മലീഹ പാടത്തെ ഗോതമ്പ് പ്രോട്ടീൻ സമൃദ്ധം
text_fieldsഷാർജ: മരുഭൂമിയിൽ അതിശയകരമായ രീതിയിൽ രൂപപ്പെടുത്തിയ മലീഹ കൃഷിയിടത്തിൽ ഉൽപാദിപ്പിച്ച ഗോതമ്പ് പ്രോട്ടീൻ സമൃദ്ധമാണെന്ന് കണ്ടെത്തൽ. തികച്ചും പ്രകൃതിദത്തമായ രീതിയിൽ ഉൽപാദിപ്പിക്കുന്ന ഗോതമ്പിന്റെ മാവിൽ 19ശതമാനത്തിലേറെ പ്രോട്ടീൻ ലെവൽ ഉണ്ടെന്നാണ് വ്യക്തമായിരിക്കുന്നത്. ഇത് ഗോതമ്പിലെ ലോകത്തെ ഏറ്റവും വലിയ പ്രോട്ടീൻ ഉള്ളടക്കമാണെന്ന് ഷാർജ കാർഷിക, കന്നുകാലി വകുപ്പ് അറിയിച്ചു. ‘സബ്അ സനാബിൽ’ എന്ന പേരിലാണ് മലീഹയിലെ ഗോതമ്പ് ഉൽപാദന പദ്ധതി അറിയപ്പെടുന്നത്.
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശമനുസരിച്ചാണ് മലീഹയിൽ ഗോതമ്പ് ഉൽപാദനം തുടങ്ങിയത്. രണ്ടാം വർഷത്തെ ഗോതമ്പ് വിളവെടുപ്പ് കഴിഞ്ഞ മാസം ശൈഖ് സുൽത്താന്റെ സാന്നിധ്യത്തിൽ നടന്നിരുന്നു. ഓർഗാനിക് കൃഷിരീതിയാണ് ഉയർന്ന പ്രോട്ടീന് കാരണമായതെന്ന് ഷാർജ കാർഷിക, കന്നുകാലി വകുപ്പ് ചെയർമാൻ ഡോ. ഖലീഫ അൽ തുനൈജി പറഞ്ഞു. ജൈവികമായ രീതികൾ മണ്ണിന്റെ ഫലഭൂയിഷ്ഠത മെച്ചപ്പെടുത്താൻ സഹായിച്ചതായും ധാന്യം ഉയർന്ന ഗുണനിലവാരത്തിലാക്കുന്നതിന് ഇത് ഗുണം ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
രാസവളങ്ങളോ കീടനാശിനികളോ മറ്റ് അപകടകരമായ സംയുക്തങ്ങളോ ഇല്ലാതെയാണ് മലീഹയിൽ കൃഷിയിറക്കിയത്. ജലസേചനത്തിന് മാലിന്യ മുക്തമായ വെള്ളം ഉപയോഗിച്ചത് ഉൽപാദനം വർധിക്കാനും പ്രോട്ടീൻ ഉള്ളടക്കത്തിന്റെ വർധനവിനും കാരണമായിട്ടുണ്ട്. ‘സബ്അ സനാബിൽ’ മാവ് പൂർണമായും രാസരഹിത പ്രക്രിയയിലൂടെ കടന്നുവന്നതാണ്. അതിനാൽ അഞ്ച് ഗുണനിലവാര, സുരക്ഷ അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റുകൾ ലഭിച്ചിട്ടുണ്ട്.
മിഡിൽ ഈസ്റ്റ് മേഖലയിലെ ഏറ്റവും വലിയ ഓർഗാനിക് ഗോതമ്പ് കൃഷിപ്പാടമാണ് മലീഹയിലേത്. 1,900 ഹെക്ടർ സ്ഥലത്താണ് ഇവിടെ കൃഷി ഒരുക്കുന്നത്. കഴിഞ്ഞ വർഷമാണ് ആദ്യമായി ഈ പ്രദേശത്ത് ഗോതമ്പ് ഉൽപാദിപ്പിച്ചത്. കൃഷിയുടെ ആദ്യഘട്ടമെന്ന നിലയിലാണ് കഴിഞ്ഞ നവംബറിൽ ഗോതമ്പ് വിത്തിറക്കിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ കാലാവസ്ഥക്ക് യോജിക്കുന്ന രീതിയിൽ വെള്ളമെത്തിക്കുന്ന ജലസേചന സംവിധാനമാണ് ഇവിടെ ഉപയോഗിക്കുന്നത്. ദിവസവും 60,000 ക്യൂബിക് മീറ്റർ വെള്ളം വരെ പമ്പ് ചെയ്യാൻ ശേഷിയുള്ള ആറ് വലിയ സക്ഷൻ പമ്പുകൾ വഴിയാണ് ഗോതമ്പ് പാടത്തേക്ക് വെള്ളം എത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.