ചൈനയിൽ കനത്ത മഴ തുടരുന്നു; പത്ത് മരണം
text_fieldsബീജിങ്: ചൈനയിൽ ജൂൺ ഒന്നിന് ആരംഭിച്ച മഴ ശക്തമായി തുടരുന്നതായി റിപ്പോർട്ട്. ലക്ഷക്കണക്കിന് ആളുകളെ പ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിച്ചതായും ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു. മധ്യ ചൈനയിൽ 286,000 പേരെ ഇതുവരെ ഒഴിപ്പിച്ചിട്ടുണ്ട്. ഹുനാൻ പ്രവിശ്യയിലെ 2,700ലധികം വീടുകൾ തകർന്നു. കനത്ത മഴയിൽ ഇതുവരെ പത്ത് പേർ മരണപ്പെടുകയും മൂന്നു പേരെ കാണാതാവുകയും ചെയ്തെന്ന് റിപ്പോർട്ടിൽ പറഞ്ഞു.
കനത്ത മഴ തുടരുന്നതിനാൽ ഹുനാൻ പ്രവിശ്യയിലെ നദികളുടെയും തടാകങ്ങളുടെയും ജലനിരപ്പ് ഗണ്യമായി ഉയരുകയാണെന്ന് പ്രവിശ്യ സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. പ്രദേശത്ത് ആദ്യമായാണ് ഇത്രയും മഴ രേഖപ്പെടുത്തുന്നത്. 1.79 ദശലക്ഷം പേർ ദുരിതബാധിതരാണ്.
എന്നാൽ, ദുരന്തങ്ങൾ തടയാനുള്ള എല്ലാ നടപടികളും സർക്കാർ സമയോചിതയായി എടുത്തിട്ടുണ്ടെന്ന് അവർ അറിയിച്ചു. അതേസമയം, മനുഷ്യന്‍റെ ഇടപെടൽ മൂലമുളള കാലാവസ്ഥ വ്യതിയാനമാണ് കനത്തമഴക്കും ദുരിതങ്ങൾക്കും കാരണമായതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
പൊതുവെ മധ്യ ചൈനയിലും തെക്കൻ ചൈനയിലും വെള്ളപ്പൊക്കം വളരെ സാധാരണമാണ്. കഴിഞ്ഞ വർഷം ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കമാണ് ചൈനയിലുണ്ടായത്. 300ലധികം പേർ വെള്ളപ്പൊക്കത്തിൽ മരണപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.