Begin typing your search above and press return to search.
proflie-avatar
Login

നല്ല ഭാര്യയായി കജോൾ എത്തുമ്പോൾ

നല്ല ഭാര്യയായി കജോൾ എത്തുമ്പോൾ
cancel
camera_alt

കജോൾ (ദ ട്രയൽ)

ഏഴുസീസണുകളിലായി പുറത്തിറങ്ങിയ അമേരിക്കൻ ടെലിവിഷൻ സീരീസ് ‘ദ ഗുഡ് വൈഫ്’ കാണുന്നു. ദ ഗുഡ് വൈഫിന്റെ ഇന്ത്യൻ പതിപ്പായ ‘ദ ട്രയൽ’ ജൂലൈ 15 മുതൽ സംപ്രേക്ഷണം ചെയ്തുതുടങ്ങും.

ഒരു നല്ല ഭാര്യ എങ്ങനെയായിരിക്കണം? ഒരു നല്ല അമ്മ എങ്ങനെയായിരിക്കണം? . 'ആ സംഭവം' ജീവിതം തലകീഴായി മറിക്കുന്നതു വരെ അലീഷ്യ ഫ്ളോറിക് അതെല്ലാം ആയിരുന്നു. നിയമ ബിരുദധാരിയായ, പ്ര​ഗത്ഭയും പ്രതിഭയുമായ അവർ തന്റെ അഭിഭാഷക ജീവിതത്തിന് ഫുൾ സ്റ്റോപിട്ടായിരുന്നു സ്വകാര്യ ജീവിതത്തിലേക്ക് ഒതുങ്ങിക്കൂടിയത്.

സ്റ്റേറ്റ് അറ്റേർണി കൂടിയായ ഭർത്താവ് പീറ്റർ ഫ്ളോറിക്കിന്റെ പേരിൽ ഉയർന്നുവരുന്ന ലൈംഗിക ആരോപണമായിരുന്നു അലീഷ്യയുടെ തകർച്ചയുടെ തുടക്കം. പീറ്ററിന്റേതായി പുറത്തുവരുന്ന സെക്സ് ടേപ് അലീഷ്യയുടെ ജീവിതം മാറ്റിമറിക്കുന്നു. ഭർത്താവിൽ നിന്നുള്ള ചതിയും സാമ്പത്തികമായുള്ള തകർച്ചയും ഒരേ സമയം തേടിയെത്തുന്നു. കണ്ണടച്ച് തുറക്കുന്ന സമയത്തിനുള്ളിൽ അലീഷ്യയും സ്കൂൾ വിദ്യാർഥികളായ രണ്ട് മക്കളും വീട്ടിൽ നിന്നും ഇറക്കപ്പെടുന്നു. ഇനി എന്തുചെയ്യും എന്ന അമ്പരപ്പിനിടയിലും അലീഷ്യ പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നു.


സാമ്പത്തിക സ്ഥിതി പരുങ്ങലിലായിരിക്കെ വലിയ ഇടവേളക്ക് ശേഷം ഒരു തുടക്കക്കാരിയായി അഭിഭാഷക വൃത്തിയിലേക്ക് അലീഷ്യക്ക് തിരികെ പ്രവേശിക്കേണ്ടി വരുന്നു. മാനസികമായി തളർന്ന അലീഷ്യക്ക് ആദ്യമൊന്നും കടുത്ത മത്സരമുള്ള അഭിഭാഷക ജോലിയിൽ പിടിച്ച് നിൽക്കാനുള്ള മനഃസ്ഥിതി ഉണ്ടാകുന്നില്ല. മാസങ്ങൾ നീണ്ട തിരച്ചിലുകൾക്കൊടുവിൽ സുഹൃത്തായ വിൽ ​ഗാർഡനറുടെ സഹ ഉടമസ്ഥതയിലുള്ള നിയമ ‘ലോക്ക്ഹാർട്ട് ആൻഡ് ​ഗാർഡർ’ എന്ന നിയമസ്ഥാപനത്തിൽ അലീഷ്യക്ക് ജോലി ലഭിക്കുന്നു.

പിന്നീട് അലീഷ്യക്ക് തിരിഞ്ഞുനോക്കേണ്ടി വരുന്നില്ല. അവർ കോർപറേറ്റ് ലാഡറിന്റെ പടികളിൽ വളരെ വേ​ഗത്തിൽ മുന്നേറുന്നു. വീണ്ടും ജീവിക്കാനുള്ള ഊർജം അവർ തിരിച്ചുപിടിക്കുന്നതും അലീഷ്യയുടെ പേഴ്സണൽ- പ്രൊഫഷണൽ ജീവിതത്തിൽ നടക്കുന്നതുമായ സംഭവങ്ങളാണ് കോർട്ട് റൂം ഡ്രാമ വിഭാ​ഗത്തിൽ വരുന്ന പരമ്പരയുടെ ഇതിവൃത്തം.

വലക്കുന്ന കേസുകൾ

അലീഷ്യയിലേക്ക് വന്നെത്തുന്ന ഓരോ കേസുകളും ഓരോരോ എപ്പിസോഡുകളായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. ഓരോ കേസിലെയും ഹരജിക്കാർ തന്നെ വളരെ വ്യത്യസ്തരാണ്. ഡെെലൻ ബേക്കർ അവതരിപ്പിച്ച കോളിൻ സ്വീനിയെ ഉദാഹരണമായി എടുക്കാം. സ്വീനിക്ക് തന്റെ കേസുകൾ അലീഷ്യ തന്നെ വാദിക്കണമെന്ന് നിർബന്ധമാണ്. കൊലക്കുറ്റത്തിനാണ് സ്വീനിക്കെതിരെ കേസ് വരാറുള്ളത്. തന്റെ ഭാര്യയെ കൊന്ന് കുറ്റം മകളുടെ മേൽ ചാർത്തിയെന്ന ആരോപണമാണ് സ്വീനിക്കെതിരെ ആദ്യം വരുന്നത്. അതിൽ സ്വീനി കുറ്റക്കാരനല്ലെന്ന് തെളിയിക്കപ്പെടുന്നു. ശേഷം മറ്റൊരു സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ സ്വീനി ജയിലിടക്കപ്പെടുന്നു. വളരെ രഹസ്യ സ്വഭാവമുള്ള സ്വീനി ധനികനും, ഇത്തരം കേസുകളാൽ അമേരിക്കയിൽ കുപ്രസിദ്ധനുമാണ്.

സ്വകാര്യ ജീവിതത്തിലെ വിജയ പരാജയങ്ങൾ

ഏതൊരു രാഷ്ട്രീയക്കാരന്റെ ഭാര്യയും ഭർത്താവിന്റെ രാഷ്ട്രീയ ജീവിതത്തിലെ വീഴ്ചകളിൽ മനഃപൂർവമല്ലാത്ത ഇരയായി മാറാറുണ്ട്. പ്രത്യക്ഷത്തിൽ കാണില്ലെങ്കിലും പിന്നാമ്പുറങ്ങളിൽ അത് എഴുതിവെക്കപ്പെടുന്നു. ലൈംഗിക ആരോപണം അലീഷ്യയും പീറ്ററും തമ്മിലുള്ള ദാമ്പത്യ ബന്ധത്തെ ഉലക്കുകയല്ല, വേരോടെ പിഴുതുമാറ്റപ്പെടുകയാണ് ചെയ്യുന്നത്. എങ്കിലും രാഷ്ട്രീയത്തിന്റെ പേരിലും മക്കളുടെ ആവശ്യമനുസരിച്ചും അലീഷ്യക്ക് ആ ദാമ്പത്യത്തിൽ തുടരേണ്ടി വരുന്നു. സെന്റ് അലീഷ്യയെന്ന് മാധ്യമങ്ങൾ വരെ അവരെ വാഴ്ത്തി പാടുന്നുണ്ട്. സെക്സ് ടേപ്പ് വിവാദത്തിൽപ്പെട്ട ഭർത്താവിന്റെ ഒപ്പം നിന്ന് കരിയർ വീണ്ടെടുക്കാൻ സഹായിക്കുന്ന ഭാര്യയെ 'വിശുദ്ധ' എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്!

പുറത്ത് ദമ്പതികളായി കാണുമെങ്കിലും മനസികമായി പിരിഞ്ഞുപോയവരായാണ് ഇവർ പരമ്പരയിൽ ജീവിക്കുന്നത്. അലീഷ്യ- പീറ്റർ ബന്ധം ഈ പരമ്പരയിൽ വളരെ പ്രധാനമാണ്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന, വളരെ റിലേറ്റബിൾ ആയ ബന്ധമാണ് ഇവർ തമ്മിലുള്ളത്. വളരെ ചുറ്റിപ്പണഞ്ഞു കിടക്കുന്ന അലീഷ്യ- പീറ്റർ ഫ്ളോറിക് ബന്ധം സീരീസിലെ തന്നെ ഏറ്റവും മികച്ച ഭാ​ഗമാണെന്ന് ചിക്കാ​ഗോ ട്രെെബ്യൂൺ പറയുന്നു.

അലീഷ്യയും (ജൂലിയാന മാർ​ഗുലീസ്) പീറ്ററും (ക്രിസ് നോത്)

അലീഷ്യയുടെ പ്രണയ ജീവിതത്തിലും അതിനിടയിൽ മാറ്റങ്ങളുണ്ടാകുന്നുണ്ട്. മക്കളായ ​ഗ്രേസും സാക്കും കൗമാര പ്രായത്തിലെത്തുമ്പോൾ അവരെ ചുറ്റിപ്പറ്റിയുണ്ടാകുന്ന പ്രശ്നങ്ങളും പരമ്പരയിൽ വിഷയങ്ങളാകുന്നു. അലീഷ്യ സ്വകാര്യ ജീവിതത്തിൽ വരുന്ന പ്രതിസന്ധികൾ എങ്ങനെ ബുദ്ധിപരമായി തരണം ചെയ്യുന്നവെന്നും കാഴ്ചക്കാർക്ക് കാണാം.

ഇഷ്ടപ്പെടും ഈ നിയമകുരുക്കുകൾ

അലീഷ്യക്കൊപ്പം തന്നെ ‘ലോക്ക്ഹാർട്ട് ആൻഡ് ​ഗാർഡനറിലെ’ ഓരോ വ്യക്തിയും ഇതിൽ പ്രധാനമാണ്. ഡിറ്റക്ടീവ് ആയ കലിന്ദ, ഫേമിന്റെ സഹസ്ഥാപകയായ ഡയാൻ ലോക്ക്ഹാർട്ട്, സഹപ്രവർത്തകനായ കാരി ആ​ഗോസ്, വിൽ ​ഗാർഡനർ, എല്ലി ​ഗോൾഡ്, തുടങ്ങി പ്രേക്ഷകരെ പിടിച്ചിരുത്തുന്ന നിരവധി കഥാപാത്രങ്ങൾ പരമ്പരയിൽ മുഴുനീളമുണ്ട്. ഓഫീസിലെ അധികാര വടംവലികളും കൈയ്യടി അർഹിക്കുന്ന രീതിയിൽ സീരീസിൽ പറഞ്ഞുവെക്കുന്നു.

ചീട്ടുപെട്ടിയിലെ ചീട്ടുകളെ മുച്ചീട്ടുകളിക്കാരൻ എങ്ങനെ കശക്കുന്നതിന് സമാനമായി പരമ്പരയിലെ കഥാപാത്രങ്ങളെ എഴുത്തുകാരൻ ഷഫിൾ ചെയ്തിടുന്നുണ്ട്. ആദ്യം പ്രണയത്തിലായിരുന്നവർ അടുത്ത എപ്പിസോഡിൽ പരസ്പരം കേസ് കൊടുക്കുന്നതായി കാണാം. കഥാ​ഗതിയിൽ എന്താണ് അടുത്തതെന്ന് അറിയാനേ സാധിക്കുന്നില്ലെന്നത് പ്രേക്ഷകനെ പിടിച്ചിരുത്തുന്നു.

ഓഫീസ് പൊളിറ്റിക്സിനൊപ്പം ജനങ്ങൾ വളരെയധികം ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളും സീരീസിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ബ്ലാക്ക് ലൈവ്സ് മാറ്റർ, ഇന്റർനെറ്റിലെ ധാർമിക പ്രതിസന്ധികൾ, ബിറ്റ് കോയിൻ, റെഡ്ഡിറ്റ്, അങ്ങനെ ലോകവ്യാപകമായി പ്രശ്നവത്കരിക്കപ്പെട്ട നിരവധി സംഭവങ്ങൾ സീരീസിലെ കേസുകളായി വരുന്നുണ്ട്. ​ഗൂ​ഗിളിന് പകരമായി ചുംഹം എന്ന സ്ഥാപനമാണ് സീരീസിലുള്ളത്. ചുംഹമ്മുമായി ബന്ധപ്പെട്ടു നിരവധി കേസുകൾ സീരീസിലുൾപ്പെട്ടിട്ടുണ്ട്.

അലീഷ്യ ഫ്ളോറിക്കിനെ അവതരിപ്പിച്ചിരിക്കുന്ന ജൂലിയാന മാർ​ഗുലീസിനൊപ്പം ആർച്ചി പഞ്ചാബി, മാറ്റ് സുക്രി, ജോഷ് ചാൾസ്, ക്രിസ്റ്റീൻ ബരൻസ്കി, അല‍ൻ കമ്മിം​ഗ്, ക്രിസ്​ നോത് തുടങ്ങിയ പ്രമുഖരാണ് സീരീസിൽ അഭിനയിച്ചിരിക്കുന്നത്.

ഏഴ് സീസൺ, ഏഴ് റീമേക്കുകൾ

ഏഴ് സീസണുകളിലായി 2010 മുതൽ 2015 വരെ ​ഗുഡ് വെെഫ് സംപ്രേക്ഷണം ചെയ്തു. പ്രേക്ഷകർക്കൊപ്പം ക്രിട്ടിക്സും വളരെ മികച്ച അഭിപ്രായം രേഖപ്പെടുത്തി. പുതിയ സീരീസുകൾക്കിടയിൽ ദ ​ഗുഡ് വൈഫ് വ്യത്യസ്തമായി നിലകൊണ്ടുവെന്ന് ന്യൂയോർക്ക് ടെെംസ് അഭിപ്രായപ്പെട്ടു. ഇന്ത്യയോടൊപ്പം തന്നെ ദക്ഷിണ കൊറിയ, റഷ്യ. ചൈന, വിയറ്റ്നാം, അയർലൻഡ്, ജപ്പാൻ എന്നീ രാജ്യങ്ങളിലും സീരീസ് റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. കൊറിയൻ ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ആ​ദ്യ അമേരിക്കൻ സീരീസ് കൂടിയാണ് ഇത്. രാജ്യമോ ഭാഷയോ വ്യത്യസ്തമായാലും ദ ​ഗുഡ് വെെഫ് മാറ്റങ്ങൾക്കനുസരിച്ച് പറിച്ചു നടാൻ സാധിക്കുമെന്ന് ഇവ തെളിയിക്കുന്നു.

സീരീസിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ജൂലിയാന മാർ​ഗുലീസിന് ​ഗോൾഡൻ ​ഗ്ലോബ്, പ്രൈം ടൈം എമ്മി, സ്ക്രീൻ ആക്ടേഴ്സ് ​ഗിൽഡ് എന്നീ പുരസ്കാരങ്ങളടക്കം ലഭിച്ചു. അലീഷ്യയെ അവർ സീരീസിൽ അവതരിപ്പിച്ച വിധം അഭിനന്ദനീയമാണ്. സീരീസിനും അണിയറ പ്രവർത്തകർക്കും 30ലേറെ ​എമ്മി പുരസ്കാര നാമ നിർദേശങ്ങളാണ് ലഭിച്ചത്.

വിവാദത്തോടെ തുടക്കം

ഇൻസ്റ്റ​ഗ്രാമിൽ ബോളിവുഡ് നടി കജോൾ തന്റെ പോസ്റ്റുകളെല്ലാം റിമൂവ് ചെയ്ത് ഒരു പോസ്റ്റ് മാത്രം എഴുതി, ജീവിതത്തില കഠിനമായ പരീക്ഷണത്തിലൂടെയാണ് (ദ ട്രയൽ) കടന്നുപോകുന്നതെന്നായിരുന്നു ഉള്ളടക്കം. കാരണം അറിയിക്കാതെയുള്ള നടിയുടെ സോഷ്യൽ മീഡിയ പിന്മാറ്റം ആരാധകരെ അമ്പരപ്പിച്ചു. പലരും കമന്റുകളിലൂടെ താരത്തെ ആശ്വസിപ്പിക്കുകയും ചെയ്തു. പക്ഷേ പിന്നീട് സോഷ്യൽ മീഡിയയിൽ ദ ​ട്രയലിന്റെ ടീസറുമായാണ് അവർ തിരിച്ചെത്തിയത്. ആദ്യത്തെ പോസ്റ്റിലെ അതേ വാചകങ്ങൾ തന്നെ ടീസറിലും ഉണ്ടായിരുന്നു. തങ്ങൾ സീരീസിന്റെ പ്രമോഷൻ ​ഗിമ്മിക്കിൽ അകപ്പെട്ടു പോയതെന്ന് മനസിലാക്കിയ പലരും പിന്നീട് കമന്റുകളിലൂടെ തങ്ങളുടെ അമർഷം പ്രകടിപ്പിച്ചു.

ദ ട്രയൽ- പ്യാർ, കാനൂൺ, ധോക്ക

അഭിഭാഷകയായ നോയോനിക സെൻ​ഗുപ്ത ജീവിതത്തിൽ കടന്നെത്തുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതും പോരാടുന്നതും വിജയിക്കുന്നതുമാണ് ​ദ ട്രയലിലെയും ഇതിവൃത്തം. രാഷ്ട്രീയ കളികളിലെ കാലാളായി മാറുന്ന ഭർത്താവിനെ പിന്തുണക്കുന്ന ഭാര്യ നോയോനികയായി കജോൾ വേഷമിടുന്നു.

ദ ട്രയൽ സംവിധാനം ചെയ്തിരിക്കുന്നത് സുപർൺ വെർമയാണ്. ​ഗുഡ് വൈഫിന്റെ ആത്മാവ് എടുത്ത് താൻ ദ ​ട്രയലിൽ പ്രതിഷ്ഠിച്ചിരിക്കുന്നുവെന്ന് അദ്ദേഹം ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഇന്ത്യൻ സാഹചര്യത്തിലേക്ക് മാറ്റി എഴുതിയപ്പോൾ വേണ്ട മാറ്റങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സുപർൺ പറയുന്നു. ഇന്ത്യൻ സാഹചര്യങ്ങളിലെത്തുമ്പോൾ സീരീസിന്റെ കഥാ​ഗതിയിൽ സിം​ഹഭാ​ഗങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. നമ്മുടെ നിയമ സംവിധാനവും അമേരിക്കയിലെ നിയമ സംവിധാനവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഇന്ത്യൻ സ്ത്രീകളും സമൂഹവും ഭർത്താവിന്റെ ചതിയിൽ പ്രതികരിക്കുന്നത് വ്യത്യസ്തമായാണ്. ഇന്ത്യക്കാർ ഭാര്യയെ ആയിരിക്കും ഭർത്താവിനേക്കാൾ ഈ സാഹചര്യത്തിൽ ചോദ്യം ചെയ്യുന്നത്. ഓരോ കഥാഭാ​ഗവും ഇന്ത്യൻ പരിസരത്തിലേക്ക് കൊണ്ടുവരാൻ സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കജോളിനൊപ്പം ജിഷ്ണു സെൻ​ഗുപ്ത, ഷീബ ഛദ്ദ, അലി ഖാൻ, കുബ്ര സെയ്ദ്, ​ഗൗരവ് പാണ്ഡേ എന്നിവരും ദ ട്രയലിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ബാനിജയ് ഏഷ്യ, അജയ് ദേവ്​ഗൺ ഫിലിംസ് എന്നീ കമ്പനികളാണ് സീരീസ് നിർമിക്കുന്നത്. ജൂലൈ 14ന് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ സീരീസ് സംപ്രേക്ഷണം ചെയ്യും. ​​ദ ​ഗുഡ് ലെെഫിനോട് സീരീസ് നീതി പുലർത്തുമോ എന്നത് കാത്തിരുന്നു കാണാം.

Show More expand_more
News Summary - The Good Wife and “The Trial”