ചെകുത്താനെ, നിനക്കിങ്ങനെ ചിരിക്കാനാവുമോ?
ബാബരി മസ്ജിദ് ധ്വംസനത്തിന് 30 വർഷങ്ങൾ. ഭൂതകാലം മായ്ച്ചുകളഞ്ഞ് സംഘ്പരിവാർ സൃഷ്ടിക്കുന്ന വർത്തമാനത്തിൽ എങ്ങനെയാണ് രാജ്യം മുന്നോട്ടുപോവുക? മതനിരപേക്ഷ ജീവിതം തിരിച്ചുപിടിക്കാൻ എന്താണ് ബദൽ? - ചിന്തകനും എഴുത്തുകാരനുമായ ലേഖകൻ മുന്നോട്ടുവെക്കുന്ന ചിന്തകൾ. ലക്കം 1181 പ്രസിദ്ധീകരിച്ചത്.
ഒന്ന്
''കണ്ണുവേണമിരുപുറമെപ്പൊഴും/കണ്ണുവേണം മുകളിലും താഴേം/കണ്ണിലെപ്പൊഴും കത്തിജ്ജ്വലിക്കു-/മുള്‍ക്കണ്ണുവേണമണയാത്ത കണ്ണ്''... (കടമ്മന്). സ്മരണ സത്യത്തില്‍, ജീവിതത്തെയാകെ, ഒരു സമഗ്ര തിരിച്ചറിവിലേക്ക് എടുത്തുയര്‍ത്തുന്ന, ഒരിക്കലും അണയാന്‍ പാടില്ലാത്തൊരു ഉൾക്കണ്ണാണ്. ആയൊരൊറ്റ കണ്ണ് മതിയാവും മറ്റെല്ലാ സാധ്യതകളും കാലപ്രവാഹത്തില്‍ മങ്ങിപ്പോയാലും, ജീവിതതിളക്കം കാത്തുസൂക്ഷിക്കാന്‍! അത്രമേല്‍ ജീവിതത്തെ ശരിക്കുള്ള ജീവിതമാക്കുന്നത്, ഏതർഥത്തിലും സ്മരണകളാണ്. സ്മരണകള്‍ക്ക് സംഭവിക്കാവുന്ന പലതരം ശിഥിലീകരണങ്ങളും, ഏറ്റവും വേദനജനകമായ അൽൈഷമേഴ്സ് എന്ന 'സ്മൃതിനാശവും', മറ്റൊന്നുമായും തുല്യപ്പെടുത്താനാവാത്തവിധം മനുഷ്യാസ്തിത്വത്തെ മുറിപ്പെടുത്തും. ''ഇനി എന്തിന്'' എന്ന് ചോദിപ്പിക്കുംവിധം, ജീവിതത്തെയത് അറ്റം കാണാത്ത അനിശ്ചിതത്വത്തിെൻറ അശാന്ത ചുഴികളിലേക്ക് എടുത്തെറിയും. ഓര്മകളില്ലെങ്കില് പിന്നെയൊന്നുമില്ലെന്ന് പറയുന്നത്, അതോടെ സംഭവങ്ങളെയും അവസ്ഥകളെയും അതിനൊക്കെയാധാരമായി പ്രവര്‍ത്തിക്കുന്ന പ്രക്രിയകളെയും, പരസ്പരം ബന്ധപ്പെടുത്തുന്ന ഓർമയുടെ കണ്ണികള്‍, മുറിഞ്ഞുവീഴുന്നതോടെ, മനുഷ്യര്‍ ഒരു വലിയ ഒന്നുമില്ലായ്മയിലേക്ക്, വഴുക്കിവീഴും എന്നുള്ളതുകൊണ്ടാണ്. വ്യക്തികള്‍ക്കു മാത്രമായി 'മറവിരോഗം' പിടിപെട്ടാല്‍, സമൂഹത്തിന് അവര്‍ക്കു ചുറ്റും 'സൗഹൃദത്തിെൻറ' സുരക്ഷാമതില്‍ നിർമിക്കാനാവും. എന്നാല്‍, സമൂഹഗാത്രത്തെ ആകെത്തന്നെ മറവിവൈറസ് കീഴ്പ്പെടുത്തിയാല്‍ പിന്നെ ആര് ആര്‍ക്ക് കരുതലാവും?
'ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍' എന്ന പ്രശസ്തമായ രചനയില്‍ മാർകേസ്, അവതരിപ്പിച്ച 'മാക്കൊണ്ട'യിലെ മനുഷ്യരെ ബാധിച്ച മറവിരോഗം, മനുഷ്യരാശിയെ കാത്തിരിക്കുന്ന ഒരു വലിയ രാഷ്ട്രീയവിപത്തിനെക്കുറിച്ചുള്ള ഉള്ക്കിടിലമുണ്ടാക്കുംവിധമുള്ളൊരു മുന്നറിയിപ്പായിരുന്നു! ജീവിതത്തെ വര്ണസാന്ദ്രമാക്കുന്ന സ്വപ്നങ്ങള്‍ക്കും, നൈതിക നിര്‍വൃതിയുടെ സ്രോതസ്സായി പ്രവര്‍ത്തിക്കുന്ന സത്യങ്ങള്‍ക്കും, സ്മരണകളില്ലെങ്കില് സ്വയം ഒരു നിമിഷം ജീവിക്കാനാവില്ല. വര്‍ത്തമാനകാലത്തിെൻറ നുരയിലും പതയിലും വിസ്മൃതമാവുംവിധമുള്ള 'ആത്മരതിയില്‍' സ്വയം മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു തലമുറക്ക്, ഓര്‍മകളിരമ്പുന്ന ചരിത്രങ്ങളിലേക്ക്, തുഴഞ്ഞെത്താന്‍ അത്യധികം ക്ലേശിക്കേണ്ടിവരും. ഭൂരിപക്ഷം വരുന്ന മനുഷ്യരുടെ മറവിക്കു മുകളിലാണ്, അമിതാധികാരശക്തികള് തങ്ങളുടെ ബലിഷ്ഠമായ കോട്ടകള്‍ കെട്ടിപ്പൊക്കുന്നത്. അധഃസ്ഥിതരുടെ ചോരയിലും അവരുടെ മറവിയിലും മുക്കിയ പുതിയ 'ഇഷ്ടിക' കട്ടകള്‍കൊണ്ടാണ് അമിതാധികാരശക്തികള് 'ഓര്മകൊല്ലി' തടവറകള്‍ കെട്ടിപ്പൊക്കുന്നത്. ഓര്‍ക്കുകയും അതേസമയം ജനതയെ മറവിയില്‍ പൂട്ടുകയും ചെയ്യുന്നതിനാവശ്യമായ പദ്ധതികളാണവര്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നത്. ഭീകരപ്രവര്‍ത്തനങ്ങളിലൂടെ 1948ല്‍ നിലവില്‍വന്ന ഇസ്രായേല്‍ എന്ന കൊളോണിയല്‍ നിർമിത കൃത്രിമ രാഷ്ട്രത്തിെൻറ ആദ്യത്തെ പ്രധാനമന്ത്രി ഡേവിഡ് ബന്ഗുറിയാന്, ഓര്‍മയെയും മറവിയെയും സംബന്ധിച്ചുള്ള സയണിസ്റ്റ് അമിതാധികാരതത്ത്വം തുറന്നുപറഞ്ഞു. ''നമ്മള് തന്നെയാണ് അക്രമികള്‍, നമ്മള് അത് മറക്കരുത്. എന്നാല്‍, മറ്റാരുമത് ഓര്‍ക്കുകയും ചെയ്യരുത്.'' ബാബരി പള്ളി പൊളിച്ച ഇന്ത്യന്‍ നവഫാഷിസ്റ്റുകളും ഈെയാരു സയണിസ്റ്റ് തത്ത്വമാണ് ഇന്ത്യയിലിപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ''ഏതു പള്ളി'' എന്നുവരെ ചോദിക്കാന്‍ കഴിയുംവിധം ചരിത്രാജ്ഞതകൊണ്ട് അനുഗ്രഹിക്കപ്പെട്ട 'മറവിമക്കള്', ഒരുപക്ഷേ, ജനാധിപത്യ ശക്തികള്‍ സ്മരണകളുടെ പക്ഷത്തുറച്ചുനിന്ന് അനിവാര്യമായ പ്രതിരോധം സൃഷ്ടിക്കുന്നില്ലെങ്കില്‍ 'ഓര്മമനുഷ്യരെ' ന്യൂനപക്ഷമാക്കുംവിധം ഭാരതമണ്ണില്‍ ഭൂരിപക്ഷമാവും! എത്രയോ നൂറ്റാണ്ടുകള്‍ പള്ളിയായും കുറച്ചു പതിറ്റാണ്ടുകള്‍ക്കുള്ളില്‍ തര്ക്കമന്ദിരമായും ഒടുവിലൊരു ദിവസം വെറുമൊരു നിർമിതിയായും പിന്നെ ഒന്നും ബാക്കിവെക്കാതെ, ഒരൊസ്യത്തും എഴുതിവെക്കാതെ, സ്വയം പൊളിഞ്ഞുവീണൊരു വിചിത്ര കെട്ടിടമായും ബാബരി മസ്ജിദ് അവസാനിച്ചു! അത്ഭുതം, അതിനു മുകളിലതാ, മറ്റൊരു ആരാധനാലയം, 'താമര' മൊട്ടുപോലെ കൂമ്പിനില്‍ക്കുന്നു! പാലം വിഴുങ്ങുന്ന 'മാജിക്' നാം കണ്ടിട്ടുണ്ട്, എന്നാല്‍ തത്സമയം മറ്റൊരു 'പാലം' ഉണ്ടാക്കുന്ന മാജിക് ഇതുവരെ ഒരു മാന്ത്രികനും കാണിച്ചതായി കേട്ടിട്ടില്ല! ഇന്ത്യന്‍ ഫാഷിസത്തിന് അതും വേണ്ടിവന്നാല്‍ അതിലപ്പുറവും കഴിയും!
''രാജ്യത്തെ രക്ഷിപ്പതിന്നു മതിയവന്/രാജ്യമുപേക്ഷിപ്പതിന്നു ഞാനും മതി'' എന്ന് ശ്രീരാമന്, ഏതൊരു ഭരതനെക്കുറിച്ചാണോ പറഞ്ഞത്, ആ ഭരതെൻറകൂടി പേരിലറിയപ്പെടുന്ന ഒരു രാഷ്ട്രത്തിലാണ് ധൂര്‍ത്തമായ സൂര്യപ്രകാശത്തില്‍, സർവ രാഷ്ട്രങ്ങളിലെയും മനുഷ്യര്‍ കാണുംവിധം ഏകദേശം അഞ്ചു നൂറ്റാണ്ട് പഴക്കമുള്ളൊരു പള്ളി ഇടിച്ചുപൊളിച്ച് തൂത്തുവാരി അര്‍മാദിച്ച് നൃത്തംചെയ്ത് മധുരം നല്കി ആഘോഷിച്ചത്. ''കര്‍സേവയുടെ സ്വഭാവം വിലയിരുത്തേണ്ടത് സന്യാസിമാരാണ്, കോടതിയല്ല. മസ്ജിദ് ധ്വംസനം ക്ഷേത്രനിര്മാണത്തിെൻറ മുന്നോടിയാണ്'' എന്ന് പ്രഖ്യാപിച്ച മുരളീമനോഹര്‍ ജോഷിയും; ''മസ്ജിദ് തകര്‍ക്കപ്പെടേണ്ടതും, അതിെൻറ അവശിഷ്ടങ്ങള്‍ സരയൂ നദിയില്‍ എറിയപ്പെടേണ്ടതുമാണ്'' എന്നാക്രോശിച്ച ബജ്റംഗ്ദള്‍ നേതാവ് വിനയ് കത്യാറും, ''കര്‍സേവ ബ്രിക്സും ഷോവല്സും ഉപയോഗിച്ച് പൂര്‍ത്തിയാക്കേണ്ടതാണ്'' എന്നുപദേശിച്ച അദ്വാനിയും; ''സന്യാസികളുടെ തീരുമാനം കോടതികള്ക്കതീതമാണെ''ന്ന് പ്രഖ്യാപിച്ച അശോക് സിംഗാളും, ആദരവര്ഹിക്കുന്നവരായി പെെട്ടന്ന്, കാഫ്കയുടെ കീടമായി മാറിയ ഗ്രിഗര്‍ സാംസക്ക് സ്വപ്നം കാണാനാവാത്തവിധം രൂപാന്തരംപ്രാപിച്ചിരിക്കുന്നു!
'തര്‍ക്കമന്ദിരം തകര്‍ന്ന കേസ്, എല്ലാവരും കുറ്റവിമുക്തര്‍', 'ചരിത്രവിധി', 'ആള്‍ക്കൂട്ടത്തെ തടയാനാണ് നേതാക്കള്‍ ശ്രമിച്ചത്', '1992 ഡിസംബര്‍ 6ന് അയോധ്യയില്‍ നടന്ന കര്‍സേവക്കിടെ രാമജന്മഭൂമിയില്‍ നിര്‍മിച്ച തര്‍ക്കമന്ദിരം തകര്‍ന്നുവീഴുകയായിരുന്നു', 'പതിനാറാം നൂറ്റാണ്ടില്‍ വൈദേശിക ആക്രമണകാരിയായ ബാബറിെൻറ പടയോട്ടക്കാലത്ത് തകര്‍ക്കപ്പെട്ട രാമജന്മഭൂമിയില്‍ നിര്‍മിച്ച വിവാദമന്ദിരം ഇരുപതാം നൂറ്റാണ്ടിെൻറ അവസാനകാലത്താണ് നിലംപൊത്തിയത്'. സംഘ്പരിവാര്‍ മുഖപത്രം ജന്മഭൂമി ഇതോടൊപ്പം, 'സത്യത്തിെൻറ ശംഖൊലി' എന്ന പേരില്‍ കോടതിവിധിയെ അഭിവാദ്യം ചെയ്തുകൊണ്ടൊരു മുഖപ്രസംഗവും എഴുതി. 'ജ്വലിച്ചുയര്‍ന്നത് സ്വത്വബോധം. അതിലെന്ത് നിഗൂഢത... ആരുടെ പ്രകോപനം' എന്നപേരില്‍, സംഘ്പരിവാര്‍ ധൈഷണികനായ ജെ. നന്ദകുമാറിെൻറ ലേഖനം 'എഡിറ്റ് പേജിലും' പ്രസിദ്ധീകരിച്ചു. ''കാലങ്ങളായി അടിച്ചമര്‍ത്തപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്ത ഹൈന്ദവ സമൂഹത്തിെൻറ ഉഗ്രമായ രോഷത്തിലാണ് തര്‍ക്കകെട്ടിടം തകര്‍ന്നു വീണത്'' എന്നും, ''താന്‍ കീഴടക്കിയ ദേശത്തോട് ബാബര്‍ക്ക് വെറുപ്പായിരുന്നു, അവിടെ അയാള്‍ മസ്ജിദ് നിര്‍മാണം നടത്തിയത് ആ ദേശത്തോടുള്ള വെറുപ്പുകൊണ്ടാണ്'' എന്നും കോടതിവിധി ആഘോഷിച്ചുകൊണ്ട്, 'ജന്മഭൂമി' എഴുതി.
കോടതിവിധിയില്‍ പള്ളിപൊളിക്ക് നിമിത്തമായത് 'ആള്‍ക്കൂട്ട'മാണ്. അദ്വാനി മുതലുള്ള നേതാക്കള്‍ അത് തടയാനാണ് ശ്രമിച്ചത്. എന്നിട്ടും അതെങ്ങനെയോ പൊളിഞ്ഞുപോയി! പാവം! പള്ളി പൊളിഞ്ഞുവീണതില്‍ പാകിസ്താെൻറ പങ്ക് അന്വേഷിക്കാതിരുന്നതിന് കോടതി സി.ബി.ഐയെ ശാസിച്ചുവെന്ന പത്രവാര്‍ത്ത കണ്ടു! ആ വാര്‍ത്ത ഒരു വിധേനയും സത്യമായിരിക്കാന്‍ സാധ്യതയില്ലെന്നാണ് കരുതുന്നത്! എന്തായാലും സാന്നിധ്യംകൊണ്ടുതന്നെ എന്തും പൊളിക്കാന്‍ കഴിയുന്ന ഈയൊരു ആള്‍ക്കൂട്ടം വല്ലാത്തൊരു വമ്പന്‍ 'ആള്‍ക്കൂട്ടം' തന്നെ! ഇതുവരെ നമുക്ക് ചന്തപ്പറമ്പിലെ ആള്‍ക്കൂട്ടവും, ആനന്ദിെൻറ പ്രശസ്തമായ 'ആള്‍ക്കൂട്ട'വുമായുമാണ് പരിചയമുണ്ടായിരുന്നതെങ്കില്, ഇന്നിതാ അതില്‍നിന്നൊക്കെ വ്യത്യസ്തമായ പുതിയൊരു സ്പെഷല്‍ ആള്‍ക്കൂട്ടം ഉണ്ടായിരിക്കുന്നു. ബുള്‍ഡോസറും പൂജയും നിരവധി തൊഴിലാളികളുടെ അധ്വാനവും ഒന്നും കൂടാതെ, പള്ളി പൊളിഞ്ഞുവീഴാന്‍ ഇടയാക്കിയ 'സാമൂഹികവിരുദ്ധര്‍' എന്ന് കോടതിവിധിയില്‍ പരാമര്‍ശിച്ച ആ ആള്‍ക്കൂട്ടത്തെ നമ്മുടെ പാലാരിവട്ടം പാലത്തിനു സമീപത്തേക്ക് എത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍, സര്‍ക്കാറിന് പാലംപൊളിക്കലിന് വേണ്ടിവരുന്ന ഭാരിച്ചൊരു ചെലവ് ലാഭിക്കാമായിരുന്നു. തുടര്‍ന്നും എവിടെയെങ്കിലും എന്തെങ്കിലും ആര്‍ക്കെങ്കിലും പൊളിക്കാനുണ്ടെങ്കില്, 'പള്ളിപൊളിക്കല്ഫെയിം' ആള്‍ക്കൂട്ടത്തെ ബുക്ക് ചെയ്യാവുന്നതാണ്.
''ബാബരി മസ്ജിദ് സ്വയം പൊട്ടിത്തെറിച്ചതാണോ'' എന്ന് സീതാറാം യെച്ചൂരി, ''കോടതിവിധി അങ്ങേയറ്റം അപഹാസ്യം'' എന്ന് ജസ്റ്റിസ് ലിബര്‍ഹാന്‍, ''നീതികേഴുന്നു, ഞാന്‍ വേറെന്തു പറയാന്‍'' എന്ന് ജസ്റ്റിസ് ഗാംഗുലി, 'നമ്മള് കഴുതകളോ' എന്ന് ബാബരിവിധിയില് കുറിക്കുകൊള്ളുന്ന തലക്കെട്ടുമായി ടെലഗ്രാഫ്, ബാബരി പള്ളി ആത്മഹത്യചെയ്തതാണോ എന്ന് ട്രോളന്മാര്... ''അടക്കപ്പെട്ട സ്വപ്നങ്ങള്‍ക്ക് എന്തു സംഭവിക്കും/അവ വരണ്ടുപോകുമോ/വെയിലേറ്റ മുന്തിരിപോലെ/അതോ വ്രണംപോലെ ചലം കെട്ടുമോ/പിന്നെ പൊട്ടിയൊലിക്കുമോ/അതോ ചീത്ത ഇറച്ചിപോലെ നാറുമോ''... (ലാങ്സ്റ്റണ്‍ ഹ്യൂജസ്)
1992 ഡിസംബര്‍ 6ന് അദ്വാനി നേതൃത്വം നല്കിയ കര്‍സേവകര്‍ 'പൊളിച്ചത്' പള്ളിയുടെ ശരീരമായിരുന്നെങ്കില്‍; ഇപ്പോള്‍ അതിെൻറ ആത്മാവിനാണ് അവര്‍ വധശിക്ഷ വിധിച്ചിരിക്കുന്നത്! ഭക്തിപ്രസ്ഥാനത്തിെൻറയോ മഹാത്മാ ഗാന്ധിയുടെയോ നമ്മുടെ നാട്ടിലെ കോടിക്കണക്കിന് നിഷ്കളങ്കരായ രാമഭക്തരുടെയോ മനസ്സറിയുന്നവര്ക്കാര്ക്കും, സ്വയം പൊളിഞ്ഞുവീണതായി കരുതപ്പെടുന്നൊരു പാവം 'കെട്ടിടത്തിെൻറ' കണ്ണീര് കാണാതിരിക്കാനാവില്ല. വാല്മീകിയുടെ കണ്ണീരില്‍ പിറന്ന രാമന് യുദ്ധംചെയ്യാനും പൊളിക്കാനും കഴിയില്ല. അഴീക്കോട് മാഷ് എഴുതി: ''...രാമന് യുദ്ധംചെയ്തു എന്നത് കവിഭാഷയാണ്. ശ്രീരാമന് എന്ന വാക്കിെൻറയർഥം എല്ലാവരേയും സന്തോഷിപ്പിക്കുന്നവന് എന്നാണ്. 'അഭിരാമസ്യ രാമസ്യ', 'രാമസ്യലോകരാമസ്യ' ഇത്യാദി വിശേഷണങ്ങള്‍ നോക്കുക. 'ലോകര്‍ക്ക് ദുഃഖം വരുമ്പോള്‍ രാമന് ഏറ്റവും ദുഃഖിതനാകുന്നു' എന്ന് വാല്മീകി പറയുന്നു... ഇതിന് വിപരീതനായ ഒരു രാമനെ കണ്ടാല്‍ അതല്ല വാല്മീകിയുടെ രാമന് എന്ന് ഉറക്കെ പറയാന്‍ നമുക്ക് കഴിയുന്നു.''
എന്നാല്‍, ഇന്ന് കൂട്ടബലാത്സംഗംചെയ്ത് കുഴിച്ചുമൂടപ്പെട്ട 'യോഗി'യുടെ ഉത്തർപ്രദേശിലെ ഹാഥറസ് പെൺകുട്ടിയുടെ പൊള്ളുന്ന സ്മരണയുടെ സ്പന്ദിക്കുന്ന ഹൃദയത്തില്‍ സ്പര്‍ശിച്ചുകൊണ്ട് നമുക്കങ്ങനെ പറയാന്‍ കഴിയുമോ? കഴിയും. അധഃസ്ഥിതനായ വാല്മീകിയുടെ രാമനെക്കുറിച്ച് മറ്റൊരുവിധത്തിലും നമുക്ക് ആലോചിക്കാനാവില്ല. ''അമ്മേ/എനിക്കയോധ്യയുടെ/ തിരക്കുപിടിച്ച/ വാണിഭപ്പുരകളെ ഇഷ്ടമേയല്ല/ രാമനു കാടാണിഷ്ടം/ വിശ്വാമിത്രന് കാണാന്‍ കഴിയാതെ പോയ/ കിളികളുടെയും നനഞ്ഞ മണ്ണിെൻറയും/ പൂക്കളുടെയും/ പയസ്വിനികളായ/ നീരൊഴുക്കുകളുടെയും കാട്/ കൈകേയിയമ്മേ/ രാമനെ ആരാണ് ഇനി അയോധ്യയില്‍നിന്ന്/ കാട്ടിലേക്ക് മോചിപ്പിക്കുക...''(വി.ടി. ജയദേവ്). ''തകര്‍ത്തു നിങ്ങളെന്‍/ പ്രിയദേവഗൃഹം/ ഉയര്‍ത്തി ഗര്വ്വിെൻറ തണുത്ത സ്മാരകം/ എനിക്കയോധ്യതന് അരചനാകേണ്ട/ എനിക്കേറെപ്രിയം വനവിജനത/ മതിവാകത്തണല്/ അവിടെ ചിന്നിയ ചുകന്ന പൂക്കളും/ അരികില്‍ സീതയും പലരാഗം പാടും കിളികളും...'' (സച്ചിദാനന്ദന്). വി.ടി. ജയദേവും സച്ചിദാനന്ദന് മാഷും പാടുന്നത് വാല്മീകിയുടെ സ്നേഹമൂര്‍ത്തിയായ ശ്രീരാമെൻറ ആത്മഗതങ്ങളെക്കുറിച്ചാണ്. എന്നാല്‍, ജാതിമേല്‍ക്കോയ്മ സൃഷ്ടിച്ച യുദ്ധോത്സുകനായ മറ്റൊരു ശ്രീരാമനും ഇന്ത്യയില്‍ സമാന്തരമായി വളരുന്നുണ്ടായിരുന്നു. ആ ശ്രീരാമെൻറ പേരിലാണ്, സംഘ്പരിവാര്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കൊടി പറത്തിയത്. ''രാമനാണ് ഇന്ത്യ, ഇന്ത്യ രാമനാണ്'' എന്ന് പ്രജ്ഞ സിങ് ഠാക്കൂര്‍ പറഞ്ഞത്, വാല്മീകിയുടെ കണ്ണീരില്‍ പിറന്ന രാമനെക്കുറിച്ചല്ല, ബാബരി പള്ളിപൊളിക്ക് നേതൃത്വം നല്‍കിയവരുടെ രാമനെക്കുറിച്ചാണ്! ആ രാമനോട് സംവദിക്കാന്‍ ഒരുപക്ഷേയിനി പഴയ 'വാല്മീകി രാമകഥനം' മാത്രം മതിയാവില്ല! അതോടൊപ്പം രാമവിമര്ശനത്തിെൻറ നിശിതമായ ഇന്ത്യന്‍ പാരമ്പര്യത്തിലെ പൊരുതുന്ന കീഴാളവഴികളെയും നിസ്സംശയം പിന്തുടരണം. ജാതിമേല്‍ക്കോയ്മയെ പ്രീണിപ്പിച്ചുകൊണ്ടല്ല, അതിനെതിരെ പൊരുതിക്കൊണ്ടാണ്, ജനകീയ സംസ്കാരം ശക്തമാവേണ്ടത്. ബാബരി പൊളിച്ച് അതിനു മുകളില്‍തന്നെ രാമജന്മഭൂമിക്ഷേത്രം നിര്‍മിക്കാനുള്ള സാഹചര്യമൊരുക്കാന്‍ അദ്വാനിയുടെ നേതൃത്വത്തില്‍ നടന്ന രഥയാത്ര രാജ്യത്തൊഴുക്കിയ ചോര ഇന്നും നിലവിളിച്ചുകൊണ്ടിരിക്കുമ്പോള്‍, നീട്ടിവെക്കപ്പെട്ട നീതി ഒരുദിനം പെെട്ടന്ന് അനാഥമാവുമ്പോള്‍, കൺമുന്നിൽ കണ്ട ക്രൂരതകള്‍ കണ്ണിെൻറ കുറ്റമായി തെറ്റിവായിക്കപ്പെടുമ്പോള്‍, 'മരച്ചില്ലകള്‍ കഴുമരങ്ങളാവുകയും', 'പനിനീര്മെത്തകള് പോരിടങ്ങളാവുകയും' ചെയ്യുമ്പോള്‍, മതനിരപേക്ഷത വിജനതയില്‍ ഉപേക്ഷിക്കപ്പെട്ട ഒരു കുഞ്ഞിനെയെന്നപോലെ നിസ്സഹായമാവുമ്പോള്‍, അധികാരം എല്ലാറ്റിെൻറയും അവസാന വാക്കായി വന്മരം കണക്ക് വളരുമ്പോള്‍, ''ഞങ്ങളാണ് പള്ളി പൊളിച്ചത്, അടുത്തത് മഥുരയും കാശിയും'' എന്ന് സംഘ്പരിവാര്‍ നേതാവായ ജയ് ഭഗവാന് ഗോയലിെൻറ വാക്കുകള്‍ നിസ്സഹായരുടെ നിലവിളികള്‍ക്കുമേല്‍ ഒരട്ടഹാസമായി ചീറുമ്പോള്‍, അവസാനത്തെ ആശുപത്രികള്‍ക്കു മുകളിലും ബോംബ് വന്നുവീഴുമ്പോള്‍, മായ്ക്കലുകള്ക്കും മറക്കലുകള്ക്കും വിവാദപ്പെടുത്തലുകള്ക്കും, കൃത്രിമ തര്‍ക്കങ്ങള്‍ക്കും അവഗണനകള്‍ക്കും അപ്പുറം കടക്കാന്‍ പൊരുതുന്ന ജനത കരുത്താർജിക്കുന്നില്ലെങ്കില് ബാക്കിയുള്ള മതനിരപേക്ഷതകൂടി പൊളിയും.
''മകനേ, ഹിന്ദുസ്ഥാന്‍ എന്ന ഈ രാഷ്ട്രത്തില്‍ അനേകം മതങ്ങളുണ്ട്. അങ്ങനെയുള്ള ഈ രാജ്യം നമുക്ക് നല്‍കിയതില്‍ അല്ലാഹുവിന് കൃതജ്ഞത. നാം നമ്മുടെ ഹൃദയത്തില്‍നിന്ന് വിവിധ ഭേദചിന്തകളും ഒഴിവാക്കി, ഓരോ സമുദായത്തിെൻറയും ആചാരങ്ങള്‍ക്ക് അനുസൃതമായി നീതിപുലര്ത്തേണ്ടതാണ്. ഈ രാജ്യത്തിലെ ജനതയുടെ ഹൃദയംകവരാന്‍ ഗോവധംപോലുള്ള ആചാരങ്ങള്‍ ഒഴിവാക്കുകയും ഭരണകാര്യങ്ങളില്‍ ജനങ്ങളെ സഹകരിപ്പിക്കുകയും ചെയ്യുക. നമ്മുടെ അധികാരസീമക്കുള്ളിലെ ക്ഷേത്രങ്ങളും ആരാധനാലയങ്ങളും കേടുവരുത്താതെ സൂക്ഷിക്കുക. സര്വപ്രജകളും രാജാവിനോടൊപ്പം സന്തുഷ്ടരാവുകയും, രാജാവ് പ്രജകളോടൊപ്പം സന്തുഷ്ടരാവുകയും ചെയ്യുകയെന്ന തത്ത്വത്തിലധിഷ്ഠിതമായി രാജ്യം ഭരിക്കുക...'' (ഹുമയൂണിനുള്ള ബാബറുടെ വിൽപത്രം). രാജഭരണകാലത്തെ ഒരു രാജാവ് സ്വന്തം പ്രജകളോട് ഇത്രയെങ്കിലും 'സൗമനസ്യം' കാണിച്ചു. 'വെറുക്കപ്പെടേണ്ടവനും ക്ഷേത്രം പൊളിയനു'മായി സംഘ്പരിവാര്‍ അവതരിപ്പിക്കുന്ന ബാബര്‍ക്ക് സ്വന്തം മകന് ഇവ്വിധം ഒരൊസ്യത്ത് നല്കാല് കഴിഞ്ഞെങ്കില്‍, ഒരാധുനിക ജനാധിപത്യ സമൂഹത്തിലെ 'പൗരര്‍ക്ക്' അതിനുമെത്രയോ അപ്പുറമുള്ളൊരു 'നീതി' ആവശ്യപ്പെടാന്‍ അവകാശമുണ്ട്. ആ അവകാശമാണ് ഇന്ന് ഇന്ത്യയില്‍ ഇല്ലാതാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. സത്യത്തില്‍ ബാബര്‍ തോൽപിച്ചതും തകര്‍ത്തതും ഇബ്രാഹിം ലോധിയെയാണ്. ശ്രീരാമനുമായി അദ്ദേഹത്തിന്നൊരു ബന്ധവുമുണ്ടായിരുന്നില്ല. എന്നിട്ടും ശ്രീരാമനെതിരെ ബാബര്‍ എന്നൊരു 'മിത്ത്' സൃഷ്ടിച്ച് ഇന്ത്യന്‍ രാഷ്ട്രീയത്തിെൻറ വ്യാകരണംതന്നെ മാറ്റാന്‍ സംഘ്പരിവാറിന് കഴിഞ്ഞു. അതാണ് ജാതിമേല്‍ക്കോയ്മയുടെ മിടുക്ക്.
സഞ്ജയ്ഖാന്‍ സംവിധാനംചെയ്ത ഭഗവാന് ഗിദ്വാനിയുടെ 'ടിപ്പുസുല്ത്താെൻറ വാള്' സംപ്രേഷണംചെയ്യാന്‍ നിരവധി സംവാദങ്ങള്‍ക്കുശേഷം ദൂരദര്ശന് തയാറായത്, 'സാങ്കല്പിക ചരിത്രം' എന്ന് ഓരോ എപ്പിസോഡിലും എഴുതിക്കാണിച്ചാണ്! ''എെൻറ പുസ്തകത്തില്‍ വര്‍ഗീയതയുള്ള ഒരു വാക്കോ ഖണ്ഡികയോ കോമയോ ഫുള്‍സ്റ്റോപ്പോ ചൂണ്ടിക്കാണിച്ചാല്‍ ഞാനത് ചുട്ടുകളയാം, പിന്നെ ഒരക്ഷരം എഴുതുകയുമില്ല'' എന്ന് ഭഗവാന് ഗിദ്വാനി പ്രതിജ്ഞയെടുത്തിട്ടും! എന്നാല്‍ രാമായണ, മഹാഭാരത സംപ്രേഷണ സമയങ്ങളില്‍ ഇവ്വിധം ഒരു മുന്നറിയിപ്പുണ്ടായിരുന്നില്ല. 'ദ്വിജസാഹിത്യം' എന്ന് നിസ്സംശയം അംബേദ്കര്‍ വിശേഷിപ്പിച്ച ഇതിഹാസ പുരാണങ്ങള്‍ പൂർണ പരമാർഥമാണെന്ന, 'ബ്രാഹ്മണിക് ജാതിമേല്‍ക്കോയ്മാ ആഖ്യാനം' ഒരുഭാഗത്ത് അടിച്ചേല്പ്പിക്കപ്പെടുമ്പോള്, അതില്‍നിന്ന് വ്യത്യസ്തമായ 'കീഴാള ആഖ്യാന'ങ്ങളെല്ലാം അടിച്ചമര്‍ത്തപ്പെടുകയോ, അവഗണിക്കപ്പെടുകയോ, 'സാങ്കൽപികമെന്ന്' മുദ്രകുത്തി ചുരുക്കപ്പെടുകയോ ആണ് ചെയ്യുന്നത്.
''വൈകീട്ട് 4.30ന് പള്ളി ഹിന്ദുക്കള്‍ക്കായി തുറന്നുകൊടുക്കാന്‍ വിധി പറഞ്ഞതോടെ കുരങ്ങന് അപ്രത്യക്ഷമായി. വൈകീട്ട് ജില്ല കലക്ടര്‍ക്കും എസ്.എസ്.പിക്കുമൊപ്പം വീട്ടിലെത്തിയപ്പോള്‍ അതേ കുരങ്ങന് തെൻറ വീടിെൻറ വരാന്തയിലിരിക്കുന്നു. ഞാന്‍ കുരങ്ങനെ അഭിവാദ്യംചെയ്തു. അത് അത്ഭുതശക്തിയുള്ള കുരങ്ങായിരുന്നു. രാമന് അനുകൂലമായി വിധി പറഞ്ഞ തന്നെ അനുഗ്രഹിക്കാനാണ് ഹനുമാന് വേഷം മാറിയെത്തിയത്.'' 1986ല്‍ ബാബരി തുറന്നു കൊടുക്കാന്‍ വിധി നല്കിയ ഫൈസാബാദ് ജില്ല ജഡ്ജി കെ.എം. പാണ്ഡെ സ്വന്തം ആത്മകഥയില്‍, എഴുതിയതാണത്രേയിത്! ജനങ്ങളുടെ ഗ്രഹണശേഷി വളരെ പരിമിതമാണ്, അവരൊക്കെ വലിയ മറവിക്കാരുമാണ്, എന്നെഴുതിയപ്പോള്‍ അഡോള്‍ഫ് ഹിറ്റ്ലര്‍ ഉള്ളില്‍ ആര്‍ത്താര്‍ത്ത് ചിരിച്ചിരിക്കണം.
''മനസ്സിലായതേയില്ല അവള്‍ക്ക്/ പൂമ്പാറ്റയുടെ ചിത്രം കാണിച്ച്/ ചിത്രശലഭം എന്ന് ടീച്ചര്‍ പഠിപ്പിച്ചുകൊണ്ടിരുന്നത്/ ഒടുവില്‍ വിഷമിച്ചിട്ടാണെങ്കിലും അവളും ചിത്രശലഭം എന്നു പറഞ്ഞുതുടങ്ങി/ പൂമ്പാറ്റ എന്നത് അതിനെ അതിെൻറ വീട്ടില്‍/ വിളിച്ചിരുന്ന പേര് എന്ന് സമാധാനിച്ചുകൊണ്ട്'' (വീരാന്‍കുട്ടി). ബാബരിയനന്തര ഇന്ത്യന്‍ പശ്ചാത്തലത്തില്‍, കവി പൊറുക്കുമെങ്കില്‍, ഒരു 'മൈനര്‍ സര്‍ജറിയിലൂടെ' ഇതിനൊരു പരുക്കന്‍' 'പാരഡി' സാധ്യമാവും. ''മനസ്സിലായതേയില്ല അവള്‍ക്ക്/ ബാബരി മസ്ജിദിെൻറ ചിത്രം കാണിച്ച്/ രാമജന്മക്ഷേത്രം എന്ന് ടീച്ചര്‍ പഠിപ്പിച്ചുകൊണ്ടിരുന്നത്/ ഒടുവില്‍ വിഷമിച്ചിട്ടാണെങ്കിലും അവളും/ രാമക്ഷേത്രം എന്നു പറഞ്ഞുതുടങ്ങി/ ബാബരി മസ്ജിദ്-എന്നത്/ അതിനെ അതിെൻറ രാഷ്ട്രം/ മതേതരമായിരുന്നപ്പോള് വിളിച്ചിരുന്ന പേര് എന്ന് സമാധാനിച്ചുകൊണ്ട്!'' 'എന്നോ' ഇല്ലാതായി കഴിഞ്ഞ ആ ബാബരി പള്ളിയെക്കുറിച്ചാണോ ഇനിയും നിങ്ങളൊക്കെ എഴുതുന്നത്? അതെ എഴുതിയെഴുതി തളരുന്നതുവരെ ഞങ്ങളെഴുതും ബാബരിയെക്കുറിച്ച്, എഴുതണം ബാബരി മസ്ജിദിനെക്കുറിച്ച്. ഓരോ മതനിരപേക്ഷ ഇന്ത്യന്‍ മനുഷ്യനും ഒരു ജീവിക്കുന്ന 'ബാബരി'കൂടിയായി മാറുന്നതുവരെ, എഴുത്ത് ഒരു സമരമായി പലവിധത്തില്‍ മുന്നേറണം. ഇന്നലെവരെ 'ബാബരി'യില്‍, വിശ്വാസപരമായ കാരണങ്ങളാല്‍ കയറാതിരുന്നവരൊക്കെയും, കൊലചെയ്യപ്പെട്ട നീതിയുടെ മൃതദേഹത്തില്‍ ഒരു റീത്തുവെക്കാന്‍ വേണ്ടിയെങ്കിലും അവിടേക്ക് കാല്‍കഴുകി വിനയത്തോടെ കടക്കണം. എന്നിട്ട് സല്മാകറാമിയുടെ ജിബ്രാനെപ്പോലെ പറയണം. ഇവിടെയാണ് ഞങ്ങള്‍ക്കേറെ പ്രിയപ്പെട്ട മതനിരപേക്ഷത മറവുചെയ്യപ്പെട്ടത്. ഇഷ്ടികക്കട്ട വീഴുന്നതുപോലെ ആ മണ്ണില്‍ ചവിട്ടരുത്, ഒരു പൂവ് വീഴുന്നതുപോലെ മണ്ണറിയാതെ മൃദുലമായി വേണം കാല്‍പാദങ്ങളോരോന്നും എടുത്തുവെക്കാന്‍! എന്നിട്ട് മിനിമം കണ്ണീരുകൊണ്ടെങ്കിലും ഒരാര്ദ്രമുത്തം കൊടുക്കണം ആ മണ്ണിന്.
രണ്ട്
മലയാളത്തിെൻറ അതുല്യപ്രതിഭ ഉറൂബിെൻറ 'വെളുത്തകുട്ടി' എന്ന കഥയില്‍ സർവശക്തനായ 'ചെകുത്താനെ' ഒരു കുട്ടി തോൽപിക്കുന്ന ഹൃദയസ്പര്‍ശിയായൊരു സന്ദര്‍ഭമുണ്ട്. ചെകുത്താന് കലാപം സംഘടിപ്പിക്കാന്‍ കഴിയും, വാദിയെ പ്രതിയാക്കാന്‍ കഴിയും, ചരിത്രം അട്ടിമറിക്കാനാവും, എന്നാല്‍ കുട്ടി ഇതിനൊന്നും മുമ്പില്‍ പതറാതെ 'നിഷ്കളങ്കമായി' ചെകുത്താനെ നോക്കി ചിരിച്ചുകൊണ്ട്, ''ചെകുത്താനെ നിനക്കിങ്ങനെ ചിരിക്കാനാവുമോ?'' എന്ന് മാത്രം ചോദിച്ചു. ദംഷ്ട്രകളും തേറ്റകളും കോമ്പല്ലുകളുമുള്ള ചെകുത്താന് ആവിധം ചിരിക്കാന്‍ പരമാവധി ശ്രമിച്ച് ഒന്ന് ചെറുതായിപ്പോലും ചിരിക്കാനാവാതെ ആ കുഞ്ഞിനു മുമ്പില്‍ നിസ്സഹായമായി! ഒടുവില്‍ തെൻറ ചെകുത്താന് ജീവിതം മുഴുവന്‍ 'മതേതര' സ്നേഹാമൃതത്തില് എരിച്ച്, ഒരു കുഞ്ഞായി ചെകുത്താന് ആദ്യംമുതലേ മനുഷ്യജീവിതം തുടങ്ങുന്ന ചേതോഹരമായ ഒരു ദൃശ്യത്തോടെയാണ് 'വെളുത്തകുട്ടി' എന്ന കഥ അവസാനിക്കുന്നത്. മതനിരപേക്ഷതയുടെ മുലപ്പാലൊന്നു നുണഞ്ഞതോടെ ആ ചെകുത്താെൻറ തേറ്റകളൊക്കെയും കൊഴിഞ്ഞുപോയി.
ഭൂതകാലത്തെ നിരന്തരം മായ്ച്ചുകളയുന്ന ഒരു ലോകത്താണ് ഇന്ന് നാം ജീവിക്കുന്നത്. ഭൂതകാലംതന്നെ അസന്നിഹിതമാക്കപ്പെടുന്നു. അല്ലെങ്കില്‍ കാൽപനികവത്കരിക്കപ്പെടുന്നു. ഭൂതകാലത്തിെൻറ സത്യങ്ങളെ അന്വേഷിക്കുന്നത് അധീശസംസ്കാരം ഒരു തരത്തിലും പ്രോത്സാഹിപ്പിക്കുന്നില്ല. ഓർമ എക്കാലത്തേക്കാളും കൂടുതല്‍ ഇന്ന് അപകടത്തിലാണ് (ടോണി മോറിസണ്‍). കൊളോണിയലിസം തമസ്കരിച്ച ഭൂതകാല പാരമ്പര്യത്തെ വീണ്ടെടുക്കാതെ അധിനിവേശത്തിന്നെതിരെയുള്ള പോരാട്ടം പൂര്‍ണമാവില്ല (മാര്ട്ടിന് ബര്ണല്). എനിക്ക് മറക്കാനാവില്ല, പക്ഷേ പൊറുക്കാനാവും (മണ്ടേല). ഞാന്‍ ചരിത്രം പഠിക്കണോ/ എെൻറ കൊച്ചുമകന് എന്നോട് ചോദിക്കുന്നു/എന്തിനാ കുട്ടീ -നീ നിെൻറ തല മണ്ണില്‍ പൂഴ്ത്തിവെക്കാന്‍ പഠിക്കൂ/ എങ്കില്‍ നീ രക്ഷപ്പെട്ടേക്കും/ എന്നു പറയാന്‍ എനിക്ക് തോന്നിപ്പോവുന്നു/ എന്നിട്ടും ഞാന്‍ പറയുന്നു/ നീ കണക്ക് പഠിക്കൂ, ഫ്രഞ്ച് പഠിക്കൂ, ചരിത്രം പഠിക്കൂ... (ബ്രഹ്ത്).
മനുഷ്യര്‍ മറ്റു മനുഷ്യരോട് ചെയ്തത് എന്താണെന്ന് ഓർത്തുവെക്കാന്‍ നാം തയാറാണെങ്കില്‍, നാളെ മറ്റ് ദുരന്തങ്ങള്‍ തടയാന്‍ നമുക്ക് സാധിച്ചേക്കാം (എലി വീസല്‍). ഞങ്ങള്‍ പ്രിയപ്പെട്ടവരുടെ ഓര്‍മകള്‍ എണ്ണയും ഉപ്പുംപോലെ ഭരണികളില്‍ സൂക്ഷിക്കുന്നു (ദാര്‍വിഷ്). ഓര്‍മിക്കുന്നതും ഓര്മിച്ചെടുക്കാനാവുന്നതും മാത്രമാണ് യഥാർഥ ജീവിതം (മാർകേസ്). നിനക്ക് ചരിത്രം ഇഷ്ടമാണെന്ന് ഞാന്‍ കരുതുന്നു. കാരണം അത് ജീവിക്കുന്ന മനുഷ്യരെക്കുറിച്ചാണല്ലോ (ഗ്രാംഷി). ഓര്‍മകളുള്ള ഒരു ജനതയുടെ തൊലിക്കു താഴെ കലാപം മുഷ്ടിചുരുട്ടി നില്ക്കുന്നുണ്ടാവും (ഹവാര്ഡ്സിന്). അധികാരത്തിന്നെതിരായ സമരം മറവികള്‍ക്കെതിരെ ഓർമകള്‍ നയിക്കുന്ന സമരമാണ് (കുന്ദേര). നല്ലതല്ല ഒരുവന് ചെയ്ത നല്ലകാര്യം മറപ്പത്/ നല്ലതല്ലാത്തതുടനെ, മറക്കുന്നതാണുത്തമം (ഗുരു). നമ്മുടെ സ്വാതന്ത്ര്യം നമുക്ക് നഷ്ടപ്പെട്ടു. എന്നാലും നമ്മുടെ ചരിത്രം നഷ്ടപ്പെടാന്‍ നാം അനുവദിക്കരുത്. കാരണം ചരിത്രം നശിക്കാതെ നിന്നാല്‍ സ്വാതന്ത്ര്യം വീണ്ടെടുക്കാം. എന്നാല്‍ ചരിത്രം തകര്‍ക്കപ്പെട്ടാല്‍ സ്വാതന്ത്ര്യം തിരികെ നേടുന്നതിന് നിരവധി തടസ്സങ്ങള്‍ തട്ടിമാറ്റേണ്ടിവരും (മഹാവീര്പ്രസാദ് ദ്വിവേദി). ആപത്തിെൻറ നിമിഷത്തില്‍ മനസ്സിലൂടെ മിന്നിമറയുന്ന ഓർമകളെ കൈയെത്തിപ്പിടിക്കലാണ് ചരിത്രജ്ഞാനം (വാള്‍ട്ടര്‍ ബഞ്ചമിന്). സ്മരണകളാണ് നമ്മെ പൂർണരാക്കുന്നത് (ഫ്രാന്‍സിസ് മാർപാപ്പ). ചരിത്രം നാഴികക്കല്ലുകളും ശിലാലിഖിതങ്ങളും പുസ്തകങ്ങളുമല്ല, അതൊരു യാത്രയാണ് (അയ്യപ്പന്).
സ്മരണകളുടെ ശരിയായ ദിശയിലുള്ള സഞ്ചാരത്തെ ശിഥിലമാക്കിക്കൊണ്ടാണ്, ചരിത്രത്തില്‍ ഫാഷിസം ശക്തിയാർജിക്കുന്നത്. അതുകൊണ്ടാണ് ഇന്ന് 'ബാബരി മസ്ജിദ്' എന്ന നാമംപോലും ഒരു ബൃഹദ് മതനിരപേക്ഷ ചരിത്രത്തിെൻറ നടുമുറിയായി നിലകൊള്ളുന്നത്. പ്രശസ്തമായ ആസാദി വിളിക്കൊപ്പം 'ബാബരി' വിളികൂടി ഇന്ത്യന്‍ ചക്രവാളങ്ങളില്‍ അതിനാല്‍ വസന്തത്തിെൻറ ഇടിമുഴക്കങ്ങള്‍ സൃഷ്ടിക്കണം.
ഒരു ചര്‍ച്ചയും കൂടാതെത്തന്നെ സർവ കൊള്ളരുതായ്മകളുടെയും ഉത്തരവാദിത്തം ശത്രുവിെൻറ തലയില്‍ വെച്ചുകെട്ടണമെന്നും, അതിനാവശ്യമായ വിധത്തില്‍ വലിയ നുണകള്‍തന്നെ നിരന്തരം പറയണമെന്നും മുമ്പ് നിർദേശിച്ചത് ഹിറ്റ്ലറാണ്. തത്ത്വത്തിലെന്നപോലെ പ്രയോഗത്തിലും ഇന്ത്യയില്‍ അതാണിപ്പോള്‍ ഭയപ്പെടുത്തുംവിധം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ''ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാണ്. അതില്‍ വിട്ടുവീഴ്ചയില്ല'' എന്ന സംഘ്പരിവാര്‍ നേതാവ് മോഹന്‍ ഭാഗവതിെൻറ പ്രഖ്യാപനങ്ങള്തന്നെയാണ്, പലരീതിയില്‍ ഇന്ത്യയിലിപ്പോള്‍ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ചരിത്രത്തെ ഇന്ത്യന്‍ നവഫാഷിസത്തിെൻറ പരസ്യമാക്കി തിരുത്തിയെഴുതുന്ന പ്രവണത ഔദ്യോഗികമായിതന്നെ തുടങ്ങിക്കഴിഞ്ഞു. കേന്ദ്ര സാംസ്കാരിക മന്ത്രി മഹേഷ് ശർമയുടെ നേരിട്ടുള്ള നേതൃത്വത്തില്‍, ആര്‍ക്കിയോളജിക്കല്‍ സർവേയിലെ ഉദ്യോഗസ്ഥന് കെ.എന്‍. ദീക്ഷിത് ചെയര്‍മാനായി, രാഷ്ട്രചരിത്രം മാറ്റിയെഴുതാന്‍ 2018 മാര്‍ച്ചില്‍, ഔദ്യോഗിക സമിതി നിലവില്‍ വന്നു. അതിനൊക്കെ മുമ്പ്തന്നെ വികലവും വിഷലിപ്തവുമായ 'ചരിത്രം' പാഠപുസ്തകങ്ങളില്‍വരെ ഇടംപിടിച്ചിരുന്നുവെന്നതും വിസ്മരിക്കാനാവില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് ഊർജം പകര്‍ന്ന മഹാസമരങ്ങളെവരെ വെട്ടിമാറ്റുന്ന തിരക്കിലാണവര്‍ വ്യാപൃതരായിരിക്കുന്നത്. ഇതാകട്ടെ പലരും കരുതുന്നതുപോലെ, 1921ലെ മലബാര്സമരത്തെയും പിന്നീട് നടന്ന പുന്നപ്ര^വയലാര്‍ അടക്കമുള്ള സമരങ്ങളെയും അപ്രസക്തമാക്കുന്നതില്‍ അവസാനിക്കുകയില്ല. രാമപൂജയുടെയെന്നപോലെ രാമവിമര്ശനത്തിെൻറയും 'പാരമ്പര്യങ്ങള്‍' ഇന്ത്യയിലിന്നുമുണ്ടെന്നുള്ളത് സമർഥമായി മറച്ചുവെക്കപ്പെടുകയാണ്. ബുദ്ധ, ഇസ്ലാം ക്രൈസ്തവാദി മതങ്ങളെയും, മതേതര മതരഹിത ചിന്താപദ്ധതികളെയും മാത്രമല്ല 'ജാതിമേല്‍ക്കോയ്മക്ക്' അഹിതമായ ഹിന്ദുമതത്തിലെ തന്നെ വ്യത്യസ്ത കാഴ്ചപ്പാടുകളെയും കീഴ്പ്പെടുത്തുകയോ, മറച്ചുവെക്കുകയോ ഇരുട്ടത്തിടുകയോ വിവാദത്തില്പെടുത്തുകയോ അടിച്ചോടിക്കുകയോ ചെയ്തുകൊണ്ടാണ്, പുരാണകേന്ദ്രിത സംഘ്പരിവാര്‍ ചരിത്രം കൊഴുക്കുന്നത്. അതിനെ ഓരോ അടിവെപ്പിലും അഭിമുഖീകരിക്കുകയും ചോദ്യംചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍ നമ്മുടെ മതനിരപേക്ഷ ചരിത്രത്തിന് ചിതലുപിടിക്കും.
ആർ.എസ്.എസ് അങ്ങേയറ്റം, 'അസഹിഷ്ണുത പുലര്‍ത്തുന്ന ഒരു പ്രസ്ഥാനമാണ്, അതിനെ പരാജയപ്പെടുത്തേണ്ടതാണെന്ന് ആത്മാർഥമായി വിശ്വസിക്കുന്നവര്‍പോലും' ഇസ്ലാംമതവും ക്രിസ്തുമതവുമടങ്ങുന്ന സെമിറ്റിക് മതങ്ങള്‍, മതം എന്ന നിലയില്‍ത്തന്നെ അസഹിഷ്ണുവാണെന്ന് സ്വയം കരുതുന്നവരാണ്. ഇതിെൻറ ഒരബോധ തുടര്‍ച്ചയെന്നോണം, ഇന്നും നിലനില്‍ക്കുന്ന 'ഹിന്ദു സഹിഷ്ണുത/മുസ്ലിം അസഹിഷ്ണുത' എന്ന മിത്ത് തുടരുകയാണ്. സത്യത്തില്‍, 'ജാതിമേല്‍ക്കോയ്മാ' വ്യവസ്ഥയോളം 'സൂക്ഷ്മ ആധിപത്യസ്വഭാവം' വലിയൊരു അടിച്ചേല്‍പ്പിക്കല്‍ കൂടാതെതന്നെ നിലനിര്‍ത്താന്‍ കഴിയുന്ന മറ്റേതൊരു മർദക സാമൂഹിക സംവിധാനമാണ് ലോകത്തിലുള്ളത്?
സാമൂഹികമായ നിരവധി കീഴ്മേല്‍ മറിച്ചിലുകള്‍ സംഭവിച്ചിട്ടും, പ്രത്യേകിച്ച് ആരും പഠിപ്പിക്കാതെതന്നെ, 'ജാതി' നന്നായി പഠിക്കപ്പെടുകയും അതിനെ തള്ളിപ്പറയുന്ന പുരോഗമനവാദികള്പോലും സ്വന്തം ജീവിതത്തിെൻറ നിർണായക വഴിത്തിരിവുകളില്‍ മാത്രമല്ല പൊതുജീവിതത്തില്പോലും, ഒരു ജാള്യതയുമില്ലാതെ 'ജാതി' പിന്തുടരുകയും ചെയ്യുന്നു. അതിനുമപ്പുറംകടന്ന്, ഔദ്യോഗിക അനുഷ്ഠാനങ്ങളും ആഘോഷങ്ങളുമായി ജാതിമേല്‍ക്കോയ്മ അരങ്ങു തകര്‍ക്കുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ 'ജനകീയ ഹിന്ദുമതത്തിനോ' ഇസ്ലാം മതത്തിനോ, ക്രിസ്തുമതത്തിനോ അതെത്ര 'സങ്കുചിത'മായാല്പ്പോലും മേല്‍ക്കോയ്മ ജാതിയോട് മത്സരിക്കാനാവില്ല. ബോംബിട്ട് ആളെ കൊല്ലാന്‍ സർവബ്രാന്ഡിലുംപെട്ട മതതീവ്രവാദികള്‍ക്ക് കഴിയുമെങ്കിലും, ആ പേരില്‍ 'ജാതിവ്യവസ്ഥക്ക് സമാനമായ' ഒരു ബദല്‍ സമൂഹം അടിയില്‍നിന്ന് കെട്ടിപ്പൊക്കാന്‍ അവര്‍ക്ക് കഴിയില്ല. ഇസ്ലാംമതം മുതല്‍, മറ്റെല്ലാ മതങ്ങളെയും മതരഹിതരെയും ഇന്ത്യയില്‍ 'ജാതി' ഏറക്കുറെ കീഴ്പ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്! തത്ത്വത്തില്‍ 'ജാതിമേല്‍ക്കോയ്മയെ' തള്ളിക്കളയുന്ന മതങ്ങളെപ്പോലും കീഴ്പ്പെടുത്താന്‍ കഴിഞ്ഞ 'ജാതിമേല്‍ക്കോയ്മ'യാണ് ഇന്ത്യയിലെ അസഹിഷ്ണുതയുടെ മുഖ്യസ്രോതസ്സ് എന്ന മൗലികവസ്തുതയാണ്, ജനാധിപത്യ വിശകലനങ്ങളില്നിന്നുപോലും വഴുക്കിപ്പോവുന്നത്. സച്ചാര്‍ കമീഷന് ഇന്ത്യന്‍ മുസ്ലിംകള്‍ക്കിടയിലെ 'അഷ്റഫ്, അജ്ലഫ്, അര്‍സല്‍' എന്ന ത്രിവര്ണങ്ങളെ കൃത്യമായും തിരിച്ചറിയുന്നുണ്ട്. 'ചാതുര്വര്ണ്യത്തിെൻറ മേല്‍ക്കോയ്മാ മാതൃകയാണ്' ഇന്ത്യന്‍ സാമൂഹികജീവിതത്തിെൻറ സാംസ്കാരിക നേതൃത്വമായി സർവസ്ഥലത്തും നിലനില്‍ക്കുന്നത്.
പറഞ്ഞുവരുന്നത്, പലരും കരുതുന്നതുപോലെയും പ്രചരിപ്പിക്കുന്നതുപോലെയും 'ആർ.എസ്.എസ്' ഹിന്ദുമതത്തെ സെമിറ്റിക് മതമാതൃകയിലേക്ക് ചുരുക്കുകയല്ല, മറിച്ചവര്‍ ചാതുര്‍വര്‍ണ്യം നിർദേശിക്കുംവിധമുള്ള 'ജാതിക്രമത്തിലേക്ക്' ഹിന്ദുമതത്തെ മാത്രമല്ല, മനുഷ്യജീവിതത്തെയാകെ സ്വയം ചുരുക്കുകയാണ് ചെയ്തിരിക്കുന്നതെന്ന മൗലികസത്യമാണ്. ഹിന്ദുമത നവോത്ഥാനത്തിെൻറ ഭാഗമായി വിഗ്രഹാരാധനയെ എതിര്‍ത്ത വ്യക്തികളെയും സംഘടനകളെ വരെയും, ബാബരി പള്ളി പൊളിച്ച് രാമജന്മഭൂമി പണിയുന്നതിനുള്ള പ്രവര്‍ത്തനത്തില്‍ അതുകൊണ്ടാണവര്‍ക്ക് അണിനിരത്താന്‍ കഴിഞ്ഞത്. ഹിന്ദു, ഇസ്ലാം, ക്രിസ്ത്യന്‍ ഉള്‍പ്പെടെ സർവ മതങ്ങളും ആ മതത്തിനകത്തുതന്നെ ഒരു പരിധിവരെയെങ്കിലും, വ്യത്യസ്തപ്രവണതകളെ പ്രതിനിധാനംചെയ്യുന്നു എന്നർഥത്തില് 'ബഹുസ്വരമാണ്'. എന്നാല്‍ ജാതിമേല്‍ക്കോയ്മ മർദകമാണെന്ന തോന്നല്‍ സൃഷ്ടിക്കാതിരിക്കുമ്പോഴും മൗലികമായി, ബഹുസ്വരതയെ തിരസ്കരിക്കുംവിധം മർദകമാണ്. അതുകൊണ്ടാണ് വിവിധ മതത്തിലുള്ളവരെയെന്നപോലെ 'മതരഹിത'രെയും സ്വന്തം പ്രതിച്ഛായയില്‍ നിര്മിച്ചെടുക്കാനതിന് കഴിയുന്നത്. 'ജാതിമേല്‍ക്കോയ്മയുടെ' വിമര്‍ശകരാണ് 'ജാതി' ഉണ്ടാക്കുന്നതെന്നും, ജനങ്ങള്‍ മറന്നുതുടങ്ങിയ ജാതിയെ 'പഴംപുരാണങ്ങള്‍' പറഞ്ഞ് അവര്‍ ഓര്‍മിപ്പിക്കുകയാണെന്നും, ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്.
'ജാതിമേല്‍ക്കോയ്മ'യോട് ജീവിതംകൊണ്ട് പൊരുത്തപ്പെടാത്ത, പ്രതിഭാശാലികളുടെ 'ദലിതന് ദലിതനെന്ന് പറയാമെങ്കില്‍, നായര്‍ക്ക് നായരെന്നും പറയാമെന്ന തിസീസ്' സൂക്ഷ്മാർഥത്തില്‍ മേല്‍ക്കോയ്മാ ജാതിവ്യവസ്ഥക്കുള്ള സാധൂകരണമാണ്. ജാതിയുണ്ടാക്കിയതും, അത് പലതരത്തില്‍ അറിഞ്ഞും അറിയാതെയും പറയുന്നതും, പറഞ്ഞും പറയാതെയും കൃത്യമായി അത് പ്രയോഗിക്കുന്നതും, സാക്ഷാല്‍ 'ജാതിമേല്‍ക്കോയ്മാ പ്രത്യയശാസ്ത്രം' ആണെന്നിരിക്കെ, അതിനെ 'പ്രശ്നവത്കരിക്കാതെയും' പ്രതിചേര്ക്കാതെയും, സൃഷ്ടിക്കുന്ന 'കൃത്രിമസമവാക്യങ്ങള്' ജാതിമേല്ക്കോയ്മയെയൊഴിച്ച് മറ്റൊന്നിനെയും സഹായിക്കില്ല. 'അസമമായതിനെ സമമാക്കി' അവതരിപ്പിക്കുന്ന 'മേല്ജാതികലാവിദ്യ'ക്ക് ഇന്ന് വന്‍ സമ്മതി ഉൽപാദിപ്പിക്കാന് കഴിഞ്ഞിട്ടുണ്ട്!
ജാതിമേല്‍ക്കോയ്മയുടെ 'ഉരുക്കുകോട്ട'യായ ഉത്തരേന്ത്യയിലെ, 'രാമപ്രചാരണ രാഷ്ട്രീയം', ദക്ഷിണേന്ത്യയിലേക്ക് ഇത്രപെട്ടെന്ന് കടന്നെത്തുമെന്ന് മുമ്പ് പ്രതീക്ഷിക്കാന്‍ കഴിയുമായിരുന്നില്ല. കെ.എന്‍. പണിക്കര്‍ കണ്ടെത്തിയതുപോലെ 'അയോധ്യ ഹോട്ടലും, അയോധ്യ നഗറും' കേരളത്തിലും വർധിച്ചുകൊണ്ടിരിക്കുന്നു. മതനിരപേക്ഷതയും അതിെൻറ ഹൃദയമായ ബഹുസ്വരതയും വലിയ മുന്നേറ്റങ്ങള്‍ നടത്തിയിട്ടും 'തൊപ്പി'ക്കും 'ളോഹ'ക്കും പൊതുബോധത്തില്‍, 'സൗഹൃദസ്ഥാനം' നേടാന്‍ കഴിഞ്ഞിട്ടില്ല. സവർണത സമം കുലീനത (?) എന്ന സമവാക്യമാണ് ബഹുസ്വരതാ വാചാടോപങ്ങള്‍ക്കിടയിലും കരുത്താർജിക്കുന്നത്. കാളനൊപ്പം കാളയെന്ന് കേള്‍ക്കുമ്പോഴേക്കും വിരണ്ടുപോവുന്ന 'മതേതരത്വം' എത്ര സഹതാപാര്‍ഹമാണ്. ഒരു രാഷ്ട്രത്തിലെ സർവ ഉത്സവങ്ങള്‍ക്കും ദേശീയപദവിക്ക് അര്‍ഹതയുണ്ടെന്ന് കേള്‍ക്കുമ്പോഴേക്കും പരിഭ്രമിച്ചുപോവുന്ന 'സോഷ്യലിസ്റ്റ് ബോധം' എത്ര നിസ്സഹായമാണ്. ഒരു സെക്കുലര്‍ രാഷ്ട്രത്തിെൻറ ഔദ്യോഗിക ചടങ്ങുകളില്‍ ഭൂമിപൂജക്കൊപ്പം ചവിട്ടുനാടകവും മൗലൂദും കൂടി ഉള്‍പ്പെടുത്താവുന്നതാണെന്ന ഒരു തമാശ സഹിക്കാന്‍ പോലുമാവാത്ത ബഹുസ്വരത എത്ര ബലഹീനമാണ്. വിശ്വാസത്തെ 'നിയമ'മായി ശഠിക്കുന്ന 'വിധികളും', ദേശീയതയെ 'മതമാക്കി' മാറ്റുന്ന വംശീയതയും, പൗരത്വത്തെ ന്യൂനപക്ഷ വിരുദ്ധതയായി ചുരുക്കുന്ന രാഷ്ട്രീയ നിലപാടുകളും, മാംസാഹാരം രൗദ്രസ്വഭാവത്തിന് കാരണമാവുന്നുവെന്ന പുതിയ കണ്ടുപിടിത്തങ്ങളും, 'പശു' സർവരോഗസംഹാരിയായ ഒരത്ഭുത ജന്തുവാണെന്ന പ്രകീര്‍ത്തനങ്ങളും സംസ്കൃതമാണ് ദേശീയഭാഷയാവേണ്ടതെന്ന കണ്ടെത്തലും, അധികാര വിമര്‍ശകരെയാകെ ദേശദ്രോഹികളാക്കിയുള്ള ചാപ്പകുത്തലും കുറച്ചുകൂടി മുന്നേറിയാല്‍ ഉറപ്പ്, പൊളിക്കപ്പെട്ട ബാബരി പള്ളിക്കൊപ്പം നമ്മുടെ മതനിരപേക്ഷ ജീവിതമാകെ പൊളിയും.