യുക്രെയ്നിലെ റഷ്യൻ അധിനിവേശം; പാലായനം ചെയ്തത് 10 ദശലക്ഷം പേരെന്ന് യു.എൻ, 90 ശതമാനവും സ്ത്രീകളും കുട്ടികളും
text_fieldsജനീവ: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രെയ്നിൽ നിന്നും 10 ദശലക്ഷം പേർ പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ. യുദ്ധം ചെയ്യുന്നവരുടെ ഉത്തരവാദിത്തങ്ങൾക്കിടയിലും, ലോകത്തെവിടെയും വീടുവിട്ട് പലായനം ചെയ്യാൻ നിർബന്ധിതരായ സിവിലിയന്മാർ അനുഭവിക്കുന്നത് കഷ്ടപ്പാടാണെന്നും യു.എൻ അഭയാർഥി വിഭാഗം മേധാവി ഫിലിപ്പോ ഗ്രാൻഡി ചൂണ്ടിക്കാട്ടി.
ഫെബ്രുവരി 24ന് റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷം 3,389,044 യുക്രെയ്ൻ പൗരന്മാർ രാജ്യത്ത് നിന്ന് പലായനം ചെയ്തെന്ന് ശനിയാഴ്ച പുറത്തിറക്കിയ യു.എൻ.എച്ച്.സി.ആറിന്‍റെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. 60,352 പേർ പുതുതായി പലായനം ചെയ്തതായും യു.എൻ വിവരിക്കുന്നു.
പലായനം ചെയ്തവരിൽ 90 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. 18നും 60നും ഇടയിൽ പ്രായമുള്ള യുക്രെയ്നിലെ പുരുഷന്മാർക്ക് സൈനിക സേവനം ചെയ്യേണ്ടതിനാൽ അവർക്ക് രാജ്യം വിട്ടുപോകുവാൻ സാധിക്കില്ല.
ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ സംഘടനയായ യുനിസെഫ് പുറത്തുവിട്ട കണക്കുകൾ പ്രകാരം പലായനം ചെയ്തവരിൽ 1.5 ദശലക്ഷത്തിലധികം കുട്ടികളാണ്. കൂടാതെ, മനുഷ്യക്കടത്ത് ഉൾപ്പടെയുള്ളവ വർധിക്കാൻ സാധ്യതയുള്ളതായും യു.എൻ മുന്നറിയിപ്പ് നൽകുന്നു.
ദശലക്ഷക്കണക്കിന് പേർ സ്വന്തം വീടുകളിൽ നിന്ന് പലായനം ചെയ്‌തെങ്കിലും യുക്രെയ്ൻ അതിർത്തിയിൽ തന്നെ തുടരുന്നതായി യു.എൻ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐ.ഒ.എം) അറിയിച്ചു. ഏകദേശം 6.48 ദശലക്ഷം ആളുകൾ യുക്രെയ്നിൽ നിന്നും ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടെന്നാണ് യു.എൻ ഉൾപ്പടെയുള്ള ഏജൻസികളെ അടിസ്ഥാനമാക്കി ഐ.ഒ.എം നടത്തിയ സർവേ ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.