ഇല്ല സംഘ്പരിവാർ, ഹിന്ദു-മുസ്‍ലിം ഐക്യത്തിനായി നിലകൊണ്ട സുഭാഷ് ചന്ദ്ര ബോസ് നിങ്ങളുടെ കൊക്കിലൊതുങ്ങുന്ന ആളല്ല
മൊഴിമാറ്റം: സഫ്‍വാൻ റാഷിദ്
കുട്ടിക്കാലത്ത് കേട്ട കള്ളിയായ ഒരു പക്ഷിയുടെ കഥ എന്റെ മനസ്സിലേക്ക് വരുന്നു. അഴകുള്ള കുഞ്ഞുങ്ങളുണ്ടാകുന്നതിന് വേണ്ടി മറ്റൊരു വംശാവലിയിൽ പെട്ട പക്ഷിയുടെ മുട്ടകൾ മോഷ്ടിച്ചു തന്റെ ചൂടിൽ വിരിയിക്കുന്ന കൗശലക്കാരിയായ കിളിയുടെ കഥയാണത്.
സെപ്റ്റംബർ 8ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാഛാദനം ചെയ്തപ്പോൾ എനിക്കോർമ വന്നത് ആ കഥയാണ്. സ്വന്തമായി സ്വാതന്ത്ര സമരസേനാനികൾ ഇല്ലാത്തതിന്റെ ക്ഷാമം തീർക്കാനായാണ് സംഘ്പരിവാറിന്റെ ഈ പദ്ധതി. വി.ഡി സവർക്കറെ മഹാനായ സ്വാതന്ത്ര്യ സമര സേനാനിയായി അവതരിപ്പിക്കാൻ പലകുറി ശ്രമിച്ചെങ്കിലും അത് വേണ്ട വിധം ഏശിയില്ല. അതിന്റെ നീരസം അവർക്കുണ്ട്. അപ്പോഴാണ് പുതിയ പദ്ധതി.
നേരത്തേ ഓഗസ്റ്റ് 15ന് ചെങ്കോട്ടയിൽ നടന്ന പ്രസംഗത്തിൽ സുഭാഷ് ചന്ദ്രബോസും വി.ഡി സവർക്കറും മഹത്തായ സ്വാതന്ത്ര്യ സമര സേനാനികളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറക്കെ പറഞ്ഞിരുന്നു. കർണാടകയിൽ സംഘ്പരിവാർ പ്രവർത്തകർ ഇരുവരുടെയും ചിത്രങ്ങൾ ഒരുമിച്ച് ചേർത്തുള്ള ബാനറുകൾ ഉയർത്തിയതും ശ്രദ്ധിച്ചിരുന്നു. ആൻഡമാനിലെ സെല്ലുലാർ തടവറയിൽ കഴിയവേ ശിഷ്ടകാലം ബ്രിട്ടീഷുകാരോട് കൂറുപുലർത്തി ജീവിക്കാമെന്ന് മാപ്പപേക്ഷ യാചിച്ച സവർക്കറുടെ പ്രതിഛായ ഉയർത്തുകയെന്നത് അൽപ്പം ബുദ്ധിമുട്ടുള്ള വേലയാണ്. സ്വാതന്ത്ര്യ സമരം കൊടുമ്പിരികൊണ്ട കാലങ്ങളിൽ ഹിന്ദു-മുസ്‍ലിം വിഭജന രാഷ്ട്രീയത്തിന് എണ്ണയൊഴിക്കാൻ തന്റെ ഊർജ്ജം ചെലവഴിച്ചായാളാണ് സവർക്കർ. മാത്രമല്ല, ഹിന്ദുത്വയുടെ അടിസ്ഥാന പ്രമാണങ്ങൾ (Essentials of Hindutva) എന്ന തന്റെ ഗ്രന്ഥത്തിൽ മുസ്‍ലിംകൾക്കും ക്രിസ്ത്യാനികൾക്കും ഇന്ത്യ ഒരിക്കലും പുണ്യഭൂമിയാകില്ലെന്നും അവരുടെ തുല്യപൗരത്വത്തിനുള്ള അവകാശം എടുത്തുകളയണമെന്നും അദ്ദേഹം പറയുന്നുണ്ട്.
ഏറ്റവും കൗതുകകരമായ സംഗതി സവർക്കറിന് സുഭാഷ് ചന്ദ്രബോസിനോട് പ്രത്യേക വിരോധം ഉണ്ടായിരുന്നുവെന്നതാണ്. ഒരിക്കൽ നേതാജിയെ 'ജിഹാദി ഹിന്ദു' എന്ന് വിളിക്കുകപോലും ചെയ്തു. ഹിന്ദു-മുസ്‍ലിം ഐക്യം ഊട്ടിയുറപ്പിക്കാനുള്ള നേതാജിയുടെ ചിഹ്നങ്ങളാണ് സവർക്കറെ ചൊടിപ്പിച്ചത്. ഉദാഹരണമായി ഐ.എൻ.എയുടെ മൂവർണ പതാകയിൽ ടിപ്പുസുൽത്താന്റെ കുതിച്ചുചാടുന്ന കടുവയെ നേതാജി ചേർത്തിരുന്നു. 'ഇത്തിഹാദ്, ഇത്തിമാദ്, ഖുർബാനി ( Unity, Faith and Sacrifice) എന്നീ ഉർദു വാക്കുകൾ ഐ.എൻ.എയുടെ മുദ്രാവാക്യമായി ഉപയോഗിക്കുകയും ചെയ്തു. മാത്രമല്ല, നേതാജിക്ക് കീഴിലുള്ള മുതിർന്ന ഉദ്യോഗസ്ഥരിൽ നല്ലൊരു ശതമാനവും മുസ്‍ലിംകളായിരുന്നു. ബർമയിലേക്കുള്ള തന്റെ ആദ്യ യാത്രയിൽ മുഗൾ രാജാവായ ബഹദൂർ ഷാ സഫറിന്റെ ഖബറിടത്തിൽ തുണിമൂടിയ നേതാജിയെയും ചരിത്രത്തിൽ ദർശിക്കാം.
എന്നാൽ സംഘ്പരിവാരമാകട്ടെ, പൊരുത്തമില്ലാത്ത രണ്ടെണ്ണത്തിനെയും ചേർത്തുകെട്ടാനുള്ള തീവ്രശ്രമത്തിലാണ്.നേതാജിയുടെ പ്രതിമ മോദി അനാഛാദനം പിന്നിലും ഗൂഢപദ്ധതികളുണ്ട്. ഒന്നും യാദൃശ്ചികമല്ല. മോദിയെയും ബോസിനെയും മാത്രം കേന്ദ്രീകരിച്ചാണ് ആ ചടങ്ങൊരുക്കിയത്. രാജ്യത്തിന്റെ പ്രസിഡന്റോ മറ്റുകേന്ദ്രമന്ത്രിമാരോ നേതാജിയുടെ മകൾ അനിതയോ കുടുംബത്തിലെ മറ്റുള്ളവരോ ഒന്നും ചടങ്ങിലുണ്ടായിരുന്നില്ല. സുവർണവെളിച്ചത്തിൽ പ്രധാനമന്ത്രിയും ബോസും മാത്രം. ജനങ്ങളുടെ മനസ്സിലേക്ക് ഇരുവരെയും ഒരുമിച്ച് കൊണ്ടുവരുന്നതിന് വേണ്ടിയായിരുന്നു അത്.
ബോസിന്റെ പ്രതിമ കാണാൻ എല്ലാ ദിവസവും നിരവധി പേരാണ് എത്തുന്നത്. വൈകുന്നേരങ്ങളിൽ തിരക്കുകാരണം പ്രതിമയൊന്ന് കണ്ടാൽ ഭാഗ്യമെന്ന് പറയാം. ബോസിന്റെ മകൾ അനിതയോട് അടുത്തിടെ ഒരു അഭിമുഖത്തിൽ ചോദിച്ചത് ഇങ്ങനെയാണ്: ''സുഭാഷ് ചന്ദ്ര ബോസിനെ പ്രധാനമന്ത്രി വെളിച്ചത്തേക്ക് കൊണ്ടുവന്നോ, ഒടുവിൽ അദ്ദേഹത്തിന് അർഹിച്ച അംഗീകാരം ലഭിച്ചതായി കരുതുന്നോ?''. അൽപ്പം ചിന്തയിലാണ്ട ശേഷം അവരുടെ മറുപടി ഇങ്ങനൊയിരുന്നു. ''അത് ശരിയാണെന്ന് ഞാൻ കരുതുന്നില്ല. സുഭാഷ് ഈ രാജ്യത്തെ എല്ലാവരുടെയും ഹൃദയങ്ങളിലുണ്ട്. രാജ്യത്തിന്റെ ഓരോ മൂലയിലും അദ്ദേഹം സ്നേഹിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നത് എന്നെ വിസ്മയിപ്പിക്കുന്നു. അതൊരിക്കലും അവസാനിക്കുകയില്ല''.
നേതാജിയുടെ മതേതരത്വം
വിഖ്യാതമായ 'ജയ്ഹിന്ദ്' മുദ്രാവാക്യത്തിന് നാന്ദികുറിച്ചയാൾ ആരാണെന്നത് എപ്പോഴും ഉയരുന്ന ചോദ്യമാണ്. എന്നാൽ അതിനുത്തരം ആബിദ് ഹസനാണെന്ന് കേൾക്കുമ്പോൾ ചിലർക്കെങ്കിലും അത്ഭുതം തോന്നിയേക്കാം. ആ കഥയിങ്ങനെ: കൽക്കത്തയിലെ അറസ്റ്റിൽ നിന്നും രക്ഷനേടാനുള്ള നാടകീയമായ ഒളിച്ചോട്ടത്തിനൊടുവിൽ ബോസ് എത്തിപ്പെട്ടത് ജർമനിയിലായിരുന്നു. അവിടെ ബോസിന്റെ സെക്രട്ടറിയായിരുന്നു ആബിദ് ഹസൻ. ജർമനിയിൽ നിന്നും ജപ്പാനിലേക്കുള്ള അന്തർവാഹിനിക്കപ്പലിലുള്ള ഐതിഹാസിക യാത്രയിൽ ബോസിനോടൊപ്പം അദ്ദേഹവുമുണ്ടായിരുന്നു. ഏഷ്യയിലേക്ക് എത്തിയശേഷവും തന്നോടൊപ്പം തുടരാൻ ആബിദിനെ ബോസ് നിർബന്ധിച്ചു. ഇരുവരും ഒരേ വീട്ടിൽ താമസിച്ചു. യാത്രകളിൽ കൂട്ടുചേർന്നു. ബോസിനോടൊപ്പം സിംഗപ്പൂർ, ബാങ്കോങ്, ടോക്യോ, ബർമ എന്നിവിടങ്ങളിലെല്ലാം ആബിദ് ഒരുമിച്ച് താമസിച്ചു. നമ്മുടെ പ്രധാനമന്ത്രി ഇതുപോലൊന്ന് ചെയ്യുന്നത് നമ്മുടെ വിദൂര സ്വപ്നങ്ങളിലെങ്കിലുമുണ്ടാകുമോ?.
ആബിദ് ഹസന്റെ ദീർഘമായ ഒരു അഭിമുഖം സുഭാഷ് ചന്ദ്രബോസിന്റെ ബന്ധുകൂടിയായ കൃഷ്ണ ബോസ് ചെയ്തിട്ടുണ്ട്. Netaji: Subhas Chandra Bose's Life, Politics and Struggles പുസ്തകത്തിൽ ആ അഭിമുഖം പ്രസിദ്ധീകരിച്ചതായി കാണാം.
അഭിമുഖത്തിൽ പറയുന്ന ഒരു ഭാഗമിങ്ങനെ: ജർമനിയിലെ ഇന്ത്യൻ തടവുകാരെ 'ഇന്ത്യൻ ലീജിയണിന്റെ' ഭാഗമാക്കാനായി നേതാജി റിക്രൂട്ട് ചെയ്തിരുന്നു. പ്രത്യേക പരിശീലനത്തിനുള്ള സൗകര്യവും അവർക്കായി ഒരുക്കിയിരുന്നു. അവിടെ ഇന്ത്യൻ ഓരോ മതവിഭാഗക്കാർക്കും പ്രത്യേകമായി പ്രാർഥിക്കാനുള്ള ഇടങ്ങളുണ്ടായിരുന്നു. പള്ളിയും,ചർച്ചും, ക്ഷേത്രവും ഗുരുദ്വാരയും എല്ലാം അതിലുൾപ്പെടും.
എന്നാൽ നേതാജിയുടെ വാക്കുകളിൽ നിന്നും ഐക്യത്തിന്റെ ഊർജ്ജം ഉൾകൊണ്ട ചില സൈനികർ ഒരുമിച്ചുള്ള പ്രാർഥനയെക്കുറിച്ചുള്ള സാധ്യതകൾ ആബിദ് ഹസനോട് ആരാഞ്ഞു. വെവ്വേറെ പ്രാർഥിക്കുന്നതിന് പകരം സർവ്വമത പ്രാർഥന ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിൽ അദ്ദേഹം അതിന് സമ്മതം നൽകുകയും ചെയ്തു. അടുത്ത പ്രാവശ്യം നേതാജി ക്യാമ്പ് സന്ദർശിച്ചപ്പോൾ എല്ലാവരും ഒരേ സ്വരത്തിൽ അദ്ദേഹത്തിന് മുന്നിൽ ആ പ്രാർഥന ചൊല്ലി. എന്നാൽ നേതാജിക്ക് കാര്യമായ ഭാവമാറ്റങ്ങൾ ഒന്നുമുണ്ടായില്ല. അൽപ്പസമയത്തിന് ശേഷം ആബിദ് ഹസനെ നേതാജി നേരിൽ കാണാൻ വിളിപ്പിച്ചു.
''നിങ്ങളെന്ത് മണ്ടത്തരമാണ് തുടങ്ങിയിരിക്കുന്നത്''എന്നായിരുന്നു നേതാജിയുടെ ചോദ്യം.ഇന്ത്യക്കാരെ ഒന്നിപ്പിക്കുന്നതിനായി വികലമായ ഈ രീതി സ്വീകരിക്കരുതെന്നും മതം ഒരാളുടെ സ്വകാര്യത മാത്രമാണെന്നും അത് ഒരു രാഷ്ട്രീയ മുന്നേറ്റത്തിൽ ഒരു പങ്കും വഹിക്കരുതെന്നും നേതാജി ഉറപ്പിച്ചുപറഞ്ഞു.
''ഇന്ത്യൻ ദേശീയത മതപരമായ സ്വത്വങ്ങൾക്കും വൈകാരികതകൾക്കും അതീതമായിരിക്കണം. അത് മതാന്തര ഐക്യത്തിന്റെ തത്ത്വചിന്തയിലോ മതപരമായ സമന്വയത്തിലോ അധിഷ്ഠിതമായിരിക്കരുത്. ഇന്ന് എല്ലാവരെയും ഒന്നിപ്പിക്കാൻ മതം ഉപയോഗിക്കുന്നതിലൂടെ, നാളെ അതേ വികാരങ്ങൾ ഉപയോഗിച്ച് ഭിന്നിപ്പുണ്ടാക്കുന്ന മറ്റൊരാൾക്ക് നിങ്ങൾ വാതിൽ തുറന്നു നൽകുക കൂടിയാണ് ചെയ്യുന്നത്'' - നേതാജി ഊന്നിപ്പറഞ്ഞു.
നേതാജിയുടെ വാക്കുകളെ അനുസരിച്ച ആബിദ് ഹസൻ എല്ലാവർക്കും ഒരുമിച്ച് മുഴക്കാവുന്ന ഒരു മുദ്രാവാക്യത്തിനെക്കുറിച്ച് ചിന്തിച്ചു. അതിൽ നിന്നുമാണ് ഇന്നും മുഴങ്ങിക്കൊണ്ടിരിക്കുന്ന ജയ് ഹിന്ദ് ഉടലെടുക്കുന്നത്. ഐ.എൻ.എ സൈനികരെപ്പോലെ, പൊലീസും മിലിട്ടറിയും ഇന്നും ആ മുദ്രാവാക്യം ഉപയോഗിക്കുന്നുണ്ട്. ഗാന്ധിയുടെ സർവ ധർമ, സമ ഭാവനയിൽ (unity of all religion) നിന്നും വ്യത്യസ്തമായ കാഴ്ചപ്പാടായിരുന്നു നേതാജിക്കുണ്ടായിരുന്നത്. ഇന്നുണ്ടായിരുന്നെങ്കിൽ പ്രധാനമന്ത്രിയുടെയും സംഘ്പരിവാറിന്റെയും ഭൂരിപക്ഷവാദം നേതാജിയെ വേദനിപ്പിക്കുമായിരുന്നു.
നേരത്തേ മനോഹരമായ പക്ഷിയുടെ കൂട്ടിൽ നിന്നും മുട്ടകൾ മോഷ്ടിച്ചിരുന്ന കുരുവിയുടെ കഥപറഞ്ഞല്ലോ.. മുട്ടവിരിഞ്ഞ് അധികം വൈകാതെ വഞ്ചകനായ കുരുവിയെ വിട്ട് യഥാർഥ കുടുംബത്തിലേക്ക് അത് പറന്നുപോകുന്നതാണ് കഥയുടെ അവസാനം. സുഭാഷ് ചന്ദ്രബോസിന്റെ കാര്യത്തിൽ സംഘ്പരിവാറിനെ കാത്തിരിക്കുന്നതും ഇതേ വിധിയാണ്. സുഭാഷ് ചന്ദ്രബോസിന്റെ വീട് എപ്പോഴും സ്വാതന്ത്ര്യത്തെ സ്നേഹിക്കുന്ന പൗരന്മാരുടെ ഹൃദയത്തിലായിരിക്കും. അദ്ദേഹത്തിന്റെ ഒരു തത്വങ്ങളും പാലിക്കാത്തവർ ഒരുക്കുന്ന കൂടുകളിൽ നിന്നും അദ്ദേഹം പറന്നുയരുക തന്നെ ചെയ്യും.
സി.പി.എം പി.ബി അംഗവും പാർലമെന്റ് മുൻ അംഗവുമാണ് ലേഖിക. The Wire പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ സ്വതന്ത്ര വിവർത്തനം