Begin typing your search above and press return to search.
proflie-avatar
Login

മണിപ്പൂർ: വിശ്വാസം വീണ്ടെടുക്കാതെ സമാധാനം അസാധ്യം

മണിപ്പൂർ: വിശ്വാസം വീണ്ടെടുക്കാതെ സമാധാനം അസാധ്യം
cancel

മണിപ്പൂരിൽ ഇപ്പോൾ ആവശ്യം​ പരസ്​പര വിശ്വാസമാണ്​. ഇന്നാട്ടിൽ ഇപ്പോൾ ഏറ്റവും കുറവുള്ളതും അതുതന്നെ. സംസ്​ഥാനത്തെ മുഖ്യജനവിഭാഗങ്ങളായ മെയ്​തേയികളുടെയും കുക്കികളുടെയും കൈവശം അപകടകരമായ അളവിൽ ആയുധശേഖരങ്ങളുണ്ട്​ എന്നുകൂടി വരു​മ്പോൾ ഈ വിശ്വാസ രാഹിത്യം കൂടുതൽ പ്രശ്​നകരമായി മാറുന്നു. ഇരു വിഭാഗങ്ങളിലുമുള്ള തീവ്രസംഘങ്ങൾ പതിറ്റാണ്ടുകളായി സംസ്​ഥാനത്ത്​ സജീവമാണ് എന്ന വസ്തുതയും ഇതിനോട് കൂട്ടിവായിക്കുക. ഇതെഴുതു​മ്പോഴും മെയ്​തേയി സായുധ സംഘങ്ങൾ ഇന്ത്യൻ സൈന്യവുമായി പോരാട്ടത്തിലാണ്​. മറുവശത്ത്​ 2008 മുതൽ പ്രവർത്തനങ്ങൾ നിർത്തിവെച്ച്​ ഇന്ത്യൻ സൈന്യവുമായി ഒരു ഉടമ്പടിയുണ്ടാക്കിയിട്ടുണ്ട്​ (Suspension of Operations (SoO) pact) കുക്കി ഗ്രൂപ്പുകൾ. പരസ്യമായി പൊരുതിയാലും ഇല്ലെങ്കിലും ഇരുഭാഗത്തും പരിശീലനം സിദ്ധിച്ച ആയിരക്കണക്കിന്​ സായുധസേനാംഗങ്ങളുണ്ട്​. അവരുടെ പക്കൽ എമ്പാടും ആയുധങ്ങളുമുണ്ട്​.

മെയ്തേയികൾ പ്രധാനമായും ഹിന്ദുക്കളും കുക്കികൾ പ്രധാനമായും ക്രൈസ്​തവരുമാണ്​ എന്നിരിക്കിലും സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്ന അക്രമങ്ങളുടെ മൂലകാരണം വർഗീയമല്ല. പക്ഷേ, എത്രയും വേഗം സമാധാനം പുനഃസ്​ഥാപിക്കാനായില്ലെങ്കിൽ ഈ സാഹചര്യം രാഷ്ട്രീയക്കാരും സമുദായ നേതാക്കളും വർഗീയ മുതലെടുപ്പിന് ഉപയോഗിക്കും.

തിരിച്ചെത്താത്ത തോക്കുകൾ

ഈയിടെ സംസ്​ഥാനം സന്ദർശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷാ നിഷ്​പക്ഷത പാലിക്കാൻ ശ്രമിച്ചു. മെയ്​തേയികൾ അധിവസിക്കുന്ന ഇംഫാൽ താഴ്​വര മാത്രമല്ല, കുക്കികൾക്ക്​ ഭൂരിപക്ഷമുള്ള മലയോര ജില്ലകളും സന്ദർശിക്കാൻ അദ്ദേഹം സന്നദ്ധത കാണിച്ചു. എന്നാൽ, ആഭ്യന്തരമന്ത്രിയുടെ സന്ദർശനവേളയിലും മൂന്ന്​ കുക്കി ഗ്രാമങ്ങൾ തീവെപ്പിനിരയായി. അക്രമികൾക്ക്​ ശക്തമായ വിധത്തിൽ ഒരു താക്കീത്​ ഇനിയും ലഭിച്ചിട്ടില്ല എന്നു​ പറയാൻ നിരീക്ഷകരെ നിർബന്ധിതമാക്കി ഈ സംഭവം.

അക്രമങ്ങൾ ഇല്ലാതാക്കുകയും വിശ്വാസം വീണ്ടെടുക്കുകയും ചെയ്യാനുള്ള നടപടികളുടെ ഭാഗമായി അനധികൃത ആയുധങ്ങൾ അടിയറവെക്കാൻ ഇരുവിഭാഗങ്ങളോടും അമിത്​ ഷാ നടത്തിയ ആഹ്വാനത്തിന്​ ലഭിച്ചത്​ തണുപ്പൻ പ്രതികരണമാണ്​. വിവിധ സുരക്ഷസേനകളുടെയും റിസർവ്​ ബറ്റാലിയനുകളുടെയും ആയുധപ്പുരകളിൽനിന്ന്​ കവർന്ന എ.കെ 47, എം 16 റൈഫിളുകൾ എന്നിവ ഉൾപ്പെടെ നാലായിരത്തിലേറെ അത്യാധുനിക തോക്കുകളും അഞ്ചു ലക്ഷം റൗണ്ട്​ വെടിയുണ്ടകളും തീവ്രസായുധ ഗ്രൂപ്പുകളുടെ കൈവശമുണ്ടെന്നാണ്​ കണക്ക്​. അതിൽനിന്ന്​ വെറും 700 എണ്ണം മാത്രമാണ്​ സറണ്ടർ ചെയ്യപ്പെട്ടത്​. ഏതു സമയവും ഇനിയുമൊരു ആക്രമണമുണ്ടായേക്കാമെന്ന ചിന്തയുണ്ട്​ ജനങ്ങൾക്ക്​, അതുകൊണ്ടാണവർ ആയുധങ്ങൾ കൈയൊഴിയാൻ സ​ങ്കോചം കാട്ടുന്നത്​. ഇരുവിഭാഗങ്ങൾക്കും തമ്മിൽ തമ്മിൽ തരിമ്പ്​ വിശ്വാസമില്ലെന്നതിന്​ ഇതിലേറെ എന്തു തെളിവു വേണം?

ഇത്രയധികം ആയുധങ്ങൾ വിവിധ സേനാവിഭാഗങ്ങളുടെ ആയുധപ്പുരകളിൽനിന്ന്​ കവർച്ച ചെയ്യപ്പെട്ടിട്ടും ബന്ധപ്പെട്ട കമാൻഡിങ്​ ഓഫിസർമാർക്കെതിരെ നടപടിയേതുമില്ലാത്തതെന്തുകൊണ്ടാണെന്ന ചോദ്യവും നിരീക്ഷകർ ഉന്നയിക്കുന്നുണ്ട്​. കുറഞ്ഞപക്ഷം സസ്​പെൻഷൻ പോലും ഉണ്ടാവുന്നില്ല. മണിപ്പൂർ ഡി.ജി.പിയായിരുന്ന പി. ദുൻഗെലിനെ സ്​ഥാനത്തുനിന്ന്​ മാറ്റിയതും വിശ്വാസത്തകർച്ചക്ക്​ ആഴംകൂട്ടിയിട്ടുണ്ട്​. ക്രമസമാധാനത്തകർച്ചയെത്തുടർന്ന്​ കുക്കി വിഭാഗക്കാരനായ ഡി.ജി.പിയെ മാറ്റിയെങ്കിൽ എന്തുകൊണ്ടാണ്​ മെയ്തേയി സമൂഹത്തിൽനിന്നുള്ള മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ ഇക്കാര്യത്തിൽ തുല്യ ഉത്തരവാദിയാക്കാത്തത് എന്നാണ്​ ഉയരുന്ന ചോദ്യം.


ചോരയിൽ മുങ്ങിയ പതിറ്റാണ്ടുകൾ

മണിപ്പൂരിൽ​ അക്രമവും കലാപവുമൊന്നും പുതിയ കാര്യമല്ല. പതിറ്റാണ്ടുകളായി മെയ്​തേയി​-കുക്കി വിഭാഗങ്ങൾ തമ്മിലെ സംഘർഷത്തിനു​ പുറമെ, മെയ്​തേയികളും നാഗരും തമ്മിൽ ഏറ്റുമുട്ടാറുണ്ട്​, നാഗരും കുക്കികളും തമ്മിൽ സംഘട്ടനങ്ങളുണ്ട്​. മണിപ്പൂരിലെ വിവിധ വംശങ്ങളുടെ സായുധസംഘങ്ങളെല്ലാംതന്നെ ഇന്ത്യൻ സൈന്യവുമായും ഏറ്റുമുട്ടുന്നുണ്ട്​.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, മണിപ്പൂരിലെ കുന്നുകളിലെയും മ്യാന്മറിലെയും ഒളികേന്ദ്രങ്ങളിലിരുന്ന്​ എട്ട് മെയ്​തേയി തീവ്രവാദ ഗ്രൂപ്പുകൾ ഇപ്പോഴും ഇന്ത്യൻ സൈന്യത്തിനെതിരെ പോരാടുകയാണ്. സ്വയംഭരണവും സ്വയംനിർണയാവകാശവും തേടുന്ന ഈ ​ഗ്രൂപ്പുകളിൽ പ്രമുഖമായവ പീപ്ൾസ് ലിബറേഷൻ ആർമി (പി.എൽ.എ), യുനൈറ്റഡ് നാഷനൽ ലിബറേഷൻ ഫ്രണ്ട് (യു.എൻ.എൽ.എഫ്) എന്നിവയാണ്. പരിശീലനം സിദ്ധിച്ച സായുധരായ ഈ ഗ്രൂപ്പുകളിൽനിന്നുള്ളവർ ഇക്കുറി കുക്കി ജനതക്കെതിരായ അക്രമത്തിലും പങ്കെടുത്തിട്ടുണ്ടെന്ന് ആരോപിക്കപ്പെടുന്നു. ഇതിനൊരു മറുവാദവുമുണ്ട്​. 2008ലെ ഉടമ്പടിപ്രകാരം 24 കുക്കി തീവ്രവാദി ഗ്രൂപ്പുകൾ പ്രവർത്തനം നിർത്തിവെച്ചിരിക്കെത്തന്നെ അവരിൽ ചിലർ കരാർ ലംഘിച്ച് നിയുക്ത ക്യാമ്പുകളിൽനിന്ന് പുറത്തുകടന്ന് കുക്കി ആധിപത്യ മേഖലകളിൽ മെയ്​തേയികൾക്കെതിരെ അതിക്രമങ്ങൾ നടത്തിയതായാണ്​ ആക്ഷേപം. ഇത്തരം ആരോപണ പ്രത്യാരോപണങ്ങൾക്കിടയിൽ ഏറ്റവുമധികം പരിക്കേൽക്കുന്നത്​ നാം തുടക്കത്തിൽപ്പറഞ്ഞ പരസ്​പര വിശ്വാസത്തിനാണ്​.

വികസനത്തി​ന്റെ കനത്തമട്ടിലുള്ള അഭാവമാണ്​ മണിപ്പൂരി​ന്റെ അടിസ്​ഥാന പ്രശ്​നം. പിന്നാക്ക മേഖലയായി അറിയപ്പെടുന്ന വടക്കുകിഴക്കൻ സംസ്​ഥാനങ്ങളിൽവെച്ച്​ ഏറ്റവും പിന്നാക്ക ദേശമായ ഇവിടെ 36.9 ശതമാനം ജനങ്ങളും ദാരിദ്ര്യരേഖക്കു​ താഴെയാണ്​. ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം എന്നിവയുടെ കാര്യത്തിൽ അതീവ പരിതാപകരമാണ്​ അവസ്​ഥ. സ്വാഭാവികമായും വിഭവങ്ങൾക്കും ജോലികൾക്കും അവസരങ്ങൾക്കും വേണ്ടി​ പരസ്​പരം മത്സരിക്കാൻ മെയ്​തേയികളും കുക്കികളും നിർബന്ധിതരായി, ദുഃഖകരമെന്നു പറയ​ട്ടെ, ആ മത്സരം ഇന്ന്​ ചോരകൊണ്ടായിരിക്കുന്നു. വംശീയ അതിക്രമങ്ങൾക്ക്​ വർഗീയ നിറം കൈവന്നേക്കുമെന്ന ഭീതിയും അസ്​ഥാനത്തല്ല. ഇപ്പോൾതന്നെ കുക്കികളുടെ ചർച്ചുകളും മെയ്​തേയികളുടെ അമ്പലങ്ങളും തകർക്കപ്പെട്ട വാർത്തകൾ നാം കാണുന്നുണ്ട്​.

ഭാഗ്യവശാൽ, സന്ദർശനവേളയിൽ അമിത്​ ഷായിൽനിന്ന്​ പ്രകോപനപരമായ പരാമർശങ്ങളൊന്നും ഉണ്ടായതായി അറിവില്ല. എന്നാൽ, അക്രമത്തിന് ആഴ്ചകൾക്കുമുമ്പ്, മ്യാന്മറിൽ നിന്നുള്ള ‘അനധികൃത കുടിയേറ്റക്കാരുടെ’ വരവ്​ തടയാൻ സംസ്ഥാനത്തെ ബി.ജെ.പി സർക്കാർ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കാൻ തയാറാണെന്ന മുഖ്യമന്ത്രി ബീരേൻ സിങ്ങിന്റെ പ്രസ്​താവന വർഗീയ ജ്വാലകൾ ആളിക്കത്തിച്ചതായി തോന്നുന്നു. നൂറ്റാണ്ടുകളായി മ്യാന്മർ-ഇന്ത്യ അതിർത്തിയുടെ ഇരുകരകളിലും താമസിക്കുന്ന കുക്കി, നാഗ, ചിൻ എന്നീ ഗോത്രവർഗക്കാരെയാണ് മുഖ്യമന്ത്രി ലക്ഷ്യമിടുന്നത് എന്ന കാര്യം സുവ്യക്തമാണ്​.

ബി.ജെ.പി ഭരിക്കുന്ന പല സംസ്ഥാനങ്ങളും അതിരുവിട്ട ‘ഭൂരിപക്ഷ’ രാഷ്ട്രീയം കളിക്കുന്നതിനിടെ മണിപ്പൂരിലെ വർഗീയതാസാധ്യതകളെ ബിരേൻ സിങ് കൂടുതൽ ചൂഷണംചെയ്യില്ലെന്ന് പ്രതീക്ഷിക്കാനേ കഴിയൂ. വിവിധ സംസ്​ഥാനങ്ങളിലെ സർക്കാറുകൾ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട്​ മതാന്തര വിവാഹം തടയൽ നിയമം കൊണ്ടുവന്നും മുസ്‍ലിം വീടുകൾ ‘ബുൾഡോസർ’ കയറ്റി തകർത്ത്​ അഭിമാനം​കൊള്ളുന്നതും നാം കണ്ടതാണ്. ക്രൈസ്​തവ പ്രാർഥനായോഗങ്ങളും പള്ളികളും ആക്രമിക്കപ്പെടുന്നതും നാം കാണുന്നു.

മണിപ്പൂർ നിയമസഭയിലെ 60 സീറ്റുകളിൽ നാൽപതെണ്ണവും മെയ്​തേയി​ ഭൂരിപക്ഷ മേഖലയായ ഇംഫാൽ താഴ്​വരയിലാണ്​. മെയ്തേയി ഹിന്ദുക്കൾക്ക്​ ലഭിക്കേണ്ടിയിരുന്ന ജോലികളും അവസരങ്ങളും കുക്കികൾ തട്ടിയെടുക്കുന്നു എന്നതുൾപ്പെടെയുള്ള വ്യാജ ഭീതി പ്രചാരണം ഫലംകണ്ടാൽ മെയ്തേയി വോട്ടുകൾ ഒന്നാകെ സ്വന്തമാക്കാനാവും എന്ന പ്രതീക്ഷ വർഗീയ പ്രചാരകരുടെ മനസ്സിലുണ്ടാകാം.

വടക്കുകിഴക്കൻ ഇന്ത്യയിലെ നിർണായക വിഷയങ്ങളോട്​ രാജ്യത്തെ ഭരണകൂടം ‘ഒട്ടകപ്പക്ഷി സമീപന’മാണ്​ പതിവായി പ്രകടിപ്പിച്ചുപോരാറ്​. ഇനിയത്​ തുടരാനാവില്ല. ഇക്കുറി അക്രമത്തിന്റെയും ശത്രുതയുടെയും തോത് സകല അതിരുകളും ലംഘിച്ചു. ആഭ്യന്തരമന്ത്രി മുതൽ കുക്കി, മെയ്തേയി രാഷ്ട്രീയക്കാരും സമുദായനേതാക്കളും, പുറമെ കാണാറില്ലെങ്കിലും അതീവ സ്വാധീനമുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ ആളുകളും ഉൾപ്പെടെ സകലകക്ഷികളും ഒരുമിച്ചിരുന്ന്​ സർവവിധ പരിശ്രമങ്ങളും നടത്തിയാലല്ലാതെ മണിപ്പൂരിലെ ഇപ്പോഴത്തെ പ്രശ്​നങ്ങൾക്ക്​ പരിഹാരമുണ്ടാക്കാനാവില്ല.

ഞാൻ ആവർത്തിക്കുന്നു, സമാധാനം തിരിച്ചുവരാൻ ആവശ്യമായ ഏറ്റവും നിർണായക ഘടകത്തെക്കുറിച്ചാണ്​ ചിന്ത വേണ്ടത്​- പരസ്​പര വിശ്വാസം തന്നെയാണത്​.

Show More expand_more
News Summary - what is the sollution to manipur violence