കൊറിയ വിമാനാപകടം: കാരണം വ്യക്തമായില്ല, 141 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു
text_fieldsസോൾ: ദക്ഷിണ കൊറിയയെ ഞെട്ടിച്ച് 179 പേർ വെന്തുമരിച്ച മുവാൻ വിമാനാപകടത്തിന്റെ കാരണം കണ്ടെത്താനാകാതെ അധികൃതർ. ലാൻഡിങ് ഉപകരണത്തിന്റെ തകരാറാകാമെന്നാണ് ഈ രംഗത്തെ പ്രമുഖർ പറയുന്നതെങ്കിലും അന്വേഷിച്ച് ഉറപ്പിക്കാൻ സർക്കാറിന് കഴിഞ്ഞിട്ടില്ല. പക്ഷി ഇടിച്ചതാകാമെന്ന് മറ്റൊരു കൂട്ടരും അഭിപ്രായപ്പെടുന്നു. രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിലുണ്ടായ ദുരന്തത്തെ സർക്കാർ എങ്ങനെ കൈകാര്യം ചെയ്യുമെന്ന ആശങ്കയും വ്യാപകമാണ്.
മൃതദേഹങ്ങൾ വിട്ടുകിട്ടുന്നതിൽ കൃത്യമായ വിവരം നൽകുന്നില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. 141 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ബാക്കിയുള്ളവയുടെ ഡി.എൻ.എ പരിശോധന തുടരുകയാണ്. അപകടത്തിൽപ്പെട്ട ജെജു എയർ വിമാനത്തിൽ ബുക്ക് ചെയ്ത 68,000 പേർ ടിക്കറ്റ് റദ്ദാക്കിയിട്ടുണ്ട്. പ്രസിഡന്റ് യൂൺ സുക് യോളിനെയും പ്രധാനമന്ത്രി ഹാൻ ഡക് സൂവിനെയും ഇമ്പീച്ച് ചെയ്തതിനെതുടർന്ന് താൽക്കാലിക സംവിധാനങ്ങളാണ് നാട് ഭരിക്കുന്നത്.
താൽക്കാലിക പ്രസിഡന്റ് ചോയ് സങ് മോകിന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച അടിയന്തരയോഗം ചേർന്നു. രാജ്യത്തെ വിമാന സർവിസുകളെക്കുറിച്ച് അടിയന്തര വിശകലനം നടത്താൻ യോഗം തീരുമാനിച്ചു. സുരക്ഷ സംവിധാനങ്ങൾ പ്രത്യേകം പരിശോധിക്കുമെന്ന് ഉപപ്രധാനമന്ത്രിയും ധനകാര്യമന്ത്രിയും കൂടിയായ ചോയ് സങ് മോക് പറഞ്ഞു.
മുവാൻ വിമാനത്താവളത്തിൽ ജെജു എയർ വിമാനം ആദ്യം ലാൻഡ് ചെയ്യാൻ ശ്രമിച്ചിട്ട് പരാജയപ്പെട്ടതിന്റെ കാരണം വ്യക്തമല്ല. രണ്ടാമത്തെ ലാൻഡിങ് ശ്രമത്തിനിടെ ഗ്രൗണ്ട് കൺട്രോൾ സെന്ററിൽനിന്ന് പക്ഷി ഇടിക്കുന്ന മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെ മുൻവശത്തെ ലാൻഡിങ് ഗിയർ പുറത്തേക്ക് വരാതെ വിമാനം ലാൻഡ് ചെയ്യുകയായിരുന്നു. ഒടുവിൽ റൺവേയും മറികടന്ന് മതിലിൽ ഇടിക്കുകയും തീഗോളമായി പൊട്ടിത്തെറിക്കുകയുമായിരുന്നു. ഹൈഡ്രോളിക് തകരാറുണ്ടാകാൻ സാധ്യതയുണ്ടെന്നും ലാൻഡിങ് ഗിയർ സ്വമേധയാ താഴ്ത്തിയില്ലെന്നും അപകടത്തിന്റെ വിഡിയോ സൂചിപ്പിച്ചതായി വിരമിച്ച എയർലൈൻ പൈലറ്റായ ജോൺ കോക്സ് പറഞ്ഞു.
വിമാനത്തിന്റെ തകരാർ റൺവേക്ക് അടുത്തായിരുന്നില്ലെങ്കിൽ കേടുപാടുകളും പരിക്കുകളും കുറക്കാമായിരുന്നുവെന്നാണ് വിദഗ്ധാഭിപ്രായം. രാജ്യത്തെ എയർലൈനുകൾ നടത്തുന്ന എല്ലാ 101 ബോയിങ് 737-800 ജെറ്റ്ലൈനറുകളുടെയും സുരക്ഷ പരിശോധന നടത്തുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. 39 വിമാനങ്ങൾ പ്രവർത്തിപ്പിക്കുന്ന ജെജു എയറിലെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് സമഗ്ര അവലോകനം നടത്തും. യു.എസ് നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡിന്റെയും ബോയിങ്ങിന്റെയും പ്രതിനിധികൾ തിങ്കളാഴ്ച ദക്ഷിണ കൊറിയയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി മുതിർന്ന മന്ത്രാലയ ഉദ്യോഗസ്ഥൻ ജൂ ജോങ് വാൻ പറഞ്ഞു. അതിനിടെ, സോളിലെ ഗിമ്പോ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന ജെജു എയറിന്റെ മറ്റൊരു വിമാനം ലാൻഡിങ് ഗിയർ തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തിരിച്ചിറക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.