Begin typing your search above and press return to search.
proflie-avatar
Login

തൃശൂർ നഗരസഭയിൽ നടക്കുന്നത്​ അഴിമതികൾ, നഷ്​ടങ്ങൾ

തൃശൂർ നഗരസഭയിൽ നടക്കുന്നത്​  അഴിമതികൾ, നഷ്​ടങ്ങൾ
cancel

കേരളത്തിലെ തദ്ദേശ സ്​ഥാപനങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ ഒരു ഉദാഹരണമാണ്​ തൃശൂർ നഗരസഭ. അവി​െട മറച്ചുവെക്കുന്നത്​ കെടുകാര്യസ്ഥതയുടെ നഷ്ടക്കണക്കുകളാണ്​. ഫണ്ട് ദുരു​പയോഗം, പാഴ് ചെലവുകൾ എന്നിങ്ങനെ വേറെ. തൃശൂർ നഗരസഭയിലെ നടപടികൾ അന്വേഷിക്കുകയാണ്​ ‘മാധ്യമം’ ലേഖകൻ.തൃശൂർ നഗരസഭയിൽ നടക്കുന്ന സംഭവങ്ങൾ അധികമാരും അറിയുന്നില്ല. കുറഞ്ഞപക്ഷം അക്കൗണ്ടന്റ് ജനറൽ (എ.ജി) നടത്തിയ അന്വേഷണമെങ്കിലും നാട്ടുകാരുടെ കണ്ണുതുറപ്പിക്കേണ്ടതുണ്ട്​. നമ്മുടെ സർക്കാർ സംവിധാനത്തിന്റെ, തദ്ദേശഭരണത്തിന്റെ പുഴുക്കുത്തിലേക്കാണ് ആ അന്വേഷണ റിപ്പോർട്ട്​ വിരൽ ചൂണ്ടുന്നത്​. ജനങ്ങളുടെ പേരിൽ തദ്ദേശസ്ഥാപനങ്ങൾ...

Your Subscription Supports Independent Journalism

View Plans
കേരളത്തിലെ തദ്ദേശ സ്​ഥാപനങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ ഒരു ഉദാഹരണമാണ്​ തൃശൂർ നഗരസഭ. അവി​െട മറച്ചുവെക്കുന്നത്​ കെടുകാര്യസ്ഥതയുടെ നഷ്ടക്കണക്കുകളാണ്​. ഫണ്ട് ദുരു​പയോഗം, പാഴ് ചെലവുകൾ എന്നിങ്ങനെ വേറെ. തൃശൂർ നഗരസഭയിലെ നടപടികൾ അന്വേഷിക്കുകയാണ്​ ‘മാധ്യമം’ ലേഖകൻ.

തൃശൂർ നഗരസഭയിൽ നടക്കുന്ന സംഭവങ്ങൾ അധികമാരും അറിയുന്നില്ല. കുറഞ്ഞപക്ഷം അക്കൗണ്ടന്റ് ജനറൽ (എ.ജി) നടത്തിയ അന്വേഷണമെങ്കിലും നാട്ടുകാരുടെ കണ്ണുതുറപ്പിക്കേണ്ടതുണ്ട്​. നമ്മുടെ സർക്കാർ സംവിധാനത്തിന്റെ, തദ്ദേശഭരണത്തിന്റെ പുഴുക്കുത്തിലേക്കാണ് ആ അന്വേഷണ റിപ്പോർട്ട്​ വിരൽ ചൂണ്ടുന്നത്​. ജനങ്ങളുടെ പേരിൽ തദ്ദേശസ്ഥാപനങ്ങൾ പാഴാക്കുന്നത് എത്ര കോടിയാണെന്നതി​ന്റെ കൂടി കണക്കുകൾ തൃശൂരിൽ വ്യക്തമാകും.

തൃശൂരിൽ പദ്ധതിനിർവഹണത്തിലെ പരാജയംമൂലം മാത്രം പാഴായത് 54.6 കോടിയാണ്​. നഗരസഭക്ക് ലഭിച്ച വിവിധ ഗ്രാന്റുകളിൽ കണക്കുകൾപ്രകാരം 2020-21 മുതൽ 2022-23 വരെ ആകെ 54.6 കോടി ചെലവഴിക്കാതെ ബാക്കിയായി. മൂന്ന് സാമ്പത്തിക വർഷങ്ങളിൽ വികസന ഫണ്ടിൽ 19.5 കോടിയും കേന്ദ്ര ഫിനാൻസ് കമീഷൻ ഗ്രാന്റിൽനിന്ന് 11.3 കോടിയും മെയിന്റനൻസ് ഗ്രാന്റിൽനിന്ന് 14.3 കോടിയും പട്ടിക ജാതി വികസന ഫണ്ടിൽ (ടി.എസ്.പി ഫണ്ട്) നിന്ന്​ 9.5 കോടി രൂപയും ചെലവഴിച്ചില്ല.

നഗരസഭ ആസൂത്രണംചെയ്‌ത വാർഷിക പദ്ധതികൾ പരിശോധിച്ചാൽ ഇത് വ്യക്തമാണ്. ഒപ്പമുള്ള പട്ടികയിൽനിന്ന് 2020-21 മുതൽ 2022-23 വരെ നഗരസഭ ആസൂത്രണം ചെയ്ത 3705 പദ്ധതികളിൽ 2388 എണ്ണം മാത്രമേ നിർവഹണം നടത്തിയിട്ടുള്ളൂവെന്ന്​ കാണാം. പദ്ധതിനിർവഹണത്തിന്റെ ചെലവ് ശതമാനം നോക്കിയാൽ ശരാശരി 65.5 ശതമാനം തുക ചെലവഴിക്കാതെ നഷ്ടമായി. വിനിയോഗിച്ചത് 34.36 ശതമാനമാണ്. ഇത്തരത്തിൽ പദ്ധതിയുടെ എണ്ണത്തിലായാലും ചെലവഴിക്കുന്ന തുക ആയാലും ആസൂത്രണംചെയ്യുന്നതിന്റെ പകുതിപോലും നടപ്പാവുന്നില്ലെന്ന കണക്കുകൾ വ്യക്തമാക്കുന്നു.

റെസ്റ്റ് ഹൗസിലെ നഷ്ടം 3.20 കോടി

സ്വരാജ് റൗണ്ടിൽ വടക്ക് ഭാഗത്ത് 30 സെന്റിൽ നഗരസഭയുടെ ഉടമസ്ഥതയിൽ 34,000 സ്ക്വയർ ഫീറ്റ് തറ വിസ്തീർണമുള്ള മൂന്ന് നില കെട്ടിടം മുനിസിപ്പൽ റെസ്റ്റ് ഹൗസ് (മിനി ടൂറിസ്റ്റ് ഹോം) എന്ന പേരിലുണ്ട്. ദീർഘനാളത്തെ ടെൻഡർ നടപടികൾ കാരണം ടൂറിസ്റ്റ് ഹോം വാടകക്ക് കൊടുക്കാതിരുന്നതിൽ നഗരസഭക്കുണ്ടായ വരുമാനനഷ്ടം 3.20 കോടി രൂപയാണ്​. റസ്റ്റാറന്റ് ഉൾപ്പെടെ ടൂറിസ്റ്റ് ഹോം ആയി ഈ കെട്ടിടം മൊത്തത്തിൽ ഏറ്റെടുത്ത് നടത്താൻ യോഗ്യരായവരെ ടെൻഡർ വഴി കണ്ടെത്തി തുടക്കത്തിൽ അഞ്ച് വർഷത്തേക്കും പിന്നീട് അത് 10 വർഷത്തേക്കും വാടകക്ക് നൽകിയിരുന്നു.

തുടക്കക്കാലത്ത് മാസത്തിൽ ലൈസൻസ് ഫീ ഇനത്തിൽ 5.57 ലക്ഷം രൂപ അടക്കണം എന്നായിര​ുന്നു വ്യവസ്ഥ. 1997 മുതൽക്ക് നഗരസഭാവാസിയായ ഓമന അശോകൻ ഈ സ്ഥാപനം നടത്തി. 2020 സെപ്റ്റംബർ മാസം ലീസ് ലൈസൻസ് അവസാനിപ്പിക്കുമ്പോൾ, 2017 ഡിസംബർ 21 മുതൽ ടെൻഡർ വ്യവസ്ഥ പ്രകാരം വാടകയിലുള്ള 10 ശതമാനം വർധനയടക്കം 8.33 ലക്ഷം രൂപയായിരുന്നു വാടകയിനത്തിൽ അടച്ചത്. എന്നാൽ, 2020 സെപ്റ്റംബർ 30ന് ലീസ് കാലാവധി അവസാനിച്ചപ്പോൾ കരാറുകാരി കെട്ടിടവും അനുബന്ധ സാമഗ്രികളും തിരികെ നഗരസഭയെ ഏൽപിച്ചു. കെട്ടിടം വീണ്ടും വാടകക്ക് നൽകാൻ ഒക്ടോബർ 2020 മുതൽ ആഗസ്റ്റ് 2022 വരെയുള്ള കാലയളവിൽ ആറുതവണ ടെൻഡർ ക്ഷണിച്ചു.

2022 സെപ്റ്റംബർ 16ന് നടന്ന ലേലത്തിൽ പി. ജിനീഷുമായി ചർച്ച നടത്തി 7,50,000 രൂപക്ക് ഉറപ്പിച്ചു. 2023 ഫെബ്രുവരി 13ന് അദ്ദേഹവുമായി കരാർ ഒപ്പിട്ടു. പിന്നീട് നഗരസഭയുടെ സമ്മതമില്ലാതെ ഗെസ്റ്റ് ഹൗസ് കെട്ടിടം പൊളിക്കുന്നതായി വാർത്ത വന്നു. നഗരസഭാ ജീവനക്കാർ സ്ഥലം പരിശോധന നടത്തിയപ്പോൾ കരാർ ലഭിച്ച ജിനീഷ് ഗെസ്റ്റ് ഹൗസ് കോമ്പൗണ്ടിൽ അനുമതിയില്ലാതെ പ്രവേശിച്ച് കെട്ടിട നവീകരണത്തിനായി കെട്ടിട ഭാഗങ്ങൾ, ജനാലകൾ, കതകുകൾ തുടങ്ങിയവ പൊളിച്ചുമാറ്റി.

കെട്ടിടത്തിലും പരിസരത്തും അതിക്രമിച്ച് കയറിയതിനും കെട്ടിടംപൊളിച്ചതിനും നഗരസഭ പൊലീസിൽ പരാതി രജിസ്റ്റർചെയ്തു. കെട്ടിടത്തിനുണ്ടായ കേടുപാടുകൾ നഗരസഭാ എൻജിനീയറിങ് വിഭാഗം പരിശോധിച്ചു. അത് പരിഹരിക്കാനായി 29 ലക്ഷം രൂപയോളം വേണ്ടിവരുമെന്നും ഈ തുക ജിനീഷിനോട് അടക്കാന​ും ആവശ്യപ്പെട്ടു. ജിനീഷ് 2023 ഫെബ്രുവരി മൂന്നിന് നഗരസഭയിൽ തുക അടച്ചു. 2023 ഏപ്രിൽ 10ലെ കൗൺസിൽ തീരുമാനപ്രകാരം കെട്ടിടത്തിനുണ്ടായ കേടുപാടുകൾ മൂന്നുമാസ കാലയളവിൽ പരിഹരിക്കാനായി 2023 ഏപ്രിൽ 13ന് സൂപ്രണ്ടിങ് എൻജിനീയറെ അധികാരപ്പെടുത്തി.

 

നഗരസഭാ ജീവനക്കാരും ഓഡിറ്റ് സംഘവും സംയുക്തമായി ഈ സ്ഥലം 2023 ജൂലൈ 12ന്​ സന്ദർശിച്ചു. കെട്ടിടം നിലവിൽ കരാറുകാരന് കൈമാറാൻ സാധ്യമല്ലാത്ത അവസ്ഥയിലാണെന്ന് ബോധ്യമായി. കെട്ടിടത്തിനുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കാനുള്ള പ്രവൃത്തികളൊന്നും എൻജിനീയറിങ് വിഭാഗം നടത്തിയിട്ടില്ല. ടെൻഡർ നടപടികൾ അനന്തമായി നീണ്ടുപോകാനുള്ള കാരണങ്ങൾ പലതാണ്. ടെൻഡറിൽ കൂടുതൽപേരെ പങ്കെടുപ്പിക്കാനോ കൂടിയ നിരക്ക് ലഭ്യമാക്കാനോ ദിനപത്രങ്ങളിൽ വേണ്ടത്ര പ്രാധാന്യത്തോടെ പരസ്യം കൊടുത്തിരുന്നില്ല. തൃശൂർ എഡിഷനിൽ മാത്രമാണ് പരസ്യം നൽകിയത്.

ഇതുവഴി മത്സരാധിഷ്‌ഠിതമായ ടെൻഡർ നടപടി ഉറപ്പാക്കാനായില്ല. ഓരോ ടെൻഡറിലും പങ്കെടുത്തവരുടെ എണ്ണം കുറവായിരുന്നു. പങ്കെടുത്തവർതന്നെയാണ് വീണ്ടും അടുത്ത ടെൻഡറുകളിലും പങ്കെടുത്തത്. കൂടിയ നിരക്ക് രേഖപ്പെടുത്തിയവരോട് ടെൻഡർ നടപടികൾ പൂർത്തിയാക്കി കരാറിലേർപ്പെടാൻ നിർദേശിച്ചെങ്കിലും കെട്ടിടത്തിന്റെ നവീകരണ പ്രവൃത്തികൾ ചെയ്‌ത് കൊടുക്കാൻ ആവശ്യപ്പെട്ടപ്പോഴേ ഇത്തരക്കാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താത്തതിനാൽ ഇവർ തുടർന്നുള്ള ടെൻഡറുകളിൽ പങ്കെടുക്കുകയും ഇതേ കാര്യങ്ങൾ തന്നെ ആവർത്തിക്കുകയും ചെയ്‌തു.

ടെൻഡർ നോട്ടീസ് പ്രകാരം തൃശൂർ ഇൻഫ്രാസ്ട്രക്ചർ സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഉയർന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നത്. പക്ഷേ, അവർ ടെൻഡർ നടപടികൾ പൂർത്തീകരിച്ചില്ല. ഇവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താതിരിക്കുകയും വീണ്ടും അടുത്ത ടെൻഡറിൽ പങ്കെടുക്കുകയും വീണ്ടും ടെൻഡർ വ്യവസ്ഥകൾ ലംഘിക്കുകയുംചെയ്തു. അപ്പോഴാണ് നഗരസഭ ഇവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്.

റീടെൻഡർ നോട്ടീസ് പ്രകാരം ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് സെക്രട്ടറി, തൃശൂർ ഡിസ്ട്രിക്‌ട് ലേബർ കോൺട്രാക്ട‌് സൊസൈറ്റി ആണ്. കരാർ വെക്കുമ്പോൾ കരാറുകാരൻ അടക്കേണ്ട ഇ.എം.ഡി തുക സർക്കാർ ഉത്തരവ് പ്രകാരം തങ്ങൾ അടക്കേണ്ടതില്ലെന്ന് അവർ പറഞ്ഞു. ടെൻഡർ നടപടികൾ തുടരുമ്പോഴാണ് അത്​ ലീസ് കോൺട്രാക്ടുകൾക്കു ബാധകമല്ലെന്നും, പ്രവൃത്തി കരാറുകൾക്കു മാത്രം ബാധകമാണെന്നുമുള്ളത് നഗരസഭ തിരിച്ചറിഞ്ഞത്. തുടർന്ന് കരാർ റദ്ദാക്കി.

ഇത്​ കാര്യങ്ങൾ വൈകിച്ചു. ടെൻഡർ നോട്ടീസ് പ്രകാരം ഉയർന്ന നിരക്ക് രേഖപ്പെടുത്തിയ തൃശൂർ ലേബർ കോൺട്രാക്‌ട് സൊസൈറ്റിയുമായി ഉഭയകക്ഷി ചർച്ച നടത്തിയിരുന്നെങ്കിലും, അവർ കെട്ടിടത്തിന്റെ മെയിന്റനൻസ് ആവശ്യം നിരാകരിച്ചതുകൊണ്ട് ഒഴിവാക്കി. കരാർ നേടിയതിനുശേഷം എഗ്രിമെന്റ് നടപടികളിൽനിന്നും പിന്മാറിയ കരാറുകാരിൽനിന്നും നഷ്ടോത്തരവാദിത്ത വ്യവസ്ഥകൾപ്രകാരം ഇ.എം.ഡി കണ്ടുകെട്ടിയതല്ലാതെ വീണ്ടും ടെൻഡർ വിളിച്ചതുമൂലം കോർപറേഷന് ഉണ്ടായ നഷ്ടം ഈടാക്കിയില്ല. അത് കോർപറേഷന്റെ വീഴ്ചയാണ്.

നഗരഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന 30 സെന്റ് സ്ഥലവും 34,000 സ്ക്വയർ ഫീറ്റ് തറ വിസ്‌തീർണവുമുള്ള മൂന്നുനില കെട്ടിടവും നഗരസഭയുടെ വീഴ്ചകൾ കാരണം രണ്ടു വർഷത്തിൽ കൂടുതൽ ഒഴിഞ്ഞുകിടന്നു. 2020 ഒക്ടോബർ മുതൽ 2023 ജൂൺ വരെയുള്ള കാലയളവിൽ നഗരസഭയുടെ വരുമാന നഷ്ടം ഏകദേശം 3,26,00,000 രൂപയാണെന്ന് കണ്ടെത്തി.

 

കൊ​ക്കാ​ല ടേ​ക് എ ​ബ്രേ​ക് വി​ശ്ര​മ​ കേ​ന്ദ്രം

കൊ​ക്കാ​ല ടേ​ക് എ ​ബ്രേ​ക് വി​ശ്ര​മ​ കേ​ന്ദ്രം

നിലച്ച സംഗീത ജലധാരയും 2.3 കോടി രൂപയുടെ ഫ്ലാറ്റും

അമൃത് പദ്ധതി (അടൽ മിഷൻ ഫോർ റീജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫർമേഷൻ) രാജ്യത്തെ തിരഞ്ഞെടുത്ത 500 നഗരങ്ങളിലും പട്ടണങ്ങളിലും 2015 ജൂൺ 25നാണ് ആരംഭിച്ചത്. ജലവിതരണത്തിലും മലിനജല നിർമാർജനത്തിനുമുള്ള അടിസ്ഥാന സൗകര്യ വികസനത്തിനാണ് പദ്ധതി ഊന്നൽ നൽകിയത്. ഓരോ വീട്ടിലും കുടിവെള്ള ടാപ്പുകൾ വഴി ശുദ്ധ ജലലഭ്യതയും മലിനജല നിർഗമന സംവിധാനവും ഉറപ്പുവരുത്തുക, നഗരത്തിലെ തുറസ്സായ പ്രദേശങ്ങളും പാർക്കുകളും വൃത്തിയായി പരിപാലിക്കുകയും നഗരത്തിന്റെ പച്ചത്തുരുത്തുകൾ വ്യാപിപ്പിക്കുന്നതിലൂടെ നഗരത്തിന്റെ അടിസ്ഥാന സൗകര്യം ഉറപ്പാക്കുക തുടങ്ങിയവയായിരുന്നു മിഷന്റെ ലക്ഷ്യങ്ങൾ.

മൊത്തം പ്രോജക്ട് ഫണ്ട് യഥാക്രമം 50:30:20 ഷെയറായി കേന്ദ്ര, സംസ്ഥാന, അതത് അർബൻ ലോക്കൽ ബോഡികൾക്കിടയിൽ വിഭജിച്ചിരിക്കുന്ന തരത്തിലായിരുന്നു ഫണ്ടിങ് രീതി. പാർക്കുകളും ഹരിത പ്രദേശങ്ങളും എന്ന മേഖലയിൽ തൃശൂർ നഗരസഭക്കു വേണ്ടി അംഗീകാരം നൽകിയ പദ്ധതികളിൽ ഒന്നാണ് സംഗീത ജലധാരയുടെ നിർമാണം ഉൾപ്പെടുന്ന നെഹ്റു പാർക്കിന്റെ പുനരുജ്ജീവനം. ഫേസ് ഒന്ന് പദ്ധതിക്ക് 40,44,405 രൂപക്ക് സാങ്കേതിക അനുമതി ലഭിച്ചു. പദ്ധതി നടപ്പാക്കാൻ മഹാരാഷ്ട്രയിലെ അക്വാറ്റിക് എൻജിനീയറിങ്ങുമായി 32,22,600 രൂപക്ക് 2019 ജൂലൈ നാലിന് കരാർ ഒപ്പിട്ടു.

കരാറുകാരൻ ആദ്യത്തെ പാർട്ട് ബില്ല് സമർപ്പിച്ചപ്പോൾ 2020 ഫെബ്രുവരി 27ന് 28,52,001 രൂപ നൽകി. നിർമാണം പൂർത്തീകരിച്ച് പണിസ്ഥലം 2021 ജനുവരി 29ന് നഗരസഭക്ക് കൈമാറി. മേയർ, ഡെപ്യൂട്ടി മേയർ, പാർക്ക് കമ്മിറ്റി അംഗങ്ങൾ, എൻജിനീയറിങ് സ്റ്റാഫ് എന്നിവരുടെ സാന്നിധ്യത്തിൽ സംഗീത ജലധാര പ്രവർത്തിപ്പിച്ച് കാണിച്ചു. പ്രവർത്തനത്തിൽ എല്ലാവരും തൃപ്തരായി. 2019 നവംബർ 11ലെ ഇൻവോയിസ് പ്രകാരം 38,02,668 രൂപ ലഭിക്കുന്നതിന് ടാക്‌സ് ഇൻവോയിസ് കരാറുകാരൻ നഗരസഭയിൽ സമർപ്പിച്ചു.

എന്നാൽ, സ്ഥാപിച്ച് കുറച്ച് നാളുകൾക്കകം സംഗീത ജലധാര ഉപയോഗരഹിതമായി. ഈ വിവരം കരാറുകാരനെ അറിയിച്ചെങ്കിലും കേടുപാടുകൾ പരിഹരിക്കാൻ വേണ്ടി നൽകിയ അവസാന തീയതിയായ 2022 മാർച്ച് 23നോ അതിനുശേഷമോ കരാറുകാരനിൽനിന്ന് പ്രതികരണം ഉണ്ടായില്ല. ഇക്കാരണത്താൽ 2022 ജൂൺ 10ലെ നഗരസഭാ കൗൺസിൽ ഈ കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. പരിഹാര മാർഗങ്ങൾക്ക് സൂപ്രണ്ടിങ് എൻജിനീയർക്ക് നിർദേശം നൽകി. 2022 സെപ്റ്റംബർ 29ലെ ഉത്തരവ് പ്രകാരം കരാറുകാരനിൽനിന്നു വാങ്ങിയ 1,61,200 രൂപയുടെ ട്രഷറി സേവിങ്സ് ബാങ്ക് സ്ഥിരനിക്ഷേപ രസീതും പ്രവൃത്തി തുകയുടെ 2.5 ശതമാനം റിടെൻഷൻ തുകയായ 60,424 രൂപയും നഗരസഭ കണ്ടുകെട്ടി.

2023 ജൂൺ 30ന് നഗരസഭാ ജീവനക്കാരും ഓഡിറ്റ് സംഘവും സംയുക്തമായി എത്തി സംഗീത ജലധാര പ്രവർത്തിപ്പിച്ച് കാണിക്കാൻ ആവശ്യപ്പെട്ടു. കേടുപാടുകൾ നാളിതുവരെ പരിഹരിക്കാത്തതിനാൽ ഇത് പ്രവർത്തിപ്പിച്ച് കാണിക്കാൻ പറ്റില്ലെന്ന് ഓപറേറ്റർ അറിയിച്ചു. കഴിഞ്ഞ രണ്ട് വർഷത്തോളമായി ഈ കേടുപാടുകൾ മാറ്റി ജലധാര പ്രവർത്തനക്ഷമമാക്കാൻ നഗരസഭക്ക് കഴിഞ്ഞില്ല. അമൃത് പദ്ധതിയിൽ നെഹ്റു പാർക്കിൽ സ്ഥാപിച്ച സംഗീത ജലധാരക്കായി ചെലവഴിച്ച 26,30,377 രൂപ പാഴ് ചെലവായി.

ഐ.എച്ച്.എസ്.ഡി.പി പദ്ധതിപ്രകാരം മാടക്കത്തറ പഞ്ചായത്ത് മാറ്റാംപുറത്ത് 120 ഫ്ലാറ്റുകൾ നാല് കോടി രൂപ ചെലവഴിച്ച് 2016നോടകം നിർമാണം പൂർത്തീകരിച്ചു. 2023 ജൂൺ 20ന് നടത്തിയ സംയുക്ത സ്ഥലപരിശോധനയിൽ നിലവിൽ 26 കുടുംബങ്ങൾ മാത്രമേ താമസിക്കുന്നുള്ളൂ. ബാക്കിയുള്ള 94 ഫ്ലാറ്റുകളും ഏഴു വർഷത്തിനു ശേഷവും ഗുണഭോക്താക്കൾ ലഭ്യമല്ലാത്തതിനാൽ ഒഴിഞ്ഞുകിടക്കുന്നു. നിലവിൽ താമസക്കാരുള്ള ഫ്ലാറ്റുകളടക്കമുള്ള കെട്ടിടങ്ങൾക്ക് കെട്ടിടനമ്പർ ലഭ്യമായില്ല. അതിനാൽ നിലവിലെ താമസക്കാർക്ക് വോട്ടേഴ്സ് ഐഡന്റിറ്റി കാർഡും റേഷൻ കാർഡും മാറ്റാൻ പറ്റിയിട്ടില്ല.

കുടിവെള്ളം എത്തുന്നതിനുള്ള സൗകര്യങ്ങൾ അപര്യാപ്ത‌മാണ്. ഇലക്ട്രിക്കൽ/ പ്ലംബിങ് പ്രവൃത്തികൾ അപൂർണമാണ്. നിലവിൽ റോഡുണ്ടെങ്കിലും ഒറ്റപ്പെട്ട പ്രദേശമായതിനാൽ ദൈനംദിന പ്രവൃത്തികൾക്ക് പോകുന്നവർക്ക് വാഹനസൗകര്യം ഇല്ല. ആശുപത്രി, വിദ്യാഭ്യാസ സൗകര്യങ്ങളും പ്രാദേശിക നിവാസികൾക്ക് അപ്രാപ്യമായി തുടരുന്നു. മാലിന്യസംസ്‌കരണം വേണ്ടവിധത്തിൽ നടപ്പാക്കാനുള്ള സൗകര്യങ്ങൾ ലഭ്യമല്ല. ഫ്ലാറ്റുകൾ അധികവും ഉപയോഗപ്രദമാക്കാത്തതിനാൽ നശിച്ചുതുടങ്ങിയിരിക്കുന്നു. വർഷങ്ങളായി 120 ഫ്ലാറ്റുകൾക്ക് ചെലവാക്കിയ മൂന്നുകോടി രൂപ പാഴ്‌ചെലവായി. എന്നിട്ടും ജനങ്ങളുടെ സഹനശീലത്തെ നോക്കി കൊഞ്ഞനംകുത്തുകയാണ് നഗരസഭകൾ. 2019-20 വർഷത്തിലെ സി.എ.ജി ഓഡിറ്റ് ഇതിനെക്കുറിച്ച് പരാമർശം നടത്തിയിരുന്നു.

 

പുല്ലഴി വനിത സാംസ്‌കാരിക നിലയം

പുല്ലഴി വനിത സാംസ്‌കാരിക നിലയം

ഒളരി ബഡ്‌സ് സ്‌കൂളും വിശ്രമകേന്ദ്രവും

അയ്യന്തോൾ സോണൽ ഡിവിഷൻ 41ലാണ് ഒളരിയിൽ ബഡ്‌സ് സ്‌കൂൾ. ധനകാര്യ സ്ഥാപനങ്ങളിൽനിന്നുള്ള വായ്‌പ ഇനത്തിൽ ഒരു കോടി രൂപ അടങ്കൽ തുകയിൽ ബഡ്‌സ് സ്‌കൂൾ നിർമിക്കുകയായിരുന്നു ലക്ഷ്യം. 2020 മാർച്ച് 23ലെ ഉത്തരവ് പ്രകാരം പദ്ധതി നടത്തിപ്പിന് കരാർ ഒപ്പുവെച്ചു. പദ്ധതിക്കുവേണ്ടി 2020-21 വർഷം വികസന ഫണ്ടിൽനിന്നും 27,87,297 രൂപയും 2021-22 വർഷം സ്‌പിൽഓവർ ആയി തുടർന്ന പദ്ധതിക്ക് വികസന ഫണ്ടിൽനിന്ന് 34,20,516 രൂപയും ചേർത്ത് ആകെ 82,07,843 രൂപ ചെലവഴിച്ചു.

2023 ജൂൺ 14ന് സംയുക്ത പരിശോധന നടത്തി. സ്‌കൂളിന്റെ ഉദ്ഘാടനം 2020 ആഗസ്റ്റ് എട്ടിന് നടത്തി. ഏറ്റവും താഴത്തെ നിലയിൽ നാലു മുറികളും നാലു ടോയ്‍ലറ്റുകളുമുണ്ട്. താഴത്തെ നിലയിൽ ടൈൽ ഇട്ട് പെയിന്റ് അടിച്ചു. ഉപയോഗിക്കാത്തതിനാൽ പൊടിപിടിച്ച് കിടക്കുന്നു. മുകളിലത്തെ നിലയിൽ താഴത്തെ നിലയിലെപ്പോലെതന്നെ റൂമുകളും ടോയ്‍ലറ്റുകളും നിർമിച്ചിട്ടുണ്ടെങ്കിലും ഭിത്തി തേക്കുകയോ ടൈൽ ഇടുകയോ ഒന്നും ചെയ്തിട്ടില്ല. നിലവിൽ അവിടെ പ്രവൃത്തികളൊന്നും നടക്കുന്നില്ല. ഒരു വർഷത്തിലധികമായി പണികൾ നടക്കുന്നില്ല.

ബഡ്സ് സ്കൂളിന്റെ മുൻവശത്തുകൂടി കടന്നുപോകുന്ന റോഡിന് ആറ് മീറ്റർ വീതിയേയുള്ളൂ. 2012ലെ ഭൂ വിനിയോഗ മാപ്പ് അനുസരിച്ച് ഈ റോഡ് 27 മീറ്റർ റോഡ് ആയി നിർമിക്കാൻ തീരുമാനിച്ചിരുന്നു. അതായത് റോഡിന്റെ ഇരുവശത്തിലും 2012ലെ ഉത്തരവിനുശേഷം 10.5 മീറ്റർ അകത്തേക്ക് നിർത്തി നിർമാണം നടത്താൻ അനുമതി കൊടുക്കാമായിരുന്നു. പക്ഷേ, 2019-20 വർഷം ആസൂത്രണംചെയ്‌ത ഒളരി ബഡ്‌സ് സ്‌കൂൾ നിലവിലെ റോഡിനോട് ചേർന്നാണ് നിർമിച്ചിട്ടുള്ളത്. അതായത് റോഡ് വീതി കൂട്ടുമ്പോൾ ഈ കെട്ടിടം 10.5 മീറ്റർ അകത്തേക്ക് പൊളിച്ചുമാറ്റേണ്ടി വരും.

ഈ റോഡിന്റെ ഇരുവശങ്ങളിലും പുതിയതായി നിർമാണം നടത്തിയിട്ടുള്ള വ്യക്തികളുടെ കെട്ടിടങ്ങൾക്കെല്ലാം റോഡ് വീതി കൂട്ടുന്നതിനുള്ള സ്ഥലം മാറ്റിവെച്ചതിനുശേഷമാണ് നിർമാണത്തിന് അനുമതി നൽകിയത്. ഇത്തരത്തിൽ അശ്രദ്ധമായി കാര്യങ്ങൾ ചെയ്യുന്നതുമൂലം നഗരസഭക്ക് വലിയ നഷ്ടമാണുണ്ടായത്. നിയമവിരുദ്ധമായ നിർമാണ പ്രവർത്തനംമൂലം ബഡ്‌സ് സ്‌കൂളിനായി ചെലവഴിച്ച 82,07,843 രൂപയും പാഴ് ചെലവായി.

മെംബർ സെക്രട്ടറി നിർവഹണ ഉദ്യോഗസ്ഥനായി നഗരസഭയിലെ ബഡ്‌സ് സ്‌കൂളുകളിലേക്ക് ഫർണിച്ചർ വാങ്ങൽ പദ്ധതിയിൽ വികസന ഫണ്ട് പൊതുവിഭാഗം 20,00,000 രൂപ ഉപയോഗിച്ച് അക്രഡിറ്റഡ് ഏജൻസി ആയ ആർട്കോ (ARTCO)യിൽനിന്ന് ഫർണിച്ചർ വാങ്ങിച്ചു. എന്നാൽ, ആർട്കോയുടെ 2023 ജൂൺ 14ലെ ഡെലിവറി ചലാൻ പ്രകാരം ചെലവഴിച്ച തുകക്കുള്ള മുഴുവൻ സാധനങ്ങളും മെംബർ സെക്രട്ടറി കൈപ്പറ്റിയിട്ടില്ല. ആർട്കോ സമർപ്പിച്ച മൂന്ന് ബിൽ പ്രകാരം 11,92,792 (2,09,662 -5,70,437 -4,12,693) രൂപയുടെ സാധനങ്ങൾ ഈ രണ്ട് ബഡ്‌സ് സ്‌കൂളുകളിലും ആർട്കോയിൽനിന്ന് ഇതുവരെ ലഭിച്ചിട്ടില്ല.

 

അ​മൃ​ത് പ​ദ്ധ​തി​യി​ൽ നെ​ഹ്റു പാ​ർ​ക്കി​ൽ സ്ഥാ​പി​ച്ച സം​ഗീ​ത ജ​ല​ധാ​ര

അ​മൃ​ത് പ​ദ്ധ​തി​യി​ൽ നെ​ഹ്റു പാ​ർ​ക്കി​ൽ സ്ഥാ​പി​ച്ച സം​ഗീ​ത ജ​ല​ധാ​ര

കൊക്കാല വിശ്രമകേന്ദ്രമാണ് മറ്റൊരു പദ്ധതി. 2020 ഫെബ്രുവരി 20ലെ ഉത്തരവ് പ്രകാരം കേരളത്തിൽ റോഡ് മാർഗം യാത്രചെയ്യുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കും യാത്രാമധ്യേ ഉപയോഗയോഗ്യമായ ശുചിമുറികളുടെ അഭാവമുണ്ട്. അതിനായി വൃത്തിയുള്ള ശുചിമുറികളും സാധ്യതയുള്ള സ്ഥലങ്ങളിൽ അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന ബങ്കുകളും ലഘു ഭക്ഷണശാലകളും നിർമിക്കുകയായിരുന്നു ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രം പദ്ധതിയുടെ ലക്ഷ്യം.

ഇതിന്റെ മാർഗനിർദേശ പ്രകാരം ദേശീയപാത, സംസ്ഥാന പാത എന്നിവക്കരികിൽ മൂന്ന് സെന്റ് സർക്കാർ ഭൂമി പൊതു ശുചിമുറികൾ സ്ഥാപിക്കാനായി അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കണ്ടെത്തണം. നഗരസഭയിലെ കൊക്കാല ക്യുയറിങ് ഷെഡിന് സമീപത്തായി വിശ്രമകേന്ദ്രം നിർമിക്കാൻ തീരുമാനിച്ചു. പദ്ധതിക്ക് 2020 നവംബർ രണ്ടിന് 25 ലക്ഷം രൂപയുടെ സാങ്കേതിക അനുമതിയും ലഭിച്ചു. പദ്ധതി നടത്തിപ്പിന് 2021 ജനുവരി 30ന് ഉടമ്പടിപ്രകാരം കരാറിലേർപ്പെട്ടു.

ആകെ 22,60,384 രൂപ ചെലവിൽ 2021 ഒക്ടോ​ബറോടുകൂടി പണികൾ പൂർത്തീകരിച്ചു. 2023 ജൂൺ 14ന് നടത്തിയ സംയുക്ത പരിശോധനയിൽ ഈ ടോയ് ലറ്റ് ബ്ലോക്ക് ഇതുവരെയും ഉപയോഗിച്ചിട്ടില്ല എന്ന്​ വ്യക്തമായി. ആകെ പൊടിപിടിച്ച് കിടക്കുന്നു. സ്ത്രീകൾക്കുള്ള സാനിറ്ററി നാപ്‌കിൻ വെൻഡിങ് മെഷീനും സാനിറ്ററി നാപ്‌കിൻ ഡിസ്പോസ് ചെയ്യുന്നതിനുള്ള ഇൻസിനറേറ്ററും ഉപയോഗരഹിതം. ഈ ടോയ് ലറ്റ് ബ്ലോക്ക് നിൽക്കുന്ന സ്ഥലം പ്രധാന റോഡിൽനിന്നും മാറിയാണ്. ഈ ഭാഗത്തേക്ക് ജനം വരാറില്ല. ടോയ് ലറ്റ് ബ്ലോക്കിന്റെ ഒരുവശത്ത് എം.സി.എഫ്, ക്യുയറിങ് ഷെഡ് ഒക്കെ ആണ് സ്ഥിതിചെയ്യുന്നത്. എതിർവശത്ത് കാടുപിടിച്ച നിലയിൽ റോഡ് സൈഡ് കുളവുമാണ്. മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായി യാത്രക്കാർ എത്തിപ്പെടാത്ത സ്ഥലത്താണ് കൊക്കാല ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രം സ്ഥാപിച്ചത്. ഇതുവഴി പദ്ധതിക്ക് ചെലവഴിച്ച 22,60,384 രൂപയും ദുരുപയോഗമായി.

അഞ്ചേരി വനിത ക്ലബും മിനി പാർക്കും

അഞ്ചേരി മിനി സ്റ്റേഡിയം അംഗൻവാടിക്ക് മുകളിൽ വനിത ക്ലബ് ഇലക്ട്രിഫിക്കേഷൻ പദ്ധതി സ്‌പിൽ ഓവർ ആയി വികസന ഫണ്ട് പൊതുവിഭാഗം 2,05,136 രൂപ അനുവദിച്ചു. കരാർപ്രകാരം 2018 മേയ് ഏഴിന് പണിസ്ഥലം കൈമാറി. കരാറുകാരൻ 2019 ഡിസംബർ 15 വരെ സമയം നീട്ടി കൊടുക്കണമെന്ന് അപേക്ഷിച്ചു. 2019 ഡിസംബർ 17ന് മെഷർമെന്റ് എടുത്തപ്പോൾ പ്രവൃത്തിക്ക് ആകെ 56,630 രൂപ ചെലവായി. സംയുക്ത പരിശോധനയിൽ ഈ കെട്ടിടം 2020 ഒക്ടോബർ 29ന് ഉദ്ഘാടനം നടത്തിയെങ്കിലും ഇതു​വരെ വനിത ക്ലബ് പ്രവർത്തനമാരംഭിച്ചിട്ടില്ല. ഗ്രൗണ്ട് ഫ്ലോറിൽ ഒരു ഹാൾ, കിച്ചൺ, ഒരു ടോയ് ലറ്റ് എന്നിവയും ഒന്നാം നിലയിൽ ഒരു റൂം, ഒരു ടോയ് ലറ്റ് എന്നിവയും നിർമിച്ചിട്ടുണ്ട്. ട്യൂബ് ലൈറ്റ്, ഫാനുകൾ, വാഷ് ബേസിൻ ഇവയെല്ലാം സ്ഥാപിച്ചിട്ടുണ്ട്. ഈ കെട്ടിടത്തിൽ വൈദ്യുതിക്കും വെള്ളത്തിനും കണക്ഷൻ എടുത്തിട്ടില്ല.

വൈദ്യുതി കണക്ഷൻ എടുക്കണമെങ്കിൽ രണ്ട് പോസ്റ്റുകളെങ്കിലും സ്ഥാപിക്കേണ്ടിവരും. അതിനുള്ള ഫണ്ടുകൂടി പദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതാണെന്ന് കരാറുകാരൻ ആവശ്യപ്പെട്ടെങ്കിലും നടപ്പാക്കിയിട്ടില്ല. കെട്ടിടത്തിന്റെ ജനാല ചില്ലുകളെല്ലാം പൊട്ടിയ നിലയിലാണ്. അതുപോലെ തന്നെ വനിത ക്ലബിന്റെ നിർമാണ പദ്ധതി ഫയൽ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നൽകിയിട്ടില്ല. ഈ പദ്ധതിയിൽ മുൻവർഷം 17,94,844 രൂപയും 2020-21 വർഷം 56,630 രൂപയും ചേർത്ത് ആകെ 18,31,474 രൂപ ചെലവഴിച്ചു. സർക്കാർ പണം ചെലവഴിച്ച് രണ്ട് വർഷത്തിന് മുകളിൽ ആയിട്ടും ഉപയോഗത്തിൽ വരുത്താതെ കിടക്കുന്നതിനാൽ ഈ പദ്ധതിക്കുവേണ്ടി ചെലവഴിച്ച മുഴുവൻ തുകയും പാഴായി.

വിൽവട്ടം സോണിൽ ഡിവിഷനിൽ (11) സായാഹ്ന സവാരിക്കാർക്കും ജനങ്ങൾക്കും വിശ്രമിക്കാനായി മിനി പാർക്ക് പുറമ്പോക്ക് സ്ഥലത്ത് സ്​ഥാപിക്കാൻ തീരുമാനിച്ചു. ഗാന്ധിപ്രതിമ കൂടി സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. പദ്ധതിക്ക് 2019 ജനുവരി എട്ടിന് സാങ്കേതിക അനുമതി ലഭിച്ചു. ഗാന്ധിപ്രതിമ ഒഴിവാക്കി 86,412 രൂപ ചെലവിൽ പണി പൂർത്തീകരിച്ച​ു. 2023 ജൂലൈ അഞ്ചിന് സംയുക്ത പരിശോധന നടത്തിയപ്പോൾ പാർക്ക് ആരും ഉപയോഗിക്കുന്നില്ല എന്ന്​ വ്യക്തമായി. കഷ്ടിച്ച് ഒരു സെന്റ് വരുന്ന സ്ഥലത്താണ് ഈ മിനി പാർക്ക്. പ്രധാന റോഡിൽനിന്നും ഉള്ളിലായാണ് ഈ പാർക്ക്. ഇതിന്റെ ഉദ്ഘാടനം 2020 ജൂൺ 28ന് നടത്തിയതായി ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.

പകൽവീടും ഗൗരി ലങ്കേഷ് പാർക്കും

നഗരസഭയുടെ 49ാം ഡിവിഷനിൽ പകൽവീട് കെട്ടിടത്തിന് മുന്നിൽ ട്രസ് വർക്ക് ചെയ്യാൻ 1,45,000 രൂപ അനുവദിച്ചു. അയ്യന്തോൾ ഗവ. ഹോമിയോ ഡിസ്പെൻസറി പുതിയ കെട്ടിടത്തിന്റെ പണി നടക്കുന്നതിനാൽ ഈ പകൽവീട്ടിൽ പ്രവർത്തിച്ചു. പകൽവീട്ടിൽ രോഗികൾക്ക് ഡോക്ട‌റെ കാണാനും മരുന്ന് വാങ്ങാനായി നിൽക്കുന്നതിന് വെയ്റ്റിങ് ഷെഡ് എന്ന രീതിയിലുമാണ് ട്രസ് വർക്ക് ചെയ്ത‌ത്. ഈ പദ്ധതിക്ക് ആകെ 1,44,307 രൂപ ചെലവഴിച്ചു.

അതുപോലെ അയ്യന്തോൾ സോണൽ ഡിവിഷനിൽ (49) പകൽവീട്, സ്വയംതൊഴിൽ പരിശീലന കേന്ദ്രം എന്നിവയുടെ നിർമാണം വികസന ഫണ്ടിൽനിന്ന് 2019ൽ 2,41,533 രൂപ ചെലവഴിച്ച് പണി പൂർത്തീകരിക്കുകയും ചെയ്തു. പകൽവീടുകൾക്ക് ഫർണിച്ചർ പദ്ധതിയിൽ 18 കസേരകൾ ഒന്നിന് 3280 നിരക്കിൽ ആകെ 59,040 രൂപയും ടേബിൾ ഒന്നിന് 5661 രൂപയും അലമാര ഒന്നിന് 21,504 രൂപയും ടി.വിക്ക് 12,000 രൂപയും ചെലവഴിച്ചു.

2018 ജൂലൈ രണ്ടിന് ഈ പകൽവീട് ഉദ്ഘാടനം നടത്തി. പ്രവർത്തനങ്ങൾ തുടങ്ങി. അതിനുശേഷം ഈ കെട്ടിടം ഹോമിയോ ഡിസ്പെൻസറിക്കായി താൽക്കാലികമായി വിട്ടുകൊടുത്തു. 2022ൽ പുതിയതായി കെട്ടിടം നിർമിച്ച് അതിലേക്ക് ഹോമിയോ ഡിസ്പെൻസറി മാറ്റി. അതിന് ശേഷം പകൽവീടിന്റെ പ്രവർത്തനങ്ങൾ തുടങ്ങുകയോ വയോജനങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുകയോ ചെയ്തിട്ടില്ല. ഈ കെട്ടിടത്തിന്റെ മുകൾനിലയിൽ കുടുംബശ്രീ ഓഫിസ് ആവശ്യത്തിലേക്കാണ് നിർമാണം നടത്തിയത്. എന്നാൽ​, അവിടെയും ഡിസ്പെൻസറിയുടെ ഭാഗമായി പ്രവർത്തനം നടക്കുന്നതിനാൽ അതും നിർമാണ ഉദ്ദേശ്യത്തിലേക്കായി ഉപയോഗിച്ചിട്ടില്ല. പകൽവീടിന് വാങ്ങിയ കസേരകൾ മുകളിലത്തെ നിലയിൽ കൂട്ടിയിട്ടിരിക്കുന്നു. ആകെ 4,84,045 രൂപ പാഴാക്കി. പകൽവീട് നിർമാണത്തിന്റെ ഫയൽ പലതവണ ആവശ്യപ്പെട്ടിട്ടും ഹാജരാക്കിയില്ല. പ്രവർത്തിച്ചുകൊണ്ടിരുന്ന പകൽവീട് മറ്റാവശ്യങ്ങൾക്കായി വിട്ട് കൊടുത്തതിനാൽ നിർമാണോദ്ദേശ്യം നടപ്പാക്കാതെ പോയി.

ഈസ്റ്റ് സോൺ ഡിവിഷൻ 21ൽ ഗൗരി ലങ്കേഷ് പാർക്ക് നവീകരണത്തിന് ആകെ 20 ലക്ഷം രൂപ നീക്കിവെച്ചു. 11,21,767 രൂപ ചെലവിൽ പണികൾ 2020 ഡിസംബർ മാസത്തിൽ പൂർത്തീകരിച്ച് ഫൈനൽ ബിൽ നൽകി. 2023 ജൂൺ 15ന് നടത്തിയ സംയുക്ത പരിശോധനയിൽ ഗൗരി ലങ്കേഷ് പാർക്ക് സ്ഥിതിചെയ്യുന്നത് ഇറിഗേഷൻ കനാലിന് അരികിലാണ്. കനാൽ ആകെ കാടുപിടിച്ച അവസ്ഥയിലാണുള്ളത്. പാർക്കിനുള്ളിൽ കുട്ടികൾക്കുള്ള സീ സോ. ഊഞ്ഞാലും കുറെ ഇരിപ്പിടങ്ങളും സജ്ജമാക്കിയിട്ടുണ്ട്. പാർക്കിനകവും കാട് പിടിച്ച് കിടക്കുകയാണ്. പാർക്കിനുള്ളിലായി ഒരു ഓപൺ സ്റ്റേജ് പണിതിട്ടുണ്ട്. ഈ പാർക്ക് ഉപയോഗത്തിലുള്ളതായി കാണുന്നില്ല. അതുപോലെ സ്റ്റേജ് ഉപയോഗിച്ചിട്ട് തന്നെ നാളുകളേറെയായതായി നഗരസഭാ ജീവനക്കാർ മൊഴി നൽകി. പ്രധാന റോഡുകളിൽനിന്നും ഉള്ളിലേക്ക് മാറി ഇതുപോലെയുള്ള പാർക്കുകൾ നവീകരണം നടത്തുന്നത് എന്തിനാണ്?

അവിടെ സ്റ്റേജ് പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്ന രീതിയിൽ പണിയാൻ കഴിയുമോ എന്നും ആലോചിച്ചില്ല. അതുപോലെ 2020 ജനുവരി 31ന് പാർക്കിലെ ഇലക്ട്രിഫിക്കേഷൻ പ്രവൃത്തികൾക്കായി 3,10,000 രൂപയുടെ കരാർ തുകയിൽ ഇതേ പദ്ധതിക്ക് മറ്റൊരാളുമായി കരാറിലേർപ്പെട്ടു. 2020 ഫെബ്രുവരി ഏഴിന് സൈറ്റ് കൈമാറി. 3,06,746 രൂപയുടെ ചെലവ് ചെയ്തു. രേഖകൾ ഫയലിൽ സൂക്ഷിച്ചിട്ടില്ല. ഇത്തരത്തിൽ ആസ്‌തികൾ പണിത് ഉപയോഗത്തിൽ വരുത്താതെ കിടക്കുന്നതിനാൽ ഇതിനുവേണ്ടി ചെലവഴിച്ച 11.11 ലക്ഷം രൂപയും നിഷ്‌ക്രിയമായി.

 

ഒ​ള​രി ബ​ഡ്‌​സ് സ്‌​കൂ​ൾ

ഒ​ള​രി ബ​ഡ്‌​സ് സ്‌​കൂ​ൾ

പദ്ധതി നടപ്പാക്കിയതിലെ പാളിച്ചകൾ

അഗതിരഹിത കേരളം പദ്ധതിക്ക് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. പദ്ധതിപ്രകാരം തദ്ദേശസ്ഥാപനങ്ങളാണ് അഗതി കുടുംബങ്ങളെ കണ്ടെത്തി പുനരധിവസിപ്പിക്കേണ്ടത്. പദ്ധതിക്ക് വേണ്ട അടങ്കലിന്റെ 40 ശതമാനം തുക കുടുംബശ്രീയിലൂടെ തദ്ദേശസ്ഥാപനത്തിന് അനുവദിക്കും. തൃശൂർ കോർപറേഷൻ 153 കുടുംബങ്ങളിൽനിന്നായി 303 ഗുണഭോക്താക്കളെ കണ്ടെത്തി. 3.57 കോടി രൂപ അടങ്കലിലുള്ള പ്രോജക്ട് റിപ്പോർട്ട് തയാറാക്കി. കുടുംബശ്രീ ഡയറക്ടർ റിപ്പോർട്ട് അംഗീകരിച്ചു. ചലഞ്ച് ഫണ്ടിൽനിന്ന് 13.33 ലക്ഷം രൂപ ആദ്യ ഗഡുവായി അനുവദിച്ചു.

കുടുംബശ്രീ ഡയറക്ടറുടെ നിർദേശപ്രകാരം ആക്ടിവിറ്റി കലണ്ടർ തയാറാക്കണം. നഗരസഭ അങ്ങനെ ഒരു കലണ്ടർ തയാറാക്കിയിട്ടില്ല. ലഭിച്ച തുകയുടെ 80 ശതമാനം വിനിയോഗിച്ചു കഴിഞ്ഞാലേ രണ്ടാം ഗഡു അനുവദിക്കൂ. അതുണ്ടായില്ല. ഭക്ഷണം ആവശ്യമുള്ള അഗതികൾക്ക് ഭക്ഷണകിറ്റ് നൽകിയത് ഒഴിച്ചാൽ മറ്റു സേവനങ്ങൾ ഒന്നുംതന്നെ നൽകിയിട്ടില്ല. 48 കുടുംബങ്ങളെ കണ്ടെത്തിയെങ്കിലും ആർക്കും സഹായം നൽകിയിട്ടില്ല. ചികിത്സ, വിദ്യാഭ്യാസം, ഭൂരഹിതർക്ക് ഭൂമി തുടങ്ങിയ സേവനങ്ങൾ ഒന്നും നൽകിയില്ല. അഗതികളില്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റുക എന്ന സർക്കാറി​ന്റെ പദ്ധതി അട്ടിമറിക്കുന്നതാണ് നഗരസഭയിൽ കണ്ടത്.

നഗരസഭയിലെ കൂർക്കഞ്ചേരി സോണൽ ഡിവിഷൻ 32ൽ തൊഴിൽ പരിശീലന കേന്ദ്രത്തിനായി 13,82,746 രൂപ ചെലവഴിച്ചു. സംയുക്ത പരിശോധനയിൽ കൂർക്കഞ്ചേരിയിലെ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ ടോയ് ലറ്റോടുകൂടിയ ഒരു ഹാളും രണ്ട് മേശകളും കുറച്ച് കസേരകളുമുണ്ട്. നിർമാണം പൂർത്തീകരിച്ച് ഇതുവരെ ​െതാഴിൽ പരിശീലനങ്ങളൊന്നും ഇവിടെ നടന്നിട്ടില്ലെന്ന് കൗൺസിലർ മൊഴി നൽകി.

കോവിലകത്തുംപാടത്ത് ഒരുദിവസം അഞ്ച് ടൺ മാലിന്യം സംസ്കരിക്കുന്ന ഓർഗാനിക് വേസ്റ്റ് കൺവെർട്ടർ പ്ലാന്റിന് പദ്ധതിയിട്ടു. പദ്ധതിക്ക് രണ്ട് തവണകളായി 56,40,535 രൂപ ചെലവഴിച്ചു. പ്ലാന്റ് നിലവിൽ പ്രവർത്തിക്കുന്നില്ല. പ്ലാന്റ് പ്രവർത്തനം തുടങ്ങിയ വർഷം രൂക്ഷമായ ദുർഗന്ധം വമിക്കുകയും വലിയതോതിൽ ഈച്ചശല്യം ഉണ്ടാകുകയുംചെയ്തു. നാട്ടുകാർ പ്രതിഷേധിച്ചു. തുടർന്ന് പ്രവർത്തനം നിർത്തിവെപ്പിച്ചു. ശരിയായ രീതിയിൽ പ്രവർത്തനം നടത്താത്തതിനാലാണ് ഈ ഓർഗാനിക് വേസ്റ്റ് കോൺ​െവർട്ടർ അടച്ചുപൂട്ടേണ്ടി വന്നത്. ഈ പ്ലാന്റിന് വേണ്ടി ചെലവഴിച്ച 78,66,029 രൂപയും വൃഥാവിലായി.

കാലത്തോട് പകൽവീടിന് 2.16 ലക്ഷം നഗരസഭ ചെലവഴിച്ചു. 19 കസേരകളും ഒരു ടേബിളും അലമാരയും ടി.വിയും എല്ലാം വാങ്ങിയതായി പറയുന്നു. പരിശോധനയിൽ താഴത്തെ നിലയിൽ പകൽവീടി​ന്റെ സജ്ജീകരണങ്ങളും മുകളിലത്തെ നിലയിൽ ഹെൽത്ത് വിങ് സർക്കിൾ ഒന്ന് ഓഫിസുമാണ് പ്രവർത്തിക്കുന്നത്. പകൽവീടിനു വേണ്ടി പണിത ഒന്നാംനില ഇപ്പോൾ ഹെൽത്ത് വിങ് ഓഫിസാണ്. പകൽവീടിനു വാങ്ങിയ കസേരകൾ ഒന്നാം നിലയിൽ ഹെൽത്ത് ഓഫിസിന്റെ ഒരുവശത്ത് കൂട്ടിയിട്ടിരിക്കുകയാണ്.

2018ലെ വെള്ളപ്പൊക്കംമൂലമുണ്ടായ നാശത്തിൽനിന്ന് കരകയറാൻ യൂനിസെഫ് സഹായത്തോടെ മലിനജല ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ തീരുമാനിച്ചു. അതിന് മാറ്റാൻപുറം എന്ന സ്ഥലം തിരഞ്ഞെടുത്തു. അത് ഗ്രാമപഞ്ചായത്തിന്റെ പരിധിയിലായിരുന്നു. ഒരു കോടി രൂപയുടെ പ്രോജക്ടാണ് തയാറാക്കിയത്. ദിവസം 10,000 ലിറ്റർ മലിനജലം കൈകാര്യംചെയ്യാൻ കഴിയുന്ന രീതിയിലാണ് പ്ലാന്റ് വിഭാവന ചെയ്തത്. 2020 സെപ്റ്റംബർ 26ന് നഗരസഭക്ക് കൈമാറി. ട്രയൽ റൺ നടത്താൻ ദിനംപ്രതി 5000 ലിറ്റർ മലിനജലം വേണം എന്ന് കമ്പനി ആവശ്യപ്പെട്ടു. അത് നൽകാൻ നഗരസഭക്ക് കഴിഞ്ഞില്ല. ട്രയൽ റൺ പൂർത്തിയാക്കാൻ സാധിച്ചില്ല. അതിനാൽ മലിനീകരണ നിയന്ത്രണ ബോർഡി​ന്റെ അനുമതി ലഭിച്ചില്ല. അന്വേഷണത്തിൽ നഗരസഭാ പ്രദേശത്തെ മാലിന്യം പഞ്ചായത്ത് പരിധിയിൽ നിർമാർജനം ചെയ്യാൻ പഞ്ചായത്ത് നിവാസികൾ എതിരാണ്. പ്ലാന്റ് നിലവിൽ പ്രവർത്തിക്കുന്നുമില്ല. പ്ലാന്റ് പഞ്ചായത്തിൽ ആരംഭിച്ചത് മൂലം ഒന്നും നടന്നില്ല. നഗരസഭയുടെ കെടുകാര്യസ്ഥതയുടെ കൊടിയടയാളമാണ് പ്ലാന്റ്.

കോവിലകത്തും പാടം ഷോപ്പിങ് മാൾ 6.23 കോടി

വികസന ഫണ്ടിൽനിന്ന് അഞ്ച് ലക്ഷം രൂപയും ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പയായി 15.25 കോടി രൂപയും ചേർത്ത് 15.30 കോടി രൂപക്ക് കോവിലകത്തും പാടം ഷോപ്പിങ് മാൾ നിർമിക്കാൻ തീരുമാനിച്ചു. തൃശൂർ നഗര വികസന അതോറിറ്റിക്ക് ഭൂവുടമകൾ സൗജന്യമായി വിട്ടുനൽകിയ 5.81 ഹെക്ടർ ഭൂമിയാണ് നിർമാണത്തിനായി തിരഞ്ഞെടുത്തത്. പരിങ്ങാവ് വില്ലേജിൽ നിലമായി രേഖപ്പെടുത്തിയ പ്രദേശം തരം മാറ്റി നികത്തിയെടുക്കാൻ കലക്ടർ ഉത്തരവായി. 2014-15 വർഷം ENARC കൺസൽട്ടൻസി ഈ പദ്ധതിക്കുള്ള ഡി.പി.ആർ തയാറാക്കി.

പദ്ധതിക്ക് 14 കോടിയുടെ അനുമതി ലഭിച്ചു. കൺസൽട്ടൻസിയുടെ കത്ത് എസ്റ്റിമേറ്റ് തുക 16.12 കോടിയായിരുന്നു. ഇതിന്റെ 2.33 ശതമാനം (37,55,960 രൂപ) ആർക്കിടെക്ടിന്റെ ഫീസായും 18 ശതമാനം ജി.എസ്.ടി ഇനത്തിലും (67,60,73 രൂപ) ചേർത്ത് ആകെ 44,32,033 രൂപ നഗരസഭയിൽനിന്ന് വാങ്ങി. 14 കോടിക്ക് നിർവഹണം നടത്താൻ അനുമതി ലഭിച്ച പദ്ധതിയുടെ ഡി.പി.ആർ 16.12 കോടി രൂപയുടെ പദ്ധതിയായി. ഇതുസംബന്ധിച്ച കരാറിന്റെ അസ്സലോ പകർപ്പുകളോ പദ്ധതി ഫയലിൽ ഇല്ല. അതിനാൽ, 2.12 കോടിയുടെ 2.33 ശതമാനമായ 4,93,960 രൂപയും അതിന്റെ 18 ശതമാനം ജി.എസ്.ടിയും (88,913 രൂപ) ചേർത്ത് ആകെ 5,82,873 രൂപ ക്രമീകരിച്ചിട്ടില്ല. ടെൻഡറിൽ 12.69 കോടിക്ക് കരാർ ഉറപ്പിച്ച് സ്ഥലം കൈമാറി. രണ്ട് വർഷമായിരുന്നു പൂർത്തീകരണ കാലാവധി. കരാറുകാരൻ ബേസ് ഫ്ലോറിന് വേണ്ടി മണ്ണെടുത്തു. മാളിന്റെ നിർമാണത്തിന് ഈ മണ്ണ് ആവശ്യമില്ലാത്തതിനാൽ അത് പദ്ധതിപ്രദേശത്തിന് അടുത്തുള്ള പ്ലോട്ടിൽ നിക്ഷേപിച്ചു.

2008ൽ തണ്ണീർത്തട നിയമം പ്രാബല്യത്തിൽ വന്നപ്പോൾ സ്ഥലം തണ്ണീർത്തട നിയമത്തിന്റെ പരിധിയിലായി. മാൾ നിർമിക്കുന്ന സ്ഥലവും മാളിന് വേണ്ടി കുഴിച്ചെടുത്ത മണ്ണ് നിക്ഷേപിച്ച സ്ഥലവും അനധികൃതമായി പരിവർത്തനം ചെയ്തുവെന്ന് 2020 ആഗസ്റ്റ് 14ന് കലക്ടർക്ക് പരാതി ലഭിച്ചു. ബി.ടി.ആർ, ഡേറ്റാബാങ്ക് എന്നിവയിൽ നിലമായി രേഖപ്പെടുത്തിയ 0.2197 ഹെക്ടർ ഭൂമി പരിവർത്തനപ്പെട്ടിട്ടുള്ളതായും അത് തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നും ഈ സ്ഥലങ്ങൾ ഉത്തരവ് കൈപ്പറ്റി 30 ദിവസത്തിനകം പൂർവസ്ഥിതിയിലാക്കണമെന്നും നഗരസഭാ സെക്രട്ടറിക്ക് 2021 മേയ് 25ന് ഉത്തരവ് ലഭിച്ചു. ഈ ഉത്തരവ് നഗരസഭ കണ്ടതായി ഭാവിച്ചില്ല. സൈറ്റിൽ പണി തുടർന്നു. ഇതും 6.23 കോടി ചെലവഴിച്ചതും കലക്ട‌റുടെ ഉത്തരവിന് വിരുദ്ധമായിട്ടാണ്. ഇതേ വിഷയത്തിൽ കേരള ലോകായുക്തയിൽ 2021 ആഗസ്റ്റിൽ പരാതി എത്തി.

അതിൻപ്രകാരം വിസ്‌താരം നടന്നുവരുകയാണ്. കോടതിയുടെ പരിഗണനയിൽ ഇരിക്കുകയും കലക്‌ടറുടെ സ്റ്റോപ് മെമോ നിലവിൽ ബാധകമായിരിക്കുകയും ചെയ്യുന്ന അവസ്ഥയിലും പദ്ധതിയുമായി മുന്നോട്ട് പോയതിന് ഉത്തരമില്ല. ആകെ 6.22 കോടി പദ്ധതിക്കായി ചെലവഴിച്ചു. അതിൽ അഞ്ച് ലക്ഷം മാത്രമാണ് വികസന ഫണ്ടിൽനിന്ന് വകയിരുത്തിയിരുന്നത്. ബാക്കി തുക ധനകാര്യ സ്ഥാപനങ്ങളിൽനിന്നുള്ള വായ്പയായി കണ്ടെത്തണമായിരുന്നു. നഗരസഭ ചെലവായ മൊത്തം തുകയും വികസന ഫണ്ടിൽനിന്ന് ചെലവഴിച്ചു. അതായത് മറ്റ് പദ്ധതികൾക്കു വേണ്ടി നീക്കിവെച്ചിട്ടുള്ള തുക ഉപയോഗിച്ചു.

2023 ജൂൺ 23ന് നടത്തിയ സംയുക്ത പരിശോധനപ്രകാരം പദ്ധതി കാലാവധി പൂർത്തീകരിച്ചിട്ടും രണ്ട് നിലകളുടെ കെട്ടിടത്തിന്റെ സ്ട്രെക്ചർ വർക്ക് മാത്രമാണ് ചെയ്തിട്ടുള്ളത്. ഒരു വർഷമായി ഇവിടെ ഒരു പ്രവൃത്തിയും ചെയ്‌തിട്ടില്ലെന്ന് കോൺട്രാക്ടറുടെ സൈറ്റിൽ പണിചെയ്യുന്ന ഒരു തൊഴിലാളി പറഞ്ഞു. സൈറ്റിൽ ഈ കോൺട്രാക്ടറുടെ തൊഴിലാളികൾ താമസിക്കുന്നുണ്ട്. കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോർ ആകെ വെള്ളം കെട്ടിയ നിലയിലാണ്. സൈറ്റിൽ കിടക്കുന്ന ഇരുമ്പ് കമ്പികളെല്ലാം തുരുമ്പ് പിടിച്ച നിലയിലാണുള്ളത്. കരാർ കാലാവധി 2023 ജനുവരി ഒമ്പതിന് അവസാനിച്ചു. കരാർ ലംഘനം നടത്തിയ സാഹചര്യത്തിൽ മറ്റൊരു ഏജൻസിയെക്കൊണ്ട് പ്രവൃത്തി ചെയ്യിപ്പിക്കുകയും അതിന് വേണ്ടിവരുന്ന ചെലവ് കരാറുകാരനിൽനിന്ന് ഈടാക്കുകയും ചെയ്യേണ്ടതാണ്.

വാട്ടർ പ്യൂരിഫയർ സ്റ്റോറേജ് ടാങ്കും വനിത സാംസ്കാരിക കേന്ദ്രവും

നഗരസഭയിലെ 11 സർക്കാർ സ്‌കൂളുകളിലേക്ക് വാട്ടർ പ്യൂരിഫയറും സ്റ്റോറേജ് ടാങ്കും വാങ്ങി നൽകുകയായിരുന്നു പദ്ധതി. ഇതിനായി വികസന ഫണ്ട് 11,00,000 രൂപ അടങ്കൽ തുക വകയിരുത്തി. പദ്ധതിക്ക് 2020 മേയ് 12ലെ ഉത്തരവ് പ്രകാരം സ്റ്റാൻഡിങ് കമ്മിറ്റിയുടെ ശിപാർശയും പിന്നീട് ഡി.പി.സിയുടെ അംഗീകാരവും ലഭിച്ചു. തൃശൂർ ഗവ. മോഡൽ ഗേൾസ് എച്ച്.എസിൽ ഫിൽറ്റർ കേടായതിനാൽ അത്​ ഉപയോഗിക്കുന്നില്ല. അറ്റകുറ്റപ്പണിക്കായി കമ്പനിക്കാരെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല. ഗവ. മോഡൽ ഗേൾസ് എച്ച്.എസ്.എസിൽ ഇതുവരെ ഉപയോഗിച്ചിട്ടില്ല. ഇൻസ്റ്റലേഷൻ ചെയ്യാത്തതിനാൽ ഉപയോഗിക്കാൻ സാധിക്കുന്നില്ല. ആൺകുട്ടികളുടെ ഗവ. മോഡൽ എച്ച്.എസ്.എസിൽ ഇതുവരെ ഉപയോഗിച്ചിട്ടില്ല. കമ്പനി ഇൻസ്റ്റലേഷൻ ചെയ്‌തുകൊടുത്തിട്ടുമില്ല.

തൃശൂർ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നാളിതുവരെ ഇൻസ്റ്റലേഷൻ ചെയ്തിട്ടില്ല. പ്യൂരിഫയറിന്റെ മോട്ടോർ മോഷണം പോയി. രാമവർമപുരം ഗവ. എച്ച്.എസ്.എസിൽ നിലവിൽ പ്രവർത്തനക്ഷമമല്ല. രണ്ട് തവണ അറ്റകുറ്റപ്പണി നടത്തിയെങ്കിലും പ്രവർത്തിക്കുന്നില്ല. കമ്പനിക്കാർ കുറച്ചു നാളുകൾക്ക് മുമ്പ് പ്യൂരിഫയറിന്റെ മോ​ട്ടോർ അഴിച്ചു കൊണ്ടുപോയി. വില്ലടം ഗവ. ജി.എച്ച്.എസിൽ ഇതുവരെ കമ്പനി ഇൻസ്റ്റലേഷൻ ചെയ്‌തിട്ടില്ല. പൂങ്കുന്നം ജി.എച്ച്.എസ് ഇൻസ്റ്റലേഷൻ ചെയ്‌തിട്ടുണ്ടെങ്കിലും വെള്ളം പ്യൂരിഫൈ ചെയ്ത് കിട്ടാത്തതിനാൽ ഉപയോഗിക്കുന്നില്ല. ഒല്ലൂർ വി.എസ്.എം.എം.ജി.എച്ച്.എസിൽ ഇൻസ്റ്റലേഷൻ കൃത്യമായി ചെയ്‌തിട്ടില്ല. പ്യൂരിഫൈ ചെയ്‌ത വെള്ളം വരുന്ന പൈപ്പ് ടാങ്കിലേക്ക് കണക്ട് ചെയ്‌തിട്ടില്ല. അതിനാൽ, മെഷീൻ സ്വിച്ച് ഓൺ ആക്കുമ്പോൾ മാത്രമേ ഈ പൈപ്പിൽക്കൂടി വെള്ളം വരുകയുള്ളൂ. ഒല്ലൂർ വി.എസ്.എം.എം.ജി.വി.എച്ച്.എസ്.എസിൽ ഇൻസ്റ്റാൾ ചെയ്‌തിട്ടില്ല. സ്‌കൂളിലെ ഫീഡിങ് റൂമിൽ വെച്ചിരിക്കുന്നു. ഒമ്പത് സ്കൂളുകളിലെ സ്ഥിതി ഇതാണ്.

വാട്ടർ പ്യൂരിഫയർ പ്രവർത്തിപ്പിച്ച സ്‌കൂളുകളിൽനിന്നെല്ലാം പൊതുവായി ഈ മെഷീൻ കൂടുതൽ വെള്ളം വേസ്റ്റ് വാട്ടർ എന്നനിലക്ക് പുറന്തള്ളുന്നുണ്ടെന്ന് പരാതിയുണ്ട്. അതായത് മൂന്നിൽ രണ്ട് ഭാഗം വെള്ളവും വേസ്റ്റ് വാട്ടർ ആയി പുറത്തേക്ക് ഒഴുകിപ്പോകുന്നു. അതിനാൽതന്നെ മോട്ടോർ പ്രവർത്തിപ്പിച്ച് തുടങ്ങി മണിക്കൂറുകൾക്ക് ശേഷവും ടാങ്കിൽ വെള്ളം നിറയുന്നില്ല. വൈദ്യുതിയുടെ അമിതമായ ഉപയോഗവും പ്യൂരിഫൈ ചെയ്‌ത്‌ കിട്ടുന്ന വെള്ളത്തിന്റെ അളവിലെ കുറവും അടിക്കടി ഉണ്ടാകുന്ന അറ്റകുറ്റപ്പണികളും കാരണമാണ് നിലവിൽ ഉപയോഗം കുറച്ചത്. ഒരെണ്ണത്തിന് 57,143 രൂപയും ടാക്സും ചേർത്ത് 11 എണ്ണത്തിന് ആകെ 7,48,000 രൂപ ചെലവഴിച്ച് പദ്ധതി നടപ്പാക്കിയെങ്കിലും ഇൻസ്റ്റലേഷൻ ചെയ്യാത്തതിനാലും കൃത്യമായി അറ്റകുറ്റപ്പണി നടത്താത്തതിനാലും ആകെയുള്ള 11 എണ്ണത്തിൽ ഒമ്പത് വാട്ടർ പ്യൂരിഫയറുകളും നിഷ്ക്രിയമായി. അതിനാൽതന്നെ ഈ ഒമ്പത് വാട്ടർ പ്യൂരിഫയറുകൾക്ക് ചെലവഴിച്ച 6,12,000 രൂപ പാഴായി.

അയ്യന്തോൾ ഗ്രാമപഞ്ചായത്ത് വ്യവസായ യൂനിറ്റ് തുടങ്ങുന്നതിന് നിർമിച്ച, 15 വർഷമായി പൂട്ടിക്കിടക്കുന്ന കെട്ടിടം നവീകരിച്ച് വനിത സാംസ്‌കാരിക കേന്ദ്രമാക്കാൻ തീരുമാനിച്ചു. പദ്ധതി 2,58,418 രൂപ ചെലവിൽ പൂർത്തീകരിച്ചു. 2020 ഒക്ടോബർ 21ൽ കെട്ടിടം വനിത സാംസ്‌കാരിക കേന്ദ്രമായി ഉദ്ഘാടനംചെയ്തു. സംയുക്ത പരിശോധനയിൽ ഈ കെട്ടിടം ഇതുവരെ വനിത സാംസ്‌കാരിക നിലയം എന്ന നിലയിൽ പ്രവർത്തിപ്പിച്ചിട്ടില്ല. ഇലക്ട്രിഫിക്കേഷൻ വർക്കുകളിൽ വയറിങ് ഒഴികെ ബാക്കിയെല്ലാം ചെയ്‌തിട്ടുണ്ട്. അതുപോലെ കെട്ടിടത്തിന് മുൻവശത്തെ ഭിത്തിയിൽ ഇലക്ട്രിസിറ്റി റീഡിങ് മീറ്റർ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും വൈദ്യുതി കണക്ഷൻ ഇല്ല. മുമ്പുണ്ടായിരുന്ന കെട്ടിടത്തിലേക്ക് എടുത്ത വൈദ്യുതി കണക്ഷന്റെ മീറ്ററാണ് കെട്ടിടത്തിന്റെ മുൻഭാഗത്തുള്ളത്. 15 വർഷമായി ഉപയോഗിക്കാതെ കിടന്ന കെട്ടിടം സാമൂഹികവിരുദ്ധരുടെ ശല്യം ഒഴിവാക്കാനായി 2,58,418 രൂപ ചെലവഴിച്ച് നവീകരിച്ചിട്ട് മൂന്ന് വർഷമായി. 

News Summary - weekly web exclusive