ലബനാനിൽ വിവിധയിടങ്ങളിൽ ഇസ്രായേൽ ആക്രമണം; 274 പേർ കൊല്ലപ്പെട്ടു
text_fieldsബൈറൂത്ത്: ലെബനാനിൽ ഹിസ്ബുല്ലക്കെതിരായ ഇസ്രായേലിന്റെ സൈനിക നീക്കം തുറന്ന യുദ്ധത്തിലേക്ക്. ലെബനാനിലെ ഹിസ്ബുല്ലയുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 274 പേർ കൊല്ലപ്പെട്ടു. 1024 പേർക്ക് പരിക്കുണ്ട്.
2006നുശേഷം ലബനാനിൽ ഒരു ദിവസം ഏറ്റവും കൂടുതലാളുകൾ കൊല്ലപ്പെട്ട ആക്രമണമാണിത്. സംഭവത്തെ യുദ്ധ പ്രഖ്യാപനമെന്ന് വിശേഷിപ്പിച്ച ഹിസ്ബുല്ല തുറന്ന യുദ്ധം പ്രഖ്യാപിച്ചു.
300 ലേറെ ഹിസ്ബ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഇസ്രായേൽ തിങ്കളാഴ്ച നരനായാട്ട് നടത്തിയത്. തെക്കൻ മേഖലയിലെ ബെക്ക താഴ്വര മുതൽ കിഴക്കൻ മേഖല വരെ അരമണിക്കൂറിനകം 80 തവണ വ്യോമാക്രമണം നടന്നതായി ലെബനാൻ ദേശീയ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ നിര്‍ത്തിവെക്കാന്‍ തെക്കന്‍ ലെബനാനിലെ എല്ലാ ആശുപത്രികള്‍ക്കും ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. അത്യാഹിതവിഭാഗത്തില്‍ പരിക്കേറ്റ് എത്തുന്നവര്‍ക്ക് ചികിത്സ നല്‍കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണം. തിങ്കളാഴ്ച രാവിലെ മുതല്‍ നടന്ന വ്യോമാക്രമണത്തില്‍ പരിക്കേറ്റ് നൂറുകണക്കിന് ആളുകളാണ് ആശുപത്രികളില്‍ എത്തുന്നത്. തെക്കന്‍ ലെബനാനിലും ബൈറൂത്തിലും സ്‌കൂളുകള്‍ക്ക് രണ്ടുദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ലെബനാനിലെ ബിൻത് ജബെയ്ൽ, ഐതറൂൺ, മജ്ദൽ സേലം, ഹുല, തൗറ, ഹാരിസ്, നബി ചിറ്റ്, താറയ്യ, ഷെംസ്റ്റാർ, ഹർബത, ലിബ്ബയ്യ, സോഹ്മോർ എന്നീ നഗരങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ഇസ്രായേൽ ആക്രമണം. നേരത്തെ വടക്കൻ ഇസ്രായേൽ ഭാഗത്ത് ലബനാനുമായി അതിർത്തി പങ്കിടുന്ന ഭാഗത്തുമാത്രമായിരുന്നു ആക്രമണമെങ്കിൽ ഇന്ന് വ്യാപക ആക്രമണമാണ് ഇസ്രായേൽ നടത്തിയത്.
അതിനിടെ, വീടുകളും മറ്റ് കെട്ടിടങ്ങളും ഉടൻ ഒഴിയണമെന്ന് ഇസ്രായേലി ഡിഫൻസ് ഫോഴ്‌സ് (ഐ.ഡി.എഫ്) ലെബനാനിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ആളുകളെ ഒഴിപ്പിക്കാൻ ആവശ്യപ്പെട്ട് ഇസ്രായേലിൽനിന്ന് 80,000ത്തിലധികം കോളുകൾ ലഭിച്ചതായി ലെബനാൻ ടെലികോം ഓപ്പറേറ്റർ ഒഗെറോയുടെ തലവൻ ഇമാദ് ക്രീഡി പറഞ്ഞതായി റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആളുകളെ പേടിപ്പിച്ച് ഓടിക്കാനും ലെബനാനിൽ നാശവും കുഴപ്പവും ഉണ്ടാക്കാനുമുള്ള ഇസ്രായേലിന്റെ മനഃശാസ്ത്രപരമായ യുദ്ധമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരത്തിലൊരു സന്ദേശം തന്റെ ഓഫിസിനും ലഭിച്ചതായി ലെബനന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി സ്ഥിരീകരിച്ചു. 80,000ത്തിലേറെ ഇത്തരം കോളുകള്‍ വന്നതായി ഔദ്യോഗിക ടെലികോം സേവനദാതാക്കളായ ഒഗേറോ അറിയിച്ചു. ഒഴിയാനുള്ള നിർദേശത്തിനു പിന്നാലെ ആളുകൾ വീടുകൾ വിട്ട് മറ്റ് പലയിടങ്ങളിലേക്കും പോവുകയാണ്.
സിവിലിയൻമാരുടെ സുരക്ഷ അപകടത്തിലായതിനാൽ ഇസ്രായേലിന്റെ ആക്രമണം അവസാനിപ്പിക്കാൻ നയതന്ത്രതലത്തിൽ ശ്രമങ്ങളുണ്ടാകണമെന്ന് ലെബനാനിലെ യു.എൻ കോ ഓർഡിനേറ്റർ ആവശ്യപ്പെട്ടു. ആക്രമണ പരമ്പരയെ തുടർന്ന് തെക്കൻ മേഖലയിൽ നിന്ന് ആളുകൾ വടക്കൻ ഭാഗത്തേക്ക് ജീവനും കൈയിൽ പിടിച്ച് പലായനം ചെയ്യുകയാണ്. ഇസ്രായേലിന്റെത് വംശഹത്യയാണെന്ന് ലെബനാനിലെ കാവൽ പ്രധാനമന്ത്രി അപലപിച്ചു.
ലക്ഷ്യം നേടുന്നതു വരെ ആക്രമണം തുടരുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് വ്യക്തമാക്കി. അതുവരെ തദ്ദേശവാസികൾ സുരക്ഷിത സ്ഥലങ്ങളിൽ തുടരണമെന്നും ഗാലന്റ് ആവശ്യപ്പെട്ടു.
ഹിസ്ബുല്ലക്കെതിരായ പേജർ സഫോടനത്തിനു പിന്നാലെ മേഖലയിൽ യുദ്ധസമാന സാഹചര്യം ഉടലെടുത്തിരുന്നു. രാജ്യത്ത് ഹിസ്ബുല്ല ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന ആയിരക്കണക്കിന് പേജറുകൾ ഒരേസമയം പൊട്ടിത്തെറിച്ച് 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 3000ത്തോളം പേജറുകളാണ് ഒരേസമയത്ത് പൊട്ടിത്തെറിച്ചത്. മൊസാദ് വഴിയാണ് സ്ഫോടനത്തിന് ഇസ്രായേൽ കരുനീക്കം നടത്തിയതെന്ന റിപ്പോർട്ടുകളും പിന്നാലെ പുറത്തുവന്നു. പേജറുകളിൽ സ്ഫോടക വസ്തു സ്ഥാപിച്ചായിരുന്നു അന്താരാഷ്ട്ര നിയമങ്ങൾ പോലും കാറ്റിൽ പറത്തിയുള്ള ഇസ്രായേലിന്റെ ഓപറേഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.