നെതന്യാഹുവിനെതിരായ പ്രക്ഷോഭം വീണ്ടും ശക്തിപ്പെടുന്നു
text_fieldsതെൽഅവീവ്: ഇസ്രായേലിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരായ പ്രക്ഷോഭം വീണ്ടും ശക്തിപ്പെടുന്നു. ജറുസലം നഗരത്തിൽ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ ആയിരങ്ങളാണ് പങ്കെടുത്തത്.
പ്രക്ഷോഭകാരികൾ പൊലീസ് പ്രതിരോധം തകർക്കാൻ ശ്രമിച്ചു. സംഭവത്തിൽ 12 പേരെ അറസ്റ്റ് ചെയ്തതായി ഇസ്രായേൽ പൊലിസ് അറിയിച്ചു. പ്രക്ഷോഭകാരികളുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
കോവിഡ് പ്രതിരോധത്തിലും അഴിമതി തടയുന്നതിലും സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് ജനം തുടർച്ചയായി തെരുവിലിറങ്ങുന്നത്. കോവിഡ് നേരിടാൻ ഫലപ്രദമായ പാക്കേജ് പ്രഖ്യാപിക്കാൻ നെതന്യാഹു സർക്കാറിന് സാധിച്ചിരുന്നില്ല. അഴിമതി കേസുകളിൽ വിചാരണ നേരിടുന്ന നെതന്യാഹുവിന്‍റെ രാജിയും പ്രക്ഷോഭകാരികൾ ആവശ്യപ്പെടുന്നു.
ജീവിത ചെലവ് ക്രമാധീതമായി വർധിച്ചതോടെയാണ് ജനം പരസ്യ പ്രതിഷേധം ആരംഭിച്ചത്. 2011ൽ സർക്കാറിനെതിരെ നടന്ന പ്രതിഷേധങ്ങൾക്ക് ശേഷം രാജ്യത്ത് നടക്കുന്ന വലിയ പ്രക്ഷോഭമാണ് ഇത്. അതേസമയം, ഇടതുപക്ഷ വിമർശകർ, അരാജകവാദികൾ, ആരോഗ്യ ഭീകരവാദ പ്രവർത്തനം എന്നെല്ലാമാണ് പ്രതിഷേധ സമരക്കാരെ നെതന്യാഹു ഭരണകൂടം വിശേഷിപ്പിക്കുന്നത്.
ആഗസ്റ്റ് രണ്ടിന് നെതന്യാഹുവിന്‍റെ വസതിക്കു മുന്നിൽ നടന്ന പ്രക്ഷോഭത്തിൽ 10,000ത്തോളം പേരാണ് പങ്കെടുത്തത്. 'ക്രൈം മിനിസ്റ്റർ', 'ഗോ ഹോം' എന്നീ പ്ലക്കാർഡുകൾ ഏന്തിയായിരുന്നു പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രക്ഷോഭകാരികൾ നിലകൊണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.