ഇന്നസെന്റിന്റെ വില്ലന്മാർ; വക്രതയുടെ ആൾരൂപങ്ങൾ
ഇന്നസെന്റ് എന്ന നടൻ തിരശ്ലീലയിൽ പ്രതിഫലിപ്പിച്ചത് ഹാസ്യം മാത്രമായിരുന്നില്ല. പരമ്പരാഗത വില്ലനിസങ്ങളെ കടപുഴക്കിയ ഇന്നസെന്റിന്റെ കഥാപാത്രങ്ങളെ വിശകലനം ചെയ്യുന്നു.
ഇന്നസെന്റ് എന്നാൽ മലയാളിക്ക് ഒരു പൊട്ടിച്ചിരിയുടെ പേരാണ്. വെള്ളിത്തിരയിലും നിത്യജീവിതത്തിലും നമ്മുടെ ചിരിയോർമകൾ ഈ മനുഷ്യനുമായിക്കൂടി ബന്ധപ്പെട്ട് കിടക്കുന്നു. അമർച്ചിത്ര കഥകളിലെ ഹാസ്യകഥാപാത്രങ്ങൾക്ക് അനുയോജ്യമായ രൂപവും അംഗവിക്ഷേപങ്ങളുമുള്ള നടനായിരുന്നു ഇന്നസെന്റ്. എന്നാൽ ഈ നടൻ തിരശ്ലീലയിൽ പ്രതിഫലിപ്പിച്ചത് ഹാസ്യം മാത്രമായിരുന്നില്ല. നല്ല ഒന്നാന്തരം പ്രതിനായകനായും ഇന്നസെന്റ് തിളങ്ങിയിട്ടുണ്ട്. പരമ്പരാഗത വില്ലനിസങ്ങളെ കടപുഴക്കിയ കഥാപാത്രങ്ങളായിരുന്നു എന്നും ഇന്നസെന്റിന്റേത്. ഹാസ്യത്തിന് ഉപയോഗിക്കുന്ന അതേ മാനറിസങ്ങളും ചേഷ്ടകളും തന്നെയാണ് തന്റെ വില്ലന്മാർക്കും ഈ നടൻ പകർന്നുനൽകിയത്. പക്ഷെ രണ്ടും പ്രേക്ഷകനിൽ ഉണ്ടാക്കിയ സ്വാധീനം വ്യത്യസ്തമായിരുന്നു.
വക്രതയുടെ ആൾരൂപങ്ങൾ
ഇന്നസെന്റിന്റെ വില്ലൻ കഥാപാത്രങ്ങൾക്ക് എന്നും ഏകതാനമായ രൂപഭാവങ്ങൾ ഉണ്ടായിരുന്നു. വക്രതയുടെ ആൾരൂപങ്ങളായിരുന്നു അവർ. നർമത്തിന്റെ മേമ്പൊടി തന്റെ വില്ലനിസത്തിൽക്കൊണ്ടുവരാൻ ഈ നടൻ ശ്രമിച്ചിട്ടുണ്ട്. ഇതെല്ലാം നിലനിൽക്കെത്തന്നെ ആ വില്ലന്മാർ പ്രേക്ഷകനെ ഭീതിപ്പെടുത്തുകയും വെറുപ്പിക്കുകയും ചെയ്തിരുന്നു. കേളിയിലെ ലാസറിനെ ഓർമയില്ലേ. സിനിമയുടെ ഓരോഘട്ടത്തിലും നികൃഷ്ഠനായ ലാസർ മുതലാളിയെ ഇല്ലാതാക്കാൻ കാഴ്ച്ചക്കാർ ആഗ്രഹിക്കും. ആ വിധം തന്റെ പ്രതിനായകത്വത്തെ ഉയർത്താൻ ഇന്നസെന്റിലെ നടന് കഴിയുന്നുണ്ട്.
ഇന്നസെന്റ് രണ്ടുതരം പ്രതിനായകന്മാരെ അവതരിപ്പിച്ചിട്ടുണ്ട്. അതിലൊന്ന് ലാസറിന്റെ കാറ്റഗറിയിലുള്ളതാണ്. കാതോട് കാതോരത്തിലെ കപ്യാരും തസ്കരവീരനിലെ ഈപ്പച്ചനും കിണ്ണംകട്ട കള്ളനിലെ എക്സ് എം.പി ബി.വി.സിയും സ്വർണക്കടുവയിലെ ലോനപ്പനുമൊക്കെ ഈ വിഭാഗത്തിൽെപ്പടുന്നതാണ്. പൂർണമായും വില്ലന്മാരാണിവർ. വിട്ടുവീഴ്ച്ചയില്ലാത്ത ക്രൂരതയുടെ ആൾരൂപങ്ങൾ. ഇതല്ലാത്ത ഒരുതരം വില്ലന്മാരേയും ഇന്നസെന്റ് അവതരിപ്പിച്ചിട്ടുണ്ട്. മഴവിൽക്കാവടിയിലെ ശങ്കരൻകുട്ടി മേനോനും പൊൻമുട്ടയിടുന്ന താറാവിലെ പണിക്കരും പിൻഗാമിയിലെ പട്ടരും ഡോക്ടർ പശുപതിയിലെ പശുപതിയുമൊക്കെ അങ്ങിനെയുള്ളവരാണ്. ഇത്തരം കഥാപാത്രങ്ങളോട് എന്ത് നിലപാട് എടുക്കണമെന്ന് പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത്. അവരെ നമ്മുക്ക് വെറുക്കുകയോ സ്നേഹിക്കുകയോ ചെയ്യാം. അവർ വില്ലന്മാരാണെന്ന് ചിലപ്പോൾ നാം തിരിച്ചറിയുകയേ ഇല്ല.
ലാസർ മുതലാളിയെ എങ്ങനെ വെറുക്കാതിരിക്കും
ഇന്നസെന്റിന്റെ വില്ലന്മാരിൽ ഏറ്റവും വെറുപ്പ് ഏറ്റുവാങ്ങിയത് ഒരുപക്ഷെ കേളിയിലെ ലാസർ മുതലാളിയാവും. ഇന്നസെന്റിന് മാത്രം സാധ്യമാകുന്ന വില്ലനായിരുന്നു ലാസർ. ഭരതൻ എന്ന മാസ്റ്റർ ക്രാഫ്റ്റ്മാന്റെ നിയന്ത്രണത്തിൽ ലാസർ ക്രൂരതയുടെ സകല അതിർവരമ്പുകളും ഭേദിക്കുന്നുണ്ട്. ലാസറിന് ശേഷം വന്ന ഇന്നസെന്റിന്റെ എല്ലാ വില്ലൻ കഥാപാത്രങ്ങളും ഒരുതരത്തിൽ ലാസറിന്റെ ഏറിയും കുറഞ്ഞുമുള്ള അനുകരണങ്ങളായിരുന്നു. എന്താണ് ലാസറിനെ ഈ നടന്റെ മാസ്റ്റർ കഥാപാത്രമാക്കി മാറ്റുന്നത്. അതിന് കാരണം അപ്പുറത്തുള്ള ഭിന്നശേഷിക്കാരനായ നായകനാണ്. ജയറാം അവതരിപ്പിക്കുന്ന നാരായണൻ കുട്ടി എന്ന കഥാപാത്രത്തെ ദൈന്യതയുടെ ആൾരൂപമാക്കി മാറ്റാൻ ഭരതന്റെ എഴുത്തിനും സംവിധാനത്തിനും കഴിഞ്ഞിട്ടുണ്ട്. മൂന്ന് അമ്മമാരുടെ സംരക്ഷണത്തിൽ കഴിയുന്ന നിഷ്‍കളങ്കനായ ഒരു ചെറുപ്പക്കാരനെ വേട്ടയാടുന്ന പണക്കാരനും കുടിലനുമായ മുതലാളിയെന്നത് ലാസറിനെ സ്വയംതന്നെ പ്രതിനായകത്വപരതയിലേക്ക് ഉയർത്തുന്നുണ്ട്. പിന്നീട് വേണ്ടിവരുന്നത് അനുയോജ്യമായ ചില ഭാവങ്ങൾ നൽകുക മാത്രമാണ്. അത് വേണ്ടുവോളം ലാസറിൽ കൊണ്ടുവരാൻ ഇന്നസെന്റിന് ആയിട്ടുമുണ്ട്. ഇതെല്ലാം ഒത്തുവന്നപ്പോഴാണ് ലാസർ മുതലാളി എന്ന മലയാള സിനിമാ ചരിത്രത്തിലെ എല്ലാം തികഞ്ഞ വില്ലന്മാരിലൊരാൾ രൂപംകൊള്ളുന്നത്.
ലാസർ മുതലാളിയുടെ വർത്തമാനങ്ങളും ചലനങ്ങളുമെല്ലാം തന്റെ ഹാസ്യകഥാപാത്രങ്ങളുടെ അനുകരണങ്ങളായിത്തന്നെയാണ് ഇന്നസെന്റ് ചെയ്തിരിക്കുന്നത്. ആവർത്തിച്ച് പറയുന്ന തെറ്റുകൾ, എപ്പോഴും ഇളകിക്കൊണ്ടിരിക്കുന്ന, റെസ്റ്റ്ലസ് എന്ന് വിശേഷിപ്പിക്കാവുന്ന ശരീര ചലനങ്ങൾ, ഡയലോഗുകളിലെ മൂർച്ചയും പരിഹാസവും, ഇടക്കിടെ പുറത്തുവരുന്ന രൗദ്രഭാവങ്ങൾ എന്നിങ്ങനെ കേളിയിലെ ലാസർ പരമ്പരാഗത വില്ലൻ സങ്കൽപ്പങ്ങളെ കീഴ്മേൽ മറിക്കുന്ന കഥാപാത്രമാണ്. തുടക്കത്തിൽ അയാളൊരു പരിഹാസ്യനെന്ന് തോന്നുന്ന പ്രേക്ഷകൻ സിനിമ ക്ലൈമാക്സിലെത്തുമ്പോൾ അയാളെന്താകും അടുത്തതായി ചെയ്യുക എന്ന ഭയം നിറയുന്ന അവസ്ഥയിലേക്ക് എത്തും. ലാസറിന്റെ നിർവ്വഹണത്തിലും (execution) അവതരണത്തിലും (presentation) ഇന്നസെന്റ് എന്ന നടൻ പുലർത്തുന്ന സൂക്ഷ്മത ആ കഥാപാത്രത്തിന്റെ വിജയത്തിൽ വലിയ പങ്കാണ് വഹിക്കുന്നത്.
കപ്യാരുടെ സുവിശേഷം
ഭരതന്റെ തന്നെ കാതോട് കാതോരത്തിൽ ഇന്നസെന്റ് അവതരിപ്പിക്കുന്ന വേഷം ഒരു കപ്യാരുടേതാണ്. നല്ല ഒന്നാന്തരം പരദൂഷണക്കാരനായ കപ്യാരാണിതിൽ. തന്റെ സാധാരണ വില്ലൻ കഥാപാത്രങ്ങളെപ്പോലെ ഹാസ്യത്തിന്റെ മേമ്പൊടി ഇല്ലാതെയാണ് കപ്യാരെ ഇന്നസെന്റ് അവതരിപ്പിച്ചിരിക്കുന്നത്. ലാസർ എന്ന ജനാർദനൻ അവതരിപ്പിക്കുന്ന പ്രധാന വില്ലന്റെ സഹോദരനാണ് കപ്യാർ. ലാസറിനൊപ്പംകൂടി അയാളെ സകല ക്രൂരതകളിലേക്കും തള്ളിവിടുന്നത് ഈ കപ്യാരാണ്. ഒരുതരം സുവിശേഷ മാതൃകയിൽ വളരെ ആയത്തിലും ഊക്കിലും സംസാരിക്കുന്നയാളാണ് ഇതിലെ കപ്യാർ. സദാചാര പൊലീസിങ് മുതൽ കുടുംബ ചാരിത്ര്യ സംരക്ഷണംവരെ അലോസരപ്പെടുത്തുന്ന കപ്യാരിലെ വക്രതകളെ മികച്ച രീതിയിലാണ് ഇന്നസെന്റ് തിരശ്ശീലയിൽ എത്തിച്ചിരിക്കുന്നത്.
കാതോട് കാതോരം മാതൃകയിൽ ഇന്നസെന്റ് സമ്പൂർണവില്ലനായി അവതരിക്കുന്ന സിനിമയാണ് തസ്കരവീരൻ. ഇതിലെ ഈപ്പച്ചൻ മുതലാളി പഴുതുകളില്ലാത്ത പ്രതിനായകനാണ്. ഇന്നസെന്റിന്റെ ‘മുതലാളി വില്ലൻ’ സീരീസിലെ ഒരുപ്രധാന കഥാപാത്രം കൂടിയാണിത്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയിൽ ഒരുങ്ങിയ തസ്കരവീരൻ മൂലകഥയിൽ ഏറെ സങ്കീർണതകളുള്ള ഒരു സിനിമയാണ്. ഫ്ലാഷ്ബാക്കുകളും ട്വിസ്റ്റുകളും ഒരുപാടുള്ള സിനിമ. ഇതിൽ ഇന്നസെന്റ് അവതരിപ്പിക്കുന്ന ഈപ്പച്ചൻ ഒരു ദൃഡചിത്തനായ വില്ലനാണ്. ഇന്നസെന്റിസത്തിന് ചേരാത്ത കഥാപാത്രമാണിത്. കൊലപാതകം മുതൽ ചതിയും വഞ്ചനയും വരെ യാതൊരു അറപ്പുമില്ലാതെ ചെയ്യുന്ന കഥാപാത്രമാണ് ഈപ്പച്ചൻ. തുടക്കത്തിൽ നൽകിയിരിക്കുന്ന കോമഡി ട്രാക്ക് കഴിഞ്ഞാൽ പിന്നെ ഈപ്പച്ചൻ സമ്പൂർണവില്ലനായി പരിണമിക്കുകയാണ്. എന്നാലിതിന്റെ എക്സിക്യൂഷനിൽ ചില പാളിച്ചകൾ ഉണ്ട് എന്നത് പറയാതിരിക്കാനാവില്ല. സിനമയെത്തന്നെ ഈ പാളിച്ചകൾ ദുർബലപ്പെടുത്തുന്നുമുണ്ട്.
ഇന്നസെന്റിന്റെ മുതലാളി വില്ലന്മാരിൽ വരുന്ന മറ്റൊരാളാണ് സ്വർണ കടുവയിലെ ലോനപ്പൻ മുതലാളി. പതിവ് ചേരുവകൾ തന്നെയാണ് ഇവിടേയും പരീക്ഷിച്ചിരിക്കുന്നത്. കുറച്ച് മണ്ടനും കുശാഗ്രബുദ്ധിക്കാരനും നിഷ്‍കളങ്കതയുള്ളതുമായ വില്ലനാണ് ലോനപ്പൻ. സ്വർണ കടുവയിലെ നായകനായ റിനി ഈപ്പൻ എന്ന കഥാപാത്രവും നെഗറ്റീവ് ഷെയ്ഡുള്ളയാളാണ്. ഇയാളുടെ കൂട്ടാളിയായെത്തുന്ന ലോനപ്പൻ കാരിക്കേച്ചറുകളെ അവതരിപ്പിക്കാനുള്ള ഇന്നസെന്റ് എന്ന നടന്റെ കഴിവ് ചൂഷണം ചെയ്ത കഥാപാത്രമാണ്.
പിൻഗാമിയിലെ പട്ടർ
ഇന്നസെന്റിന്റെ വ്യത്യസ്തമായ വില്ലൻ കഥാപാത്രങ്ങളിൽ ഒന്നാണ് പിൻഗാമിയിലെ വക്കീലായ പട്ടർ. സത്യൻ അന്തിക്കാടിന്റെ പരമ്പരാഗത സിനിമകളിൽ നിന്നുള്ള വ്യതിചലനംകൂടിണ് പിൻഗാമി. സാമ്പത്തികമായി അത്ര വിജയമായിരുന്നില്ലെങ്കിലും ഇന്നും വലിയൊരു ആരാധകവൃന്ദമുള്ള സിനിമയാണിത്. പിൻഗാമിയിൽ സമാനതകളില്ലാത്ത ഒരു കഥാപാത്രമായാണ് ഇന്നസെന്റ് എത്തുന്നത്. വില്ലത്തരം കുറച്ചും ഭയവും ദൈന്യതയും ആർത്തിയും വക്രതയും സമാസമം ചേർത്തുമാണ് പട്ടരെ ഈ നടൻ അവതരിപ്പിച്ചിരിക്കുന്നത്. മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ടുകളായ ജഗതി ശ്രീകുമാറും ഇന്നസെന്റും ഒരുമിച്ച് സ്ക്രീൻ പങ്കിടുമ്പോഴുളള രസതന്ത്രവും പിൻഗാമിയിലെ രംഗങ്ങളിൽ കാണാം. രഘുനാഥ് പലേരിയുടെ മികച്ച തിരക്കഥകളിൽ ഒന്നുകൂടിയാണിത്. പ്രേക്ഷകനെ ചിരിപ്പിച്ച് ചിരിപ്പിച്ച് കഥാപാത്രത്തിലെ വില്ലൻ ഭാവത്തെ മായ്ച്ച് കളയുന്ന ഇന്നസെന്റ് മാജിക് നമ്മുക്ക് പിൻഗാമിയിൽ കാണാം.
നായികയുടെ അച്ഛനായി, നായകനെ വട്ടംകറക്കുന്ന പ്രമാണിയായി ജാതി,ഗ്രോത,കുല മഹിമകളുടെ കാവൽക്കാരനായി ഇന്നസെന്റ് ചിലപ്പോഴൊക്കെ അവതരിക്കാറുണ്ട്. മഴവിൽക്കാവടിയിലെ ശങ്കരൻകുട്ടി മേനോനും പൊൻമുട്ടയിടുന്ന താറാവിലെ പണിക്കരും ഇത്തരക്കാരാണ്. ഇത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ഇവരൊന്നും നായകന് അവസാനം ഇടിച്ചിടാനുള്ള കൊടുംക്രൂരന്മാരാകാൻ പാടില്ല. പരമാവധി ശ്രമിച്ചിട്ടും തോറ്റുപോകുന്ന, ഒന്ന് ചമ്മിനൽക്കുന്ന മനുഷ്യരാണിവർ. ഇത്തരം കഥാപാത്രങ്ങൾ എന്നും ഇന്നസെന്റിന്റെ പക്കൽ ഭദ്രമായിരുന്നു. പരമാവധി ശ്രമിക്കുകയും അവസാനം പരാജയപ്പെട്ട് നന്മയോടൊപ്പം ചേരുകയും ചെയ്യുന്ന മനുഷ്യരെ അവതരിപ്പിച്ച് ഫലിപ്പിക്കാനുള്ള ഈ നടന്റെ വൈഭവം ഒന്ന് വേറെയായിരുന്നു.
പശുപതിയെന്ന സൂപ്പർ വില്ലൻ
സിനിമയുടെ ടൈറ്റിലുകളിൽ കഥാപാത്രത്തിന്റെ പേര് വരുന്നത് അത്ര അപൂർവ്വമല്ല. പലപ്പോഴും നായകന്റെ പേരാകും ഇങ്ങിനെ വരിക. അപൂർവ്വമായി വില്ലന്റെ പേര് സിനിമയുടെ ടൈറ്റിലിൽ ഉൾപ്പെടാറുണ്ട്. റാംജിറാവു സ്പീക്കിങ് എന്നത് ഇത്തരത്തിലുള്ള ഒന്നാണ്. ഡോക്ടർ പശുപതി എന്ന ഇന്നസെന്റ് സിനിമയും ഇത്തരത്തിലുള്ളതാണെന്ന് പറഞ്ഞാൽ ചില നെറ്റികളെങ്കിലും ചുളിഞ്ഞേക്കാം. ഒന്നാമത് പശുപതി ഒരു വില്ലനാണെന്ന് സമ്മതിച്ച് തരാൻ മടിയുള്ളവർ ഉണ്ടായേക്കാം. ഇന്നസെന്റ് എന്ന നടന്റെ വൈഭവമായിരിക്കാം അതിന് കാരണം. നല്ല ഒന്നാന്തരം വില്ലത്തരങ്ങൾ നിറഞ്ഞ ഒരു കഥാപാത്രത്തെ ഹാസ്യത്തിന്റെ പരകോടിയിൽ എത്തിക്കുന്നുണ്ട് ഈ നടൻ.
ഭൈരവൻ എന്ന യഥാർഥ പേരുള്ള, പശുപതി എന്ന കള്ളപ്പേരിൽ എത്തുന്ന ഒരുകഥാപാത്രമാണ് ഡോക്ടർ പശുപതിയിലുള്ളത്. ഇയാളൊരു കള്ളനാണ്, തട്ടിപ്പുകാരനാണ്, നായികയെ തട്ടിയെടുക്കാൻ നോക്കുന്നയാളാണ്, നായകനെ ഗുണ്ടകളെവച്ച് അടിക്കുന്നയാളാണ്. ഒരു സിനിമാ വില്ലനിൽ വേണ്ട ദുർഗുണങ്ങളൊക്കെ സമഞ്ജസമായി സമ്മേളിക്കുന്ന കഥാപാത്രമാണ് പശുപതി. എന്നാൽ കാണുന്നവർക്ക് വെറുപ്പ് തോന്നാത്തവിധം കാരിക്കേച്ചർ സ്വഭാവത്തോടെ തന്റെ കഥാപാത്രത്തിന് മിഴിവ് നൽകുന്നുണ്ട് ഇന്നസെന്റ്. ചിലയിടങ്ങളിൽ പ്രേക്ഷകന് വൈകാരികമായി അടുപ്പംതോന്നുംവിധത്തിൽ തന്റെ ദൈന്യതകൾ പശുപതി വിവരിക്കുന്നുണ്ട്. ‘ഇതൊരു അവസരമാണ് ഒന്ന് ശ്രമിച്ച് നോക്കാം’ എന്നതാണ് പശുപതിയുടെ പോളിസി. അത്തരമൊരാളെ പൂർണമായി വെറുക്കാൻ കാഴ്ചക്കാരനും ആകില്ലല്ലോ.
എന്തായിരുന്ന ഇന്നസെന്റ് എന്ന നടന്റെ വില്ലൻകഥാപാത്രങ്ങളുടെ സവിശേഷത. അത് എങ്ങിനെയാണ് പരമ്പരാഗത പാത്രസൃഷ്ടികളെ അട്ടിമറിക്കുന്നത്. ഇന്നസെന്റ് എന്ന അഭിനേതാവിന് മുന്നിൽ വില്ലൻ, നായകൻ, ഹാസ്യകഥാപാത്രം എന്ന വ്യത്യാസങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് സൂക്ഷ്മനിരീക്ഷണത്തിൽ മനസിലാകും. അയാളുടെ മുന്നിൽ കഥാപാത്രങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. അങ്ങിനെ ലഭിക്കുന്ന കഥാപാത്രങ്ങളെ തന്മയത്വത്തോടെ അഭിനയിക്കുക മാത്രമാണ് ഈ നടൻ ചെയ്തിരുന്നത്.
ഇന്നസെന്റിന് ലഭിച്ച ഭാഗ്യങ്ങളിലൊന്ന് അദ്ദേഹം ഒരിക്കലും ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടിരുന്നില്ല എന്നതാണ്. കഥാപാത്രങ്ങളിൽനിന്ന് കഥാപാത്രങ്ങളിലേക്ക് ഈ നടൻ പരകായപ്രവേശം ചെയ്തുകൊണ്ടേയിരുന്നു. അതിൽ നായകനും വില്ലനും ഹാസ്യതാരവും എല്ലാം ഉണ്ടായിരുന്നു. ഒന്നിലും തളച്ചിടപ്പെടാതെ അദ്ദേഹം സിനിമകളിലനിന്ന് സിനിമകളിലേക്ക് സഞ്ചരിച്ചു. താൻ ജീവൻ നൽകിയ എല്ലാകഥാപാത്രങ്ങൾക്കും സൂക്ഷ്മമായ ചില സവിശേഷതകൾ ഈ നടൻ നൽകുമായിരുന്നു. ഒരുപക്ഷെ അതുകൊണ്ടാകാം കണ്ടിട്ടും കണ്ടിട്ടും നമ്മുക്കിയാളെ മടുക്കാതിരുന്നത്.