Begin typing your search above and press return to search.
proflie-avatar
Login

മലയാളികൾ എന്തുകൊണ്ട് ഒരു ‘തലതിരിഞ്ഞ തേങ്ങ'യെ ഇഷ്ടപ്പെടുന്നു: കോളനിയാനന്തര കേരളത്തിലെ വെളുപ്പും മാധ്യമ സ്വാധീനവും

മലയാളികൾ എന്തുകൊണ്ട് ഒരു ‘തലതിരിഞ്ഞ തേങ്ങയെ ഇഷ്ടപ്പെടുന്നു: കോളനിയാനന്തര കേരളത്തിലെ വെളുപ്പും മാധ്യമ സ്വാധീനവും
cancel

സ്വന്തം സംസ്കാരമെന്ന് പ്രേക്ഷകർ കരുതുന്നതിനോട് വിദേശികൾ നല്ല രീതിയിൽ പ്രതികരിക്കുമ്പോൾ അവർക്ക് അംഗീകാരം ലഭിച്ച പോലെ അനുഭവപ്പെടുന്നു. ഇത് സംസ്കാരങ്ങൾ പരസ്പരം പങ്കുവെക്കുന്നതിന്റെ ആനന്ദം മാത്രമാണോ? ചില പ്രത്യേക മീഡിയാ ഹാൻഡിലുകളുടെയും വ്യക്തികളുടെയും ജനസ്വീകാര്യതക്ക് പിന്നിൽ അതിൽ കൂടുതലെന്തെങ്കിലുമുണ്ടോ?

ൻവേർട്ടഡ് കോക്കനട്ട് എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലിൽ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങളെ സ്വീകരിക്കുന്നത് അനായാസമായി മലയാളം സംസാരിക്കുന്ന, കേരള സ്റ്റൈൽ സെറ്റു സാരിയും മുണ്ടും കുറ്റമറ്റ രീതിയിൽ ധരിച്ച മുപ്പതുകളിലുള്ള ഒരു വെള്ളക്കാരിയുടെ ചിത്രങ്ങളാണ്. മലയാളി പ്രേക്ഷകർക്കിടയിലുള്ള ഈ ഹാൻഡിലിന്റെ അഭൂതപൂർവമായ വളർച്ച, അതിന്റെ ഉടമ അപർണ മൾബറിയെ കേരളത്തിലെ ഒരു പൊതുവ്യക്തിത്വമാക്കി മാറ്റിയിരിക്കുകയാണ്. അപർണയുടെ ഇൻസ്റ്റാഗ്രാം പേജിലെ ബയോ സെക്ഷൻ പ്രേക്ഷകരോട് പറയുന്നത് താൻ 'അമേരിക്കയിൽ ജനിച്ച കേരളത്തെ ഇഷ്ടപ്പെടുന്ന ഒരു പെൺകുട്ടി'യാണെന്നും അവരുടെ പേജ് 'മലയാളത്തെ സ്നേഹിക്കുന്നവർക്ക്' (ഈ ഭാഗം ജൂലൈ 2022ൽ മാറ്റിയതായി കാണപ്പെടുന്നു) വേണ്ടിയാണെന്നുമാണ്. അപർണ പറയുന്നത്, അവർ പുറത്തു വെള്ളക്കാരിയും, അത്രതന്നെ ഉള്ളിൽ മലയാളിയും (തവിട്ടു നിറം) ആണെന്നും, അതുകൊണ്ടാണ് അവർ തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിന് വേണ്ടി ഇൻവേർട്ടഡ് കോക്കനട്ട് (തലതിരിഞ്ഞ തേങ്ങ) എന്ന പേര് തിരഞ്ഞെടുത്തത് എന്നുമാണ് (Jayarajan, 2020). തമാശക്കായി ഉണ്ടാക്കിയ ഹാൻഡിൽ എന്ന് അപർണ വിശേഷിപ്പിക്കുന്ന അക്കൗണ്ട് അവർ 2020 ഫെബ്രുവരിയിൽ തുടങ്ങിയത് അവരുടെ മലയാള ഭാഷാശേഷി വീണ്ടെടുക്കാനുള്ള പരിശ്രമത്തിനു വേണ്ടി മാത്രമായിരുന്നു, ഈ അക്കൗണ്ടിന് നിലവിൽ ദശലക്ഷത്തോളം ആരാധകരുണ്ട് (Jayarajan, 2020). അപർണ മൾബറി എന്ന ചിലിയൻ-അമേരിക്കൻ സ്ത്രീ, മൂന്നാം വയസ്സിൽ തന്റെ മാതാപിതാക്കളോടൊത്ത് കേരളത്തിലേക്ക് വരികയും പന്ത്രണ്ട് വയസ്സു വരെ ഇവിടെ താമസമാക്കുകയും ചെയ്തിരുന്നു. അപർണയുടെ അമേരിക്കക്കാരനായ പിതാവും, ചിലിക്കാരിയായ മാതാവും ഇന്ത്യയിലെ പ്രമുഖ ആത്മീയനേതാവായ മാതാ അമൃതാനന്ദമയിയുടെ കൊല്ലം ജില്ലയിലെ അമൃതപുരി ആശ്രമത്തിൽ പല പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടവരായിരുന്നു. പതിമൂന്നാം വയസിൽ അപർണയുടെ പിതാവ് ആശ്രമത്തിലെ അന്തേവാസം അവസാനിപ്പിച്ചപ്പോൾ അവർ അമേരിക്കയിലേക്ക് താമസം മാറി.

അപർണയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് അവർ ഇന്ത്യയിലായിരുന്ന സമയത്തെ ഫോട്ടോകളും വീഡിയോകളും കൊണ്ട് നിറഞ്ഞതാണ്. അവരും സുഹൃത്തുക്കളും സ്കൂൾ യൂണിഫോമും ചുരിദാറും പട്ടുപാവാടയും ഒക്കെ ധരിച്ചു നിൽക്കുന്ന കുട്ടികാലത്തെ ചിത്രങ്ങളും ഇതിലുണ്ട്. ഇതിനോട് അനുബന്ധമെന്നോണം അവർ സമീപകാലത്ത് ഇന്ത്യയും കേരളവും സന്ദർശിച്ചപ്പോഴുള്ള ചിത്രങ്ങളുമുണ്ട്. പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങളായ സാരി, സൽവാർ കമീസ് പോലുള്ളവ ധരിച്ച അപർണയുടെ ഫോട്ടോകൾ 'ഒരിക്കൽ കേരളീയ പെൺകുട്ടി, എല്ലായ്പ്പോഴും കേരളീയ പെൺകുട്ടി', 'യാത്രകൾ അനുവദിക്കപ്പെട്ടിരുന്ന മഹാമാരികൾ ഇല്ലാത്ത കാലത്തെ ഓർത്തെടുക്കുന്നു', 'എന്റെ കേരളം' എന്നീ അടിക്കുറിപ്പുകളോടെയാണ് പങ്കുവെച്ചിരിക്കുന്നത്. ഇത്തരം അടിക്കുറിപ്പുകൾ കേരളത്തോടുള്ള അവരുടെ അടുപ്പത്തെയും അഭിലാഷത്തെയുമൊക്കെ സൂചിപ്പിക്കവേ, മറ്റു പോസ്റ്റുകൾ അവരുടെ സ്കൂൾ കാലഘട്ടത്തെയോ ആശ്രമത്തിൽ വെച്ചാഘോഷിച്ച വിഷു, ഓണം, ജന്മാഷ്ടമി പോലുള്ള പ്രത്യേക സന്ദർഭങ്ങളെയൊ ഓർത്തെടുക്കുന്നവയാണ്. അത്തരം അടിക്കുറിപ്പുകൾ ഭജനങ്ങളുടെയും പ്രാർത്ഥനയുടെയും സ്വാധീനത്തെ കുറിച്ചും ആശ്രമത്തിൽ നിന്ന് അവരുൾക്കൊണ്ട ഹിന്ദു ആത്മീയതയെയും കാരുണ്യത്തെയും നല്ല രീതിയിൽ എടുത്തുപറയുന്നവയാണ്. ഭജനുകൾ എങ്ങനെയാണ് സ്വന്തത്തെ 'അഗാധമായ ശാന്തിയിലേക്ക്’ എത്തിച്ചതെന്ന് ഊന്നിപറയുകയും, ആശ്രമത്തിൽ ചിലവഴിച്ച സമയം ‘മാന്ത്രികമാണെന്നും’ അതവർക്ക് ഒരു വ്യക്തി എന്ന നിലയിൽ കൂടുതൽ കരുണയും സഹായമനസ്‌കയുമാവാനുള്ള അടിത്തറ പാകിയെന്നും അവർ വിശേഷിപ്പിക്കുന്നുണ്ട് (Mulberry, 2020).

അപർണ മൾബറി

അപർണയുടെ ജനപ്രിയ വീഡിയോ കണ്ടന്റുകളിലൊന്ന് അവർ പഴയതും പുതിയതുമായ മലയാള സിനിമയിലെ ഹിറ്റ് രംഗങ്ങളെ പുനരാവിഷ്കരിക്കുന്നതാണ്. ആംഗലേയ ചുവയുള്ള, ന്യൂനതകളുള്ള മലയാളത്തിലാണ് സംസാരിക്കുന്നതെങ്കിലും ഈ വിഡിയോകൾക്കാണ് ഏറ്റവും കൂടുതൽ കാഴ്ചക്കാരും ലൈക്കുകളും കമന്റുകളുമുള്ളത്. ഈ വീഡിയോകൾക്ക് താഴെ വരുന്ന അഭിപ്രായങ്ങൾ അവരുടെ പരിശ്രമത്തെ വിലവെക്കുന്ന രീതിയിൽ - 'അടിപൊളിയായി' 'കുറ്റമറ്റത്' എന്നൊക്കെയാണ്. തങ്ങളുടെ സംസ്കാരം ഒരു വെളുത്ത സ്ത്രീയും അതുവഴി പാശ്ചാത്യ സമൂഹവും അംഗീകരിക്കുന്നു എന്നറിയുന്നതിന്റെ ആഹ്ലാദത്തിലായിരിക്കണം ഈ നല്ല പ്രതികരണങ്ങൾ. ഈ ജനപ്രീതി മനസിലാക്കിയാവണം അപർണ അതിനോടനുബന്ധിച് തന്റെ ആരാധകർക്കായി ഒരു ഓൺലൈൻ ഇംഗ്ലീഷ് ക്ലാസ് ആരംഭിക്കുകയും ചെയ്തു. എൻട്രി മൊബൈൽ ആപ്ലിക്കേഷൻ വഴി 120 പ്രീ-റെക്കോർഡഡ് ലെക്ച്ചറുകളുടെ രൂപത്തിൽ ഒരു വർഷത്തിന് 2,999 രൂപയ്ക്കും, ഏർളിബേർഡ് ഓഫറിൽ 2000 രൂപയ്ക്കും നൽകിയ കോഴ്‌സ് പ്രഖ്യാപിച്ച് കുറഞ്ഞ മാസങ്ങൾക്കകം തന്നെ ആയിരത്തിലധികം വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്തത്. നിലവിൽ ഈ സംരംഭത്തിൽ പതിനൊന്നായിരം വിദ്യാർഥികളുണ്ട്. ‘English with Inverted Coconut’ എന്ന പേരിൽ മറ്റൊരു ഇൻസ്റ്റാഗ്രാം പേജും തുടങ്ങിയിട്ടുണ്ട്, ജൂലൈ 2022ൽ അതിന് ഇരുപതിനായിരം ആരാധകരുണ്ട്. സമീപകാലത്ത് ജനപ്രീതിയാർജ്ജിച്ച ബിഗ് ബോസ് റിയാലിറ്റി ഷോയിലേക്ക് അപർണക്ക് ക്ഷണവും ലഭിച്ചിരുന്നു.

ഇംഗ്ലീഷ് സംസാരിക്കാൻ സാധിക്കുകയും അമേരിക്കൻ സംസ്കാരവും ജീവിത ശൈലികളും പരിചയിച്ചതുമായ വലിയൊരു കൂട്ടം മലയാളികളുണ്ട്. എന്നാൽ ഒരു ദക്ഷിണേഷ്യക്കാരന്റെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം മിനുക്കാനുള്ളതോ അല്ലെങ്കിൽ അമേരിക്കൻ സംസ്‌കാരവുമായി പരിചിതമാവാനുള്ളതോ വേണ്ടിയുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കു എല്ലായ്പ്പോഴും ഈയളവിലുള്ള പ്രചാരമോ സ്വീകരണമോ ലഭിക്കണമെന്നില്ല. ഇതിന് സാമ്യമായ, മലയാളികൾ കൈകാര്യം ചെയ്യുന്ന, ഇത്തരം അക്കൗണ്ടുകളുടെ തുച്ഛമായ ഫോളോവേഴ്സിന്റെ എണ്ണം ഇത് സാക്ഷ്യപ്പെടുത്തുന്നു. ഇംഗ്ലീഷ് പദസമ്പത്തും ഉച്ചാരണ രീതിയും എഴുത്തും വായനയും സംസാരവുമായി ബന്ധപ്പെട്ട, മനസിലാക്കാൻ എളുപ്പമുള്ള വീഡിയോകളും പാഠങ്ങളും ഇവർ നൽകിയിട്ടും ഇതാണ് അവസ്ഥ. അതിലുപരിയായി ഈ പേജുകൾ തങ്ങളുടെ പരിശീലനത്തിന്റെ നല്ലൊരു ഭാഗം തന്നെ സൗജന്യമായോ അപർണ മൾബറിയുടെ ക്ലാസുകളേക്കാൾ കുറഞ്ഞ നിരക്കിലോ നൽകുന്നുണ്ട്. അവരുടെ കണ്ടന്റും പ്രേക്ഷക പ്രതികരണങ്ങളും വിശകലനം ചെയ്തപ്പോൾ ഞാൻ കണ്ടത് കേരളത്തിൽ മാത്രമുള്ള ആചാരങ്ങളനുഷ്ഠിക്കുകയും സാരി ധരിക്കുകയും ചെയ്യുന്ന ഒരു വെള്ളക്കാരി എന്ന കൗതുകദൃഷ്ടിയോടെയുള്ള ഒരു അഭിനിവേശമാണ്. ആളുകൾ കമന്റുകളിലൂടെ 'നിങ്ങൾ ഞങ്ങളെ പോലെ തന്നെയുണ്ട്', അല്ലെങ്കിൽ 'നിങ്ങൾ ഒരു മലയാളിയാണോ, നന്നായി സംസാരിക്കുന്നുണ്ടല്ലോ' എന്നൊക്കെയാണ് പ്രതികരിക്കുന്നത്, അതോടൊപ്പം തന്നെ 'ഒരു വെള്ളക്കാരി എങ്ങനെയാണ് ഇത്ര നന്നായി മലയാളം സംസാരിക്കാൻ പഠിച്ചത്' എന്ന രീതിയിലുള്ള ചോദ്യങ്ങൾ നിരന്തരം അവരോട് ചോദിക്കുകയും ചെയ്യുന്നു.

വംശം, വർഗം, ലിംഗം, ബൗദ്ധിക/സാംസ്‌കാരിക ആധിപത്യം ആധികാരികത എന്നിവയുമായി ബന്ധപ്പെട്ട ആശയങ്ങൾ അവരുടെ പേജിലെ കണ്ടന്റിലും പ്രതികരണങ്ങളിലും ഉടനീളം കാണാം. അപർണ മൾബറിയുടെ ജനസ്വീകാര്യത കേരളത്തിലെ വംശ, വർഗ, ലിംഗ, സ്വത്വങ്ങളുടെ രാഷ്ട്രീയ സ്വഭാവത്തോട്, പ്രത്യേകിച്ച് ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിൽ രൂപംകൊണ്ട വംശ-വർഗ ധാരണകളോട്, ബന്ധപ്പെട്ട് കിടക്കുന്നതാണ്. തൊലിനിറത്തിന്റെ അടിസ്ഥാനത്തിലുള്ള വംശീയവും ബൗദ്ധികവുമായ കൊളോണിയൽ അധീശ ധാരണകളുടെ ബാക്കിപത്രങ്ങൾ ഇന്നും ദക്ഷിണേഷ്യൻ സ്വത്വത്തിൽ - പ്രത്യേകിച്ചും മലയാളി സ്വത്വത്തിൽ നിലനിൽക്കുന്നു. കേരളം ഉൾപ്പെടെയുള്ള പല ദക്ഷിണേഷ്യൻ സംസ്കാരങ്ങളിലും വെളുത്ത തൊലിനിറത്തെ വികസനം, പുരോഗമനം, ആധുനികത, നാഗരികത എന്നിങ്ങനെ വ്യത്യസ്തങ്ങളായ ആശയങ്ങളോടും തവിട്ടോ കറുപ്പോ നിറമുള്ളതിനെ അധമത്വത്തോടും മൃഗീയതയോടും പാരമ്പര്യത്തോടും ബന്ധിപ്പിക്കുന്ന രീതി ഇന്നും വ്യാപകമാണ്. അപർണ മൾബറി മൂർത്തമാക്കുന്ന സാംസ്കാരിക കലർപ്പിനെയും അതിന്റെ ധ്വനികളെയും ഇതിന്റെ വെളിച്ചത്തിൽ വിശകലനം ചെയ്യേണ്ടത് അനിവാര്യമാണ്. അപർണ മൾബറിക്കും അവരുടെ ഇൻസ്റ്റഗ്രാം പേജായ ഇൻവേർട്ടഡ് കോക്കനട്ടിനും ലഭിച്ച ബഹുലമായ ജനസ്വീകാര്യതയുടെ കാരണമായി ഞാൻ മനസിലാക്കുന്നത് മലയാളി സ്വത്വ ചിഹ്നങ്ങളെ അധമമായി കണക്കാക്കിയുള്ള ആന്തരികവൽക്കരണവും അതിനോടനുബന്ധിച്ച കോളനിവൽക്കരണം മൂലം വെളുത്ത തൊലിയോടും വെളുത്തവരുടെ സ്വത്വ ചിഹ്നങ്ങളോടുമുണ്ടായിട്ടുള്ള ആസക്തിയുമാണ്.

ഫ്രാൻസ് ഫാനോ

1952ലെഴുതിയ ബ്ലാക്ക് സ്കിൻ, വൈറ്റ് മാസ്ക്സ് (Black Skin, White Masks) എന്ന പുസ്തകത്തിൽ മനഃശാസ്ത്രജ്ഞനും രാഷ്ട്രീയ തത്വചിന്തകനുമായ ഫ്രാൻസ് ഫാനോ കോളനിവൽക്കരണത്തിന് കീഴിൽ സംഭവിക്കുന്ന വിവിധ തലങ്ങളിലുള്ള കീഴ്പ്പെടുത്തലിനെ കുറിച്ച് പൊള്ളുന്ന ഒരു വിശകലനം നടത്തുന്നുണ്ട്. അപകർഷതയുടെ ത്വക്ക്‌വൽക്കരണം (epidermalization of inferiority) എന്ന ആശയം ഉപയോഗിച്ച് എങ്ങനെയാണ് തൊലിനിറത്തിന്മേൽ അടിസ്ഥാനമാക്കിയുള്ള സ്വത്വങ്ങൾ സ്ഥാപിതമാകുന്നതെന്നും മൂല്യം നൽകപ്പെടുന്നതെന്നും അതെങ്ങനെ അധീശത്വപരമാവുന്നെന്നും അതുവഴി കോളനിവൽക്കരണത്തിന്റെ ഹിംസക്കിരയാവുന്ന ജനതയുടെ മനസിനെ അത് രൂപീകരിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ഈ ആന്തരികവൽക്കരിച്ച അപകർഷത കോളനിവൽക്കരിക്കപ്പെട്ടവരുടെ ഇടയിൽ വെളുപ്പിനോടുള്ള ഒരു ആസക്തിയുളവാക്കുകയും കോളനി അധീശത്വം സ്വീകരിക്കുവാനും അവരുടെ സംസ്ക്കാരം അനുകരിക്കാനും നിർബന്ധിതരാക്കുന്നു. ഫാനോയിൽ നിന്ന് കടമെടുത്തുകൊണ്ട് രാഷ്ട്രീയ മനഃശാസ്ത്രജ്ഞൻ ആശിഷ് നന്ദി അത്തരം പ്രവണതകൾ ഇന്ത്യൻ ജനസമൂഹത്തിലെ ചില വിഭാഗങ്ങളിൽ - പ്രത്യേകിച്ച് ഇംഗ്ലീഷ് വിദ്യാഭ്യാസമുള്ള വരേണ്യരായ പ്രബല ജാതികളിൽ, കണ്ടെത്തുന്നുണ്ട് (Nandy, 1983). കോളനിവൽക്കരിക്കപ്പെട്ട സംസ്ക്കാരത്തിന്റെ തനത് സ്വത്വ ചിഹ്നങ്ങളായ പ്രാദേശിക ഭാഷകളുടെ ഉപയോഗം, പ്രാദേശിക വസ്ത്രധാരണം, പ്രാദേശിക കലാരൂപങ്ങളുടെ ആസ്വാദനം എന്നിവയെ മനപ്പൂർവം അടിച്ചമർത്തുന്നതിലൂടെയും പ്രാദേശിക പേരുകൾ വിട്ട് കൂടുതൽ യൂറോകേന്ദ്രീകൃത/ക്രിസ്തീയ നാമങ്ങൾ സ്വീകരിക്കുന്നതിലൂടെയും, കോളനിവൽക്കരണത്തിന്റെ ഏറ്റവും പ്രകടവും നിലനിൽക്കുന്നതുമായ വർണവിവേചനത്തിലൂടെ - അല്ലെങ്കിൽ വെളുപ്പിനോട് ഔന്നത്യം പ്രകടിപ്പിക്കലിലൂടെ, എങ്ങനെയാണ് ഈ മനഃശാസ്ത്ര തന്ത്രം പ്രവർത്തിക്കുന്നത് എന്ന് ഫാനനും നന്ദിയും അടിവരയിടുന്നു. കേരളത്തിലെ ജനങ്ങൾ തങ്ങൾ തന്നെ വെളുത്ത തൊലിയുള്ളവരുടേതുമായി താരതമ്യം ചെയ്യുമ്പോൾ താഴ്ന്നത് എന്ന് ആന്തരികവൽക്കരിച്ച ഭാഷയെയും സംസ്കാരത്തെയും വെളുത്ത തൊലിയുള്ള ഒരു അമേരിക്കൻ സ്ത്രീ സ്വീകരിക്കുന്നതാണ് അപർണ മൾബറിയുടെ കാര്യത്തിൽ സാക്ഷ്യംവഹിച്ചത്.

ഇന്ത്യയെ പോലുള്ള ഒരു കോളനിയാനന്തര സമൂഹത്തിൽ, തൊലിയും തൊലിനിറവും വെറും ജീവശാസ്ത്രപരമായ ഘടകങ്ങൾ മാത്രമല്ല; അവ സാംസ്കാരികവും രാഷ്ട്രീയവും സാമൂഹികവുമായ അർഥങ്ങളുള്ള വ്യാവഹാരികങ്ങൾ കൂടിയാണ്. ഇന്ത്യൻ വിപണിയിൽ ലഭ്യമായ തൊലി വെളുപ്പിക്കുന്ന വിവിധ ഇനം ക്രീമുകളും അവ മാർക്കറ്റിൽ കൊയ്യുന്ന ലാഭവും ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്. മോഡലുകളെയും കായിക താരങ്ങളെയും സിനിമാ താരങ്ങളെയുമൊക്കെ വെളുത്തവരായി കാണിക്കുവാനുള്ള പരിശ്രമങ്ങളും ഇതിൽപെടുന്നതാണ്. എന്നാൽ അപർണ മൾബറിയുടെ കാര്യത്തിൽ ഇത് നേരെ തിരിച്ചാണ് പ്രവർത്തിക്കുന്നത്. കേരളത്തിന്റെ ഭാഷയും സംസ്കാരവും ഇവിടെ ഒരു വെളുത്ത വർഗക്കാരിയുടെ അഭിനിവേശത്തിനായുള്ള വസ്തുക്കളാണ്. ഇത് മൾബറിയുടെ പ്രേക്ഷകരിലുണ്ടാക്കുന്ന ആകർഷണത്തെ വെള്ളക്കാരുടെ അംഗീകാരത്തിന്മേൽ ആശ്രിതമാവുന്നതിന്റെ ഉദാഹരണമായി മനസിലാക്കാവുന്നതാണ്. അങ്ങനെ വെള്ളക്കാരുടെ അംഗീകാരത്തിന്റെ അധികാരത്തിനു കീഴിൽ സ്വയം സ്ഥാപിക്കുമ്പോൾ അത് കോളനിവൽക്കരിക്കപ്പെട്ടവരുടെ 'വംശീയ അധമത്വത്തിന്റെ അവസ്ഥയ്ക്ക് തുടർച്ചയുണ്ടാക്കുകയാണ് ചെയ്യുന്നത്' (Song 2017, 51). ഒരിക്കൽ അടിച്ചമർത്തപ്പെട്ട മലയാള ഭാഷയും സംസ്കാരവും സ്വീകരിക്കുന്നത് ഒരാൾ മാത്രമാണെങ്കിൽ പോലും അത് ജനങ്ങൾ പരക്കെ ഏറ്റെടുക്കുന്നത് വെള്ള അധീശത്വത്തിന്റെ അധികാര സ്വാധീനത്തെ വെളിപ്പെടുത്തുന്നുണ്ട്. മലയാളത്തിലുള്ള അവരുടെ പ്രാവീണ്യത്തിലൂടെ മൾബറിക്ക് സാമ്പത്തികപരമായും മനഃശാസ്ത്രപരമായും സാംസ്കാരികപരമായും ആനുകൂല്യം ലഭിക്കുന്നത് ഇതേ കോളനിവൽക്കരണത്തിന്റെ ചരിത്രം കാരണമാണ്. മലയാള ഭാഷയിലൂടെയുള്ള മലയാളി സാംസ്‌കാരിക സ്വത്വത്തിന്റെ മൂർത്തീകരണം മൾബറിക്ക് അധീശത്വ മനോഭാവത്തിൽ നിന്ന് വ്യതിചലിക്കുന്നതിന്റെ ആശങ്കകളോ ഹിംസയുടെ ചരിത്രമോ ഇല്ലാത്ത രസകരമായൊരു വിനോദം മാത്രമാണ് (Fanon 1952). അപൂർവമായ ഒരു മലയാള ഭാഷക എന്ന അവരുടെ പദവിയാണ് യഥാർഥത്തിൽ അവരെ ജനസ്വീകാര്യയാക്കുന്നത്.


എന്നാൽ മറ്റൊരു വശത്ത് മലയാളികൾ ഇംഗ്ലീഷ് സംസാരിക്കുമ്പോൾ ഒരു അധീശ സ്വത്വം പുനഃസൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കയും യോഗ്യനല്ലാത്ത ഒരു ഗോഷ്ടിക്കാരനായി ചിത്രീകരിക്കപ്പെടുന്നതിന്റെ ഭയവും നിലനിൽക്കുന്നു. ഇംഗ്ലീഷ് പഠിക്കുന്ന മലയാളികൾക്കിടയിൽ അധീശത്വപരമായ ഉച്ചാരണരീതികളും ഭേദങ്ങളും ക്രമപ്പെടുത്തലുകളുമായി ബന്ധപ്പെട്ട ആശങ്കകൾ സാധാരണമാണ്. ഇംഗ്ലീഷ് സംസാരിക്കുന്നതിനിടയിൽ വരുന്ന മലയാള ഉച്ചാരണശൈലികൾ അനിഷ്ടകരവുമാണ്. കോളനിവൽക്കരിച്ചവരുടെ ഭാഷയോടുള്ള അടുപ്പം ഇന്നും കോളനിവൽക്കരിക്കപ്പെട്ടവർക്ക് അസാമാന്യമായ ഒരു കർതൃത്വം നൽകുന്നു. പ്രത്യേകിച്ചും ആഗോളവൽക്കരണത്തിന്റെ കാലത്ത് ഇന്ത്യയിൽ ഇംഗ്ലീഷ് ഒരു ഭാഷയേക്കാളുപരി ജാതി, വർഗ, ലിംഗ ആനുകൂല്യങ്ങളുടെ ചിഹ്നമാണ്. ഒഴുക്കോടെ, പ്രാദേശിക ശൈലികളില്ലാതെ ഇംഗ്ലീഷ് സംസാരിക്കാൻ സാധിക്കാതിരിക്കുന്നത് പലപ്പോഴും സാമൂഹികവും ഭാഷാപരവുമായ ഒരു പ്രതിഭാസം എന്നതിലുപരി ബൗദ്ധിക അപര്യാപ്തതയായാണ് മനസിലാക്കപ്പെടുന്നത്. ഇതുമൂലം ഇംഗ്ലീഷ് പഠനഭാഷയായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള അഡ്മിഷനോ ഇംഗ്ലീഷ് ഒഴുക്കോടെ സംസാരിക്കുന്നതിന് മൂല്യം കൽപ്പിക്കുന്ന കൂട്ടങ്ങളിലേക്കുള്ള പ്രവേശനമോ പോലെ വിവിധ സാമൂഹിക-സാമ്പത്തിക അവസരങ്ങളിലേക്കുള്ള പ്രവേശനം കുറയുകയോ ഇല്ലാതാവുകയോ ചെയ്യുന്നു. തദ്ഫലമായി മലയാളികളിൽ വലിയൊരു വിഭാഗം - പ്രത്യേകിച്ചും, ഇംഗ്ലീഷ് സംസാരിക്കാത്ത പൊതുജനം, സ്വയം സ്ഥാപിക്കുക വിദ്യാഭ്യാസമുള്ള ആധുനിക പുരോഗമന 'വെള്ളക്കാരുടെ' എതിർപാളയത്തിലാണ്.

ഈ സന്ദർഭത്തിലേക്കാണ് അപർണ മൾബറി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടുമായി കടന്നുവരുന്നതും എല്ലാ വർഗ, ജാതി, മത, ലിംഗ ഭേദങ്ങളിലും ഉൾപ്പെട്ട ആളുകളെ വിവേചനമില്ലാതെ അവർക്ക് കൂടി സ്വീകാര്യമായ ഒരു ഭാഷയിൽ സംസാരിക്കുകയും ചെയ്യുന്നത്. അവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇംഗ്ലീഷ് സംസാരിക്കാത്ത മലയാളി ജനവിഭാഗങ്ങൾക്ക് കോളനിവൽക്കരണത്തെ തുടർന്നുണ്ടായ ആധുനികതയുടെയും പുരോഗമനത്തിന്റെയും വികസനത്തിന്റെയുമൊക്കെ ഒരു പ്രതിനിധാനത്തെ സമീപിക്കാനുള്ള ഒരിടമായി മാറി. മലയാളി സ്വത്വത്തിന്റെ പകർന്നാട്ടത്തിലൂടെയും ജനകീയ സംസ്കാരത്തിലൂടെയും, പ്രത്യേകിച്ച് പ്രാദേശിക സിനിമകളിലൂടെയും അപർണ ആശ്രയിക്കുന്നത് കോളനിവൽക്കരിക്കുന്നവരുടെയും കോളനിവൽക്കരിക്കപ്പെട്ടവർക്കിടയിലുമുള്ള ആ 'സാംസ്‌കാരിക വ്യത്യാസ'ത്തിന്മേലാണ്.

കൊളോണിയൽ നടപടിക്രമങ്ങളുടെ പ്രധാന സവിശേഷതകളിലൊന്ന് കോളനിവൽക്കരിക്കപ്പെട്ട 'അപരനെ' കുറിച്ചുള്ള ഏകശിലാത്മകമായ ഒരു ആശയം എഴുത്തിലൂടെയും സാംസ്‌കാരിക ഭാവനയിലൂടെയും വിദ്യാഭ്യാസ വ്യവസ്ഥയിലൂടെയും പ്രതിനിധാനത്തിന്റെ മറ്റു രീതികളിലൂടെയും സൃഷ്ടിക്കുന്നതായിരുന്നു. സാംസ്‌കാരിക വിമർശകൻ എഡ്‌വേഡ്‌ സെയ്ദ് ഈ ക്രമത്തെ ഓറിയന്റലിസം എന്ന് വിളിച്ചു (Said 1978). ഓറിയന്റലിസത്തിന്റെ പ്രധാനപ്പെട്ട ചില സ്വഭാവങ്ങളിലൊന്ന് കോളനിവൽക്കരിക്കപ്പെട്ടവരെ ഹിംസാത്മകമായോ മൃഗീയരായോ അമിത ലൈംഗികാസക്തിയുള്ളവരായോ അപരിഷ്കൃതരായോ അല്ലെങ്കിൽ അസാധാരണമായ, ഭ്രമമുളവാക്കുന്ന, പാശ്ചാത്യ അധിനിവേശകന് പരിചിതവും എന്നാൽ അപരിചിതവുമായും വിചിത്രമായ വസ്തുവിനെ ചിത്രീകരിക്കലാണ്. അപർണ മൾബറിയുടെ കാര്യത്തിൽ, അസാധാരണമാക്കപ്പെട്ട അരികുവൽക്കരിക്കപ്പെട്ട മലയാളി സ്വത്വത്തെ അവർ മൂർത്തീകരിക്കുമ്പോൾ അവരുടെ മലയാളി പ്രേക്ഷകർ അവരിലൊരു ആകർഷണീയത കണ്ടെത്തുന്നു. മൾബറി കേരളത്തെയും അതുവഴി ഇന്ത്യയെയും അമേരിക്കയെക്കാൾ 'ആത്മീയ മാർഗോപദേശം' ലഭ്യമാകുന്ന സ്ഥലം എന്ന് ചിത്രീകരിക്കുന്ന രീതി ഇന്ത്യയെ പാശ്ചാത്യ സമൂഹത്തിന് വിപരീതമായി, ആത്മീയ ചൈതന്യത്തിന്റെ നാടായി, അസാധാരണമാക്കി ചിത്രീകരിക്കുന്ന ഓറിയന്റലിസത്തിന്റെ ശൈലിയുമായി ചേർന്നു പോകുന്നു (Mulberry, 2020). ഈ ഘട്ടത്തിൽ പരസ്പര സാംസ്‌കാരിക മനസിലാക്കലുകൾ പ്രദർശിപ്പിക്കുവാനും ബഹുസ്വരമാകാനും ശ്രമിക്കുന്നുണ്ടെങ്കിലും അപർണ മൾബറി പ്രാധാന്യം നൽകുന്നത് ഇന്ത്യയെ കുറിച്ചുള്ള സാമ്രാജ്യത്വ/നവകോളനീകരണ ധാരണകൾ രൂപീകരിക്കുന്നതിനാണ്.


ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാൽ, അപർണ മൾബറി ഏറ്റെടുക്കുന്ന മലയാളി സ്വത്വം സവർണ ഹിന്ദു സ്വത്വമാണ് എന്നതാണ്. അങ്ങനെ ചെയ്യുന്നതിലൂടെ മറ്റു ന്യൂനപക്ഷ മതസ്വത്വങ്ങളെയും മതകീയമല്ലാത്ത സ്വത്വങ്ങളെയും അദൃശ്യവൽക്കരിച്ചു കൊണ്ട് സവർണ ഹിന്ദു മലയാളി എന്നതിന് ആഖ്യാനപരമായി സാധുത നൽകുകയാണ് ചെയ്യുന്നത്. അപർണയുടെ വംശീയ പശ്ചാത്തലവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഭ്രമത്തിലുപരിയായി അവർ പ്രചരിപ്പിക്കുന്ന 'പാരമ്പര്യ'ത്തിന്റെ സവിശേഷമായ സങ്കല്പത്തിലുള്ള താല്പര്യവുമുണ്ട്. അവരുടെ പോസ്റ്റുകൾക്കടിയിലെ 'മലയാളികൾ പോലും സ്വന്തം പാരമ്പര്യം ഒഴിവാക്കി പാശ്ചാത്യ സംസ്ക്കാരം സ്വീകരിക്കുമ്പോൾ ഒരു വിദേശി മലയാളി പാരമ്പര്യവും സംസ്ക്കാരവും സ്വീകരിക്കുന്നത് വളരെ അത്ഭുതകരമായ കാഴ്ച തന്നെ' എന്ന കമന്റ് ഈ വികാരത്തെ കൃത്യമായി രേഖപെടുത്തുന്നു. മലയാളി സാംസ്കാരിക സ്വത്വം, മലയാളികൾ എന്ന് സ്വയം കരുതുന്നവരോടുള്ള നിരന്തരമായ ഇടപെടലിലൂടെ മനസിലാക്കുവാൻ അപർണയുടെ ഇൻസ്റ്റഗ്രാം പേജ് അവരെ സഹായിക്കുന്ന അത്രതന്നെ അതേ മലയാളി സ്വത്വത്തിന്റെ പകർന്നാട്ടം തിരിച്ചു മലയാളികൾക്ക് വിൽക്കുവാനും അവർക്കവസരം ഒരുക്കുന്നുണ്ട്. അപർണയുടെ ഇംഗ്ലീഷ് ക്ലാസുകൾ മൂല്യവത്തായാതാവും എന്ന് അവരുടെ ആരാധകരിൽ ഒരു നല്ല ശതമാനം ആളുകളിലും തോന്നിപ്പിക്കാൻ മലയാളവും ഇംഗ്ലീഷും കൈകാര്യം ചെയ്യാനുള്ള അവരുടെ കഴിവിന് സാധിച്ചിട്ടുണ്ട്. ഭാഷയുടെയും സ്വത്വത്തിന്റെയും വാണിജ്യവൽക്കരണത്തിന്റെ വളരെ വ്യക്തമായ ഒരു പ്രക്രിയ ഇവിടെ സംഭവിക്കുന്നുണ്ട്.

അവരൊരു വെള്ളക്കാരിയല്ലായിരുന്നുവെങ്കിൽ ഇപ്പോൾ ആസ്വദിക്കുന്ന ഈ വിജയം അവർക്ക് സാധ്യമാകുമായിരുന്നോ എന്ന ആരാധകരിലൊരാളുടെ ചോദ്യത്തിന് ഒരിക്കൽ അപർണ തന്റെ വിശേഷാനുകൂല്യത്തെ മാനിച്ചു കൊണ്ട് ഇല്ല എന്നുത്തരം നൽകി. നിർഭാഗ്യവശാൽ വംശീയമായ തന്റെ വിശേഷാനുകൂല്യത്തെ സ്വയം തിരിച്ചറിയുന്നത് അവരെ ഇന്ത്യയെ ഭ്രമാത്മകമായ ആത്മീയതയുടെ നാടായി പ്രതിനിധീകരിക്കുന്നതിലും മലയാളിത്തത്തിന്റെ പ്രകടനങ്ങളിൽ ഉള്ളടങ്ങിയിട്ടുള്ള കോളനിയാനന്തര അവസ്ഥയെയും അംഗീകരിക്കുന്നതിലേക്ക് വികസിച്ചിട്ടില്ല. അപർണയുടെ കണ്ടന്റിന്റെ മലയാളി പ്രേക്ഷകർ എന്ന നിലക്കുള്ള ആസ്വാദനം എങ്ങനെയാണ് കോളനിക്കാലത്തെ വംശീയഘടനയുമായി ബന്ധപ്പെട്ടു കിടക്കുന്നത് എന്ന് നമ്മൾ മനസിലാക്കേണ്ടത് അനിവാര്യമാണ്. അപർണയെ പോലുള്ളവരുടെ ജനസ്വീകാര്യതയും, ദക്ഷിണേഷ്യൻ സംസ്കാരത്തോടുള്ള വെളുത്തവരുടെ അനുഭവങ്ങളും, ഇന്ത്യൻ സാംസ്കാരിക നിർമിതികളോടുള്ള 'റിയാക്ഷൻ വീഡിയോകൾ' പങ്കുവെക്കുന്നതുമൊക്കെ ഈ അധികാര ഘടനകൾ വിദൂരമായ ഭൂതകാലത്തിന്റെ അവശേഷിപ്പുകൾ മാത്രമല്ല, കമ്പോളവൽക്കരിച്ച മാധ്യമങ്ങളുടെ ലാഭ വിശകലനങ്ങളെ നയിച്ച് കൊണ്ടിയിരിക്കുന്നവയാണ് എന്നാണ് വ്യക്തമാക്കുന്നത്.

സൂചനകൾ

Inverted Coconut. 2020. ‘English Teacher, American born Kerala loving girl’. Instagram, 15 Feb.2020, https://www.instagram.com/invertedcoconut/

Danielle, Oshin. 2020. ‘Meet ‘Inverted Coconut’, American Outside, Malayali Inside’. The Week, 11 November, 2020. https://www.theweek.in/leisure/society/2020/11/11/meet-inverted-coconut-american-outside-malayali inside.html

Fanon, Frantz. 1952. Black Skin, White Masks. London: Pluto.

Huggan, Graham. 2001. The Postcolonial Exotic: Marketing the Margins. London: Routledge.

Jayarajan, Sreedevi. 2020. ‘Meet ‘Inverted Coconut’, an American who is a Malayali at heart’. The News Minute 9 November, 2020. https://www.thenewsminute.com/article/meet-inverted-coconut-american-who-malayali-heart 137265

Nandy, Ashis. 1983. The Intimate Enemy: Loss and Recovery of Self Under Colonialism. Delhi: Oxford.

Said, Edward W. 1978. Orientalism. New York: Pantheon Books.

Song, Seunghyun. 2017. ‘Bridging Epidermalization of Black Inferiority and the Racial Epidermal Schema: Internalizing Oppression to the Level of Possibilities’. DiGeSt. Journal of Diversity and Gender Studies 4, no. 1 (2017): 49–61. JSTOR, https://doi.org/10.11116/digest.4.1.3


ഐ.ഐ.ടി. മദ്രാസിൽ നിന്നും ഇംഗ്ലീഷ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ലേഖിക അന്താരാഷ്ട്ര കുടിയേറ്റം, പ്രവാസ പഠനങ്ങൾ എന്നീ മേഖലകളിൽ ലിംഗ, വർഗ, ജാതി ഭേദങ്ങൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നന്വേഷിക്കുന്നു.

കടപ്പാട്: അല ബ്ലോഗ്

വിവർത്തനം: സകി ഹംദാൻ

കവർ ചിത്രീകരണം: ഡിസ്നി ആർട്സ്

ഇംഗ്ലീഷ് ലേഖനം അലയിൽ വായിക്കാം: https://alablog.in/issues/46/inverted-coconut/

Show More expand_more
News Summary - soumithra ms on whiteness and media influence