മാപ്പ്, ഹിന്ദുരാഷ്ട്രം, ഒറ്റുകൊടുക്കൽ, ഗാന്ധിവധം: എന്നിട്ടും സവർക്കർ എങ്ങനെ വീർ ആയി?
രാഷ്ട്രപിതാവ് മഹാത്മജിയെ വധിച്ച കേസിലെ ആറാം പ്രതിയായിരുന്നു വിനായക് ദാമോദർ സവർക്കർ.1883ൽ മഹാരാഷ്ട്രയിലെ ചിത്പാവൻ ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച് 1966ൽ എൺപത്തി മൂന്നാമത്തെ വയസ്സിൽ മരിക്കുന്നതുവരെയും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിെൻറ വീേരതിഹാസവുമായി ബന്ധപ്പെട്ട് ഏറെയൊന്നും ചർച്ചചെയ്യപ്പെടാത്ത പേരായിരുന്നു സവർക്കറിേൻറത്. പ്രശസ്തനായ ഇന്ത്യൻ-ഇംഗ്ലീഷ് കോളമിസ്റ്റ് വീർ സംഘ്വിയുടെ നിരീക്ഷണത്തിൽ 1990കൾക്ക് ശേഷം ഇന്ത്യയിൽ ബി.ജെ.പി സർക്കാർ അധികാരത്തിലെത്തുന്നതോടെയാണ് സവർക്കറിനെ സ്വാതന്ത്ര്യ സമരനായകനായി 'ചരിത്രത്തിൽ പുനരധിവസിപ്പിക്കാനുള്ള' നീക്കം ആസൂത്രിതമായി ആരംഭിക്കുന്നത് (1). അതിെൻറ ഇങ്ങേയറ്റത്തെ ഒരു ശ്രമമായിരുന്നു കേസരി (ആർ.എസ്.എസിെൻറ മലയാളം വാരിക)യിൽ 'സവർക്കർ ഭാരതാംബയുടെ പ്രിയപുത്രൻ' എന്ന പേരിൽ ഹരീഷ് കെ. എഴുതിയ ലേഖനം.
1911ൽ അന്തമാൻ ദ്വീപിലെ കാലാപാനി സെല്ലുലാർ ജയിലിൽ തടവുകാരനാക്കപ്പെട്ട വിനായക് ദാമോദർ സവർക്കർ സഹിച്ച പീഡനങ്ങളും ത്യാഗങ്ങളും വിവരിക്കുന്നതോടൊപ്പം തടവറക്കുള്ളിലിരുന്ന് മോചനത്തിനായി അദ്ദേഹം ബ്രിട്ടീഷ് അധികാരികൾക്ക് മുന്നിൽ സമർപ്പിച്ച തുടർച്ചയായ ദയാഹരജികളെ (മാപ്പപേക്ഷകളെ) കേവലം കത്തുകളായും ജാമ്യാപേക്ഷകളായും ഒന്നുകൂടി കടത്തി ''ശത്രു ശക്തനായിരിക്കുമ്പോൾ അനുനയിപ്പിച്ച് സൂത്രത്തിൽ രക്ഷപ്പെടുക എന്ന ഛത്രപതി ശിവജിയുടെ യുദ്ധതന്ത്രങ്ങളിലൊന്നാ''യും സമീകരിക്കാനുള്ള ലേഖകെൻറ ശ്രമം യുക്തിഭദ്രമല്ലാത്ത വാദങ്ങളുയർത്തി ഭീരുവായ സവർക്കറെ ധീരനായും കൂർമബുദ്ധിശാലിയായും ബിംബവത്കരിക്കാനുള്ള വൃഥാശ്രമം മാത്രമാണ്. രാജ്യം ആസേതുഹിമാചലം ബ്രിട്ടീഷുകാർക്കെതിരെ തോളുരുമ്മി പട പൊരുതുമ്പോൾ ബ്രിട്ടീഷ് സൈന്യത്തിലേക്ക് ഹിന്ദു യുവാക്കളെ റിക്രൂട്ട് ചെയ്തു നൽകുന്ന ഏജൻസിയായി പ്രവർത്തിച്ച ഹിന്ദുമഹാസഭയുടെ നേതാവായിരുന്നു സവർക്കർ. ''ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ഇന്ത്യയിൽനിന്ന് കെട്ട് കെട്ടിക്കാൻ സൈന്യത്തിനുള്ളിൽ തന്നെ കലാപം നടത്തുന്നതിെൻറ ഭാഗമായിട്ടായിരുന്നു'' ഈ ഏജൻസി പണിയെന്ന വിചിത്രമായ വാദമുഖവും ലേഖകൻ ഉയർത്തുന്നുണ്ട്.
സവർക്കറിെൻറ ദ്വിമുഖ പൊതുജീവിതം
1904ൽ സ്വാതന്ത്ര്യസമര സേനാനി എന്ന നിലയിൽ ആരംഭിച്ച സവർക്കറിെൻറ പൊതുജീവിതം 1911ൽ സെല്ലുലാർ ജയിലിൽ അടയ്ക്കപ്പെടുന്നതിനു മുൻപും ശേഷവും എന്ന രീതിയിൽ രണ്ട് ഘട്ടങ്ങളിലായി വിലയിരുത്തപ്പെടേണ്ടതുണ്ട്. സമര പോരാളി, എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിൽ പ്രവർത്തിച്ച സവർക്കറിെൻറ ചിന്തയെ സ്വാധീനിച്ചത് മാതൃഭൂമിയായ ഇന്ത്യയുടെ മോചനം ഹിന്ദു-മുസ്ലിം ഐക്യത്തിലൂന്നിയുള്ള ഉറച്ച പോരാട്ടത്തിലൂടെയാവണമെന്നായിരുന്നു. ഈ ചിന്തയുടെ പ്രതിഫലനമായിരുന്നു സവർക്കർ ഇംഗ്ലണ്ടിൽെവച്ച് 1907ൽ രചിച്ച Indian War of Independance 1857 എന്ന ഗ്രന്ഥം. ''ഭൂതകാലത്തെ കുറിച്ച് ബോധ്യമില്ലാത്ത ഒരു രാഷ്ട്രത്തിനും ഭാവിയുണ്ടാവില്ല. ഒരു രാഷ്ട്രമെന്നത് ചരിത്രത്തിെൻറ അടിമയല്ലെന്നും മറിച്ച് യജമാനനാണെന്നും തിരിച്ചറിയണം. മുസ്ലിംകൾക്കെതിരായ വികാരം ശിവജിയുടെ കാലത്ത് ആവശ്യമായിരുന്നു. പക്ഷേ ഇന്നതുകൊണ്ട് നടക്കുന്നത് പരമാബദ്ധവും യുക്തിരഹിതവുമാണ്''(2). ഈ ഗ്രന്ഥം അദ്ദേഹം സമർപ്പിച്ചത് 1857ലെ പോരാട്ടത്തിലെ രക്തസാക്ഷികളുടെ ഓർമകൾക്ക് മുന്നിലാണ്. മാതൃരാജ്യത്തിനായി ജീവിതം ഹോമിച്ച ധീര ദേശാഭിമാനികളുടെ പട്ടികയിൽ മംഗൾ പാണ്ഡേക്കും റാണി ലക്ഷ്മിഭായിക്കുമൊപ്പം നാനാ സാഹേബ്, മൗലവി അഹമ്മദ് ഷാ, അസീമുള്ള ഖാൻ, താന്തിയ തോപ്പി, ബഹുദൂർ ഷാ സഫർ, ബീഗം സീനത്ത് മഹൽ എന്നിവരെകൂടി പരിഗണിക്കുന്നുണ്ട് സവർക്കർ.
കാലാപാനി ജയിലിലെ തടവുജീവിതം സവർക്കറിെൻറ ചിന്തയെ മാറ്റി മറിച്ചു എന്ന് വേണം അനുമാനിക്കാൻ. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന സാമ്രാജ്യത്വ അജണ്ടക്കാവശ്യമായ സഹായങ്ങൾ നൽകാൻ സവർക്കറിന് ഒരു മടിയും തോന്നിയില്ല. ആത്മാഭിമാനവും ധീരതയും ചോർന്നുപോയ ഒരു മനുഷ്യെൻറ ദീനരോദനമായിരുന്നു 1913 നവംബർ 14ന് ജയിൽ സന്ദർശിച്ച ബ്രിട്ടീഷ് ആഭ്യന്തര വകുപ്പ് അംഗം സർ റെജിനോൾഡ് ക്രാഡോക്കിന് സവർക്കർ സമർപ്പിച്ച ആദ്യ ദയാഹരജി (മാപ്പപേക്ഷ)യിലെ വാചകങ്ങൾ. ''സർക്കാർ എന്താഗ്രഹിക്കുന്നുവോ ആ രീതിയിൽ സർക്കാറിനെ സേവിക്കാൻ ഞാൻ ഒരുക്കമാണ്. തടവറയുടെ നീണ്ട 50 വർഷങ്ങൾ എന്നെ തുറിച്ചു നോക്കി ഭയപ്പെടുത്തുന്നുണ്ട്. മുടിയനായ പുത്രൻ തെറ്റുമനസ്സിലാക്കി മാപ്പപേക്ഷിച്ച് അമ്മയുടെ മടിത്തട്ടിലേക്ക് മടങ്ങുമ്പോൾ അമ്മ എങ്ങനെയാണോ അയാളോട് ദയാലുവാകുന്നത് അതുപോലെ എന്നോട് ദയയുണ്ടാകണം''(3) സവർക്കർ കേണപേക്ഷിച്ചു. 1920 വരെയുള്ള വർഷങ്ങളിൽ സവർക്കർ എഴുതി സമർപ്പിച്ച കത്തുകൾ വായിക്കുന്ന ഏതൊരു ചരിത്ര വിദ്യാർഥിക്കും ഒറ്റവായനയിൽ അതെല്ലാം ലേഖകൻ അവകാശപ്പെടുംപോലെ 'ജാമ്യഹരജി' ആയിരുന്നുവോ അല്ല മാപ്പപേക്ഷയായിരുന്നുവോ എന്ന് തിരിച്ചറിയാനാവും. സെല്ലുലാർ ജയിലിലെ തീർത്തും മനുഷ്യത്വ രഹിതമായ പീഡനങ്ങൾക്ക് മുന്നിൽ തങ്ങളുടെ ആശയാദർശങ്ങൾ പണയപ്പെടുത്താതെ ധീരമായി ചെറുത്തുനിന്ന ഒട്ടനവധി സമര പോരാളികൾ സവർക്കറിനൊപ്പം സമകാലികരായി അവിടെ ഉണ്ടായിരുന്നു. ബംഗാളി വിപ്ലവകാരി ത്രൈലോക്നാഥ് ചക്രവർത്തി, ലാഹോർ ഗൂഢാലോചന കേസ് പ്രതി ബാബ ഗുരുമുഖ് സിങ്, ബർമ ഗൂഢാലോചന കേസ് പ്രതി പണ്ഡിറ്റ് രാംരക്ഷ, ആലിപ്പൂർ ബോംബ് കേസ് പ്രതികളായ ഇന്ദുഭൂഷൺ റോയ്, ഉല്ലാസ്കർ ദത്ത്, ബലേശ്വർ കേസ് പ്രതി ജ്യോതിഷ് ഛത്രപാൽ, അധ്യാപകനായ ഛാദ്രസിങ്, ധാക്ക ഗൂഢാലോചന കേസ് പ്രതി പുളിൻ ബിഹാരി ദാസ്, സ്വരാജ്യ കേസ് പ്രതി നന്ദഗോപാൽ, ഡൽഹൗസി സ്ക്വയർ ബോംബ് കേസ് പ്രതിയായ 15 വയസ്സുകാരൻ നാനി ഗോപാൽ എന്നിവർ അവരിൽ ചിലർ മാത്രം. ഇവരിൽ പലരും തടവറയിൽ ജീവിതം പൊരുതി അവസാനിപ്പിച്ചവരോ പതിറ്റാണ്ടുകൾക്ക് ശേഷം മാപ്പ് എഴുതിനൽകാതെ ശിക്ഷ പൂർത്തിയാക്കി മോചനം നേടിയവരോ ആണ് (4). 1923 ഡിസംബർ 27ന് ബ്രിട്ടീഷുകാരുമായി സവർക്കർ എഴുതി ഒപ്പുെവച്ച കരാറിനെ തുടർന്നാണ് 1924 ജനുവരി 6ന് യർവാഡ ജയിലിൽനിന്നും സവർക്കർ മോചിപ്പിക്കപ്പെടുന്നത്. രത്നഗിരി ജില്ല വിട്ട് പുറത്ത് പോകുകയില്ലെന്നും പരസ്യമായോ രഹസ്യമായോ രാഷ്ട്രീയ -പൊതുപ്രവർത്തനം നടത്തുകയില്ലെന്നും (5) എഴുതി ഒപ്പിട്ടുനൽകി സവർക്കർ തെൻറ മോചനം സാധിച്ചെടുക്കുമ്പോൾ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യയിലങ്ങോളമിങ്ങോളം ബ്രിട്ടീഷ് ഭരണത്തിനെതിരെ നിസ്സഹകരണ പ്രസ്ഥാനം കനക്കുകയായിരുന്നു എന്നോർക്കണം.
ദ്വിരാഷ്ട്ര വാദത്തിൽ ഒരേ സ്വരം
1937ൽ അഹ്മദാബാദിൽ ചേർന്ന പത്തൊൻപതാമത് ഹിന്ദുമഹാസഭ സമ്മേളനത്തിൽ അധ്യക്ഷം വഹിച്ച് സവർക്കർ പ്രസംഗിച്ചതിങ്ങനെയാണ്: ''അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന രണ്ട് ശത്രു രാജ്യങ്ങളുണ്ട് ഇന്ത്യയിൽ. ഇവയെ വിളക്കി ചേർത്ത് ഒന്നാക്കാമെന്ന് ചിലർ തെറ്റിദ്ധരിച്ചിരിക്കുന്നു. ഹിന്ദുക്കളും മുസ്ലിംകളും സാംസ്കാരികമായും മതപരമായും നൂറ്റാണ്ടുകളായി വിരുദ്ധ ധ്രുവങ്ങളിലാണെന്ന് ഇവർ മനസ്സിലാക്കിയിട്ടേയില്ല. ഇന്ത്യ ഏകതാനമായതോ ഐക്യപ്പെടേണ്ടതോ ആയ ഒരു രാജ്യമല്ല. ഒരു ശരീരത്തിലെ സാമ്യമല്ലാത്ത രണ്ട് അവയവങ്ങളാണ് ഇന്ത്യയിലെ ഹിന്ദുക്കളും മുസ്ലിംകളും''(6).
ദ്വിരാഷ്ട്ര വാദത്തിെൻറ പ്രസക്തിയെ അടിവരയിട്ടുറപ്പിക്കാൻ പാകിസ്താൻ പ്രമേയം പാസാക്കാനായി 1940 മാർച്ച് മാസത്തിൽ ലാഹോറിൽ ചേർന്ന മുസ്ലിംലീഗ് സമ്മേളനത്തിൽ മുഹമ്മദലി ജിന്ന ഉദ്ധരിച്ചതും സവർക്കറിെൻറ ഈ പ്രസംഗമായിരുന്നു എന്നോർക്കണം. 1943 ആഗസ്റ്റ് 15ന് പത്രക്കാരോടായി സവർക്കർ പറഞ്ഞു: ''ജിന്നയുടെ ദ്വിരാഷ്ട്ര വാദത്തിൽ എനിക്ക് യാതൊരു തർക്കവുമില്ല. ഞങ്ങൾ ഹിന്ദുക്കൾ ഒരു രാജ്യമായി നിൽക്കാൻ ആഗ്രഹിക്കുന്നു. ചരിത്രപരമായി ഹിന്ദുക്കളും മുസ്ലിംകളും രണ്ട് രാജ്യങ്ങൾതന്നെയാണ്'' (7). മഥുരയിൽ ചേർന്ന ഹിന്ദുമഹാസഭയുടെ ഇരുപത്തിരണ്ടാം സമ്മേളനത്തിൽ മുസ്ലിംലീഗിനെ ഇന്ത്യയിലെ മുസ്ലിംകളുടെ പ്രതിനിധി അവകാശികളായും ഹിന്ദുമഹാസഭയെ ഹിന്ദുക്കളുടെ പ്രതിനിധി അവകാശികളായും അംഗീകരിച്ച വൈസ്രോയിയെ സവർക്കർ അഭിനന്ദിച്ചു. കൂടാതെ 1937ലെ പ്രവിശ്യ ഭരണ തെരഞ്ഞെടുപ്പിൽ സിന്ധ്, ബംഗാൾ, വടക്ക് പടിഞ്ഞാറൻ പ്രവിശ്യ എന്നിവിടങ്ങളിൽ അധികാരത്തിൽ വന്ന മുസ്ലിംലീഗ് മന്ത്രിസഭകളിൽ സവർക്കറുടെ ഹിന്ദുമഹാസഭ പങ്കാളികളായി. രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഇന്ത്യയെ യുദ്ധത്തിൽ പങ്കാളിയാക്കിയ ബ്രിട്ടീഷ് നയത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവിശ്യ സർക്കാറുകൾ രാജിവെച്ചപ്പോൾ മുസ്ലിംലീഗും ഹിന്ദുമഹാസഭയും സംയുക്തമായി ഭരിച്ചുകൊണ്ടിരുന്ന മേൽ പ്രവിശ്യകളിലെ സർക്കാറുകൾ ഭരണം തുടരുകയാണ് ചെയ്തത്. കൂടാതെ പഞ്ചാബ് പ്രവിശ്യയിൽ സർക്കാർ രൂപവത്കരിക്കാൻ മുസ്ലിംലീഗിന് ഹിന്ദുമഹാസഭ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഹിന്ദുക്കളും മുസ്ലിംകളും ഐക്യത്തോടെയും സഹവർത്തിത്വത്തോടെയും ഒറ്റ രാജ്യമായി ജീവിക്കാൻ മഹാത്മജിയും ദേശീയ പ്രസ്ഥാനവും നിലകൊണ്ടപ്പോൾ അതിനെ എതിർത്ത് തോൽപ്പിക്കുകയായിരുന്നു ഈ വിചിത്ര സഖ്യത്തിെൻറ ലക്ഷ്യം.
ഒറ്റുകൊടുക്കലിെൻറ രാഷ്ട്രീയം
ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ട ചരിത്രത്തിലെ തിളങ്ങുന്ന നക്ഷത്രമാണ് നേതാജി സുഭാഷ് ചന്ദ്രബോസ്. അദ്ദേഹത്തോട് വലിയ ബഹുമാനവും കടുത്ത ആരാധനയും പുലർത്തുന്നവരായിട്ടാണ് സവർക്കറിസ്റ്റുകളുടെ നാട്യം. രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാൻ സഹായത്തോടെ ആസാദ് ഹിന്ദ് ഫൗജ് (INA) രൂപവത്കരിച്ച് ഇന്ത്യയെ ബ്രിട്ടീഷ് ആധിപത്യത്തിൽനിന്ന് മോചിപ്പിക്കാൻ ബോസ് ഒരുമ്പെട്ടപ്പോൾ അതിനെതിരെ ബ്രിട്ടീഷ് സൈന്യത്തെ സഹായിക്കാനായാണ് ഹിന്ദുക്കളെ ബ്രിട്ടീഷ് സൈന്യത്തിലേക്ക് ചേർക്കാനുള്ള റിക്രൂട്ടിങ് ഏജൻസി പണി സവർക്കറും ഹിന്ദുമഹാസഭയും ചേർന്ന് ചെയ്തത്. 1941ൽ ഭഗൽപൂരിൽ നടന്ന ഹിന്ദുമഹാസഭ സമ്മേളനത്തെ സവർക്കർ ഇങ്ങനെ അഭിസംബോധന ചെയ്തു: ''ഹിന്ദു താൽപര്യങ്ങൾ സംരക്ഷിക്കാനായി യുദ്ധമുഖത്ത് നമ്മൾ ബ്രിട്ടീഷ് സർക്കാറിനെ സഹായിക്കേണ്ടത് അത്യാവശ്യമാണ്. ഒരു നിമിഷംപോലും പാഴാക്കാതെ രാജ്യത്തെ ഹിന്ദുക്കൾ പ്രത്യേകിച്ച് ബംഗാൾ, അസം പ്രവിശ്യകളിലുള്ളവർ സൈന്യത്തിെൻറ ഏതെങ്കിലും വിഭാഗങ്ങളിലൊന്നിൽ ചേരണമെന്ന് ആഹ്വാനം ചെയ്യുന്നു.''(8)
യുദ്ധത്തിൽ ബ്രിട്ടൻ തോൽക്കുന്നത് കാണാൻ ഒരു തരത്തിലും ഹിന്ദുമഹാസഭക്കും സവർക്കറിനും സാധിക്കുമായിരുന്നില്ല. ''ബ്രിട്ടീഷ് സാമ്രാജ്യം തോൽക്കുകയെന്നാൽ രാജ്യത്തെ സമ്പത്തും അധികാരവും ആയുധങ്ങളും ജർമനിയുടെ കൈകളിലെത്തുക എന്നാണർഥം. അതൊരിക്കലും അനുവദിക്കാനാവില്ല''(9), സവർക്കർ പ്രഖ്യാപിച്ചു. ജപ്പാൻ സഹായത്തോടെ ഇന്ത്യ ഉൾപ്പെടുന്ന ഏഷ്യയെ സൈനിക നീക്കത്തിലൂടെ യൂറോപ്യൻ ആധിപത്യത്തിൽനിന്ന് മോചിപ്പിക്കാൻ സുഭാഷ് ചന്ദ്ര ബോസ് നിലകൊണ്ടപ്പോൾ അതിെൻറ നേർ വിപരീത ദിശയിൽ നിലയുറപ്പിച്ച് INA സേനാംഗങ്ങളെ വകവരുത്താൻ ബ്രിട്ടന് ഹിന്ദുക്കളെ സമ്മാനിച്ചയാളാണ് ദാമോദർ സവർക്കർ. അവരാണിന്ന് ബോസിനെ തങ്ങളുടെ പോസ്റ്റർ ബോയിയായി കൊണ്ടാടാൻ ശ്രമിക്കുന്നതെന്ന് വരുമ്പോൾ വിധിവൈപരീത്യമല്ലാതെ മറ്റെന്താണ്? ബ്രിട്ടീഷ് സേനകളിലേക്ക് ഹിന്ദുക്കളെ റിക്രൂട്ട് ചെയ്യുന്ന ക്യാമ്പുകൾക്ക് നേതൃത്വം നൽകാനായി ഹിന്ദുമഹാസഭ നേതാക്കളായ ഗണപത് റായ് (മധ്യ -വടക്കൻ മേഖല), എൽ.ബി. ഭോപാട്കർ (മധ്യ -തെക്കൻ മേഖല )എന്നിവരുടെ നേതൃത്വത്തിൽ രണ്ട് ബോർഡുകൾ രൂപവത്കരിക്കുകയും ഹിന്ദുമഹാസഭയുടെ തന്നെ നേതാക്കളായ ജ്വാലാ പ്രസാദ് ശ്രീവാസ്തവ, ബാരിസ്റ്റർ ജംനദാസ് മേത്ത, വി.വി. ഖലീകർ എന്നിവരെ യുദ്ധോപദേശ സമിതികളിലേക്ക് പ്രതിനിധികളായി സവർക്കർ നിയമിക്കുകയും ചെയ്തു (10). ഈ ഒറ്റുകൊടുക്കലിെൻറ പ്രവൃത്തിയെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ കെട്ടുകെട്ടിക്കാൻ സൈന്യത്തിനുള്ളിൽ കലാപം നടത്താനായാണ് ഹിന്ദു യുവാക്കളെ സവർക്കർ റിക്രൂട്ട് ചെയ്ത് നൽകിയതെന്നുള്ള ലേഖകെൻറ ന്യായീകരണം വായിക്കുമ്പോൾ സത്യത്തിൽ ചിരിക്കണോ കരയണോ എന്ന് ചരിത്ര വിദ്യാർഥികൾ ശങ്കിച്ചുപോകും!
സവർക്കർ എങ്ങനെ വീർ ആയി?
മോഹൻദാസ് കരംചന്ദ് ഗാന്ധിയെ ആദരവോടെ മഹാത്മൻ എന്ന് വിളിച്ചത് വിശ്വ മഹാകവി ടാഗോർ ആയിരുന്നു. ടാഗോറിനെ ബഹുമാനപൂർവം ഗുരുദേവ് എന്ന് വിശേഷിപ്പിച്ചത് ഗാന്ധിയായിരുന്നു. സുഭാഷ് ചന്ദ്രബോസിനെ ഗാന്ധി നേതാജി എന്ന് വിശേഷിപ്പിച്ചപ്പോൾ ഗാന്ധിജിക്ക് രാഷ്ട്രപിതാവിെൻറ പട്ടം ചാർത്തി നൽകി ബോസ്. അബുൾകലാം ആസാദിനെ മൗലാനായെന്നും വല്ലഭ്ഭായ് പട്ടേലിനെ സർദാർ എന്നും അഭിസംബോധന ചെയ്തത് ഗാന്ധിയാണ്. എന്നാൽ വിനായക് ദാമോദർ സവർക്കറിന് 'വീർ' പട്ടം ചാർത്തി കിട്ടിയതിെൻറ ചരിത്രം നമ്മിൽ കൗതുകവും ചിരിയും ചിന്തയും ജനിപ്പിക്കും. വിനായക് ദാമോദർ സവർക്കറിെൻറ ആദ്യ ജീവചരിത്ര ഗ്രന്ഥത്തിെൻറ പേര് Life of Barrister Savarkar എന്നാണ്. ചിത്രഗുപ്ത എന്നയാളാണ് അത് രചിച്ചതെന്ന് രേഖപ്പെടുത്തിയിട്ടുണ്ടതിൽ.1926ൽ പുറത്തിറങ്ങിയ ആ പുസ്തകത്തിലാണ് സവർക്കറിനെ 'വീർ സവർക്കർ' എന്ന് വിശേഷിപ്പിക്കുന്നത്! സവർക്കറിെൻറ കൃതികളുടെ പ്രസാധകരായ 'വീർ സവർക്കർ പ്രകാശൻ' 1987ൽ ഈ പുസ്തകത്തിെൻറ രണ്ടാം പതിപ്പ് പുറത്തിറക്കി. അതിെൻറ ആമുഖത്തിൽ പ്രസാധകനായ രവീന്ദ്ര രാമദാസ് രേഖപ്പെടുത്തി: ''ചിത്രഗുപ്ത മറ്റാരുമായിരുന്നില്ല. അത് സവർക്കർതന്നെയായിരുന്നു''(11). പരാജയപ്പെട്ട ഒരു മനുഷ്യെൻറ സ്വയം പുകഴ്ത്തലായിരുന്നു ആ വിളിപ്പേരെന്ന് അപ്പോഴാണ് ലോകം അറിയുന്നത്. ഇതേ വസ്തുതയെ അധികരിച്ച് പവൻ കുൽക്കർണി 'ദ വയറി'ൽ ലേഖനമെഴുതി(12).
ഗാന്ധിവധമെന്ന പാപക്കറ
1948 ഫെബ്രുവരി 27ന് ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ വല്ലഭ്ഭായ് പട്ടേൽ പ്രധാനമന്ത്രി നെഹ്റുവിനെഴുതിയ കത്തിലെ ഒരു വാചകം ഇതായിരുന്നു: ''വിനായക് ദാമോദർ സവർക്കറുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഹിന്ദുമഹാസഭയിലെ മതാന്ധന്മാരുടെ ഗൂഢാലോചനയുടെ പരിണതഫലമാണ് ഗാന്ധിവധം.'' ഈ കേസിൽ ആറാം പ്രതിയായി സവർക്കർ വിചാരണ നേരിട്ടുവെങ്കിലും തെളിവുകളുടെ അഭാവത്തിൽ വിട്ടയക്കപ്പെടുകയായിരുന്നു. പക്ഷേ, ഗാന്ധിവധമെന്ന പാപക്കറ മായ്ച്ചുകളയാൻ ജീവിതാവസാനംവരെ സവർക്കറിന് സാധിച്ചില്ല. ജീവിതകാലത്ത് സവർക്കറിന് നേടിയെടുക്കാൻ സാധിക്കാത്തത് അദ്ദേഹത്തിെൻറ പിന്മുറക്കാർ പിന്നീട് 'ചാർത്തി നൽകാൻ' ശ്രമിക്കുന്നതാണ് തൊണ്ണൂറുകൾക്ക് ശേഷമുള്ള ഇന്ത്യയിലെ കാഴ്ച. അതിെൻറ ഉദാഹരണമാണ് സവർക്കർ മാപ്പെഴുതി നൽകി മോചനം സാധിതമാക്കിയ സെല്ലുലാർ ജയിൽ സ്ഥിതിചെയ്യുന്ന അന്തമാൻ ദ്വീപിലെ പോർട്ബ്ലെയർ വിമാനത്താവളത്തിന് 2002 മേയ് 4ന് വാജ്പേയി സർക്കാർ വീർ സവർക്കർ എയർപോർട്ട് എന്ന് നാമകരണം നടത്തിയത്. അതേ സർക്കാറിലെ മന്ത്രിയായിരുന്ന റാം നായിക്കാണ് സെല്ലുലാർ ജയിലിന് പുറത്ത് സവർക്കറുടെ പേരിൽ സ്മാരക ദീപശിഖ സ്ഥാപിക്കുകയും ലൈറ്റ് & സൗണ്ട് ഷോ ഉദ്ഘാടനം ചെയ്യുകയും ചെയ്തത്. പാർലമെൻറിെൻറ സെൻട്രൽ ഹാളിൽ ഗാന്ധിജിയുടെ ചിത്രത്തിന് നേരെ എതിർവശത്തുള്ള ചുവരിൽ ഗാന്ധി വധത്തിലെ ആറാം പ്രതിയായിരുന്ന സവർക്കറുടെ ചിത്രം 2003 ഫെബ്രുവരി 26ന് അനാച്ഛാദനംചെയ്ത് സംഘ്പരിവാർ ഭരണകൂടം ചരിത്രത്തെ ഒരിക്കൽകൂടി അപമാനിച്ചു. ഗാന്ധിയെ വെടിവെച്ചു കൊന്ന നാഥുറാം വിനായക ഗോദ്സെയുടെ സഹോദരൻ ഗോപാൽ ഗോദ്സെയുമായി പ്രശസ്ത പത്രപ്രവർത്തകനായ അരവിന്ദ് രാജഗോപാൽ നടത്തിയ അഭിമുഖം 1994 ജനുവരി 28ന് Frontline മാസിക പ്രസിദ്ധീകരിച്ചിരുന്നു. നാഥുറാം ഗോദ്െസ ആർ.എസ്.എസ് പ്രവർത്തകനല്ല എന്ന എൽ.കെ. അദ്വാനിയുടെ പ്രസ്താവന പുറത്തുവന്ന കാലംകൂടിയായിരുന്നു അത്. അഭിമുഖത്തിലെ രണ്ടാമത്തെ ചോദ്യം ഗാന്ധിയെ വധിക്കുമ്പോൾ നാഥുറാം ആർ.എസ്.എസ് ആയിരുന്നോ എന്നാണ്. ഗോപാൽ ഗോദ്സെയുടെ മറുപടി: ''ആർ.എസ്.എസിലെ ബൗദ്ധിക് കാര്യവാഹകായിരുന്നു നാഥുറാം. താൻ ആർ.എസ്.എസ് ഉപേക്ഷിച്ചുവെന്ന് അയാൾ പറഞ്ഞിരുന്നു. പക്ഷേ അത് ഗാന്ധിവധത്തിൽ പേരുദോഷം കേട്ട ആർ.എസ്.എസിെൻറ രക്ഷക്ക് വേണ്ടി മാത്രമായിരുന്നു. അദ്ദേഹം ആർ.എസ്.എസ് ഉപേക്ഷിച്ചിരുന്നില്ല.'' നാഥുറാമിെൻറ ആർ.എസ്.എസ് ബന്ധത്തെ തള്ളിപ്പറഞ്ഞ അദ്വാനിയെ ഗോപാൽ ഗോദ്സെ വിശേഷിപ്പിച്ചത് ഭീരു എന്നാണ്. ''പോയി ഗാന്ധിയെ കൊന്നുവരൂ എന്ന പ്രമേയം ആർ.എസ്.എസ് പാസാക്കിയില്ലെന്നേയുള്ളൂ'' എന്ന് ഗോപാൽ ഗോദ്സെ മറ്റൊരു ചോദ്യത്തിന് ഉത്തരം നൽകുമ്പോൾ ചില സംശയങ്ങൾക്കുള്ള ഉത്തരം പറയാതെ പറഞ്ഞുവെക്കുന്നുണ്ട് ഗോപാൽ ഗോദ്സെ. എന്തായിരുന്നു ഗാന്ധി വധിക്കപ്പെട്ടപ്പോൾ സവർക്കറിെൻറ പ്രതികരണം എന്ന ആറാമത്തെ ചോദ്യത്തിന് ഉത്തരം സാധാരണ നേതാക്കൾ പറയുന്ന വാചകങ്ങൾ തന്നെ: ''മരണ വിവരം അറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി!'' അത് അദ്ദേഹത്തിെൻറ പരസ്യ പ്രതികരണം മാത്രമായിരുന്നു എന്നുകൂടി ഗോപാൽ ഗോദ്സെ പറഞ്ഞുവെക്കുമ്പോൾ സ്വകാര്യ പ്രതികരണം അങ്ങനെയല്ലായിരുന്നു എന്നുകൂടി വായിച്ചെടുക്കേണ്ടിവരും!(13)
ഹൃദയത്തിലും പ്രവൃത്തിയിലും സാമ്രാജ്യത്വത്തോടും രാജാധികാരത്തോടും പ്രതിപത്തിയും വിധേയത്വവുമുണ്ടായിരുന്ന വിനായക് ദാമോദർ സവർക്കർ എന്ന മനുഷ്യൻ മരിച്ച് മണ്ണടിഞ്ഞ് നാലു പതിറ്റാണ്ടിനിപ്പുറം സ്വാതന്ത്ര്യസമര പോരാളിയായും ധീരതയുടെ പ്രതീകമായും ഭാരതാംബയുടെ പ്രിയപുത്രനായുമൊക്കെ വാഴ്ത്തുപാട്ടുകാരാൽ പുകഴ്ത്തപ്പെടുമ്പോൾ നേരിെൻറ ചരിത്രമങ്ങനെയല്ലെന്നും ധീരനായ ഗാന്ധിയും ഭീരുവായ സവർക്കറും രണ്ടും വ്യത്യസ്ത പ്രതീകങ്ങളാണെന്നും തിരിച്ചറിയാൻ നമുക്കാവണം. ഗാന്ധിജി സമഗ്രാധിപത്യത്തിനെതിരായ പ്രതിഷേധത്തിെൻറയും പ്രതിരോധത്തിെൻറയും പ്രതീകമായിരുന്നുവെങ്കിൽ സാമ്രാജ്യ വിധേയത്വത്തിെൻറയും ഭീരുത്വത്തിെൻറയും പ്രതീകമാണ് സവർക്കറെന്നും നമ്മൾ തിരിച്ചറിയണം.
അവലംബം
1. Veer Sanghvi: 6-9-2009 Hindusthan Times
2. V.D. Savarkar: The Indian War of Independance 1857
3. R.C. Majumdar: Penal Settlement In Andaman, Ministry of Social Welfare Govt. of India 1975
4. Shamsul Islam: Hindutva; Savarkar Unmasked P.P 74 to 81
5. Dhananjay Keer: Veer Savarkar, Popular Prakasham, Bombay 1988 P .Vll
6. Savarkar V.D: Samagra Savarkar Vangmaya: Hindu Rashtra Darshan Vol .6 P. 296
7. Indian Annual Register 1943 Vol 2 P.10
8. Savarkar V.D: Samagra Savarkar Vangmaya: Hindu Rashtra Darshan Vol .6 P.474
9. Ibid: P.419
10. A.S. Bhide: Vinayak Damodar Savarkar's Whirl Wind Propoganda
P .XXIV
11. Chitra Gupta: Life of Barrister Savarkar 2nd Edition -1987 Veer Savarkar Prakashan
12. Pavan Kulkarni: How did Savarkar, a staunch Supporter of British Colonialism come to be known as Veer? 28-5-2019 Wire
13. Teesta Setalvad: Beyond Doubt
P. 267, 268