പിതാവ് കാറിൽ വെച്ചു മറന്നു; 10 മാസം പ്രായമുള്ള കുഞ്ഞ് ചൂടിൽ വെന്തുമരിച്ചു
text_fieldsലിസ്ബൺ: പോർച്ചുഗലിൽ 10 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് കാറിൽ വെച്ച് മറന്നു. ചൂട് സഹിക്കാനാകാതെ കുഞ്ഞ് മരിച്ചു. നോവ യൂനിവേഴ്സിറ്റിയിലെ സയൻസ് ആൻഡ് ടെക്നോളജി ഫാക്കൽറ്റിയാണ് കുഞ്ഞിന്റെ പിതാവ്.
സെപ്റ്റംബർ എട്ടിന് കുഞ്ഞിനെ കാംപസിലെ ക്രഷിൽ കൊണ്ടാക്കാനായി എത്തിയതായിരുന്നു പിതാവ്. ജോലിക്കു പോകുന്നതിന് മുമ്പ് കുഞ്ഞിനെ പതിവായി ക്രഷിൽ ആക്കുകയാണ് ചെയ്യാറ്. എന്നാൽ ഇത്തവണ കാറിൽ നിന്ന് മകളെ എടുക്കാൻ അദ്ദേഹം മറന്നു. നേരെ തന്റെ ഓഫിസിലേക്ക് പോയി. ഏഴു മണിക്കൂർ കഴിഞ്ഞ് കാറിനടുത്തെത്തിയപ്പോഴാണ് പിതാവിന് ഇക്കാര്യം ഓർമ വന്നത്. കാറിലെ പിൻസീറ്റിൽ കുഞ്ഞ് അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ട അദ്ദേഹം ഞെട്ടിപ്പോയി.
കുഞ്ഞിനെ ഉണർത്താൻ അദ്ദേഹം പലതവണ ശ്രമിച്ചുനോക്കി. എന്നാൽ കുഞ്ഞിന് ഒരു പ്രതികരണവുമുണ്ടായില്ല. ഉടൻ അടിയന്തര സർവീസിൽ വിവരമറിയിക്കുകയായിരുന്നു. അവർ വന്ന് പരിശോധിച്ചതിനു ശേഷം കുഞ്ഞ് മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. കുഞ്ഞിന്റെ അമ്മയും വിവരമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു. പുറത്ത് 26 ഡിഗ്രി സെൽഷ്യസ് താപനില ആണെങ്കിൽ കാറിനുള്ളിൽ അത് 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്.
കുഞ്ഞ് ഉറങ്ങിയതിനാൽ പിതാവ് എടുക്കാൻ മറന്നുപോയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. സമാനമായ സംഭവം കഴിഞ്ഞ ജൂലൈയിലും നടന്നിരുന്നു. അന്ന് 18 മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.