എസ്.സി/ എസ്.ടി ഡയറക്ടറേറ്റ് വിദ്യാർഥികൾക്ക് നീതി നിഷേധിക്കുന്നതെങ്ങനെ?
കേരളത്തിലെ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലെ വിദ്യാർഥികൾ സ്കോളർഷിപ് നിഷേധം അടക്കമുള്ള വലിയ അനീതികൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. 19,379 വിദ്യാർഥികൾക്ക് സ്കോളർഷിപ് നിഷേധം അതിൽ ഒന്നുമാത്രം. എസ്.സി/എസ്.ടി ഡയറക്ടറേറ്റ് എങ്ങനെയാണ് സാമൂഹികനീതി അട്ടിമറിക്കുന്നത്? –അന്വേഷണം.
ആദിവാസി-ദലിത് വിഭാഗക്കാരുടെ വിദ്യാഭ്യാസപരവും സാമ്പത്തികവുമായ താൽപര്യങ്ങൾ പ്രത്യേകം ശ്രദ്ധയോടെ പ്രോത്സാഹിപ്പിക്കണമെന്ന് ഭരണഘടനയുടെ നാലാം ഭാഗത്ത് രാഷ്ട്രനയത്തിന്റെ നിർദേശക തത്ത്വങ്ങളുടെ അനുച്ഛേദം 46ൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, പട്ടികജാതി-പട്ടികവർഗ ഡയറക്ടറേറ്റിൽ പരിശോധനക്കെത്തിയ അക്കൗണ്ടന്റ് ജനറൽ (എ.ജി) ഓഫിസിലെ ഉദ്യോഗസ്ഥർ കണ്ടത് ഭരണഘടനാമൂല്യങ്ങൾ അട്ടിമറിക്കുന്നതിന്റെ നേർച്ചിത്രമാണ്. ഡയറക്ടറേറ്റ് നീതിനിഗ്രഹത്തിന്റെ കേന്ദ്രമാണെന്ന് എ.ജി റിപ്പോർട്ട് വ്യക്തമാക്കുന്നു.
കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ദലിത്-ആദിവാസി വിദ്യാർഥികൾക്ക് അനുവദിക്കുന്ന എല്ലാ സഹായങ്ങളും വിതരണം ചെയ്യേണ്ട സ്ഥാപനമാണ് എസ്.സി-എസ്.ടി ഡയറക്ടറേറ്റ്. എന്നാൽ, അനുകൂല്യങ്ങൾ നിരാകരിക്കുന്ന ഒരിടമാണ് ഇന്ന് ഡയറക്ടറേറ്റ്. എ.ജിയുടെ റിപ്പോർട്ട് വായിച്ചാൽ എസ്.സി-എസ്.ടി വിദ്യാർഥികളുടെ കശാപ്പു ശാലയുടെ തലവന്മാർ എന്ന നിലയിലാണോ മുൻ മന്ത്രിമാർ പ്രവർത്തിച്ചത് എന്ന് സംശയം തോന്നാം. വിദ്യാർഥികളുടെ പഠിക്കാനുള്ള മൗലിക അവകാശം അട്ടിമറിച്ച ഉദ്യോഗസ്ഥർ പല കണക്കുപുസ്തകങ്ങളും നശിപ്പിച്ചാണ് ഫണ്ടുകൾ വകമാറ്റുകയോ തട്ടിയെടുക്കുകയോ ചെയ്തത്. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ശിപാർശ ചെയ്തിട്ടും അർഹരായ ഗുണഭോക്താക്കളെ കണ്ടെത്താൻ വകുപ്പ് സർവേയോ പഠനമോ നടത്തിയിട്ടില്ല.
19,379 പേർക്ക് സ്കോളർഷിപ് നൽകിയില്ല
ഹയർ സെക്കൻഡറി ഡയറക്ടറേറ്റിലെ കണക്കുമായി ഇ-ഗ്രാന്റ് പോർട്ടലിൽ വിവരങ്ങൾ താരതമ്യം ചെയ്തപ്പോൾ 2018-21ൽ 1352 എയ്ഡഡ് സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ 19,379 വിദ്യാർഥികൾക്ക് സ്കോളർഷിപ് നൽകിയിട്ടില്ലെന്ന് കണ്ടെത്തി. തിരഞ്ഞെടുത്ത 35 സ്ഥാപനങ്ങളിലെ 729 അപേക്ഷകൾ പരിശോധിച്ചതിൽ 216 വിദ്യാർഥികൾ മതിയായ രേഖകൾ ഹാജരാക്കിയിട്ടില്ല. 303 പേർ അപേക്ഷിച്ചിട്ട് പോലുമില്ല. ഹാജർ കുറവായത് -27, പഠനം നിർത്തിയത് -42, അപേക്ഷിക്കുകയും സ്കോളർഷിപ് നേടുകയും ചെയ്തത് -25, വെബ്സൈറ്റിലെ പ്രശ്നങ്ങൾ- 10 പേർ, ഹയർ ക്ലോസ് ചെയ്തത് കണ്ടെത്താൻ കഴിയാത്തത് -62, ദീർഘനാൾ ഹാജരാകാത്തത് -ഏഴ്, ടി.സി വാങ്ങിയത് -21, മറ്റ് കാരണങ്ങളാൽ -ആറ് എന്നിങ്ങനെയാണ് സ്ഥാപനങ്ങൾ നിരത്തിയ കാരണങ്ങൾ.
മെട്രിക്കുലേഷൻ പാസായ അർഹരായ പട്ടികജാതി വിദ്യാർഥികളുടെ വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിലുണ്ട്. എന്നാൽ, പട്ടികജാതി വകുപ്പിൽ വർഷം തിരിച്ചുള്ള ഡേറ്റാബേസ് തയാറാക്കിയിട്ടില്ല. തഹസിൽദാർ ജാതി സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലായിരിക്കും എന്നാണ് വകുപ്പിന്റെ മറുപടി. അതിന് പ്രമോട്ടർമാരെ നിയോഗിച്ചിട്ടുണ്ട് എന്ന് എ.ജി മറുപടി നൽകി. വിദ്യാർഥികളുടെ ഡേറ്റ ലഭ്യമാണ് എങ്കിലും അത് പ്രയോജനപ്പെടുത്തുന്നതിൽ വകുപ്പ് പരാജയപ്പെട്ടു. പത്രങ്ങളിലും മറ്റു മാധ്യമങ്ങൾ വഴിയും പരസ്യം നൽകാൻ കേന്ദ്രസർക്കാർ തുക അനുവദിച്ചെങ്കിലും നയാപൈസ ചെലവഴിച്ചില്ല. കേന്ദ്രസർക്കാറിന്റെ വാർഷിക വരുമാന പരിധി രണ്ടര ലക്ഷം രൂപയാണ്. സംസ്ഥാന സർക്കാർ പരിധി പരിഗണിക്കാതെ സഹായം നൽകിയെന്ന് പറയുന്നുണ്ടെങ്കിലും പ്രത്യേകം അക്കൗണ്ടുകൾ സൂക്ഷിച്ചിട്ടില്ല.
സംസ്ഥാനത്തിന്റെ കമ്മിറ്റഡ് ലയബിലിറ്റിക്ക് പുറമെ, പദ്ധതിക്ക് കീഴിലുള്ള മൊത്തം ചെലവുകൾ നിറവേറ്റാൻ 100 ശതമാനം കേന്ദ്രസഹായം സംസ്ഥാന സർക്കാറിന് ലഭിച്ചു. 2017-18 മുതൽ 2019-20 വരെയുള്ള കാലയളവിൽ 144.47 കോടി രൂപ സംസ്ഥാനത്തിന്റെ കമ്മിറ്റഡ് ലയബിലിറ്റിയായി കേന്ദ്രസർക്കാർ നിശ്ചയിച്ചു. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള പങ്കിടൽ ക്രമം 60:40 എന്ന അനുപാദത്തിൽ പരിഷ്കരിച്ചു. 2020 ഡിസംബറിൽ കേന്ദ്രവിഹിതം കഴിഞ്ഞ മൂന്നു വർഷത്തെ (2017-18 മുതൽ 2019-20 വരെ) ശരാശരി ഡിമാൻഡ് 60 ശതമാനമാണ്. 2021-22 മുതൽ സംസ്ഥാന സർക്കാർ അവരുടെ വിഹിതം നൽകി എന്ന് ഉറപ്പാക്കിയശേഷം കേന്ദ്ര വിഹിതം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകുന്നു. കേന്ദ്രാവിഷ്കൃത പദ്ധതിയുടെ വരുമാനപരിധി മാനദണ്ഡങ്ങൾക്കു കീഴിൽ വരുന്ന വിദ്യാർഥികൾക്കുള്ള കേന്ദ്ര സർക്കാർ ചട്ടങ്ങൾ പ്രകാരമുള്ള ചെലവിന്റെ കണക്കുകൾ സഹിതം ഓരോ വർഷവും നിശ്ചിത െപ്രാഫോർമയിൽ വാർഷിക നിർദേശങ്ങൾ കേന്ദ്രസർക്കാർ വിഹിതം റീ ഇംബേഴ്സ് ആയി ലഭിക്കാൻ സംസ്ഥാന സർക്കാർ സമർപ്പിക്കണം.
സംസ്ഥാന സർക്കാർ അയച്ച വാർഷിക നിർദേശങ്ങൾ പ്രകാരം 2017-18 മുതൽ 2019-20 വരെയുള്ള കാലയളവിൽ കേന്ദ്രസർക്കാറിന് റിപ്പോർട്ട് ചെയ്ത മൊത്തം ചെലവ് സംസ്ഥാനത്തിന്റെ കമ്മിറ്റഡ് ലയബിലിറ്റിയെക്കാൾ കുറവായിരുന്നു. അതിനാൽ ഈ കാലയളവിൽ കേന്ദ്രവിഹിതം കിട്ടേണ്ടതല്ല. എന്നാൽ, 2019-20 വർഷത്തെ ധനസഹായത്തിന് കേന്ദ്രം 9.80 കോടി അനുവദിച്ചു. കഴിഞ്ഞ മൂന്നു വർഷത്തെ ശരാശരി ഡിമാൻഡ് 60 ശതമാനം 144.76 കോടിയെന്നാണ് കണക്ക്. വാർഷിക നിർദേശങ്ങളിൽ റിപ്പോർട്ട് ചെയ്ത 123.03 കോടിക്ക് പകരം 2020-21ൽ കേന്ദ്രസർക്കാർ 86.85 കോടി കൂടി അനുവദിച്ചു.
അങ്ങനെ 2021 -22 വർഷത്തിൽ സംസ്ഥാനത്തിന് 13.03 കോടി കൂടുതൽ ലഭിച്ചു (144.76 കോടിയുടെ 60 ശതമാനവും 123.03 കോടിയുടെ 60 ശതമാനവും തമ്മിലുള്ള വ്യത്യാസം). സംസ്ഥാന ധനസഹായത്തോടെയും പോസ്റ്റ് -മെട്രിക് സ്കോളർഷിപ് നടപ്പാക്കി. ഈ പദ്ധതിയുടെ കാര്യത്തിൽ ആവശ്യം വിലയിരുത്തുന്നതിൽ വകുപ്പിന്റെ ആസൂത്രണത്തിൽ അപാകതയുണ്ടായി. 2017-22 കാലയളവിൽ സംസ്ഥാനത്ത് സർക്കാറിൽനിന്ന് ലഭിച്ച ഫണ്ട് പൂർണമായും വിനിയോഗിച്ചില്ല. 26 ശതമാനമാണ് 2017-18ൽ വിനിയോഗിച്ചത്. ഗുണഭോക്താക്കളുടെ എണ്ണം, വിനിയോഗിച്ച തുക, വിനിയോഗ സാക്ഷ്യപത്രങ്ങൾ ഇതൊന്നും ഇല്ല.
ഭരണച്ചെലവ് ആവശ്യപ്പെട്ടില്ല
പദ്ധതിയുടെ മേലുള്ള വകുപ്പിന്റെ നിരീക്ഷണത്തിന്റെ അഭാവമാണ് ജില്ല ഓഫിസുകൾ കൃത്യസമയത്ത് പ്രോഗ്രസ് റിപ്പോർട്ട് സമർപ്പിക്കാത്തതിന് കാരണം. ഡയറക്ടറേറ്റിൽ ഹെഡ് ഓഫ് അക്കൗണ്ട് തിരിച്ചു ചെലവ് ക്രോഡീകരിച്ചിട്ടില്ല. റൂട്രോണിക്സ് കോഴ്സുകൾക്കും തൊഴിലധിഷ്ഠിത എൻജിനീയറിങ് നോൺ എൻജിനീയറിങ് കോഴ്സുകൾക്കുമുള്ള സ്കോളർഷിപ് വിതരണത്തിന്റെ പുരോഗതി ജില്ല ഓഫിസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
സംസ്ഥാന സർക്കാർ ആവശ്യപ്പെടാത്തതിനാൽ പദ്ധതികളുടെ -സോഷ്യൽ ഓഡിറ്റ് ഉൾപ്പെടെയുള്ള വിലയിരുത്തലിനും നിരീക്ഷണത്തിനും ഉപയോഗിക്കാമായിരുന്ന 96. 65 ലക്ഷം സംസ്ഥാനത്തിന് നഷ്ടപ്പെട്ടു. ഡയറക്ടറേറ്റ് നൽകിയ 2017-22ലെ കണക്കുകളും വകുപ്പിലെ ചെലവുകളും തമ്മിൽ പൊരുത്തമില്ല. പരിശോധനയിൽ അഞ്ചു ലക്ഷം മുതൽ എട്ടു ലക്ഷം വരെയാണ് പൊരുത്തക്കേടുകൾ.
പോസ്റ്റ് മെട്രിക് സ്കോളർഷിപ്പുകളുടെ നിർവഹണം ഇ-ഗ്രാന്റ് പോർട്ടൽ വഴിയാണ്. എറണാകുളം, കൊല്ലം, കോഴിക്കോട്, വയനാട് ജില്ലകളിൽ 2018-19, 2020-21 വരെ 461 അപേക്ഷകൾ തീർപ്പുകൽപിക്കാതെ കെട്ടിക്കിടക്കുന്നു. ഇതേ കാലയളവിൽ ഡയറക്ടറേറ്റിൽ 785 അപേക്ഷകൾ കെട്ടിക്കിടപ്പുണ്ട്. ഇതാകട്ടെ ജില്ല ഓഫിസിന്റെയും സ്ഥാപനത്തിന്റെയും അംഗീകാരത്തിനു ശേഷം പണം നൽകാതെ ഡയറക്ടറേറ്റിൽ തീർപ്പുകൽപിക്കാതെ കിടക്കുന്നതാണ്.
ഇതിലൊന്നും പരിഹാരം ഉണ്ടാകുന്നില്ല.ഫീസ് അടക്കൽ, സ്ഥാപനങ്ങൾക്കുള്ള ബോർഡിങ് ചാർജുകൾ, ലംപ്സം ഗ്രാന്റ്, വിദ്യാർഥികൾക്കുള്ള പ്രതിമാസ പേമെന്റുകൾ എന്നിവയിലൂടെ വിദ്യാഭ്യാസ ധനസഹായം സമയബന്ധിതമായി വിതരണംചെയ്യുക എന്നതായിരുന്നു ഡയറക്ടറേറ്റിന്റെ പ്രധാന ദൗത്യം. സ്കോളർഷിപ് വിതരണത്തിലെ കാലതാമസം ഒഴിവാക്കുക എന്നതായിരുന്നു ഇ-ഗ്രാന്റ് സോഫ്റ്റ്‌വെയർ നടപ്പാക്കുന്നതിന്റെ ലക്ഷ്യങ്ങളിലൊന്ന്. എന്നാൽ, തിരഞ്ഞെടുത്ത ജില്ലകളിലെ ഇ- ഗ്രാന്റ് ഡേറ്റകൾ പരിശോധിച്ചപ്പോൾ വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന്റെ വിവിധ ഘടകങ്ങൾ വിതരണം ചെയ്യുന്നതിൽ ഒന്നു മുതൽ അഞ്ചു വർഷം വരെ കാലതാമസം നേരിട്ടു. 79,070 കേസുകളിൽ ഒന്നുമുതൽ രണ്ടു വർഷം വരെയും 9006 കേസുകളിൽ രണ്ടു മുതൽ മൂന്നുവർഷം വരെയും താമസം നേരിട്ടു.
ഗുണഭോക്തൃ സർവേയിൽ അധ്യയനവർഷത്തിന്റെ തുടക്കത്തിൽ പ്രീ പോസ്റ്റ് മെട്രിക് സ്കോളർഷിപ് ലഭിച്ചിട്ടില്ലെന്ന് 316 പട്ടികജാതി വിദ്യാർഥികളിൽ 195 പേർ അറിയിച്ചു. പോക്കറ്റുമണി, പ്രൈവറ്റ് അക്കമഡേഷൻ ചാർജുകൾ തുടങ്ങിയവ സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർഥികൾക്കുള്ള ദൈനംദിന ചെലവുകൾക്കും താമസത്തിനുമാണ് നൽകുന്നത്. ഇത് വിതരണംചെയ്യുന്നതിലെ കാലതാമസം ഹോസ്റ്റൽഫീസ് അടക്കുന്നതിന് മറ്റ് വരുമാനം കണ്ടെത്താൻ വിദ്യാർഥികൾ നിർബന്ധിതരായി. ഇത് പദ്ധതികളുടെ ലക്ഷ്യത്തിനു വിരുദ്ധമാണ്.
എൻറോൾെമന്റ് യാഥാർഥ്യമാക്കുക, കൊഴിഞ്ഞുപോക്ക് കുറക്കുക, വിദ്യാഭ്യാസം പൂർത്തീകരിക്കുന്നതിന് സാമ്പത്തികസഹായം നൽകുക എന്നീ ലക്ഷ്യങ്ങളോടെയാണ് കേന്ദ്ര-സംസ്ഥാന സർക്കാർ സ്കോളർഷിപ് പദ്ധതികൾ നടത്തുന്നത്. പദ്ധതിയുടെ വികലമായ നടപ്പാക്കൽ ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്തി.
അക്ഷരവെളിച്ചം അണച്ചു
തെറ്റായ ബാങ്ക് അക്കൗണ്ട് ഐ.എഫ്.എസ് കോഡ് മൂലം 7438 ഇടപാടുകൾ നിരസിച്ചു. വിദ്യാർഥികൾക്ക് നഷ്ടമായത് 43.14 ലക്ഷം രൂപയാണ്. ഡയറക്ടറേറ്റിലെ ഡ്രോയിങ് ആൻഡ് ഡിസ്പോസിങ് ഓഫിസിന്റെ ഭാഗത്തുള്ള ഗുരുതര അനാസ്ഥ കാരണം 2018-21 കാലത്ത് സർക്കാർ അക്കൗണ്ടിലേക്ക് അത്രയും തുക തിരികെ വന്നതായും കണ്ടെത്തി. വിദ്യാർഥിയുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്തിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാൻ സോഫ്റ്റ്‌വെയറിൽ വ്യവസ്ഥയില്ല.വിദ്യാർഥികളെയും വകുപ്പിനെയും ബന്ധിപ്പിക്കുന്ന ഘടകമാണ് സ്ഥാപനങ്ങൾ. ഈ സ്ഥാപനങ്ങൾ അംഗീകരിച്ച അപേക്ഷകളുടെ തൽസ്ഥിതി അറിയാൻ ഇ-ഗ്രാന്റ്സിൽ ഒരു സംവിധാനവും ഉണ്ടായിരുന്നില്ല.
കേന്ദ്രാവിഷ്കൃത പദ്ധതിക്ക് കീഴിൽ പോസ്റ്റ് മെട്രിക് സ്കോളർഷിപ് ലഭിച്ച പട്ടികജാതി വിദ്യാർഥികൾ പഠിക്കുന്ന എല്ലാ അംഗീകൃത മെഡിക്കൽ, എൻജിനീയറിങ്, കാർഷിക, നിയമ, വെറ്ററിനറി ബിരുദ കോഴ്സുകളിലും ചാർട്ടേഡ് അക്കൗണ്ടൻസി, എം.ബി.എ സമാനമായ മാനേജ്മെന്റ് കോഴ്സുകൾ എന്നിവ നടത്തുന്ന സ്ഥാപനങ്ങളിലും പോളിടെക്നിക്കുകളിലും ബുക്ക് ബാങ്കുകൾ സ്ഥാപിക്കാൻ ലക്ഷ്യമിട്ടു. 100 ശതമാനം കേന്ദ്ര സഹായത്തോടെയുള്ള പദ്ധതിയായിരുന്നു ഇത്. 2010ലും 2018ലും കേന്ദ്രസർക്കാറിന്റെ സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം മാർഗനിർദേശങ്ങൾ നൽകി. അതനുസരിച്ച് മുഴുവൻ കോഴ്സുകൾക്കും പാഠപുസ്തകങ്ങൾ നൽകണം. മെഡിക്കൽ വിദ്യാർഥികൾക്ക് 7500 രൂപ, വെറ്ററിനറി ബിരുദ കോഴ്സുകൾക്ക് 5000, അഗ്രികൾചർ ബിരുദ കോഴ്സുകൾക്ക് 4500, പോളിടെക്നിക്കൽ 2400 എന്നിങ്ങനെ തുക അനുവദിക്കണം.
പദ്ധതിയുടെ നടത്തിപ്പിൽ വലിയ പോരായ്മ ഉണ്ടായി. അർഹരായ എല്ലാ പട്ടികജാതി വിദ്യാർഥികളെയും ഇതിൽ ഉൾപ്പെടുത്തിയില്ല. 2018-19 മുതൽ 2021-22 വരെയുള്ള കാലത്ത് ബുക്ക് ബാങ്ക് പദ്ധതിയിൽ ഉൾപ്പെട്ടവരെയും ഇ-ഗ്രാന്റ്സിലെ അർഹരായ വിദ്യാർഥികളുടെയും എണ്ണം താരതമ്യം ചെയ്തപ്പോൾ ഗുണഭോക്താക്കളുടെ കവറേജ് 49 മുതൽ 79 ശതമാനം വരെയാണ്. തിരഞ്ഞെടുത്ത നാല് ജില്ലകളിലും ഫണ്ട് ലഭ്യമായിരുന്നുവെങ്കിലും പല സ്ഥാപനങ്ങളും പദ്ധതിയിൽ ഉൾപ്പെട്ടിരുന്നില്ല.
അധ്യയന വർഷത്തിന്റെ തുടക്കത്തിൽതന്നെ വിദ്യാർഥികൾക്ക് പുസ്തകം ലഭ്യമാകണം. എന്നാൽ, ഡയറക്ടറേറ്റിൽനിന്ന് ജില്ല ഓഫിസുകളിലേക്കുള്ള ധനസഹായം അനുവദിക്കുന്നതു മുതൽ അർഹരായ സ്ഥാപനങ്ങൾക്ക് വിതരണം ചെയ്യുന്നതു വരെയുള്ള എല്ലാ ഘട്ടങ്ങളിലും മൂന്നു മുതൽ 13 മാസംവരെ കാലതാമസം നേരിട്ടു. അധ്യയന വർഷങ്ങളുടെ അവസാനത്തിലാണ് സ്ഥാപനങ്ങൾക്ക് പദ്ധതിപ്രകാരമുള്ള ധനസഹായം വിതരണം ചെയ്തത്. രണ്ടു മൂന്നു വർഷങ്ങൾ വരെ സമയമെടുത്ത കേസുകളുമുണ്ട്.
ഓരോ കോഴ്സിനും ആവശ്യമായ പുസ്തകങ്ങളുടെ എണ്ണം തീരുമാനിക്കാൻ വിവിധ പ്രദേശങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട കോളജുകളിൽനിന്നുള്ള അംഗങ്ങൾ ഉൾപ്പെട്ട വിദഗ്ധ സംഘങ്ങളെ സംസ്ഥാന സർക്കാർ രൂപവത്കരിക്കേണ്ടതായിരുന്നു. ഡയറക്ടറേറ്റ് അത് രൂപവത്കരിച്ചിട്ടില്ല. പുസ്തകങ്ങൾ വാങ്ങാൻ സ്ഥാപനമേധാവികളെ ചുമതലപ്പെടുത്തി. ലൈബ്രറിയിലെ റഫറൻസിന് മാത്രമായി പുസ്തകം സൂക്ഷിച്ചു. കാരണം, ഡയറക്ടറേറ്റ് ഇറക്കിയ ഉത്തരവിൽ റഫറൻസ് പുസ്തകം വാങ്ങണം എന്ന് വ്യവസ്ഥ ചെയ്തത്. ഇത് കേന്ദ്രസർക്കാറിന്റെ മാർഗനിർദേശത്തിന് എതിരാണ്. വിദ്യാർഥികളുടെ പഠനാവകാശമാണ് നിഷേധിച്ചത്. നടത്തിപ്പിലെ കെടുകാര്യസ്ഥത വഴി ഒരു വിദ്യാർഥിക്ക് രണ്ടു മുതൽ 31 തവണ വരെ തുക നൽകിയ സംഭവങ്ങളുണ്ട്.
ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് 10 ശതമാനം അധിക അലവൻസ് നൽകണമെന്ന നിർദേശവും പാലിച്ചില്ല. ഹയർ സെക്കൻഡറി ക്ലാസിൽ പഠിക്കുന്ന 1222 ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് 2020-21, 2021-2022 കാലത്ത് ഈ അലവൻസ് നൽകാത്തതിന്റെ ഫലമായി 3.06 ലക്ഷം നഷ്ടമായി. ഇ-ഗ്രാന്റ്സിൽ പദ്ധതികളുടെ വിതരണം പരിശോധിച്ചപ്പോൾ ഹാജർ രേഖപ്പെടുത്താത്തത് സ്ഥാപനത്തിലോ ഡയറക്ടറേറ്റിലോ ക്ലെയിം പ്രോസസ് ചെയ്യാത്തത് എന്നിവ കാരണം പോസ്റ്റ് മെട്രിക് സ്കോളർഷിപ് 2018-19 മുതൽ 2020-21 വരെ അർഹരായ ഗുണഭോക്താക്കൾക്ക് 3.29 കോടി രൂപയുടെ നഷ്ടമുണ്ടായി.
ഐ.ഐ.എം-ഐ.ഐ.ടിക്കും രക്ഷയില്ല
പാലക്കാട് ഐ.ഐ.ടിയിൽനിന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പോർട്ടൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചില്ല. കോഴിക്കോട്ടെ ഐ.ഐ.എമ്മിന്റെ കാര്യത്തിൽ സ്ഥാപനം പോർട്ടിൽ രജിസ്റ്റർ ചെയ്തുവെങ്കിലും കോഴ്സ് ഫീസ് ഘടന ജില്ല ഓഫിസ് അംഗീകരിച്ചില്ല. വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ കഴിഞ്ഞില്ല. ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങൾ പഠിക്കുന്ന അർഹരായ വിദ്യാർഥികൾക്കുപോലും സ്കോളർഷിപ് നൽകാൻ ഡയറക്ടറേറ്റിന് കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തെ സ്വകാര്യ മെഡിക്കൽ കോളജിലെ ബിരുദാനന്തര ബിരുദം പഠിക്കുന്ന വിദ്യാർഥികൾക്ക് ആറു ലക്ഷത്തിലധികം ട്യൂഷൻ ഫീസ് സ്ഥാപനങ്ങൾക്ക് നൽകാൻ ഡയറക്ടറേറ്റിന് താൽപര്യമുണ്ട്. എന്നാൽ, ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളുടെ കാര്യത്തിൽ അനാസ്ഥയാണ്.
സ്കോളർഷിപ്പിന്റെ ഭാഗമായി കേന്ദ്രസർക്കാർ അക്കാദമിക് അലവൻസ് നൽകുന്നുണ്ട്. ഹോസ്റ്റലിൽ താമസിക്കുന്നവർക്കും ഡേ സ്കോളർമാർക്കുമാണ് വിവിധ കോഴ്സുകൾക്ക് അക്കാദമിക് അലവൻസ് നൽകുന്നത്. ഇതിനുപുറമെ സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർഥികൾക്ക് കേരള സർക്കാർ പ്രതിവർഷം 15,000 രൂപ നൽകുന്നു. അങ്ങനെ താമസത്തിനായി പ്രൈവറ്റ് അക്കമഡേഷന്‍ തിരഞ്ഞെടുത്ത് ബിരുദാനന്തര ബിരുദം നേടുന്ന ഒരു വിദ്യാർഥിക്ക് 28,500 ( 13,500+ 15,000) രൂപ ലഭിക്കാൻ അർഹതയുണ്ട്. എന്നാൽ, പ്രത്യേകമായി അക്കാദമിക് അലവൻസും (കോഴ്സിനെ ആശ്രയിച്ച് പ്രതിവർഷം 4000 മുതൽ 13,500 വരെ വ്യത്യാസപ്പെടും) സ്വകാര്യ താമസ അലവൻസും നൽകുന്നതിനു പകരം അവർ തിരഞ്ഞെടുത്ത കോഴ്സ് പരിഗണിക്കാതെ ഡയറക്ടറേറ്റ് രണ്ട് അലവൻസ് ലയിപ്പിച്ച് 15,000 രൂപ നൽകിയതായി പരിശോധനയിൽ കണ്ടെത്തി. ഇതിന്റെ ഫലമായി വിദ്യാർഥികൾക്ക് 4000 മുതൽ 13,500 വരെയുള്ള തുക നഷ്ടപ്പെട്ടു. തിരഞ്ഞെടുത്ത ജില്ലകളിലെ 32 ഇടപാടുകളിൽ 2021-22 കാലയളവിൽ പ്രൈവറ്റ് അക്കമഡേഷൻ 28.94 ലക്ഷം രൂപ കുറച്ചു നൽകിയതായി കണ്ടെത്തി.
കേന്ദ്ര സർക്കാറിന്റെ ഫണ്ട് അനുവദിച്ച ഉത്തരവുകൾ പ്രകാരം, സംസ്ഥാന സർക്കാർ, ഗ്രാന്റ്-ഇൻ-എയ്ഡിന്റെ കണക്കുകൾ സർക്കാർ ഓഡിറ്റർ ഓഡിറ്റ് ചെയ്യുകയും വിനിയോഗ സാക്ഷ്യപത്രം (യു.സി) നിർദിഷ്ട ഫോർമാറ്റിൽ (ജി.എഫ്.ആർ 12 സി) നൽകുകയും വേണം. പദ്ധതിക്കായി, 2018-19 മുതൽ 2021-22 വരെയുള്ള കാലയളവിലെ ചെലവ് കണക്ക് ഓഡിറ്റിന് വിധേയമാക്കുകയോ, ഓഡിറ്റ് സർട്ടിഫിക്കറ്റ് നേടുകയോ ചെയ്തില്ല. 2017-18ലെ വൗച്ചറുകൾ നൽകാത്തതിനാൽ 2.24 കോടി കേന്ദ്രം അനുവദിച്ചില്ല.
ഇരകളായ ആദിവാസി വിദ്യാർഥികൾ
ദുർബല വിഭാഗമാണ് സംസ്ഥാനത്തെ ആദിവാസി ജനത. ആ സമൂഹത്തോട് കാരുണ്യമില്ലാതെയാണ് എസ്.ടി ഡയറക്ടറേറ്റ് പെരുമാറുന്നതെന്ന് എ.ജി റിപ്പോർട്ട് വിളിച്ചുപറയുന്നു. സംസ്ഥാനത്തെ അർഹരായ ഗുണഭോക്താക്കളുടെ എണ്ണം വിലയിരുത്താൻ എസ്.ടി ഡയറക്ടറേറ്റിൽ പദ്ധതി തയാറാക്കിയിട്ടില്ല.
സംസ്ഥാനത്തെ പ്രീ-മെട്രിക് വിഭാഗത്തിലുള്ള എല്ലാ വിദ്യാർഥികളും പദ്ധതിയിലൂടെ പ്രയോജനം നേടിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി, 2017-21 അധ്യയന വർഷങ്ങളിൽ പ്രീ മെട്രിക് ക്ലാസുകളിൽ പഠിച്ചിരുന്ന വിദ്യാർഥികളുടെ വിവരങ്ങൾ പൊതുവിദ്യാഭ്യാസ ഡയറക്ടറിൽനിന്ന് (ഡി.ജി.ഇയിൽനിന്ന്) ശേഖരിച്ചു. അത് എസ്.ടി ഡയറക്ടറേറ്റിലെ ലംപ്സം ഗ്രാന്റിന്റെ വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങളുമായി താരതമ്യംചെയ്തു. ഇതിൽ നാല് ശതമാനം മുതൽ 20 ശതമാനം വരെ വിദ്യാർഥികൾക്ക് പ്രീ മെട്രിക് സ്കോളർഷിപ് ലഭിച്ചിട്ടില്ലെന്ന് കണ്ടെത്തി.
2017-22 കാലയളവിൽ 63,880 വിദ്യാർഥികളെ ഉൾപ്പെടുത്താൻ വകുപ്പ് പദ്ധതിയിട്ടിരുന്നു. ആനുകൂല്യം ലഭിച്ച വിദ്യാർഥികളുടെ എണ്ണം 51,195 മാത്രം (80.14 ശതമാനം). 2019-20ൽ ആനുകൂല്യം ലഭിച്ച വിദ്യാർഥികളുടെ എണ്ണം 61.99 ശതമാനമാണ്. എസ്.ടി സ്കോളർഷിപ് പദ്ധതികളുടെ പ്രചാരണത്തിലെ അപര്യാപ്തത സംസ്ഥാന സർക്കാർ പ്രമുഖ ഭാഷാപത്രങ്ങളിലും പ്രാദേശിക ദിനപത്രങ്ങളിലും പരസ്യം നൽകണമെന്ന് പദ്ധതി മാർഗരേഖയിൽ വ്യവസ്ഥയുണ്ട്.
ഡയറക്ടറേറ്റ് ഒരു രൂപപോലും ചെലവാക്കിയില്ല. പട്ടികവർഗ വിദ്യാർഥികൾക്കുള്ള കേന്ദ്രാവിഷ്‌കൃത പ്രീ മെട്രിക് സ്കോളർഷിപ് പദ്ധതിയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച്, പദ്ധതിക്ക് കീഴിലുള്ള ചെലവുകൾക്ക് സംസ്ഥാനത്തിന്റെ കമ്മിറ്റഡ് ലയബിലിറ്റിക്ക് മുകളിൽ കേന്ദ്രസർക്കാർ 100 ശതമാനം ധനസഹായം നൽകണം. 2014-15 വർഷം മുതൽ പദ്ധതികൾക്കായി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ 75:25 എന്ന അനുപാതത്തിൽ പദ്ധതിക്കുള്ള ഫണ്ട് പങ്കിടുന്നു. ഓരോ വർഷവും ചെലവ് ആദ്യം സംസ്ഥാനം വഹിക്കുകയും പിന്നീട് ചെലവിന്റെ കേന്ദ്രവിഹിതം (75 ശതമാനം) റീഇംബേഴ്സ് മെന്റ് അടിസ്ഥാനത്തിൽ സംസ്ഥാനത്തിന് ലഭ്യമാക്കുകയുംചെയ്തു.
പൊരുത്തപ്പെടാത്ത കണക്കുകൾ
സംസ്ഥാന ഫണ്ട് വിനിയോഗിച്ചും പ്രീ മെട്രിക് സ്കോളർഷിപ് പദ്ധതികൾ നടപ്പാക്കി. ഒന്നു മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന എസ്.ടി വിദ്യാർഥികൾക്ക് പ്രീ മെട്രിക് പദ്ധതിയിൽ ലംപ്സം ഗ്രാന്റും സ്റ്റൈപൻഡും നൽകുന്നു. 2017-18 മുതൽ 2021-22 വരെയുള്ള കാലയളവിൽ, ഈ സംസ്ഥാന പദ്ധതികൾ ഡയറക്ടറേറ്റിന് കീഴിലുള്ള 17 ഐ.ടി.ഡി.പി (ട്രൈബൽ ഓഫിസ്) വഴി നടപ്പാക്കി. സംസ്ഥാന സർക്കാറിൽനിന്ന് വിഹിതം ലഭിച്ചതിനെ തുടർന്ന് ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് കൈമാറുന്നതിനുവേണ്ടി ഫണ്ട് വിതരണംചെയ്തു.
ഗുണഭോക്താക്കളുടെ എണ്ണം കണക്കാക്കാതെ, പ്രപ്പോസലില്ലാതെ ബജറ്റിൽ ഓരോ വർഷവും അഡ്ഹോക് അടിസ്ഥാനത്തിൽ പ്രീ മെട്രിക് പദ്ധതിക്കായി 16.50 കോടി അനുവദിച്ചു. പ്രീ മെട്രിക് പദ്ധതികളിൽ 2017-18 മുതൽ 2020-21 വരെയുള്ള കാലയളവിൽ 2.59 ലക്ഷം മുതൽ 1.48 കോടി വരെ ഫണ്ട് സറണ്ടർചെയ്തു. 2021-22ൽ 3.50 കോടി റീ അപ്രോപ്രിയേഷനും ഇടവന്നു. പദ്ധതിയുടെ ഓരോ ഘടകത്തിനും ഗുണഭോക്താക്കളുടെ വിവരങ്ങൾ അടങ്ങിയ ധനവിനിയോഗ സാക്ഷ്യപത്രങ്ങൾ ടി.ഡി.ഒമാർ (ട്രൈബൽ ഡവലപ്പ്മെന്റ് ഓഫിസർ) സമർപ്പിച്ചിട്ടില്ല.
പ്രീ മെട്രിക് സ്കോളർഷിപ്പിന്റെ (കേന്ദ്ര പദ്ധതി) കാര്യത്തിൽ, 2018-19 വർഷത്തേക്ക് എ.ജി ഓഫിസിൽ രേഖപ്പെടുത്തിയിരിക്കുന്ന തുകയും വകുപ്പിന്റെ കണക്കുകളും തമ്മിൽ 25.39 ലക്ഷത്തിന്റെ വ്യത്യാസമുണ്ട്. ഈ വ്യത്യാസം പൊരുത്തപ്പെടുന്നില്ല. പ്രീ മെട്രിക് എസ്.ടിയുടെ (സംസ്ഥാന പദ്ധതി) കാര്യത്തിൽ, ഈ കാലയളവിൽ 5.70 ലക്ഷം മുതൽ 28.55 ലക്ഷം വരെ വ്യത്യാസമുണ്ടായി. ഇതും പൊരുത്തപ്പെടുന്നില്ല.
തിരഞ്ഞെടുത്ത ജില്ലകളിലെ 2019-22 കാലയളവിലെ പ്രീ മെട്രിക് പദ്ധതിയുമായി ബന്ധപ്പെട്ട ഇ-ഗ്രാന്റ്സ് ഡേറ്റ പരിശോധിച്ചപ്പോൾ, ഒമ്പത്, 10 ക്ലാസുകളിൽ പഠിക്കുന്ന 1247 ആദിവാസി വിദ്യാർഥികൾക്കുള്ള പ്രീ മെട്രിക് (കേന്ദ്ര) സ്കോളർഷിപ്പിന്റെ അപേക്ഷകൾ സ്ഥാപനങ്ങളുടെയും ജില്ല ഓഫിസുകളുടെയും അംഗീകാരം ലഭിച്ചതിനു ശേഷവും സ്കോളർഷിപ് വിതരണം ചെയ്യാതെ ഡയറക്ടറേറ്റിൽ അവശേഷിച്ചു. ഗുണഭോക്തൃ സർവേ നടത്തിയപ്പോൾ സ്കോളർഷിപ്പിന് അപേക്ഷിച്ച 145 വിദ്യാർഥികളിൽ ഒമ്പതു പേർക്ക് സ്കോളർഷിപ് ലഭിച്ചിട്ടില്ല.
ഒരു വിദ്യാർഥി ഇ-ഗ്രാന്റ്സ് പോർട്ടൽ വഴി അപേക്ഷ സമർപ്പിച്ചുകഴിഞ്ഞാൽ, ഇ-ഗ്രാന്റ്സ് മുഖേന സ്ഥാപനതലത്തിലെ കാലതാമസം നിരീക്ഷിക്കാൻ ഡയറക്ടറേറ്റിന് വ്യവസ്ഥയുണ്ടായിരുന്നു. അത് പാലിച്ചില്ല. ഓരോ തലത്തിലും അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിലെ കാലതാമസം സർക്കാർ നിരീക്ഷിച്ച്, യോഗ്യരായ എല്ലാ ആദിവാസി വിദ്യാർഥികൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള സംവിധാനം വേണം.
ഇ-ഗ്രാന്റ്സ് സോഫ്റ്റ് വെയർ
വിദ്യാഭ്യാസ സഹായ വിതരണത്തിലെ കാലതാമസം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇ-ഗ്രാന്റ്സ് സോഫ്റ്റ് വെയർ നടപ്പാക്കിയത്. എന്നാൽ, തിരഞ്ഞെടുത്ത ജില്ലകളിൽ 2019-22 കാലയളവിലെ കേന്ദ്രാവിഷ്കൃത പ്രീ മെട്രിക് പദ്ധതിയുമായി ബന്ധപ്പെട്ട ഇ-ഗ്രാന്റ്സ് ഡേറ്റ പരിശോധിച്ചപ്പോൾ, 8806 കേസുകളിൽ ഒന്നു മുതൽ രണ്ടു വർഷം വരെ സ്കോളർഷിപ് വിതരണം വൈകി.
ഗുണഭോക്തൃ സർവേയിൽ പങ്കെടുത്ത 230 ആദിവാസി വിദ്യാർഥികളിൽ 146 വിദ്യാർഥികൾക്ക് അധ്യയന വർഷം ആരംഭിക്കുന്നതിനു മുമ്പായി പ്രീ, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പുകൾ ലഭിച്ചിരുന്നില്ല. ഇത് പദ്ധതിയുടെ ആനുകൂല്യങ്ങൾ വിദ്യാർഥികൾക്ക് ലഭിക്കാതെ വരുന്നതിനിടയാക്കി. 2017-18 മുതൽ 2021-22 വരെയുള്ള കാലയളവിൽ പദ്ധതിയുടെ കീഴിൽ സമ്പാദ്യം ഉണ്ടായിരിക്കെ ഫണ്ടിന്റെ അഭാവം കാരണമായി ചൂണ്ടിക്കാട്ടിയ സർക്കാറിന്റെ മറുപടി സ്വീകാര്യമല്ലെന്ന് റിപ്പോർട്ടിൽ രേഖപ്പെടുത്തി. സ്കോളർഷിപ് നൽകുന്നതിന്റെ ഉദ്ദേശ്യം പരാജയപ്പെട്ടെന്നും ഇ-ഗ്രാന്റ്സ് സോഫ്റ്റ് വെയർ നടപ്പാക്കുന്നതിന്റെ ലക്ഷ്യങ്ങളിലൊന്ന് കൈവരിക്കാനായില്ലെന്നും റിേപ്പാർട്ട് പറയുന്നു.
തിരഞ്ഞെടുത്ത ജില്ലകളിലെ ഇ-ഗ്രാന്റ്സ് ഡേറ്റ പരിശോധിച്ചതിൽ പ്രീ മെട്രിക് (കേന്ദ്ര) സ്കോളർഷിപ് പദ്ധതിയെ സംബന്ധിച്ചിടത്തോളം, 2019-22 കാലയളവിൽ 201 ഇടപാടുകൾ തെറ്റായ ബാങ്ക് അക്കൗണ്ട്, ഐ.എഫ്.എസ് കോഡ് മുതലായവ കാരണം നിരസിക്കപ്പെട്ടു. വിദ്യാർഥികൾക്ക് 44,450 രൂപയുടെ നഷ്ടമുണ്ടായി. ഡയറക്ടറേറ്റിലെ ഡ്രോയിങ് ആൻഡ് ഡിസ്ബേഴ്സിങ് ഓഫിസറുടെ നിഷ്ക്രിയത്വംമൂലം സർക്കാർ അക്കൗണ്ടിലേക്ക് പണം തിരിച്ചടക്കുകയുംചെയ്തു.
സ്കോളർഷിപ്പിൽനിന്ന് ഒഴിവാക്കിയത്
2018-19 വർഷം മുതൽ ഇ-ഗ്രാന്റ്സ് വഴി സ്കോളർഷിപ് വിതരണം നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ, ‘ഇ-ഗ്രാന്റ്സ് 3.0’ പോർട്ടലിൽ മാറ്റങ്ങൾ വരുത്തി. ലോഗിൻ ചെയ്യുന്നതിനും വിദ്യാർഥികളുടെ സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുമുള്ള അധികാരം സ്ഥാപനങ്ങൾക്കും നൽകി. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഇ-ഗ്രാന്റ്സിൽ അപ്ഡേറ്റ് ചെയ്യാൻ കഴിയാത്തതിനാൽ, ഇത് 2019-20 മുതൽ മാത്രമേ സംസ്ഥാനത്ത് നടപ്പാക്കിയുള്ളൂ.
സ്ഥാപനങ്ങളുടെ അറിവിനായി ഡയറക്ടർ പുറപ്പെടുവിച്ച ‘ഇ-ഗ്രാന്റ്സ് 3.0’യുടെ മാർഗനിർദേശങ്ങൾ അനുസരിച്ച്, വിദ്യാർഥികളുടെ വിശദാംശങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പോർട്ടലിൽ ഉൾപ്പെടുത്തണം. പരിശോധിച്ച 23 സ്ഥാപനങ്ങളിൽ യോഗ്യരായ 3077 വിദ്യാർഥികളിൽ 2107 വിദ്യാർഥികളുടെ വിവരങ്ങൾ മാത്രമാണ് സ്ഥാപനങ്ങൾ പോർട്ടലിൽ ഉൾപ്പെടുത്തിയത്. 1683 വിദ്യാർഥികൾക്ക് മാത്രമാണ് സ്കോളർഷിപ് വിതരണംചെയ്തത്.
വയനാട് തരിയോട് ജി.എച്ച്.എസ്.എസിലെ 114 വിദ്യാർഥികൾക്കും 2020-21ൽ സ്കോളർഷിപ് ലഭിച്ചിട്ടില്ല. 76 വിദ്യാർഥികളുടെ വിവരങ്ങൾ പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അവ ‘ഫോർവേഡഡ്’ ആയി കാണിച്ചിട്ടില്ല. വിദ്യാർഥികൾ ആധാർ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ മുതലായവ പലതവണ നിർദേശിച്ചിട്ടും സമർപ്പിക്കാത്തതിനാൽ 38 വിദ്യാർഥികളുടെ വിവരങ്ങൾ ഉൾപ്പെടുത്താൻ കഴിഞ്ഞില്ല. 76 വിദ്യാർഥികളുടെ വിവരങ്ങൾ ‘ഫോർവേഡഡ്’ ആയി കാണിച്ചിട്ടില്ലെന്ന് പ്രധാനാധ്യാപകൻ േപ്രാജക്ട് ഓഫിസറെ അറിയിച്ചു. പ്രധാനാധ്യാപകന് പിന്നീട് അറിയിപ്പൊന്നും നൽകിയില്ല. പോർട്ടലിൽ രജിസ്ട്രേഷന് ആവശ്യമായ രേഖകൾ വിദ്യാർഥികൾ സമർപ്പിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും സ്ഥാപനം അഭിമുഖീകരിക്കുന്ന സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യേണ്ട ചുമതല വകുപ്പുതല അധികാരികൾക്കാണ്. ഫലത്തിൽ നാല് ജില്ലകളിലെ 1394 വിദ്യാർഥികൾക്ക് സ്കോളർഷിപ് ലഭിക്കാത്തതിന് കാരണമായി.
എസ്.ടി പ്രമോട്ടർമാരുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച മാർഗനിർദേശങ്ങൾപ്രകാരം ആദിവാസി വിദ്യാർഥികൾക്ക് യഥാസമയം പ്രീ മെട്രിക് സ്കോളർഷിപ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് അവരുടെ ചുമതലയാണ്. പട്ടികവർഗ വകുപ്പ് 2019-20 അധ്യയന വർഷം മുതൽ ഇ-ഗ്രാന്റ്സ് പോർട്ടൽ വഴി ഒമ്പത്, 10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് കേന്ദ്രാവിഷ്കൃത പ്രീ മെട്രിക് സ്കോളർഷിപ് വിതരണം ചെയ്യാൻ തുടങ്ങി. ഇ-ഗ്രാന്റ്സ് ഡേറ്റ പരിശോധിച്ചപ്പോൾ, തിരഞ്ഞെടുത്ത ജില്ലകളിലെ 2019-20, 2020-21 അധ്യയന വർഷങ്ങളിൽ ഒമ്പതാം ക്ലാസിലെ 413 പട്ടികവർഗ വിദ്യാർഥികൾക്കും ഒമ്പതാം ക്ലാസിൽ സ്കോളർഷിപ് ലഭിച്ചിട്ടില്ല. എന്നാൽ, 10ൽ സ്കോളർഷിപ് ലഭിച്ചു.
വയനാട്ടിലെ ഒമ്പത് സ്ഥാപനങ്ങളിലെ 342 കേസുകൾ പരിശോധിച്ചപ്പോൾ, വിദ്യാർഥികൾ മതിയായ വിവരങ്ങൾ സമർപ്പിക്കാത്തതിനാൽ 171ഉം, വിദ്യാർഥികൾ സമയബന്ധിതമായി രേഖകൾ ഹാജരാക്കാത്തതിനാൽ 162ഉം സാങ്കേതിക പിശകുമൂലം മൂന്നും പദ്ധതിയെക്കുറിച്ചുള്ള അവബോധമില്ലായ്മ അഥവാ എസ്.ടി വകുപ്പിൽനിന്നുള്ള അറിയിപ്പ് ലഭിക്കുന്നതിലെ കാലതാമസംമൂലം നാലും പോർട്ടലിൽ അംഗീകരിച്ച നിലയിൽ കണ്ടതിനാൽ രണ്ടും അപേക്ഷകൾ പരിഗണിച്ചില്ല.
ഗുണഭോക്താക്കളെ കുറച്ചു
സ്കോളർഷിപ് മുടങ്ങാതെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം എസ്.ടി പ്രമോട്ടർമാരും സ്ഥാപനങ്ങളിലെ അധികാരികളും നിറവേറ്റുന്നില്ല. ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന എസ്.ടി വിഭാഗത്തിലെ വിദ്യാർഥികൾക്ക് ഡേ സ്കോളർമാരുടെ സ്റ്റൈപൻഡ് തുക 10 മാസത്തേക്ക് പ്രതിമാസം 150 രൂപയും പ്രതിവർഷം ബുക്സ് ആൻഡ് അഡ്ഹോക്ക് ഗ്രാന്റ് 750 രൂപയും ഹോസ്റ്റൽ കുട്ടികളുടെ സ്റ്റൈപൻഡ് തുക 10 മാസത്തേക്ക് പ്രതിമാസം 350 രൂപയും ബുക്സ് ആൻഡ് അഡ്ഹോക്ക് ഗ്രാന്റ് പ്രതിവർഷം 1000 രൂപയുമാണ്. 2019 ഡിസംബർ ഒന്നു മുതൽ സ്കോളർഷിപ് നിരക്ക് (സ്റ്റൈപൻഡ്) ഹോസ്റ്റൽ കുട്ടികൾക്ക് പ്രതിമാസം 225 രൂപയായും ഡേ സ്കോളർമാർക്ക് പ്രതിമാസം 525 രൂപയായും വർധിപ്പിച്ചു.
തിരഞ്ഞെടുത്ത ജില്ലകളുടെ ഇ-ഗ്രാന്റ്സ് ഡേറ്റ വിശകലനം ചെയ്തപ്പോൾ, ഇതിലെ രണ്ട് ജില്ലകളിലെ 30 വിദ്യാർഥികൾക്ക് ബുക്സ് ആൻഡ് അഡ്ഹോക്ക് ഗ്രാന്റ് നൽകിയെങ്കിലും സ്റ്റൈപൻഡ് നൽകിയിട്ടില്ല. വയനാട്, എറണാകുളം ജില്ലകളിലെ തിരഞ്ഞെടുത്ത സ്ഥാപനങ്ങളിൽ ഇക്കാര്യം പരിശോധിച്ചപ്പോൾ, 15 ഗുണഭോക്താക്കൾക്ക് ബുക്സ് ആൻഡ് അഡ് ഹോക്ക് ഗ്രാന്റ് നൽകിയിട്ടും സ്റ്റൈപൻഡ് നൽകിയില്ല.
2018-19 വർഷത്തിൽ പദ്ധതി നടപ്പാക്കാനായി ഡയറക്ടർ കോഴിക്കോട് ടി.ഡി.ഒക്ക് 2019 ഫെബ്രുവരിയിൽ 11.65 ലക്ഷം അനുവദിച്ചു. ബാങ്ക് അക്കൗണ്ടുള്ള ഗുണഭോക്താക്കളുടെ ബില്ലുകൾ മാത്രം ട്രഷറി സ്വീകരിക്കുന്നതിനാൽ, ടി.ഡി.ഒ 7.33 ലക്ഷം സറണ്ടർചെയ്തു. ബാങ്ക് അക്കൗണ്ടുള്ള 167 വിദ്യാർഥികൾക്ക് (30 സ്ഥാപനങ്ങളിൽനിന്ന് ലഭിച്ച 199 അപേക്ഷകളിൽ) 4.32 ലക്ഷം രൂപ സ്കോളർഷിപ് അനുവദിച്ചു. 167 പേരിൽ നാല് വിദ്യാർഥികളെ രണ്ട് അനുമതി ഓർഡറുകളിൽ ഉൾപ്പെടുത്തിയതിനാൽ യോഗ്യരായ 199 അപേക്ഷകരിൽ 163 വിദ്യാർഥികൾക്ക് മാത്രമാണ് സ്കോളർഷിപ് അനുവദിച്ചത്. സ്കോളർഷിപ് അനുവദിക്കാത്ത 36 വിദ്യാർഥികളിൽ 28 പേർ ബാങ്ക് വിവരങ്ങൾ നൽകിയിട്ടുണ്ടെന്നും ബാങ്ക് വിവരങ്ങൾ ലഭ്യമല്ലാത്തത് എട്ട് വിദ്യാർഥികൾക്ക് മാത്രമാണെന്നും കണ്ടെത്തി. അങ്ങനെ, യോഗ്യരായ 36 വിദ്യാർഥികൾക്ക് 2018-19ൽ ഫണ്ട് ലഭ്യമായിട്ടും സ്കോളർഷിപ് ലഭിച്ചില്ല.
സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന ഒന്ന് മുതൽ പത്താം ക്ലാസ് വരെയുള്ള ആദിവാസി വിദ്യാർഥികൾക്കുള്ള സംസ്ഥാന പ്രീ മെട്രിക് സ്കോളർഷിപ്പിൽ ലംപ്സം ഗ്രാന്റും പ്രതിമാസ സ്റ്റൈപൻഡും ഉൾപ്പെടുന്നു. അൺ എയ്ഡഡ് അംഗീകൃത സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സർക്കാർ അംഗീകരിച്ച ട്യൂഷൻ ഫീസ്/ സ്പെഷൽ ഫീസിന്റെ റീ ഇംബേഴ്സ്മെന്റിനും ലംപ്സം ഗ്രാന്റിനും അർഹതയുണ്ട്. പി.ഒ/ ടി.ഡി.ഒ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.
അർഹരായ കുട്ടികൾക്ക് സ്കോളർഷിപ് വിതരണംചെയ്യുന്നതിനായി ഡയറക്ടർ പി.ഒ/ ടി.ഡി.ഒമാർക്ക് ഫണ്ട് വകയിരുത്തുകയും അവർ രണ്ട് ഗഡുക്കളായി സ്ഥാപന മേധാവികൾക്ക് വിതരണം ചെയ്യുകയും വേണം. ജൂൺ മുതൽ ഒക്ടോബർ വരെയുള്ള ലംപ്സം ഗ്രാന്റും സ്റ്റൈപൻഡും ഒന്നാം ഗഡുവായും, നവംബർ മുതൽ മാർച്ച് വരെയുള്ള സ്റ്റൈപൻഡ് രണ്ടാം ഗഡുവായും നൽകുന്നു. ആദ്യ ഗഡു ലഭിച്ചുവെന്ന് സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തുന്ന വിദ്യാർഥികൾക്ക് മാത്രമേ രണ്ടാം ഗഡു വിതരണം ചെയ്യുകയുള്ളൂ.
സ്ഥാപന മേധാവികൾ നൽകിയ വിദ്യാർഥികളുടെ ലിസ്റ്റ് അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുത്ത ജില്ലകളിലെ പി.ഒ/ ടി.ഡി.ഒമാർ സ്കോളർഷിപ്പുകൾ വിതരണംചെയ്തത്. നൂറ് ശതമാനം ഗുണഭോക്താക്കളും ഉൾപ്പെടുന്നു എന്നുറപ്പാക്കാൻ, പദ്ധതി നടപ്പാക്കുന്ന ഉദ്യോഗസ്ഥന്റെ കൈവശം, തന്റെ അധികാരപരിധിയിലുള്ള സ്ഥാപനങ്ങളിലെ യോഗ്യരായ എല്ലാ വിദ്യാർഥികളുടെയും ഡേറ്റ ഉണ്ടായിരിക്കണം.
യോഗ്യരായ എല്ലാ വിദ്യാർഥികളും പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി, തിരഞ്ഞെടുത്ത നാല് ജില്ലകളിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാരിൽ (ഡി.ഡി.ഇ) നിന്ന് സർക്കാർ/ എയ്ഡഡ്/ അൺ എയ്ഡഡ് അംഗീകൃത സ്കൂളുകളിലെ ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർഥികളുടെ എണ്ണം ശേഖരിച്ചു. ഈ എണ്ണവുമായി പി.ഒ/ ടി.ഡി.ഒമാർ സ്കോളർഷിപ് അനുവദിച്ച വിദ്യാർഥികളുടെ എണ്ണത്തെ താരതമ്യപ്പെടുത്തിയപ്പോൾ, ഡി.ഡി.ഇയുടെ കണക്ക് പ്രകാരമുള്ള എല്ലാ വിദ്യാർഥികൾക്കും സ്കോളർഷിപ് അനുവദിച്ചിട്ടില്ല.
ആദ്യ ഗഡു സ്കോളർഷിപ് അനുവദിച്ചത് എറണാകുളം -91, വയനാട് -98, കൊല്ലം -85 ശതമാനം വിദ്യാർഥികൾക്കാണ്. എന്നാൽ, രണ്ടാം ഗഡുവിൽ യഥാക്രമം 61, 89, 71 ശതമാനം വിദ്യാർഥികൾ മാത്രമാണ് ഉൾപ്പെട്ടിരിക്കുന്നത്. കോഴിക്കോട് ജില്ലയെ സംബന്ധിച്ചിടത്തോളം 2017-18, 2019-20 വർഷങ്ങളിലെ വിവരങ്ങൾ ലഭ്യമല്ല. എറണാകുളം, വയനാട്, കൊല്ലം ജില്ലകളിലായി ആദ്യ ഗഡു സ്കോളർഷിപ് അനുവദിച്ച വിദ്യാർഥികളിൽ 89 ശതമാനം വിദ്യാർഥികൾക്ക് മാത്രമാണ് രണ്ടാം ഗഡു അനുവദിച്ചതെന്നും ശ്രദ്ധയിൽപെട്ടു. ഇത് കോഴിക്കോട് ജില്ലയിൽ 82 ശതമാനം മാത്രമായിരുന്നു. ആദ്യഗഡു ലഭിച്ചതിന്റെ രസീത് നൽകിയാൽ മാത്രമേ രണ്ടാം ഗഡു വിതരണം ചെയ്യൂ എന്നതിനാൽ, മൂന്ന് ജില്ലകളിലെ അവശേഷിക്കുന്ന 11 ശതമാനം വിദ്യാർഥികൾക്കും കോഴിക്കോട് ജില്ലയിലെ 18 ശതമാനം വിദ്യാർഥികൾക്കും ആദ്യ ഗഡുതന്നെ വിതരണംചെയ്തുവെന്ന് ഉറപ്പിക്കാനാവില്ല.