കുറ്റവാളികളെക്കുറിച്ചല്ല, ഭരണകൂടം ക്രിമിനൽ ഉപകരണമായി മാറുന്നതിലാണ് ആശങ്ക -അപൂർവാനന്ദ് എഴുതുന്നു
കൊല്ലപ്പെടുമെന്ന് മനസ്സിലാക്കി സുരക്ഷ നൽകണമെന്ന് സുപ്രീംകോടതിയോട് ആതിഖ് അഹ്മദുതന്നെ യാചിച്ചതാണ്. എന്നാൽ, കോടതി അയാളെ കേൾക്കാൻ കൂട്ടാക്കിയില്ല. അയാൾ ഭരണകൂടത്തിന്റെ സംരക്ഷണയിലാണെന്നാണ് പറഞ്ഞത്. ഇത്തരം കൊലപാതകങ്ങൾ പെരുകിയിട്ടുണ്ടെന്ന് അറിഞ്ഞിട്ടുപോലും ആതിഖ് അഹ്മദിന്റെ ഭയാശങ്ക കോടതി പരിഗണിച്ചില്ല.
നിയമവാഴ്ചയുടെ അരുംകൊലയാണ് കഴിഞ്ഞ ദിവസം രാജ്യം തത്സമയം കണ്ടത്, സമൂഹം അതിനെ ആഘോഷമാക്കുകയും ചെയ്തു. ഇന്ത്യൻ സമൂഹം മൊത്തത്തിലെന്ന് പറഞ്ഞുകൂടാ, സമൂഹത്തിലെ ഒരുവിഭാഗം ആ സംഭവത്തിൽ ആഹ്ലാദഭരിതരാണ്. ആ വിഭാഗത്തിൽ ആഴത്തിൽ വേരൂന്നിയിരിക്കുന്ന ഒരു രോഗത്തിന്റെ ലക്ഷണമാണിത്. രാജ്യത്തെ ബാക്കിയുള്ള ആളുകൾ ഇതേച്ചൊല്ലി വ്യാകുലരാണോ? ഇങ്ങനെയൊരു അസുഖം നിലനിൽക്കുന്ന കാര്യം അവർക്കറിയുമോ?
അലഹാബാദിലാണ്. ഓ, തെറ്റിപ്പോയി- പ്രയാഗ് രാജിലാണ് ഈ കൊലപാതകങ്ങൾ നടമാടിയത്. പൊലീസ് വലയത്തിൽ നിൽക്കേയാണ് ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയും രാഷ്ട്രീയക്കാരനുമായ ആതിഖ് അഹ്മദും സഹോദരൻ അഷ്റഫും വെടിയേറ്റ് മരിച്ചത്. കൊലയാളികൾ പൊലീസ് വലയത്തിലേക്ക് കടന്നുകയറി അസാധാരണമായ ലാഘവത്തിൽ വെടിയുതിർത്തു. അവിടെയുണ്ടായിരുന്ന പൊലീസുകാർ കൊലയാളികൾക്ക് തങ്ങളുടെ ഉന്നം കൃത്യമാക്കാൻ സൗകര്യപ്പെടുന്ന മട്ടിലെന്നവണ്ണം പിൻവാങ്ങി, അഥവാ, കൊലപാതകികളെ വിജയകരമായി പണി പൂർത്തിയാക്കാൻ അവർ അനുവദിച്ചു. കൃത്യനിർവഹണശേഷം കൊലയാളികൾ കീഴടങ്ങി, ദൃശ്യങ്ങളിൽ ജയ്ശ്രീറാം വിളികളും കേൾക്കാനാവുന്നുണ്ട്.
തത്സമയം കാണുന്ന ദാരുണ മരണങ്ങൾ
എല്ലുറഞ്ഞുപോകുന്ന ഈ കൊലപാതകങ്ങൾ ജനം തത്സമയം ടി.വിയിലൂടെ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. വാർത്ത അവതാരകർ ഈ ദൃശ്യങ്ങൾ കാണിച്ച് ഭ്രാന്തമായ ശബ്ദത്തിൽ ഓരോ ഫ്രെയിമും വിശകലനം ചെയ്തുകൊണ്ടിരുന്നു. പ്രേക്ഷകർക്ക് കൊലപാതകത്തിന്റെ ആവേശം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്ന കടമയിൽ അവർ ഏറെ ശ്രദ്ധാലുക്കളായിരുന്നു. ‘തത്സമയ കൊലപാതകം’ കാണിക്കുന്നതിന്റെ രസം ഒന്നുവേറെ തന്നെയാണല്ലോ!
ടി.വി ചാനലുകളുടെ കാര്യം വിടാം. ദ ഹിന്ദു പോലെയുള്ള പത്രങ്ങൾ ആതിഖ് അഹ്മദ് ‘എങ്ങനെ മണ്ണോട് ചേർന്നു’ എന്നതിനെക്കുറിച്ച് എഴുതുന്നു. മാഫിയാ കോ മേ മിട്ടി മേ മിലാ ദൂംഗാ (മാഫിയയെ ഞാൻ മണ്ണോട് ചേർക്കും) എന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാഗ്ദാനത്തെയാണ് പത്രം പിന്തുടരുന്നത്. വാഗ്ദാനം പാലിക്കപ്പെട്ടിരിക്കുന്നു. പരിഷ്കൃതരായ ആളുകൾക്കുപോലും അത് സ്വീകാര്യവുമായിരിക്കുന്നു.
ഇതേ മുഖ്യമന്ത്രിതന്നെ ഈ കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടതായും നാം കേൾക്കുന്നു. ഇത് സംഭവിച്ചത് കർമഫലമാണെന്ന് അദ്ദേഹത്തിന്റെ മന്ത്രിമാരിലൊരാൾ പറഞ്ഞത് വേറെ കാര്യം. മറ്റൊരു മന്ത്രി പറഞ്ഞത് ഇത് ദൈവിക നീതിയാണെന്നാണ്. ഇതിനെല്ലാം ശേഷവും ഇനിയും എന്തെങ്കിലും അന്വേഷിക്കാൻ ബാക്കിയുണ്ട് എന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ ഔപചാരികത നമ്മുടെ മനസ്സാക്ഷിക്ക് നല്ലതാണ് എന്നുമാത്രമേ പറയാനാവൂ.
ബി.ജെ.പി യുവജനവിഭാഗം പ്രവർത്തകർ ഈ സംഭവം പടക്കം പൊട്ടിച്ച് ആഘോഷിച്ചുവെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സംഘടിത പരമാനന്ദത്തിന്റെ ഒരു പരസ്യപ്രകടനം. വെറും രണ്ടേരണ്ട് ദിവസം മുമ്പാണ് ആതിഖ് അഹ്മദിന്റെ മകനെ പൊലീസ് ഒരു ‘ഏറ്റുമുട്ടലിൽ’ കൊലപ്പെടുത്തിയത്. ആതിഖിന്റെ ചോര ചിതറിത്തെറിക്കുന്ന നേരത്തും ആ കൊലപാതകത്തിന്റെ ആഘോഷം അവസാനിച്ചിരുന്നില്ല. മകൻ കൊല്ലപ്പെട്ടശേഷം ഒരു ഹിന്ദുത്വ സാധ്വി സമൂഹമാധ്യമത്തിൽ എഴുതിയത് ഇതൊരു ‘സൂചന’ മാത്രമാണെന്നായിരുന്നു. പിന്നീട് ആതിഖും കൊല്ലപ്പെട്ടു.
കൊല്ലപ്പെടുമെന്ന് മനസ്സിലാക്കി സുരക്ഷ നൽകണമെന്ന് സുപ്രീംകോടതിയോട് ആതിഖ് അഹ്മദുതന്നെ യാചിച്ചതാണ്. എന്നാൽ, കോടതി അയാളെ കേൾക്കാൻ കൂട്ടാക്കിയില്ല. അയാൾ ഭരണകൂടത്തിന്റെ സംരക്ഷണയിലാണെന്നാണ് പറഞ്ഞത്. ഇത്തരം കൊലപാതകങ്ങൾ പെരുകിയിട്ടുണ്ടെന്ന് അറിഞ്ഞിട്ടുപോലും ആതിഖ് അഹ്മദിന്റെ ഭയാശങ്ക കോടതി പരിഗണിച്ചില്ല. ആ ഭയാശങ്ക സത്യമാണെന്ന് തെളിഞ്ഞിരിക്കുന്നു. ആത്മാവിന് ഒരു അലോസരവുമില്ലാതെ കോടതിക്ക് ഇനിയും തുടരാനാകുമോ?
ആശങ്ക നിയമവാഴ്ചയെക്കുറിച്ച്
ക്രിമിനലായിരുന്ന ആതിഖ് അഹ്മദിനെ പിന്തുണക്കുന്നയാളാണ് ലേഖകൻ എന്ന് വായനക്കാർക്ക് തോന്നുന്നുണ്ടോ? അങ്ങനെ തോന്നാൻ തീർച്ചയായും സാധ്യതയുണ്ട്. ആതിഖ് അഹ്മദിന്റെ മകൻ ‘ഏറ്റുമുട്ടലിൽ’ കൊല്ലപ്പെട്ടതിനെ വിമർശിച്ചപ്പോൾ, നിങ്ങൾ കുറ്റവാളികളെ പിന്തുണക്കുകയാണോ, സമൂഹം അവരെ ഒഴിവാക്കുന്നതിൽ നിങ്ങൾ സന്തുഷ്ടരല്ലാത്തതെന്തേ എന്നാണ് ഞങ്ങളോട് ചോദിക്കപ്പെട്ടത്.
കുറ്റവാളികളെക്കുറിച്ചല്ല, നമ്മെ സംരക്ഷിക്കുന്നതിനും നിയമവാഴ്ച ഉറപ്പാക്കുന്നതിനുമായി രൂപപ്പെട്ട ഭരണകൂടം ഒരു ക്രിമിനൽ ഉപകരണമായി മാറുന്നതിലാണ് ഞങ്ങൾക്ക് ആശങ്ക. കൂടാതെ സമൂഹത്തിലെ ഒരുവിഭാഗത്തെ അതിന്റെ കുറ്റകൃത്യത്തിൽ പങ്കാളിയാക്കാനുള്ള ഭരണകൂടത്തിന്റെ ഗൂഢാലോചനയെക്കുറിച്ചും നിയമവാഴ്ചയുടെ അർഥം ജനമനസ്സുകളിൽനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു എന്നതിലുമാണ് ഞങ്ങളുടെ ആശങ്ക.
പക്ഷേ, സംഭവം നിയമവാഴ്ചയുടെ അരുംകൊലയേക്കാൾ വളരെ വലുതാണ്. എന്തുകൊണ്ടാണ് കൊലപാതകികൾ ജയ്ശ്രീറാം മുദ്രാവാക്യം മുഴക്കിയത്? മുസ്ലിംകൾക്കെതിരായ അതിക്രമങ്ങൾക്കൊപ്പം ഈ മുദ്രാവാക്യം സാധാരണമായിരിക്കുന്നു. അതായത്, ഇവിടെ കൊല്ലപ്പെട്ടത് വെറുമൊരു ക്രിമിനൽ മാത്രമാണോ? അൽപം അസ്വസ്ഥകരമാണെങ്കിലും പലരുടെയും മനസ്സുകളിൽ ഉയരുന്ന ഒന്നായതിനാൽ ഈ ചോദ്യം ചോദിക്കപ്പെടുകതന്നെ വേണം. എന്തുകൊണ്ടാണ് കൊലയാളികൾ ആ മുദ്രാവാക്യം ഉപയോഗിച്ചത്? ആ മുദ്രാവാക്യത്തിൽ വിശ്വസിക്കുന്നവർക്ക് വേണ്ടിയാണ് തങ്ങൾ ഈ കൃത്യം നടത്തിയതെന്ന് പറയാൻ ശ്രമിച്ചതാണോ അവർ?
ശ്രദ്ധതിരിക്കൽ തന്ത്രമോ?
ചില സുഹൃത്തുക്കൾ ഈ കൊലപാതകങ്ങൾ നടന്ന സമയത്തിന്റെ പ്രത്യേകതയാണ് ചൂണ്ടിക്കാട്ടുന്നത്. പുൽവാമ സംഭവവുമായി ബന്ധപ്പെട്ട് സർക്കാറിന്റെ അവഗണനയും സുരക്ഷാവീഴ്ചയും വിമാനത്തിനുള്ള അപേക്ഷ നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് റോഡ് മാർഗം സഞ്ചരിക്കാൻ നിർബന്ധിതമായതിനെയും സംബന്ധിച്ച് മുൻ ഗവർണർ സത്യപാൽ മലിക് നടത്തിയ ഗുരുതര വെളിപ്പെടുത്തലുകളിൽനിന്ന് ജനശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ് ഈ കൊലപാതകം നടത്തിയതെന്നാണ് അവർ പറയുന്നത്. അത് ശരിയാണെങ്കിൽ പോലും, കൊലപാതകങ്ങൾ എത്രമാത്രം നിഷ്ഠുരമാണ് എന്ന് ആർക്കും ബോധ്യമാവും. ശ്രദ്ധതിരിക്കൽ തന്ത്രം ഇതിനുമുമ്പും പലവട്ടം പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. മുസ്ലിംകൾക്കെതിരായി നടക്കുന്ന അക്രമങ്ങൾതന്നെ വിലക്കയറ്റവും തൊഴിലില്ലായ്മയും ഉൾപ്പെടെയുള്ള ദേശീയ വിഷയങ്ങളിൽനിന്ന് ശ്രദ്ധമാറ്റാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് പറയാറുണ്ട്. ഇപ്പോൾ ചോദിക്കേണ്ട ചോദ്യം, ഈ കൊലപാതകങ്ങളിൽ ‘ശ്രദ്ധ തിരിയുന്ന’ ആളുകൾ ആരാണ് എന്നതാണ്? അത്തരം കൊലപാതകങ്ങൾ ആർക്കാണ് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിക്കുന്നത്?
ഈ കൊലപാതകങ്ങൾ രാജ്യമനസ്സിന്റെ ഉള്ളറകളിലേക്ക് വഴുതിവീഴാൻ അനുവദിക്കണോ? എന്നിട്ട് നാം യഥാർഥ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ മതിയോ? എങ്കിൽ ഇപ്പോൾ യഥാർഥ വിഷയം ദേശസുരക്ഷയിൽ സർക്കാറിന് സംഭവിച്ച പരാജയമാണ്. നേരത്തേ തൊഴിലില്ലായ്മയും വിലക്കയറ്റവുമായിരുന്നു. പക്ഷേ കൊലപാതകങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു. പ്രത്യക്ഷത്തിൽ എല്ലാം നമ്മുടെ ശ്രദ്ധതിരിച്ചുവിടാൻ വേണ്ടിയാണ് താനും.!
അപ്പോൾ ഈ കൊലപാതകങ്ങൾ തന്നെയല്ലേ യഥാർഥ പ്രശ്നമെന്ന് ഒരുഘട്ടത്തിലെങ്കിലും നമ്മൾ ചോദിക്കേണ്ടതില്ലേ?