ആശുപത്രിയിൽ നവജാത ശിശുക്കളുടെ യൂനിറ്റിലുണ്ടായ തീപിടിത്തത്തിൽ 11 കുഞ്ഞുങ്ങൾ മരിച്ചു
text_fieldsഡാക്കർ: ആഫ്രിക്കൻ രാജ്യമായ സെനഗലിലെ ആശുപത്രിയിൽ നവജാത ശിശുക്കളുടെ യൂനിറ്റിലുണ്ടായ തീപിടിത്തത്തിൽ 11 കുഞ്ഞുങ്ങൾ മരിച്ചു. തലസ്ഥാനമായ ഡാക്കറിൽ നിന്ന് 120 കിലോമീറ്റർ അകലെയുള്ള ടിവൗവാനിലെ അബ്ദുൾ അസീസ് സൈ ദബാബ് ആശുപത്രിയിലാണ് സംഭവം.
വൈദ്യുതി ഷോർട്ട് സർക്യൂട്ട് കാരണമാണ് തീപിടിത്തമുണ്ടായതെന്ന് മേയർ ഡെംബ ഡിയോപ് പറഞ്ഞു. കുഞ്ഞുങ്ങളെ അവരുടെ യൂനിറ്റിൽ ഉറക്കി കിടത്തി അല്പസമയത്തിന് ശേഷം തീപിടിത്തമുണ്ടായെന്ന് അറിയിച്ച് തങ്ങൾക്ക് കോൾ വരികയായിരുന്നെന്നും കുഞ്ഞുങ്ങളുടെ ജീവൻ അപഹരിച്ച സംഭവം ആശുപത്രിയിൽ എങ്ങനെയുണ്ടായെന്നതിന് വിശദീകരണം വേണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു.
വടക്കൻ സെനഗലിലെ ലിംഗെയറിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നാല് നവജാത ശിശുക്കൾ മരിച്ച് ഒരു വർഷത്തിന് ശേഷമാണ് സംഭവം. ആശുപത്രിയിലെ സൗകര്യങ്ങളെക്കുറിച്ചും മറ്റ് ആരോഗ്യ പരിപാലന കേന്ദ്രങ്ങളെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി അന്റോയിൻ ഡയോം അറിയിച്ചു. പ്രസിഡന്‍റ് മാക്കി സാൽ മരിച്ച കുഞ്ഞുങ്ങളുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച് ട്വീറ്റ് ചെയ്തു. രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണത്തിനും അദ്ദേഹം ആഹ്വാനം ചെയ്തു. ജനീവയിൽ ലോകാരോഗ്യ അസംബ്ലിയിൽ പങ്കെടുക്കുകയായിരുന്ന ആരോഗ്യ മന്ത്രി അബ്ദുൽ ദിയൂഫ് സാർ ഉടൻ സെനഗലിലെത്തുമെന്ന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.