പാകിസ്താനിൽ ക്ഷേത്രം തകർത്ത സംഭവം: അറസ്റ്റിലായവരുടെ എണ്ണം 55 ആയി
text_fieldsപെഷവാർ: പാകിസ്താനിൽ ക്ഷേത്രം തകർത്തതിന് 10 പേർകൂടി അറസ്റ്റിൽ. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം 55 ആയി. 350ഓളം പേർ ക്കെതിരെയാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അക്രമി സംഘത്തിലെ കൂടുതൽ പേർക്കായി അന്വേഷണം തുടരുകയാണ്.
ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ കരാക് ജില്ലയിലെ പരമഹംസ ജി മഹാരാജിൻെറ സമാധി സ്ഥലമുൾകൊള്ളുന്ന ക്ഷേത്രത്തിന് നേരെ ബുധനാഴ്ചയാണ് ആക്രമണമുണ്ടായത്. ക്ഷേത്ര വിപുലീകരണത്തിനെതിരെ പ്രതിഷേധവുമായി എത്തിയവരാണ് അക്രമത്തിന് പിന്നിൽ. ജംഇയ്യതുൽ ഉലമായെ ഇസ്ലാം നേതാവ് റഹ്മത്ത് സലാം ഖട്ടക് അടക്കമുള്ളവർ നേരത്തെ അറസ്റ്റിലായിരുന്നു.
സമാധിസ്ഥലവുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി വിവാദം നിലനിൽക്കുന്നുണ്ട്. 1997 വരെ ദർശനം നടന്ന ക്ഷേത്രത്തിന് ഒരുപറ്റമാളുകൾ കേടുവരുത്തിയിരുന്നു. 2014ൽ ക്ഷേത്രദർശനം പുനരാരംഭിക്കാനും പുനർനിർമിക്കാനും ഖൈബർ പഖ്തൂൺഖ്വ സർക്കാറിന് പാക് സുപ്രീം കോടതി ഉത്തരവ് നൽകിയിരുന്നു.
ക്ഷേത്ര ആക്രമണത്തെ മനുഷ്യാവകാശ പ്രവർത്തകരും ന്യൂനപക്ഷ ഹിന്ദു സമുദായ നേതാക്കളും ശക്തമായി അപലപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.