Begin typing your search above and press return to search.
proflie-avatar
Login

2026ൽ തമിഴകം വിജയ് ഭരിക്കുമോ?

പുതിയ പാർട്ടിയുമായി തമിഴക രാഷ്ട്രീയത്തിലേക്ക് മാസ് എൻട്രി നടത്തിയ നടൻ വിജയിയുടെ ഭാവി എന്താവും?

2026ൽ തമിഴകം വിജയ് ഭരിക്കുമോ?
cancel
camera_alt

2024 ഒക്ടോബർ 27ന് തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ) വിക്രവണ്ടിയിലെ ആദ്യ സമ്മേളനത്തിൽ വിജയ് അനുയായികളെ അഭിവാദ്യം ചെയ്യുന്നു





എല്ലാവെല്ലുവിളികളെയും അതിജീവിച്ച്, വില്ലന്മാരെ നിലംപരിശാക്കി വിജയശ്രീലാളിതനാകുന്ന നായകനാണ് സിനിമയിൽ വിജയ്. പണം മുടക്കാൻ ഒരു നിർമാതാവും പഞ്ച് ഡയലോഗുകൾ എഴുതാൻ കൃതഹസ്തനായ ഒരു തിരക്കഥകൃത്തും സിനിമ സാക്ഷാത്കരിക്കാൻ നല്ലൊരു സംവിധായകനുമുണ്ടെങ്കിൽ ഈ വിജയം അനായാസം. എന്നാൽ ഇത്തരം സിനിമാവിജയങ്ങൾ നൽകുന്ന പ്രതിച്ഛായയിൽ രാഷ്ട്രീയത്തിൽ വിജയിക്കുക എളുപ്പമല്ല.

അതികായർ ഇടറിവീണ വഴി

സമീപകാലത്ത് തമിഴകത്ത് സിനിമാരാഷ്ട്രീയം പയറ്റി പരാജിതനായ താരങ്ങൾ നിരവധി. സൂപ്പർ സ്റ്റാറിന്‌പേലും തുടക്കത്തിലേ പിന്തിരിയേണ്ടിവന്നു. എൻ വഴി തനി വഴി എന്നു പ്രഖ്യാപിച്ച രജനികാന്ത് രാഷ്ട്രീയത്തിലേക്കുള്ള തനിവഴിയിലേക്ക് വെക്കാൻ ഓങ്ങിയ കാൽ പിൻവലിക്കുകയായിരുന്നെങ്കിൽ ഇപ്പോൾ വിജയ് രാഷ്ട്രീയത്തിലേക്കുള്ള തന്റെ തനിവഴിയിൽ ഉറച്ച കാൽവെപ്പോടെ പ്രവേശിച്ച്‌ കഴിഞ്ഞിരിക്കുന്നു. വിജയിന്റെ രാഷ്രീയപ്രവേശത്തെക്കുറിച്ചുള്ള അഭ്യുഹങ്ങൾക്കെല്ലാം അറുതി കുറിച്ചുകൊണ്ടാണ് അദ്ദേഹം തമിഴക വെട്രി കഴകം എന്ന തന്റെ കക്ഷിയുടെ പ്രഖ്യാപനം നടത്തിയത്.

ലക്ഷ്യം വ്യക്തം

പാർട്ടിക്ക് നൽകിയ പേരിൽത്തന്നെ തന്റെ ലക്ഷ്യം തമിഴകത്ത് വിജയിക്കുക, അധികാരം നേടുക എന്നതാണെന്ന് വിജയ് വ്യക്തമാക്കിയിരിക്കുന്നു. പാർട്ടിയുടെ പേരിനപ്പുറം കൊടിയും ചിഹ്നവും പുറത്തിറക്കുകയും നയവും ഫിലോസഫിയും പ്രഖ്യാപിക്കുകയും ചെയ്‌തുകൊണ്ട് 2026ലെ നിയമസഭാതെരഞ്ഞെടുപ്പിനുവേണ്ടി ഒരുങ്ങാൻ അദ്ദേഹം അണികളെ ആഹ്വാനം ചെയ്തിരിക്കുകയാണ്. നിയമസഭാതെരഞ്ഞെടുപ്പിൽ മത്സരിച്ച് ഏതാനും സീറ്റുകൾ നേടുകയല്ല, അധികാരം പിടിച്ചെടുക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം അസന്ദിഗ്ധമായി വ്യക്തമാക്കിയിരിക്കുന്നു. പക്ഷെ, വിജയിന്റെ രാഷ്ട്രീയ പാത അത്ര സുഗമമായിരിക്കുമോ?

സിനിമയും തമിഴ് രാഷ്ട്രീയവും

സിനിമയിലൂടെ നേടിയെടുത്ത പേരും പ്രശസ്തിയും തന്നെയാണ് വിജയിന്റെ രാഷ്ട്രീയത്തിലുള്ള നിക്ഷേപം. സിനിമാരാഷ്ട്രീയം തമിഴകത്തിന് പുത്തിരിയൊന്നുമല്ല. നാടകവും സിനിമയും ഉപയോഗിച്ചാണ് അണ്ണാദുരെയും കരുണാധിനിയും ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (ഡി.എം.കെ) രാഷ്ട്രീയപാത വെട്ടിത്തെളിച്ചത്. പിന്നീടത് മുഖ്യമായും സിനിമതന്നെയായി. തുടക്കത്തിൽ സിനിമയ്ക്കുവേണ്ടി തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കുന്ന കഥകളും തിരക്കഥകളും അണ്ണാദുരെയും കരുണാധിനിയും രചിച്ചു. രാഷ്ട്രീയസിനിമകൾ തന്നെയായിരുന്നു അവ. എന്നാൽ പിൽക്കാലത്ത് ആ രാഷ്ട്രീയ സിനിമകൾക്കുപകരം സിനിമാരാഷ്ട്രീയം രംഗം കൈയ്യടക്കി. തമിഴ്‌നാട്ടിൽ അധികാരത്തിൽ വേരാഴ്ത്തിനിന്ന കോൺഗ്രസിനെ പിഴുതെറിഞ്ഞ് ഡി.എം.കെ അധികാരത്തിൽ വന്നു. കെ. കാമരാജും ഭക്തവത്സലവും പോലെയുള്ള അതികായന്മാരായ നേതാക്കൾ നയിച്ചിരുന്ന കോൺഗ്രസിനെയാണ് അവർ നിലം പതിപ്പിച്ചത്. അക്കാലത്ത് ഡി. എം.കെയുടെ താരപ്രചാരകരായിരുന്നു എം.ജി.ആർ, എസ്‌.എസ്‌.ആർ (രണ്ടുപേരും പാർട്ടി എം.എൽ.എ മാരുമായി) തുടങ്ങിയ സിനിമാതാരങ്ങൾ. പിൽക്കാലത്ത് പാർട്ടി, താരങ്ങളെ പ്രത്യേകിച്ച് എം.ജി.ആറിനെ ആശ്രയിക്കാൻ തുടങ്ങി. ദീർഘകാലം ഡി.എം.കെയുടെ നിയമസഭാംഗവും ട്രഷററും ആയിരുന്നു അദ്ദേഹം. എഴുപതുകളിൽ എം.ജി.ആർ കരുണാനിധിയുടെ കുടുംബ രാഷ്ട്രീയത്തിനെതിരെ കടുത്ത അഴിമതി ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് എ.ഡി.എം.കെ രൂപീകരിച്ചത്. വലിയൊരു ആരാധകവൃന്ദം തന്നോടോപ്പം ഉണ്ടെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. എന്നാൽ ആൾകൂട്ടംകൊണ്ട് ഒരു പാർട്ടി ഉണ്ടാക്കാനാവില്ലെന്ന് ദീർഘകാലം ഡി.എം.കെയിൽ പ്രവർത്തിച്ച അദ്ദേഹത്തിന് അറിയാമായിരുന്നു. അതിനാൽ ഡി.എം.കെയെ നെടുകെ പിളർത്തുകയും നല്ലൊരു വിഭാഗം നേതാക്കളെയും അണികളെയും കൂടെ നിർത്തുകയും ചെയ്തുകൊണ്ടാണ് എം.ജി.ആർ എ.ഐ.എ.ഡി.എം.കെ രൂപീകരിച്ചത്. തുടർന്ന് സംഭവിച്ചതെല്ലാം ചരിത്രം. എം.ജി. ആറിന്റെ മരണശേഷം തുടക്കത്തിൽ ചില പ്രശ്നങ്ങളുണ്ടായെങ്കിലും, അദ്ദേഹത്തിന്റെ പാർട്ടിയെ മൊത്തത്തിൽ ഏറ്റെടുക്കുകയായിരുന്നു ജയലളിത. കരുണാനിധിയോടുള്ള വിരോധം തന്നെ അവരും മുഖ്യ രാഷ്ട്രീയ ആയുധമാക്കി.





വിജയിയുടെ സാധ്യതകൾ

എം.ജി.ആർ, ജയലളിത എന്നിവരെപ്പോലെ താരപ്രഭയുള്ള രാഷ്ട്രീയം കാഴ്ചവെക്കാൻ തമിഴ്‌നാട്ടിൽ ഇതുവരെ മറ്റാർക്കും കഴിഞ്ഞിട്ടില്ല. പതിനെട്ട് എം.എൽ.എമാരുമായി പ്രതിപക്ഷനേതാവുവരെ ആയി എങ്കിലും വിജയകാന്തിന്റെ ഡി.എം.ഡി.കെക്ക് ഭരണം കയ്യാളാൻ കഴിയുംവിധം കരുത്താർജിക്കാനായില്ല. കമലഹാസന്റെ മക്കൾ നീതി മയ്യം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ മലർന്നടിച്ചുവീണു. ഈ പശ്ചാത്തലത്തിലാണ് രാഷ്ട്രീയത്തിലിറങ്ങുന്നതെങ്കിലും വലിയ പ്രതീക്ഷയാണ് വിജയ് നൽകുന്നത്. ഇതിനുകാരണം വിദ്യാർഥികളിലും ഐ.ടി പോലുള്ള തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്ന യുവാക്കളിലും അദ്ദേഹത്തിനുള്ള സ്വാധീനമാണ്. അദ്ദേഹം കക്ഷി പ്രഖ്യാപനം നടത്തിയ നിമിഷം മുതൽ സമൂഹമാധ്യമങ്ങളിൽ അവർ കൊണ്ടുപിടിച്ച പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. കൂടാതെ, താരത്തിന്റെ ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം ഗണ്യമായ ഒരു യുവസംഘമെന്ന നിലക്കാണ് രൂപീകരിക്കപ്പെട്ടിട്ടുള്ളതും സാമൂഹ്യസേവനരംഗങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതും.

ഡി.എം.കെ, ബി.ജെ.പി പാളയത്തിൽ അങ്കലാപ്പ്

അനേകം ചെറുകക്ഷികളിൽ ഒന്നായിമാറി അധികാരത്തിന്റെ അപ്പക്കഷണങ്ങളിൽ ഒന്ന് കൈപ്പറ്റാൻ താൻ തയാറല്ലെയെന്നും അപ്പം മുഴുവനായും തന്റെ പാർട്ടി ആഗ്രഹിക്കുന്നുവെന്നുമാണ് പാർട്ടി നയം പ്രഖ്യാപിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രസ്താവന സൂചിപ്പിക്കുന്നത്. ഈ സൂചന നിലവിൽ തമിഴ്‌നാട് രാഷ്ട്രീയത്തിലെ എല്ലാ തല്പരകക്ഷികളെയും (stakeholders) അങ്കലാപ്പിലാക്കിയിട്ടുണ്ട്. ചെറുപ്പക്കാരെ വലിയ തോതിൽ ആകർഷിക്കാൻ കഴിവുള്ള വിജയിന്റെ രാഷ്ട്രീയപ്രവേശം തങ്ങൾക്ക് വലിയ തലവേദനയാകുമെന്ന് ഡി.എം.കെ തിരിച്ചറിയുന്നുണ്ട്. തമിഴ്നാട് രാഷ്ട്രീയത്തിൽ കാലുറപ്പിക്കാനും നിവർന്നുനിൽക്കാനും കിണഞ്ഞു ശ്രമിക്കുന്ന ബി.ജെ.പിയും അങ്കലാപ്പിലാണ്. 2017 ൽ പുറത്തിറങ്ങിയ വിജയിന്റെ മെർസൽ എന്ന സിനിമയിൽ ജി.എസ്.ടി, ഡിജിറ്റൽ ഇന്ത്യ തുടങ്ങിയവരെക്കുറിച്ചുള്ള വിമർശനങ്ങൾ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിനെതിരാണെന്ന് ചൂണ്ടിക്കാട്ടി അന്നേ സംസ്ഥാന ബി.ജെ.പി നേതൃത്വം ബഹളം വെച്ചിരുന്നു. ആ നിലയിൽ വിജയിന്റെ പാർട്ടി എതിർക്കപ്പെടേണ്ട ഒരു രാഷ്ട്രീയ ശക്തിയായിരിക്കുമെന്നാണ് അവർ കരുതുന്നത്.

വിജയിനെ വെല്ലുന്ന ഒരു താരത്തെ പ്രചാരണരംഗത്തിറക്കാൻ ഡി.എം.കെ അടക്കമുള്ള എതിരാളികൾക്ക് കഴിയുകയില്ല. കാരണം അങ്ങനെ ഒരാൾ ഇപ്പോൾ തമിഴ് സിനിമയിൽ ഇല്ല എന്നതുതന്നെ.




മുമ്പേ രാഷ്ട്രീയം പറഞ്ഞുതുടങ്ങിയ വിജയ്

സിനിമയും രാഷ്ട്രീയവും ഒന്നിച്ച് കൊണ്ടുപോകുകയില്ലെന്നും മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തനമാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എം.ജി.ആർ സ്വന്തം പാർട്ടി രൂപീകരിക്കുന്നതിന് മുമ്പുതന്നെ തന്റെ സിനിമകളിലൂടെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാക്കിയിരുന്നു. അതുപോലെ വിജയിന്റെ ഇനി പുറത്തിറങ്ങാനിരിക്കുന്ന സിനിമകളിൽ രാഷ്ട്രീയം പ്രതീക്ഷിക്കപ്പെടുന്നുണ്ട്. കഴിഞ്ഞവർഷം ചെന്നൈയിൽ 10 ,12 ക്ലാസുകളിലെ വിദ്യാർഥികളെ അഭിസംബോധന ചെയ്തുകൊണ്ട് വിജയ് ഇങ്ങനെ പറയുകയുണ്ടായി: "നിങ്ങൾ നിങ്ങളുടെ രക്ഷിതാക്കളോട് തെരഞ്ഞെടുപ്പിൽ പണം വാങ്ങാതെ വോട്ടുചെയ്യാൻ ആവശ്യപ്പെടണം. നിങ്ങൾ അതിൽ വിജയിച്ചാൽ അത് വലിയ മാറ്റമുണ്ടാക്കും. ഒന്നര ലക്ഷം വോട്ടർമാരുള്ള ഒരു മണ്ഡലത്തിൽ ഒരു വോട്ടർക്ക് 1000 രൂപ നൽകുന്ന ഒരു രാഷ്ട്രീയക്കാരനെ പരിഗണിക്കുക. അയാൾ എത്ര രൂപ കൈക്കൂലിയായി നൽകിയിരിക്കണം, ഏകദേശം 15 കോടി? ഒരാൾ 15 കോടി രൂപ കൈക്കൂലി നൽകിയാൽ അതിനുമുമ്പ് അയാൾ എത്ര സമ്പാദിച്ചിരിക്കും? ഈ അറിവുകളെല്ലാം നിങ്ങളുടെ വിദ്യാഭ്യാസത്തിൻ്റെ ഭാഗമാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു" തടിച്ചുകൂടിയ വിദ്യാർത്ഥികൾ ആവേശകരമായ കരഘോത്തോടെയാണ് ആ വാക്കുകൾ സ്വീകരിച്ചത്.

ഡി.എം.കെയെ ലക്ഷ്യമാക്കിയുള്ള വിമര്ശനമായാണ് അതിനെ പലരും വ്യാഖ്യാനിച്ചത്. അതെന്തായാലും വിജയിന്റെ പ്രചാരണശൈലിയുടെ ഒരു മാതൃകയായി ഇതിനെ കാണാവുന്നതാണ്. പുതിയ തലമുറ വോട്ടർമാരെ അഭിസംബോധന ചെയ്യുക, അവരിലൂടെ മുതിർന്നവരിലേക്ക് എത്തുക എന്നതോടൊപ്പം തന്റെ താരപരിവേഷം പ്രയോജനപ്പെടുത്തുക എന്നതുകൂടിയാകുമ്പോൾ കിടയറ്റ ഒരു പ്രചാരണ രീതി വിജയിന് കൈവരും. അതിന്റെ ഫലമറിയാൻ 2026 -വരെ കാത്തിരിക്കാം.

ആൾകൂട്ടത്തെ പാർട്ടിയാക്കാൻ കഴിയണം

വിജയ് തന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ എം.ജി.ആറിനെയും എൻ.ടി.ആറിനെയും പരാമര്ശിക്കുകയുണ്ടായി. സിനിമാരാഷ്ട്രീയത്തിന്റെ കാര്യത്തിൽ അവരാണ് അദ്ദേഹത്തിന് പ്രതീക്ഷ നൽകുന്നത്. എന്നാൽ അവർ പാർട്ടി രൂപീകരിക്കുമ്പോഴുണ്ടായിരുന്ന സാഹചര്യമല്ല, വിജയ് നേരിടുന്നത്. മുകളിൽ സൂചിപ്പിച്ചപോലെ എം.ജി.ആറിന് ഡി.എം.കെയിൽനിന്നും പിളർത്തിയെടുത്ത ഒരു പാർട്ടി സംവിധാനം കൈയിലുണ്ടായിരുന്നു. എൻ.ടി.ആർ ആകട്ടെ തെലുങ്ക് ജനതയെ അവഗണിക്കുന്ന കേന്ദ്രഭരണത്തിനെതിരെ ഒരു കുരിശുദ്ധം എന്ന നിലക്കാണ് തെലുങ്കുദേശം പാർട്ടി രൂപീകരിച്ചത്. എന്നാൽ വിജയിന്റെ ഇന്നത്തെ സ്ഥിതി അതല്ല. അഴിമതി തുടച്ചുനീക്കാൻ അധികാരം പിടിച്ചെടുക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു. ആ ലക്ഷ്യത്തിലെത്താൻ സുശക്തമായ ഒരു പാർട്ടിവേണം. അദ്ദേഹത്തിന്റെ മുന്നിലുള്ളത് യുവാക്കളുടെ ഒരു ആൾക്കൂട്ടമാണ്. 2026 -ലെ തെരഞ്ഞെടുപ്പാകുമ്പോഴേക്ക് ഈ ആൾക്കൂട്ടത്തെ സുസജ്ജമായ ഒരു രാഷ്ട്രീയകക്ഷിയാക്കാൻ എന്ത് രാസവിദ്യയാണ് അദ്ദേഹത്തിന്റെ കൈവശമുള്ളത്? പാർട്ടിയിൽ ഒരു ജനാധിപത്യ സംവിധാനം കൊണ്ടുവരുവാൻ അദ്ദേഹത്തിന് കഴിയുമോ? അതോ അദ്ദേഹത്തിന്റെ സർവാധിപത്യമായിരിക്കുമോ? അവസരവാദികൾ പാർട്ടിയെ ഹൈജാക്ക് ചെയ്യുമോ? ബന്ധുക്കളുടെ കൈകടത്തിൽ ഉണ്ടാകുമോ? വിജയകാന്തിന്റെ പാർട്ടിയെ ഒരു ഘട്ടത്തിൽ പ്രതിസന്ധിയിലാക്കിയത് അദ്ദേഹത്തിന്റെ പത്നി പ്രേമലതയുടെ ഇടപെടലായിരുന്നു. വിജയിന്റെ പിതാവ് ചന്ദ്രശേഖർ മകന്റെ രാഷ്ട്രീയഭാവിയിൽ ഏറെ ആകാംക്ഷ നേരത്തെ പ്രകടിപ്പിച്ചിട്ടുള്ളതാണ്.


സ്റ്റാലിൻ x വിജയ്

ഒരു ഭാഗത്ത് ബി.ജെ.പിയെയും മറുഭാഗത്ത് ഡി .എം.കെ-കോൺഗ്രസ് മുന്നണിയെയും ഒരേസമയം നേരിടാനുള്ള രാഷ്ട്രീയശേഷി വിജയിന് ആർജിക്കാൻ കഴിയുമോ? ഭയപ്പെടേണ്ടത് സ്റ്റാലിനെ തന്നെയാണ്. കരുണാനിധിയുടെ മക്കൾരാഷ്ട്രീയത്തിന്റെ ഭാഗമായിക്കൂടി മുഖ്യമന്ത്രിയായ ആളാണ് അദ്ദേഹം. എന്നാൽ അതുമാത്രമല്ല അദ്ദേഹത്തിന്റെ കൈമുതൽ. പാർട്ടി നേതൃത്വത്തിലേക്ക് ഉയരുംമുമ്പ് പാർട്ടിയുടെ കലാസാംസ്കാരിക വേദികളിലും യുവജന വിഭാഗത്തിന്റെ നേതൃത്വത്തിലും ദീർഘകാലം അദ്ദേഹം പ്രവർത്തിച്ചു. അടിയന്തിരാവസ്ഥക്കാലത്ത് ജയിൽ വാസവും അനുഭവിച്ചു. ജയലളിതയുടെ ഭരണകാലത്തെ അതിജീവിക്കുന്നതിൽ പാർട്ടിയെ ഏറെ സഹായിച്ചു. നിലപാടുകളിൽ അദ്ദേഹം ഉറച്ചുനിന്നു. ഇന്ന് സംസ്ഥാനത്ത് ബി.ജെ.പിക്ക് എതിരായ രാഷ്ട്രീയ നീക്കങ്ങളുടെ മുന്നിൽ സ്റ്റാലിനാണ്. അങ്ങനെ ഒരാളെ നേരിടാൻ സിനിമയിലെ ഡമ്മി വാൾ ഉയർത്തിയാൽ മാത്രം പോരാ. സിനിമയിലെ പോലെ മറ്റൊരു ടേക്കിനുള്ള അവസരം രാഷ്ട്രീയത്തിൽ വിജയിന് ലഭിച്ചേക്കില്ല. അതുകൊണ്ട് അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇതിനാവശ്യമായ കരുത്തും തന്ത്രങ്ങളും ആര്ജിക്കുക എന്നതാണ് വിജയിനുമുന്നിലുള്ള വെല്ലുവിളി.

Show More expand_more
News Summary - Will Vijay rule Tamilnadu in 2026?