'പാടിത്തീരാത്ത ഗസൽ'; ഉമ്പായിയെ ഓർക്കുന്നു
ആഗസ്റ്റ് 1. ഉമ്പായിയുടെ ഓർമദിനം. കൊച്ചിയുടെ സാംസ്കാരിക അന്തരീക്ഷത്തിൽ എങ്ങനെയാണ് ഉമ്പായി എന്ന ഗസൽ പടർന്ന് ഒഴുകിയതെന്ന് കൊച്ചിയുടെ ചരിത്രകാരനും ചിത്രകാരനുമായ ലേഖകൻ എഴുതുന്നു.
1
''പച്ചയായ മനുഷ്യരിലാണ് സംഗീതത്തിെൻറ ഓജസ്സും തേജസ്സും തെളിഞ്ഞുകാണുന്നത്, അവരെ മറന്ന് കൊച്ചിയുടെ കഥ പറയാൻ
ആർക്കുമാവില്ല''
●ഉമ്പായി (ആത്മകഥ 'രാഗം ഭൈരവി'യിൽനിന്ന്)
കുരുടൻ പരീക്കുട്ടി എന്ന് കൊച്ചിക്കാർ വിളിച്ച അന്ധൻ മനക്കണ്ണിൽ ഒരു കഥ കണ്ടു - പള്ളിപെരുന്നാളിനിടയിൽ ആനയിടഞ്ഞു, പരിഭ്രാന്തരായി ആളുകൾ ഓടി; തുടർന്ന് അനേകം തൊന്തരവുകൾ! മനസ്സിൽ മെനഞ്ഞ കഥ വരികളായി ക്രമീകരിച്ച് പറഞ്ഞു കേട്ട് പാട്ടുകാരൻ എച്ച്. മെഹബൂബ് വരികളെ പാട്ടായി ചിട്ടപ്പെടുത്തി. ജനസദസ്സുകളിൽ പാടി. കൊച്ചിക്കാർ ഏറ്റുപാടി-
''തീർച്ചയില്ലാ ജനം നേർച്ചാകാണുമ്പോ-
ളൊരാനവിരണ്ടതിനാളുകളോടീട്ട്
ഇതെന്തൊരു തൊന്തരവാണിത് കേള്...''
കണ്ണൻ പരീക്കുട്ടിയും എച്ച്. മെഹ്ബൂബും ഇന്ന് ജീവിച്ചിരിപ്പില്ല. പക്ഷേ, അവരുടെ പാട്ട് കൊച്ചിക്കാരിൽ ജീവിക്കുന്നു; പാട്ടിനോടൊപ്പം കണ്ണൻ പരീക്കുട്ടിയുടെയും എച്ച്. മെഹ്ബൂബിെൻറയും പെരുന്നാളിന് ആനയിടഞ്ഞുണ്ടായ തൊന്തരവുകളുടെ കഥകളും.
ജീവിതകഥകൾ പാട്ടുകളായി ജനമനസ്സുകളിൽ സൂക്ഷിക്കപ്പെടുന്നു കൊച്ചിയിൽ. പാട്ടിെൻറ വരിയറ്റം പിടിച്ച് അന്വേഷിച്ചുചെന്നാൽ കഥയിലെത്തും.
തുറമുഖത്തൊഴിലാളി നേതാവായിരുന്ന സുലൈമാൻ മാഷ് എഴുതി എച്ച്. മെഹ്ബൂബ് പാടി കൊച്ചിക്കാർ ഇന്നും ഏറ്റുപാടുന്ന മറ്റൊരു പാട്ട്-
''നത്തും കോഴിയും കൂകണനേരം
പാതിരാവില് പാതേല്
കൂരാക്കൂരിരുൾ കെട്ടില് നീ തപ്പി
ചാപ്പയ്ക്കോടിയതോർക്കുന്നോ..?''
പാട്ടിലെ ജീവിതകഥ: കൊച്ചിതുറമുഖത്ത് പണിക്കുള്ള അനുവാദമായിരുന്നു ചാപ്പ. കടുത്ത ദാരിദ്ര്യത്തിെൻറയും തൊഴിലില്ലായ്മയുടെയും കാലത്ത് കൊച്ചി തുറമുഖത്ത് കൂലിപ്പണി കിട്ടാൻ ചാപ്പ ലഭിക്കണമായിരുന്നു. പണി വേണ്ടവർ അനേകം. പണിയവസരങ്ങളും ചാപ്പകളും പരിമിതം. ചാപ്പ കിട്ടിയില്ലെങ്കിൽ പണി ഇല്ല. കൂലി ഇല്ല. വിശപ്പ് മാറ്റാൻ ഭക്ഷണം ഇല്ല. അതിനാൽ ചാപ്പ ലഭിക്കാൻ അധികൃതർ കനിയാൻ കൈനീട്ടണമായിരുന്നു. മറ്റു പണിക്കാരുമായി മത്സരിക്കണമായിരുന്നു.
തുറമുഖത്ത് 'സാഗർ വീണ' എന്ന കപ്പലിലെ കയറ്റിറക്ക് സംബന്ധിച്ച് കൂലിത്തർക്കമുണ്ടായി. പ്രശ്നം പണിക്കാരുടെ സമരത്തിലെത്തി. 1953 സെപ്റ്റംബർ 15ന് സമരക്കാർക്കുനേരെ വെടിവെപ്പുണ്ടായി. സെയ്ത്, സെയ്താലി എന്നിവർ തൽക്ഷണവും ആൻറണി പിന്നീട് ക്രൂരമർദനമേറ്റും മരിച്ചു. പാട്ടുണ്ടായി. എഴുതിയത് പിന്നീട് 'ഭരത്' അവാർഡു നേടിയ പി.ജെ. ആൻറണി. പാട്ട്-
''കാട്ടാളൻമാർ നാടുഭരിച്ചു
നാട്ടിൽ തീമഴ പെയ്തപ്പോൾ
പട്ടാളത്തെ പുല്ലായ് കരുതിയ
മട്ടാഞ്ചേരി മറക്കാമോ..?'' ഇന്നും മട്ടാഞ്ചേരി വെടിവെപ്പിനെ സ്മരിക്കുന്ന ചടങ്ങിൽ പാടുന്ന പാട്ട്.
പാട്ടിലെ മനുഷ്യപ്പറ്റ് കൊച്ചിക്ക് പാട്ടുസംസ്കാരത്തിെൻറ പരിസ്ഥിതി നൽകിയിരിക്കുന്നു. അതിനാൽ കൊച്ചിയിൽ അനേകം പാട്ടുകാർ, പാട്ടാസ്വാദകർ, പാട്ടു പ്രോത്സാഹകർ. കൊച്ചിയിൽ മട്ടാഞ്ചേരി-ഫോർട്ടുകൊച്ചി പ്രദേശം എന്ന ഏകദേശം 4.5 സ്ക്വയർ കിലോമീറ്റർ ഭൂവിസ്താരത്തിൽ എത്ര പാട്ടുകാരും പാട്ടുപകരണങ്ങളുടെ വാദകരുമുണ്ടെന്ന് കണക്കെടുത്താൽ അത് സാമൂഹികശാസ്ത്രകാരന്മാർക്ക് പഠനവിഷയമാകുന്നതിൽ അത്ഭുതപ്പെടാനില്ല.
കൊച്ചിയുടെ പാട്ടുപരിസ്ഥിതി തിരിച്ചറിഞ്ഞിരുന്നു ഉമ്പായി. ആത്മകഥയിൽനിന്ന്: ''സംഗീതകലയുടെ നീരോട്ടമുള്ള ഈ മണ്ണിെൻറ വിശേഷതയാണ് എന്നിലെ സംഗീതജ്ഞനെ ഉണർത്തിയത്. ഈ നല്ല മണ്ണിൽ ജനിച്ചു വളരാൻ കഴിഞ്ഞത് എെൻറ ഭാഗ്യം!''
കൊച്ചിയിൽ പാട്ട് സാംസ്കാരികവൈവിധ്യമുള്ളതാണ്. നൂറ്റാണ്ടുകൾക്കു മുമ്പ് അന്തർദേശീയ തുറമുഖവും ചന്തയുമായി രൂപപ്പെട്ട കൊച്ചിയിൽ ലോകത്തിെൻറയും ഇന്ത്യയുടെയും വിവിധയിടങ്ങളിൽനിന്ന് വന്ന ഭാഷ, വംശ, സമൂഹങ്ങളിലെ പാട്ടുകൾ ജനജീവിതത്തിൽ പുലരുന്നു.1950 ജൂൺ 10ന് പടിഞ്ഞാറൻകൊച്ചിയിൽ നെല്ലുകടവിൽ ജനിച്ച ഉമ്പായി എല്ലാ കൊച്ചിക്കാരെയുംപോലെ കൊച്ചിയുടെ പാട്ടുപരിസ്ഥിതിയിൽ പല ഭാഷ, പലതരം പാട്ടുകൾ കേട്ടിട്ടുണ്ടാവണം, ആസ്വദിച്ചിട്ടുണ്ടാവണം. യഹൂദർ പാടുന്ന അരാമിയ ഭാഷാ പാട്ട്-
''മന്നാ ഊ ആറേ, ഏ ആറിം റഗ് ലേ
മേബർ സേ ശാലോം, മേബിനിയായീരേ...''
പോർചുഗീസുകാർ പ്രചരിപ്പിച്ച ആംഗ്ലോ- ഇന്ത്യൻ വിവാഹചടങ്ങിെൻറ ഭാഗമായ പാട്ട്-
''ലൗ ദാത്തേ ദോമിനും ഓണസ് ജെൻറി
ലൗ ദാത്തേ കുമ്മോനസ് പോപ്പുലി...''
കൊങ്കിണികൾ പൂർവിക ഭൂമിയായ ഗോവയുടെ സ്മരണയിൽ കാക്കയോട് പാടുന്ന പാട്ട്-
''കൈളാതു, കൈളാതു ഗോയാൻതു ഗെല്ലൊവേ-
ഗോയാൻതു ചെല്ലാല മമ്മാ ദിക്കിലവേ''
മഹാജനവാടി, ശേർവാടി കന്നട പാർപ്പുകേന്ദ്രങ്ങളിൽ ദേവിയെ ആരാധിക്കുന്ന ഉത്സവകാല പാട്ട്-
''അമ്മ ബാരമ്മ, നമ്മ തായ് ബാരമ്മ
മൂന്നുലോക ദൊഡയാ ശിവനാ റാണി ബാരമ്മ...''
ഗണേശോത്സവത്തിന് ഗണപതിവിഗ്രഹവുമായുള്ള ഘോഷയാത്രയിൽ പാടുന്ന ഭക്തകവി രാംദാസിെൻറ സ്തുതിഗീതം-
''സുഖ് കർതൃ ദുഃഖ കർതൃ വാർത്ത വിഘ്നാചി
സുരവി പുരവി പ്രേം കൃപാ ജയാചി.''
പാണ്ടിക്കുടിയിൽ തമിഴ് വണിയരുടെ മാരിയമ്മൻ ക്ഷേത്രത്തിലെ കുമ്മിയടിപ്പാട്ട്, കോലടിപ്പാട്ട്, ഗുജറാത്തി-മാർവാടി-കച്ചി-രാജസ്ഥാനി സമൂഹങ്ങളുടെ ആഘോഷ പാട്ടുകൾ എന്നുതുടങ്ങി വിവിധ ഭാഷാസംസ്കാരങ്ങളുടെ പാട്ടുകൾ കൊച്ചിയുടെ നാക്കാണ്, കാതാണ്, ആസ്വാദനവിഭവങ്ങളാണ്. കൊച്ചിയുടെ സമ്പന്നമായ പാശ്ചാത്യ സംഗീത പാരമ്പര്യത്തെയും കർണാടക സംഗീത പാരമ്പര്യത്തെയും ഉമ്പായി സ്വാഭാവികമായി അറിഞ്ഞിരിക്കണം.
മേലെ എഴുതിയ ഒരു ഭാഷ-വംശ- സമൂഹ പാട്ടും സിനിമാ പാട്ടല്ല, കൊച്ചിയിൽ സാമൂഹിക ജീവിതത്തിെൻറ ഭാഗമായി നിലനിൽക്കുന്ന സാംസ്കാരിക ചിഹ്നങ്ങളാണ്. പതിറ്റാണ്ടുകൾ കൊച്ചിക്കാർ പാടിനടന്ന കുരുടൻ പരീക്കുട്ടിയുടെയും എച്ച്. മെഹ്ബൂബിെൻറയും ''തീർച്ചയില്ലാ ജനം'' എന്ന പാട്ട് അടുത്തകാലത്ത് മലയാള സിനിമയിൽ ഉപയോഗിച്ചു. പാട്ട് എന്നാൽ സിനിമാ പാട്ടാണ് ശരാശരി മലയാളിക്ക്. എന്നാൽ, സിനിമാ പാട്ടുകൾ അല്ലാത്ത പാട്ടുകൾ മനുഷ്യജീവിതത്തിൽ ജൈവസാന്നിധ്യമായി നിലനിൽക്കുന്നു കൊച്ചി സംസ്കാരത്തിൽ. ഇത് മനസ്സിലാക്കിയതിനാലാവാം ഉമ്പായി സിനിമാപ്പാട്ട് പാടാനുള്ള ഭാഗ്യാന്വേഷണത്തിന് പോയില്ല.
കുട്ടിക്കാലം മുതൽക്കെ പാട്ടിനോട് കമ്പമായിരുന്ന ഉമ്പായി പത്താം ക്ലാസ് പരീക്ഷ തോറ്റു. ഔദ്യോഗിക പഠനത്തെക്കാൾ പ്രകൃത്യാൽ കമ്പം പാട്ടിനോട്. തബലവാദകനാകാൻ താൽപര്യം. സ്വയം തബലവാദനം അഭ്യസിച്ചു. കൊച്ചിയിൽ കല്യാണാഘോഷം പൊലിപ്പിക്കാൻ പാട്ടുണ്ടാകാറുണ്ട്. ഒരു കല്യാണാഘോഷത്തിൽ എച്ച്. മെഹ്ബൂബിെൻറ തബലവാദകൻ വന്നെത്താത്തതിനാൽ ഉമ്പായി തബലവാദകനായി. പിന്നീട് മെഹ്ബൂബിനൊപ്പം പരിപാടികളിൽ പങ്കെടുത്തു. മെഹ്ബൂബിെൻറ സുഹൃത്തായി.
ഉർദു സംസാരിക്കുന്ന ദെഖ്നി മുസ്ലിം സമുദായാംഗമായിരുന്നു എച്ച്. മെഹ്ബൂബ്. ദെഖ്നികളുടെ ചടങ്ങുകൾ പാട്ടുള്ളവയാണ്. കല്യാണപ്പെണ്ണിെൻറ സാന്നിധ്യത്തിൽ സ്ത്രീകൾ ഡോൽ കൊട്ടി പാടുന്ന ചടങ്ങുണ്ട്. സ്ത്രീപാട്ടുസംഘത്തിന് ''ദഹിറക്കൂട്ടം'' എന്ന് പേര്. മരണാനന്തരം മുപ്പത്തിയൊമ്പതാം ദിവസം രാത്രി, ബന്ധുമിത്രങ്ങൾ കൂടിയിരുന്ന് രാത്രി മുഴുവൻ മരിച്ചയാളെപ്പറ്റി ദ്രുതകവിതയെഴുതി പാടുന്ന ചടങ്ങുണ്ട്. ഉർദുഭാഷാ സമൂഹമെന്ന നിലയിൽ ഉർദുകവിതകളുമായും ഗസലുകളുമായും പൈതൃകബന്ധം ദെഖ്നികൾക്ക്. ഗസലുകൾ വശമായിരുന്നു എച്ച്. മെഹ്ബൂബിന്. ഗസലുമായുള്ള ഉമ്പായിയുടെ ബന്ധത്തിന് രാസത്വരകമായി എച്ച്. മെഹ്ബൂബുമായുള്ള സൗഹൃദം.
മെഹ്ബൂബ് ഉപദേശിച്ചു: ''തബല ശാസ്ത്രീയമായി അഭ്യസിക്കാൻ ബോംബെയിൽ പോകണം!''
കപ്പൽജോലിക്കാരനാകാനുള്ള പഠനത്തിന് ഉമ്പായി ബോംബെയിൽ പോയി. തബലവാദനം അഭ്യസിക്കുകയായിരുന്നു മനസ്സിലെ ഗൂഢലക്ഷ്യം.
2
''തോന്ന്യാസജീവിതത്തിെൻറ ആഴക്കടലിൽ
മുങ്ങിത്താണ നിസ്സാരനായ ഈ പാട്ടുകാരന് എന്ത്
സന്ദേശമാണ് എെൻറ ജീവിതംകൊണ്ട്
സമൂഹത്തിന് നൽകാനാകുന്നത്!''
●ഉമ്പായി (ആത്മകഥ 'രാഗം ഭൈരവി'യിൽനിന്ന്)
ബോംബെ യാത്രയിൽ തീവണ്ടിയിൽ ഉമ്പായിയോടൊപ്പം ഇടപ്പള്ളിവരെ എച്ച്. മെഹ്ബൂബ് യാത്ര ചെയ്തു. ഇടപ്പള്ളിയിൽ വണ്ടിയിറങ്ങി മെഹ്ബൂബ് ഉമ്പായിയെ യാത്രയാക്കി. ഉമ്പായിയുടെ യാത്രയുടെ യഥാർഥ ലക്ഷ്യം മെഹ്ബൂബ് അറിഞ്ഞിരുന്നുവെന്ന് സംശയിക്കാം.
ആത്മകഥയുടെ ആമുഖത്തിൽ ഉമ്പായി സ്വയം അവതരിപ്പിക്കുന്നു ''തോന്ന്യാസജീവിത''ക്കാരനെന്ന്. ഉമ്പായി തോന്നിയതുപോലെ സ്വതന്ത്രനായി ജീവിച്ചു. തബലവാദനം ശാസ്ത്രീയമായി അഭ്യസിക്കുക എന്ന കമ്പം, കലാകാരെൻറ ക്രിയാത്മകമായ തോന്ന്യാസം.
തബലവാദനം അഭ്യസിക്കാൻ ഗുരുവിനായുള്ള അന്വേഷണത്തിലേർപ്പെട്ടു. ജീവിക്കാൻ ആവശ്യമായ പണമില്ല. അതിനിടയിൽ തബലവാദനം അഭ്യസിക്കണം. ആരിൽനിന്നാണ് അഭ്യസിക്കുക?!
ഉമ്പായി തബലവാദനം അഭ്യസിക്കാൻ ഗുരുവിനെ തേടിനടന്നു ബോംബെയിൽ, സ്വപ്നാടകനെപ്പോലെ.
ബോംബെയിൽ മലബാർഹില്ലിൽ പോകാനിടയായി. അവിടെ അവിചാരിതമായി കണ്ടു വെള്ള വസ്ത്രങ്ങൾ അണിഞ്ഞ ഒരാൾ തബലവാദനം അഭ്യസിപ്പിക്കുന്നത്. പതിവായി മലബാർ ഹില്ലിൽ പോയി തബലവാദനം അഭ്യസിപ്പിക്കുന്നത് നോക്കിനിന്നു. തബലവാദനം അഭ്യസിപ്പിക്കുന്ന ഉസ്താദിന് പരിചിതമായി ഉമ്പായിയുടെ മുഖം. ഒരുദിവസം ഉസ്താദ് അരികിലേക്ക് വിളിച്ച് ചോദിച്ചു: ''നീ മലബാറിയാണോ?'' തബലവാദനം അഭ്യസിക്കണമെന്ന ആഗ്രഹം ഉമ്പായി അറിയിച്ചു.
ഗുരുകുല സമ്പ്രദായത്തിലെന്നപോലെ ഉമ്പായി ഉസ്താദിൽനിന്ന് തബലവാദനം അഭ്യസിച്ചു. അക്കാലത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ലോറികഴുകൽ പണിയെടുത്തു.
ഒരുദിവസം മുറിയിലിരുന്ന് മുകേഷിെൻറ ''ആസൂ, ഭരീ ഹേ'' പാടുകയായിരുന്നു. അവിചാരിതമായി ഉസ്താദ് കടന്നുവന്നു. പാട്ട് കേട്ടു. പാട്ട് കഴിഞ്ഞ് ഉസ്താദ് നിർദേശിച്ചു: ''മനോഹരമായ ശബ്ദം, ഇനി മുതൽ നീ പാടിയാൽ മതി.''
ഉസ്താദിനെ അനുസരിച്ചു. ഹിന്ദുസ്ഥാനി പാട്ടിെൻറയും ഗസലിെൻറയും ലോകത്തേക്ക് ഉമ്പായി കടന്നുവന്നു.
കൊച്ചിയിൽ തിരിച്ചെത്തിയ ഉമ്പായി ശാസ്ത്രീയമായി അഭ്യസിച്ച പാട്ടുകാരനും തബലവാദകനുമായിരുന്നു. തോന്ന്യാസജീവിതം എന്ന് ഉമ്പായി സ്വയംവിശേഷിപ്പിച്ച കലാകാരെൻറ സ്വാതന്ത്ര്യ ജീവിതത്തിെൻറ വഴി വരുംനാളുകളിൽ ഉമ്പായിയെ കൂടുതൽ ക്രിയാത്മകങ്ങളായ ഇടങ്ങളിലെത്തിച്ചു.
3
''എെൻറ തലമുറ ആഗ്രഹിച്ചതും എന്നാൽ
കിട്ടാതെ പോയതുമായ ശാസ്ത്രീയസംഗീത
പഠനസൗകര്യങ്ങൾ പുതിയ തലമുറക്ക്
നേടിക്കൊടുക്കക എന്നതാണ് ഇനിയുള്ള എെൻറ
അൽപ്പായുസ്സുകൊണ്ട് ഞാൻ ലക്ഷ്യമിടുന്നത്''
●ഉമ്പായി (ആത്മകഥ 'രാഗം ഭൈരവി'യിൽനിന്ന്)
മട്ടാഞ്ചേരിയിലെ വിഠോഭ ക്ഷേത്രത്തിൽ ഓരോ കൊല്ലവും സംഘടിപ്പിക്കുന്ന ആഘോഷമാണ് സംഗീതസപ്താഹം. ഭീംസേൻ ജോഷി, പണ്ഡിറ്റ് ജസ് രാജ്, കുമാർ ഗന്ധർവ എന്നുതുടങ്ങി ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രമുഖർ പാടിയിട്ടുണ്ട് ക്ഷേത്രത്തിൽ. ഏറെയൊന്നും കൊട്ടിഗ്ഘോഷിക്കപ്പെട്ടിട്ടില്ലാത്ത ഈ പരിപാടി ജാതി മത ഭേദമില്ലാതെ ഏവർക്കും സംഗീതം ആസ്വദിക്കാവുന്ന വേദിയാണ്. കൊച്ചിയുടെ ഹിന്ദുസ്ഥാനി സംഗീത ബന്ധത്തിെൻറ കേന്ദ്രം. ഹിന്ദുസ്ഥാനി സംഗീതത്തിെൻറ കൊച്ചിയിലെ അവതരണത്തിനും ആസ്വാദനത്തിനും സാമ്പത്തിക പിന്തുണ നൽകാൻ തയാറാകുന്ന കച്ചവട പ്രമുഖർ എക്കാലത്തും കൊച്ചിയിലുണ്ടായിരുന്നു. അതിനാൽ ഉസ്താദ് ബിസ്മില്ല ഖാൻ, പണ്ഡിറ്റ് രവിശങ്കർ, ഉസ്താദ് അല്ല രാഖ, ഉസ്താദ് സക്കീർ ഹുസൈൻ, ബീഗം അക്തർ, പർവീൺ സുൽത്താന എന്നുതുടങ്ങി മുഹമ്മദ് റഫി വരെയുള്ളവർ വന്ന് കല അവതരിപ്പിച്ച കഥയുണ്ട് കൊച്ചിക്ക്. സംഗീത പ്രേമികളുടെ ക്ഷണം സ്വീകരിച്ച് ജാൻ മുഹമ്മദ് സാഹിബ് (ബാബുരാജിെൻറ പിതാവ്), ഗുൽ മുഹമ്മദ് സാഹിബ്, മങ്കേഷ് റാവു ഗോൾവാൾക്കർ, തബലവാദകൻ ബിച്ചു മുഹമ്മദ് ഉസ്താദ് എന്നിവരും വന്നെത്തിയ പശ്ചാത്തലമുണ്ട് കൊച്ചിയുടെ സംഗീതത്തിന്.
സംഗീതത്തിെൻറ നീരോട്ടമുള്ള മണ്ണ് എന്ന് ഉമ്പായി വിശേഷിപ്പിച്ച കൊച്ചിയിൽ ഹിന്ദുസ്ഥാനി വിദ്യാഭ്യാസവുമായി തിരിച്ചെത്തിയ ഉമ്പായി മുമ്പെന്നത്തെയുംപോലെ തോന്ന്യാസത്തിെൻറ, സ്വാതന്ത്ര്യത്തിെൻറ ക്രിയാത്മകമായ വഴിയിലൂടെ നടന്നു. അതിെൻറ ഫലമായിരുന്നു 'രാഗ്' എന്ന സംഘടന. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)യുടെ പിന്തുണയോടെ യുവാക്കൾക്കായി ആരംഭിച്ച 'രാഗി'െൻറ മുഴുരൂപം റെഡ് ആർട്ട് ഗ്രൂപ്. ഉമ്പായിയുടെ നേതൃത്വമായിരുന്നു രാഗിന്. രാഗിലെ കലാകാരന്മാർ ഗസൽ പാടി. പ്രശസ്ത ഗസൽ പാട്ടുകാരുടെയും പാട്ടുകളുടെയും കൊച്ചി പതിപ്പുകൾ രാഗിൽ ഉണ്ടായി. രാഗിെൻറ സംഗീത പരിപാടികളിലൂടെ ഗസൽ ജനകീയമായിക്കൊണ്ടിരുന്നു.
എച്ച്. മെഹ്ബൂബിെൻറ ഓർമക്കായി മെഹ്ബൂബ് മെമ്മോറിയൽ ഓർക്കസ്ട്ര രൂപവത്കരിച്ചു. ഇതിെൻറ നായകത്വവും ഉമ്പായിക്കായിരുന്നു. കേരളത്തിലെ ആദ്യ ഗസൽ പാട്ടുസംഘമായി അറിയപ്പെട്ടു മെഹ്ബൂബ് മെമ്മോറിയൽ ഓർക്കസ്ട്ര. 1985 സെപ്റ്റംബർ 25ന് കോഴിക്കോട്ട് സംഘടിപ്പിച്ച ചടങ്ങിൽ വൈക്കം മുഹമ്മദ് ബഷീർ ഉദ്ഘാടകൻ.
കൊച്ചി നഗരത്തിൽ പ്രമുഖ ഹോട്ടലിലും റസ്റ്റാറൻറിലും അനുദിന ഗസൽ പാട്ട് പരിപാടി ആരംഭിച്ചത് ഗസലിെൻറ ജനകീയത വർധിപ്പിച്ചു. ഒറ്റക്ക് ഗസൽ പരിപാടികളിൽ പാടിത്തുടങ്ങി. പാട്ടു പരിപാടികളുമായി യാത്രചെയ്തു. ഒരു യാത്രയിൽ സുഹൃത്ത് തക്കിയുദ്ദീൻ വാഹിദ് ഉപദേശിച്ചു: ''മലയാളം ഗസലിനെക്കുറിച്ച് ചിന്തിച്ചൂടെ?'' മലയാളം ഗസൽ എന്ന ആശയം ഉമ്പായിയുടെ തലവരയായി.
മലയാളം ഗസലിനായുള്ള അന്വേഷണം. ''ഗസൽ ഭാവങ്ങളുള്ള കവിത വേണം'' കവികളെ സമീപിച്ചു. ആശയം നന്നെന്ന് ഏവരും അഭിപ്രായപ്പെട്ടു. കവി വേണു വി. ദേശം പറഞ്ഞു: ''നമുക്ക് കൂട്ടായി ശ്രമിക്കാം.'' കൊച്ചി സർക്കാർ ഗെസ്റ്റ് ഹൗസിൽ എഴുതിയും തിരുത്തിയും പാടിയും പറഞ്ഞും ദിവസങ്ങൾ കഴിഞ്ഞപ്പോൾ മലയാളം ഗസൽ എന്ന പാട്ടുവഴി രൂപപ്പെട്ടു. എട്ട് പാട്ടുകളുള്ള 'പ്രണാമം' എന്ന ആദ്യ മലയാളം ഗസൽ ആൽബം!
തോന്ന്യാസത്തിെൻറ സ്വാതന്ത്ര്യമുള്ള ക്രിയാത്മക വഴിയിലൂടെ നടന്ന ഉമ്പായി ചെന്നെത്തിയത് മലയാളം ഗസലിെൻറ സ്രഷ്ടാവ് എന്ന ചരിത്രപ്രാധാന്യത്തിലേക്ക്. പുതുവഴി വെട്ടുക എന്നത് ലളിതമല്ല. വെട്ടിയ പുതുവഴി പൊതുവഴിയാകുന്നത് അപൂർവം. മലയാളത്തിൽ അറിയപ്പെടുന്ന ഏതാണ്ട് എല്ലാ പാട്ടുകാരും സിനിമാ വഴിയിലൂടെ മാത്രം പ്രശസ്തിയിലേക്ക് നടന്നപ്പോൾ തെൻറ 'തോന്ന്യാസ'പാട്ടു വഴികളിലൂടെ മലയാളികളുടെ സംഗീതാസ്വാദന ബോധത്തിൽ കടന്നുവന്ന് സ്ഥാനമുറപ്പിച്ചു ഉമ്പായി. ഇതിന് ഉമ്പായിക്ക് ധൈര്യം നൽകിയത് സിനിമാ പാട്ടുകൾക്കപ്പുറം കൊച്ചി സാംസ്കാരികതയിൽ നൂറ്റാണ്ടുകളായി ജൈവസാന്നിധ്യമായി തുടരുന്ന വൈവിധ്യമാർന്ന പാട്ടുപാരമ്പര്യമായിരിക്കണം.
പരമ്പരാഗത ഗസലിെൻറ ചട്ടക്കൂടിൽ ഒതുങ്ങാത്ത സ്വതന്ത്ര മട്ടിലുള്ള മലയാളം ഗസൽ പാട്ടുവഴി മലയാളിക്ക് കാണിച്ചുതന്ന് ഉമ്പായി കടന്നുപോയിരിക്കുന്നു. മലയാളം ഗസൽവഴിയിൽ ഇനിയും നടക്കാൻ ആഗ്രഹിച്ചിരുന്നു ഉമ്പായി. അതിനാൽ രോഗബാധിതനായിട്ടും ഉമ്പായി സുഹൃത്തുക്കളെ കൊച്ചിയിൽ വിളിച്ചുകൂട്ടി ഒരു ഗസൽ അക്കാദമി തുടങ്ങുന്നതായി പ്രഖ്യാപിച്ചു. മലയാളം ഗസൽ എന്ന പാട്ടുവഴിയിൽ അടുത്ത ചുവടായി ഉമ്പായി ചൂണ്ടിക്കാട്ടിയ ഗസൽ അക്കാദമി രൂപവത്കരണം എന്ന ക്രിയാത്മക നിർദേശത്തിെൻറ ഭാവി പിൻഗാമികളുടെ ക്രിയാത്മകതയിൽ!