ചിപ്സ് ലേലത്തിൽ വെച്ച 13കാരിക്ക് ലഭിച്ചത് 11 ലക്ഷം രൂപ!
text_fieldsസിഡ്നി: ഡോറിറ്റോസിന്‍റെ ചിപ്സ് പാക്കറ്റ് പൊട്ടിച്ച് കഴിക്കാൻ നോക്കുന്നതിനിടെ വ്യത്യസ്തമായ ഒരു കഷണം ചിപ്സ് കണ്ടെത്തിയ 13കാരിക്ക് ലഭിച്ചത് 20000 ആസ്ട്രേലിയൻ ഡോളർ. ആസ്ട്രേലിയയിലെ ഗോൾഡ്കോസ്റ്റ് സ്വദേശിയായ റൈലി സ്റ്റുവർട്ടാണ് ചിപ്സ് കഴിക്കുന്നതിനിടെ മറ്റുള്ളവയിൽ നിന്ന് മാറ്റങ്ങളുള്ള ഒരു കഷ്ണം ശ്രദ്ധിച്ചത്.
ഇത് ചൂണ്ടിക്കാട്ടി കുട്ടി ടിക്ടോക് വിഡിയോ തയാറാക്കി പോസ്റ്റ് ചെയ്തു. 'ഞാനൊരു പഫ് ഡോറിറ്റോ കണ്ടെത്തി. ഇത് അമൂല്യമാണോ അതല്ലെങ്കിൽ ഞാൻ കഴിച്ചാലോ? എന്ന് ചോദിച്ചാണ് റൈലി വിഡിയോ പങ്കുെവച്ചത്. 29 ലക്ഷം ആളുകൾ കണ്ട് വിഡിയോ വൈറലായി. ചിപ്സ് ഓൺലൈനിൽ വിൽക്കാനായിരുന്ന ഭൂരിപക്ഷം ഫോളോവേഴ്സും നിർദേശിച്ചത്.
ഫോളോവേഴ്സിന്റെ ഉപദേശം സ്വീകരിച്ച കുട്ടി ചിപ്സ് 'ഇ-ബേ'യിൽ ലിസ്റ്റ് ചെയ്തു. 0.99 ആസ്ട്രേലിയൻ ഡോളർ വിലയിട്ടിരുന്ന ചിപ്സിന് തുടക്കത്തിൽ ആവശ്യക്കാരില്ലായിരുന്നു. എന്നാൽ ചിപ്സിനെ കുറിച്ചുള്ള വിശേഷണം ഒന്ന് മിനുക്കി നൽകിയതിന് പിന്നാലെ ആവശ്യക്കാരേറി.
10 ഡോളറിലേക്കെത്തിയ ലേലം വിളി മണിക്കൂർ െകാണ്ട് 10000 ആസ്ട്രേലിയൻ ഡോളറിലെത്തി. എട്ട് പേരിൽ നിന്നായി 45 അപേക്ഷകൾ ലഭിച്ചു. അഞ്ച് ദിവസങ്ങൾ ശേഷിക്കേ ഇതിനോടകം 20,300 ആസ്ട്രേലിയൻ ഡോളർ (11 ലക്ഷം രൂപ) ലേലം വിളിച്ച് കഴിഞ്ഞു. ഡോറിറ്റോസ് ആണ് കുട്ടിക്ക് 20000 ഡോളർ ഓഫർ ചെയ്തത്.
'റൈലിയുടെ ധൈര്യവും സംരംഭകത്വ മനോഭാവവും ഞങ്ങളെ വളരെയധികം ആകർഷിച്ചു. അതിനാൽ ആ കുടുംബത്തിന്‍റെ സർഗാത്മകതക്കും ഡോറിറ്റോസിനോടുള്ള സ്നേഹത്തിനും പ്രതിഫലം നൽകാൻ ഞങ്ങൾ ആഗ്രഹിച്ചു'-ഡോറിറ്റോസ് ചീഫ് മാർക്കറ്റിങ് ഓഫീസർ വനിത പാണ്ഡേ നയൻ ന്യൂസിനോട് പറഞ്ഞു.
ഭക്ഷണ സാധനങ്ങൾ വമ്പൻ തുകക്ക് ലേലത്തിൽ പോകുന്നത് ഇത് ആദ്യ സംഭവമല്ല. 2004ൽ കന്യാമറിയത്തിന്‍റെ മുഖച്ഛായയുള്ള ചീസ് സാൻഡ്വിച് 28000 ഡോളറിന് ലേലത്തിൽ പോയതായി ബി.ബി.സി റിപ്പോർട്ട് ചെയ്തിരുന്നു. 'എമങ് അസ്' ഓൺലൈൻ ഗെയിമിലെ കഥാപാത്രത്തിന്‍റെ രൂപത്തിലുള്ള മക്ഡൊണാൾഡ്സ് ചിക്കൻ നഗറ്റ് ലക്ഷം ഡോളറിന് വിറ്റുപോയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.