'ടീസ്റ്റയെയും ആർ.ബി ശ്രീകുമാറിനെയും പൊലീസ് പിടിച്ചത് ഒരു ചട്ടവും പാലിക്കാതെ'; നടപടികൾക്ക് സാക്ഷിയായ മാധ്യമ പ്രവർത്തക എഴുതുന്നു
മനുഷ്യാവകാശപ്പോരാളി ടീസ്റ്റ സെറ്റൽവാദിനെ ഒരു കുറ്റവാളിയെപ്പോലെ പിടിച്ചു കൊണ്ടുപോകാൻ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സംഘം (എ.ടി.എസ്) വന്ന ജൂൺ 25ന് ഞാനും മുംബൈ ജുഹുവിലെ 'നിരാന്ത്' എന്ന വീട്ടിലെത്തിയിരുന്നു. എ.ടി.എസ് സംഘത്താൽ ചുറ്റപ്പെട്ട നിലയിലായിരുന്നു ടീസ്റ്റ. അവരുടെ വക്കീൽ എഫ്.ഐ.ആർ വായിക്കുകയായിരുന്നു
വാറന്റുമായാണോ ഇവർ വന്നിരിക്കുന്നത്?- ഞാൻ ചോദിച്ചു. ഇല്ലെന്ന് ടീസ്റ്റ പറഞ്ഞു. 'എന്നെ മതിലിലേക്ക് തള്ളിപ്പിടിക്കുകയും ഉപദ്രവിക്കുകയും ചെയ്തു'വെന്ന് ഓഫിസർമാരുടെ മുന്നിൽ വെച്ച് തന്നെ അവർ ഉറക്കെപ്പറഞ്ഞു. ഇടതു കൈയിൽ പറ്റിയ ചതവും കാണിച്ചുതന്നു.
നോയിഡ സി.ഐ.എസ്.എഫിൽ നിന്നാണെന്ന് പറഞ്ഞ് ടീസ്റ്റക്ക് അന്ന് രാവിലെ ഫോൺ വന്നിരുന്നു- സുരക്ഷക്ക് എത്രപേരുണ്ട് എന്നായിരുന്നു അവർ തിരക്കിയത്. സുരക്ഷ കാര്യങ്ങൾ ഫോണിൽ പറയാനാവില്ലെന്ന് ടീസ്റ്റ മറുപടിയും നൽകി.
ടീസ്റ്റ പറഞ്ഞു: 'ഗുജറാത്ത് എ.ടി.എസ് സാന്താക്രൂസ് സ്റ്റേഷനിൽ വെച്ച് ചോദ്യം ചെയ്യുമെന്നാണ് എന്നോടു പറഞ്ഞത്. പിന്നീട് എന്നെ ഗുജറാത്തിലേക്ക് കൊണ്ടുപോകുമെന്ന് പതുക്കെ വെളിപ്പെടുത്തി'
മുംബൈ പൊലീസിൽ നിന്ന് ആരെങ്കിലും അവിടെയുണ്ടോ എന്ന് ഞാൻ തിരക്കി- യൂനിഫോമണിഞ്ഞ ഏതാനും പൊലീസുകാരെ ടീസ്റ്റ കാണിച്ചു തന്നു
'ജാസ്മിൻ' എന്ന് പരിചയപ്പെടുത്തിയ എ.ടി.എസ് ഉദ്യോഗസ്ഥനോട് നടപടിക്രമങ്ങൾ പാലിക്കൂ എന്ന് ടീസ്റ്റ ആവശ്യപ്പെട്ടു ' നിങ്ങൾ പറഞ്ഞത് തടഞ്ഞുവെക്കുമെന്നായിരുന്നു, അറസ്റ്റ് ചെയ്യുമെന്നല്ല. നിങ്ങളെന്നെ വാറന്റില്ലാതെ തട്ടിക്കൊണ്ടുപോവുകയാണെന്ന് ഞാൻ എന്റെ സ്റ്റേഷനിൽ ചെന്ന് പരാതി നൽകും
ടീസ്റ്റയുടെ കാര്യത്തിൽ ആകുലതയുണ്ടെന്നും അവരുടെ കാറിൽതന്നെ ഞങ്ങളും സഞ്ചരിക്കുമെന്നും ഞാനും എം.ജെ. പാണ്ഡേയും പറഞ്ഞുനോക്കി. ഏറെ സംസാരങ്ങൾക്കൊടുവിൽ എ.ടി.എസ് അതനുവദിച്ചു. ടീസ്റ്റ സാന്താക്രൂസിലെ സ്റ്റേഷനിലേക്ക് കയറുന്നത് തടയാൻ ഓഫിസർമാരായ ജാസ്മിൻ, പട്ടേൽ എന്നിവരും വനിത സബ് ഇൻസ്പെക്ടർമാരും നന്നായി പരിശ്രമിച്ചു. അവർ ടീസ്റ്റയെ തള്ളി, ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്റ്റേഷനിലേക്ക് കയറിയ ടീസ്റ്റ തന്നെ പരാതി നൽകാൻ അനുവദിക്കാതെ തടയുകയാണെന്നും വാറന്റ് ഇല്ലാതെ അനധികൃതമായി പിടിച്ചു കൊണ്ടുപോകാനാണ് എ.ടി.എസ് ശ്രമിക്കുന്നതെന്നും മാധ്യമങ്ങളോട് പറഞ്ഞു. അവർ പരാതി എഴുതി നൽകി.
ഗുജറാത്തിലേക്ക് കടന്നപ്പോൾ പാതിരാത്രി പിന്നിട്ടിരുന്നു. ഞങ്ങൾ പാപ്പിലിയോൺ എന്നൊരു റസ്റ്റാറന്റിൽ കയറി. പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒരു രേഖയും നൽകാതെയാണ് വീട്ടിൽ നിന്ന് ടീസ്റ്റയുടെ ഫോണുകൾ പിടിച്ചെടുത്തത്. രണ്ടെണ്ണം അവരുടേതും ഒരെണ്ണം സഹപ്രവർത്തകയുടേതും. അന്വേഷണ ഉദ്യോഗസ്ഥനുമായി സംസാരിക്കണമെന്നും അല്ലാത്തപക്ഷം താൻ റസ്റ്റാറന്റിൽ നിന്നിറങ്ങില്ലെന്നും അവർ പറഞ്ഞു. ഏറെ സംസാരങ്ങൾക്ക് ശേഷം ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥൻ എ.സി.പി ചുദാസാമ ഫോണിൽ വന്നു. രേഖകളില്ലാതെ ഫോണുകൾ കൊണ്ടുപോകാൻ അധികാരമില്ല എന്ന് ടീസ്റ്റ അദ്ദേഹത്തെ ധരിപ്പിച്ചു. തുടർന്ന് ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തു, ടീസ്റ്റയുടെ കൈയിൽ കൊടുക്കാതെ ഞങ്ങളുടെ സുഹൃത്തിന് കൈമാറി.അവ ഉപയോഗിക്കരുത് എന്ന താക്കീതോടെ.
നടപടിക്രമങ്ങൾ പാലിക്കാൻ നിങ്ങൾ തയാറാവുന്ന പക്ഷം അന്വേഷണവുമായി പൂർണമായി സഹകരിക്കാൻ തയാറാണെന്ന് ടീസ്റ്റ എ.ടി.എസിനെ അറിയിച്ചു. ഉപയോഗിക്കുന്നില്ലെങ്കിൽ പിന്നെന്തിനാണ് നിങ്ങൾക്കീ ഫോൺ എന്നായിരുന്നു അവരുടെ ചോദ്യം
രാജ്യത്തെ പൗര എന്ന നിലയിലും മനുഷ്യാവകാശ പ്രവർത്തക എന്ന നിലയിലും അത് തന്നെ സ്വകാര്യതയുടെ അവകാശമാണെന്നും നിയമവും നടപടിക്രമങ്ങളും പാലിക്കൽ നിങ്ങളുടെ ഉത്തരവാദിത്തമാണെന്നും ടീസ്റ്റ മറുപടി പറഞ്ഞു.
26ന് രാവിലെ ആറോടെ ഞങ്ങൾ അഹ്മദാബാദ് ക്രൈംബ്രാഞ്ച് ഓഫിസിലെത്തി. ഓഫിസിന്റെ മുറ്റത്തുവെച്ച് ഉദ്യോഗസ്ഥരിലൊരാൾ ഞങ്ങളുടെ സുഹൃത്ത് പാണ്ഡേയെ പിടിച്ചു തള്ളുകയും ടീസ്റ്റയെ അസഭ്യം പറഞ്ഞ് ഫോണുകൾ പിടിച്ചുവാങ്ങുകയും ചെയ്തു.
ശാന്തത കൈവിടാതെ ടീസ്റ്റ പറഞ്ഞു 'ആഹ്, നിങ്ങളിപ്പോൾ തനിനിറം പുറത്തെടുത്തിരിക്കുന്നു'. ഞാനും ടീസ്റ്റയും ഒന്നാം നിലയിലേക്ക് നടന്നു. എന്നോട് സ്ഥലംവിടാൻ ആവശ്യപ്പെട്ടെങ്കിലും അന്വേഷണ ഉദ്യോഗസ്ഥൻ വരുന്നതു വരെ നിൽക്കാൻ അനുവദിക്കണമെന്ന് ഞാൻ അഭ്യർഥിച്ചു.
ഏഴ് വനിത പൊലീസുകാരികൾക്കൊപ്പമാണ് ആ മുറിയിൽ ഞങ്ങളിരുന്നത്. ആർ.ബി. ശ്രീകുമാർ അവിടെയുണ്ടോ എന്ന് ടീസ്റ്റ ചോദിച്ചു. അദ്ദേഹം അടുത്ത മുറിയിൽ ഉറങ്ങുകയായിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞ് ശ്രീകുമാർ ശുചിമുറിയിലേക്ക് പോകുന്നത് കണ്ടു. ടീസ്റ്റ അദ്ദേഹത്തെ ഉറക്കെ വിളിച്ചു; ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലല്ലോ എന്ന് തിരക്കി. നിങ്ങളെപ്പോഴെത്തി എന്ന് ശ്രീകുമാറും. ആ പ്രായമുള്ള, ദുർബലനായ മനുഷ്യൻ എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. ശരീരം ഉലഞ്ഞിട്ടുണ്ടെങ്കിലും മനസ്സിന്റെ കരുത്തും, മുഖത്തെ പുഞ്ചിരിയും വിടാതെ...
എട്ടുമണിയോടെ എ.സി.പി ചുദാസാമ എത്തി, ടീസ്റ്റയെ കണ്ടു. ഓഫിസർമാർ തള്ളിയതും, അസഭ്യം പറഞ്ഞതും ഫോണുകൾ പിടിച്ചെടുത്തതും സംബന്ധിച്ച് വാക്കാൽ പരാതി പറഞ്ഞു. ഇതൊരു രാഷ്ട്രീയ കേസാണെന്നും അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്നും പറഞ്ഞാണ് അവർ നിർത്തിയത്. ഏതൊരന്വേഷണവുമായും സഹകരിക്കാൻ ഒരുക്കമാണെന്നും എന്നാൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം മാത്രമെ ചോദ്യം ചെയ്യൽ തുടങ്ങാനാകൂ എന്നും ടീസ്റ്റ തറപ്പിച്ചു പറഞ്ഞു. അഭിഭാഷകർ എത്തിയാൽ കാണാൻ അനുവദിക്കണമെന്നും കോടതി മുറി കൃത്യമായി പറഞ്ഞു കൊടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. കോവിഡ്-വൈദ്യ പരിശോധനക്കായി അഹ്മദാബാദ് എസ്.വി ആശുപത്രിയിലേക്ക് കൊണ്ടുപോകും വരെ ഞാൻ ഒപ്പമിരുന്നു. തന്റെ കൈയിലെ ചതവിന്റെ പാട് അവിടെ വന്ന മാധ്യമ പ്രവർത്തകർക്ക് ടീസ്റ്റ കാണിച്ചു കൊടുത്തു . ക്രൈംബ്രാഞ്ച് ഓഫിസിൽ തിരിച്ചെത്തിച്ച ശേഷം ഉച്ചക്ക് രണ്ടു മണിയോടെ അഹ്മദാബാദ് മെട്രോപൊളിറ്റൻ കോടതിയിലേക്ക് കൊണ്ടുപോയി. ആർ.ബി. ശ്രീകുമാറിനെയും ആ സമയം അവിടെ എത്തിച്ചിരുന്നു. അടഞ്ഞ കോടതിയിൽ നടന്ന നടപടിക്രമങ്ങൾ കാണാൻ മാധ്യമങ്ങളെ അനുവദിച്ചിരുന്നില്ല. ചുറ്റിനും ഗുജറാത്ത് പൊലീസിന്റെയും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെയും പട തന്നെയുണ്ടായിരുന്നു അവിടെ.
വീണ്ടുമൊരു വൈദ്യപരിശോധന വേണ്ടതുണ്ടോ എന്ന് വൈകീട്ട് മജിസ്ട്രേറ്റ് ചോദിച്ചപ്പോൾ വേണമെന്ന് പറഞ്ഞു. മജിസ്ട്രേറ്റിന്റെ അനുമതിയോടെ ഞാനും ഒപ്പം പോയി. സിവിൽ ആശുപത്രിയിലെ വനിത ഡോക്ടർ അവരെ പരിശോധിച്ചു. കൈയിലെ പാട് വിരലുവെച്ച് അളന്നുനോക്കി ഡോക്ടർ മെഡിക്കൽ റിപ്പോർട്ട് എഴുതി. എന്താണെഴുതിയതെന്ന് ഞങ്ങളോട് പറഞ്ഞില്ല, അതിന്റെ കോപ്പിയും നൽകിയില്ല. ഞങ്ങൾ ആശുപത്രിയിൽ നിൽക്കവേ, ഉത്തരവുകളേതെങ്കിലും വരും മുമ്പ് രണ്ട് ലിങ്കുകൾ ഒരു സുഹൃത്ത് അയച്ചു തന്നു.
ടീസ്റ്റ, ശ്രീകുമാർ, സഞ്ജീവ് ഭട്ട് എന്നിവർക്കെതിരായ കേസ് അന്വേഷിക്കാൻ ഗുജറാത്ത് പൊലീസ് തീവ്രവാദ വിരുദ്ധ സേന ഡി.ഐ.ജി ദീപൻ ഭദ്രന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു എന്ന വാർത്തയായിരുന്നു അതിൽ. മജിസ്ട്രേറ്റ് ഉത്തരവ് നൽകുന്നതിന് മുമ്പായിരുന്നു ഈ വാർത്തകൾ പ്രസിദ്ധീകരിക്കപ്പെട്ടത് എന്നോർക്കണം.
എന്റെ സുഹൃത്തും ഇന്ത്യൻ ഭരണഘടനയുടെ കാവൽപോരാളിയുമായ ടീസ്റ്റയുടെ കാര്യമോർത്ത് എനിക്ക് വല്ലാത്ത ആകുലതകളുണ്ട്. നമുക്ക് എന്താണ് ചെയ്യാൻ കഴിയുക? പ്രതിപക്ഷം എന്താണ് ചെയ്യുക എന്നറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. പൗരാവകാശ പ്രവർത്തകർക്ക് വേണ്ടി നിലകൊള്ളുക എന്നത് രാഷ്ട്രീയ പാർട്ടികളുടെ കൂടി ഉത്തരവാദിത്തമല്ലേ? കോൺഗ്രസിന്റെ നട്ടെല്ല് പൂർണമായും നഷ്ടപ്പെട്ടോ? ഇടതുപക്ഷ പാർട്ടികളും അഭിഭാഷകരും പൗരാവകാശ പ്രവർത്തകരും മാത്രമാണ് അവർക്കായി പരസ്യമായി രംഗത്തെത്തിയത്.