ഹിസ്ബുല്ല ആക്രമണത്തിൽ 14 ഇസ്രായേൽ സൈനികർക്ക് പരിക്ക്; അഞ്ചുപേർക്ക് ഗുരുതരം
text_fieldsതെൽഅവീവ്: തങ്ങളുടെ രണ്ട് മുതിർന്ന കമാൻഡർമാരെ വധിച്ചതിന് പ്രതികാരമായി ഇസ്രായേലിൽ ഹിസ്ബുല്ല നടത്തിയ ഡ്രോൺ ആക്രമണത്തിൽ 14 ഇസ്രായേൽ സൈനികർക്ക് പരിക്കേറ്റു. തങ്ങൾക്കുനേരെ ആക്രമണം നടത്താൻ ഇസ്രായേൽ സൈന്യം താവളമാക്കിയ കെട്ടിടമാണ് ഡ്രോൺ ഉപയോഗിച്ച് തകർത്തതെന്ന് ലബനാൻ സായുധ സംഘമായ ഹിസ്ബുല്ല അറിയിച്ചു.
ഇസ്രായേലിന്റെ വടക്കൻ അതിർത്തി പട്ടണമായ അറബ് അൽ-അറാംഷെയിൽ സൈനികർ തമ്പടിച്ച കെട്ടിടത്തിന് നേരെയാണ് ബുധനാഴ്ച ഹിസ്ബുല്ല ഡ്രോൺ ആക്രമണം നടത്തിയത്. 14സൈനികർക്കും നാല് സാധാരണക്കാർക്കുമടക്കം 18 പേർക്ക് പരിക്കേറ്റതായാണ് ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) പറയുന്നത്. സൈനികരിൽ ഒരാളുടെ നില അതീവ ഗുരുതരവും നാലുപേരുടേത് ഗുരുതരവുമാണ്. പരിക്കേറ്റവരെ നഹാരിയയിലെ ഗലീലി മെഡിക്കൽ സെൻററിൽ പ്രവേശിപ്പിച്ചു.
הפגיעה בערב אל עראמשה: 6 נפצעו, בהם אחד באורח קשה, אחד בינוני והיתר במצב קל | תיעוד רגעי הפגיעה
— כאן חדשות (@kann_news) April 17, 2024
(מיכל וסרמן) pic.twitter.com/U4GEoU4i2S
ലബനാനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിന് ഹിസ്ബുല്ല തിരിച്ചടി തുടങ്ങിയതോടെ നഗരത്തിലെ 70000ഓളം ആളുകളെ ഇസ്രായേൽ നേരത്തെ കൂട്ടത്തോടെ ഒഴിപ്പിച്ചിരുന്നു. ഇവിടെ നിയോഗിച്ച സൈനികർ ഒത്തുകൂടിയ കെട്ടിടമാണ് നിയന്ത്രിത മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഹിസ്ബുല്ല തകർത്തത്. സംഭവത്തിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയില്ല; അയേൺ ഡോമുകൾ പ്രവർത്തിച്ചില്ല
വ്യോമാതിർത്തി കടന്ന് ഇസ്രായേലിനെ ലക്ഷ്യമിട്ട് മിസൈലുകൾ വരുമ്പോൾ സാധാരണ ഓട്ടോമാറ്റിക്കായി മുന്നറിയിപ്പ് സൈറൺ മുഴങ്ങാറുണ്ട്. മിസൈലുകളെയും ഡ്രോണുകളെയും അയേൺ ഡോം സംവിധാനം ഉപയോഗിച്ച് ആകാശത്തുവെച്ചുതന്നെ നിർവീര്യമാക്കുന്ന സാങ്കേതികവിദ്യയും ഇസ്രായേലിനുണ്ട്. എന്നാൽ, ഇന്ന് ഹിസ്ബുല്ലയുടെ ആക്രമണം നടക്കുമ്പോൾ ഇവ രണ്ടും പ്രവർത്തനക്ഷമമായിരുന്നില്ല. ആക്രമണം കഴിഞ്ഞ ശേഷമാണ് അറബ് അൽ-അറാംഷെയിൽ രണ്ട് തവണ അലാറം മുഴങ്ങിയത്.
Additional footage shows the Hezbollah explosive-laden drone striking the community center in Arab al-Aramshe, wounding seven people. pic.twitter.com/DEE13pxE26
— Emanuel (Mannie) Fabian (@manniefabian) April 17, 2024
മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങാത്തതും ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ പ്രതികരിക്കാതിരുന്നതും എന്തുകൊണ്ടാണെന്ന് ഐഡിഎഫ് അന്വേഷിക്കുന്നുണ്ട്. സ്‌ഫോടക വസ്തു നിറച്ച ഡ്രോൺ കെട്ടിടത്തിൽ പതിക്കുന്നതും പൊട്ടിത്തെറിച്ച് തീപടരുന്നതും ദൃക്സാക്ഷികൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്നലെ തെക്കൻ ലെബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ രണ്ട് കമാൻഡർമാർ ഉൾപ്പെടെ തങ്ങളുടെ മൂന്ന് അംഗങ്ങൾ കൊല്ലപ്പെട്ടതിന് മറുപടിയാണ് ആക്രമണമെന്ന് ഹിസ്ബുല്ല പറഞ്ഞു. ഇന്ന് രാവിലെ ലെബനനിൽനിന്ന് ബിരാനിറ്റ് സൈനിക താവളത്തിലേക്ക് ഹിസ്ബുല്ല നിരവധി റോക്കറ്റുകൾ തൊടുത്തുവിട്ടിരുന്നു. അതേസമയം, ആക്രമണത്തെ തുടർന്ന് ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് തങ്ങൾ തിരിച്ചടിച്ചതായി ഐഡിഎഫ് അറിയിച്ചു.
60 സാധാരണക്കാരടക്കം ലബനാനിൽ ഇതുവരെ 278 പേരെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്. ഇസ്രായേൽ ആക്രമണത്തിലും ഗസ്സയിലെ കൂട്ടക്കൊലയിലും പ്രതിഷേധിച്ച് ഹിസ്ബുല്ല നടത്തുന്ന ആക്രമണത്തിൽ ഇതിനകം 10 ഇസ്രായേൽ സൈനികരും എട്ട് സിവിലിയൻമാരും കൊല്ലപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.