തിരുവനന്തപുരം കോർപറേഷനിലെ പട്ടികജാതിക്ഷേമ ഫണ്ടുകൾ പോയത് എങ്ങോട്ട്?; വൻ അഴിമതികളും ക്രമക്കേടുകളും പുറത്തുകൊണ്ടുവരുന്നു
''വളരെ മെച്ചപ്പെട്ട ഭരണഘടനയാണ് നമുക്കുള്ളതെങ്കിലും, വളരെ മോശപ്പെട്ട കൂട്ടങ്ങളാണ് ഭരിക്കാൻ ക്ഷണിക്കപ്പെടുന്നതെങ്കിൽആ ഭരണഘടനയുംവികൃതമാക്കപ്പെടും'' -ഡോ. ബി.ആർ. അംബേദ്കർ
1950ല്‍ സ്വതന്ത്ര ഇന്ത്യക്കുവേണ്ടി ഭരണഘടന തയാറാക്കുന്നതില്‍ നേതൃത്വപങ്കുവഹിച്ച അംബേദ്കര്‍ ഉറച്ചു വിശ്വസിച്ചിരുന്നത് നിയമപരവും ഭരണഘടനാപരവുമായ മാര്‍ഗങ്ങളിലൂടെ അധഃസ്ഥിത പിന്നാക്ക ജനവിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നായിരുന്നു. അതനുസരിച്ചാണ് ഭരണഘടനയില്‍ ചില ഉറപ്പുകള്‍ നല്‍കാന്‍ അദ്ദേഹം ശ്രമിച്ചതും. ഭരണഘടനയില്‍ 15(4), 16(4), 46 അനുസരിച്ച് പട്ടികജാതി/പട്ടികവര്‍ഗ ജനവിഭാഗത്തിന്റെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിന് കഴിയേണ്ടതായിരുന്നു. പക്ഷേ, സ്വാതന്ത്ര്യം ലഭിച്ച് 74 വര്‍ഷം കഴിഞ്ഞിട്ടും ഭരണഘടനാപരമായ അവകാശങ്ങള്‍ ഈ ജനസമൂഹത്തിന് കിട്ടാക്കനിയാണ്.
പിന്നാക്ക ജനവിഭാഗത്തിനായി കേന്ദ്ര- സംസ്ഥാന സർക്കാറുകൾ കോടികള്‍ ഒഴുക്കി എന്ന് ആവർത്തിക്കുമ്പോഴും, അട്ടപ്പാടിയിൽ കണക്കുകള്‍ക്കും വിശകലനങ്ങള്‍ക്കും പിടികൊടുക്കാതെ പോഷകാഹാരക്കുറവ് മൂലം പിഞ്ചുകുഞ്ഞുങ്ങള്‍ വീണ്ടും മരിച്ചുവീഴുന്നു. 3000 രൂപ കടം മേടിച്ചു തിരികെ കൊടുക്കാൻ ഇല്ലാതെ രണ്ടു പൊടിക്കുഞ്ഞുങ്ങളെ കതകിന് വെളിയിൽ നിർത്തി തൂങ്ങിമരിച്ച ദലിത് യുവതിയും ഇൗ നാടിന്റെ അടയാളമാണ്. വിവിധ പദ്ധതികളിലായി ചെലവഴിച്ചിട്ടും 1000 കോടിയോളം എന്തുകൊണ്ട് ഈ ജനവിഭാഗത്തിന് മാത്രം മേൽഗതിയുണ്ടാകുന്നില്ലെന്ന് പലപ്പോഴും ചോദ്യമുയർന്നിട്ടുണ്ട്. അതിനുള്ള ഉത്തരമാണ് തിരുവനന്തപുരം കോർപറേഷനിൽ നടന്ന പട്ടികജാതി ക്ഷേമഫണ്ട് തട്ടിപ്പ്. പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ 76 ലക്ഷവും വകുപ്പുതല പരിശോധനയിൽ ഒരു കോടിക്ക് മുകളിലുമാണ് ക്രമക്കേട് നടന്നതായി കണ്ടെത്തിയിട്ടുള്ളത്. എന്നാൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ മാത്രം അഞ്ചുകോടി രൂപയുടെ തട്ടിപ്പാണ് കോർപറേഷനിലെ പട്ടികജാതി വികസന ഓഫിസിൽ മാത്രം നടന്നതെന്ന് 'മാധ്യമം' നടത്തിയ അന്വേഷണത്തിൽ വ്യക്തമാണ്.
വികസിച്ചത് ആർ?
സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രേട്ടറിയറ്റും നിയമനിർമാണ സഭയും ഉൾക്കൊള്ളുന്നതാണ് തിരുവനന്തപുരം കോർപറേഷൻ. ഇവിടെയാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ ചേർന്ന് പട്ടികജാതിക്കാർക്കുള്ള ക്ഷേമഫണ്ട് കൊള്ളയടിച്ചത് എന്നതുതന്നെ വിഷയത്തിന്റെ ഗൗരവം പലമടങ്ങ് വർധിപ്പിക്കുന്നു. പട്ടികജാതി വികസന ഓഫിസിന്‍റെ പേരിൽ വികസിച്ചത് പട്ടികജാതിക്കാരുടെ ജീവിതനിലവാരമായിരുന്നില്ല. മറിച്ച് ഉദ്യോഗസ്ഥരുടെ പോക്കറ്റാണ്. മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും മേയർമാരുടെയും മൂക്കിൻ തുമ്പത്തിരുന്ന് അവർ കോടികൾ കൈയിട്ടുവാരി. അവസാനം അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ടവർതന്നെ പരാതിയുമായി രംഗത്തെത്തിയതോടെയാണ് അന്വേഷണത്തിന് നിലവിലെ ഇടത് ഭരണസമിതി തയാറായത്. 11 പേരാണ് തട്ടിപ്പിൽ ഇതിനോടകം അറസ്റ്റിലായത്. പട്ടികജാതി വികസന വിഭാഗത്തിലെ സീനിയർ ക്ലർക്ക് കാട്ടാക്കട വീരണകാവ് പട്ടകുളം അനിഴം വീട്ടിൽ ആർ.യു. രാഹുലാണ് കേസിലെ മുഖ്യപ്രതി. ഗുണഭോക്താക്കൾക്ക് അനുവദിക്കുന്ന തുക സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്കും മാറ്റുകയാണ് ഇയാൾ ചെയ്തത്. ഓഡിറ്റ് റിപ്പോർട്ടിന്മേൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതോടെ കൂടുതൽ അറസ്റ്റ് പ്രതീക്ഷിക്കാം.
പട്ടികജാതി വികസന ഓഫിസിലെ കാഷ്ബുക്ക് സർക്കാർ ചട്ടങ്ങൾ കാറ്റിൽപറത്തിയും ക്രമവിരുദ്ധവുമായാണ് ഉദ്യോഗസ്ഥർ കൈകാര്യം ചെയ്തിരുന്നത്. വകുപ്പിലെ ഓരോ ഉദ്യോഗസ്ഥന്‍റെയും അഴിമതിയുടെ തുറന്ന തെളിവാണ് കാഷ് ബുക്ക്. വിവിധ പദ്ധതികളിൽ നടക്കുന്ന എല്ലാ ക്രയവിക്രയങ്ങളും കാഷ് ബുക്കിൽ രേഖപ്പെടുത്തണമെന്ന വ്യവസ്ഥ നിലനിൽക്കെ ഇ^ബിൽബുക്ക് പ്രകാരം മാറിയിട്ടുള്ള തുകയുടെ വരവ്, ചെലവ് വിവരം കാഷ്ബുക്കിൽ രേഖപ്പെടുത്തിയില്ല. ഇ ^ഗ്രാന്റ്സ് ഇനത്തിൽ മാറിയ തുകകളും കാഷ്ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. ഓരോ ദിവസത്തെയും പണമിടപാടുകൾ സംബന്ധിച്ച വിവരങ്ങൾ ഡ്രായിങ് ആൻഡ് ഡിസ്ബേഴ്സിങ് ഓഫിസർ അതത് ദിവസംതന്നെ കൃത്യമായി കാഷ് ബുക്കിൽ രേഖപ്പെടുത്തുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യണമെന്ന ചട്ടം നിലനിൽക്കെ 2020 ഏപ്രിൽ 11 മുതൽ 2020 സെപ്റ്റംബർ ആറു വരെ നടന്ന പണമിടപാടുകൾ ഓഫിസ് മേധാവി സാക്ഷ്യപ്പെടുത്തിയിട്ടില്ല. ട്രഷറിയിൽനിന്ന് ബില്ല് പാസാകുന്ന തീയതിയിൽ തന്നെ ഇതുസംബന്ധിച്ച വിവരങ്ങൾ കാഷ്ബുക്കിൽ രേഖപ്പെടുത്തണമെന്നാണ് ചട്ടം. എന്നാൽ തിരുവനന്തപുരം കോർപറേഷനിൽ 13,35,000 രൂപയുടെ ബില്ല് പാസായ തീയതിയും കാഷ് ബുക്കിൽ രേഖപ്പെടുത്തിയ തീയതിയും പല ദിവസങ്ങളിലും വ്യത്യാസപ്പെട്ടിരിക്കുന്നു. 4,19,520 രൂപയുടെ ബില്ലുകൾ കാഷ്ബുക്കിൽ രേഖപ്പെടുത്തിയിട്ടേയില്ല.
24 അക്കൗണ്ടുകളിലായി തട്ടിയത് 1.04 കോടി
പട്ടികജാതിക്കാരുടെ ക്ഷേമത്തിനായി വിവിധ പദ്ധതികളിലായി അനുവദിച്ച ധനസഹായം ഒരേ അക്കൗണ്ടിലേക്ക് വിവിധ പേരുകളിലേക്ക് ട്രാൻസ്ഫർ ചെയ്ത് ഉദ്യോഗസ്ഥർ തട്ടിയത് 1,04,72,500 രൂപയാണ്. ഉദാഹരണം 0273053000008454 എന്ന അക്കൗണ്ട് നമ്പറിന് (ഐ.എഫ്.എസ്.സി കോഡ്- SIBL0000273) 2018-19ൽ വിവാഹ ധനസഹായമായി ടി. സജീവിനും ലക്ഷ്മിക്കും 75,000 രൂപവീതം അനുവദിച്ചു. ഈ അക്കൗണ്ടിൽ തന്നെ 2019-20ൽ ആർ. രാജിക്കും 2020-21ൽ ആർ. അനിതക്കും വിവാഹധനസഹായമായി 75,000 രൂപ അനുവദിച്ചിരിക്കുന്നു. ഇവിടംകൊണ്ടും തീർന്നില്ല. ഇതേ അക്കൗണ്ടിൽ പഠനമുറി പണിയാന്‍ സൂരജ്, സന്ധ്യ, ശശികുമാര്‍, ശശികുമാർ, സജിന എന്നിവര്‍ക്ക് നൽകിയത് 3,90,000 രൂപ. ഷൈലേശന്‍ എന്ന വ്യക്തിക്ക് ചികിത്സാധനസഹായം വന്നതും ഇതേ അക്കൗണ്ടില്‍. ശകുന്തളക്കും സുനിതക്കും വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായവും സുജിന് വിദേശത്ത് തൊഴിൽ കണ്ടെത്താൻ ധനസഹായം അനുവദിച്ച ഒരു ലക്ഷം പോയതും ഇതേ അക്കൗണ്ടിൽ. അങ്ങനെ വിവിധ പദ്ധതികളിലായി 8,37,500 രൂപയാണ് ഈ ഒരൊറ്റ അക്കൗണ്ടിലേക്ക് മാത്രം പല പേരുകളിലായി പോയിരിക്കുന്നത്. ഇത്തരത്തിൽ 24 അക്കൗണ്ടുകളിലായി 180 പേരുകളിൽ 1,04,72,500 രൂപ ഉദ്യോഗസ്ഥർ തട്ടിയെടുത്തിട്ടുണ്ട്.
അപേക്ഷപോലുമില്ലാതെ ചികിത്സാ സഹായം
2019-2020, 2020-2021 സാമ്പത്തിക വർഷങ്ങളിൽ ചികിത്സാ സഹായഇനത്തിൽ 12,25,000 രൂപ ട്രഷറിയിൽനിന്ന് മാറിയതായി രേഖകളുണ്ടെങ്കിലും ഇതിനായി ഗുണഭോക്താക്കൾ സമർപ്പിച്ച അപേക്ഷകളോ അനുബന്ധ രേഖകളോ ഓഫിസിൽ ഇല്ല. ഏഴു പേർക്കായി 1,55,000 രൂപ അനുവദിച്ചെങ്കിലും ധനസഹായ വിതരണ രജിസ്റ്ററിൽ ഗുണഭോക്താക്കളുടെയോ ഓഫിസറുടെയോ ഒപ്പ് രേഖപ്പെടുത്തിയിട്ടില്ല. 2017-2018 സാമ്പത്തിക വർഷം ചികിത്സാ സഹായമായി 33 പേർക്ക് 9,97,000 രൂപ നൽകിയതായാണ് രേഖകൾ. എന്നാൽ 33 ഗുണഭോക്താക്കളിൽ 14 പേരുടെ അപേക്ഷയോ ഇവർ ധനസഹായത്തിനായി നൽകിയ രേഖകളോ കോർപറേഷൻ ഓഫിസിൽ ഇല്ല.
2018-2019 സാമ്പത്തിക വർഷം 14 ബില്ലുകൾ വഴി 7,99,500 രൂപ മാറി തുക വിതരണം നടത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അപേക്ഷകളോ അനുബന്ധ രേഖകളോ ഇല്ല. പി. ദേവകി എന്ന ഗുണഭോക്താവിന് ചികിത്സാസഹായമായി 1,55,000 രൂപ അനുവദിച്ചെങ്കിലും അക്കൗണ്ടിലേക്ക് നൽകിയത് പതിനായിരം രൂപ മാത്രം. ഇവർ നൽകിയ അക്കൗണ്ട് നമ്പറിനു പകരം മറ്റൊരു അക്കൗണ്ടിലേക്കാണ് ബാക്കി തുക പോയിട്ടുള്ളത്. 2019-2020 സാമ്പത്തിക വർഷം തുക അനുവദിച്ച സി. ഭാരതി, എ.ആർ. അനീഷ്, എസ്. അജയൻ എന്നിവർ അപേക്ഷകളോടൊപ്പം സമർപ്പിച്ച ബാങ്ക് അക്കൗണ്ട് നമ്പറുകളിൽ പേനകൊണ്ട് തിരുത്തലുകൾ വരുത്തിയിരിക്കുന്നു. ഒന്നിൽക്കൂടുതൽ തവണ ധനസഹായം അനുവദിക്കാൻ പാടില്ലെന്ന ചട്ടം നിലനിൽക്കെ 2017-18ല്‍ 70,000 രൂപയും 2018-19ല്‍ 13,26,500 രൂപയും ഇത്തരത്തിൽ അനുവദിച്ചു നൽകി. ചെമ്പഴന്തി സ്വദേശി ആർ. നിബുവിനു 2019-2020ൽ 30,000 രൂപയും 2020-2021ൽ 10,000 രൂപയും ഒരുതവണ സമർപ്പിച്ച രേഖയുടെ അടിസ്ഥാനത്തിൽ അനുവദിച്ചു. കരുമം സ്വദേശി ലളിതക്ക് രണ്ടു സാമ്പത്തിക വർഷങ്ങളിലായി 30,000 രൂപ കൈമാറി. ഒരേ മേൽവിലാസത്തിലുള്ള അപേക്ഷകനും ഒന്നിലധികം തവണ സഹായം നൽകി. കെ. ശശിധരൻ എന്ന ഗുണഭോക്താവിന് അഞ്ച് തവണയായി 70,000 രൂപയും കനകമ്മക്ക് രണ്ടു തവണയായി 35,000 രൂപയും രാജേന്ദ്രനും മൂന്ന് തവണയായി 55,000 രൂപയും സരസ്വതിക്ക് അഞ്ച് തവണയായി രണ്ടു ലക്ഷവും ഉൾപ്പെടെ പല പേരുകളിൽ 70 തവണയായി 13.96 ലക്ഷം രൂപ കൈമാറി. കോർപറേഷൻ /മുനിസിപ്പാലിറ്റി /ബ്ലോക്ക് പട്ടികജാതി വികസന ഓഫിസ് തലത്തിൽ ലഭിക്കുന്ന അപേക്ഷകളിൽ വകുപ്പ് മന്ത്രിക്ക് സമർപ്പിക്കുന്നത് ഒഴികെയുള്ള അപേക്ഷകൾ ജില്ല പട്ടികജാതി വികസന ഓഫിസർ, ഡെപ്യൂട്ടി ഡയറക്ടർ എന്നിവർകൂടി പരിശോധിച്ചശേഷമാണ് അനുമതി നൽകുന്നത്. ഇങ്ങനെ രണ്ടു തട്ടുകളിൽകൂടി പരിശോധിച്ച ശേഷവും ഇത്തരത്തിലുള്ള ക്രമക്കേട് കണ്ടെത്താൻ കഴിയാതെ വന്നതിനു പിന്നിൽ മുകൾതട്ടിൽവരെ അഴിമതിയുണ്ടെന്നതിന്റെ ശക്തമായ തെളിവാണ്.
തമിഴ്നാട്ടിലെ ജാതി സർട്ടിഫിക്കറ്റിൽ തലസ്ഥാനത്ത് ഭൂമി
2017 മുതൽ 2021 വരെ ഭൂരഹിതരായ പട്ടികജാതിക്കാർക്ക് ഭൂമിവാങ്ങുന്നതിന് 620.04 കോടിയാണ് ഇടത് സർക്കാർ അനുവദിച്ചത്. എന്നിട്ടും പട്ടികജാതി വികസനവകുപ്പിന്റെ കണക്കുകൾ പ്രകാരം 2021 ഒക്ടോബർവരെ സംസ്ഥാനത്ത് ഭൂരഹിത ഭവനരഹിതരുടെ എണ്ണം 76,332 ആണ്. ഭൂമിയും വീടും ഇല്ലാത്ത പട്ടികജാതിക്കാർ കൂടുതലും തിരുവനന്തപുരം ജില്ലയിലാണ്^11,798 പേർ. അപ്പോൾ സർക്കാർ അനുവദിച്ച പണം എവിടേക്ക് പോയി എന്ന് മനസ്സിലാക്കാൻ കോർപറേഷന്‍റെ രേഖകൾ പരിശോധിച്ചാൽ മതിയാകും.
വകുപ്പ് നടപ്പിലാക്കുന്ന ഭൂരഹിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി കോർപറേഷൻ പരിധിയിൽ മൂന്ന് സെന്‍റിന് ആറ് ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഭൂരഹിത പുനരധിവാസ പദ്ധതിയുടെ ഗുണഭോക്താക്കളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന ഗ്രാമസഭ ലിസ്റ്റിൽനിന്നും തിരഞ്ഞെടുക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ 2017^2018, 2018^2019 സാമ്പത്തിക വർഷത്തിൽ ഗ്രാമസഭ ലിസ്റ്റ് നിലനിൽക്കെ ഭൂമി വാങ്ങാൻ ധനസഹായം അനുവദിച്ചത് ഗ്രാമസഭ ലിസ്റ്റിന് പുറത്തുനിന്നുള്ള 11 പേർക്ക്. ഇവർ പട്ടികജാതിക്കാരാണെന്ന് തെളിയിക്കുന്നതിനുള്ള ഒരു രേഖയും കോർപറേഷനിൽ ഇല്ല. പദ്ധതിപ്രകാരം അപേക്ഷകനും കുടുംബത്തിനും സ്വന്തമായി വാസയോഗ്യമായ ഭൂമിയില്ലെന്നും കുടുംബപരമായി അല്ലെങ്കിൽ പാരമ്പര്യമായി വാസയോഗ്യമായ ഭൂമി ലഭിക്കാനിടയില്ലെന്നുമുള്ള റവന്യൂ അധികാരികളുടെ റിപ്പോർട്ട് വേണം. ഈ ചട്ടം നിലനിൽക്കെ 2017 മുതൽ 2020 വരെ റവന്യൂ അധികാരികളുടെ സാക്ഷ്യപത്രമില്ലാതെ 27 പേർക്ക് ഭൂരഹിത പുനരധിവാസ പദ്ധതിയുെട ആനുകൂല്യം കൗൺസിലർമാരുടെ അറിവോടെ ഉദ്യോഗസ്ഥർ ക്രമവിരുദ്ധമായി പതിച്ചു നൽകി. ഗുണഭോക്താവായി തിരഞ്ഞെടുക്കപ്പെടുന്നവർ കേരളത്തിൽ സ്ഥിരതാമസക്കാരായ പട്ടികജാതിയിൽപ്പെട്ടവരായിരിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ 2017^2018 സാമ്പത്തിക വർഷം ഭൂമിവാങ്ങാൻ ധനസഹായം അനുവദിച്ച ശാസ്തമംഗലം ഇടപ്പഴിഞ്ഞി സ്വദേശി ലത അപേക്ഷയോടൊപ്പം നൽകിയത് തമിഴ്നാട് അംബാസമുദ്രം താലൂക്കിലെ ഹിന്ദു/ ചെമ്മാൻ സമുദായത്തിലെ എസ്.സി വിഭാഗത്തിൽപ്പെട്ടയാളാണ് എന്ന് തെളിയിക്കുന്ന ജാതിസർട്ടിഫിക്കറ്റ്. തമിഴ്നാട്ടിൽനിന്ന് ലഭിച്ച ജാതി സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം കോർപറേഷനിൽ ആനുകൂല്യം അനുവദിച്ചത്. 2017 മുതൽ 21 വരെ ഭൂമി വാങ്ങാൻ ധനസഹായം അനുവദിച്ച ഗുണഭോക്താക്കളുടെ അപേക്ഷയോടൊപ്പം ഫയൽ ചെയ്തിട്ടുള്ള ഭൂരിഭാഗം കരാർ ഉടമ്പടികളിലും ബന്ധപ്പെട്ട പട്ടികജാതി വികസന ഓഫിസറുടെ ഒപ്പ് ഉണ്ടായിരുന്നില്ല.
4.32 ലക്ഷം വരുമാനമുള്ളവർക്കും 'പഠനമുറി'
പട്ടികജാതി വിദ്യാർഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് പഠനമുറി. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ളവരും 800 ചതുരശ്ര അടിയില്‍ താഴെയുള്ളതും പഠനസൗകര്യമില്ലാത്തതുമായ വീടുകളിലെ കുട്ടികളെയാണ് പരിഗണിക്കുന്നത്. കഴിഞ്ഞ നാലുവർഷത്തിനിടെ പഠനമുറി നിർമാണത്തിന് 223 പേർക്ക് തിരുവനന്തപുരം കോർപറേഷൻ വഴി അനുവദിച്ചത് 4,45,70,000 രൂപയാണ്. പക്ഷേ, അർഹരായ വിദ്യാർഥികൾക്കല്ല ഈ പണത്തിന്‍റെ നല്ലൊരു ശതമാനവും ലഭിച്ചതെന്ന് രേഖകൾ പറയുന്നു.
ബാങ്ക് പാസ്ബുക്കിന്‍റെ പകർപ്പ് ഉള്ളടക്കം ചെയ്യാതെയും അപേക്ഷകൻ സമർപ്പിച്ച ബാങ്ക് അക്കൗണ്ട് നമ്പർ പേനകൊണ്ട് തിരുത്തിയും ജാതി സർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റ്, വീടിന്‍റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ഇല്ലാതെയും വരുമാന പരിധി തെളിയിക്കാത്തവർക്കും തുക അനുവദിച്ചു. 4,32,228 രൂപയുടെ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയ കവടിയാർ തേവരുപാറയിൽ റോഹൻസിങ്ങിനും അധികാരികളുടെ ഒത്താശയോടെ ഉദ്യോഗസ്ഥർ പഠനമുറിക്കുള്ള തുക അനുവദിച്ചു. ഇത്തരത്തിൽ 1.30 ലക്ഷം മുതൽ 2 ലക്ഷം വരെ വരുമാനമുള്ളവർക്ക് തുക അനുവദിച്ചതായി കണ്ടെത്തി. ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് ഗുണഭോക്താവ് വകുപ്പുമായി ഏർപ്പെടുന്ന കരാറുകളിലൊന്നും പട്ടികജാതി വികസന ഓഫിസർ ഒപ്പുവെച്ചിട്ടില്ല. കൂടുതൽ ക്രമക്കേടുകൾ പുറത്തുവരുമെന്ന ഭയംമൂലം ധനസഹായവിതരണ രജിസ്റ്ററും ഉദ്യോഗസ്ഥർ രാക്കുരാമാനം കോർപറേഷൻ ഓഫിസിൽനിന്ന് നാടുകടത്തി. അതുകൊണ്ടുതന്നെ പഠനമുറിയിൽ എത്രലക്ഷം രൂപയുടെ ക്രമക്കേടാണ് നടന്നതെന്ന് കണ്ടെത്താൻ വകുപ്പുതല അന്വേഷണത്തിലും സാധിച്ചിട്ടില്ല.
സ്വയം സഹായ ഫണ്ടും ഇഷ്ടക്കാർക്ക്
പട്ടികജാതി വിഭാഗങ്ങൾക്ക് സർക്കാർ അനുവദിച്ച സ്വയംസഹായ ഫണ്ടിൽനിന്ന് ഏഴരലക്ഷം അനർഹർക്ക് നൽകിയിട്ടുണ്ട്. ജാതി സർട്ടിഫിക്കറ്റ് ഉൾപ്പെടെ മതിയായ രേഖകളില്ലാതെയാണ് 'മലയം മലവിള സ്ത്രീ ശക്തി' യൂനിറ്റിലെ 12 അംഗങ്ങൾക്ക് തുണിസഞ്ചി, ബിഷോപ്പർ പ്രോജക്ടിനായി ഏഴരലക്ഷം അനുവദിച്ചത്. സംഘം സെക്രട്ടറി ആൻസി അടക്കം നാലുപേർ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നില്ല. പ്രസിഡൻറ് എൽ. അജിതകുമാരി കാലാവധി കഴിഞ്ഞ ജാതി സർട്ടിഫിക്കറ്റാണ് ധനസഹായത്തിനായി നൽകിയത്. മറ്റ് ഏഴ് പേരുടെയും അസൽ ജാതി സർട്ടിഫിക്കറ്റ് ഓഫിസിൽ ഇല്ലെന്നും വകുപ്പുതല പരിശോധനയിൽ കണ്ടെത്തി.
പദ്ധതി തുകയുടെ 25 ശതമാനം സംഘത്തിന്‍റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചതിന്റെ രേഖകൾ ഇല്ല. അഞ്ച് ലക്ഷം വരെയുള്ള പ്രോജക്ടുകൾക്ക് മാത്രമാണ് ഒറ്റത്തവണയായി സബ്സിഡി നൽകേണ്ടതെന്ന വ്യവസ്ഥ നിലനിൽക്കെ ഏഴര ലക്ഷംരൂപയുടെ പ്രോജക്ടിന് ഒറ്റത്തവണയായി അഞ്ച് ലക്ഷം സബ്സിഡിയായി മാറി നൽകി. അതും ഡെപ്പോസിറ്റ് വിവരങ്ങൾ ഫയലിൽ കാണിക്കാതെ. സബ്സിഡി തുക നൽകിയ ശേഷം ഈ പദ്ധതി ആരംഭിച്ചതിന്റെയോ പ്രോജക്ടിന്റെ പ്രവർത്തനം വിലയിരുത്തിയതിന്റെയോ റിപ്പോർട്ട് ഫയലുകളിൽ ഇല്ല. ജാതി സർട്ടിഫിക്കറ്റ് ഉൾപ്പെടെ മതിയായ രേഖകളില്ലാതെ അനർഹർക്ക് പട്ടികജാതി വിഭാഗങ്ങൾക്കുള്ള ആനുകൂല്യം അനുവദിച്ച് നൽകിയ നടപടി അതീവ ഗുരുതരമാണെന്നും റിപ്പോർട്ടിലുണ്ട്.
2017-18 സാമ്പത്തിക വർഷത്തിൽ പട്ടികജാതി വിഭാഗത്തിലെ സമർഥരായ വിദ്യാർഥികൾക്കുള്ള ശ്രീ അയ്യൻകാളി ടാലന്‍റ് സെർച്ച് സ്കോളർഷിപ്പിന് 16 വിദ്യാർഥികളാണ് അർഹരായത്. ഇവർക്ക് രണ്ടു ഗഡുക്കളായി 4500 രൂപ നൽകണം. എന്നാൽ ഒന്നാം ഗഡുവായി 2400 രൂപ നിരക്കിൽ 38,400 രൂപ അനുവദിച്ചെങ്കിലും രണ്ടാം ഗഡു നൽകിയത് ഏഴുപേർക്ക് മാത്രം. ഒമ്പത് പേർക്കുള്ള പണം ഉദ്യോഗസ്ഥർ വെട്ടിച്ചു.
വിവാഹ ധനസഹായങ്ങളിലെ തട്ടിപ്പ്
മിശ്രവിവാഹധനസഹായമായി 2018^19 സാമ്പത്തിക വർഷത്തിൽ 38,75,000 രൂപയാണ് അനുവദിച്ചത്. എന്നാൽ ഇതിൽ 15,25,000 രൂപ ഉേദ്യാഗസ്ഥർ വെട്ടിച്ചു. അപേക്ഷകർ നൽകിയ ബാങ്ക് അക്കൗണ്ട് നമ്പറിന് പകരം അക്കൗണ്ട് നമ്പറിന്‍റെ സ്ഥാനത്ത് പൂജ്യം രേഖപ്പെടുത്തിയാണ് പണം തട്ടിയിരിക്കുന്നത്. പലർക്കും പദ്ധതിവ്യവസ്ഥകൾ പാലിക്കാതെയാണ് പണം നൽകിയത്. വിദേശത്ത് തൊഴിൽ തേടുന്നതിനു സാമ്പത്തിക സഹായം 2018-2019ൽ ഒരു ലക്ഷം രൂപ അനുവദിക്കപ്പെട്ട ചിറക്കുളം സ്വദേശി നൽകിയ അക്കൗണ്ട് നമ്പർ ഒഴിവാക്കി മറ്റൊരു അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപ ക്രഡിറ്റ് ചെയ്തതായും വകുപ്പുതല പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരം കോർപറേഷനിൽ 2018-19 സാമ്പത്തിക വർഷം പട്ടികജാതിക്കാർക്ക് വിവാഹധനസഹായമായി 1,07,25,000 രൂപയാണ് അനുവദിച്ചത്. എന്നാൽ ധനസഹായത്തിനായി ഗുണഭോക്താക്കൾ അപേക്ഷയോടൊപ്പം സർപ്പിച്ച ബാങ്ക് അക്കൗണ്ടിന് പകരം മറ്റ് അക്കൗണ്ടുകൾ കാണിച്ച് ഉദ്യോഗസ്ഥർ തട്ടിയത് ഒമ്പത് ലക്ഷം രൂപ. രാജാജി നഗർ സ്വദേശി ജിനി അപേക്ഷയിൽ നൽകിയത് 57700797729 എന്ന എസ്.ബി.ഐ അക്കൗണ്ട് നമ്പർ (ഐ.എഫ്.എസ്.സി കോഡ് SBIN0070762) എന്നാൽ പദ്ധതി തുകയായ 75,000 രൂപ പോയത് 31122844775 (ഐ.എഫ്.എസ്.സി കോഡ് SBIN0070415) എന്ന അക്കൗണ്ട് നമ്പറിലേക്ക്. ഇത്തരത്തിൽ 12 പേരിൽനിന്നാണ് ഉദ്യോഗസ്ഥർ പണം അടിച്ചുമാറ്റിയത്. 2018-19 സാമ്പത്തികവർഷത്തിൽ ഏഴുപേർക്ക് അനുവദിച്ച പ്രളയദുരിതാശ്വാസ ഫണ്ടിൽനിന്ന് അക്കൗണ്ട് നമ്പർ മാറ്റിയെഴുതി 40,000 രൂപയും കവർന്നു.
നിരീക്ഷണ സമിതിയെ ഒതുക്കി
പട്ടികജാതി വിഭാഗക്കാരുടെ ക്ഷേമത്തിനും വികസനത്തിനുമായി േകാർപറേഷൻ വഴി ചെലവഴിക്കുന്ന ഷെഡ്യൂൾ കാസ്റ്റ് പ്രമോഷൻ (എസ്.സി.പി) ഫണ്ടുകൾക്കും അനുബന്ധ കാര്യങ്ങൾക്കും നിരീക്ഷണസമിതി വേണെമന്ന് ചട്ടമുണ്ട്. കോർപറേഷൻ കൗൺസിൽ അധികാരത്തിലെത്തുമ്പോൾ തന്നെ ഇത് രൂപവത്കരിക്കണം. വാർഷിക പദ്ധതിയിലെ 10ാം അധ്യായത്തിൽ തുകയുടെ വിനിയോഗത്തിനാവശ്യമായ നിരീക്ഷണസമിതിയെപ്പറ്റി പരാമർശവുമുണ്ട്. എന്നാൽ കഴിഞ്ഞ ആറുവർഷമായി പട്ടികജാതി ഫണ്ട് നിരീക്ഷണ സമിതി കോർപറേഷനിൽ ഇല്ല.
മേയർ (ചെയർമാൻ), വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അല്ലെങ്കിൽ ചെയർപേഴ്സൺ (വൈസ് ചെയർമാൻ), അഡീഷനൽ സെക്രട്ടറി (കൺവീനർ), ജനകീയാസൂത്രണ വിഭാഗം സൂപ്രണ്ട് (ജോയിന്റ് കൺവീനർ), പട്ടികജാതി വിഭാഗത്തിലുള്ള നഗരസഭ കൗൺസിലർമാർ, നഗരസഭ എൻജിനീയർ, പട്ടികജാതി ഗ്രൂപ്പ് വർക്കിങ് ചെയർമാൻ, പട്ടികജാതി ഡിപ്പാർട്മെന്റ് ഓഫിസർ എന്നിവരടങ്ങുന്നതാണ് നിരീക്ഷണ സമിതി. വ്യക്തിഗത ഗുണഭോക്താക്കളുടെ പ്രോജക്ടുകൾ ഉൾെപ്പടെ ഫണ്ട് വിനിയോഗത്തിന്റെ പുരോഗതി, വീഴ്ചകൾ എന്നിവ ഓരോ മാസവും യോഗം ചേർന്ന് വിലയിരുത്തണം. ഇവ മിനിട്സാക്കി ജനകീയ ആസൂത്രണ വിഭാഗം സൂപ്രണ്ട് മേയറുടെ ഒപ്പ് വാങ്ങി സൂക്ഷിക്കണം. അടുത്ത മാസത്തെ യോഗത്തിൽ മിനിട്സ് വായിച്ച് പ്രവർത്തന പുരോഗതി വിലയിരുത്തണമെന്നാണ് ചട്ടം. നിരീക്ഷണസമിതിയെ ഭരണം കൈയാളുന്നവർ മൂലക്കിരുത്തിയതും തട്ടിപ്പിന് ആക്കം കൂട്ടി.
പേരിൽ സ്മാർട്ട്, ഓഫിസിൽ കമ്പ്യൂട്ടറില്ല
ഓൺലൈൻ സംവിധാനം വഴിയാണ് പട്ടികജാതി വകുപ്പ് ഭൂരിഭാഗം പദ്ധതികളും നടപ്പിലാക്കുന്നത്. കൂടാതെ ജീവനക്കാരുടെ ശമ്പളവിതരണത്തിനുള്ള ഓൺലൈൻ സംവിധാനമായ സ്പാർക്കിലേക്കും, ബില്ലുകൾ അപ് ലോഡ് ചെയ്യേണ്ട ബിംസിലും ഓൺലൈൻ വഴിയാണ് ബില്ലുകളും രേഖകളും കൈമാറേണ്ടത്. എന്നാൽ തിരുവനന്തപുരം കോർപറേഷനിലെ പട്ടികജാതി വകുപ്പിന്‍റെയും തദ്ദേശ സ്വയംഭരണസ്ഥാപനത്തിന്‍റെയും മുഴുവൻ പദ്ധതികളുടെയും നിർവഹണ ഉദ്യോഗസ്ഥനായ പട്ടികജാതി വികസന ഓഫിസർ ഗ്രേഡ് I നും ഓഫിസർ ഗ്രേഡ് IIനും നാളിതുവരെ ഒരു കമ്പ്യൂട്ടർപോലുമില്ല. പട്ടികജാതി വികസന ഓഫിസർ ഗ്രേഡ് 1, ഓഫിസർ ഗ്രേഡ് IIെൻറയും ചുമതലകൾ നിർവചിക്കപ്പെട്ടിട്ടില്ല. ഇത് ഓഫിസിന്‍റെ കാര്യക്ഷമമായ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ടെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. വകുപ്പിെൻറ ഭൂരിഭാഗം പദ്ധതികളുടെയും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് ഗ്രാമസഭ അംഗീകരിച്ച ഗുണഭോക്തൃ പട്ടിക ആധാരമാക്കണമെന്ന് നിഷ്കർഷിച്ചിട്ടുണ്ടെങ്കിലും കോർപറേഷനിൽ ഈ നിർദേശം പാലിക്കപ്പെടുന്നില്ല. പട്ടികജാതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി അപേക്ഷകളിൽ പട്ടികജാതി വികസന ഓഫിസർ അഭിപ്രായവും ശിപാർശയും രേഖപ്പെടുത്തണമെന്ന് പ്രത്യേക വ്യവസ്ഥയുണ്ടെങ്കിലും കോർപറേഷനിൽ സമർപ്പിക്കുന്ന അപേക്ഷകളിൽ പട്ടികജാതി വികസന ഓഫിസർ ശിപാർശയോ അഭിപ്രായമോ രേഖപ്പെടുത്താറില്ല.
ദമയന്തിമാർക്ക് മുന്നിൽ നീതിയും ഭരണഘടനയും മരിക്കുന്നു
തിരുവനന്തപുരം കോർപറേഷന്‍റെ 'പട്ടികജാതി വിരുദ്ധത' ഫണ്ട് തട്ടിപ്പിലും അവസാനിക്കുന്നില്ല. ഭൂമിയും വീടും ഇല്ലാത്തവർക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ലൈഫ് മിഷൻ പദ്ധതിയിലും ഈ വിവേചനം പ്രകടമാണ്. കൗൺസിലർമാരും അവർ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയും ശിപാർശ ചെയ്യുന്നവർക്ക് മാത്രമാണ് പദ്ധതിവഴി നല്ലൊരു ശതമാനവും തലചായ്ക്കാൻ ഒരിടം ലഭിക്കുന്നത്. സ്വാധീനമില്ലാത്തവർക്കാകട്ടെ അപേക്ഷക്കൊപ്പം സർക്കാർ ഓഫിസുകൾ കയറിയിറങ്ങി നടുവും ചെരുപ്പും തേയാനാകും വിധി. ഭരണകൂട നെറികേടിനെ കോടതിയിൽ േചാദ്യംചെയ്താലും അനുകൂലവിധി സമ്പാദിച്ചാലും പട്ടികജാതിക്കാരിയായതുകൊണ്ടുമാത്രം ''എല്ലാം ശരിയാകണ''മെന്നില്ല, തിരുമല സ്വദേശിയായ ദമയന്തി ഇന്നും കോർപറേഷന്‍റെ നീതിനിഷേധത്തിനെതിരെയുള്ള േപാരാട്ടത്തിലാണ്.
ശ്രീചിത്ര പുവർഹോമിലെ അന്തേവാസിയായിരുന്ന ദമയന്തിയെ 1997ലാണ് അവിടെനിന്നും വിവാഹം കഴിച്ച് അയച്ചത്. എന്നാൽ വിവാഹം കഴിച്ചയാൾ ചതിച്ചതോടെ 15 വയസ്സുള്ള മകനുമായി ഇന്നും വാടക വീടുകളിലാണ് താമസം. രണ്ടു വയറുകൾ നിറയ്ക്കാൻ പല കടകളിലും ജോലി ചെയ്താണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. വീട്ട് വാടകപോലും നൽകാൻ കഴിയാതെ വന്നതോടെയാണ് ലൈഫ് മിഷൻ പദ്ധതിക്കായി അപേക്ഷ നൽകിയത്. പക്ഷേ 2017 ആഗസ്റ്റ് 30ന് കോർപറേഷൻ പ്രസിദ്ധീകരിച്ച അന്തിമപട്ടികയിൽ ദമയന്തിയുടെ പേരുണ്ടായിരുന്നില്ല. ഒരു പരിശോധനയും നടത്താതെയായിരുന്നു ഒഴിവാക്കൽ. ഇതിനെതിരെ കൗൺസിലറോട് പരാതി പറഞ്ഞെങ്കിലും പുലയസ്ത്രീയോടുള്ള പരിഹാസമായിരുന്നു ബി.ജെ.പി കൗൺസിലറുടെ വാക്കുകളിൽ ഉണ്ടായിരുന്നതെന്ന് ദമയന്തി പറയുന്നു. തൃക്കണ്ണാപുരം വാർഡിൽനിന്ന് ലൈഫ് പദ്ധതിയിൽ തിരഞ്ഞെടുക്കപ്പെട്ടവരിൽ മൂന്നുപേർ ഉദ്യോഗസ്ഥരും സമ്പന്നരും സ്വന്തമായി വീട്, വാഹനം എന്നിവയുള്ളവരുമാണെന്നും അവരുടെ ഭർത്താക്കന്മാരുടെ ജീവിതാവസ്ഥ പരിശോധിക്കണമെന്ന് ദമയന്തി ഉദ്യോഗസ്ഥരോട് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും രാഷ്ട്രീയ ഇടപെടലുകളിൽ അവ കാറ്റിൽ പറന്നു. രേഖകളുമായി ജില്ല കലക്ടറെ ദമയന്തി സമീപിച്ചു. ലിസ്റ്റിൽനിന്ന് ഒഴിവാക്കിയത് അനീതിയാണെന്ന് വ്യക്തമായതോടെ ദമയന്തിയെയും പട്ടികയിൽ ഉൾപ്പെടുത്തണമെന്ന കുറിപ്പാണ് കലക്ടർ കോർപറേഷന് നൽകിയത്. പക്ഷേ കലക്ടറുടെ കത്തിനെയും അധികാരികൾ വകവെച്ചില്ല. ഒടുവിൽ സാമ്പത്തിക, സാമുദായിക, പ്രാദേശിക പിന്നാക്കാവസ്ഥ അനുഭവിക്കുന്നവര്‍ക്ക് സൗജന്യ നിയമസഹായം നൽകുന്ന ലീഗൽ സർവിസ് അതോറിറ്റി ദമയന്തിക്ക് കൈതാങ്ങായി.
ഹൈകോടതിയിൽ ഹാജരാക്കാനായി വിവരാവകാശപ്രകാരം പട്ടികയിൽ ഉൾപ്പെട്ടവരുടെ വിവരം േകാർപറേഷനിൽനിന്ന് ശേഖരിച്ചു. പട്ടികയിൽ ഉൾപ്പെട്ട അനർഹരുടെ വീടുകളുടെയും കാറുകളുടെയും േഫാേട്ടാ സഹിതം കോടതിയിൽ ദമയന്തിക്കുവേണ്ടി അഡ്വ. കബനി ഹാജരാക്കി. കോർപറേഷന്‍റെ വക്കീലായ നന്ദകുമാർ മേനോന് തെളിവുകൾക്ക് മുന്നിൽ ഉത്തരം മുട്ടി. കൗൺസിലർ ബി.ജെ.പിക്കാരനായതിനാൽ തൃക്കണ്ണാപുരത്ത് ബി.ജെ.പിക്കാർക്കാണ് കൂടുതൽ അനുകൂല്യം ലഭിച്ചതെന്ന് കോടതിക്ക് ബോധ്യമായി. ഒടുവിൽ പട്ടികയിൽ ദമയന്തിയെ ഉൾപ്പെടുത്തി അവരുടെ ഇഷ്ടാനുസരണം ഫ്ലാറ്റ് നൽകണമെന്ന് കോടതി നിർദേശിച്ചു. പക്ഷേ കോർപറേഷൻ ഭരിക്കുന്ന ഇടത് ഭരണസമിതി കോടതി വിധി അനുസരിക്കാൻ തയാറായില്ല. ഇതോടെ 2019ൽ കോടതി അലക്ഷ്യത്തിന് കോർപറേഷനെതിരെ ദമയന്തി വീണ്ടും കേസ് ഫയൽ ചെയ്തു. ഫ്ലാറ്റ് അനുവദിക്കാൻ നടപടി തുടങ്ങിയെന്നും ഇതുസംബന്ധിച്ച ഫയൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിക്ക് അയച്ചതായും കോർപറേഷൻ സെക്രട്ടറി ഹൈകോടതിയെ ധരിപ്പിച്ചു. എന്നാൽ ഇന്നും ദമയന്തിക്ക് കോർപറേഷൻ ഫ്ലാറ്റ് അനുവദിച്ചിട്ടില്ല. കോടതി വിധിയെപ്പോലും വെല്ലുവിളിച്ചുകൊണ്ടിരുന്ന അധികാരികേളാട് 2021 ഡിസംബർ 20ന് കോർപറേഷനിൽ എത്തിയ ദമയന്തി പറഞ്ഞത് ഒറ്റവാക്കായിരുന്നു: ''ഇനിയും ചവിട്ടിമെതിച്ചാൽ നിന്റെയൊക്കെ മുന്നിൽ ഞാനും എെൻറ കൊച്ചും മണ്ണെണ്ണ ഒഴിച്ച് ചാവും.'' നീതിയും ഭരണഘടനയും മരിക്കുന്നിടത്ത് ആത്മഹത്യയല്ലാതെ സംസ്ഥാനത്തെ ദമയന്തിമാർക്ക് മറ്റെന്താണ് വഴി?.
കുറ്റക്കാരെ സംരക്ഷിക്കില്ല -കെ. രാധകൃഷ്ണൻ (പട്ടിക ജാതി-പട്ടിക വർഗ ക്ഷേമ മന്ത്രി)
സാമ്പത്തിക തട്ടിപ്പുകളുടെ പശ്ചാത്തലത്തിൽ വകുപ്പിന്റെ ക്ഷേമപദ്ധതികളെല്ലാം ഓൺലൈൻ ആക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിച്ചുവരുകയാണ്. പട്ടികജാതി വികസനവകുപ്പ് നടപ്പിലാക്കുന്ന ക്ഷേമപദ്ധതികളുടെയെല്ലാം രജിസ്റ്റർ കാര്യക്ഷമമായി പരിപാലിക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ വകുപ്പ് തല ഓഡിറ്റും ശക്തമാക്കും. കോർപറേഷനിലെ തട്ടിപ്പിൽ ഓഡിറ്റ് റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കും. സംസ്ഥാനത്ത് ജില്ലാതലത്തിൽ പരിശോധന നടത്തുന്നുണ്ട്. ന്യൂനതകൾ എന്താണെന്ന് പരിശോധിക്കാൻ ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് സർക്കാറിനില്ല. ആരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായാലും നടപടിയെടുത്തിരിക്കും.