നരഹത്യ നിർത്താതെ ഇസ്രായേൽ; കുട്ടികളടക്കം 14 മരണം
text_fieldsദാർ അൽബലാഹ്: ഗസ്സയുടെ മധ്യ, തെക്കൻ മേഖലകളിൽ അധിനിവേശ സേന തുടരുന്ന വ്യോമാക്രമണത്തിൽ കുട്ടികളടക്കം 14 ഫലസ്തീനികൾ കൊല്ലപ്പെട്ടു.
ഗസ്സ സിറ്റിയിലെ വീടും ഖാൻ യൂനുസിലെ അഭയാർഥികളുടെ തമ്പും ലക്ഷ്യമിട്ടായിരുന്നു ബോംബ് വർഷം. മൂന്ന് സ്ത്രീകളും നാല് കുട്ടികളും ഉൾപ്പെടെ 11 പേർക്കാണ് ഗസ്സ സിറ്റിയിൽ ജീവൻ നഷ്ടപ്പെട്ടത്. ചൊവ്വാഴ്ച അഭയാർഥി ക്യാമ്പിലും ബുധനാഴ്ച അഭയാർഥികളെ പാർപ്പിച്ചിരിക്കുന്ന യു.എൻ സ്കൂളിലും ബോംബിട്ട് നിരവധി പേരെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ ആക്രമണം.
ഗസ്സയിലെ കുട്ടികൾക്ക് പോളിയോ തുള്ളിമരുന്നിന്റെ രണ്ടാമത്തെ ഡോസ് ഈ മാസം അവസാനം വിതരണം ചെയ്യാൻ ലോകാരോഗ്യ സംഘടന നീക്കം നടത്തുന്നതിനിടയിലാണ് ഇസ്രായേൽ ക്രൂരത കടുപ്പിച്ചത്. ആദ്യഘട്ടത്തിൽ 5.60 ലക്ഷം കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്തിരുന്നു.
അതിനിടെ, അമേരിക്കൻ -തുർക്കി പൗര അയ്സെനൂർ എസ്ഗി എയ്ഗിയുടെ മൃതദേഹം ഖബറടക്കാനായി പശ്ചിമ തുർക്കിയയിലെ സ്വദേശമായ ഈജിയൻ നഗരം ദിദിമിലേക്ക് കൊണ്ടുപോയി.
അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ കുടിയേറ്റത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെയാണ് 26കാരിയായ അയ്സെനൂർ ഇസ്രായേൽ സൈനികരുടെ വെടിയേറ്റു മരിച്ചത്.
അബദ്ധത്തിൽ വെടിയേറ്റാണ് അയ്സെനൂർ കൊല്ലപ്പെട്ടതെന്നാണ് ഇസ്രായേൽ സൈന്യം ന്യായീകരിച്ചതെങ്കിലും സംഭവത്തെക്കുറിച്ച് സ്വന്തംനിലക്ക് അന്വേഷണം നടത്തുമെന്ന് തുർക്കിയ പ്രഖ്യാപിച്ചിട്ടുണ്ട്.
11 മാസത്തിലേറെയായി തുടരുന്ന ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ 41,182 ഫലസ്തീനികൾ കൊല്ലപ്പെട്ടു. 95,280 പേർക്ക് പരിക്കേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.