Begin typing your search above and press return to search.
proflie-avatar
Login

ഏക സിവിൽ കോഡ്: വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്തുകൊണ്ട് എതിർക്കുന്നു?

ഏക സിവിൽ കോഡ്:  വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്തുകൊണ്ട് എതിർക്കുന്നു?
cancel
എന്തുകൊണ്ടാണ് ഇപ്പോൾ ഏക സിവിൽ കോഡ് നടപ്പാക്കുന്നില്ലെന്ന് കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജുവിന് പാർല​മെന്റിൽ പറയേണ്ടി വന്നത്?. എന്തുകൊണ്ടാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഏക സിവിൽകോഡിനെതിരെ ​പ്രതിഷേധം ഉയരുന്നത്? -വിശകലനം.

ക സിവിൽ കോഡിനെതിരെ മിസോറാം ഗവൺമെന്റ് പ്രമേയം പാസാക്കാൻ ഒരുങ്ങുന്നു. രാജ്യത്ത് ഏകസിവിൽ കോഡ് നടപ്പാക്കാനുള്ള ബി.ജെ.പിയുടെയും കേന്ദ്രത്തിന്റെ നീക്കങ്ങൾ ചൂടുപിടിച്ചിരിക്കവേയാണ് മിസോറാം ഗവൺമെന്റിന്റെ നീക്കം. മിസോ നാഷനൽ ഫ്രണ്ടാണ് സംസ്ഥാനത്ത് അധികാരത്തിലുള്ളത്.

നിർദിഷ്ട ഏക സിവിൽകോഡിനെ എതിർക്കുന്നവരായി പൊതു​വെ അവതരിപ്പിക്കാറുള്ളത് മുസ്‍ലിംകൾ അടക്കമുള്ള ന്യൂനപക്ഷ മതവിഭാഗങ്ങളെയാണ്. എന്നാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പല ഭാഗങ്ങളിലും ഈ വിഷയം അതേ പ്രാധാന്യത്തോടെ ചർച്ചചെയ്യപ്പെടുന്നുണ്ടെന്നതാണ് യാഥാർഥ്യം. മേഖലയിലെ ഗോത്രവിഭാഗങ്ങൾക്ക് സിവിൽകോഡിനെക്കുറിച്ച് വലിയ ആശങ്കകളുണ്ട്. ഭരണഘടന തങ്ങൾക്ക് നൽകുന്ന അവകാശങ്ങൾ സിവിൽ കോഡിനാൽ ഹനിക്കപ്പെടുന്നും തലമുറകളായി പാലിക്കപ്പെടുന്ന ആചാരങ്ങൾ തകർക്കപ്പെടുമെന്നും അവർ ഭയപ്പെടുന്നു.

വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്ത് അടക്കമുള്ള വിഷയങ്ങളിലെല്ലാം ഏകീകൃത സ്വഭാവമുള്ള വ്യക്തിനിയമമാണ് യൂണിഫോം സിവിൽ കോഡിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ ഓരോ സമുദായത്തിലെയും വ്യക്തി നിയമമനുസരിച്ചാണ് ഇവ തീരുമാനിക്കപ്പെടുന്നത്. ഇത് എല്ലാകാലത്തും ഇന്ത്യയിൽ വലിയ തർക്കങ്ങളുണ്ടാക്കിയ വിഷയമാണ്. കേന്ദ്രഭരണം കൈയ്യാളുന്ന ബി.ജെ.പിയുടെ ദീർഘകാല ആവശ്യങ്ങളിലൊന്നാണ് ഏക സിവിൽകോഡ്. അതേ സമയം തന്നെ പ്രതിപക്ഷവും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളും ഇതിനെ എതിർത്തും വരുന്നു. സിവിൽ കോഡിനെ അനുകൂലിക്കന്ന പലർക്കും ബി.ജെ.പി കൊണ്ടുവരുന്ന സിവിൽ കോഡിനെക്കുറിച്ച് ആശങ്കകൾ വേറെയുമുണ്ട്. ഇത് ഇന്ത്യയുടെ സാമൂഹിക ഘടനയെയും നാനത്വത്തിൽ ഏകത്വം എന്ന ആശയത്തെയും ഉടക്കുമെന്നാണ് അവരുടെ വാദം.

മിസോറാം മുഖ്യമന്ത്രി സോറോംതംഗ

ഹിന്ദുത്വ പാർട്ടിയുടെ ദീർഘകാല ആവശ്യങ്ങളിലൊന്നായ ഏക സിവിൽ കോഡ് നടപ്പാക്കാൻ തങ്ങൾ പ്രതിജ്ഞാ ബദ്ധരാണെന്ന് നവംബറിൽ കേന്ദ്ര ആഭ്യന്തര മന്ത്രികൂടിയായ അമിത് ഷാ ഊന്നിപ്പറഞ്ഞിരുന്നു. ‘‘ഇത് പറയുന്നത് ബി.ജെ.പി മാത്രമല്ല, ഭരണഘടനയുടെ കോൺസ്റ്റ്യൂവന്റ് അസംബ്ലി തന്നെ ഉചിതമായ സമയത്ത് യൂണിഫോം സിവിൽ കോഡ് നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോടും പാർലമെന്റിനോടും പറഞ്ഞിട്ടുണ്ട്’’ -ഭരണഘടനയുടെ നിർദേശകതത്വങ്ങളിൽ ഉൾപ്പെടുത്തിയ നിർദേശം ചൂണ്ടിക്കാണിച്ചായിരുന്നു അമിത് ഷായുടെ പരാമർശം. ‘‘ഒരു മതേതര രാജ്യത്തും നിയമം നടപ്പാക്കുന്നത് മതത്തിന്റെ പേരിലായിരിക്കരുത്. രാജ്യം മതേതരമായിരിക്കുമ്പോൾ എങ്ങനെയാണ് നിയമങ്ങൾ മതത്തിന്റെ പേരിൽ നിർമിക്കപ്പെടുക?. എല്ലാവിശ്വാസികളും പാർലമെന്റും സംസ്ഥാന അസംബ്ലികളും പാസാക്കുന്ന ഒരൊറ്റ നിയമത്തിന് കീഴിലായിരിക്കണം’’ - ഷാ കൂട്ടിച്ചേർത്തു.

ബി.ജെ.പി ഭരിക്കുന്ന ഗുജറാത്ത്, കർണാടക, ഉത്തരാഖണ്ഡ് അടക്കമുള്ള സംസ്ഥാനങ്ങൾ സിവിൽകോഡിലേക്കുള്ള ആദ്യപടിയായി പര്യവേക്ഷണ കമ്മറ്റികളെ നിയമിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ വാദങ്ങൾക്കപ്പുറം സിവിൽ കോഡിനായി ബി.ജെ.പി നീക്കങ്ങളൊന്നും നടത്തിയിട്ടില്ല. വ്യാഴാഴ്ച നടന്ന പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു ഏക സിവിൽ കോഡിനായി നീക്കങ്ങളൊന്നും നടത്തിയിട്ടില്ല എന്നാണ് അറിയിച്ചത്. വിഷയം 22ാമത് നിയമ കമീഷന്റെ പരിഗണയിലാണെന്നും മന്ത്രി പറഞ്ഞു. ഇതിനെക്കുറിച്ച് നിരവധി അവ്യക്തകതകൾ നിലനിൽക്കുന്നുണ്ട്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും വിഷയത്തെച്ചൊല്ലിയുടെ ആശങ്കകൾ ഉയർന്നതോടെയാണ് ബി.ജെ.പി ബില്ലിനായി നീക്കങ്ങളൊന്നും നടന്നിട്ടില്ലെന്ന് അറിയിക്കുന്നത്. ‘‘ഇതിനെക്കുറിച്ച് ഇപ്പോഴൊന്നും പേടിക്കാനില്ല. നിയമങ്ങളുണ്ടാക്കുന്നത് സമൂഹത്തിന്റെ നന്മക്കാണ്. അതുകൊണ്ടുതന്നെ രാജ്യത്തിന് ഏറ്റവും നല്ലത് എന്താണെന്നത് പാർലമെന്റ് തീരുമാനിക്കും. ഇനി എന്തെങ്കിലും പോരായ്മകൾ അതിനുണ്ടെങ്കിൽ നമുക്കത് സമയം വരുമ്പോൾ പരിശോധിക്കാം’’- മിസോറാം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വൻലാമോകയുടെ പ്രതികരണം ഇങ്ങനെയാണ്.

ഒരു മുഴം മുമ്പേ നീട്ടിയെറിയുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ

എന്നാൽ സിവിൽകോഡിനെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുമെന്ന ഉറപ്പ് പരാജയപ്പെട്ടതായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുള്ളവർ കരുതുന്നു. മതന്യൂനപക്ഷങ്ങളിൽ നിന്നും കേന്ദ്രം എതിർപ്പ് പ്രതീക്ഷിച്ചിരുന്ന വിഷയത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും വലിയ പ്രതിഷേധം ഉയരുകയാണ്. എന്നാൽ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി ഈ വിഷയം മുമ്പേ പറഞ്ഞിരുന്നു. ഏക സിവിൽ കോഡ് മുസ്‍ലിം വിഷയമല്ലെന്നും നാഗാലാൻഡ്, മിസോറാം അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നും എതിർപ്പുകൾ ഉയരുമെന്നും ഉവൈസി 2016ലേ പറഞ്ഞിരുന്നു.

മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ വനിതകൾക്ക് 33% ശതമാനം സംവരണം ഏർപെടുത്താനുള്ള നാഗാലാൻഡ് സർക്കാർ തീരുമാനത്തിനെതിരെ നടന്ന പ്രതിഷേധങ്ങളിലൊന്ന്

മിസോറാം നിയമസഭ പ്രമേയം പാസാക്കാൻ ഒരുങ്ങുന്നത് മേഖലയിൽ നിന്നും ഈ വിഷയത്തിലുള്ള ആദ്യ ചലനങ്ങളിലൊന്നാണ്.2017ൽ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ വനിതകൾക്ക് 33% ശതമാനം സംവരണം ഏർപെടുത്താൻ നാഗാലാൻഡ് സർക്കാർ തീരുമാനിച്ചിരുന്നു. കോടതി ഉത്തരവിനെത്തുടർന്നായിരുന്നു ഈ തീരുമാനം. എന്നാൽ ഇത് വ്യാപക പ്രതിഷേധങ്ങൾക്കിടയാക്കി. മരണങ്ങളും അക്രമാസക്തമായ സമരങ്ങളുമുണ്ടായി. മുഖ്യമന്ത്രിയായ ടി.ആർ സീല്യാങ്ങിന്റെ രാജിയിലേക്കും വിഷയമെത്തിച്ചു. തങ്ങളുടെ പാരമ്പര്യ നിയമങ്ങൾക്കെതിരെയുള്ള കടന്നുകയറ്റമായാണ് നാഗ ഗ്രൂപ്പുകൾ വിഷയത്തെ കണ്ടത്.

ജനുവരിയിൽ മേഘാലയ മുഖ്യമന്ത്രി കോൻറഡ് സാങ്മ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. ‘‘ഏത് തരത്തിലുള്ളതായാലും ഏക സിവിൽ കോഡിനെ അംഗീകരിക്കില്ല. കാരണം അത് ഈ സംസ്ഥാനത്തെ ജനങ്ങളു​ടെ സംസ്കാരത്തെ ബാധിക്കും. ഒരു രാഷ്ട്രീയപാർട്ടിയെന്ന നിലയിൽ ഇതൊരിക്കലും അംഗീകരിക്കില്ല’’ -സാങ്മ പറഞ്ഞു. ബി.ജെ.പി സഖ്യകക്ഷിയായ എൻ.പി.പി നേതാവ് കൂടിയാണ് സാങ്മ. ഇതേ വാദം വടക്കുകിഴക്കിലെ പ്രതിപക്ഷ പാർട്ടികൾക്കുമുണ്ട്.

മേഘാലയ മുഖ്യമന്ത്രി കോൻറഡ് സാങ്മ

മിസോ നാഷനൽ ഫ്രണ്ട് നേതാവും എം.എൽ.എയുമായ താങ് വാമിയ ഈ വിഷ​യത്തെക്കുറിച്ച് പ്രതികരിച്ചതിങ്ങനെ ‘‘ എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ മിസോകൾക്കിടയിൽ ഈ നിയമം അസാധ്യമാണ്. ഇത് അതിനുള്ള ഉചിതമായ സമയമല്ലെന്നും പ്രായോഗികമല്ലെന്നും ഞാൻ ചിന്തിക്കുന്നു. ഏക സിവിൽ കോഡ് നടപ്പാക്കാൻ വലിയ ബുദ്ധിമുട്ടാകും. അശയപരമായി ഈ നിയമം നല്ലതാണെന്ന് ഞാൻ കരുതുന്നു. അതേസമയം പ്രായോഗികമായി അത് നല്ലതല്ലെന്നും കരുതുന്നു ’’ -താങ് വാമിയ പ്രതികരിച്ചു. ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയുടെ ഭാഗമാണ് മിസോ നാഷനൽ ഫ്രണ്ട്. ദേശീയ തലത്തിൽ എൻ.ഡി.എയുടെ ഭാഗമാണെങ്കിലും സംസ്ഥാന തലത്തിൽ ഇരുപാർട്ടികളും തമ്മിൽ സഖ്യമില്ല.

ഹിന്ദുക്കൾക്കിടയിൽ വലിയ വൈരുധ്യങ്ങൾ ഉള്ളതുപോലെ ഗോത്രവിഭാഗങ്ങളിലും ഉപഗോത്ര വിഭാഗങ്ങളിലുമെല്ലാം വ്യത്യസ്ത രീതികളാണ് നിലവിലുള്ളത്. ഞങ്ങളുടെ രീതികൾ പ്രാചീനകാലം മുതലുള്ളതാണ്. അത് ഓരോ കുടുംബങ്ങളിലും വ്യത്യസ്തവുമാണ്. അതുകൊണ്ടുതന്നെ എല്ലാവരെയും ഒരേ ആചാരത്തിലേക്കും നിയമത്തിലേക്കും കൊണ്ടുവരാൻ സാധിക്കില്ല‘‘- താങ് വാമിയ കൂട്ടിച്ചേർത്തു.

220 ഓളം ഗോത്രസമൂഹങ്ങളുള്ള വടക്കുകിഴക്കൻ മേഖല ലോകത്തിലെ തന്നെ ഏറ്റവും സാംസ്കാരിക വൈവിധ്യമുള്ള പ്രദേശങ്ങളിലൊന്നാണ്. ഏക സിവിൽ കോഡിനെ എതിർക്കുന്ന മിസോറാം, നാഗാലാൻഡ്, മേഘാലയ സംസ്ഥാനങ്ങളിൽ മഹാഭൂരിപക്ഷവും ഗോത്രവിഭാഗങ്ങളാണ്. 2011 സെൻസസ് പ്രകാരം മിസോറമിൽ 94.4% വും നാഗാലാൻഡിൽ 86.5%വും മേഘാലയയിൽ 86.1% വും ഗോത്രവിഭാഗങ്ങളാണ്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്രവിഭാഗങ്ങളുടെ ആചാര നിയമങ്ങൾ സംരക്ഷിക്കുമെന്നത് ഭരണഘടന ഉറപ്പുനൽകിയതാണ്. മിസോറാം നിയമസഭ അംഗീകരിക്കുന്നതുവരെ പാർലമെന്റിന്റെ മതപരമോ സാമൂഹിക പരമോ ആയ ഒരു തീരുമാനവും മിസോ വംശീയ വിഭാഗങ്ങൾക്ക് ബാധകമായിരിക്കില്ലെന്ന് ഭരണഘടനയുടെ ആർട്ടിക്കിൾ 371G യിൽ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഏതുതരത്തിലുള്ള ഏകീകൃത സിവിൽ കോഡും ഭരണഘടനയുടെ നിർദേശത്തിന് എതിരായിമാറും. കേന്ദ്രത്തിന്റെ തീരുമാനം മിസോറാമിന് പുറമെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും വലിയ പ്രതിഷേധങ്ങളുണ്ടാക്കുമെന്നും താങ്‍വാമിയ മുന്നറിയിപ്പ് നൽകുന്നു.

നിയമവിദഗ്ധരും വിഷയത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്. 21ാം നിയമ കമീഷനെ നയിച്ച ജസ്റ്റിസ് ബി.എസ് ചൗഹാൻ ഏക സിവിൽകോഡ് ഭരണഘടനാപരമായി അസാധ്യമാണെന്ന വാദക്കാരനാണ്. ‘‘ഇന്ത്യൻ പീനൽകോഡും ഇന്ത്യൻ ക്രിമിനൽ നടപടിക്രമവും (CrPC) ബാധകമല്ലാത്ത വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഒരുപാട് മേഖലകളുണ്ട്. അവിടെ എങ്ങ​നെ ഏക സിവിൽ കോഡ് നടപ്പാക്കും?. സിവിൽകോഡ് കൊണ്ടുവരുന്നതിന് മുമ്പ് വിവിധ മതങ്ങൾക്കുള്ള വ്യക്തിനിയമങ്ങളും മാറ്റിപ്പണിയേണ്ടി വരും’’ -ചൗഹാൻ ‘ദി പ്രിന്റിനോട്’ പറഞ്ഞു.

21ാമത് നിയമകമീഷന്റെ കരട് റിപ്പോർട്ടിൽ ഏക സിവിൽ കോഡ് ഈ ഘട്ടത്തിൽ അഭികാമ്യമോ ആവശ്യമോ അല്ലെന്നാണ് പറയുന്നത്. കമീഷൻ അന്തിമ റിപ്പോർട്ട് ഇനിയും സമർപ്പിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

മാധ്യമ പ്രവർത്തകനും കാർഡിഫ് യൂനിവേഴ്സിറ്റിയിൽ നിന്നും മാസ്റ്റേഴ്സ് ബിരുദധാരിയുമാണ് ലേഖകൻ
സ്വതന്ത വിവർത്തനം -Madhyamam Weekly Webzine Desk
കടപ്പാട് : scroll.in


Show More expand_more
News Summary - Why some North Eastern states are opposing the Uniform Civil Code