ലോകത്തിന് മൊത്തം വാക്സിൻ നൽകാൻ ഈ 10 അതിസമ്പന്നരുടെ കോവിഡ് കാല സമ്പാദ്യം മതിയായിരുന്നു
text_fields
വാഷിങ്ടൺ: 1930ലെ മഹാസാമ്പത്തിക മാന്ദ്യത്തിനു ശേഷം ലോകത്തിന് കൊടിയ വറുതി സമ്മാനിച്ച മഹാദുരന്തങ്ങളിലൊന്നായ 2020ലെ കോവിഡ് കാലം ശരിക്കും ദരിദ്രരാക്കിയത് കോടിക്കണക്കിന് പേരെ. വികസിത രാജ്യങ്ങളിലേറെയും ഇക്കാലത്ത് പ്രതിമാസ സാമ്പത്തിക സഹായവുമായി സാമ്പത്തിക പിന്നാക്കമുള്ളവർക്ക് ആശ്വാസം നൽകിയപ്പോൾ മറ്റുള്ളവർ ഭക്ഷ്യകിറ്റും മറ്റും നൽകി കൂടെ നിന്നു.
അതിസമ്പന്നരായ 1,000 പേർക്ക് പോലും 30 ശതമാനം സമ്പത്ത് ഒലിച്ചുപോയി. പക്ഷേ, ഈ അതിസമ്പന്നരൊക്കെയും കഴിഞ്ഞ നവംബർ അവസാനമാകുേമ്പാേഴക്ക് എല്ലാം തിരിച്ചുപിടിച്ചു- അതായത്, അവർക്കു തിരികെയെത്താൻ വേണ്ടിവന്നത് 10 മാസം മാത്രം. പക്ഷേ, ദരിദ്രരായിപ്പോയ കോടികളിൽ പലരും 10 വർഷമെടുത്താലും തിരിച്ചുവരുമോയെന്ന് ഉറപ്പിക്കാനാകില്ലെന്ന് ഒകസ്ഫാം റിപ്പോർട്ട് പറയുന്നു.
രണ്ടു പതിറ്റാണ്ടായി ലോകത്ത് ദാരിദ്ര്യ നിർമാർജനം ലക്ഷ്യം കണ്ടുവരുന്നതിനിടെയാണ് കോവിഡ് എത്തുന്നത്. 20 കോടിക്കും 50 കോടിക്കുമിടയിൽ ആളുകൾ അതുവഴി പുതുതായി കൊടിയ ദാരിദ്ര്യത്തിൽ മുങ്ങിയതായി ലോകബാങ്ക് റിപ്പോർട്ട് പറയുന്നു.
എന്നാൽ, 2020െൻറ അവസാന മൂന്നു പാദങ്ങളിൽ ആമസോൺ സി.ഇ.ഒ ജെഫ് ബിസോസ്, ടെസ്ല സ്ഥാപകൻ ഇലോൺ മസ്ക് എന്നിവർ നയിക്കുന്ന ലോകത്തെ അതിസമ്പന്നരായ 10 പേർ പുതുതായി അധികം ചേർത്ത വരുമാനം മാത്രം 540 ബില്യൺ ഡോളർ (39,38,625 കോടി രൂപ) ആണ്. ഇതിൽ 80 ബില്യൺ ഡോളർ മാത്രം ഇവർ നൽകിയിരുന്നുവെങ്കിൽ മഹാദരിദ്രരായി പോയ പാവങ്ങൾക്ക് ഒരു വർഷം പിടിച്ചുനിൽക്കാൻ ശേഷിയുണ്ടാകുമായിരുന്നു.
മാത്രവുമല്ല, ഇവർക്ക് ലോകം മുഴൂക്കെയുള്ള 780 കോടി വരുന്ന മൊത്തം ജനസംഖ്യക്ക് കോവിഡ് വാക്സിൻ സൗജന്യമായി നൽകാനും സാധിക്കുമായിരുന്നു. പക്ഷേ, അത്തരം മഹാമനസ്കതയൊന്നും ആരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
കഴിഞ്ഞ 40 വർഷത്തിനിടെ മുതിർന്ന എക്സിക്യൂട്ടീവുകൾക്ക് ശമ്പള വർധന 1,000 ശതമാനമായിരുന്നുവെങ്കിൽ സാധാരണ തൊഴിലാളികൾക്ക് അത് 12 ശതമാനം മാത്രമാണെന്നും ഓക്സ്ഫാം റിപ്പോർട്ട് ശരിവെക്കുന്നു.
കോവിഡ് കാലത്ത് വിൽപനയിൽ പുതിയ റെക്കോഡുകൾ കുറിച്ച ആമസോണിൽ മാത്രം എണ്ണമറ്റ ആയിരങ്ങളാണ് ജീവനക്കാരായിരിക്കെ കോവിഡ് പിടിച്ചത്. ഒമ്പതു ലക്ഷത്തോളം ജീവനക്കാരാണ് കമ്പനിക്കുള്ളത്.
കുത്തകകളെ മാത്രം തുണക്കുന്ന പുതിയകാല സാമ്പത്തിക വ്യവസ്ഥകൾ തുറന്നുകാട്ടുന്ന ഓക്സ്ഫാം റിപ്പോർട്ടിൽ ലോകത്തെ അതിസമ്പന്നർ മൊത്തം കോവിഡ് കാലത്ത് വാരിക്കൂട്ടിയ സമ്പത്തിെൻറ കണക്കുകളും പറയുന്നുണ്ട്. 2020 മാർച്ച് 18നും ഡിസംബർ 31നുമിടയിൽ ഏകദേശം 3.9 ലക്ഷം കോടി ഡോളർ വരും അത്. ഈ അതിസമ്പന്നർ 50 കോടിയോളം വരുന്ന പാവങ്ങൾക്ക് രണ്ടു ഡോളർ മുതൽ 10 ഡോളർ വരെ നൽകിയിരുന്നുവെങ്കിൽ അവരെ മഹാപട്ടിണിയുടെ അടിമകളാക്കില്ലായിരുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പലരും വാണിജ്യാടിസ്ഥാനത്തിലുള്ള വിമാന സർവീസ് നിർത്തിയപ്പോൾ സ്വന്തമായി വിമാനം വാങ്ങാനാണ് പകരം തിടുക്കം കാണിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.