Begin typing your search above and press return to search.
proflie-avatar
Login

ഇനിയും മാപ്പുപറഞ്ഞിട്ടില്ലാത്ത കൊള്ളയടികൾ, അടിമ വ്യാപാരം, കൊടുംക്രൂരതകൾ; വാഴ്ത്തുപാട്ടുകളാൽ വാഴ്ത്തപ്പെടേണ്ടവരാണോ എലിസബത്ത് രാജ്ഞി​?

വിവ: കെ.പി മൻസൂർ അലി

ഇനിയും മാപ്പുപറഞ്ഞിട്ടില്ലാത്ത കൊള്ളയടികൾ, അടിമ വ്യാപാരം, കൊടുംക്രൂരതകൾ; വാഴ്ത്തുപാട്ടുകളാൽ വാഴ്ത്തപ്പെടേണ്ടവരാണോ എലിസബത്ത് രാജ്ഞി​?
cancel

വെസ്​റ്റ്​മിൻസ്​റ്റർ ഹാളിൽ അന്ത്യവിശ്രമത്തിനായി ബക്കിങ്​ഹാം കൊട്ടാരത്തിൽനിന്ന്​ അവസാന യാത്രക്കായി രാജകീയമായി എലിസബത്ത്​ രാജ്​ഞിയെ എഴുന്നള്ളിച്ചപ്പോൾ ശമമഞ്ചത്തിന്​ മുകളിലായി പഴയ സാമ്രാജ്യത്വത്തെ അടയാളപ്പെടുത്തിയ കിരീടം ചൂടിയിരുന്നു. ബ്രിട്ടീഷ്​ രാജവംശം കോളനികളെ കൊള്ളയടിച്ചും അറ്റ്​ലാൻറിക് സമുദ്രം മുറിച്ചു​ കടന്ന് നടത്തിയ അടിമ വ്യാപാരത്തിലൂടെയും മാനവികതക്ക് നിരക്കാത്ത കുറ്റങ്ങൾ വഴിയും വാരിക്കൂട്ടിയ സമ്പത്തിനെയും അധികാരത്തെയും പ്രതാപത്തെയും ആ കിരീടം അടയാളപ്പെടുത്തുന്നു.

രാജ്​ഞിയുടെ പൈതൃകം സംബന്ധിച്ച​​ ആഴത്തിലുള്ള വിചിന്തനത്തിനുള്ള​ സമയാണിതെന്ന്​ തോന്നുന്നു. ചിലർക്ക്​, ജനം ഹൃദയത്തിലേറ്റിയ ചക്രവർത്തിനിയുടെ വേർപാടിൽ വേദന പങ്കുവെക്കാനുള്ള മുഹൂർത്തമാണിത്​. മറ്റുചിലരാകട്ടെ, അവരുടെ കൈകളിൽ ചോരക്കറ ഇപ്പോഴുമുണ്ടെന്ന തിരിച്ചറിവിലാണ്. കോളനിവാഴ്​ചയുടെ അവസാന രാഞ്​ജിയായിരുന്നു അവർ. അവരുടെ നാമധേയത്തിലാണ്​ എണ്ണമറ്റ കൃത്യങ്ങൾ അരങ്ങേറിയത്​. കോളനിവാഴ്​ച ഔദ്യോഗികമായി അവസാനിച്ച ശേഷവും അത് തുടർന്നു. ആധുനികവത്​കരണം, കോമൺവെൽത്ത്​ എന്നീ പേരുകളിലായിരുന്നു ബ്രിട്ടീഷ്​ സാമ്രാജ്യത്വത്തി​ന്റെ പദ്ധതികൾ പിന്നെ നടപ്പാക്കപ്പെട്ടത്​.

രാജ്​ഞിയുടെ പൈതൃകത്തിനുമേൽ ഇപ്പോൾ വെള്ള പൂശപ്പെട്ടിരിക്കുന്നു. അത്യുക്തികൾ നിറയുന്ന സമാധികീർത്തനങ്ങൾ അവരെ മൂടിനിൽക്കുന്നു. അവർ വിടപറയുമ്പോൾ ജനത്തിന് അനുശോചിക്കാൻ അവകാശമുണ്ടെന്ന് സമ്മതിക്കുമ്പോഴും ചില സത്യങ്ങൾ തുറന്നുപറയാൻ ഞാൻ നിർബന്ധിതനാണ്.

എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങുകളിൽ നിന്ന്

ബ്രിട്ടീഷ് ചക്രവർത്തിയെന്നാൽ തെരഞ്ഞെടുപ്പില്ലാതെ ലഭിക്കുന്ന ഭരണമേധാവി പദവിയാണ്. 21ാം നൂറ്റാണ്ടിലെ പുരോഗമനപരവും ആധുനികവുമായ സമൂഹത്തിന് ഒട്ടും ചേരാത്തത്. ഏറ്റവും ജുഗുപ്സാവഹമായത്, ബ്രിട്ടീഷ് രാജവം​ശം ഇപ്പോഴും ഉപ​ജീവിച്ചുപോരുന്നത് അന്ന് അടിമകളാക്കിയ ആഫ്രിക്കൻ വംശജ​രുടെ ജീവനു പുറത്താണെന്നതാണ്. ഏഷ്യയിൽനിന്നും ആഫ്രിക്കയിൽനിന്നുമായി ലക്ഷക്കണക്കിന് കോടി ഡോളർ വിലവരുന്ന സമ്പത്താണ് അവർ കൊള്ളയടിച്ചുകടത്തിയത്. സ്വന്തം ദേശീയ വിഭവങ്ങൾക്കുവേണ്ടി നിരവധി രാജ്യങ്ങളെ അവർ ഊറ്റിക്കളഞ്ഞു.

രാജഭരണം ആവാഹിച്ച വംശീയതക്കും നീഗ്രോവിരുദ്ധതക്കും വിശുദ്ധി കൽപിക്കാനായി ആനയിക്കപ്പെട്ട സുന്ദര മുഖമായിരുന്നു രാജ്ഞി.അധികാരം വ്യാപിപ്പിച്ച് അതിന്റെ ആനുകൂല്യങ്ങൾ അടിച്ചുമാറ്റാൻ അവരുടെ ഭരണകൂടം ചെയ്തുകൂട്ടിയ കൃത്യങ്ങളുടെ ഉത്തരവാദിത്വമേൽക്കുന്നതിൽ അവർ പരാജിതരായിരുന്നു. മഹത്തായ രാജ്യമായി നാം നിലനിൽക്കുന്നത് രാജ്ഞിയെ കൊണ്ടാണ് എന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് മൊഴിഞ്ഞത്.

ബന്ധനസ്ഥരാക്കപ്പെട്ട കെനിയയിലെ മൗ മൗ പ്രക്ഷോഭകാരികൾ

ബ്രിട്ടൻ എത്തിപ്പിടിച്ച മഹത്ത്വത്തിന് രാജ്ഞി കാരണക്കാരിയാണെങ്കിൽ, അവരുടെ കീഴിലുള്ള ഭരണകൂടം ചെയ്ത കൊടുംക്രൂരതകളുടെ ഉത്തരവാദിത്വവും അവർക്കുണ്ടാകണം. എന്നാൽ ആ ക്രൂരതകളിൽ ഒന്നും ഒരിക്കൽ പോലും വ്യക്തിപരമായി അവർ മാപ്പുചോദിച്ചിട്ടില്ല. കെനിയയിലെ മൗ മൗ കലാപം മൃഗീയമായി അടിച്ചമർത്തിയതിന് മാപ്പപേക്ഷ ഉണ്ടായിട്ടില്ല. അന്ന് പീഡിപ്പിച്ചും ബലാത്സംഗം നടത്തിയും തടവിലിട്ടും 15 ലക്ഷം കെനിയക്കാരെയാണ് ബ്രിട്ടീഷ് സാമ്രാജ്യത്വം ഉപകരണങ്ങളാക്കിയത്. നൈജീരിയയിലെ ബയഫ്രാനിൽ സ്വതാൽപര്യ സംരക്ഷണാർഥം 10 ലക്ഷത്തോളം പേർ മരിച്ചുവീണതിനും മാപ്പു പറച്ചിലുണ്ടായില്ല. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനു കീഴിലായിരുന്ന മുൻ കോളനികൾ ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്ന അനീതികൾക്ക്, പട്ടിണിക്ക്, വികസനരാഹിത്യത്തിന് -ഒന്നിനും അവർ മാപ്പു ചോദിച്ചിട്ടില്ല.

ബക്കിങ്ഹാം കൊട്ടാരത്തെയും ബ്രിട്ടീഷ് മ്യൂസിയങ്ങളെയും അലങ്കരിച്ച് തൂങ്ങിക്കിടക്കുന്ന, ഏഷ്യയിൽനിന്നും ആഫ്രിക്കയിൽനിന്നും കടത്തിയ ആഭരണങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയുടെ പേരിലും അതുണ്ടായിട്ടില്ല.1995ൽ ന്യൂസിലൻഡിലെ മവോരി ഗോത്രവർഗക്കാരോട് അവർ മാപ്പു ചോദിച്ചിരുന്നു. മുൻഗാമി വിക്ടോറിയ രാജ്ഞിയുടെ പേരിൽ നടന്ന അതിക്രമങ്ങൾക്കും കവർച്ചക്കുമായിരുന്നു മാപ്പപേക്ഷ. വ്യക്തിഗത മാപ്പപേക്ഷ ആവശ്യപ്പെട്ട് അന്ന് ന്യൂസിലൻഡ് നീതിന്യായ മന്ത്രി പറഞ്ഞത്: ''ഭരണകൂടങ്ങൾ വഴിയാണ് രാജ്ഞി പ്രവർത്തിക്കുന്നത്. സ്വന്തമായി അവർ കാര്യങ്ങൾ ചെയ്യാറില്ല'' എന്നായിരുന്നു.

നിശ്ശബ്ദമായി കിടന്ന ഭാഗമാണ് അദ്ദേഹം ഉറക്കെ പറഞ്ഞത്. അഥവാ, രാജ്ഞി പ്രവർത്തിച്ചത് ഭരണകൂടം വഴിയാണ്. മുൻഗാമി നടത്തിയ ​കുറ്റകൃത്യങ്ങൾക്ക് മവോരി​ക്കാരോട് മാപ്പു ചോദിക്കാമെങ്കിൽ സ്വന്തം ഭരണത്തിൽ കെനിയയിലും നൈജീരിയയിലും വടക്കൻ അയർലൻഡിലും ചെയ്തുകൂട്ടിയതിനും അത് ആകാമായിരുന്നു.അവിടെയാണ് വിഷയത്തിന്റെ മർമം.

എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങുകൾക്കെത്തിയ ജനക്കൂട്ടം

നാം ജീവിക്കുന്ന കാലത്തിന് ഒരു സവിശേഷതയുണ്ട്. അവർ അതിജയിച്ചുകഴിഞ്ഞ രാജഭരണത്തിന്റെ അസ്തിത്വവുമായി പൊരുത്തപ്പെടാത്ത അവകാശങ്ങൾ ഇന്ന് ബ്രിട്ടീഷ് ജനത നേടിയെടുത്തുകഴിഞ്ഞുവെന്നതാണത്.സത്യത്തിൽ, സർവേകൾ കാണിക്കുന്നത് രാജഭരണം ഇനിയും തുടരുന്നതിനോട് ബ്രിട്ടീഷ് ജനതക്ക് താൽപര്യമി​ല്ലെന്നാണ്. പുരോഗമനത്തിനു പകരം പിന്തിരിഞ്ഞുനടക്കുന്ന ഒരു അധികാര സ്ഥാപനം നിലനിൽക്കേണ്ടതല്ല. വീടില്ലാതെയും ഭക്ഷണം കിട്ടുന്ന സൗജന്യ കേന്ദ്രങ്ങളെ ആശ്രയിച്ചും കഴിയുന്ന ആയിരങ്ങളും, ഇന്ധനത്തിന് താങ്ങാവുന്നതിലും കൂടിയ തുക നൽകുന്ന ദശലക്ഷങ്ങളും യാഥാർഥ്യമായിരിക്കുമ്പോഴും സമീപകാല ചരിത്രത്തിലെ ഏറ്റവും കടുത്ത ജീവിത പ്രതിസന്ധിക്കിടയിലും രാജ്ഞിയുടെ സംസ്കാരത്തിനായി വമ്പൻ തുകയാണ് ബ്രിട്ടീഷ് ജനത നൽകേണ്ടിവരുന്നത്. 50 കോടി ഡോളറിലേറെയണ് (ഏ​കദേശം 4,000 കോടി രൂപ) സർക്കാർ ചെലവഴിക്കുന്നത്. മറുവശത്ത്, രാജ്ഞിയുടെ ആസ്തി 2800 കോടി ഡോളറാണെന്ന് (2,23,168 കോടി രൂപ) ഓർമവേണം. അവരുടെ സംസ്കാരത്തിന് ജനം സ്വന്തം പണം വിനിയോഗിക്കുമ്പോൾ രാജ്ഞിയുടെ ആസ്തി കൊണ്ടാകാമായിരുന്നില്ലേ അവരുടെ സംസ്കാരവും എന്ന ചോദ്യം ഉയരുന്നു.

അവസാനമായി ഒരു നോക്കുകാണാൻ കാത്തു​കിടന്ന അനന്തമായ വരികൾ കണ്ടാൽ, ബ്രിട്ടനിൽ രാജവാഴ്ചയെ കുറിച്ച് ജനങ്ങളിൽ കുത്തിവെച്ച ആദർശവത്കരണത്തിന്റെ ആഴം മനസ്സിലാക്കാം. എന്നാൽ, ഒരു പുതുതലമുറ ഉയർന്നുവന്നുകഴിഞ്ഞിട്ടുണ്ട്. രാജകുടുംബത്തോട് താൽപര്യമില്ലാത്തർ. നിരന്തരം ചോദ്യങ്ങളെറിയുന്നവർ. രാജഭരണം പ്രതീകവത്കരിക്കുന്ന വ്യവസ്ഥാപിത അനീതികൾ അവസാനിക്കണമെന്ന് ആവശ്യപ്പെടുന്നവർ...

ബ്രിട്ടീഷ്-നൈജീരിയൻ ആക്‍ടിവിസ്റ്റും എഴുത്തുകാരിയും അഭിഭാഷകയുമാണ് ലേഖിക. കടപ്പാട്-ALJAZEERA

Show More expand_more