Begin typing your search above and press return to search.
proflie-avatar
Login

എന്താണ് എഴുത്ത്?; ചാറ്റ്ജി.പി.ടിയുടെ വരവിനെ എന്തുകൊണ്ട് നാം തെറ്റിദ്ധരിക്കുന്നു?

on writing and chatgpt
cancel

ഹൈസ്കൂൾ ഇംഗ്ലീഷ് ഇല്ലാതായോ?. അങ്ങനെയാണ് ഡാനിയൽ ഹെർമൻ ഡിസംബർ ഒമ്പതിന് അറ്റ്ലാന്റിക്കിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നത്. മാത്രമല്ല പുതിയ എ.ഐ. ചാറ്റ് ബോട്ടായ ചാറ്റ്ജി.പി.ടി വിദ്യാഭ്യാസത്തിന്റെ സ്വഭാവത്തെ തന്നെ വലിയ രീതിയിൽ മാറ്റിമറിക്കുമെന്ന് അദ്ദേഹം കരുതുന്നു. പ്രത്യേകിച്ച് എഴുത്ത് പഠിപ്പിക്കുന്നതിൽ. ഏത് ബുദ്ധിമുട്ടുള്ള പ്രോംപ്റ്റിനും ഒരു മനുഷ്യൻ മറുപടി നൽകുന്നത് പോലെ തന്നെ മറുപടി നൽകാനും ഈ സോഫ്റ്റ്‌വെയറിന് കഴിയും.

അക്കാദമിക എഴുത്ത് ഇനി പഠിപ്പിക്കേണ്ട കഴിവായോ സാധ്യതയുളള മേഖലയായോ നിലനിൽക്കുമോ? ഇടത്തരം കഴിവുള്ള ഒരു വിദ്യാർഥി എഴുതുന്നതിനേക്കാൾ നന്നായി ചാറ്റ്ജി.പി.ടി ഇനി ലേഖനങ്ങൾ എഴുതിത്തരും. വിദ്യാഭ്യാസത്തെ മാത്രമല്ല ഇത് ബാധിക്കുക. എഴുത്ത് ഭാഗമായിട്ടുള്ള എല്ലാ തൊഴിൽ മേഖലകളെയും ബാധിക്കും.

ചാറ്റ്ജി.പി.ടി ഇനി നമുക്ക് അവഗണിക്കാനാവാത്ത ഒന്നായി മാറും. ഓൺലൈനിലെ വിവരങ്ങളെ ഇനി നാം കൂടുതൽ സംശയദൃഷ്ടിയോടെ കാണേണ്ടി വരും. എഴുത്തിലെ കള്ളക്കളികൾ ഇനി അത്ര എളുപ്പം കണ്ടുപിടിക്കാൻ കഴിയുകയുമില്ല. എന്നാൽ 'കമ്പ്യൂട്ടറിന് ഇതെല്ലാം മികച്ചതായി ചെയ്യാൻ കഴിയും' എന്ന കാരണം കൊണ്ട് വിദ്യാഭ്യാസത്തിന്റെയും മറ്റു ബൗദ്ധിക മേഖലകളുടെയും ഭാവിയെപ്പറ്റിയുള്ള ഈ ആശങ്കകൾ അത്ര നല്ലതല്ല എന്ന് കരുതേണ്ടിയിരിക്കുന്നു. ചിന്തയെപ്പറ്റിയും ക്രിയാത്മകതയെപ്പറ്റിയും ധിഷണയെപ്പറ്റിയും എഴുത്തിനെപ്പറ്റിയും ധാരണകൾ നഷ്ടപ്പെട്ട ഒരു സമൂഹത്തിൽ മാത്രമാണ് ഇങ്ങനെ ആശങ്കകളുടെ നിലവിളികൾ ഉണ്ടാകുകയുള്ളൂ.

ഡാനിയൽ ഹെർമൻ

ഉദാഹരണത്തിന് നമുക്ക് വിദ്യാഭ്യാസ മേഖലയെ തന്നെ എടുക്കാം. “എന്റെ വിദ്യാർഥികൾ ഇനി എഴുത്തെന്ന അടിസ്ഥാന കഴിവ് നേടേണ്ട ആവശ്യമില്ല” എന്ന് ഹെർമൻ എഴുതുന്നുണ്ട്. ലേഖനത്തിന്റെ അവസാനത്തിൽ അദ്ദേഹം വളരെ പ്രധാനപ്പെട്ട ഒരു ചോദ്യം കൂടി ചോദിക്കുന്നുണ്ട്.

“ധാരാളം അധ്യാപകർ ചാറ്റ് ജി.പി.റ്റിയുടെ വരവിനോട് പ്രതികരിച്ചത് ഇനി അസൈൻമെന്റുകൾ എങ്ങനെ നൽകാം എന്ന ആലോചനയിൽ നിന്നാണ് ഒന്നുകിൽ ക്ലാസിൽ ഇരുന്ന് മാത്രം എഴുതിക്കണം അല്ലെങ്കിൽ കൈയെഴുത്ത് മാത്രം അനുവദിക്കണം എന്നെല്ലാം പറയുന്നത്. എന്നാൽ ഈ ആലോചനകളൊക്കെ പ്രശ്നത്തെ ചെറുതാക്കി കാണിക്കുന്നുണ്ട്. യഥാർഥത്തിൽ എങ്ങനെ ഈ പ്രശ്നത്തെ മറികടക്കും എന്നതല്ല മറിച്ച് ഇനി ഇങ്ങനെയെല്ലാം ചെയ്യേണ്ടതുണ്ടോ? എന്നതാണ് ചോദ്യം.”

ഈ വാക്കുകൾക്ക് ഒരു നിരാശയുടെ ചുവയുണ്ട്. ഇനി എന്തു കാര്യം? കമ്പ്യൂട്ടറുകൾ നമ്മെ എഴുത്തിന്റെയും കലയുടേയും ചിന്തയുടെയും മേഖലകളിൽ കൂടി കടത്തിവെട്ടിയിരിക്കുന്നു. ഗണിതശാസ്ത്രം, ചെസ്, സൈന്റിഫിക് മോഡലിങ് തുടങ്ങിയ മേഖലകളിൽ മുൻപ് മുൻകടന്നതു പോലെ.

ഹെർമനെ പോലെ ഞാനും ഒരു ഹൈസ്കൂൾ ഇംഗ്ലീഷ് ടീച്ചറാണ്. എന്നാൽ എന്റെ മനസ്സിൽ ചാറ്റ്ജി.പി.ടിയുമായി ബന്ധപ്പെട്ട് ഇതുപോലെയുള്ള ചോദ്യങ്ങൾ കടന്നു വന്നിട്ടേയില്ല. എന്തുകൊണ്ടെന്നാൽ എന്റെ അധ്യാപനത്തിൽ ഞാൻ ഒടുക്കം ലഭിക്കുന്ന ഉത്തരങ്ങൾക്കല്ല പ്രാധാന്യം കൊടുക്കാറുള്ളത്; അതിലേക്കെത്തുന്ന ഉദ്ദേശ്യങ്ങൾക്കും മാർഗങ്ങൾക്കും മറ്റുമാണ്.

ഹൈസ്കൂൾ ഇംഗ്ലീഷ് ഇല്ലാതായിട്ടൊന്നുമില്ല. എഴുത്തും ക്രിയാത്മകതയും മനുഷ്യന്റെ തന്നെ കൈകളിൽ നിലനിൽക്കുന്നതാണ്. യഥാർഥത്തിൽ ആ ചോദ്യം തന്നെ നമുക്ക് ഒരു സംസ്കാരമെന്ന നിലയ്ക്ക് കലയെയും ബൗദ്ധികതയെയും പറ്റി വലിയ ധാരണകൾ ഇല്ലെന്ന് വെളിപ്പെടുത്തുന്നതാണ്.

നാം ഇവിടെ അഭിമുഖീകരിക്കുന്നത് നമ്മുടെ സ്വത്വത്തേയും ഇഛാശക്തിയെയും നിഷേധിക്കുന്നതിനെയും യന്ത്രത്തേയും മനുഷ്യനെയും തമ്മിൽ മനസിലാക്കുന്നതിലെ പരാജയത്തെയുമാണ്. ഹെർമൻ തന്റെ ജോലിയുടെ പ്രയോജനത്തെ പറ്റി ആശങ്കാകുലനാണ്. കാരണം, വിദ്യാർഥികളെക്കൊണ്ട് എഴുതാൻ പഠിപ്പിച്ച് അവർ സ്വന്തം എഴുതുന്നതിനേക്കാൾ നല്ലതോ അതിനോടടുത്ത് നിൽക്കുന്നതോ ആയ അന്തിമഫലം എ.ഐ. തരുമ്പോൾ പിന്നെ തന്റെ കുട്ടികളെ ഇനിയെന്തിന് എഴുത്ത് പഠിപ്പിക്കണം എന്നാണ്. ഇത്തരത്തിൽ അന്തിമഫലത്തിലൂന്നിയുള്ള ശാസ്ത്രമാത്ര മാർഗങ്ങൾ മനുഷ്യൻ എഴുതിയതും കംപ്യൂട്ടർ എഴുതിയതുമായ രണ്ട് അന്തിമഫലങ്ങളെ താരതമ്യം ചെയ്യുകയാണ് ചെയ്യുന്നത്. യഥാർഥത്തിൽ രണ്ടും തമ്മിൽ ഒരു സാമ്യവുമില്ല. അതിന്റെ ഉദ്ദേശ്യങ്ങളും പ്രവർത്തനവും എല്ലാം വ്യത്യസ്തമാണ്.

എഴുത്ത് ഒരേസമയം ചിന്തിക്കലും ആശയവിനിമയവുമാണ്. എഴുതാനുള്ള ഒരു കാരണം അത് നമ്മെ എങ്ങനെ ചിന്തിക്കണം എന്ന് പഠിപ്പിക്കുന്നു എന്നതാണ്. അതേ ചിന്തകളെ നാം മറ്റുള്ളവരുമായി പങ്കുവെക്കുന്നുണ്ടെങ്കിൽ കൂടി. എഴുത്ത് അർഥത്തോട് കൂടിയ ആശയമാണ്. എന്നാൽ അതിൽ അർഥം ഉണ്ടാവണമെങ്കിൽ ആരെങ്കിലും ബോധപൂർവം യുക്തിഭദ്രമായ മനസും ഇച്ഛാശക്തിയും ഉപയോഗിച്ച് ആ ആശയത്തിൽ ബോധ്യവും ലക്ഷ്യവും ചേർക്കണം.

ഓപ്പൺ എഐ ചീഫ് സയന്റിസ്റ്റ് ഇല്ല്യാ സട്കെവർ, സിടിഒ ഗ്രെഗ് ബ്രോക്മാൻ

മറ്റൊരു സ്വതന്ത്ര്യവും യുക്തിഭദ്രവുമായ മനസ് ആ അർഥത്തെ വേർതിരിച്ച് മനസിലാക്കുകയും വേണം. ഈ നിർവചനം അനുസരിച്ച് കമ്പ്യൂട്ടർ സൃഷ്ടിക്കുന്നത് ഒരു ആശയമേയല്ല. മറ്റൊരർഥത്തിൽ പറഞ്ഞാൽ കംപ്യൂട്ടറിന്റെ ‘ലേഖനം’ അർത്ഥശൂന്യമാണ്. കാരണം അതിനു പിന്നിൽ യുക്തിഭദ്രവും സ്വബോധ്യവുമുള്ള ഒരു മനസില്ല. ആകെയുള്ളത് ഒരു കൂട്ടം പ്രോഗ്രാമർമാർ ഉണ്ടാക്കിയ സങ്കീർണമായ ജീവനില്ലാത്ത അൽഗോരിതമാണ്. അത് ആശയവിനിമയത്തെ അനുകരിക്കുകയാണ് ചെയ്യുന്നത്. ആധുനികലോകത്ത് നമ്മെ യാഥാർഥ്യത്തിൽ നിന്നും തെറ്റിക്കുന്ന മറ്റൊരനുകരണം മാത്രമാണിത്. അതിൽ അശ്ശേഷം യാഥാർഥ്യമില്ല.

കമ്പ്യൂട്ടറിന് അതുണ്ടാക്കുന്ന ആശയങ്ങൾക്ക് പിന്നിലെ ബോധ്യങ്ങൾ ഉണ്ടാവുകയില്ല. കാരണം അതിന്റെ പിന്നിൽ ഒരു ബോധ്യമുള്ള മനസില്ല. അതിനാൽ തന്നെ ലക്ഷ്യങ്ങളും സ്വാഭാവികമായി ഉണ്ടാവില്ല. മനുഷ്യർ എഴുതിയ അസംഖ്യം എഴുത്തുകളെ മനസിലാക്കി യഥാർഥത്തിൽ ആശയവിനിമയം നടത്തുന്ന മനുഷ്യരുടെ പാറ്റേണുകൾ കൊണ്ട് നമ്മുടെ ഭാഷയുടെ പാറ്റേൺ ‘പഠിച്ചെടുക്കുക’ എന്ന പ്രവൃത്തി ചെയ്യാനാണ് അതിനെ ‘പരിശീലിപ്പിച്ചിട്ടുള്ളത്’.

കമ്പ്യൂട്ടറുകൾ അത് വായിച്ചിട്ടുള്ള മില്യൺ കണക്കിന് സന്ദേശങ്ങളിൽ നിന്ന് സ്റ്റാറ്റിസ്റ്റിക്സ് വെച്ച് ഏതു വാക്ക് എവിടെ വെക്കണം എന്ന് പ്രവചിക്കുന്ന ഒരു അന്ധമായ അനുകരണമാണ് ചെയ്യുന്നത്. അത് എന്താണ് അർത്ഥമാക്കുന്നതെന്ന് അവക്ക് അറിയില്ല. അതായത് ചാറ്റ് ബോട്ടുകളോട് സംസാരിക്കുമ്പോൾ നാം ആശയവിനിമയം നടത്തുകയല്ല, മറിച്ച് നമ്മുടെ തന്നെ ചിന്തകളുടെ പ്രതിധ്വനികൾ കേൾക്കുകയാണ് ചെയ്യുന്നത്. ഇന്റർനെറ്റ് ഉപയോഗിക്കുന്ന നമ്മുടെ തന്നെ മുറിഞ്ഞ് പോയ വാക്യങ്ങൾ പുനർനിർമ്മിക്കപ്പെടുകയാണവിടെ.

ഇനി യഥാർഥ വിദ്യാഭ്യാസത്തെക്കുറിച്ച് ചിന്തിച്ചാൽ ചാറ്റ്ബോട്ടുകൾ കൊണ്ട് ഒരു കാര്യവുമില്ല. ചാറ്റ്ജി.പി.ടി നമുക്ക് വേണ്ടി എഴുതിത്തരുമ്പോൾ നമ്മെ ചിന്തിക്കാനോ ആശയവിനിമയത്തിനോ പ്രാപ്തരാക്കുന്നില്ല. എത്ര തന്നെ ഗംഭീരമാണെങ്കിലും എ.ഐയുടെ എഴുത്തിനെ ഒരു വിദ്യാർഥി എഴുതിയ എഴുത്തുകളുമായി, അതത്ര നല്ലതല്ലെങ്കിൽ കൂടി താരതമ്യം ചെയ്യുന്നത് അസംബന്ധമാണ്. വിദ്യാർഥിയുടെ എഴുത്തിൽ യഥാർഥ ചിന്തയും ആശയവിനിമയവും സംഭവിക്കുന്നുണ്ട്. കംപ്യൂട്ടർ എഴുതിയതിൽ ആശയവിനിമയത്തിന്റെ മിഥ്യാഭ്രമം മാത്രമേയുള്ളൂ.

ചാറ്റ്ജി.പി.ടി വഴി വരുന്ന പ്രശ്നങ്ങൾ നമ്മൾ നമ്മുടെ തന്നെ ഭാഷയെ മറന്നതിന്റെ ശിക്ഷയാണ്. 1967ൽ റോളണ്ട് ബാർത്‌സ് എഴുതിയ ‘ഡെത്ത് ഓഫ് ദി ഓതർ’ പരമ്പരാഗത സാഹിത്യ നിരൂപണത്തെയും ആശയവിനിമയത്തെ തന്നെയും ചോദ്യംചെയ്തു. എഴുത്തുകാരന്റെ ജീവചരിത്രമോ ലക്ഷ്യങ്ങളോ നമ്മൾ ഒരു എഴുത്തിന്റെ ആത്യന്തിക അർഥമറിയുന്നതിൽ പരിഗണിക്കേണ്ടതില്ല. ഒരു ആശയത്തിന്റെ പിന്നെ വസ്തുനിഷ്ഠമായ അർത്ഥതലങ്ങൾ നമുക്ക് അറിയാൻ പറ്റില്ല. ബാർത്‌സിനെ സംബന്ധിച്ചിടത്തോളം ‘ആത്യന്തിക അർഥം’ എന്ന ഒന്നില്ല കാരണം അർഥം ഉണ്ടാക്കുന്നത് വായനക്കാരാണ് എഴുത്തുകാരനല്ല. വിക്ടർ ഫ്രാങ്കൻസ്റ്റൈനെ പോലുള്ള എഴുത്തുകാർ മരിച്ചപ്പോൾ അദ്ദേഹം എഴുതിയത് അദ്ദേഹത്തെ തന്നെ മറികടന്നു എഴുത്തിന് സ്വയം ജീവൻ ലഭിക്കുകയും ചെയ്തു. എഴുത്തിന്റെ അർഥം എഴുത്തുകാരന്റെ കൈയിൽ നിന്ന് രക്ഷപ്പെടുകയും വായനക്കാരുടെ മുന്നിൽ നൂറുകണക്കിന് വഴിയിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. അതോടൊപ്പം യഥാർഥ ആശയവിനിമയം സാധ്യമല്ലാതാവുകയും ചെയ്തു.

റോളണ്ട് ബാർത്‌സ്

എന്താണ് എഴുത്ത് എന്ന നമ്മുടെ ധാരണകളെ നശിപ്പിക്കുന്നതിൽ ‘ഡെത്ത് ഓഫ് ദി ഓതർ’ പോലുള്ള ആശയങ്ങൾക്ക് വലിയ പങ്കുണ്ട്. ഇത്തരത്തിലുള്ള ആശയങ്ങൾ കംപ്യൂട്ടർ എഴുത്തിനേയും മനുഷ്യ നിർമിത എഴുത്തിനേയും ഒരുപോലെ കാണാൻ നമ്മെ തയ്യാറാക്കി. ആശയവിനിമയത്തിൽ ആശയത്തിന് പിന്നിലെ ലക്ഷ്യത്തെയും ആളെത്തന്നെയും നിഷേധിച്ചാൽ അത് കംപ്യൂട്ടറിൽ നിന്ന് വന്നാലും മനുഷ്യരിൽ നിന്ന് വന്നാലും യാതൊരു വ്യത്യാസവും വരുത്തുന്നില്ലല്ലോ.

ഹെർമൻ പഠിപ്പിക്കുന്ന ഈസ്റ്റേൺ ഫിലോസഫിയിലെ നിഹിലിസത്തിൽ നിന്ന് അദ്ദേഹം നിരാശയുടെ താരതമ്യവാദം ലേഖനത്തിന്റെ അവസാനവും ഉയർത്തുന്നുണ്ട്.

“എല്ലാം കൃത്രിമമാക്കപ്പെട്ടു എന്നത് ശരിയാണ്. ലേഖനം എന്ന സാഹിത്യരൂപം, ബൗദ്ധികതയുടെ അടയാളമെന്ന അർത്ഥത്തിൽ വ്യാകരണ നിയമങ്ങൾ, ഒരു സാങ്കേതിക ശാസ്ത്രം എന്ന നിലയിൽ എഴുത്ത് - ഒന്നും ഇനി ആവശ്യമില്ല. ഓപ്പൺ എഐ നമ്മോട് ഇനി ഇത്തരത്തിലുളള കാര്യങ്ങൾ ശ്രദ്ധിക്കുന്നതിൽ അർത്ഥമുണ്ടോ എന്ന മൗലികമായ ചോദ്യം ചോദിക്കുന്നുണ്ട്.”

നമ്മുടെ ഭാഷയിലും ആശയ വിനിമയത്തിലും അർഥം നിലനിൽക്കേണ്ടതുണ്ട് എന്ന് വിശ്വസിക്കുന്നവർക്ക് എഴുതുന്നത് ഇനിയും ആവശ്യമാണ്. മറ്റ് യുക്തിഭദ്ര മനസുകളുമായി നമ്മുടെ ചിന്തകൾ പങ്കുവെക്കണമെന്നുണ്ടെങ്കിൽ നാം എഴുത്ത് പഠിക്കുന്നത് തുടർന്നേ തീരൂ. മനുഷ്യനേയും യന്ത്രത്തേയും ഭൗതികമായും ആത്മീയമായും തുലനം ചെയ്യുന്ന ഒരു സമൂഹത്തിൽ എഴുത്ത് എന്ന കല എത്ര തന്നെ അച്ചടക്കമില്ലാത്തതാണെങ്കിലും, മാനുഷിക ചിന്തയുടെയും വികാരങ്ങളുടേയും എല്ലാവിധ പ്രശ്നങ്ങളും അടങ്ങിയതാണെങ്കിലും മറ്റെപ്പോഴത്തേക്കാളും ഇപ്പോൾ നമുക്ക് ആവശ്യമാണ്.


കടപ്പാട്: ഇന്റലക്ച്വൽ ടേക്കൗട്ട്

വിവർത്തനം: നസീഫ് ടി.

Show More expand_more
News Summary - on writing and chatgpt