12 ഭാര്യ, 102 മക്കൾ, 578 പേരക്കുട്ടികൾ; പ്രാരാബ്ധക്കാരനാണിയാൾ
text_fieldsകമ്പാല: എല്ലാ മക്കളുടെയും പേരക്കുട്ടികളുടെയും പേര് ഓർത്തെടുക്കാൻപോലും അയാൾക്കിപ്പോൾ കഴിയുന്നില്ല. 12 ഭാര്യമാരും 102 മക്കളും 578 പേരക്കുട്ടികളുമടങ്ങുന്ന കുടുംബത്തെ പോറ്റാൻ പ്രയാസപ്പെടുകയാണ് യുഗാണ്ടയിലെ മുസ ഹസഹ്‍യ കാസെറയെന്ന 68കാരൻ.
‘‘ആദ്യമൊക്കെ തമാശയായിരുന്നു. ഇപ്പോൾ അതൊരു പ്രശ്നമായിട്ടുണ്ട്. എന്റെ ആരോഗ്യം ക്ഷയിച്ചുതുടങ്ങി. വലിയ കുടുംബത്തിന്റെ ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം തുടങ്ങി അടിസ്ഥാന ആവശ്യങ്ങൾപോലും പൂർത്തീകരിക്കാൻ എന്നെക്കൊണ്ട് പറ്റുന്നില്ല’’ -മുസ ഹസഹ്‍യ കാസെറ പറയുന്നു. മുതിർന്ന മക്കൾ സഹായിക്കുന്നുണ്ടെങ്കിലും അത് പോരാതെ വരുന്നു. രണ്ടു ഭാര്യമാർ അദ്ദേഹത്തെ വിട്ടുപോയി. മറ്റു മൂന്നുപേരും മക്കളും വീട്ടിൽ സ്ഥലമില്ലാത്തതിനാൽ രണ്ടു കിലോമീറ്റർ അകലെ മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്.
കൂടുതൽ കുട്ടികൾ ഉണ്ടാകാതിരിക്കാൻ ഭാര്യമാർ പ്രസവം നിർത്തി. രണ്ടേക്കറോളം വരുന്ന സ്ഥലത്ത് കാലികളെ വളർത്തിയും വിനോദസഞ്ചാരികൾക്ക് സേവനം ചെയ്തുമായിരുന്നു അദ്ദേഹം കുടുംബം പോറ്റിയിരുന്നത്. അംഗസംഖ്യ വർധിച്ചതോടെ കാര്യങ്ങൾ കൈപ്പിടിയിലൊതുങ്ങാതായി. 1972ലാണ് ആദ്യ വിവാഹം. കാസെറക്കും ഭാര്യക്കും അന്ന് 17 വയസ്സ്. 1995ൽ മാത്രമാണ് യുഗാണ്ടയിൽ ശൈശവവിവാഹം നിരോധിച്ചത്.
ഒരു വർഷം കഴിഞ്ഞപ്പോൾ ആദ്യ മകൾ സാന്ദ്ര നബ്‍വിറെ പിറന്നു. കുടുംബത്തിന്റെ പൈതൃകം കാക്കാൻ കൂടുതൽ കുട്ടികൾ ഉണ്ടാകാൻ ഇനിയും വിവാഹം കഴിക്കണമെന്ന് ഉപദേശിച്ചത് സഹോദരനും സുഹൃത്തുക്കളും. 10 മുതൽ 50 വയസ്സ് വരെയുള്ളവരാണ് മക്കൾ. ഏറ്റവും പ്രായംകുറഞ്ഞ ഭാര്യക്ക് 35 വയസ്സ്.
ഭാര്യമാരും മക്കളും തമ്മിൽ തർക്കവും പ്രശ്നങ്ങളുമൊന്നുമില്ല. മാസത്തിൽ നടത്തുന്ന കുടുംബ യോഗമാണ് ഈ ഐക്യത്തിന് ബലംനൽകുന്നത്. ‘‘പ്രയാസങ്ങൾ ഉണ്ടെങ്കിലും അവരെല്ലാം എന്നെ സ്നേഹിക്കുന്നു. നോക്കൂ, അവരെല്ലാം സന്തോഷത്തിലാണ്. വേണ്ടവിധം നോക്കാൻ കഴിയുന്നില്ലെന്ന സങ്കടം എനിക്കാണ്’’ -മുസ ഹസഹ്‍യ കാസെറ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.