കൈമാറ്റം -കഥ
അച്ചായൻ തന്നെ പറഞ്ഞ അളവിൽ വളരെ കുറച്ച് പുട്ടും കടലക്കറിയും മാത്രമേ പ്ലെയിറ്റിൽ വിളമ്പിയിരുന്നുള്ളൂ. എന്നാൽ, അതിെൻറ പാതിപോലും കഴിക്കാതെ എഴുന്നേൽക്കാനുള്ള പുറപ്പാടാണെന്ന് കണ്ട് ഞാൻ അച്ചായനെ തെല്ല് വിഷമത്തോടെ നോക്കി. മിനിഞ്ഞാന്ന് പുലർച്ചെ അമ്മ മരിച്ചപ്പോൾ മുതൽ അച്ചായൻ ഒന്നും കഴിച്ചിട്ടില്ല എന്ന് തന്നെ പറയാം. പ്രായം തൊണ്ണൂറ്റി മൂന്ന് നടപ്പിലായിട്ടും കാര്യമായ അസുഖങ്ങൾ ഒന്നും ഇല്ല എന്ന് വരികിലും പതിവായി കഴിക്കുന്നത്ര ഇല്ലാതെ വന്നാൽ അത് പ്രശ്നമാകില്ലേ. പിന്നെ മനസ്സിെൻറ തളർച്ചയും...
''അച്ചായൻ തീരെ കഴിച്ചില്ലല്ലോ, ഇച്ചിരെ കൂടെ'' എന്ന് ഞാൻ പറഞ്ഞത് കേട്ട് ഏതാനും നിമിഷങ്ങൾ അച്ചായൻ ഒന്നും മിണ്ടാതെ എെൻറ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. ആ കണ്ണുകളിൽ വല്ലാത്ത ശൂന്യത. ഞാൻ വേവലാതിയോടെ അടുത്ത് നിൽക്കുന്ന ബെറ്റ്സിയെ നോക്കി.
എെൻറ മനസ്സ് വായിച്ചിട്ടെന്നപോലെ അവൾ പറഞ്ഞു: ''അച്ചായാ രണ്ട് ദെവസമായിട്ട് പട്ടിണിയല്ലേ, ഇനി ഇങ്ങനെപോയാ ശരിയാകത്തില്ല.''
''ഓ എന്നാത്തിനാ പിള്ളാരെ ഇനീം. വേഗം ഞാനുമങ്ങ് പോയേക്കാം.''
അച്ചായൻ അങ്ങനെ പറഞ്ഞതും മുറിയുടെ ചുവരിലെ വയസ്സൻ ക്ലോക്കിൽനിന്ന് ഒമ്പത് മണിയായിരിക്കുന്നു എന്ന അറിയിപ്പ് മുഴങ്ങി. ആ മണിയടി എെൻറ മനസ്സിലും എവിടെയോ വല്ലാത്തൊരു ശബ്ദത്തോടെ മുഴങ്ങി.
എനിക്കു വേണ്ടി ബെറ്റ്സിയാണ് അച്ചായനോട് പരിഭവത്തിൽ ശകാരിച്ചത്.
''ഒന്ന് ചുമ്മാതിരുന്നാട്ട്... അച്ചായൻ എങ്ങും പോകുന്നില്ല. ഞങ്ങൾ എങ്ങോട്ടും വിടത്തില്ല... അമ്മച്ചി ഇവിടില്ലെങ്കിലും അച്ചായനെ നോക്കാൻ ഞങ്ങളില്ലേ ഇവിടെ.''
അതിന് മറുപടി ഒന്നും പറയാതെ ഏതാനും നിമിഷങ്ങൾ വെറുതെ ഇരുന്നിട്ട് അച്ചായൻ പതുക്കെ എഴുന്നേറ്റ് വാഷ്ബെയ്സിൻ ലക്ഷ്യമാക്കി നടന്നു. നടത്തത്തിൽ അൽപം ബലക്കുറവുപോലെ തോന്നുന്നുണ്ടോ. അതോ എനിക്ക് തോന്നുന്നതോ...
കൈയും വായയും വൃത്തിയാക്കി സ്വന്തം മുറിയിലേക്ക് നടക്കാൻ തുടങ്ങിയശേഷം അച്ചായൻ ഒന്ന് നിന്നു.
''നിെൻറ മോനെന്തിയേ, കണ്ടില്ലല്ലോ.''
''അവൻ മല്ലപ്പള്ളിവരെ ഒന്ന് പോയിരിക്കുകാ. അവിടെ അവന് കമ്പ്യൂട്ടറില് എന്തോ പണി ചെയ്യാനുണ്ട്.''
അത് പറഞ്ഞിട്ട് ബെറ്റ്സി എന്നെ നോക്കി ചെറുതായി ചിരിച്ചു. ഇവിടെ വേണ്ടത്ര റെയ്ഞ്ച് കിട്ടാത്തതിനാൽ, അവിടെ ഏതോ കഫേയിലിരുന്ന് അവെൻറ കമ്പനി ജോലി അത്യാവശ്യമായി ചെയ്യേണ്ടതിനായി പോയിരിക്കുകയാണ്. പക്ഷേ, അത്രയും വിസ്തരിച്ചൊന്നും അച്ചായനെ പറഞ്ഞ് മനസ്സിലാക്കാനാവില്ല.
''ങ്ങാ, അവൻ തിരിച്ച് വന്നാലൊടൻ എനിക്കൊന്ന് കാണണം.'' അത്രയും പറഞ്ഞിട്ട് അച്ചായൻ വീണ്ടും നടന്നു.
എന്താകുമോ കാര്യം! അച്ചായെൻറ ഈ സ്വരവും ഭാവവും ഒക്കെ എന്തോ വിശേഷമായ കാര്യം ഉണ്ടെന്ന സൂചന തരുന്നത് പോലെ. അച്ചായെൻറ കൊച്ചുമക്കളിൽ ഏറ്റവും കൂടുതലായി ഒരിഷ്ടം നിതിനോടുണ്ട്. ഞാനും ബെറ്റ്സിയും ഗൾഫിലായിരുന്ന സമയത്ത് ഏതാണ്ട് ആറാം മാസം മുതൽ മൂന്നുവയസ്സുവരെ അവൻ ഇവിടെ അച്ചായനും അമ്മച്ചിക്കും ഒപ്പമാണ് വളർന്നത്. അന്ന് ഞങ്ങൾക്ക് അവനെ കൂടെ നിർത്താൻ പറ്റുന്ന സാഹചര്യമല്ലായിരുന്നു.
ഈ ഇഷ്ടക്കൂടുതൽ എല്ലാവർക്കും അറിയുകയും ചെയ്യാം. അതുെവച്ച് തന്നെ, എെൻറ രണ്ട് പെങ്ങന്മാരും ചേട്ടനും ചിലപ്പോൾ അതും പറഞ്ഞ് അച്ചായനെ ചൊടിപ്പിക്കുകയും ചെയ്യും.
''ഓ, അല്ലേലും ഇളയ പുത്രനോട് ഒരു കൂടുതലിഷ്ടം... അതുംപോരാഞ്ഞ് അവെൻറ കൊച്ചിനോട് ഒരു പ്രത്യേക പുന്നാരോം!''
അത് കേൾക്കുേമ്പാൾ അമ്മയാണ് എപ്പോഴും ചൊടിച്ചിരുന്നത്.
''ഇവിടൊരു പക്ഷഭേേദാമില്ല. എല്ലാരും ഒരുപോലെ.''
അച്ചായൻ അത് കേട്ട് ചിരിക്കും. അതങ്ങനാരുന്നല്ലോ, അച്ചായനെ തൊട്ട് കളിക്കാൻ അമ്മ ആരെയും സമ്മതിച്ചിരുന്നില്ല. കുറെ വർഷങ്ങൾ മുമ്പ്വരെ, ബെറ്റ്സിക്കും എനിക്കും ഇടയിൽ ഉണ്ടായിരുന്ന വല്ലാത്ത പൊരുത്തക്കേടുകളുടെ നാളുകളിൽ അമ്മയും അച്ചായനും ചേർന്നുള്ള അത്തരം നിമിഷങ്ങൾ കാണുേമ്പാൾ ഒരു നീറ്റൽ അനുഭവപ്പെടുമായിരുന്നു. പക്ഷേ, ആ കാലവും കടന്ന് കിട്ടിയല്ലോ... എന്നാൽ, ആ കൂട്ടില്ലാതെ അച്ചായൻ ഇനി...
അടക്കിന് വന്ന അടുത്ത ബന്ധുക്കൾക്കുള്ള ഊണ് ഏർപ്പാട് ചെയ്തതിെൻറയും പന്തലിെൻറയും മറ്റോരോ അനാമത്തുകളുടെയും കണക്ക് തീർത്ത് പൈസ കൊടുക്കുന്നതിെൻറയും ഇന്നലെ വരാൻ കഴിയാതിരുന്ന ചിലരുടെ സന്ദർശനങ്ങളും ഒക്കെയായി തിരക്കിലായിരിക്കുേമ്പാഴും ഇടക്കിടെ ആ ചിന്ത എന്നെ കുത്തിനോവിച്ചുകൊണ്ടിരുന്നു. ബെറ്റ്സിയും ഞാനും ഇവിടെതന്നെ ഉണ്ടെങ്കിലും എത്രയും സ്നേഹത്തോടെ ഞങ്ങൾ അച്ചായെൻറ കാര്യങ്ങൾ നോക്കുമെങ്കിലും അതൊന്നും അമ്മയുടെ സാമീപ്യത്തിന് പകരം വരില്ലല്ലോ. ഇരുപതോ മുപ്പതോ ഒന്നുമല്ല, നീണ്ട എഴുപത്തിനാല് വർഷങ്ങളിലെ ഇടവപ്പാതിയും തുലാമഴയും ഒരുമിച്ച് ഏറ്റ് വാങ്ങിയവരാണവർ. ഏകദേശം പത്തുവർഷം മുമ്പുവരെയും രണ്ടുപേരും ഒരുമിച്ച് കൂടാത്ത ഒരു മാരാമൺ കൺവെൻഷൻപോലും ഉണ്ടായിട്ടില്ല.
പഴമക്കാർ പറയുന്നതുപോലെ സദൃശവും വൈഭവവും ഉള്ളവളായിരുന്നു അമ്മ. കല്യാണം കഴിഞ്ഞകാലത്ത് അച്ചായെൻറ കുടുംബവീതമായി ആകെയുണ്ടായിരുന്ന രണ്ട് പറ കരകണ്ടത്തിലെ നെൽകൃഷിയും കോഴി, പശുവളർത്തലും പച്ചക്കറികൃഷിയും ഒക്കെയായി ഒരുനേരത്തെ ആഹാരത്തിനുപോലും മുട്ടില്ലാതെ കുടുംബത്തെ മുന്നോട്ടു കൊണ്ടുപോയിരുന്നു. അച്ചായന് വരുമാനമുള്ള വേറൊരു പണിയും ഇല്ലാതിരുന്നിട്ടും നാല് മക്കളും നല്ല നിലയിലായത് ആ സദൃശത്തിെൻറ തെളിച്ചത്തിൽതന്നെയായിരുന്നു.
അങ്ങനൊരു കൂട്ട് ഇനി ജീവിതത്തിൽ ഇല്ല എന്നറിയുേമ്പാൾ ഉണ്ടാകുന്ന സങ്കടം മനസ്സിലാക്കാൻ കഴിയുന്നതാണ്. അത് എത്രകണ്ട് ലഘൂകരിക്കാൻ ശ്രമിച്ചാലും അത് പാഴ്വേലയാണെന്ന് അറിയാം. എങ്കിലും കുടുംബവീട്ടിൽ അച്ചായന് ഒപ്പം താമസിക്കുന്ന മകൻ എന്ന നിലയിൽ ആ ശ്രമം നടത്തുകതന്നെ വേണമല്ലോ.
നിതിൻ വീട്ടിലെത്തിയപ്പോൾ നേരം വൈകിയിരുന്നു. വന്നപാടെ, അവനോട് അച്ചായൻ കാണണമെന്ന് പറഞ്ഞ കാര്യം പറഞ്ഞു. അപ്പോൾ അച്ചായൻ ഉച്ചമയക്കത്തിലായിരുന്നു.
വൈകുന്നേരം അച്ചായെൻറ പതിവ് ചായ സമയത്താണ് നിതിൻ മുറിയിലേക്ക് ചെന്നത്. അവെൻറ കൈയിൽ ചായ കൊടുത്ത് വിട്ടിട്ട് ഞാനും ബെറ്റ്സിയും ഊൺ മുറിയിൽ തന്നെയിരുന്നു. അവനോട് മാത്രമായി പറയാനുള്ള എന്തോ ആണെങ്കിലോ.
''ആ മോൻ വന്നോ... പോയ കാര്യം സാധിച്ചോ?''
ചെവിക്ക് ലേശം കേൾവിക്കുറവുള്ളതിനാൽ അച്ചായെൻറ സംസാരം കുറേ ഉച്ചത്തിലാണ്.
''അതേ അപ്പച്ചാ'', നിതിനും ഉച്ചത്തിൽ പറഞ്ഞു.
''ങാ, നിെൻറ അപ്പനും അമ്മേം എന്തിയേ?''
ആ ചോദ്യംകേട്ട് ഞാനും ബെറ്റ്സിയും മുഖത്തോട് മുഖം നോക്കി.
''അവരെ ഇങ്ങ് വിളിച്ചേ'',
ഉടൻ തന്നെ നിതിെൻറ വിളി വന്നു.
''പപ്പാ, മമ്മാ... വല്യപ്പച്ചൻ വിളിക്കുന്നു. ഇങ്ങോട്ട് വരാൻ.''
എന്താ സംഭവമെന്ന മട്ടിൽ ബെറ്റ്സി എനിക്കുനേരെ കൈയാംഗ്യം വരച്ചു. തോൾ വെട്ടിച്ച് അറിഞ്ഞുകൂടാ എന്ന് ഞാൻ പ്രതികരിച്ചു. അച്ചായൻ എന്താണ് ഉദ്ദേശിക്കുന്നതെന്നറിയാതെ ചെറിയൊരു ഉത്കണ്ഠ മനസ്സിൽ പൊടിച്ച് വന്നു.
അച്ചായൻ കട്ടിലിൽതന്നെ ഇരിക്കുകയാണ്. തൊട്ടടുത്ത് നിതിനും.
''ആ, ദേ ഞാൻ എെൻറ കൊച്ച്മോന് ഒരു ചെറിയ സമ്മാനം കൊടുക്കാൻ പോകുകാ. അത് കാണാനാ നിങ്ങളെ വിളിച്ചത്'', ഇപ്പോഴും വളരെ കുറച്ച് മാത്രം നഷ്ടമായ പല്ലുകളോടെ ചിരിച്ചുകൊണ്ട് അച്ചായൻ പറഞ്ഞു.
''ആഹാ കൊച്ചുമോന് മാത്രമേ സമ്മാനം ഉള്ളോ. എന്നാ ഞങ്ങള് പെണങ്ങുമേ'', ഉത്കണ്ഠ അയഞ്ഞ മട്ടിൽ ബെറ്റ്സിയുടെ കുസൃതിഭാവം ഉണർന്നു.
''ഇൗ സമ്മാനം കൊച്ചുപിള്ളേർക്കുള്ളതാ'' എന്ന് പറഞ്ഞ് അച്ചായൻ നിതിെൻറ കൈത്തണ്ടയിൽ പിടിച്ചു. ''മോെൻറ കൈ ഒന്ന് നീർത്തേ.''
അച്ചായൻ തെൻറ വിരലിൽ കിടന്നിരുന്ന സ്വർണമോതിരം മെല്ലെ ഊരി. വിവാഹവേളയിൽ അമ്മ അച്ചായനെ പള്ളിയിൽവെച്ച് അണിയിച്ച മോതിരം.
എെൻറ ഹൃദയം ഒന്ന് മിടിച്ചു. ബെറ്റ്സി എെൻറ കൈയിൽ ഒന്നമർത്തി.
വളരെ സൂക്ഷിച്ച് കണ്ണുകൾ ഉറപ്പിച്ച് അച്ചായൻ മോതിരം നിതിെൻറ വിരലിൽ ഇട്ടുകൊണ്ട് പറഞ്ഞു: ''മോനെ, ഇതിനി നിനക്കിരിക്കട്ടെ. എഴുപത്തിനാല് വർഷം മുമ്പ് നിെൻറ വല്യമ്മച്ചി എനിക്കിട്ട് തന്ന മോതിരമാ. അന്നൊരു സംഭവമുണ്ടായി...''
ഇത്രയും പറഞ്ഞിട്ട് അച്ചായൻ കട്ടിലിെൻറ തലക്കൽ കുത്തനെ െവച്ചിരിക്കുന്ന തലയിണകളിന്മേൽ പുറം ഒന്ന് ചാരി കുറെക്കൂടി സ്വസ്ഥമായി ഇരുന്നു. ഞാൻ ആകാംക്ഷയോടെ അച്ചായനെ നോക്കി. അങ്ങനെ എന്തെങ്കിലും ഒരു പ്രത്യേക സംഭവമുണ്ടായതായി ഇതേവരെ ഞാൻ അച്ചായനോ അമ്മയോ പറഞ്ഞ് കേട്ടിട്ടില്ല.
''സാധാരണ ചെറുക്കെൻറ പള്ളീലാണല്ലോ കല്യാണം നടക്കുന്നത്. അന്ന്, പക്ഷേ, ഇവിടെ ഒരു വലിയ മരം വീണ് നമ്മടെ പള്ളിക്ക് കൊറച്ച് കേട് വന്നാരുന്നു. അത് കാരണം അന്ന് കെട്ട് പെണ്ണിെൻറ പള്ളീലാ നടത്തിയത്. കെട്ടെല്ലാം കഴിഞ്ഞ് രണ്ട് ദെവസത്തിന് ശേഷമാ ഇങ്ങോട്ട് തിരിച്ചത്. കാളവണ്ടീം കഷ്ടിച്ച് ബസുമൊക്കെയാ വാഹനങ്ങള്. അന്ന് മല്ലപ്പള്ളീല് പാലമായിട്ടില്ല. കടത്താ. പൂനക്കടവെന്നായിരുന്നു അന്ന് ആ കടവിെൻറ പേര്. ആറ്റില് വെള്ളം കുറച്ച് കൊറവായിരുന്ന സമയമാ. വേനക്കാലം. എന്നാലും കടത്ത് വേണം. കടത്ത് ഇക്കരെ എത്തി എല്ലാരും വള്ളത്തേന്ന് ഇറങ്ങാൻ തുടങ്ങിയതും എങ്ങനെയോ മണവാട്ടിപ്പെണ്ണ് കാല് തെറ്റി വെള്ളത്തിലോട്ട് വീണു. അവർക്കവിടെ വെള്ളോം വള്ളോം ഒന്നും അത്ര പരിചയമില്ലല്ലോ. എന്നതായാലും പിന്നെ ആകെ ഒരു പെരളിയായിരുന്നു. ചട്ടേം മുണ്ടും നനഞ്ഞതല്ലാതെ പെണ്ണിന് വേറെ കൊഴപ്പം ഒന്നും പറ്റിയില്ല. പക്ഷേ, അതിനെടേല് എെൻറ വെരലേന്ന് വിവാഹമോതിരം എങ്ങനെേയാ താഴെ വീണു. പിന്നത്തെ പുകില് ഒന്നും പറയണ്ട. ഒടുക്കം മോതിരം മണൽത്തിട്ടയോട് ചേർന്ന് വെള്ളത്തിനടീന്ന് കിട്ടി. അത് കണ്ണില് പെട്ടത് ആച്ചിക്കുഞ്ഞിന് തന്നെയായിരുന്നു.
അങ്ങനെ അവള് അവിടെ െവച്ച് തന്നെ ഒന്നുംകൂടെ എെൻറ വെരലേല് ആ മോതിരമിട്ട് തന്നു. ആറ്റിറമ്പത്ത്നിന്ന് കെട്ട് ഒന്ന് കൂടെ ഉറപ്പിച്ച പോലെ... അത്... അത്... പെട്ടെന്ന് അച്ചായെൻറ സ്വരം വിക്കി. കണ്ണുകൾ കൂമ്പി. കൺകോണുകളിൽ നനവ് പടരുന്നത്പോലെ. നിതിെൻറ കൈയിൽ ഇപ്പോഴും പിടിച്ചിരിക്കുന്ന അച്ചായെൻറ കൈയിലെ ഞരമ്പുകൾ എഴുന്ന് നിൽക്കുന്നതും കൈ ചെറുതായി വിറക്കുന്നതും കാണാമായിരുന്നു.
ഞാൻ എന്ത് വേണമെന്നറിയാതെ പതറി. അച്ചായന് അടുത്തേക്ക് നീങ്ങാൻ തുടങ്ങിയതും ഒന്നുമില്ല എന്ന മട്ടിൽ അച്ചായൻ കൈ ഉയർത്തി.
പിന്നെ പതർച്ച മാറിയ സ്വരത്തിൽ പറഞ്ഞു: ''മോനെ, അതിപ്പിന്നെ ഇത്രേംകാലം ഈ മോതിരം എെൻറ കൈയേന്ന് മാറീട്ടില്ല...സത്യത്തില്, ഇത് നിെൻറ ഭാര്യയെയായിരുന്നു ഏൽപിക്കേണ്ടിയിരുന്നത്. എന്നിട്ട് അവള് നിനക്ക് ഇട്ട് തരണം. ങാ, അവക്ക് പേർഷ്യേന്ന് വരാൻ കഴിയാത്ത സാഹചര്യമാന്നല്ലേ പറഞ്ഞത്. അപ്പോ അത് പിന്നെ ചെയ്താ മതി.''
''താങ്ക് യു വല്യപ്പച്ചാ'', നിതിെൻറ ചുണ്ടുകൾ അനങ്ങി. പക്ഷേ, അതിന് സാധാരണ അച്ചായനോട് അവൻ സംസാരിക്കുേമ്പാഴുള്ള ഒച്ച ഒട്ടും ഇല്ലായിരുന്നു.
മുറിക്ക് പുറത്തിറങ്ങിയ ശേഷം എനിക്കോ ബെറ്റ്സിക്കോ നിതിനോ പരസ്പരം ഒന്നും പറയാനില്ലായിരുന്നു. അച്ചായനോട് പറയാനാവാത്ത ആ കാര്യം ഞങ്ങളെ കൂർത്ത മുള്ളുകൾകൊണ്ട് കുത്തി മുറിവേൽപ്പിക്കുന്നത് ഞാനറിഞ്ഞു. കല്യാണം കഴിഞ്ഞ് ഒരുവർഷം തികയുന്നതിന് മുന്നേ വിവാഹമോചന കോടതിയിലെ നടപടികൾ തുടങ്ങിെവച്ചിരിക്കുന്ന എെൻറ മകെൻറയും അവെൻറ ഭാര്യയുടെയും രൂപങ്ങൾ തീവലയത്തിലെന്നപോലെ ഞാൻ കണ്ടു.
തുറന്ന് കിടക്കുന്ന ജനലിലൂടെ അകത്തേക്ക് കയറിവന്ന പോക്കുവെയിലിൽ നിതിെൻറ കൈവിരലിൽ അച്ചായൻ അണിയിച്ച സ്വർണമോതിരം ഒന്ന് വെട്ടിജ്വലിച്ചു. ഒത്തിരി മഴയും വേനലും ഒത്ത്പിടിച്ചിട്ടും ഒളിമങ്ങാത്ത ജ്വലനം. പക്ഷേ, അതേറ്റ് വാങ്ങിയിരിക്കുന്ന, നന്നായി വെളുത്ത ആ കൈ വല്ലാതെ വിളറിയിട്ടുണ്ട്. വളരെ വിളറിയിരിക്കുന്നു.
അപ്പോൾ വയസ്സൻക്ലോക്കിൽനിന്ന് അടുത്ത നാഴികമണിനാദം ഉയരാൻ തുടങ്ങി.