ഇന്ത്യയിൽ ചാതുർവർണവ്യവസ്ഥ ആരംഭിച്ചത് എങ്ങനെയാണ്? അത് ശക്തമായത് എപ്രകാരം?
വസ്തുക്കളിലെ വൈരുധ്യത്തിന്റെ നിയമം. അതായത്, വിരുദ്ധവശങ്ങളുടെ ഐക്യത്തിന്റെ നിയമം പ്രപഞ്ചത്തിലെ അടിസ്ഥാന നിയമമാണ്. വിരുദ്ധവശങ്ങൾ തമ്മിലുള്ള വൈരുധ്യവും സമരവും വസ്തുക്കളുടെ ജീവിതത്തെ മുന്നോട്ടു തള്ളിനീക്കുകയും പുതിയ ഐക്യത്തിലേക്ക്, പരിവർത്തനത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
ചരിത്രപരമായി രൂപംപ്രാപിച്ച ഓരോ സാമൂഹികവ്യവസ്ഥയും അറിയപ്പെടുന്നത് അതിന്റെ ഘട്ടത്തിലെ സാമ്പത്തിക ഉൽപാദനത്തിന്റെ അടിസ്ഥാനത്തിലാണ്. പൗരാണികകാലത്ത് നമ്മുടെ നാട്ടിൽ ബ്രാഹ്മണ മേധാവിത്വത്തിൻകീഴിൽ രൂപംകൊണ്ട ചാതുർവർണ ജാതി അടിമത്ത സമൂഹത്തിന്റെ സാമ്പത്തികവും സാമൂഹികവും പ്രത്യയശാസ്ത്രപരവുമായ സവിശേഷതകളെ വിവരിക്കുമ്പോൾ അവയെ അന്നത്തെ ചരിത്രപശ്ചാത്തലത്തിൽനിന്നുകൊണ്ടുതന്നെ പരിശോധിക്കേണ്ടതുണ്ട്. അപ്പോൾ മാത്രമേ, ഇന്ന് നമ്മൾ പരാമർശിക്കുന്ന ബ്രാഹ്മണിസമെന്നതിന്റെ ശരിയായ അർഥവ്യാപ്തിയും പ്രാധാന്യവും കൃത്യമായി അറിയാൻ കഴിയുകയുള്ളൂ. ഇന്ത്യയിൽ ഒരുകാലത്ത് ബ്രാഹ്മണ മേധാവിത്വത്തിലുള്ള ഒരു ജാതീയ സാമൂഹിക വ്യവസ്ഥ നിലനിന്നിരുന്നുവെന്നത് ഒരു ചരിത്രസത്യമാണ്. എന്നാൽ, ഈ ജാതീയസമൂഹത്തിന്റെ ആവിർഭാവത്തിനിടയാക്കിയ സാമൂഹിക സാഹചര്യങ്ങൾ എന്തായിരുന്നുവെന്നതിനെക്കുറിച്ച് ശാസ്ത്രീയമായ പഠനങ്ങൾ കാര്യമായി ഇവിടെ നടന്നിട്ടുമില്ല. ഇതും സത്യമാണ്.
ഈ ജാതിസമൂഹമെന്നത് സമൂഹത്തിന്റെതന്നെ ചരിത്രപരമായ ഒരു സൃഷ്ടിയാണ്. ഇതിന്റെ തൊട്ടുപിറകിലുള്ള ജാതിരഹിത സമൂഹത്തിൽനിന്നാണ് ജാതിസമൂഹം ജന്മംകൊണ്ടത്. ഈ വസ്തുതകളെയാണ് പഠനത്തിന് വിധേയമാക്കേണ്ടത്. നമ്മുടെ നാട്ടിൽ ബ്രാഹ്മണ മേധാവിത്വത്തിലുള്ള ചാതുർവർണ സമൂഹം നിലനിന്നിരുന്നുവെന്നു ബഹുഭൂരിപക്ഷം ചരിത്രകാരന്മാരും സാമൂഹികപണ്ഡിതൻമാരും ഇടതു–വലതുപക്ഷ ബുദ്ധിജീവികളും അംഗീകരിക്കുന്നുണ്ട്. എന്നാൽ, ഇതിനിടയാക്കിയ സാഹചര്യങ്ങളെക്കുറിച്ച് അവർക്ക് ഒന്നുംതന്നെ പറയാനില്ല. അതിന് പകരം 'ഋഗ്വേദ'ത്തിലെ പുരുഷസൂക്തത്തിലെ ഒരു ഉദ്ധരണിയെ ചൂണ്ടിക്കാണിക്കുകയാണ് അവരിൽ മിക്കവരും ചെയ്യുന്നത്. അതോടുകൂടി തങ്ങളുടെ കടമ പൂർത്തിയായിയെന്ന് അവർ കരുതുന്നു. ഇംഗ്ലീഷിലും മലയാളത്തിലും ഈ ഉദ്ധരണിയെ അടിസ്ഥാനമാക്കി നിരവധി വിശദീകരണങ്ങൾ വന്നിട്ടുണ്ട്. എന്നാൽ, അവയിൽ ഒന്നിൽപോലും ചാതുർവർണ സമൂഹത്തിന്റെ ചരിത്രപരമായ ആവിർഭാവത്തെക്കുറിച്ച് പരാമർശിക്കുന്ന ഒരുവരിപോലും കാണാൻ കഴിഞ്ഞിട്ടില്ല. ആ ഉദ്ധരണി എന്താണെന്ന് നോക്കാം: ബ്രാഹ്മണൻ പ്രകൃതിപുരുഷന്റെ വായിൽനിന്നും ക്ഷത്രിയൻ കൈയിൽനിന്നും വൈശ്യൻ തുടയിൽനിന്നും ശൂദ്രൻ പാദത്തിൽനിന്നും ജന്മമെടുത്തു.
നമ്മുടെ നാട്ടിലെ മാനവരാശിയുടെ ചരിത്രപരമായ വികാസപ്രക്രിയയിലെ ഒരു നിർദിഷ്ട ഘട്ടത്തിൽ ജാതിരഹിതസമൂഹത്തിന്റെ നശീകരണവും ജാതിസമൂഹത്തിന്റെ രൂപംകൊള്ളലും ഒരു അനിവാര്യതയായിരുന്നു. ജാതിസമൂഹം ജാതിരഹിത സമൂഹത്തിന്റെ തുടർച്ചയും ഉയർന്ന ഒരു രൂപവുമാണ്. അതിനാൽ ജാതികളുടെ ആവിർഭാവത്തെ ചരിത്രപരമായി വിശകലനം ചെയ്യുന്നതിന് പകരമായി ഋഗ്വേദത്തെ ഉദ്ധരിക്കുന്നത് ഒഴിഞ്ഞുമാറുകയെന്നല്ലാതെ മറ്റൊന്നുമല്ല.
ചരിത്രാതീതകാലത്ത് ഇന്ത്യയിൽ വസിച്ചിരുന്ന ആദിമ മനുഷ്യകുലം ജാതിരഹിത സമൂഹമെന്ന നിലയിലാണ് ജീവിച്ചിരുന്നത്. ആ കാലത്ത് ലോകത്തെ മറ്റുപല ഭാഗങ്ങളിൽ ആവിർഭവിച്ച മനുഷ്യകുലങ്ങൾ പ്രാകൃത കമ്യൂണിസ്റ്റ് സമൂഹം എന്ന പേരിൽ, നമ്മുടെ സമൂഹത്തിന് സമാനമായ അവസ്ഥയിൽ ജീവിച്ചിരുന്നുവെന്ന് ലോകചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്.
പ്രാകൃതസമൂഹം അതിന്റെ അപരിഷ്കൃതാവസ്ഥയിൽനിന്ന് പരിഷ്കൃതാവസ്ഥയിലേക്ക് മുന്നേറിയത് അനേകം നൂറ്റാണ്ടുകളിലൂടെയാണ്. ആരംഭത്തിൽ തൊഴിൽവിഭജനം പ്രകൃതിയിലെ നിലനിൽപ്പിനും അതിജീവനത്തിനും വേണ്ടതായ സ്വാഭാവികവും സാധാരണവും ലഘുവുമായ ഒന്നായിരുന്നു. അന്ന്, അത്, വിരുദ്ധ ലിംഗങ്ങളെ അടിസ്ഥാനപ്പെടുത്തിയ ഒരു ബന്ധമായിരുന്നു. സ്ത്രീകൾ ഗൃഹഭരണം, ആഹാരം തയാറാക്കൽ, നൂൽനൂൽപ്, വസ്ത്രനിർമാണം, തുണിനെയ്ത്ത് തുടങ്ങിയവയിൽ വ്യാപൃതരാകുന്നു. പുരുഷന്മാർ തങ്ങളുടെ ആവാസമേഖലകൾക്കടുത്തുള്ള ജലാശയങ്ങളിൽ മീൻപിടിത്തം, വനങ്ങളിൽ വേട്ടയാടൽ തുടങ്ങിയവയിലും ഇതിനെല്ലാം വേണ്ട ഉപകരണങ്ങൾ നിർമിക്കുന്നതിലും ഇടപെടുന്നു. അന്ന് അധ്വാനത്തിന്റെ ഉൽപാദനക്ഷമത താഴ്ന്ന ഘട്ടത്തിലായിരുന്നു; സാമൂഹിക സമ്പത്തിന്റെ അളവ് കമ്മിയുമായിരുന്നു. എന്നിരുന്നാലും ഈ ബന്ധത്തിനകത്തുനിന്നുതന്നെ ഉൽപാദനശക്തികളും അധ്വാനത്തിന്റെ ഉൽപാദനക്ഷമതയും സമ്പത്തും ക്രമേണ വർധിച്ചുകൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. ഈ പരിവർത്തനങ്ങൾക്കിടയിലും ജാതിരഹിത സമൂഹത്തിലെ അംഗങ്ങൾ തങ്ങളുടെ ജീവിത ആവശ്യങ്ങൾ പൂർത്തീകരിക്കാൻവേണ്ടി എല്ലാവരുംകൂടി അധ്വാനിക്കുക, ഉൽപാദിപ്പിച്ചതെന്തോ അത് എല്ലാവർക്കും കൂടി അവകാശപ്പെട്ടതാണെന്നും എല്ലാവരുടേതുമാണ് എന്ന രീതിയിലാണ് മുന്നോട്ടുപോയിരുന്നത്. അതായത്, പൊതു അധ്വാനം, പൊതു ഉപഭോഗം, പൊതു സ്വത്ത്, പൊതു അവകാശം ഈ അടിസ്ഥാനത്തിലുള്ള ഒരു ബന്ധമായിരുന്നു അന്ന് നിലനിന്നിരുന്നത്. അധ്വാനവും സമ്പത്തും തമ്മിലുള്ള ബന്ധം പരസ്പര സഹകരണത്തിലുള്ളതായിരുന്നു. ഈ സാമ്പത്തികാടിത്തറയിലുള്ള ഒരു ഉപരിഘടനയാണ് അന്ന് നിലനിന്നിരുന്നത്; അന്നത്തെ സാമൂഹികബോധത്തിന്റെ അടിസ്ഥാനം ഈ അടിത്തറയല്ലാതെ മറ്റൊന്നുമായിരുന്നില്ല. അന്ന് ചൂഷണമോ മർദനമോ അസമത്വങ്ങളോ ഉണ്ടായിരുന്നില്ല. ജനാധിപത്യമെന്നത് ശരിക്കും അന്നുള്ളവർ ആസ്വദിച്ച് അനുഭവിച്ചിരുന്നു. നാനാതരത്തിൽപ്പെട്ട തൊഴിൽ സംഘങ്ങൾ, ഈ തൊഴിൽസംഘങ്ങൾ കുലങ്ങൾ എന്ന നിലയിലും കുലങ്ങൾ തമ്മിൽ തമ്മിൽ കുലബന്ധങ്ങൾ എന്ന നിലയിലും അന്യോന്യബന്ധങ്ങൾ രൂപംകൊള്ളുന്നുണ്ടായിരുന്നു. കുലം എന്നത് ഉപരിഘടനയുടെ ഭാഗമാണ്. കുലബന്ധങ്ങൾ എന്നത് പ്രത്യയശാസ്ത്രബന്ധങ്ങളുമാകുന്നു.
മനുഷ്യൻ ഒരു ഉൽപാദനശക്തിയാണ്. മനുഷ്യന്റെ കൈയും തലയും ഏറ്റവും നല്ല പണിയായുധങ്ങൾ മാത്രമല്ല, ഏറ്റവും നല്ല സമരായുധങ്ങൾകൂടിയാണ്. അപ്പോൾ ഈ കൈയും തലയും തമ്മിലുള്ള ബന്ധം എങ്ങനെയുള്ളതാണ്? അത് കായികാധ്വാനവും ബുദ്ധിപരമായ അധ്വാനവും തമ്മിലുള്ള ബന്ധത്തിന്റേതാണ്. ഭൗതികസമ്പത്തും ആത്മീയ സമ്പത്തും തമ്മിലുള്ള ബന്ധത്തിന്റേതാണ്. അവ തമ്മിൽ സമത്വത്തിലാണ്. അന്യോന്യം ആശ്രയിക്കുന്നവയുമാണ്. ഗാർഹികബന്ധങ്ങൾക്കപ്പുറത്ത് കൈയും തലയും തമ്മിലുള്ള തൊഴിൽവിഭജനത്തിന്റെ അടിസ്ഥാനത്തിൽ മറ്റൊരു ബന്ധവുംകൂടി ആവിർഭവിക്കുകയും വികസിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
കാലാന്തരത്തിൽ മനുഷ്യകുലം തൊഴിൽകുലങ്ങളായി രൂപാന്തരപ്പെടുന്നു. സാമൂഹിക സമ്പത്തെന്നാൽ ആത്മീയസമ്പത്തും ഭൗതികസമ്പത്തും, രണ്ടുംകൂടി ചേർന്നതാണെന്നു വരുന്നു. സാമൂഹിക ഉൽപാദനശക്തികൾ കായികാധ്വാനത്തിൽ ഏർപ്പെട്ടവരും ബുദ്ധിപരമായ അധ്വാനത്തിൽ ഏർപ്പെട്ടവരും, രണ്ടുംകൂടിയാണെന്ന് വരുന്നു. ഇതിൽ കായികാധ്വാനത്തിൽ ഏർപ്പെട്ടവർ അധോകുലത്തിലും ബുദ്ധിപരമായ അധ്വാനത്തിൽ ഏർപ്പെട്ടവർ ഉന്നതകുലത്തിലുമായി നിൽക്കുന്നുവെന്നും പറയാം. ഇതോടൊപ്പം ചേർത്തുപറയേണ്ട മറ്റൊരു കാര്യം സമ്പത്തിന്റെ ഉടമസ്ഥത അപ്പോഴും പൊതുസമൂഹത്തിനുതന്നെയാണ് എന്നതാണ്. ഈ അവസ്ഥക്ക് ഗുണപരമായ ഒരു മാറ്റവും അപ്പോൾ സംഭരിച്ചിട്ടില്ലെന്നതാണ്.
ഇതിനിടയിൽ ഇന്ത്യയിൽ ആദ്യത്തെ സാമൂഹികമായ തൊഴിൽവിഭജനം നടക്കുന്നു. കായികാധ്വാനത്തിൽനിന്നും മാനസികാധ്വാനത്തെ വിഭജിച്ചു വേർതിരിക്കുന്നു. ഓരോന്നും മറ്റേതിൽനിന്നും സ്വതന്ത്രമാക്കപ്പെടുന്നു. ഈ ഒരവസ്ഥ ഇരുവിഭാഗം അധ്വാനശക്തികളെയും അപൂർവമായവിധം കെട്ടഴിച്ചുവിടുന്നതിനുള്ള അവസരമൊരുക്കി. ഉൽപാദനപ്രവർത്തനത്തിൽ ഒരു കുതിച്ചുചാട്ടത്തിനുള്ള അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു. കായികാധ്വാനത്തിൽ ഏർപ്പെട്ടവർക്ക് തങ്ങൾക്ക് ആവശ്യമായതിലുമധികം വസ്തുക്കൾ ഉൽപാദിപ്പിക്കാൻ കഴിയുന്നു; മറുവശത്ത്, ബുദ്ധിപരമായ അധ്വാനത്തിന്റെ മേഖലയിൽ സൃഷ്ടിക്കപ്പെട്ട അവസരങ്ങൾ അനന്തവുമാണ്.
സമൂഹത്തിലെ ആശയങ്ങൾ, അറിവുകൾ എവിടെനിന്നാണ് വരുന്നത്? അത് വരുന്നത് ജനങ്ങളുടെ ഇടയിൽനിന്നാണ്; ജനങ്ങളുടെ ജീവിതസമര അനുഭവങ്ങളിൽനിന്നാണ്. വിവിധ പ്രദേശങ്ങളിലായി, വ്യത്യസ്ത തൊഴിലുകളിലായി, വിവിധ വിഷയങ്ങളിലായി ജനജീവിത മധ്യത്തിൽ ചിന്നിച്ചിതറി കിടക്കുന്ന സാമൂഹിക വിജ്ഞാനശകലങ്ങളെ ശേഖരിക്കുക, സമാഹരിക്കുക, സങ്കലനം ചെയ്യുക, തരംതിരിക്കുക, വിഷയങ്ങൾ വേർതിരിച്ച് ക്രമവും അടുക്കും ചിട്ടയും വരുത്തുക, ഇതിനെല്ലാം ധാരാളം ആളുകളും വിഭവങ്ങളും മറ്റു സൗകര്യങ്ങളും ധാരാളം സമയവും ആവശ്യമായിരുന്നു. പല സ്ഥലങ്ങൾ സന്ദർശിക്കുക, യാത്രചെയ്യുക, വളരെയധികം ആൾക്കാരുമായി സംവദിക്കുക തുടങ്ങിയ വിഷയങ്ങളുണ്ട്. ഇതിനെല്ലാം മുഴുവൻ സമയവും ഇത്തരം കാര്യങ്ങൾക്കുവേണ്ടി വിനിയോഗിക്കാൻ കഴിയുന്ന ഒരുവിഭാഗം സാമൂഹികമായ തൊഴിൽവിഭജനത്തിലൂടെ രൂപപ്പെട്ടിരുന്നു. ഇത് അന്നത്തെ സമൂഹത്തിന്റെ പൊതു ആവശ്യമായിരുന്നു. മനുഷ്യകുലത്തിന്റെ വളർച്ചയുടെ ശൈശവാവസ്ഥയിൽ അന്നത്തെ ചരിത്രപരവും സാമൂഹികവുമായ പൊതുസാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ നോക്കുകയാണെങ്കിൽ വേദകാലം, ഇന്ത്യയിൽ ആരംഭിക്കുന്നത് ഈ ഘട്ടത്തിലാണെന്ന് നമുക്ക് ഉറപ്പിച്ചുപറയാം.
മനുഷ്യൻ ജീവിക്കുന്നത് പ്രകൃതിയിലും സമൂഹത്തിലുമാണ്. പ്രകൃതിയിലെ പ്രതിഭാസങ്ങളെയും ശക്തികളെയും നോക്കിക്കാണുന്നു; അത്ഭുതത്തോടുകൂടി, കൗതുകത്തോടുകൂടി, സന്തോഷത്തോടുകൂടി, ഭയത്തോടുകൂടി അറിയാനും അടുക്കാനും ശ്രമിക്കുന്നു; അനുനയത്തിലൂടെ, എതിർപ്പിലൂടെ അഭിപ്രായങ്ങളും എതിർ അഭിപ്രായങ്ങളും ഉയർന്നുവരുന്നു: വാദങ്ങളും എതിർവാദങ്ങളും വരുന്നു. വ്യത്യസ്ത കാഴ്ചപ്പാടുകളും വ്യാഖ്യാനങ്ങളും വരുന്നു. അങ്ങനെ അന്നത്തെ സാമൂഹിക സാഹചര്യങ്ങൾ മനുഷ്യമനസ്സിൽ പ്രതിഫലിച്ചതിന്റെ ചിന്താപരമായ ഉൽപന്നങ്ങളാണ് വേദങ്ങൾ, ഇതിഹാസങ്ങൾ തുടങ്ങിയവ. മാത്രമല്ല, സംസ്കാരത്തിന്റെ മറ്റു രൂപങ്ങൾ, വിവിധ ദർശനങ്ങൾ, ശാസ്ത്രങ്ങൾ, കലകൾ തുടങ്ങിയവയെല്ലാം ആ കാലത്തിന്റെ സംഭാവനകളാണ്. വേദങ്ങളുടെ, ഈ ആരംഭകാലത്തുതന്നെ അതിന് അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങൾ, ദർശനങ്ങൾ തുടങ്ങിയവയും ആവിഷ്കരിക്കപ്പെട്ടിരുന്നു. ആദ്യകാല ഭൗതികവാദികളായ ചാർവാകന്മാരുടെ ദർശനം രൂപപ്പെട്ടതും ഇതേ കാലത്തുതന്നെയാണ്; മാത്രമല്ല, ആരംഭത്തിൽ സ്വീകാര്യതയും സ്വാധീനതയും ലഭിച്ചത് ഈ വാദങ്ങൾക്കാണെന്നതും സത്യമാണ്. ഇതുമാത്രമല്ല, ഇതോടൊപ്പം ഗ്രീക് വൈരുധ്യവാദത്തിന് സമാനമായ വൈരുധ്യവാദവും, അന്ന്, ഇവിടെ നിലനിന്നിരുന്നുവെന്നതും യാഥാർഥ്യമാണ്. ആത്മീയവാദവും അദ്വൈതവാദത്തോടുമൊപ്പം ഭൗതികവാദവും വൈരുധ്യവാദവും, അന്ന്, ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്നു. ഇത് രണ്ടും ഇന്ത്യക്ക് അന്യമായതോ അപരിചിതമോ ആയതല്ലെന്ന് തെളിയിക്കാൻ ആവശ്യമായ വസ്തുതകൾ ചരിത്രത്തിൽ ലഭ്യമാണെന്ന് ചൂണ്ടിക്കാണിക്കട്ടെ. അന്ന്, ഇന്ത്യ, ലോകത്തിലെ സാംസ്കാരികവും ബുദ്ധിപരവുമായി ഏറ്റവും പുരോഗമിച്ച രാജ്യങ്ങളിൽ ഒന്നായിരുന്നുവെന്ന് ഓർക്കുക.
സാമൂഹികമായ തൊഴിൽവിഭജനത്തിന്റെ രണ്ടാംഘട്ടത്തിൽ ജാതിരഹിത സമൂഹത്തിലെ ആഭ്യന്തര വൈരുധ്യങ്ങളും സമരങ്ങളും കൂടുതൽ കൂടുതൽ ശക്തി പ്രാപിക്കുന്നു. ഇത്, ജാതിരഹിതസമൂഹത്തിന്റെ നശീകരണത്തിനും ജാതിസമൂഹത്തിന്റെ ആവിർഭാവത്തിനുമുള്ള സാഹചര്യങ്ങൾക്ക് കൂടുതൽ കൂടുതൽ ശക്തി പകരുകയും ചെയ്യുന്നു. ഉൽപാദനബന്ധങ്ങളും ഉൽപാദനശക്തികളും തമ്മിലുള്ള വൈരുധ്യം, സാമ്പത്തികഘടനയും ഉപരിഘടനയും തമ്മിലുള്ള വൈരുധ്യം തുടങ്ങിയവതന്നെയാണ് ജാതിരഹിത സമൂഹത്തിലെയും അടിസ്ഥാന വൈരുധ്യങ്ങൾ. എന്നാൽ, ഈ വൈരുധ്യങ്ങളും സമരങ്ങളും വർഗസമൂഹത്തിലെ വൈരുധ്യങ്ങളിൽനിന്നും സമരങ്ങളിൽനിന്നും തികച്ചും വ്യത്യസ്ത സ്വഭാവത്തോടുകൂടിയതാണെന്ന് മറക്കരുത്. ജാതിരഹിത സമൂഹത്തിലെ ഉൽപാദകബന്ധങ്ങളുടെ സമൂർത്തരൂപം, അത് എതിർലിംഗബന്ധങ്ങളെ അടിസ്ഥാനപ്പെടുത്തിയ ഒരു സാമൂഹികഘടനയാണ് എന്നതാണ്ഈ (Social relations based on sex tise) സമൂഹത്തിൽ സമ്പത്ത് പൊതു ഉടമസ്ഥതയിലുള്ളതാണ്. ഉപരിഘടനയാണെങ്കിൽ സമത്വത്തിലും (ലിംഗസമത്വമുൾപ്പെടെ) പൊതു അവകാശത്തിലും അടിസ്ഥാനമാക്കിയതുമാണ്. ചൂഷണരഹിതമർദകരഹിത സമൂഹമാണിത്. എന്നിരുന്നാലും ഈ സമൂഹത്തിലും വൈരുധ്യങ്ങളും സമരങ്ങളുമുണ്ടായിരുന്നു. ഈ വൈരുധ്യങ്ങളും സമരങ്ങളും പ്രത്യക്ഷപ്പെടുന്നത് സാമ്പത്തികഘടന, ഉപരിഘടന, സാമൂഹികഘടന എന്നീ മൂന്നു മുന്നണികളിലായിട്ടാണ്. ജാതിരഹിത സമൂഹത്തിന്റെ നശീകരണത്തിനും ജാതിസമൂഹത്തിന്റെ ആവിർഭാവത്തിനും ഇടയാക്കിയത് ഈ മുന്നണികളിലെ സമരങ്ങളും തുടർന്നു നടന്ന മാറ്റങ്ങളുമാണ്. ഈ മാറ്റങ്ങൾ അന്യോന്യം സ്വാധീനിക്കുന്നവയും അന്യോന്യം ആശ്രയിക്കുന്നവയും അതേസമയം വ്യത്യസ്തവുമാണ്. ഈ ബന്ധങ്ങളാണ്, പിന്നീട്, ജാതിസമൂഹത്തിലെ സാമ്പത്തികഘടനയായും ഉപരിഘടനയായും ജാതിഘടനയായും രൂപാന്തരപ്പെട്ടത്.
ഈ ഘട്ടത്തിൽ സാമൂഹിക ഉൽപാദനത്തിന് ചരക്കുൽപാദനത്തിന്റെ സ്വഭാവം കൈവരുന്നു. പൊതു ഉപഭോഗം, പൊതു ഉൽപാദനം എന്നിവ തമ്മിലുള്ള അനന്യത വേർപെടുത്തപ്പെടുന്നു. തുടർന്ന്, ചരക്കു കൈമാറ്റവും വ്യക്തികൾ തമ്മിലുള്ള കച്ചവടവും വിനിമയവും വിപുലമായും വ്യാപകമായും വളരുന്നു. സാമൂഹിക ഉൽപാദനത്തിൽ വന്ന ഈ മാറ്റം, ജാതിരഹിത ഉൽപാദനബന്ധത്തിൽ വിള്ളൽ വീഴ്ത്തുന്നു; ഈ വിടവ് പുതിയതരം ശക്തികൾക്കും ബന്ധങ്ങൾക്കും ഇടിച്ചുകയറാനും വളരാനുമുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നു. ഈ പുതിയ ശക്തികൾ, ഈ പുതിയ ബന്ധങ്ങൾ നിലവിലെ ജാതിരഹിത സമൂഹത്തിലെ ബന്ധങ്ങൾക്ക് അന്യവും അപരിചിതവുമായതും അതിന് പൊരുത്തപ്പെടാൻ കഴിയാത്തതുമായിരുന്നു. നിലവിലെ പൊതു ഉൽപാദനം, പൊതു ഉപഭോഗം, പൊതു ഉടമസ്ഥത, പൊതു അവകാശം തുടങ്ങിയവയെ ഈ പുതിയ ശക്തികൾ കാലഹരണപ്പെട്ടവയാക്കി, നശിപ്പിക്കപ്പെടേണ്ടവയാക്കി, നിലവിലെ സാഹചര്യത്തിൽ നിലനിൽക്കാൻ അർഹതയില്ലാത്തവ, സാധുതയില്ലാത്തവയാക്കിത്തീർത്തു. അതേസമയം, ചരക്കുൽപാദനവും വ്യക്തികൾ തമ്മിലുള്ള വിനിമയവും കച്ചവടവും സാമൂഹികഘടനയിലും സാമ്പത്തികഘടനയിലും ഉപരിഘടനയിലും അസമത്വങ്ങൾ സൃഷ്ടിക്കുകയുമുണ്ടായി. ഈ അസമത്വങ്ങൾ സമൂഹത്തിൽ ചേരിതിരിവിന് ഇടവരുത്തുന്നു. പഴയതിനെ നിലനിർത്തണമെന്ന താൽപര്യവും പുതിയവയെ മേധാവിത്വത്തിലെത്തിക്കണമെന്ന താൽപര്യവും തമ്മിൽ നടക്കുന്ന ചേരിതിരിവിലും മത്സരത്തിലും സ്വാഭാവികമായും പുതിയവ ജയിക്കുന്നു. ജയിക്കുന്ന ഈ പുതിയ ശക്തികൾ തങ്ങളുടെ വളർച്ചക്ക് ഇണങ്ങുന്ന ബന്ധങ്ങളെ പഴയതിന്റെ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു. ഈ പുതിയ ബന്ധങ്ങൾ സ്വകാര്യ സ്വത്തിനെയും സ്വകാര്യ അവകാശങ്ങളെയും അടിസ്ഥാനമാക്കിയാണ് രൂപവത്കരിക്കപ്പെടുന്നത്. അങ്ങനെ സമൂഹം യജമാനന്മാരും ഭൃത്യന്മാരും എന്ന നിലയിൽ ചൂഷകരും ചൂഷിതരുമായി രണ്ടു ഭാഗങ്ങളായി വിഭജിക്കപ്പെടുന്നു. തുടർന്ന് കുലങ്ങൾ ജാതികളായും കുലബന്ധങ്ങൾ ജാതിബന്ധങ്ങളായും രൂപാന്തരപ്പെടുന്നു.
ജാതിരഹിതസമൂഹത്തിൽ അധ്വാനം, സമ്പത്ത് എന്നിവ തമ്മിലുള്ള ബന്ധം ഒരു അനന്യതയുടെ രൂപത്തിലായിരുന്നു. എന്നാൽ, പുതിയ സമൂഹത്തിൽ ആ അനന്യത വേർപെടുത്തപ്പെടുന്നു. ഓരോന്നും മറ്റേതിൽനിന്നും സ്വതന്ത്രമാക്കപ്പെടുന്നു. പൊതുസ്വത്ത് സ്വകാര്യസ്വത്തായി രൂപാന്തരപ്പെടുന്നു; പൊതു ഉടമസ്ഥതയെന്നത് സമൂഹത്തിലെ ഒരു ന്യൂനപക്ഷത്തിന്റെ കൈയിലെ സ്വകാര്യ ഉടമസ്ഥതയായും മാറ്റപ്പെടുന്നു. ഇതിന്റെ ഫലമായി സ്വകാര്യ ഉടമസ്ഥതയെ അടിസ്ഥാനപ്പെടുത്തി അധ്വാനവും സമ്പത്തും തമ്മിലുള്ള ഒരു പുതിയ സാമൂഹികബന്ധം സ്ഥാപിതമാകുന്നു. ഈ പുതിയ ബന്ധത്തിൽ അധ്വാനവും സമ്പത്തും ഒന്നിക്കുന്നത് ജാതീയമായ അധ്വാനവും ജാതീയമായ ഉടമസ്ഥതയും എന്ന നിലയിലാണ്. അധ്വാനവും സമ്പത്തും തമ്മിലുള്ള ഈ പുതിയ ബന്ധം ഒരു പുതിയ യുഗത്തിന്, ജാതി അടിമത്തയുഗത്തിന് തുടക്കംകുറിക്കുന്നു. ഇവിടുന്നങ്ങോട്ടു പുതിയ നിയമങ്ങൾ സമൂഹത്തിൽ പ്രാവർത്തികമാകാൻ തുടങ്ങുന്നു. അത് വർഗ-ജാതി സമരത്തിന്റെ നിയമങ്ങളാണുതാനും.
സാമൂഹികമായ തൊഴിൽവിഭജനത്തിന്റെ ആദ്യഘട്ടത്തിൽ കായികാധ്വാനത്തിലൂടെ ഭൗതികസമ്പത്ത് ഉൽപാദിപ്പിക്കുന്ന അധോകുലങ്ങളും, മാനസികാധ്വാനത്തിലൂടെ ആത്മീയസമ്പത്ത് ഉൽപാദിപ്പിക്കുന്ന ഉന്നതകുലങ്ങളും തമ്മിൽ ഉണ്ടായിരുന്ന വൈരുധ്യവും സമരവും തുറന്ന ശത്രുതാരൂപം കൈവരിച്ചിരുന്നില്ല. പകരം പരസ്പരസമത്വത്തിലും സഹകരണത്തിലുമായിരുന്നു വർത്തിച്ചിരുന്നത്. മാത്രവുമല്ല, സമന്മാരിൽ പ്രഥമൻ കായികാധ്വാനവും ഭൗതികസമ്പത്തും അധോകുലങ്ങളുമായിരുന്നു. എന്നാൽ, രണ്ടാംഘട്ടമായപ്പോഴേക്കും വൈരുധ്യങ്ങളും സമരങ്ങളും മൂർച്ഛിക്കുകയും തുറന്ന ശത്രുതാസ്വഭാവത്തിലേക്ക് എത്തിച്ചേരുകയും ചെയ്തു. തുടർന്ന് അതുവരെ പ്രഥമസ്ഥാനത്തു നിന്നവരെ പിറകിലേക്ക് തള്ളിമാറ്റുന്നു. പകരം ബുദ്ധിപരമായ അധ്വാനത്തെയും ആത്മീയസമ്പത്തിനെയും ഉന്നതകുലങ്ങളെയും മുന്നിലേക്ക് വലിച്ച് ഒന്നാമതായി പ്രതിഷ്ഠിക്കുന്നു. കായികാധ്വാനത്തെയും ഭൗതികസമ്പത്തിനെയും നിർണയിക്കുന്നതും നിയന്ത്രിക്കുന്നതും ബുദ്ധിപരമായ അധ്വാനമാണെന്ന് വരുന്നു. അതോടെ കർത്താവ് കർമമായി മാറുന്നു; തല കൈക്ക് അടിമയാകുന്നു. അന്നേവരെയുള്ള സകലവിധ സാമൂഹിക വികാസങ്ങൾക്കും സാമ്പത്തികവും സാംസ്കാരികവുമായ സകല നേട്ടങ്ങൾക്കും കാരണം മനസ്സിന്റെ വികാസവും ചിന്തയുടെ ബുദ്ധിപരമായ പ്രവർത്തനങ്ങളുമാണെന്ന് വരുന്നു. ജാതിസമൂഹമെന്നാൽ ആത്മീയ സമൂഹമാണെന്നും സമ്പത്തെന്നാൽ ആത്മീയ സമ്പത്താണെന്നും അതു സൃഷ്ടിക്കുന്നവരാണ് പ്രധാനമെന്നും വരുന്നു. അതേസമയം, അധോകുലങ്ങളും അവരുടെ ഉൽപന്നങ്ങളും രണ്ടാംകിടയും അപ്രധാനമാണെന്നും കണക്കാക്കുന്നു.
വേദം എന്നാൽ ജ്ഞാനം എന്നാണ് അർഥമാക്കുന്നത്. വേദജ്ഞാനമെന്നാൽ, അത്, ബ്രഹ്മത്തെക്കുറിച്ചുള്ള ജ്ഞാനം എന്നാണ് ഉദ്ദേശിക്കുന്നത്; അല്ലെങ്കിൽ ബ്രഹ്മത്തെക്കുറിച്ചുള്ള വിവരണമെന്നോ വ്യാഖ്യാനമെന്നോ അങ്ങനെയൊക്കെ പറയാം. അങ്ങനെ ബ്രഹ്മത്തെ വിവരിക്കുന്നവർ ബ്രാഹ്മണജാതിയായി. അന്ന് ബ്രാഹ്മണനെ ബ്രഹ്മജ്ഞാനികളായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇവർ, ഈ ജ്ഞാനത്തിന്റെ ഉപജ്ഞാതാക്കൾ മാത്രമല്ല, അതിന്റെ ഉടമാവകാശവും കൈകാര്യം ചെയ്യാനുള്ള അവകാശവും ബ്രാഹ്മണർക്കു മാത്രമാണ്. വേദാധികാരം ബ്രാഹ്മണരുടെ കുത്തകയാണ്. വേദങ്ങൾ പഠിക്കാനും പഠിപ്പിക്കാനുമുള്ള അധികാരം (ബ്രാഹ്മണ സ്ത്രീകൾക്കുപോലും ഇതെല്ലാം നിഷിദ്ധമാണ്) ബ്രാഹ്മണർക്കു മാത്രമാണ്. കൂടാതെ, വേദജ്ഞാനം ആർജിക്കുകയെന്നത് തങ്ങളുടെ ജാതികൾക്കു മാത്രമായി പരിമിതപ്പെടുത്തി, മറ്റു ജാതികളെ, അകറ്റിനിർത്തുകയും ചെയ്യുന്നു സ്വാർഥമതികളായ ബ്രാഹ്മണർ. ജ്ഞാനമെന്നത് അന്ന് സ്വകാര്യസ്വത്തായിരുന്നു! ചാതുർവർണ സാമൂഹിക വ്യവസ്ഥയിൽ ആത്മീയ ആചാര്യന്മാർ എല്ലാവരും (വിശ്വാമിത്രനൊഴികെ) മഹർഷിമാർ, സന്യാസിമാർ, ഋഷിമാർ, മുനിമാർ, മറ്റു പണ്ഡിതന്മാർ തുടങ്ങിയവരെല്ലാം ബ്രാഹ്മണരായിരുന്നു. ഇവരാണ് സമൂഹത്തെ വഴിനടത്തിയിരുന്നത്; ഇവർ നിർണയിച്ച ലക്ഷ്യത്തിലേക്ക്, ഇവർ നിർണയിച്ച വഴിയിലൂടെ.
ചാതുർവർണ ജാതിവ്യവസ്ഥയിൽ ബ്രാഹ്മണനും ക്ഷത്രിയനും ഉന്നതകുലത്തിൽപെട്ടവരും ജാതിപദവിയിൽ സമന്മാരുമാണ്. അതേസമയം, ബ്രാഹ്മണൻ ജാതിപദവി മാത്രമുള്ളവനല്ല; മറിച്ച് വർഗവുമാണ്. കാരണം ബ്രാഹ്മണൻ ആത്മീയവും ഭൗതികവുമായ സമ്പത്തിന്റെ അധിപൻകൂടിയാണ്. ഉടമസ്ഥതയെന്നത് ഒരു സാമ്പത്തികഗണമാണ്; അങ്ങനെ ബ്രാഹ്മണന് വർഗപദവികൂടിയുണ്ടെന്ന് ഉറപ്പിച്ചുപറയാം. ജാതികളെന്ന നിലയിൽ ഇവർ ഉന്നതജാതികളും മർദകജാതികളുമാകുന്നു. അതേസമയം, വർഗബ്രാഹ്മണനും ജാതിക്ഷത്രിയനും തമ്മിലുള്ള ബന്ധത്തിൽ ഒരു അസമത്വവും ഉണ്ട്. ആ അസമത്വം ഒരു വൈരുധ്യമാണ്. അത് വർഗവും ജാതിയും തമ്മിലുള്ള വൈരുധ്യത്തിന്റെ ഗണത്തിൽപെടുന്നതാണ്. ക്ഷത്രിയൻ ബ്രാഹ്മണരുടെ അംഗരക്ഷകരും പടയാളികളുമാകുന്നു. ഈ രണ്ടു ജാതികൾക്കും സമൂഹത്തിൽ പ്രത്യേക അധികാര-അവകാശങ്ങൾ ഉള്ളവരാണ്; അധോകുലജാതികളെ മർദിക്കുന്നവരാണ് ഇവർ. വൈശ്യനും ശൂദ്രനുമാണ് അധോകുലത്തിൽപെടുന്നവർ. ജാതീയ കടമകൾ നിറവേറ്റാൻ വിധിക്കപ്പെട്ടവരാണിവർ. ഇവർ ഒരുവിധ അവകാശങ്ങളുമില്ലാത്തവരാണ്. കൃഷി, പശുപരിപാലനം, കച്ചവടം തുടങ്ങിയവയാണ് വൈശ്യന്റെ കടമകൾ. എന്നാൽ, ഈ കൃഷിയിടത്തിന്റെയും പശുക്കളുടെയും അവയുടെയെല്ലാം ഉൽപന്നത്തിന്റെയും ഉടമസ്ഥതയും അവകാശവുമെല്ലാം ബ്രാഹ്മണർക്കാണ്. അതിലൊന്നും വൈശ്യർക്ക് ഒരുവിധ അവകാശവുമില്ല; ഉന്നയിക്കാൻ അധികാരവുമില്ല. അങ്ങനെ മേൽജാതിക്കാരെ സേവിക്കുകയെന്ന ചുമതല നിറവേറുന്നതിന് വിധിക്കപ്പെട്ട വൈശ്യർ ചൂഷണവും മർദനവും അനുഭവിക്കുന്ന ജാതി (വർഗം) ആണ്. അവസാനമായി ശൂദ്രൻ. ഒരുവിധ അവകാശമോ അധികാരമോ ഇല്ലാത്ത വെറും ഭൃത്യന്മാർ മാത്രമാണിവർ; ചൂഷണവും മർദനവും അനുഭവിക്കുന്ന ഒരു ജാതി (വർഗം) ആണിവർ.
ജാതിവിവേചനത്തെയും ജാതീയതയെയും ബ്രാഹ്മണർ ന്യായീകരിക്കുന്നത് ജന്മവും കർമവും തമ്മിലുള്ള ബന്ധത്തിന്റെ പേരിലാണ്. പഴയ ജാതിരഹിത സമൂഹത്തിൽ കർമവും (തൊഴിൽ) ജന്മവും തമ്മിലുള്ള ബന്ധം സ്വാഭാവികവും സാധാരണവുമായ ഒന്നായിരുന്നു. അന്ന്, ഈ ബന്ധങ്ങൾ രൂപംകൊണ്ടത് ലോകത്തിന്റെ വസ്തുനിഷ്ഠമായ ബന്ധങ്ങൾ എന്ന നിലയിലാണ്. എന്നാൽ, ബ്രാഹ്മണമേധാവിത്വം ജാതിസമൂഹത്തെ അലൗകികവും ആത്മനിഷ്ഠവുമായ ഒന്നായിട്ടാണ് പരിഗണിക്കുന്നത്. ഈ സമൂഹത്തിലെ ബന്ധങ്ങൾ നിർണയിക്കപ്പെടുന്നത് ആത്മനിഷ്ഠ ഘടകങ്ങളായ ജാതിയാലും ജാതിബന്ധങ്ങളാലുമാണ് എന്ന് അവർ കണക്കാക്കുന്നു. ഇവിടെ തൊഴിൽ ജാതി അധിഷ്ഠിതമാണ്. പഴയ സാമൂഹികക്രമത്തിൽ അങ്ങനെയായിരുന്നില്ല; നേരെ മറിച്ചായിരുന്നു. അന്ന്, ഒരു കുലം (ജാതി) തീരുമാനിക്കുന്നത് തൊഴിൽ അധിഷ്ഠിതമാക്കിയായിരുന്നു. ഈ യാഥാർഥ്യത്തെ, ഈ സത്യത്തെ, ഈ വസ്തുതയെ ബ്രാഹ്മണർ വികൃതപ്പെടുത്തുന്നു. അവർ ലോകത്തെ തലതിരിച്ച് അവതരിപ്പിക്കുന്നു. തുടർന്ന് തെറ്റായ ഒരു ചിത്രം വരച്ചുകാണിക്കുന്നു; വാസ്തവവിരുദ്ധമായ കാഴ്ചപ്പാടുകളും ജീവിതശൈലികളും ചിന്തകളും സമൂഹത്തെ ശീലിപ്പിക്കുന്നു. അങ്ങനെ ബ്രാഹ്മണമേധാവിത്വം തങ്ങളുടേതായ ഒരു ഉപരിഘടനയെയും അതിന്റെ ഭാഗങ്ങളായ നിയമങ്ങളും ദർശനങ്ങളും ആശയങ്ങളും കല-സാംസ്കാരിക സൃഷ്ടികളും ആവിഷ്കരിച്ച് സാമൂഹികജീവിതത്തെ തങ്ങളുടെ ചൊൽപ്പടിക്ക് കീഴിൽ നിർത്താൻ ശ്രമിക്കുന്നു. ജീവിതത്തെയും ജീവനോപാധികളെയും രണ്ടിനെയും തങ്ങളുടെ താൽപര്യങ്ങൾക്ക് അനുസൃതമായി നിലനിർത്തിക്കൊണ്ട് ബ്രാഹ്മണമേധാവിത്വം ചാതുർവർണവ്യവസ്ഥയെ സ്വീകരിക്കുകയും ഏകീകരിക്കുകയും ചെയ്തുകൊണ്ട്, ജാതിരഹിതവ്യവസ്ഥയെ പാടെ തിരസ്കരിക്കുന്നു. കാലാന്തരത്തിൽ ജാതിവാഴ്ച ജന്മിവാഴ്ചയിലെത്തുന്നു. ജാതിവാഴ്ചയിൽ ബ്രാഹ്മണർ പ്രഭുസ്ഥാനീയരായിരുന്നു; ജന്മിവാഴ്ചയിൽ ക്ഷത്രിയൻ പ്രഭുസ്ഥാനീയത കൈവശപ്പെടുത്തുന്നു.
ജാതിസമൂഹത്തിലെ അടിസ്ഥാനവൈരുധ്യങ്ങൾ; ആത്മീയസമ്പത്തും ഭൗതികസമ്പത്തും തമ്മിലുള്ളത്; വർഗവും ജാതിയും തമ്മിലുള്ളത്, മർദകവർഗവും മർദിതവർഗവും തമ്മിലുള്ളത്, മർദകജാതികളും മർദിതജാതികളും തമ്മിലുള്ളത് തുടങ്ങിയവയാണ്. ഈ വൈരുധ്യങ്ങളും അവ തമ്മിലുള്ള സമരങ്ങളും ഇതിലെ ഓരോ വൈരുധ്യങ്ങളെയും, ഓരോരോ വശങ്ങളെയും മാറ്റിത്തീർക്കുന്നു; ഈ ചാതുർവർണസമൂഹത്തെ ജന്മിനാടുവാഴിത്ത സമൂഹത്തിലേക്ക് തള്ളിനീക്കുന്നു.
ഇന്ത്യയിൽ ചാതുർവർണവ്യവസ്ഥ ആരംഭിച്ചതെങ്ങനെയെന്ന വിഷയത്തിൽ ഒരു ചരിത്രപരമായ പഠനത്തിനുള്ള ഒരു ആമുഖക്കുറിപ്പ് മാത്രമാണിത്. വളരെ വലിയ പരിശോധനയും ഗവേഷണവും ആവശ്യപ്പെടുന്ന വിഷയമാണിത്. ഇവിടെ നമ്മൾ ഒരടി മുന്നോട്ടുവെക്കുന്നു; ബഹുദൂരം പോകേണ്ടതുണ്ടെന്ന് അറിയാം; ജാതിവാഴ്ചയും ജന്മിവാഴ്ചയും, രണ്ടുംകൂടി ചേർന്നതാണ് ഹിന്ദുമതം. ഇന്ത്യയിൽ ജാതിയിലൂടെയും ഹിന്ദുമതത്തിലൂടെയും ബ്രാഹ്മണിസം നിലനിൽക്കുന്നു. ജാതിയും ജന്മിത്തവും നിലനിൽക്കുന്നതുവരേക്കും അത് അങ്ങനെത്തന്നെ നിലനിൽക്കും -അതാണ് ബ്രാഹ്മണിസം. അതാണ് ബ്രാഹ്മണിസത്തിന്റെ ചരിത്രപരമായ വളർച്ച.