അട്ടപ്പാടിയിൽ ഇല്ലാത്ത ഭൂമിക്ക് ആധാരം ചമക്കുന്നത് ആര്?
അട്ടപ്പാടിയിൽ ഭൂമാഫിയകൾ ആദിവാസികളുടെ ഭൂമി തട്ടിയെടുക്കുന്നത് നിർബാധം തുടരുകയാണ്. ഇല്ലാത്ത ഭൂമിക്ക് ആധാരം ചമച്ചും ഒരേ ഭൂമി പലരുടെ പേരിൽ രേഖപ്പെടുത്തിയുമെല്ലാം നടക്കുന്ന തട്ടിപ്പുകൾ ആദിവാസിജീവിതത്തെയും പരിസ്ഥിതിയെയും തകർത്തിരിക്കുകയാണ്. അട്ടപ്പാടിയിൽ പൊതുവെയും ഷോളയൂർ വില്ലേജിലെ മൂലഗംഗലിൽ പ്രത്യേകിച്ചും നടക്കുന്ന ഭൂമി കൈയേറ്റങ്ങളെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തുകയാണ് ‘മാധ്യമം’ ലേഖകൻ.മുൻ മന്ത്രി എ.കെ. ബാലന്റെ അഭിപ്രായത്തിൽ അട്ടപ്പാടിയിൽ ഇടതു സർക്കാറിന്റെ കാലത്ത് സൃഷ്ടിച്ചത് മാറ്റത്തിന്റെ വസന്തമാണ്. രാജ്യത്തെ ആദിവാസി ക്ഷേമപദ്ധതികൾ എങ്ങനെയാകണം എന്നതിന്റെ...
Your Subscription Supports Independent Journalism
View Plansഅട്ടപ്പാടിയിൽ ഭൂമാഫിയകൾ ആദിവാസികളുടെ ഭൂമി തട്ടിയെടുക്കുന്നത് നിർബാധം തുടരുകയാണ്. ഇല്ലാത്ത ഭൂമിക്ക് ആധാരം ചമച്ചും ഒരേ ഭൂമി പലരുടെ പേരിൽ രേഖപ്പെടുത്തിയുമെല്ലാം നടക്കുന്ന തട്ടിപ്പുകൾ ആദിവാസിജീവിതത്തെയും പരിസ്ഥിതിയെയും തകർത്തിരിക്കുകയാണ്. അട്ടപ്പാടിയിൽ പൊതുവെയും ഷോളയൂർ വില്ലേജിലെ മൂലഗംഗലിൽ പ്രത്യേകിച്ചും നടക്കുന്ന ഭൂമി കൈയേറ്റങ്ങളെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തുകയാണ് ‘മാധ്യമം’ ലേഖകൻ.
മുൻ മന്ത്രി എ.കെ. ബാലന്റെ അഭിപ്രായത്തിൽ അട്ടപ്പാടിയിൽ ഇടതു സർക്കാറിന്റെ കാലത്ത് സൃഷ്ടിച്ചത് മാറ്റത്തിന്റെ വസന്തമാണ്. രാജ്യത്തെ ആദിവാസി ക്ഷേമപദ്ധതികൾ എങ്ങനെയാകണം എന്നതിന്റെ മികച്ച മാതൃകയായി കേരളത്തിലെ ആദിവാസി മേഖലകളെന്ന് അദ്ദേഹം പറയും. 2016ൽ എൽ.ഡി.എഫ് അധികാരത്തിലെത്തിയ ഉടനെ ഗോത്രവിഭാഗത്തിന്റെ സമഗ്രമായ വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതിക്ക് രൂപംനൽകിയെന്നും എ.കെ. ബാലൻ അവകാശപ്പെടുന്നു.
2016 ജൂൺ അഞ്ചിലെ വാർത്തപ്രകാരം മന്ത്രി എ.കെ. ബാലന്‍ അട്ടപ്പാടിയിലെ ഊരുകള്‍ സന്ദര്‍ശിച്ചു. ഷോളയൂരിലെ മൂലഗംഗൽ ഊരിലെത്തിയ മന്ത്രിയെ ആദിവാസികള്‍ തനതു നൃത്തച്ചുവടുകളുമായി സ്വീകരിച്ചു. ആദിവാസികളുമായി ഊരിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത മന്ത്രി അവര്‍ക്ക് എല്ലാവിധ ക്ഷേമപ്രവര്‍ത്തനങ്ങളും ഉറപ്പുനല്‍കി. ഊരുവാസികളില്‍നിന്ന് പരാതിയും മന്ത്രി സ്വീകരിച്ചു. തുടര്‍ന്ന് വെച്ചപതി, വെള്ളകുളം തുടങ്ങിയ ഊരുകളിലും മന്ത്രി സന്ദര്‍ശനം നടത്തി.
അനന്തമായി കൈയേറ്റ ഭൂമി
ഷോളയൂർ വില്ലേജിലെ മൂലഗംഗൽ, വെച്ചപതി, വെള്ളകുളം പ്രദേശങ്ങളിൽ ജനസംഖ്യയിൽ 99 ശതമാനവും ആദിവാസികൾ മാത്രമാണ്. ഊരുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ അവരുടെ പ്രധാന ഉപജീവനമാർഗങ്ങിൽ ഒന്നായ ആട്, മാട് എന്നിവയുടെ (കാലി സമ്പത്ത്) മേച്ചിൽപ്പുറങ്ങളായിരുന്നു. ഇന്നാകട്ടെ ആദിവാസി വിഭാഗത്തിലല്ലാത്തവരുടെ അതിക്രമവും അതിപ്രസരവും അനിയന്ത്രിതമായ ഭൂമി കൈയേറ്റവും നടക്കുന്ന പ്രദേശമാണിവിടം. കാലങ്ങളായി വനവിഭവങ്ങളെ ആശ്രയിച്ചിരുന്ന പ്രദേശങ്ങളിലേക്ക് പുറമെയുള്ളവർ കടന്നെത്തി. അവരാരും ഈ പ്രദേശത്ത് സ്ഥിരതാമസക്കാരല്ല.
ഈ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലോ അട്ടപ്പാടി ട്രൈബൽ മേഖലയിലോ അവർക്ക് വോട്ടവകാശം ഉണ്ടായിരുന്നില്ല. വ്യാജരേഖകളും ആധാരങ്ങളും വഴി ആദിവാസി ഭൂമി ബിനാമി, പേപ്പർ കമ്പനി രജിസ്ട്രേഷൻ, ചാരിറ്റി, മുക്ത്യാർ ഏജന്റ് തുടങ്ങി സർവ സംവിധാനങ്ങളും ഉപയോഗിച്ച് തട്ടിയെടുക്കുന്നതാണ് രീതി.
മൂലഗംഗൽ അടക്കമുള്ള ആദിവാസി മേഖലയിൽ വലിയൊരു സാമൂഹികപ്രശ്നമായി ഭൂമാഫിയ പ്രവർത്തനം മാറിയിട്ടുണ്ട്. ഷോളയൂർ, കോട്ടത്തറ വില്ലേജ് ഓഫിസ് കേന്ദ്രീകരിച്ച് ഒരുവിധ മാനദണ്ഡവും പാലിക്കാതെ ആദിവാസി മേഖലയിലെ ആവാസവ്യവസ്ഥ ഇവർ തകർക്കുന്നു. ഈ ഭാഗങ്ങളിലെ ഭൂമി എല്ലാവിധ നിയമങ്ങളും ലംഘിച്ച് നിരവധിപേർക്ക് വില്ലേജിൽനിന്ന് നികുതി രസീതും കൈവശരേഖയും സ്വന്തമാക്കി. അതുവഴി ആദിവാസികൾക്ക് ഭൂമി നഷ്ടമായി.
പിറന്ന മണ്ണിൽ ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള അതിക്രമമാണ് മൂലഗംഗൽ അടക്കമുള്ള മേഖലകളിൽ നടക്കുന്നത്. ആദിവാസികളുടെ ഉപജീവനത്തിനാവശ്യമായ വനവിഭവങ്ങൾ തരുന്ന മലവാരങ്ങളാണവിടം. എന്നാൽ, മലനിരകൾ ഇടിച്ചുനിരത്തിയും മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് ഭൂമിയുടെ തരംമാറ്റിയും നടത്തുന്ന നിർമാണം വൈദ്യുതി വേലികൾ, റിസോർട്ടുകൾ എന്നിവ ആദിവാസി ജീവിതത്തെ പ്രതികൂലമായി ബാധിച്ചുവെന്നാണ് പരാതിയിൽ ആദിവാസി ആക്ഷൻ കൗൺസിൽ ചൂണ്ടിക്കാണിക്കുന്നത്.
അട്ടപ്പാടിയിൽ 15 വർഷങ്ങൾക്കിടയിൽ റിപ്പോർട്ട് ചെയ്‌തത് നൂറിലധികം ശിശുമരണങ്ങളാണ്. ഇതിനുപുറമെ ചാപിള്ള, അബോർഷൻ, മറ്റു മരണങ്ങൾ എന്നിവ കൂട്ടിയാൽ ആയിരത്തിലധികം മരണങ്ങൾ അട്ടപ്പാടിയിൽ നടന്നുവെന്നാണ് ആദിവാസികൾ ആരോപിക്കുന്നത്. ശിശുമരണത്തിെന്റ കാര്യത്തിൽ ഷോളയൂർ ഗ്രാമപഞ്ചായത്തിലെ കോട്ടത്തറ വില്ലേജ് പരിധിയിൽപെട്ട മൂലഗംഗൽ, വെള്ളകുളം, വെച്ചപതി ഭാഗങ്ങൾ പിന്നിലായിരുന്നില്ല.
ഇതിൽ വരഗംപാടിയും ഉൾപ്പെടും. ആദിവാസികൾക്കിടയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന അരിവാൾ രോഗം, ടി.ബി, പോഷകാഹാരക്കുറവ്, ഹൃദ്രോഗം, മാനസികവൈകല്യം തുടങ്ങിയ എല്ലാത്തിനും കാരണം അട്ടപ്പാടിയിലെ ആവാസമേഖലയിൽ നടന്ന അതിക്രമമാണ്. പോഷക വിഭവങ്ങൾ ധാരാളം ലഭിച്ചിരുന്ന കാടുകൾ (ഇലക്കറികൾ), കുന്നുകൾ, മലകൾ, പുഴകൾ, തോടുകൾ ഉൾപ്പെട്ട കാടിന്റെ സമ്പന്നത ആദിവാസികളുടെ ജീവിതത്തെയും ആരോഗ്യത്തെയും സംരക്ഷിച്ചിരുന്നു.
1950-70 കാലഘട്ടങ്ങളിൽ വ്യാപകമായ കൂപ്പുവെട്ട് (വനനശീകരണം) നടന്നു. അതിനെ തുടർന്നുണ്ടായ കാലാവസ്ഥ വ്യതിയാനം, മഴലഭ്യത കുറവ്, കടുത്ത വരൾച്ച, ചെറുധാന്യ കൃഷികൾ ചെയ്യാൻ പറ്റാതെ കടുത്ത ക്ഷാമം, പട്ടിണി എന്നിവ വ്യാപകമായി. 1960-1970 കാലഘട്ടത്തിൽ പാട്ടകൃഷിക്കും കൂപ്പു വെട്ടാനും സോയിൽ സർവേക്കും വന്നവർ അട്ടപ്പാടി വാലിയിൽ (നിബിഡവനം ഉൾപ്പെട്ട പ്രദേശങ്ങൾ) പലതരം ചൂഷണങ്ങൾക്ക് വഴിവെട്ടി. കുത്തക പാട്ടം എഴുതുക എന്ന വ്യാജേന മണ്ണാർക്കാട് എസ്.ആർ.ഒയിൽ തീറാധാരങ്ങൾ നടത്തി.
1961-1966 കാലഘട്ടങ്ങളിലെ പ്രിലിമിനറി സർവേകളിൽ പാട്ടകൃഷി ഭൂമിയിൽ ഉണ്ടായിരുന്ന ആദിവാസികൾ അല്ലാത്തവരുടെ പേരുകൾ സർവേ രജിസ്റ്ററിൽ ഇടംപിടിച്ചു. ഇത്തരം തട്ടിപ്പുകൾക്കെതിരെ ആദിവാസികൾ പരാതികൾ നൽകിയപ്പോൾ പല ആളുകളും ഭൂമി യഥാർഥ ഉടമകളായ ആദിവാസികൾക്ക് വിട്ടുനൽകി. തമിഴ്‌നാട്ടിലെ പലഭാഗങ്ങളിൽനിന്നും എത്തിയവർ നാല് പതിറ്റാണ്ടുകൾക്കുമുമ്പ് ഇവിടെനിന്ന് മടങ്ങി. അവരൊന്നും മൂലഗംഗൽ ഭാഗങ്ങളിൽ സ്ഥിരതാമസമില്ല.
ഷോളയൂർ വില്ലേജിൽ മൂലഗംഗൽ ഊരിനോട് ചേർന്ന മൂലഗംഗൽ മേൽക്കാട് ഭാഗങ്ങളിലുൾപ്പെട്ട സർവേ നമ്പർ 1869 മുതൽ 1890 വരെയുള്ളവയിൽ പൂർവികമായി ആദിവാസി ഭൂമിയായിരുന്നു. പാട്ട കൃഷിക്കും കൂപ്പുവെട്ടാനും ചിന്നൻ എന്നയാളും, തമിഴ്‌നാട് ചെമ്മണ്ണൂർ മരുതമലക്കടുത്തുനിന്നു വന്ന കൃഷ്ണസ്വാമി കൗണ്ടർ എന്നിവർ മത്തിപാളയം, കരടിമട, വരലിയൂർ, വെള്ളറായപാളയം, തൊണ്ടാമുത്തൂർ, തടാകം, പൂണ്ടി എന്നിവിടങ്ങളിൽനിന്നും കൊണ്ടുവന്ന പല കൗണ്ടർ വിഭാഗക്കാരുടെയും പേരിൽ പ്രിലിമിനറി സർവേയിൽ പേരുകൾ ചേർത്തു.
കൂപ്പ് വെട്ടുന്ന സമയം മാസങ്ങളായി ഷെഡ് വെച്ച് താമസിച്ചിരുന്ന ആനപാടി, മൂലഗംഗൽ, വെള്ളകുളം, മേൽക്കാട് ഭാഗങ്ങളിൽപെട്ട ഭൂമി ചാലക്കുടി വില്ലേജിലെ ആനമല ജങ്ഷനിൽ പ്രവർത്തിക്കുന്ന ‘സനാതന ട്രസ്റ്റി’ന്റെ (ഫൗണ്ടേഷൻ ഫോർ സനാതന ധർമ ആൻഡ് ഹെറിറ്റേജ് റിസർച്ചസ്) കൈവശമാണ്. ചാലക്കുടി സബ് രജിസ്ട്രാർ ഓഫിസിൽ 2008ൽ രജിസ്റ്റർചെയ്‌ത ചാരിറ്റബ്ൾ സൊസൈറ്റിയാണിത്. ഏക്കർകണക്കിന് ആദിവാസി ഭൂമി വ്യാപകമായി ഷോളയൂർ, കോട്ടത്തറ വില്ലേജ് ഓഫിസിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് നികുതിയും കൈവശ സർട്ടിഫിക്കറ്റും കരസ്ഥമാക്കിയെന്നാണ് ആരോപണം. രേഖകൾപ്രകാരം അഗളി എസ്.ആർ.ഒയിലാണ് ഭൂമിയുടെ ആധാരം നടത്തിയത്. പിന്നീട് പലർക്കും സനാതന ട്രസ്റ്റ് ഈ ഭൂമി മറിച്ച് വിൽപനയും നടത്തിയെന്നും ആക്ഷേപമുണ്ട്.
ഷോളയൂർ വില്ലേജിലെ കൈയേറ്റം
ഷോളയൂർ വില്ലേജിൽ സർവേ നമ്പർ 1865ലെ ഭൂമി മൂലഗംഗൽ ഊരിലെ ആദിവാസികളായ പരേതനായ ഗംഗൽ കൊട്ടിയന്റെ സഹോദരൻ പരേതനായ മല്ലപാട്ടന്റെ ഭൂമിയാണ്. അവരുടെ അവകാശികളായ മരുതൻ, നഞ്ചി, രംഗമ്മ എന്നിവരാണ് കഴിഞ്ഞ 50 വർഷത്തിലധികമായി കൃഷിയും വീടുവെച്ചും കന്നുകാലികളെ പരിപാലിച്ചും താമസിച്ചുവരുന്നത്. ഇവരുടെ പേരിൽ കുന്താ പ്രോജക്ടിന്റെ ഭാഗമായിട്ടുള്ള 1976-1979ലെ സോയിൽ കൺസർവേഷനിൽ നാല് ഹെക്ടർ സ്ഥലം നഞ്ചി, രംഗമ്മ, മരുതൻ എന്നിവരുടെ പേരിൽ സോയിൽ ബണ്ട് (ഏറികെട്ട്) നടന്നുവെന്ന് രേഖയുണ്ടെന്നും പരാതിയിൽ ആദിവാസികൾ ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ, ഷോളയൂർ വില്ലേജിൽ സർവേ നമ്പർ 1865/പാർട്ടിൽ ഒരു ഹെക്ടർ നാല് ആർ. മരുതയ്യ കൗണ്ടറുടെ പേരിലും 1865/2 പാർട്ടിൽ നാല് ഹെക്‌ടർ 42 ആർ കോയമ്പത്തൂർ രാസാമണി കൗണ്ടർ എന്നുമാണ് പ്രിലിമിനറി സർവേയിൽ രേഖപ്പെടുത്തിയത്. ഈ ഭൂമി മണ്ണാർക്കാട് എസ്.ആർ.ഒയിലെ ആധാരപ്രകാരം (ഡോക്യുമെന്റ് നമ്പർ 347/1964, 2 ഡോക്യുമെന്റ് നമ്പർ 2893/1969) ആദിവാസിയായ പഴനി മൂപ്പനിൽനിന്നും വാങ്ങിയത് വെങ്കിടചെല കൗണ്ടറാണ്. ഇദ്ദേഹം സർവേ നമ്പർ 1865/2 പാർട്ടിൽ ഉൾപ്പെട്ടിട്ടുള്ള ഭൂമി മുത്തുസ്വാമി കൗണ്ടർക്ക് വിൽപന നടത്തി. ഈ ഭൂമിയിൽ ഒരു അവകാശിയുമല്ലാത്ത വെള്ളകുളത്ത് താമസിച്ചിരുന്ന ആദിവാസി മൂപ്പനായ പഴനി മൂപ്പനാണ് മൂലഗംഗൽ മുതൽ വെള്ളകുളം വെച്ചപതി ഭാഗമുള്ള മലവാരങ്ങളിൽപെട്ട ഭൂമികൾ വ്യാപകമായി പാട്ടത്തിന് നൽകിയത്.
പഴനി മൂപ്പനും അനിയൻ നഞ്ചനും ചേർന്ന് ഇത്തരത്തിൽ മൂലഗംഗൽ, മേൽക്കാട്, ആനപടി, വെള്ളകുളം, വെച്ചപതി ഭാഗത്ത് വ്യാപകമായി ഭൂമികൾ നൽകി. ഈ പ്രദേശങ്ങളിൽ കൗണ്ടർ, നായ്ക്കർ, വലയർ എന്നിവരുടെ പേരിൽ നടന്നിട്ടുള്ള ആധാരങ്ങളും അവർ നടത്തിയിട്ടുള്ള നിയമവിരുദ്ധ വിൽപന ആധാരങ്ങളും പരിശോധിച്ചാൽ ഇത് വ്യക്തമാവും. സർവേ നമ്പർ 1865/Pt, 2ൽ ഉൾപ്പെട്ട അഞ്ച് ഹെക്‌ടർ 42 ആർ ഭൂമി മൊത്തമായി കഴിഞ്ഞ 50 വർഷത്തിലധികമായി നിലവിലെ കുടിയിരുപ്പും കൈവശക്കാരുമായ മരിച്ച ഗംഗൽ കൊട്ടിയന്റെയും മല്ലപ്പാട്ടന്റെയും അവകാശികളായ ആദിവാസികളുടെ കൈവശത്തിലാണെന്ന് പരാതിയിൽ പറയുന്നു. സർവേ നമ്പർ 1865/Pt2ൽ ഉൾപ്പെട്ട മുഴുവൻ ഭൂമിയും ആദിവാസികൾക്ക് അവകാശപ്പെട്ടതാണ്. ഈ സർവേ നമ്പറിൽ ഉൾപ്പെട്ട ഭൂമി സനാതന ട്രസ്റ്റിന്റെ പേരിൽ ആധാരം നടത്തി.
മൂലഗംഗൽ ഊര് ഭൂമി ഉൾപ്പെട്ട സർവേ നമ്പർ 1866ലെ മുഴുവൻ ഭൂമിയും മൂലഗംഗൽ കൊട്ടിയന്റെ അവകാശികളായ ആദിവാസികളുടേതാണ്. ഈ ഭൂമി സോയിൽ കൺസർവേഷൻ ഗുണഭോക്തൃ പട്ടികയിൽ (ബെനിഫിഷ്യറി ലിസ്റ്റിൽ) ആദിവാസികളുടെ പേരിൽ ഏറികെട്ട് (സോയിൽ ബണ്ട്) 1976 മുതൽ 1979 വരെയുള്ള കുന്താ േപ്രാജക്ടിന്റെ ഭാഗമായി ചെയ്തിട്ടുണ്ട്.
അതിനുശേഷം കഴിഞ്ഞ 50 വർഷത്തിലധികമായി നഞ്ചി എന്നവരുടെ കൈവശത്തിലും 70ലധികം ആദിവാസികൾ സ്ഥിരമായി വീടുവെച്ച് താമസിക്കുന്ന മൂലഗംഗൽ ഊര് നിൽക്കുന്ന സ്ഥലമാണ്. വില്ലേജിലെ പ്രിലിമിനറി സർവേയിൽ ഉൾപ്പെട്ടിട്ടുള്ള കൗണ്ടർ വിഭാഗത്തിലുള്ളവർ കഴിഞ്ഞ 45 വർഷത്തിലധികമായി ഇവിടെ സ്ഥിരതാമസക്കാരല്ല. കൗണ്ടർമാർ ഇവിടെ ചെറുകിട നാമമാത്ര കർഷകരായി ജീവിക്കുന്നവരുമല്ല.
ഷോളയൂർ വില്ലേജിലെ സർവേ നമ്പർ 1868, 1869 ഉൾപ്പെട്ട ഭൂമി മൂലഗംഗൽ ഊരിലെ നഞ്ചൻ, വയ്യാവുരി, പരുവൻ, റാണി എന്നീ ആദിവാസികളുടെ പൂർവികരുടെ ഭൂമിയാണ്. ഷോളയൂർ വില്ലേജ് എ ആൻഡ് ബി രജിസ്റ്റർ പ്രകാരം പ്രിലിമിനറി സർവേയിൽ ചിങ്കമ്മാൾ-രാമയ്യ കൗണ്ടർ ദമ്പതികളുടെ മക്കളായ കുപ്പയ്യ കൗണ്ടർ, നഞ്ചുകുട്ടി കൗണ്ടർ എന്നിവരുടെ പേരിലാണ്. ഈ ഭൂമിയിൽ കൗണ്ടന്മാർ സ്ഥിരതാമസക്കാരല്ല. കുത്തക പാട്ടത്തിനെടുത്ത് ഇവർ വർഷങ്ങൾക്കു മുമ്പ് കൃഷി നടത്തിയിരുന്നു. പാട്ടഭൂമികൾ വിട്ടൊഴിഞ്ഞ് വർഷങ്ങൾക്കു മുമ്പുതന്നെ ഇവിടെനിന്നും അവരുടെ നാട്ടിലേക്ക് പോയിരുന്നു.
വില്ലേജിലെ സർവേ നമ്പർ 1869ൽ ഉൾപ്പെട്ട ഭൂമി ആദിവാസി വിഭാഗത്തിൽപെട്ട റാണിയുടേതാണ്. വില്ലേജിലെ എ ആൻഡ് ബി രജിസ്റ്ററിൽ പ്രിലിമിനറി സർവേയിൽ 1869/1ൽ ഒരു ഹെക്ടർ 28 ആർ ചിന്നസ്വാമി നായിഡു സർവേ നമ്പർ 1869/2ൽ 1 ഹെക്‌ടർ 45 ആർ. രാമപ്പ കൗണ്ടർ, 1869/3ൽ 0.65 ഹെക്‌ടർ കുപ്പയ്യ കൗണ്ടർ എന്നിവരുടെ പേരിലാണ്. ഇവരും കഴിഞ്ഞ 45 വർഷത്തിലധികമായി ഇവിടെ സ്ഥിരതാമസമില്ല. ഈ ഭൂമി സനാതന ട്രസ്റ്റിന്റെ പേരിൽ ആധാരം നടത്തി.
രാമയ്യ കൗണ്ടർ ഭാര്യ ചിങ്കമ്മാൾ എന്നവരുടെ കുടുംബാംഗങ്ങൾക്ക് (നഞ്ചപ്പ കൗണ്ടർ, കുപ്പയ്യ കൗണ്ടർ, ...) ഷോളയൂർ വില്ലേജിലെ സർവേ 1864/1, 1866/1,2,3 ,1868pt,2, 1869/2, 1883/pt,1, 1888,1871 എന്നീ സർവേ നമ്പറുകളിലും കോട്ടത്തറ വില്ലേജിലെ സർവേ നമ്പർ 1819 എന്നിവയിലുമായി ഏക്കർകണക്കിന് ഭൂമി വില്ലേജ് എ ആൻഡ് ബി രജിസ്റ്ററിൽ രേഖപ്പെടുത്തി. പല ആധാരങ്ങളിലായി അഗളി എസ്.ആർ.ഒ കേന്ദ്രീകരിച്ച് വിൽപന നടത്തി. ഇവയെല്ലാം ഭൂപരിഷ്‌കരണ നിയമപ്രകാരം താലൂക്ക് ലാൻഡ് ബോർഡ്, ഡെപ്യൂട്ടി കലക്ടർ, കലക്ടറുടെ കാര്യാലയം നടപടിയെടുത്ത് സംരക്ഷിക്കേണ്ട ഭൂമിയാണ്. എന്നാൽ, അട്ടിമറിക്കെല്ലാം സഹായം നൽകിയത് റവന്യൂ ഉദ്യോഗസ്ഥരാണ്.
ഷോളയൂർ വില്ലേജിൽ സർവേ നമ്പർ 1864ൽ ഉൾപ്പെട്ട സ്ഥലം മൂലഗംഗൽ ഊരിലെ മരുതൻ, വീരൻ, കുട്ടിയപ്പ മൂപ്പൻ എന്നിവരുടെ പൂർവികരുടേതാണ്. ഇത് കുന്താ പ്രോജക്ടിൽ ഉൾപ്പെടുത്തി 1976 മുതൽ 1979 വരെയുള്ള കാലയളവിൽ ആദിവാസികളുടെ പേരിൽ സോയിൽ ബണ്ട് (ഏറികെട്ട്) നിർമിച്ചതാണ്. ഷോളയൂർ വില്ലേജിലെ സർവേ നമ്പർ 1848, 1851, 1852, 1853, 1854, 1855, 1856, 1858, 1859, 1862 എന്നിവയിൽ ഉൾപ്പെട്ട ഭൂമികൾ മൂലഗംഗൽ ആനക്കാട് എന്ന് പേരുള്ള സ്ഥലമാണ്. പണ്ട് മൂലഗംഗൽ ഊരിലെ ആദിവാസികൾ ആനക്കുഴി വെട്ടി ആനയെ വീഴ്ത്തി ചേമ്പ്ക്കര കട്ടത്ത് വെളിക്കാട് വഴി കൊണ്ടുപോയി മണ്ണാർക്കാട് മൂപ്പിൽ നായർക്ക് ആനയെ കൊടുത്തിട്ടുള്ള സ്ഥലമാണ്.
അതുകൊണ്ടാണ് ഇതിന് ആനക്കാട് എന്ന് പേര് വന്നത്. അന്ന് നിബിഡവനമായിരുന്നു ആനക്കാട് (ചോല). ഈ ഭാഗത്ത് കിട്ട്‌ണ സ്വാമി കൂപ്പ് വെട്ടാൻ തമിഴ്‌നാട് വരലിയൂർ, മത്തിപാളയം, കരടിമട, വെള്ളറായ പാളയം, തൊണ്ടാമുത്തൂർ, തടാകം, പൂണ്ടി എന്നിവിടങ്ങളിൽനിന്നും നായ്ക്കർ, വലയർ, കൗണ്ടർ, ശിവനിയർ വിഭാഗത്തിൽപ്പെട്ടവരെ കൊണ്ടുവന്നു. ഇവരിൽ പലരും സർവേ രേഖകളിൽ കടന്നുകൂടി.
ഇതേകാലത്ത് മൂലഗംഗൽ ഭാഗം ചിന്നൻ കൂപ്പ് ഒഴിഞ്ഞപ്പോൾ കിട്ട്ണ സ്വാമി കൗണ്ടറാണ് കൂപ്പ് കരാർ ഏറ്റെടുത്ത് വെട്ടിയത്. ആനപ്പടി ഭാഗം വനം വെട്ടി നശിപ്പിച്ചതിനുശേഷം ബാക്കി സ്ഥലങ്ങൾ മലവാരങ്ങൾ കേന്ദ്രീകരിച്ച് വെട്ടാനെത്തിയവർ നിലവിലെ ആനപ്പടി (ആനച്ചോല) എന്ന പ്രദേശത്ത് വീടുവെച്ച് താമസിച്ചു. ഇവർ ഷോളയൂർ വില്ലേജിൽ ഉൾപ്പെട്ട പ്രദേശങ്ങളിലും (മലവാരങ്ങളിൽ) നിലവിൽ കോട്ടത്തറ വില്ലേജിലെ സർവേ 1819, 524, 1275 ചെത്തികര ഭാഗവും, ഷോളയൂർ വില്ലേജിലെ സർവേ 1871 ഉൾപ്പെട്ട ഭൂമി പാട്ടത്തിന് എടുത്ത് കൃഷി ചെയ്തിരുന്നു.
പലരും കത്താളക്കണ്ടി സഹകരണ ബാങ്കിൽ വായ്പയെടുത്ത് ജപ്തിയായി ഇവിടെനിന്നും നാടുവിട്ടു. ഇത്തരത്തിൽ നിരവധി തട്ടിപ്പ് നടത്തി. മൂലഗംഗൽ ആനപ്പാടി ഭാഗം നിരപ്പാക്കിയിട്ടുള്ള വിവിധ സർവേ നമ്പറുകളിൽ ഉൾപ്പെട്ട ഭൂമി ‘നവനിർമാൺ എജുക്കേഷൻ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി’യുടെ കൈവശം 16.59 ഹെക്ടർ (40.99 ഏക്കർ) എത്തിയത് എങ്ങനെയെന്ന് അന്വേഷിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടത്.
കെബ്ബണ്ണ നായ്ക്കരുടെ കുടുംബങ്ങൾക്ക് (നഞ്ചമ്മാൾ, രങ്കസ്വാമി നായ്ക്കർ, കുപ്പണ്ണ നായ്ക്കർ, വയ്യാവുരി നായ്ക്കർ, നഞ്ചപ്പ നായ്ക്കർ, മാസി നായ്ക്കർ) ഷോളയൂർ വില്ലേജിലെ വിവിധ സർവേ നമ്പറുകളിലായി (1856/1,3, 1855/1,2,3, 1854/1,2, 1853/ 1,2, 1852/1, 1849/1,2,3, 1850/5, 1847/1, 1851/1, 1840/1,6) 23.5290 ഹെക്ടർ (58.12 ഏക്കർ) സ്ഥലമുണ്ട്. ഇതുകൂടാതെ, ഷോളയൂർ വില്ലേജിലെ അൺസർവേ നമ്പർ 1871ലും കോട്ടത്തറ വില്ലേജിലെ അൺസർവേ നമ്പർ 1819ലും ഭൂമി ഇവർ പല ആധാരങ്ങളിലായി വിൽപനകൾ നടത്തി. നിലവിൽ ആനപ്പാടി ഭാഗമുള്ള 40 ഏക്കറിലധികം വരുന്ന ഭൂമി 32.72 ഏക്കർ ഭൂമി ഇവരുടെതന്നെ പേരിൽ വില്ലേജ് എ ആൻഡ് ബി രേഖകളിൽ കാണുന്നു. നവനിർമാൺ ചാരിറ്റബിൾ സൊസൈറ്റിക്ക് മൊത്തമായി മൂപ്പിൽ നായരുടെ പേരിലുള്ള ഭൂമികളടക്കം വിൽപന നടത്തിയിട്ടുണ്ട്.
ഷോളയൂർ വില്ലേജിൽ സർവേ നമ്പർ 1848, 1851, 1853, 1854,1855, 1856, 1858, 1859, 1862, 1871, കോട്ടത്തറ വില്ലേജിലെ അൺസർവേ 1819 ഉൾപ്പെടെയുള്ള ഭൂമി പണ്ട് ആനപ്പാടി (ആനക്കാട്, ചോല) എന്നറിയപ്പെട്ട സ്ഥലം നിലവിൽ മണ്ണുമാന്തിയന്ത്രങ്ങളും ഉപയോഗിച്ച് നിരത്തുന്നു. കഴിഞ്ഞ 45 വർഷങ്ങൾക്കുമുമ്പ് കൂപ്പ് വെട്ടി ഒഴിഞ്ഞ് കാടുപിടിച്ച് കിടന്നിരുന്നതും മൂലഗംഗൽ ആദിവാസി ഊരിലെ ആദിവാസികൾ 2000-2001 വർഷത്തിൽ ജെ.എഫ്.എം.സി (ജോയന്റ് ഫോറസ്റ്റ് മാനേജ്മെന്റ് കമ്മിറ്റി) മുഖേന അഹാഡ്‌സ് വഴി സാമൂഹികവനവത്കരണം നടപ്പാക്കിയ ആനക്കാടാണ്. ഇപ്പോൾ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് നിരപ്പാക്കിയ ഏകദേശം 60 ഏക്കറുണ്ട്. എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഷോളയൂർ, കോട്ടത്തറ വില്ലേജിൽനിന്നും നികുതി രസീതും കൈവശ സർട്ടിഫിക്കറ്റും നൽകി വ്യാജ ആധാരങ്ങളിൽ ഭൂമി കൈവശപ്പെടുത്തിയതെന്ന് അന്വേഷിക്കണം.
ആര് അന്വേഷിക്കും?
മൂലഗംഗൽ, വെള്ളകുളം, വെച്ചപതി ഭാഗത്തുള്ള ഭൂമി തട്ടിപ്പിനെ സംബന്ധിച്ച ആദിവാസികളുടെ പരാതിയിൽ റവന്യൂ ഉദ്യോഗസ്ഥർ 2010ൽ ബ്ലോക്ക് തല യോഗം ചേർന്നു. ഫയൽപ്രകാരം 09.09.2010നാണ് തഹസിൽദാറുടെ നോട്ടീസ് പ്രകാരം മൂലഗംഗൽ മേഖലയിലെ ആദിവാസി ഭൂമി കൈയേറ്റം സംബന്ധിച്ച് ബ്ലോക്കുതല യോഗം നടന്നത്. ആ യോഗത്തിൽ ശക്തമായ നടപടി സ്വീകരിക്കാനും തീരുമാനിച്ചു. എന്നാൽ, പിന്നീട് തീരുമാനങ്ങളെല്ലാം ഭൂമാഫിയയുടെ താൽപര്യത്തിന് വഴങ്ങി ഉദ്യോഗസ്ഥർ അട്ടിമറിച്ചു. ആദിവാസി ഭൂമിക, ആദിവാസി മേഖലകളുടെ സംരക്ഷണം, അവകാശങ്ങൾ എന്നിവ സംബന്ധിച്ച് സർക്കാർ സംവിധാനങ്ങൾ നിശ്ശബ്ദത പാലിച്ചു. മനുഷ്യാവകാശ ലംഘനങ്ങളുടെ വൻമഴയാണ് പിന്നീട് അട്ടപ്പാടിയിൽ പെയ്തിറങ്ങിയത്.
സനാതന ട്രസ്റ്റ്, നവനിർമാൺ എജുക്കേഷനൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി, ആബിൻവില്ല എന്നീ പേരുകളിൽ അഗളി എസ്.ആർ.ഒയിൽ നടത്തിയിട്ടുള്ള രജിസ്ട്രേഷനുകളിൽ മൂലഗംഗൽ, വെള്ളകുളം എന്നീ പ്രദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ട്രസ്റ്റ്, സൊസൈറ്റി, വില്ലകൾ, മുക്ത്യാർ ഏജന്റുമാർ എന്നിവ വഴി നടത്തിയിട്ടുള്ള മുഴുവൻ ഭൂമിയിടപാടുകളെ സംബന്ധിച്ചും സമഗ്രമായ അന്വേഷണം നടത്തണം.
ഇവയുടെ അടിയാധാരങ്ങൾ പരിശോധിച്ച് വ്യാജ ആധാരങ്ങൾ റദ്ദ് ചെയ്യണം. കലക്ടർ ഇക്കാര്യത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഭൂ മാഫിയകൾ, ട്രസ്റ്റുകൾ, സൊസൈറ്റികൾ, വില്ലകൾ, മുക്ത്യാർ ഏജന്റുമാർ വഴി വിൽപന നടത്തിയ മുഴുവൻ ആധാരങ്ങളും ഗൗരവതരമായ അന്വേഷണത്തിന് വിധേയമാക്കണം. സർക്കാർ സുവോമോട്ടോ നടപടികൾ വഴി സംസ്ഥാനത്തെ ഉന്നതതല ഉദ്യോഗസ്ഥർ അടങ്ങിയ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കണമെന്നാണ് ആദിവാസികൾ ആവശ്യപ്പെട്ടത്. 2002 ഡിസംബർ 14ന് ലഭിച്ച പരാതി ഇപ്പോഴും ഫയലിൽ ഉറങ്ങുകയാണ്. മണ്ണുമാന്തി യന്ത്രവുമായി മൂലഗംഗലിലേക്കുള്ള കൈയേറ്റക്കാരുടെ ഘോഷയാത്ര തുടരുകയാണ്. ആദിവാസി ഭൂമി അന്യാധീനപ്പെടുത്തുന്നവർക്കെതിരെ എസ്.സി-എസ്.ടി അതിക്രമം (തടയൽ) നിയമപ്രകാരം ക്രിമിനൽ നടപടി സ്വീകരിക്കണമെന്നാണ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടത്.
മൂലഗംഗലിലെ ആദിവാസികൾ ഇന്ന് ചൂൽപുല്ല് വെട്ടി വിറ്റാണ് ജീവിക്കുന്നത്. ഒരുവശത്ത് തമിഴ്നാട് വനമാണ്. മറുവശത്താണ് മൂലഗംഗൽ. ചെറുവാനി മലയുടെ ഈ ഭാഗത്തേക്ക് ആനക്കട്ടിയിൽനിന്ന് ഒരു കെ.എസ്.ആർ.ടി.സി ബസ് മാത്രം. ഇവിടെ, 2000 ഏക്കർ ഭൂമിയിൽ ടൗൺഷിപ്പാണ് ലക്ഷ്യം. അതിന് ആദിവാസികളെ അവിടെനിന്ന് തുടച്ചുനീക്കണം. അതിനുള്ള മുന്നൊരുക്കമാണ് ഇപ്പോൾ അരങ്ങേറുന്ന ഭൂമി കൈയേറ്റങ്ങൾ. ട്രസ്റ്റുകളുടെ രൂപത്തിലാണ് റിയൽ എസ്റ്റേറ്റ് മാഫിയ ആദിവാസി ഭൂമി കൈയടക്കുന്നത്.
ഭൂമി കൈയേറ്റത്തിന് ‘ചാരിറ്റബിൾ’ വഴി
അട്ടപ്പാടിയിൽ എ.കെ. ബാലൻ പറഞ്ഞ ‘വസന്തം’ സൃഷ്ടിക്കുന്നത് ചാരിറ്റബിൾ സൊസൈറ്റികളാണ്. ആദിവാസികളുടെ ജീവിതം മെച്ചപ്പെടുത്താൻ പലതരം പ്രവർത്തനങ്ങൾക്കായി അവർ അട്ടപ്പാടിയിലേക്ക് ‘പറന്നിറ’ങ്ങുകയാണ്. അവർക്ക് അട്ടപ്പാടിയിൽ പുതുവഴി ചൂണ്ടിക്കാണിച്ചത് മുൻ ചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻ നായരാണ്. അദ്ദേഹം രക്ഷാധികാരിയായി രൂപവത്കരിച്ച വിദ്യാധിരാജ വിദ്യ ട്രസ്റ്റ് 1982-83 കാലത്ത് വട്ടലക്കിയിൽ 55 ഏക്കർ സ്വന്തമാക്കി.
സംസ്ഥാനത്ത് ഏറ്റവും പിന്നാക്കം നിൽക്കുന്ന പാർശ്വവത്കരിക്കപ്പെട്ട അട്ടപ്പാടിയിലെ ആദിവാസി വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുകയായിരുന്നു ഈ ചാരിറ്റബിൾ സൊസൈറ്റിയുടെ ലക്ഷ്യം. ട്രസ്റ്റ് കൈവശം വെച്ചിരിക്കുന്നതിൽ ആദിവാസികളുടെ ഭൂമിയുമുണ്ടെന്ന് വില്ലേജിലെ എ ആൻഡ് ബി രജിസ്റ്റർ പരിശോധിച്ചപ്പോൾ തെളിവ് കണ്ടെത്തി.
1975ലെ ആദിവാസി ഭൂമി നിയമം 1982-83 കാലത്ത് നിലവിലുണ്ടായിരുന്നു. 1960 മുതൽ അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചെടുക്കാനായിരുന്നു നിയമനിർമാണം നടത്തിയത്. ആ നിയമത്തെക്കുറിച്ച് നല്ല ബോധ്യമുള്ളയാളാണ് രാമചന്ദ്രൻ നായർ. 1999ലാണ് നിയമം നിയമസഭ ഭേദഗതി ചെയ്തത്. അദ്ദേഹം ഭൂമി സ്വന്തമാക്കിയ വിവരം ആദിവാസികളിൽ ആരും അന്നോ പിന്നീടോ അറിഞ്ഞിരുന്നില്ല. ട്രസ്റ്റിന്റെ പേരിൽ ഭൂമി ഉണ്ടെന്ന് അവകാശപ്പെട്ട് ആർ. രാമചന്ദ്രൻ നായരോ ട്രസ്റ്റ് ഭാരവാഹികളോ അട്ടപ്പാടിയിൽ എത്തിയിരുന്നില്ല. ഭൂമിക്ക് അതിർത്തി വേലിയും ഉണ്ടായിരുന്നില്ല.
അതിനാൽ, ആദിവാസികൾ ഈ ഭൂമിയിൽ ആടുമാടുകളെ മേയ്ക്കുന്നു. പാരമ്പര്യമായി അത് ആദിവാസി ഭൂമിയാണെന്ന് അവർ വിശ്വസിക്കുന്നു. എച്ച്.ആർ.ഡി.എസ് എന്ന സന്നദ്ധ സംഘടന 2022ൽ ഈ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യാൻ മണ്ണുമാന്തി യന്ത്രവുമായി എത്തിയപ്പോൾ ആദിവാസികൾ തടഞ്ഞു. കലക്ടർക്ക് പരാതി നൽകി. നിയമസഭയിൽ റവന്യൂ മന്ത്രി കെ. രാജൻ നൽകിയ മറുപടിയിൽ രേഖാപരമായി ആർ. രാമചന്ദ്രൻ നായരുടെ ട്രസ്റ്റിന്റെ കൈവശമാണെന്ന് വ്യക്തമാക്കി. വില്ലേജിൽ വിദ്യാധിരാജ വിദ്യാ ട്രസ്റ്റ് നികുതി അടക്കുന്ന ഭൂമിയാണ്.
ഭൂപരിഷ്കരണ നിയമപ്രകാരം ഈ ട്രസ്റ്റിന്റെ ഭൂമിക്ക് ഇളവുനൽകിയോ എന്ന് അറിയില്ല. ഇളവ് നൽകിയെങ്കിലും നിയമപ്രകാരം ഭൂമിയിൽ ഒന്നും ചെയ്യുന്നില്ലെങ്കിൽ ഭൂമിയുടെ ഉടമസ്ഥത നിലനിർത്താൻ അവകാശമില്ല. എന്നാൽ, ഭൂപരിധി ലംഘിച്ചതിന് മിച്ചഭൂമിയായി അത് കണ്ടുകെട്ടാൻ സർക്കാർ തയാറായിട്ടുമില്ല. 1982- 83 കാലത്തുനിന്ന് നാല് പതിറ്റാണ്ട് കഴിയുമ്പോഴും ആദിവാസി വിദ്യാഭ്യാസത്തിൽ ട്രസ്റ്റിന് ഒരു സംഭാവനയും നൽകാൻ കഴിഞ്ഞിട്ടില്ല.
പട്ടികജാതി-വർഗ വികസന വകുപ്പിന്റെ തലപ്പത്തിരുന്ന ഡോ. പി.കെ. ശിവാനന്ദന്റെ നേതൃത്വത്തിലുള്ള എൻ.ജി.ഒ അട്ടപ്പാടിയിലെ ആദിവാസികൾക്കു മുന്നിൽ മറ്റൊരു പുതു വികസന മാതൃകയാണ് അവതരിപ്പിച്ചത്. അദ്ദേഹം 100 ഏക്കർ വട്ടലക്കി ഫാമിൽനിന്ന് പാട്ടത്തിന് എടുത്തു. ഒടുവിൽ വാഴകൃഷിയിൽ ലാഭം കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടി കരാർ വ്യവസ്ഥയനുസരിച്ചുള്ള പണം ഒന്നും അടച്ചില്ല. ഫാമിൽനിന്ന് ഭൂമി പാട്ടത്തിന് നൽകിയത് വിവാദമായപ്പോൾ കലക്ടർ തിരിച്ചെടുത്തു.
അട്ടപ്പാടിയിലെ ആദിവാസികൾക്ക് തൊഴിൽ സംരംഭം ഒരുക്കാനായി അദ്ദേഹം തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ അഡ്വാൻസ്മെന്റ് (ഐ.എസ്.എ) വഴി കേന്ദ്രസർക്കാറിന് പ്രോജക്ട് സമർപ്പിച്ചു. ഐ.എസ്.എ ഹൈദരാബാദിലെ എ.പി.ടി.ഡി.സിയുമായി സഹകരിച്ചാണ് പദ്ധതി തയാറാക്കിയത്. മുളയിൽനിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കി ആദിവാസികൾക്ക് സാമ്പത്തിക സാധ്യതയും തൊഴിലവസരങ്ങളും ഉണ്ടാക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. കേന്ദ്രസർക്കാറിന്റെ ഫണ്ട് അദ്ദേഹത്തിന്റെ എൻ.ജി.ഒക്ക് ലഭിച്ചു. അട്ടപ്പാടിയിലെ ആദിവാസികൾക്ക് അതും പ്രയോജനം ചെയ്തില്ല. അദ്ദേഹം മുളകൾ െവച്ചുപിടിപ്പിച്ച് മുളങ്കാട് സൃഷ്ടിക്കുകയോ സംരംഭം വിജയകരമായി നടത്തുകയോ ചെയ്തതായി ആദിവാസികൾക്ക് അറിയില്ല.
ഇന്ന് പലരും പിന്തുടരുന്നത് ചാരിറ്റബിൾ സൊസൈറ്റിയുടെ പേരിൽ ഭൂമി കൈയടക്കുന്ന അതേ മാതൃകയാണ്. എറണാകുളം, തൃശൂർ ജില്ലകളിലുള്ളവരാണ് അട്ടപ്പാടി കേന്ദ്രീകരിച്ച് ചാരിറ്റബിൾ സൊസൈറ്റിയുടെ പേരിൽ ഭൂമി കൈയടക്കിക്കൊണ്ടിരിക്കുന്നത്. ഇവരുടെ പ്രവർത്തനങ്ങളെല്ലാം കടലാസിലാണ്. അഗളി സബ് രജിസ്ട്രാർ ഓഫിസിൽ പ്രമാണങ്ങൾ രജിസ്റ്റർ ചെയ്യുന്നു. വില്ലേജ് ഓഫിസിൽ നികുതി അടക്കാൻ എത്തുമ്പോൾ തർക്കം ഉണ്ടാകുന്നു. ഒരേ സർവേ നമ്പറിലെ ഭൂമിക്ക് മൂന്നും നാലും പേർക്ക് നികുതി അടക്കാൻ കഴിയില്ലെന്ന് വില്ലേജ് ഓഫിസർ വ്യക്തമാക്കും.
എല്ലാവരുടെയും കൈയിൽ അഗളി സബ് രജിസ്ട്രാർ ഓഫിസിലെ ആധാരത്തിന്റെ പകർപ്പുണ്ട്. തർക്കം വില്ലേജിൽനിന്ന് അട്ടപ്പാടി ട്രൈബൽ താലൂക്ക് ഓഫിസറുടെ മുന്നിലെത്തും. ചില പരിഹാര നിർദേശങ്ങൾ ഉണ്ടാകുന്നു. തുടർന്ന് ആധാരം കൈവശമുള്ളവർ നികുതിയടച്ച് ലഭിക്കാനായി ഹൈകോടതിയിൽ ഹരജി നൽകുന്നു.
അഗളി സബ് രജിസ്ട്രാർ ഓഫിസിൽ വർഷങ്ങൾക്കു മുമ്പ് രജിസ്റ്റർ ചെയ്ത ആധാരമുണ്ടെന്നും വില്ലേജ് ഓഫിസർ നികുതിയടച്ച് നൽകാൻ വിസമ്മതിക്കുന്നു എന്നും അവർ ഹരജിയിൽ അറിയിക്കും. കോടതി ആധാരങ്ങളുടെ ആധികാരികത പരിശോധിക്കുന്നില്ല. അതുവരെ എതിർത്തിരുന്നയാൾ കേസിൽനിന്ന് പിൻവാങ്ങിയാൽ ഹരജി നൽകിയ ആളിന് അനുകൂലമായി വിധിയുണ്ടാകും. അല്ലെങ്കിൽ രേഖകൾ പരിശോധിച്ച് തീർപ്പ് കൽപിക്കാൻ റവന്യൂ ഉദ്യോഗസ്ഥന് ഉത്തരവ് നൽകും.
അഗളിയിലെ താലൂക്ക് തഹസിൽദാർക്ക് മുന്നിൽ കോടതിവിധി എത്തുന്നു. തഹസിൽദാർ ഇരു വിഭാഗവുമായി സംസാരിക്കുന്നു. പ്രശ്നം പരിഹരിക്കാൻ ചില നിർദേശങ്ങൾ മുന്നോട്ടുവെക്കുന്നു. ഒരാൾ ഒഴികെ മറ്റെല്ലാവരും പിൻവാങ്ങുന്നു. അയാളുടെ പേരിൽ നികുതി അടച്ചുനൽകാൻ തഹസിൽദാർ വില്ലേജ് ഓഫിസർക്ക് നിർദേശം നൽകുന്നു. ഈ ഭൂമിയുടെ നികുതി അടിയന്തരമായി അടച്ചുനൽകണം എന്നായിരിക്കും നിർദേശം.
ഹൈകോടതി ഉത്തരവും തഹസിൽദാറുടെ നിർദേശവുമായി എത്തുന്ന ആളിനെ വില്ലേജ് ഓഫിസർ സ്വീകരിച്ച് എല്ലാവിധ സഹായവും നൽകുന്നു. എന്നാൽ, ഭൂമി എവിടെയാണെന്നോ അത് സർവേ ചെയ്ത ഭൂമിയാണെന്നോ വില്ലേജ് ഓഫിസർപോലും ചോദിക്കാറില്ല. ഏതാനും വർഷം നികുതി അടച്ചശേഷം വീണ്ടും ഹൈകോടതിയിൽ മറ്റൊരു ഹരജികൂടി എത്തും. വർഷങ്ങളായി ആധാരമുള്ള നിലവിൽ നികുതിയടച്ചുകൊണ്ടിരിക്കുന്ന ഭൂമിയിൽ പ്രവേശിക്കാൻ ചിലർ തടസ്സം നിൽക്കുന്നു എന്നായിരിക്കും ഹരജിയിലെ വിഷയം.
കോടതി പൗരന്റെ മൗലിക അവകാശം സംരക്ഷിക്കാൻ അവന്റെ സ്വത്തിനും ജീവനും സംരക്ഷണം നൽകാൻ വേണ്ടി ഉത്തരവിടുന്നു. പിന്നീട് പൊലീസിന്റെ നിയമവാഴ്ച കാലമാണ്. ആദ്യം ഏതാനും പൊലീസുകാരും സർവേ സംഘവും വേലികെട്ടാനുള്ള ജോലിക്കാരുമായി ഭൂവുടമയും എത്തും. ആദിവാസികൾ എതിർക്കുകയാണെങ്കിൽ പിൻവാങ്ങും. എതിർത്ത ആദിവാസികളെ (മിക്കവാറും സ്ത്രീകളായിരിക്കും) പൊലീസ് സ്റ്റേഷനിലേക്ക് വിളിക്കും. ഹൈകോടതിയുടെ ഉത്തരവു പറഞ്ഞ് കോടതിയലക്ഷ്യത്തെ ഭയപ്പെടുത്തി ആദിവാസികളെ താക്കീത് ചെയ്യും.
ഈ അനുഭവം പങ്കുവെക്കുന്നവർ അട്ടപ്പാടിയിൽ ഒരു കുടുംബമല്ല. വെള്ളകുളത്തെ രാമിയും രങ്കിയും ഇതിൽ ഒടുവിലത്തെ ഇരകളാണ്. രങ്കിയെന്ന ആദിവാസി സ്ത്രീ ഭൂമി കൈയേറിയശേഷം വില്ലേജിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് നികുതി രസീത് സമ്പാദിച്ചുവെന്നാണ് മുക്ത്യാർ വാങ്ങിയ സദാനന്ദ രംഗരാജ് സബ് കലക്ടർക്ക് നൽകിയ പരാതി. ഒറ്റപ്പാലം സബ് കലക്ടർ സ്ഥലം മാറുന്നതിന് ഒരുദിവസം മുമ്പ് ആദിവാസികൾക്കെതിരെ ഉത്തരവും നൽകി. പൊലീസ് സംരക്ഷണയിൽ ഭൂമി പിടിച്ചെടുക്കുകയും ചെയ്തു. രങ്കിയും രാമിയും അപ്പോൾ വനിത പൊലീസിന്റെ വലയത്തിൽ നിസ്സഹായരായി നിൽക്കുന്നു.
ഷോളയൂർ വില്ലേജ് ഓഫിസറുടെ രണ്ട് റിപ്പോർട്ടുകൾ
ഷോളയൂർ വില്ലേജ് ഓഫിസർ 2023 ജൂലൈ മൂന്നിന് അട്ടപ്പാടി ട്രൈബൽ തഹസിൽദാർക്ക് നൽകിയ രണ്ട് റിപ്പോർട്ടുകൾ ചരിത്രരേഖയാവുമെന്ന് അദ്ദേഹം സ്വപ്നത്തിൽപോലും വിചാരിച്ചിട്ടുണ്ടാവില്ല. ഒന്നാമത്തെ അന്വേഷണ റിപ്പോർട്ട് ജാൻ ഫാം ആൻഡ് ബ്രീഡേഴ്സ് എൽ.എൽ.പി കേരള നൽകിയ അപേക്ഷ സംബന്ധിച്ചാണ്. അപേക്ഷപ്രകാരം വില്ലേജ് രേഖകൾ പരിശോധിക്കുകയും സ്ഥലപരിശോധന നടത്തുകയും ചെയ്തു. അപേക്ഷയിൽ പരാമർശിക്കുന്ന ഷോളയൂർ വില്ലേജിലെ എ ആൻഡ് ബി രജിസ്റ്റർ പ്രകാരം സർവേ 1889/3ലെ നിലവിലെ കൈവശക്കാരുടെ വിവരം അദ്ദേഹം റിപ്പോർട്ടു ചെയ്തു.
ഭൂമിയുടെ നിലവിലെ കൈവശക്കാർ ജാം ഫാം ആൻഡ് ബ്രീഡേർസ് എൽ.എൽ.പി കേരളയാണ്. ഈ സർവേ നമ്പറിലെ ഭൂമി കുപ്പയ്യ കൗണ്ടർക്ക് പുതൂർ ലാൻഡ് ട്രൈബ്യൂണലിൽനിന്ന് 2402/75 നമ്പർ ആയി പട്ടയം ലഭിച്ചതാണ്. പട്ടയപ്രകാരം കൗണ്ടറുടെ മരണശേഷം ഇദ്ദേഹത്തിന്റെ മക്കളും ഭാര്യയും കൂടി 1023/92 എന്ന നമ്പർ ആധാരപ്രകാരം കൃഷ്ണ സ്വാമി കൗണ്ടറുടെ മക്കളായ കുമാർ, ബാബു എന്നിവർക്ക് കൈമാറി. ഭൂമിയുടെ രണ്ടാമത്തെ കൈമാറ്റം നടന്നത് 2004ലാണ്. 277/04 നമ്പർ ആധാരപ്രകാരം മക്കൾക്കുവേണ്ടി കൃഷ്ണസ്വാമി കൗണ്ടർ സി.എ. എബ്രഹാം, രാജമ്മ വർഗീസ്, ലാൽ വർഗീസ് എന്നിവർക്ക് കൈമാറി. മൂന്നാമത്തെ കൈമാറ്റമായി എബ്രഹാം തുടങ്ങിയവർ നിലവിലെ കൈവശക്കാർക്ക് (ജാൻ ഫാമിന്) 2013ൽ കൈമാറിയെന്നാണ് കഥ.
എന്നാൽ, സനാതന ധർമ ഹെറിറ്റേജ് റിസർച് ട്രസ്റ്റ് ഭാരവാഹികൾ അവരുടേതാണ് ഭൂമിയെന്ന് വാദിക്കുന്നു. കൈമാറ്റം 1992ലെ ആധാരം (1023/92,) വരെ പഴയ കഥയാണ്. എന്നാൽ, 2008ൽ രാമയ്യ കൗണ്ടർ ആധാര (15 20/08) പ്രകാരം ജോണിന് കൈമാറി. തുടർന്ന് 2009ൽ 180/2009 നമ്പർ ആധാരപ്രകാരം ജോൺ സനാതന ധർമ റിസർച് ട്രസ്റ്റിന് കൈമാറിയെന്നാണ് വില്ലേജ് ഓഫിസറുടെ അന്വേഷണത്തിലെ കണ്ടെത്തൽ. ഒരേ ഭൂമിക്ക് രണ്ട് കക്ഷികൾ ആധാരങ്ങളുണ്ടെന്നതാണ് ഈ റിപ്പോർട്ട് അടിവരയിടുന്നത്. ഇരു കൂട്ടരുടെയും കൈവശം അഗളി സബ് രജിസ്ട്രാർ ഓഫിസിലെ ആധാരമുണ്ടെന്നും വാദിക്കുന്നു.
അതേദിവസം (2023 ജൂലൈ മൂന്നിന്) മറ്റൊരു അന്വേഷണ റിപ്പോർട്ടും ഷോളയൂർ വില്ലേജ് ഓഫിസർ അട്ടപ്പാടി ട്രൈബൽ തഹസിൽദാർക്ക് നൽകി. ആ റിപ്പോർട്ടിൽ സ്ഥലത്തിനായി അപേക്ഷ നൽകിയത് അട്ടപ്പാടി ഫാം ആൻഡ് ബ്രീഡേഴ്സ് കേരളയാണ്. അപേക്ഷയിൽ പറയുന്ന സ്ഥലപരിശോധനയും വില്ലേജ് രേഖകളുടെ പരിശോധനയും നടത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. പരാതിയിൽ പരാമർശിക്കുന്ന ഷോളയൂർ വില്ലേജിലെ 1868 /3, 4, 5, 6 എന്നീ സർവേ നമ്പറുകളിലെ ഭൂമിയുടെ എ ആൻഡ് ബി രജിസ്റ്റർപ്രകാരം പുതൂർ ലാൻഡ് ട്രൈബ്യൂണലിൽനിന്ന് 1975ൽ (2405/75) പട്ടയം നൽകിയ ഭൂമിയാണ്.
1868/3, 1868/4 എന്നീ സർവേ നമ്പറിലെ ഭൂമി പട്ടിയ കൗണ്ടർക്ക് 1975ൽ പുതൂർ ലാൻഡ് ട്രൈബ്യൂണലിൽനിന്ന് പട്ടയം ലഭിച്ചതാണ്. അദ്ദേഹത്തിന്റെ മരണശേഷം ഏക മകളായ മൈയിലാത്താൾ 1992ലെ ആധാര (1024/92) പ്രകാരം ലക്ഷ്മിയമ്മാൾക്ക് കൈമാറി. അവർ 2000ൽ സുബ്ബലക്ഷ്മിക്ക് കൈമാറി. സുബ്ബലക്ഷ്മി 2004ൽ സി.എ. എ ബ്രഹാം, രാജമ്മ വർഗീസ്, ലാൽ വർഗീസ് എന്നിവർക്ക് കൈമാറി. ഇവർ 2013ൽ അട്ടപ്പാടി ഫാം ആൻഡ് ബ്രീഡേഴ്സ് എന്ന സ്ഥാപനത്തിന് കൈമാറി. ഇതാണ് ഈ ഭൂമിയുടെ ആദ്യത്തെ കൈമാറ്റ ചരിത്രം.
എന്നാൽ, ഈ കൈമാറ്റങ്ങൾ സനാതന ധർമ ഹെറിറ്റേജ് റിസർച് ട്രസ്റ്റ് അംഗീകരിക്കുന്നില്ല. അവർ പറയുന്നതനുസരിച്ച് സർവേ 1868/ 3ലെയും 1868/4ലെയും ഭൂമി അവരുടേതാണ്. ലക്ഷ്മിയമ്മാൾക്ക് കൈമാറിയ ഈ ഭൂമിതന്നെ വീണ്ടും 2008ലെ ആധാര പ്രകാരം ജിജോക്ക് കൈമാറി. ജിജോ 2009ലെ ആധാരപ്രകാരം സനാതന ട്രസ്റ്റിന് കൈമാറി എന്നുമാണ് അവകാശപ്പെടുന്നത്.
സർവേ 1868/5ലെയും 1868/6ലെയും ഭൂമി കുപ്പയ്യ കൗണ്ടർക്ക് 1975 ൽ പുതൂർ ലാൻഡ് ട്രൈബ്യൂണലിൽനിന്ന് പട്ടയം ലഭിച്ചതാണ്. പട്ടയം കിട്ടിയ ആളുടെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യയും മക്കളും കൂടി 1992ലെ ആധാരത്തിലൂടെ കൃഷ്ണസ്വാമി കൗണ്ടറുടെ മക്കളായ കുമാർ, ബാബു എന്നിവർക്ക് ഭൂമി കൈമാറി. 2004ൽ കൃഷ്ണസ്വാമി കൗണ്ടർ സി.എ. എബ്രഹാം, രാജമ്മ വർഗീസ്, ലാൽ വർഗീസ് എന്നിവർക്ക് കൈമാറി. തുടർന്ന് ഇവർ അട്ടപ്പാടി ഫാം ആൻഡ് ബ്രീഡേഴ്സിന് കൈമാറിയെന്നാണ് രേഖ.
ഇവിടെയും 2008ലെ ആധാരപ്രകാരം ജോണിന് കൈമാറിയെന്നാണ് സനാതന ട്രസ്റ്റിന്റെ വാദം. ജോൺ 2009ല്‍ സനാതന ട്രസ്റ്റിന് കൈമാറുകയും ചെയ്തുവെന്നാണ് അവകാശപ്പെടുന്നത്. ഈ ആധാരങ്ങൾ പരിശോധിച്ചതിൽ 1992ൽ കൈമാറിയ ഭൂമിതന്നെ വീണ്ടും സനാതന ട്രസ്റ്റിനും കൈമാറിയതായി കണ്ടെത്തി. ഒരേ സർവേ നമ്പറിലെ ഒരേ ഭൂമിക്ക് രണ്ട് കക്ഷികൾ ആധാരങ്ങളുമായി എത്തുന്ന സ്ഥിതിക്ക് ഇരുകക്ഷികളെയും രേഖകൾ സഹിതം നേരിൽ കേട്ട് തുടർനടപടി സ്വീകരിക്കണമെന്നാണ് ഷോളയൂർ വില്ലേജ് ഓഫിസർ റിപ്പോർട്ട് നൽകിയത്.
നവകേരള സദസ്സിലെത്തിയ വെള്ളകുളത്തെ പാപ്പാൾ
മുഖ്യമന്ത്രിയുടെ നവകേരള സദസ്സ് മണ്ണാർക്കാട് നിയോജക മണ്ഡലം പരാതി പരിഹാര അദാലത്ത് മുമ്പാകെ, ഷോളയൂർ വില്ലേജിൽ വെള്ളകുളം ഊരിലെ പാപ്പാൾ എന്ന ആദിവാസി സ്ത്രീ നൽകിയ പരാതിയിൽ തെളിയുന്നത് അട്ടപ്പാടിയുടെ നേർചിത്രമാണ്. വെള്ളകുളം ഊരിൽ സ്ഥിരതാമസക്കാരാണ് കുടുംബം. ഷോളയൂർ വില്ലേജിൽ സർവേ 1822/1ൽ ഉൾപ്പെട്ട ഭൂമിയെ സംബന്ധിച്ച് എ ആൻഡ് ബി രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഷോളയൂർ വില്ലേജിൽ സർവേ 1822/1ൽ പാപ്പയുടെ അച്ഛൻ രാമന്റെ പേരിൽ 3.4717 ഹെക്‌ടർ (8.47 ഏക്കർ) ഭൂമിയാണ് ആകെയുണ്ടായിരുന്നത്. രാമൻ ഭാര്യ രാമിക്ക് പൊന്നുസ്വാമി, രങ്കസ്വാമി വി.ആർ, കവിത, പാപ്പ എന്നീ നാല് മക്കളാണുള്ളത്.
സർവേ 1822/1ൽ ഉൾപ്പെട്ട ഭൂമി പാരമ്പര്യമായി സ്ഥിരതാമസമുള്ളതും കൃഷിചെയ്‌തും കന്നുകാലികളെ പരിപാലിച്ചും ആദിവാസികളുടെ പൂർവികർ ജീവിച്ച ഭൂമിയാണിത്. മണ്ണാർക്കാട് എസ്.ആർ.ഒയിലെ മൂന്ന് ആധാരപ്രകാരം വെള്ളകുളത്ത് താമസിക്കുന്ന ആദിവാസിയായ ചാത്തൻ മകൻ (1) രങ്കനും, (2) രങ്കൻ മകൻ രാമനും 1051/1972 നമ്പർ ആധാരപ്രകാരം 0.81 ആർ വഹകളുൾപ്പെട്ട ഭൂമി കൈമാറ്റം ചെയ്തുവെന്നാണ് പറയുന്നത്. 1298/1970 നമ്പർ ആധാരപ്രകാരം 0.81 ആർ ഭൂമി ചാത്തൻ മകൻ രങ്കൻ കൈമാറ്റം ചെയ്തുവെന്നും പറയുന്നു. അതിൽ, മണ്ണാർക്കാട് എസ്.ആർ.ഒയിലെ 1051/1972ാം നമ്പർ ആധാരപ്രകാരമുള്ള ഭൂമി കൈമാറ്റം രങ്കനും രാമനും കൂടി 0.81 ആർ ഭൂമി വെള്ളകുളത്തിൽ അയ്യാവു മകൻ ആണ്ടിയപ്പന് എഴുതിക്കൊടുത്ത തീരാധാരമാണ്. എന്നാൽ, മണ്ണാർക്കാട് എസ്.ആർ.ഒയിലെ ആധാരം നമ്പർ 1298/1970 പ്രകാരമുള്ള ഭൂമി കൈമാറ്റം ചെയ്തത് ചാത്തൻ മകൻ രങ്കനാണ്. അതേസമയം, ഷോളയൂർ വില്ലേജിലെ സർവേ നമ്പർ 1822/ 1ൽ 3.4717 ഹെക്ടർ വഹകൾ പാപ്പയുടെ അച്ഛൻ രാമന്റെ പേരിലാണ്
രാമനോ രാമന് അവകാശപ്പെട്ട ആദിവാസികളോ ആർക്കും കൈമാറ്റം ചെയ്തിട്ടില്ല. നിലവിൽ അഗളി എസ്.ആർ.ഒയിലെ 656/2013ാം നമ്പർ ആധാരപ്രകാരം ഹരീഷ് കുമാർ, രവീന്ദ്രൻ എന്നിവരുടെ പേരിൽ ഷോളയൂർ വില്ലേജിലെ സർവേ 1822/1ൽ 1.7400 ഹെക്‌ടർ ഭൂമി കൈമാറ്റം ചെയ്തതായി ആധാരത്തിൽ പറയുന്നു. ഇത് തെറ്റായ കൈമാറ്റവും വെള്ളകുളത്തിൽ ചാത്തൻ മകൻ രങ്കനെ ഉപയോഗിച്ച് രാമന്റെ പേരിലുള്ള ഭൂമി വ്യാജമായ രേഖകളും ഉപയോഗിച്ചു കൈമാറിയതാണെന്ന് പാപ്പാൾ പരാതിയിൽ ചൂണ്ടിക്കാട്ടി.
ഒറ്റപ്പാലം റവന്യൂ ഡിവിഷനൽ ഓഫിസറുടെ എ-4920/2015ാം നമ്പർ ഫയൽ പ്രകാരം, 2016 മാർച്ച് രണ്ടിലെ നടപടിപ്രകാരം അഗളി എസ്.ആർ.ഒയിലെ 656/2013ാം നമ്പർ ആധാരപ്രകാരം ഭൂമി കൈമാറ്റംചെയ്‌ത് ലഭിച്ച ഹരീഷ്‌കുമാർ, രവീന്ദ്രൻ എന്നിവർ ഹൈകോടതിയിൽ ഹരജി നൽകി. അത് പ്രകാരം ഒറ്റപ്പാലം മുൻ ആർ.ഡി.ഒ നൂഹ് ഉത്തരവിട്ടു. ആ ഉത്തരവിടുന്നതിനുമുമ്പ് രാമന്റെ അവകാശികൾക്ക് നോട്ടീസ് നൽകുകയോ ആദിവാസികളുടെ ഭാഗം കേൾക്കുകയോ ചെയ്തില്ല. എതിർകക്ഷികൾ ഹാജരാക്കിയ ആധാരങ്ങളുടെ ആധികാരികതയും പരിശോധിച്ചില്ല.
ആദിവാസികളായ രങ്കനിൽനിന്നും രാമനിൽനിന്നും ഭൂമി വാങ്ങിയെന്ന് പറയപ്പെടുന്ന വ്യക്തികൾ വളരെ വ്യാപകമായി വെള്ളകുളം, മൂലഗംഗൽ, നല്ലശിങ്ക, ചെത്തിക്കര എന്നീ ഭാഗങ്ങളിൽ ആദിവാസി ഭൂമി ബലം പ്രയോഗിച്ചും അതിക്രമിച്ചും കൈയേറ്റം നടത്തിയതായി പരാതിയുണ്ട്. ഇവർ വ്യാപകമായി ഭൂമി തട്ടിയെടുത്തത് ഷോളയൂർ വില്ലേജിലെ എ ആൻഡ് ബി രജിസ്റ്റർ പരിശോധിച്ചാൽ മനസ്സിലാക്കാനാവും.
സനാതന ട്രസ്റ്റ് വാങ്ങിക്കൂട്ടിയ 161 ഏക്കർ ഭൂമിയുടെ സർവേ നമ്പറും പരാതിയിൽ ചൂണ്ടിക്കാട്ടി. ആധാരം വാങ്ങിയെന്ന് പറയുന്ന കുടുംബാംഗങ്ങളുടെ പേരിലുള്ള ഭൂമികൾ ഷോളയൂർ വില്ലേജിലെ എ ആൻഡ് ബി രജിസ്റ്റർ രേഖകൾ പ്രകാരമുള്ള വിവരങ്ങളും പരാതിയിൽ രേഖപ്പെടുത്തി. ഭൂമി തട്ടിപ്പുകൾ വഴി ഭൂരിപക്ഷം ആദിവാസികൾ മാത്രം താമസിക്കുന്ന ഷോളയൂർ പഞ്ചായത്തിലെ വെച്ചപതി വാർഡിലുൾപ്പെട്ട വെള്ളകുളം, മൂലഗംഗൽ ഭാഗത്തെ ആദിവാസികളുടെ പൂർവികവും പാരമ്പര്യവുമായ ഭൂമി മുഴുവൻ അന്യാധീനപ്പെട്ടു. വ്യാജമായ ആധാരങ്ങൾ വഴി കൈമാറ്റംചെയ്‌ത് പുറമെനിന്നും വരുന്നവർ ആദിവാസി ഭൂമി കൈക്കലാക്കി.
ഭൂമി കൈയേറ്റക്കാർ ആദിവാസികളുമായി നിരന്തരം സംഘർഷങ്ങളിൽ ഏർപ്പെടുന്ന സാഹചര്യം ഈ പ്രദേശങ്ങളിൽ കൂടിവരുകയാണ്. ആദിവാസികൾക്കെതിരെയുള്ള അതിക്രമം തടയൽ നിയമം 1989 പ്രകാരം ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും ഒറ്റപ്പാലം ആർ.ഡി.ഒ പുറപ്പെടുവിച്ച ഉത്തരവ് റദ്ദ് ചെയ്ത്, ആദിവാസികളുടെ പൂർവികവും പാരമ്പര്യവുമായ ഷോളയൂർ വില്ലേജിലെ സർവേ 1822/1ലെ 3.4717 ഹെക്‌ടർ ഭൂമി മുഴുവൻ അന്യാധീനപ്പെടാതെ സംരക്ഷിക്കാൻ വേണ്ട ഉത്തരവും ഇടപെടലും ഉണ്ടാകണമെന്നുമാണ് പാപ്പാൾ ആവശ്യപ്പെട്ടത്.