കാണാം, ചരിത്രവും കാൽപന്തും ചേരുന്ന സിനിമകൾ
ഇൗ നൂറ്റാണ്ടില്‍ പുറത്തിറങ്ങിയതും ചലച്ചിത്രമെന്ന മാധ്യമത്തെ പ്രശംസനീയമായ രീതിയില്‍ ഉപയോഗിച്ചതുമായ ചില സോക്കർ സിനിമകളിലൂടെ ഒരു ഡ്രിബ്ലിങ്.
ഫുട്ബാള്‍ വെറുമൊരു കളി മാത്രമല്ല. ലോകത്തെ സംബന്ധിച്ചിടത്തോളം ഗ്രൗണ്ടിെൻറ സീമകളെ അതിലംഘിക്കുന്ന വൈകാരികവും ആത്മീയവുമായ അനുഭവംകൂടിയാണ് കാൽപ്പന്ത്. കോടിക്കണക്കിന് ജനങ്ങളുടെ ശ്വാസത്തെ പിടിച്ചുനിർത്താന്‍ ശേഷിയുള്ള ഒരു കായിക ഇനം. ചിലർക്കത് പ്രണയമാണ്, ചിലർക്ക് പകയും പ്രതികാരവും. ചിലരതിനെ യുദ്ധമായി കാണുമ്പോള്‍ മറ്റു ചിലർക്ക് കാൽപ്പന്ത് സൗന്ദര്യത്തിെൻറ പ്രത്യയശാസ്ത്രമാണ്. വംശീയവും രാഷ്ട്രീയവും മതപരവുമായ എല്ലാ വേർതിരിവുകളും മറന്ന് മനുഷ്യര്‍ ഒരു പന്തിന് ചുറ്റും സ്വപ്നലോകം നെയ്തുകൂട്ടുകയാണിവിടെ. വെറുമൊരു കളിക്കപ്പുറത്തേക്ക് ഫുട്ബാളിനെ ഉയർത്തുന്ന ഘടകങ്ങള്‍ നിരവധിയുണ്ട്. ചരിത്രമാണ് അതിനു സാക്ഷി. ഫാഷിസ്റ്റ് ഭരണകൂടങ്ങളുടെ തേർവാഴ്ചക്കാലത്ത് അടിച്ചമർത്തപ്പെട്ടവെൻറ വിമോചന സ്വപ്നമായി കാൽപ്പന്ത് മാറിയിട്ടുണ്ട്. ലൈബീരിയയുടെ ഇപ്പോഴത്തെ പ്രസിഡൻറും മുന്‍ ലോക ഫുട്ബാളര്‍ (Ballon d'Or) വിജയി കൂടിയായ ജോർജ് വിയ ഫുട്ബാളിലൂടെ ആഭ്യന്തര കലാപം അവസാനിപ്പിച്ച് ഒരു ജനതക്ക് പുതുജീവിതം നൽകിയ വ്യക്തിയാണ്. ലൈബീരിയയുടെ കളിയുള്ള ദിവസങ്ങളില്‍ മാത്രം കലാപകാരികള്‍ യുദ്ധം നിർത്തി വെക്കുന്ന അവസ്ഥാവിശേഷമാണ് അവിടെ ഉണ്ടായിരുന്നത്. സ്പെയിനിലെ കാറ്റലോണിയന്‍ സമൂഹം തങ്ങളുടെ ദേശീയ വികാരത്തെ പൂർണമായും അർപ്പിച്ചിരിക്കുന്നത് ബാഴ്സലോണ ഫുട്ബാള്‍ ക്ലബിലാണ്. 1998 ഫ്രാൻസ് ലോകകപ്പില്‍ ഇറാന് അമേരിക്കക്ക് മേല്‍ നേടിയ വിജയം ജിയോപൊളിറ്റിക്കല്‍ മാനങ്ങള്‍ വരെ നേടിയ ഒന്നായിരുന്നു. 2002ല്‍ ഫ്രാൻസിെൻറ പഴയ കോളനിയായിരുന്ന സെനഗൽ തങ്ങളെ അടക്കി ഭരിച്ച യൂറോപ്യന്‍ ശക്തിക്ക് മേല്‍ നേടിയ വിജയം അടിമവത്കരിക്കപ്പെട്ട ഒരു ജനതയുടെ പ്രതിഷേധമായി ലോകം വായിച്ചു. ചുരുക്കത്തില്‍ കളിക്കളത്തിനുമപ്പുറത്തേക്ക് പരന്നു കിടക്കുന്ന ജീവിതത്തിെൻറ ഒരേടുതന്നെയാണ് കാൽപ്പന്ത്.
കാൽപ്പന്ത് ഇതിവൃത്തമാക്കി നിരവധി ചലച്ചിത്രങ്ങള്‍ ലോകമെമ്പാടും ഇറങ്ങിയിട്ടുണ്ട്. അവയില്‍ പലതിനും സാധാരണ സ്പോർട്സ് സിനിമകൾക്ക് സംഭവിക്കാവുന്ന അപാകതകളും ഉണ്ടായിട്ടുണ്ട്. നായകെൻറ, നായകന് പ്രതിനിധാനം ചെയ്യുന്ന ടീമിെൻറ വിജയത്തില്‍ അവസാനിക്കുന്ന ഇത്തരം ചിത്രങ്ങള്‍ പ്രവചനീയമായ കഥാപരിസരംകൊണ്ടും ചിത്രീകരണത്തിലെ ആവർത്തന വിരസതകൊണ്ടും അധികനാള്‍ കാണികളുടെ ഓർമയിൽ തങ്ങിനിൽക്കാറില്ല. ചില ചിത്രങ്ങള്‍ കാൽപ്പന്തിനെ വെറുമൊരു കായിക ഇനം മാത്രമായി കാണാതെ, അതിെൻറ ചരിത്ര, സാമൂഹിക, രാഷ്ട്രീയ മാനങ്ങള്‍ തിരഞ്ഞിട്ടുണ്ട്. അവ മികച്ച സിനിമാറ്റിക് സൃഷ്ടികളായി വിലയിരുത്തപ്പെടാറുമുണ്ട്. 'ടു ഹാഫ് ടൈംസ് ഇന്‍ ഹെല്', 'എസ്കേപ് ടു വിക്ടറി' തുടങ്ങിയ ചിത്രങ്ങള്‍ എല്ലാകാലത്തെയും മികച്ച ഫുട്ബാള്‍ സിനിമകളായി വാഴ്ത്തപ്പെടുന്നത് കാൽപ്പന്തും ജീവിതവുമായുള്ള അഭേദ്യമായ ബന്ധത്തെ സത്യസന്ധമായി വിശകലനം ചെയ്യുന്ന കലാസൃഷ്ടികളായതിനാലാണ്. മറ്റൊരു ഫുട്ബാള്‍ ലോകകപ്പിെൻറ ആരവം കാതുകളില്‍ മുഴങ്ങുന്ന വേളയില്‍, ഫുട്ബാളിനെ ജീവിതവുമായി ചേർത്ത് വായിക്കുന്ന ചില സിനിമകളെ പരിശോധിക്കുകയാണ്. ഈ ചിത്രങ്ങള്‍ പുതിയ നൂറ്റാണ്ടില്‍ പുറത്തിറങ്ങിയതും ചലച്ചിത്രമെന്ന മാധ്യമത്തെ പ്രശംസനീയമായ രീതിയില്‍ ഉപയോഗിച്ചവയുമാണ്.
ഫാഷിസത്തെ ചെറുക്കുന്ന കളി -'ദ തേഡ് ഹാഫ്' -(The Third Half)
ഫുട്ബാള്‍ അടിച്ചമർത്തപ്പെട്ടവരുടെ ഉയിർപ്പിെൻറ പ്രതീക്ഷയും പ്രതിരോധവുമാണ്. രണ്ടാം ലോകയുദ്ധവും ഹിറ്റ്ലറുടെ ഉദയവും കഴിഞ്ഞ നൂറ്റാണ്ടിെൻറ ഇനിയുമുണങ്ങാത്ത മുറിവായി ഇന്നും അവശേഷിക്കുന്നു. നാസിപ്പടയുടെ തേരോട്ടത്തില്‍ ജീവിതവും സ്വത്വവും നഷ്ടമായ നിരവധി സമൂഹങ്ങൾക്ക് ആശ്വാസമേകിയതും പുതുശ്വാസം പകർന്നു നൽകിയതും കാൽപ്പന്ത് കളിയായിരുന്നു. ആ പന്ത് യൂറോപ്പിലെ അടിച്ചമർത്തപ്പെട്ടവരെ ഒരുമിപ്പിച്ചു. 2013ല്‍ ഇറങ്ങിയ, ഡാർകോ മിട്രസ്വ്സ്കി സംവിധാനംചെയ്ത മാസിഡോണിയന്‍ ചിത്രം 'ദ തേഡ് ഹാഫ്' മാസിഡോണിയയിലെ നാസി അധിനിവേശത്തിെൻറ പശ്ചാത്തലത്തില്‍ കഥ പറയുന്ന ശ്രദ്ധേയമായ സിനിമയാണ്.
മാസിഡോണിയ എന്ന കൊച്ചു രാജ്യത്തിെൻറ ഫുട്ബാള്‍ ഭ്രമമാണ് ചിത്രത്തിെൻറ ഫോക്കസ് പോയൻറ്. അവിടത്തെ ഫുട്ബാള്‍ ക്ലബിലെ കളിക്കാരനായ കോസ്റ്റ, റെബേക്കയെന്ന ധനികയായ ജൂത യുവതിയുമായി പ്രണയത്തിലാവുന്നു. ദരിദ്രനായ കോസ്റ്റയുടെ പ്രണയവും മാസിഡോണിയന്‍ ഫുട്ബാള്‍ ക്ലബിലേക്കുള്ള പുതിയ കോച്ചിെൻറ വരവും കഥാഗതികളെ മാറ്റിമറിക്കുകയാണ്. തുടർച്ചയായ തോൽവികളിലൂടെ സ്വന്തം നാട്ടുകാരുടെപോലും പരിഹാസപാത്രമായ ആ ക്ലബ്, പുതിയ ജർമൻ കോച്ചിെൻറ വരവോടെ വിജയങ്ങള്‍ ശീലമാക്കി തുടങ്ങുന്നു. അതേസമയം മാസിഡോണിയ നാസികളുടെ അധീനതയിലാവുകയും റെബേക്കയുടെ അച്ഛനും ജൂതനായ ക്ലബിെൻറ കോച്ചുമുൾെപ്പടെ പലരുടെയും ജീവിതം ഗുരുതരമായ പ്രതിസന്ധികളില്‍ അകപ്പെടുകയുമാണ്. നാസികളുടെ ഭീഷണികൾക്ക് വഴങ്ങാതെ ആ ക്ലബ് മനോഹരമായ ഫുട്ബാള്‍ കളിച്ച് ഫാഷിസ്റ്റുകളോട് പ്രതിഷേധിക്കുന്നതും ഒറ്റക്കെട്ടായി സ്വന്തം നാട്ടിലെ ജനത അവരോടൊപ്പം അണിനിരക്കുന്നതുമാണ് ചിത്രത്തിെൻറ ഇതിവൃത്തം.
കളിക്കളത്തിനു പുറത്തേക്ക് ജനങ്ങളെ ഒന്നിപ്പിക്കുന്ന ഘടകമായി ഫുട്ബാള്‍ വർത്തിക്കുന്നതെങ്ങനെയെന്ന് ചിത്രം കാട്ടിത്തരുന്നുണ്ട്. പുതിയ കോച്ച് ജർമനിയില്നിന്നാണെന്ന് അറിയുമ്പോള്‍ ചിത്രത്തിലെ ഒരു കഥാപാത്രം ക്ലബ് മാനേജരോട് ചോദിക്കുന്നത് ''ഫുട്ബാള്‍ തൊഴിലാളിവർഗത്തിെൻറ കളിയല്ലേ, നിങ്ങൾക്കെങ്ങനെ അതില്‍ ഒരു നാസിയെ ഉൾപ്പെടുത്താന്‍ പറ്റും'' എന്നാണ്. വരുന്നയാള്‍ അടിച്ചമർത്തപ്പെട്ട ജർമൻ ജൂതവിഭാഗത്തിൽപെട്ട ഒരാളാണെന്ന അറിവും അയാളുടെ പരിശീലന മികവും ആ ക്ലബിലെ കളിക്കാരെ ഒന്നിപ്പിക്കുന്നു. പിന്നീടുള്ള പോരാട്ടം മാസിഡോണിയന്‍ ചരിത്രത്തിലെ തന്നെ പ്രതിരോധത്തിെൻറ സുവർണരേഖയായി മാറുകയാണ്.
കാൽപ്പന്തും ലിംഗരാഷ്ട്രീയവും 'ഓഫ് സൈഡ്' -(Off Side)
സാംസ്കാരിക പഠനവ്യവഹാരങ്ങളിൽ ഫുട്ബാളിനെ ഒരു മാസ്കുലിന്‍ (masculine) കളിയായി വിവക്ഷിക്കാറുണ്ട്. അധികാരത്തിനു വേണ്ടിയുള്ള യുദ്ധത്തിനു സമാനമായി 22 പുരുഷന്മാര് ഗ്രൗണ്ടില്‍ നടത്തുന്ന പോരാട്ടം. കാണികളായി പോലും സ്ത്രീകൾക്ക് ഫുട്ബാള്‍ സ്റ്റേഡിയങ്ങളില്‍ പ്രവേശനം അനുവദിക്കാത്ത സമൂഹങ്ങളുമുണ്ട്. മതം സദാചാര സംരക്ഷകരായി അവതരിക്കുന്ന ഇത്തരം സമൂഹങ്ങളിലെ ലിംഗ വിവേചനങ്ങൾക്കെതിരെയുള്ള ഉറച്ച ശബ്ദമാണ് ഇറാനിയന്‍ സംവിധായകനായ ജാഫര്‍ പനാഹിയുടെ 'ഓഫ് സൈഡ്'. സ്ത്രീകള്‍ ഫുട്ബാള്‍ കാണുന്നത് വിലക്കിയ ഇറാനിയന്‍ ഭരണകൂടം ഈ ചിത്രം അവിടെ വിലക്കുകയും പനാഹിയെ വീട്ടുതടങ്കലില്‍ അടയ്ക്കുകയുമായിരുന്നു.
2006ല്‍ ഇറങ്ങിയ ചിത്രം, ഇറാനിലെ സ്ത്രീവിരുദ്ധ നയങ്ങള്‍ ലോകത്തിനു മുന്‍പാകെ തുറന്നുകാട്ടുന്നു. സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത ഫുട്ബാള്‍ സ്റ്റേഡിയത്തിലേക്ക് ചില പെൺകുട്ടികള്‍ ആണ്‍വേഷത്തില്‍ കയറിക്കൂടാന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിെൻറ ഇതിവൃത്തം. ഇവര്‍ പിടിയിലാവുകയും മത്സരം കാണാനാവാതെ തടങ്കലിലാക്കപ്പെടുകയുമാണ്. ഊർജസ്വലരായ ഈ പെൺകുട്ടികളും പൊലീസുകാരും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ് ആ സമൂഹത്തില്‍ നിലനിൽക്കുന്ന ലിംഗവിവേചനത്തെ സംവിധായകന് അതിശക്തമായി വിമർശിക്കുന്നത്. പൊതു ഇടങ്ങള്‍, കളിസ്ഥലങ്ങള്‍ പുരുഷെൻറ മാത്രമായി നിലനിർത്തുന്നതില്‍ മതവും ഭരണകൂടവും ഒന്നിക്കുന്നതാണ് അവിടത്തെ കാഴ്ച. ഓഫ്സൈഡ് ഒരു ശ്രദ്ധേയമായ കലാ സൃഷ്ടിയാവുന്നത് സാമൂഹിക യാഥാർഥ്യത്തിലേക്ക് തെല്ലും പതറാതെ തുറന്നുെവച്ചൊരു കാമറയാവുന്നതിലൂടെയാണ്. ഫുട്ബാള്‍ എന്ന ജനകീയമായൊരു കളിയിലൂടെ ഒരു നാട്ടില്‍ നിലനിൽക്കുന്ന അനീതി കൃത്യമായി അടയാളപ്പെടുത്തിയ ജാഫര്‍ പനാഹി സ്വന്തം നാട്ടില്‍ ഇന്നും വീട്ടുതടങ്കലിലാണ് എന്നത് ഈ ചിത്രത്തെ ഇപ്പോഴും പ്രസക്തമാക്കുന്നു.
ബേണിലെ മഹാത്ഭുതം 'ദ മിറാക്കിള്‍ ഓഫ് ബേണ്‍' (The Miracle Of Bern)
രണ്ടാം ലോകയുദ്ധം ജർമനിയെന്ന രാജ്യത്തെ ലോകഭൂപടത്തില്‍ ഒറ്റക്കാക്കി. നാസി കാലഘട്ടത്തിെൻറ പ്രേതം ആ രാജ്യത്തെ വിട്ടൊഴിയാന്‍ പിന്നെയും പതിറ്റാണ്ടുകളെടുത്തു. ജൂലിയോ റിച്ചിയാറെല്ലിയുടെ 'The Labyrinth of Lies' എന്ന ചിത്രത്തില്‍ നാസി ഭൂതകാലം വേട്ടയാടുന്ന ഒരു ജനതയെ കൃത്യമായി അവതരിപ്പിക്കുന്നുണ്ട്. സ്വന്തം സ്വത്വവും സംസ്കാരവും നഷ്ടപ്പെട്ട, ലോകത്തിനു മുന്നില്‍ രാക്ഷസവത്കരിക്കപ്പെട്ട ആ രാജ്യത്തിന് പ്രതീക്ഷയും കരുതലുമായി നിലനിന്നത് ഫുട്ബാള്‍ എന്ന കളിയായിരുന്നു. ലോകകപ്പുകളുടെ ചരിത്രത്തില്‍ ജർമനിയെന്ന രാജ്യം തിളങ്ങുന്ന ഒരധ്യായമായി നിലകൊള്ളുന്നതിനും ചരിത്രം സാക്ഷി.
രണ്ടാം ലോകയുദ്ധത്തിനു ശേഷം നടന്ന ആദ്യത്തെ ലോകകപ്പായിരുന്നു 1954 ലെ സ്വിറ്റ്സർലൻഡിലേത്. ഫുട്ബാള്‍ ലോകത്തെ അക്ഷരാർഥത്തില്‍ സ്തംഭിപ്പിച്ച പുഷ്കാസും കൊക്സികും അടങ്ങുന്ന ഹംഗറിയുടെ 'മാജിക്കല്‍ മഗ്യാസ്' കപ്പ് നേടുമെന്ന് ഏറക്കുറെ ഉറപ്പായിരുന്നു. ഫൈനല്‍ വരെ അനായാസം കുതിച്ചെത്തിയ ഹംഗേറിയന്‍ ടീമിനെ ജർമനി അട്ടിമറിച്ച് കപ്പ് നേടിയപ്പോള്‍ ലോകമൊന്നടങ്കം ഞെട്ടിത്തരിച്ചിരുന്നു. "ബേണിലെ അത്ഭുതം" (Miracle of Bern) എന്നറിയപ്പെടുന്ന ഈ ഫൈനല്‍ മത്സരം ജർമൻ ജനതക്കൊന്നാകെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിെൻറ ചരിത്ര നിമിഷമായിരുന്നു. ഒരു രാഷ്ട്രത്തിന് പുതുശ്വാസം പകർന്നുനൽകിയ ഈ മത്സരത്തെ അടിസ്ഥാനമാക്കി സോങ്കേ വോട്സ്മാന് 2003ല്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ദ മിറാക്കിള്‍ ഓഫ് ബേണ്‍'.
ലോകയുദ്ധാനന്തരം സോവിയറ്റ് യൂനിയെൻറ തടവിലായിരുന്ന റിച്ചാർഡ് ലുബാൻസ്കി പതിനൊന്നു വർഷങ്ങൾക്കു ശേഷം സ്വന്തം രാജ്യത്ത് തിരിച്ചെത്തുകയാണ്. റിച്ചാർഡിന് പൊരുത്തപ്പെടാനാവാത്തവണ്ണം മാറിപ്പോയ കുടുംബം അയാളുടെ അസ്തിത്വ വ്യഥകളെ അനിയന്ത്രിതമായ തലങ്ങളിലേക്ക് എത്തിക്കുന്നു. ബിസിനസ് നടത്തി ജീവിക്കുന്ന ഭാര്യയും നാസികളെ വെറുക്കുന്ന കമ്യൂണിസ്റ്റ് അനുഭാവിയായ മൂത്ത മകനും അയാൾക്ക് പൊരുത്തപ്പെടാനാവാത്ത സത്യമാണ്. ഇളയ മകനായ മത്തിയാസ് കടുത്ത ഫുട്ബാള്‍ ആരാധകനാണ്. തുടർന്ന് റിച്ചാർഡ്സിെൻറയും മത്തിയാസിെൻറയും ജീവിതം കാൽപ്പന്ത് കളിയുമായി അഭേദ്യമായ ബന്ധം സൃഷ്ടിക്കുന്നതും 1954 ഫുട്ബാള്‍ ലോകകപ്പിലെ ജർമൻ ഹീറോ ഹെൽമുട്ട് റാനിെൻറ ഭാഗ്യതാരകമായി മത്തിയാസ് മാറുന്നതും ലോകത്തെ അമ്പരപ്പിച്ച ലോകകപ്പ് വിജയവും ചിത്രത്തില്‍ കടന്നുവരുന്നു. ഫുട്ബാള്‍ ജീവിതത്തിെൻറ ഗതി നിർണയിച്ച ഒരു ചരിത്ര സന്ദർഭവുമാണ് ഈ ചിത്രം ഒപ്പിയെടുക്കുന്നത്. ഇത്തരം അത്ഭുതങ്ങളുടെയും അട്ടിമറികളുടെയും കൂടെയാണ് കാൽപ്പന്ത് കളിയുടെ ചരിത്രവഴികള്‍.
സ്വപ്നങ്ങളും കാൽപ്പന്തും- 'മോണ്ടിവിഡിയോ, ടേസ്റ്റ് ഓഫ് എ ഡ്രീം' (Montevideo, Taste of a Dream)
വംശീയമായ ചേരിതിരിവുകളും സാമൂഹിക അനൈക്യവും പണ്ടത്തെ യൂഗോസ്ലാവിയയെ കുപ്രസിദ്ധമാക്കിയ ഘടകങ്ങളാണ്. വംശീയതയുടെ പേരിലുള്ള നിരന്തരമായ കലാപങ്ങള്‍ ആ രാജ്യത്തിെൻറ കെട്ടുറപ്പിനെ ഗുരുതരമായി ബാധിച്ചിരുന്നു. രാഷ്ട്രീയമായും സാമൂഹികമായും ഉത്തരങ്ങള്‍ കണ്ടെത്താനാവാത്ത സ്ഥിതിവിശേഷം. ഇവിടെ സമൂഹത്തെ ഒന്നിപ്പിച്ച, ആ മനുഷ്യർക്ക് ഒരുമയുടെ നേരിയ വെളിച്ചമെങ്കിലും പകർന്നുനൽകാൻ സഹായിച്ചത് ഫുട്ബാളാണ്.
യൂഗോസ്ലാവിയന്‍ ടീം കളിക്കുന്ന നിമിഷങ്ങളില്‍ എല്ലാ വ്യത്യാസങ്ങളും മറന്ന് അവർക്കും വേണ്ടി കൈയടിക്കുന്ന ഒരു ജനതയെ സൃഷ്ടിക്കാന്‍ ഈ ഗെയിമിനു സാധിച്ചു. ചരിത്രത്തില്‍ ഇത്തരം ചെറുവിപ്ലവങ്ങള്‍ സൃഷ്ടിക്കാന്‍ കാൽപ്പന്തിനല്ലാതെ മറ്റൊരു കളിക്കും ആവില്ലെന്നതും സുവ്യക്തമാണ്.
ദ്രാഗന്‍ ജെലോഗ്രിലിച് സംവിധാനം ചെയ്ത 'മോണ്ടിവിഡിയോ, ടേസ്റ്റ് ഓഫ് എ ഡ്രീം' എന്ന സെർബിയന്‍ ചിത്രം 1930കളിലെ യൂഗോസ്ലാവിയന്‍ ജീവിതത്തെ പ്രതിഫലിപ്പിക്കുന്ന ഒരു കണ്ണാടിയാണ്. വംശീയതയുടെ പാരമ്യത്തിലും ഫുട്ബാളിലൂടെ സ്വത്വം കണ്ടെത്തിയ ഒരു ജനതയുടെ കഥയാണിത്. ഒന്നാം ലോകയുദ്ധത്തിെൻറ പരിക്കുകളില്‍നിന്ന് മുക്തരാവാത്ത ആ രാജ്യത്തിന് 1930ലെ ആദ്യ ലോകകപ്പ് നിരാശകൾക്കും പ്രതീക്ഷകൾക്കും ഇടയിലൂടെയുള്ള നൂൽപാലമായിരുന്നു. ഉറുഗ്വായ്യിലെ മോണ്ടിവിഡിയോയില് നടന്ന ആ ടൂർണമെൻറിൽ ഒരു ജനതയുടെ ജീവിതത്തിെൻറ നഷ്ടമായ താളം കണ്ടെത്താന്‍ സഹായിക്കുന്നതാണ് ചിത്രത്തിെൻറ ഇതിവൃത്തം. പ്രണയവും സൗഹൃദവും കാൽപ്പന്തും ചിത്രത്തിലെ ആഖ്യാനത്തില്‍ ഏറിയും കുറഞ്ഞും നിറഞ്ഞുനിൽക്കുന്നു. 'മോണ്ടിവിഡിയോ, ഗോഡ് ബ്ലെസ് യു' എന്ന പേരും ചിത്രത്തിനുണ്ട്.
കുബുറ എന്ന ഗ്രാമത്തിലെ സാധാരണക്കാരനായ ഒരു ചെറുപ്പക്കാരനാണ് ടിർകി. ഫുട്ബാളിനും ജോലിക്കുമിടയില്‍ ഒരു തിരഞ്ഞെടുപ്പ് അത്യന്താപേക്ഷിതമായ ജീവിതത്തിലെ ഏറ്റവും നിർണായകമായ ഒരു ഘട്ടത്തില്‍ ടിർകി ഫുട്ബാള്‍ തിരഞ്ഞെടുക്കുകയാണ്. പന്ത് കളിച്ച് ജീവിക്കുക എന്നത് ഏറക്കുറെ അസാധ്യമായ കാലത്താണ് ഇങ്ങനെയൊരു തീരുമാനം അയാള്‍ എടുക്കുന്നത്. തുടർന്ന് ബെൽേഗ്രഡ് സ്പോർട്സ് ക്ലബില്‍ അയാള്‍ എത്തിപ്പെടുന്നതും അവിടത്തെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള മോസയുമായുള്ള സൗഹൃദവും റോസ എന്ന യുവതിയോടുള്ള പ്രണയവും ചിത്രത്തിെൻറ കഥാഗതിയെ നയിക്കുന്നു. 1930ലെ നിർണായകമായ ആ കളിമേളയിലേക്കുള്ള യൂഗോസ്ലാവിയന്‍ ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ ടിർക്കിക്കും മോസക്കും ജീവിതത്തിലെ എണ്ണപ്പെട്ട ഒരു മുഹൂർത്തമായി അത് മാറുകയാണ്. സ്വയം വിഘടിച്ച് നിൽക്കുന്ന സ്വന്തം രാജ്യത്തിന് കാൽപ്പന്തിലൂടെ സാന്ത്വനം നൽകുക എന്ന ചരിത്ര ദൗത്യം. ഒടുവില്‍ ആ ലോകകപ്പില്‍ ഗംഭീര കളി കാഴ്ചവെച്ച യൂഗോസ്ലാവിയ നാലാം സ്ഥാനത്തെത്തുമ്പോള്‍ ഒരു നാടിനുതന്നെ അത് പ്രതീക്ഷകളുടെ പുതിയ പന്ഥാവുകള്‍ തുറക്കുകയാണ്.
ജീവനെടുക്കുന്ന കളി 'ദ ടു എസ്കൊബാർസ്' (The Two Escobars)
ലാറ്റിനമേരിക്കക്ക് ജീവിതത്തിെൻറ താളമാണ് കാൽപ്പന്ത്. ജീവിതത്തിെൻറ ഏറ്റവും പ്രധാനപ്പെട്ട ഒരേടായി അവര്‍ കളിയെ നെഞ്ചോട് ചേർത്തുകൊണ്ട് ജീവിക്കുന്നു. തലച്ചോറുകൊണ്ട് കളിക്കാനറിയാത്ത, ഹൃദയംകൊണ്ട് ഫുട്ബാള്‍ കളിക്കുന്നവരാണ് അന്നാട്ടുകാര്‍. 1994ലെ ഫുട്ബാള്‍ ലോകകപ്പിലെ കറുത്ത കുതിരകളാവുമെന്ന് പ്രവചിക്കപ്പെട്ട ഒരു ടീമായിരുന്നു കൊളംബിയ. വാൾഡറമയുടെ ടീം പല വമ്പന്മാരെയും വീഴ്ത്തുമെന്നും ഫുട്ബാള്‍ ലോകം ഉറച്ചു വിശ്വസിച്ചു. പക്ഷേ, കാൽപ്പന്ത് അനിശ്ചിതത്ത്വങ്ങളുടെ കൂടി കളിയാണ്. ഏവരെയും ഞെട്ടിച്ച് കൊളംബിയ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. അമേരിക്കക്കെതിരായ നിർണായക മത്സരത്തില്‍ ആന്ദ്രേ എസ്കൊബാര്‍ എന്ന താരത്തിെൻറ സെൽഫ് ഗോളാണ് അവരുടെ വിധിയെഴുതിയത്. ആ ഗോളിനുള്ള വില എസ്കൊബാര്‍ നൽകിയത് സ്വന്തം ജീവന്കൊണ്ടായിരുന്നു.
കൊളംബിയയിലെ അധോലോക നായകനായിരുന്ന പാബ്ലോ എസ്കൊബാറിെൻറയും കൊളംബിയയില്‍ ഏറ്റവുമധികം സ്നേഹിക്കപ്പെട്ടിരുന്ന ഫുട്ബാള്‍ താരം ആന്ദ്രെ എസ്കൊബാറിെൻയും ജീവിതമാണ് ജെഫ് സിംബലിസ്റ്റും മൈക്കേല്‍ സിംബലിസ്റ്റും ചേർന്ന് സംവിധാനം ചെയ്ത ഡോക്യുമെൻററി ചിത്രം 'ദ ടു എസ്കൊബാർസ്'. മയക്കുമരുന്നു വ്യവസായമുൾെപ്പടെ നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെ കുപ്രസിദ്ധിയാർജിച്ച വ്യക്തിയാണ് പാബ്ലോ എസ്കൊബാര്‍. ഫുട്ബോള്‍ പ്രേമികൂടിയായ പാബ്ലോ സ്വന്തമാക്കിയ ഒരു ക്ലബിലെ പ്രധാന താരമായി മാറുകയാണ് ആന്ദ്രെ എസ്കൊബാര്‍. തുടർന്ന് സ്വന്തം മേഖലകളില്‍ ഇരുവരുടെയും വളർച്ചയെ ചിത്രം അടയാളപ്പെടുത്തുന്നു. ഫുട്ബാളിലേക്ക് പണം വാരിയെറിയുന്ന പാബ്ലോ, കൊളംബിയ എന്ന രാജ്യത്തെ നിയമവ്യവസ്ഥയെ നോക്കുകുത്തിയാക്കുന്നത് അവിശ്വസനീയമായ രീതിയിലാണ്. എന്നാല്‍ പാവപ്പെട്ടവരെ സഹായിക്കുകയും ഏറ്റവും ദരിദ്രമായ തെരുവുകളിലും ഫുട്ബാള്‍ വളർത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന പാബ്ലോ, ഒരു വിഭാഗം കൊളംബിയക്കാർക്ക് പ്രിയപ്പെട്ടവനായി മാറുന്നു. മയക്കുമരുന്നും അധോലോകവും കാൽപ്പന്തും കൂടിക്കുഴഞ്ഞ കൊളംബിയന്‍ അവസ്ഥയില്‍ ദേശീയ ടീമിെൻറ ഓരോ മത്സരവും കോടികള്‍ മറിയുന്ന കച്ചവടംകൂടിയായി മാറുകയാണ്. കൊളംബിയ എന്ന രാജ്യത്തെ നിയമവും പൊലീസും അധോലോകത്തിെൻറ താളത്തിനൊത്ത് തുള്ളുന്നതിെൻറ ദയനീയ ചിത്രങ്ങള്‍ ഇവിടെ കാണാം. ഒടുവില്‍ ഒരു സെൽഫ്ഗോളിലൂടെ കൊളംബിയ പുറത്തായതിെൻറ പേരില്‍, ആന്ദ്രെ എസ്കൊബാര്‍ എന്ന കൊളംബിയയുടെ സുവർണ താരം മാഡെലിന് നഗരത്തിെൻറ ഒരു തെരുവില്‍ െവച്ച് വെടിയേറ്റ് മരിക്കുന്നു. ഫുട്ബാള്‍ ജീവനെടുക്കുന്ന കളികൂടിയായി മാറുന്നതിെൻറ ദാരുണമായ ചിത്രമാണ് 'ദ ടു എസ്കൊബാർസ്'.
മുകളില്‍ പരാമർശിച്ച ചിത്രങ്ങള്‍ പുതിയ നൂറ്റാണ്ടില്‍ കാൽപ്പന്തിനെ ജീവിതത്തിെൻറ അനിവാര്യമായ ഭാഗമായി അവതരിപ്പിച്ച കലാസൃഷ്ടികളാണ്. ഫുട്ബാളിനെ ജീവിതത്തില്‍ നിന്നടർത്തി മാറ്റിയുള്ള ഏതൊരാഖ്യാനവും അപൂർണമായിരിക്കും. മലയാളത്തില്‍ 2017ൽ പുറത്തിറങ്ങിയ 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലും ഫുട്ബാള്‍ മാനുഷിക മൂല്യങ്ങളെ വഹിക്കുന്ന സാംസ്കാരിക ബിംബമായി പ്രവർത്തിക്കുന്നത് കാണാം. ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയില്‍ അരികുവത്കരിക്കപ്പെട്ട മുസ്ലിം സ്വത്വവും കൊളോണിയല്‍ വംശീയതയുടെ ഇരയാക്കപ്പെട്ട ആഫ്രിക്കന്‍ സ്വത്വവും ഫുട്ബാളിനാല് ഒന്നിക്കുന്ന മാസ്മരിക മുഹൂർത്തം ചിത്രത്തില്‍ ദൃശ്യപ്പെടുന്നു. കാൽപ്പന്ത് ജീവിതം തുടിക്കുന്ന കളിയാണെന്ന് ഈ സിനിമകളെല്ലാം സാക്ഷ്യപ്പെടുത്തുകയാണ്.