ബാധിക്കുന്ന മൂന്നിലൊരാൾ മരിക്കും; വരുന്നു നിയോകോവ്, മുന്നറിയിപ്പുമായി വുഹാൻ ശാസ്ത്രജ്ഞർ
text_fieldsവുഹാനിൽനിന്നും വന്ന മഹാമാരി മനുഷ്യരാശിയെ ദുരിതപ്പെടുത്താൻ തുടങ്ങിയിട്ട് രണ്ട് വർഷം പൂർത്തിയാകുന്നു. ഇതിനിടെ പുതിയ ഒരു ദുരന്തവാർത്ത കൂടി വുഹാനിൽനിന്നും ലോകം കേൾക്കുകയാണ്.
കോവിഡ് മഹാമാരിയുടെ ദുരിതം തീരുംമുന്‍പ് പുതിയ മുന്നറിയിപ്പുമായാണ് ചൈനയിലെ വുഹാനിലെ ഗവേഷകര്‍ രംഗത്തെത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ 'നിയോകോവ്' എന്ന പുതിയ തരം കൊറോണ വൈറസിനെ കുറിച്ചാണ് മുന്നറിയിപ്പ്. അതിമാരകമാണെന്നാണ് വുഹാനിലെ ഗവേഷകര്‍ പറയുന്നത്. വുഹാനിലെ ഗവേഷകരെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക്കാണ് വാര്‍ത്ത പുറത്തുവിട്ടത്.
നിയോകോവ് പുതിയ വൈറസല്ല. മെര്‍സ് കോവ് വൈറസുമായി ബന്ധമുള്ള ഇത് 2012ലും 2015ലും മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയിലെ ഒരു കൂട്ടം വവ്വാലുകളിലാണ് വൈറസ് കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ ഭാവിയില്‍ നിയോകോവും അടുത്ത ബന്ധമുള്ള പി.ഡി.എഫ്-2180-കോവും മനുഷ്യരെ ബാധിച്ചേക്കാമെന്നാണ് കണ്ടെത്തല്‍. ഇപ്പോള്‍ മൃഗങ്ങളെ മാത്രമാണ് ബാധിക്കുന്നതെങ്കിലും മനുഷ്യകോശങ്ങളിലേക്കു കടന്നുകയറാന്‍ വെറും ഒറ്റ രൂപാന്തരണം കൂടി മാത്രം മതിയെന്നാണ് ഗവേഷകര്‍ പറയുന്നത്.
നിയോകോവില്‍ നിന്നും വാക്സിന്‍ സംരക്ഷണം നല്‍കുമോ എന്നും ആശങ്കയുണ്ട്. മനുഷ്യരില്‍ ബാധിച്ചാല്‍ മൂന്നിലൊരാള്‍ക്ക് മരണം വരെ സംഭവിച്ചേക്കാം എന്നാണ് മുന്നറിയിപ്പ്. ഈ വൈറസ് മനുഷ്യരെ എങ്ങനെയാണ് ബാധിക്കാന്‍ പോകുന്നതെന്ന് സംബന്ധിച്ച് പഠനം ആവശ്യമാണെന്ന് റഷ്യന്‍ വൈറോളജി ആന്‍റ് ബയോടെക്നോളജി റിസര്‍ച്ച് സെന്‍റര്‍ പറയുന്നു.
നിയോകോവ് എന്ന പുതിയ വകഭേദത്തിന് ഉയർന്ന മരണ നിരക്കും, രോഗബാധ നിരക്കും ഉണ്ടാകുമെന്നാണ് പ്രവചനം. ദക്ഷിണാഫ്രിക്കയിലെ വവ്വാലുകളിലാണ് നിയോകോവിന്റെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയതെന്നും മൃഗങ്ങൾക്കിടയിൽ മാത്രമാണ് നിലവിൽ വൈറസ് വ്യാപിച്ചിരിക്കുന്നതെന്നും ബയോആർക്സിവ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. മനുഷ്യകോശങ്ങളിലേക്ക് കയറാൻ വൈറസിന് ഒരു മ്യൂട്ടേഷൻ മാത്രമേ ആവശ്യമുള്ളുവെന്ന് വുഹാൻ യൂനിവേഴ്സിറ്റിയിലെയും ചൈനീസ് അക്കാദമി ഓഫ് സയൻസസിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോഫിസിക്സിലെയും ഗവേഷകർ പറയുന്നു. വൈറസിനെ കുറിച്ച് കൂടുതൽ പഠനം അനിവാര്യമാണെന്നും ഗവേഷകർ പറഞ്ഞു. പുതിയ വകഭേദത്തിന് അപകടസാധ്യത കൂടുതലാണെന്നും പഠനത്തിൽ പറയുന്നു. പ്രതിരോധ കുത്തിവെപ്പോ, നേരത്തെ കോവിഡ് ബാധിച്ചവരിൽ ഉത്പാദിപ്പിക്കപ്പെടുന്ന ആൻ്റിബോഡികളോ നിയോകോവിനെതിരെ പ്രവർത്തിക്കില്ലെന്നും ഗവേഷകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.