെ അതേപടി സൂക്ഷിച്ചുനിർത്തിയ ഒരു സമയപേടകംപോലെ അത് ഉയിർത്തെഴുന്നേറ്റു.
കപ്പലിന്റെ പലകകൾക്കോ അതിനുള്ളിലെ വസ്തുക്കൾക്കോ കാര്യമായ കേടുപാടുകൾ പറ്റിയിരുന്നില്ല. ബാൾട്ടിക് കടലിലെ ജലത്തിന്റെ സവിശേഷമായ ലവണസ്വഭാവമാണ് കപ്പൽ നശിക്കാതെ കിട്ടിയതിനു കാരണം. ആ ഒരു രാസഘടനയിലാവുമ്പോൾ കപ്പലിന്റെ പലകകളെ നശിപ്പിക്കാൻ പോന്ന ബാക്ടീരിയകൾക്കോ ചിതലുകൾക്കോ വളരാനാകുമായിരുന്നില്ല. എന്നാൽ, കടലിൽനിന്നും പുറത്തെടുത്ത കപ്പൽ എളുപ്പം ദ്രവിക്കാൻ പോന്ന നിലയിലായിരുന്നു. അതിനെ പരമാവധി കാലം സംരക്ഷിച്ചുനിർത്തുക എന്നതായി പുതിയ വെല്ലുവിളി. അതൊരു ശ്രമകരമായ ജോലിതന്നെയാണ്. ഈയടുത്ത മാസങ്ങളിൽ കപ്പലിന്റെ പഴയ ഇരുമ്പാണികളിൽ അയ്യായിരത്തോളം എണ്ണം മാറ്റി പകരം പുതിയവ ചേർത്തുപിടിപ്പിച്ചു. നിവർത്തിവെച്ചാൽ നാഴികകളോളം പോകാവുന്നത്രയും നീളമുള്ള കപ്പലിന്റെ വടങ്ങൾ മാറ്റി. പതിനേഴാം നൂറ്റാണ്ടിലെ രേഖകളിൽനിന്നും പഠിച്ചെടുത്ത് വേണ്ടുംവണ്ണം പ്രതിമകൾക്കുമേൽ പഴയ (പുതിയ) ചായം പുരട്ടി. അവയുടെ മേലുണ്ടായിരുന്ന ചെറിയ പരിക്കുകളെല്ലാം പരിഹരിച്ചു. അങ്ങനെ, ഇന്ന് ലോകത്തിലെ ഒരു മ്യൂസിയത്തിൽ സംരക്ഷിക്കപ്പെടുന്ന ഏറ്റവും ബൃഹത്തായ പുരാവസ്തു ഈ കപ്പലാണെന്നു പറയാം. അതു മാത്രമല്ല, കപ്പലിന്റെ ഉൾഭാഗത്തുനിന്നും വീണ്ടെടുക്കപ്പെട്ട 15 അസ്ഥികൂടങ്ങളെ ആധുനിക ജനിതകസങ്കേതങ്ങളുപയോഗിച്ച് മനുഷ്യരൂപത്തിൽ പുനർനിർമിച്ചിട്ടുണ്ട്. മരിക്കുന്ന കാലത്ത് അവരുടെ പ്രായം, ജീവിതസാഹചര്യങ്ങൾ, ശീലങ്ങൾ, ഉണ്ടായിരുന്ന മുറിവുകൾ, ബാധിച്ചിരുന്ന രോഗങ്ങൾ ഇവയൊക്കെയും ഏതാണ്ടു കൃത്യമായി മനസ്സിലാക്കി എഴുതിവെച്ചിരിക്കുന്നതു കണ്ടു. മരിച്ചവരുടെ കൂട്ടത്തിൽ കപ്പിത്താനും ഒരു ക്ഷുരകനും ഉണ്ടായിരുന്നു. നാലു നൂറ്റാണ്ടുമുമ്പ് ക്ഷുരകൻ എന്നത് കൂടുതൽ ഉത്തരവാദിത്തങ്ങളുള്ള ഒരു ജോലിയായിരുന്നുവെന്ന് കപ്പലിന്റെ ചരിത്രം വിശദീകരിച്ചുകൊണ്ടിരുന്ന ഗൈഡ് പറഞ്ഞുതന്നു. കാരണം അയാൾതന്നെയായിരുന്നു വൈദ്യനും. ക്ഷൗരത്തിനുള്ള ഉപകരണങ്ങൾ കൊണ്ടുതന്നെ ചെറിയ ശസ്ത്രക്രിയകളും നടന്നിരുന്നു. പുകയില ധാരാളമായി വീണ്ടെടുക്കപ്പെട്ടിട്ടുണ്ട്. അതു പലപ്പോഴും വേദനസംഹാരിയായി സ്വയം പരിവർത്തനം ചെയ്തിട്ടുണ്ടാവണം. വലുപ്പമുള്ള തളികകളായിരുന്നു കപ്പലിലുണ്ടായിരുന്നത്. ജോലിക്കാരും സൈനികരും ഒരേ പാത്രത്തിൽനിന്നും ആഹാരം കഴിച്ചു. ഓരോരുത്തർക്കും സ്വന്തമായി സ്പൂണുകളുണ്ടായിരുന്നുവെന്നു മാത്രം.
‘വാസ’ എന്ന കപ്പലിന്റെ നിർമാണവും യാത്രയും പതനവും ചരിത്രാന്വേഷികളുടെയും പണ്ഡിതരുടെയും സവിശേഷശ്രദ്ധയിൽ ഇപ്പോഴും തുടരുന്നുണ്ട്. ആധുനിക മാനേജ്മെന്റ് രംഗത്ത് വാസാ സിൻേഡ്രാം (Vasa Syndrome) എന്ന ഒരു പ്രയോഗം തന്നെയുണ്ടേത്ര. പദ്ധതികളുടെ നിർവഹണത്തിൽ സംഭവിക്കുന്ന പരാജയങ്ങളെയാണ് ഈ ആശയംകൊണ്ട് ലക്ഷ്യമാക്കുന്നത്. പ്രായോഗികമാവുന്നതിൽ കവിഞ്ഞ ലക്ഷ്യങ്ങൾ, നടത്തിപ്പിൽ സംഭവിക്കുന്ന വിനിമയ വിടവുകൾ (communication gaps), സാഹചര്യത്തിനനുസരിച്ച് യോജിച്ചുപോകാൻ (adaptability) കഴിയാതെ വരുക എന്നീ കാര്യങ്ങളെല്ലാം അതിനെ വിശദീകരിക്കുന്നു.
അതിനേക്കാളുമെല്ലാമപ്പുറത്ത് വീണ്ടെടുക്കപ്പെട്ട ഈ കപ്പൽ ഒരു പ്രതീകമാണ്. കല്ലും കോൺക്രീറ്റും ചേർത്തുനിർമിച്ച ആധുനികമായൊരു പടുകൂറ്റൻ കെട്ടിടത്തിനുള്ളിൽ പ്രദർശിപ്പിച്ചിരിക്കുന്ന നാലു നൂറ്റാണ്ടു കാലം മുമ്പു സ്വയം വീണുപോയ ഒരു പെട്ടകം. മനുഷ്യന്റെ അധികാരാസക്തിയുടെയും അതിന്റെ നിഷ്ഫലതയുടെയും നിത്യസ്മാരകം.