മലബാർ സമരം, മാലപ്പാട്ട്, മലപ്പുറം ഭാഷ... ; തല്ലുമാലയിൽ രാഷ്ട്രീയമില്ലെന്ന് പറയുന്നവരോടൊരു 'തള്ളുമാല'
തല്ലുമാലയിൽ ഫിലോസഫി ഇല്ല, രാഷ്ട്രീയമില്ല, ആന്തരാർഥമില്ല, പ്രതിബദ്ധതയില്ല എന്നൊക്കെയാണ് ആദ്യമാദ്യം കേട്ടത്. ഇപ്പോഴിതാ, അതൊക്കെ തിരയാനൊരുമ്പെടുന്ന ഗവേഷകരെ ഹോർമോൺചികിത്സക്ക് വിധേയമാക്കണം എന്ന സിനിമാക്കുറിപ്പുകൂടി വായിച്ചപ്പോൾ ഒന്നു തല്ലാൻതന്നെ ഇറങ്ങിയിരിക്കുകയാണ്.
തല്ലുമാലയിൽ എന്നെ രസിപ്പിച്ച ചില സ്വത്വരാഷ്ട്രീയ സൂചനകളും ധ്വനിവിശേഷങ്ങളും താഴെ കൊടുക്കുകയാണ്. അക്കാദമികമോ അല്ലാത്തതോ ആയ ഏതൊരു തുടർപഠനങ്ങൾക്കും വേണ്ട സൂചകങ്ങൾ ചുവടെ ചേർക്കുന്നു.
മലപ്പുറത്തിന്റെ സിനിമയായിട്ടും ഇതിൽ മുട്ടിന് മുട്ടിന് സലാംപറച്ചിൽ ഇല്ല, കളി കാര്യമായ ഫുട്ബാൾ ഇല്ല, പച്ചയും ചുവപ്പും കൊടികളില്ല, നേർച്ചയും മാപ്പിളസമരവും ഇല്ല എന്നതിലാണ് ഇതിൽ രാഷ്ട്രീയമില്ല എന്ന് ചിലർ പറയുന്നത്. നമ്മൾ പ്രത്യക്ഷത്തിൽ കാണാത്തതുകൊണ്ട് അവ ഇല്ല എന്നുമാത്രം പറയരുത്. അത് ഉണ്ട് എന്ന് കണ്ടുകൊണ്ടാണ് ഈ എഴുത്തുകുത്ത്.
ആരും കാണാത്തതും നമുക്ക് കാണാമല്ലോ. അതാണല്ലോ സിൽമാക്കളി.
1. തല്ല് (സമഗമ, സമ ഗരിമ)
1921 ന്റെ നൂറാം വാർഷികാഘോഷങ്ങൾ സമുചിതമായി ആചരിച്ചു കഴിഞ്ഞ കേരളത്തിന് ഈ സിനിമ നൽകുന്ന ഒന്നാമത്തെ സന്ദേശം 2022 ലും മൽപൊർത്തേർക്ക് തല്ലാനറിയും എന്ന ചൂടൻ സന്തോഷവാർത്തയാണ്. ഞങ്ങള് തല്ലും, മാണെങ്കി ഞ്ഞിം തല്ലും. ഞ്ഞിം മാണെങ്കി നല്ലോം തല്ലും. (ലോല ലോല ലോ...ല).
നൂറു കൊല്ലം മുമ്പ് മാപ്പിളമാർ തല്ലിയത് പന്തല്ലൂർ താമിയെ കൂടെ കൂട്ടിയിട്ടാണ്. ഇപ്പോ തല്ലുന്നത് ജംഷിയെയും രാജേഷിനെയും വികാസിനെയും കൂട്ടിയാണ്. എന്നാൽ വെറുതെ രസത്തിന് ഓല് തല്ലൂല. തല്ലാൻ എന്തെങ്കിലുമൊരു കാരണമുണ്ടാകും. (കാരണം ഷൂവിൽ ചെളിയാക്കിയതുമുതൽ ഉമ്മയെ തല്ലിയതു വരെ ആകാം) തല്ലി തീർക്കുകയല്ല, തല്ലി പരിഹരിക്കുകയാണ്. തല്ലിത്തല്ലി ചങ്ങാതിയാക്കാനും ഇക്കൂട്ടർക്കറിയാം.
മലയാള സിനിമയിൽ ആദ്യമല്ലല്ലോ അടി. സംവിധായകന്റെ പേര് കാണിച്ചത് പലതായിരുന്നെങ്കിലും മാഫിയ ശശി ആയിരുന്നു പല സിനിമകളുടെയും യഥാർഥ സംവിധായകൻ. ആരൊക്കെയാണ് അന്ന് തല്ലിയത്. മംഗലശ്ശേരി നീലകണ്ഠനും പൂവള്ളി ഇന്ദുചൂഡനും കോട്ടയം കുഞ്ഞച്ചനും ഐ.പി.എസ് ഭരത്ചന്ദ്രനും ഒക്കെ മതിമറന്ന് തല്ലിയില്ലേ.... ഞ്ഞി കുറച്ച് നേരം പൊന്നാനി വസീമും വികാസും രാജേഷും ജംഷിയും കൂടി തല്ലട്ടേന്ന്. കിരീടം സിനിമയിൽ അങ്ങാടിയിൽ വന്ന് അലമ്പുണ്ടാക്കുന്ന കൊച്ചിൻ ഹനീഫയുടെ ഹൈദ്രോസിൽനിന്ന് പൊന്നാനിക്കാരൻ വസീമിലേക്കുള്ള ദൂരം അളക്കാൻ ങ്ങളെ കൈയിലെ സ്കൈലൊന്നും പോര മാഷേ.
2. മാല (ഓലെ മേലടി...)
പണ്ടുപണ്ടേ പാട്ട് ഇവിടെ തല്ലിന്റെ ഭാഗമാണ്. അറിയില്ലേ, മുമ്പ് ബ്രിട്ടീഷുകാരെ തല്ലിയപ്പോളും സവർണ ജന്മികളെ തല്ലിയപ്പോളും ഈ ലോലാലോലാല... ബാക്ഗ്രൗണ്ടിലുണ്ടായിരുന്നു. ചേറൂർ പടപ്പാട്ട്, മഞ്ഞക്കുളം മാല, ബദർ ഖിസ്സപ്പാട്ട് എന്നൊക്കെയായിരുന്നു അന്ന് അതിന് പേര്. ഈ ലോലലോലലോല... സഹിക്കാൻ പറ്റാഞ്ഞിട്ട് വെള്ളപ്പട്ടാളക്കാർ അതൊക്കെ തീയിടുകയും നിരോധിക്കുകയും ചെയ്തു. എന്നിട്ടും പാട്ട് തീർന്നില്ല. കാടായിക്കൽ മൊയ്തീൻകുട്ടി ഹാജിയെപ്പോലുള്ളവർ ജയിലിൽ വെച്ചും പാട്ടെഴുതി. കുതുബുശ്ശുഹദാക്കളിലും ബന്ദാർ.... അതാണ്.
ഞ്ഞി ജ്ണ്ടാക്ക്... ജ്ണ്ടാക്ക്... ജ് ണ്ടാക്കിക്കോ....
3. തീറ്റ (ന്യൂ വേവ്)
തേങ്ങാച്ചോറും ബീഫ് കറിയും മലബാർ തല്ലിന്റെ മറ്റൊരു ഐറ്റമായിരുന്നു. 1921 ആഗസ്റ്റ് 20 ന് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ബ്രിട്ടീഷുകാർക്കെതിരെയുള്ള യുദ്ധ പ്രഖ്യാപനം ഉദ്ഘാടനം ചെയ്തത്, അഞ്ചെട്ട് പോത്തുകളെ അറുത്ത് ബീഫ് കറിയും ചോറും വെച്ച് നാടൊട്ടുക്കുമുള്ള മാപ്പിളമാരെയും ദലിതുകളെയും വിളിച്ച് വിളമ്പിക്കൊടുത്താണ്. ആയിരത്തിലധികം പേരാണ് അവിടെ ബീഫും ചോറും തിന്നാൻ ഒത്തുകൂടിയത്. (റഫറൻസ് - എ.കെ കോടൂർ. ആംഗ്ലോ മാപ്പിള യുദ്ധം. ഐ.പി.എച്ച് പതിപ്പ്. പേജ് 189)
4. ഓള് (എന്താ ന്റെ ബളേ...)
ഇംഗ്ലീഷും അറബിയും മലയാളവും മണിമണിയായി പറയുന്ന ബീപാത്തുമ്മയാണ് ഈ സിനിമയുടെ യഥാർഥ മൊഞ്ച്. മുഹ്സിയുടെ കെ?എൽ 10 പത്തിന്റെ തുടർച്ചയാണീ പെണ്ണൊരുത്തി. 'മലയാളസിനിമയിലെ മുസ്ലിം സ്ത്രീ പ്രതിനിധാനം' എന്ന തലക്കെട്ടിൽ നമ്മുടെ സർവകലാശാലകളിലും കോളേജുകളിലുമുണ്ടായ നൂറുകണക്കിന് പ്രബന്ധങ്ങളിൽ "ഹാ! കഷ്ടം, മാപ്പിളപ്പെണ്ണേ..." ആയിരുന്നു ഇത്രകാലവും നിറഞ്ഞുനിന്നിരുന്നത്. ഇനി എഴുതപ്പെടുന്നവയിൽ ഈ പാത്തുമ്മക്കുട്ടിയും ഉണ്ടാകും. ഇല്ലെങ്കിൽ കാണിച്ചുതരാം....
മലയാള സിനിമയിൽ ഇതിനു മുമ്പ് ഒരു നായിക നായകനെ, തല്ലാൻ വേണ്ടി തല്ലിയിട്ടുണ്ടോ? നായകനും വില്ലൻമാരും തല്ലുമ്പോൾ ദൂരെനിന്ന് കൈവീശിക്കാണിക്കുന്ന നായികമാരായിരുന്നുവല്ലോ അധികവും. മലയാളസിനിമയിൽ ആദ്യമായി (അല്പം കുറക്കണോ...?) ഇതാ നായിക നായകനെ തല്ലുന്നൂ..... എവിടെ സ്ത്രീശാക്തീകരണത്തിന്റെ കുത്തകമുതലാളിമാർ?. മാപ്പു പറയാനാവശ്യപ്പെട്ടപ്പോ പാത്തൂന്റെ വർത്താനം കേട്ടില്ലേ... അതിനെന്റെ ഈഗോ സമ്മതിക്കുന്നില്ലാന്ന്. അപ്പൊ, പെണ്ണുങ്ങക്കും ഈഗോ ഉണ്ടല്ലേ?
ഒരറബിക്കല്യാണത്തിന്റെ പുതുതലമുറയാണ് വ്ലോഗർ ബീപ്പാത്തുബീവി. ആധുനികകേരളത്തിൽ മുസ്ലിംഭീതി പടച്ചെടുത്ത ആദ്യകാല ഭീകര നരേഷനുകളിലൊന്നായിരുന്നു അറബിക്കല്യാണക്കഥകൾ. അതിലുണ്ടായ മക്കളൊക്കെ ഇപ്പോ എവിടെയാണ് എന്ന് പൊന്നാനിയിലും കോഴിക്കോടും തലശ്ശേരിയിലും പോയി അന്വേഷിച്ചാലറിയാം വേറെ ചില പോരിശകൾ. തല്ലുമാലയിലെ ഇത്തരം സൂക്ഷ്മമായ ചില സ്വത്വസൂചനകൾ എന്തേ ആരും കണ്ടില്ല എന്ന് ഞാൻ ചോദിച്ചുപോവുകയാണ് സുഹൃത്തുക്കളേ....
5. മാപ്പിള (വർഗീയത പറയരുത്)
മതാത്മകമായി അച്ചടക്കമുള്ളതും അതിനു സമാന്തരമായി അയഞ്ഞതുമായ പലജീവിതങ്ങൾ മലപ്പുറത്തെ മുസ്ലിം സമുദായത്തിനുണ്ട്. രാത്രി ഉസ്താദിന്റെ വയളിനുവേണ്ടി മൈക്കും സ്റ്റേജും ഒരുക്കുന്ന അവർതന്നെ മോണിംഗ്ഷോ റിലീസ് പടത്തിന് അലമ്പുണ്ടാക്കും. വൈകീട്ട് ക്ലബ്ബിൽ കാരംസ് കളിക്കാനെത്തുന്ന അവർതന്നെ മഗ്രിബ് നിസ്കരിച്ചിട്ട് ടർഫിൽ പോയി സെവൻസ് കളിക്കും. (ഒരു സെൽഫ് തള്ള് - വിശദവായനക്ക് ഈ വിനീതന്റെ 'മലയാള മുസ്ലിം' എന്ന പുസ്തകത്തിലെ 'മലപ്പുറത്തിന്റെ പച്ചനിറങ്ങൾ' എന്ന ലേഖനം നോക്കൂ). ഇതാ ആ കൂട്ടത്തിലെ ഒരു ചെറുപ്പക്കാരനെക്കുറിച്ചുള്ള സിനിമ. അതെന്താ സിനിമയല്ലേ....
6. ബാസ (ബാസ ഭാഷയുടെ പര്യായമാണ്)
തൊണ്ടയിൽ വെള്ളംവറ്റിച്ച് "എടീ സൈനബാ..." എന്ന് അലറിവിളിക്കുന്ന ഹാജിയാർമാരുടെ മാപ്പിളമലയാളത്തെ മലയാളസിനിമയിൽ രക്ഷിച്ചെടുത്തത് മുഹ്സിൻ പെരാരി തന്നെയാണ്. (അതേ പുസ്തകത്തിലെ മലപ്പുറത്തിന്റെ മലയാളം എന്ന ലേഖനം വായിക്കൂ - ദേ... വീണ്ടും സെൽഫി). തൂവാനത്തുമ്പികൾക്കും രാജമാണിക്യത്തിനും ഒക്കെ ശേഷം ഇതാ ഒരു തല്ലുമാല. മലബാർ ഭാഷയായതുകൊണ്ട് പടം പൊട്ടിപ്പോയി എന്ന് ഇനി ഒരു നിർമാതാവും പറയില്ല.
അറബിമലയാളത്തിൽ എഴുതിയതായി കണ്ടെടുക്കപ്പെട്ട ആദ്യ രചനയാണ് ഖാദിമുഹമ്മദിന്റെ മുഹിയിദ്ദീൻമാല. മലയാളത്തിൽ ഒരു മുസ്ലിം എഴുതിയ ആദ്യ കാവ്യവുമാണ് അത്. എഴുത്തച്ഛന്റെ സമകാലികനാണ് ഖാദി മുഹമ്മദ്. അതായത്, മലയാളഭാഷയുടെ അച്ഛന്റെ അയലോക്കക്കാരനായി വരും. മലബാറിലെ മുസ്ലിം ഗൃഹങ്ങളിൽ നൂറ്റാണ്ടുകളായി പാടിപ്പോന്ന ആ മാലപ്പാട്ടിന്റെ ഈണം അതേപടി ഈ സിനിമയിൽ ഒഴുകിനടക്കുന്നുണ്ട്.
അതായത്,
മുഹയിദ്ദീൻമാലേനെ സിൽമയിൽ കണ്ടോവർ....
അതു പോരളിയാ?