മൂന്നു മാസത്തിനിടെ മദീന സന്ദർശിച്ചത് 15 ലക്ഷത്തോളം വിദേശികൾ
text_fieldsമദീന: ഈ വർഷത്തെ ഉംറ സീസൺ ആരംഭിച്ച ശേഷം ഇതുവരെ മദീനയിലെത്തിയ വിദേശികളായ ഉംറ തീർഥാടകരുടെയും സന്ദർശകരുടെയും എണ്ണം 14,86,880 കവിഞ്ഞു. ഹജ്ജ്, ഉംറ മന്ത്രാലയ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. ഉംറ സീസൺ തുടങ്ങി മൂന്നുമാസത്തിനിടെ വ്യോമ, കര, കടൽ മാർഗങ്ങൾ വഴി മദീനയിലെത്തിയ ഉംറ തീർഥാടകരുടെയും സന്ദർശകരുടെയും കണക്കാണ് മന്ത്രാലയ റിപ്പോർട്ടിൽ വ്യക്തമാക്കിയത്. ഉംറ തീർഥാടകർ 11,08,000 പേരാണ്. ബാക്കിയുള്ളവർ മദീന സിയാറത്തിന് എത്തിയവരാണ്.
ഉംറ സീസണിൽ മദീനയിൽ ഏറ്റവും കൂടുതൽ എത്തുന്ന രാജ്യക്കാരുടെ വേർതിരിച്ച കണക്കുകളും മന്ത്രാലയം പുറത്തുവിട്ടു. സീസൺ ആരംഭിച്ചത് മുതൽ 4,49,696 പേർ ആണ് ഇന്തോനേഷ്യയിൽനിന്ന് വന്നത്.പാകിസ്താനിൽനിന്ന് 2,87,793 പേരും ഇന്ത്യയിൽനിന്ന് 1,89,052 പേരും ഇറാഖിൽനിന്ന് 1,22,557 പേരും ബംഗ്ലാദേശിൽനിന്ന് 76,946 പേരും എത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
മദീനയിലെത്തുന്ന സന്ദർശകർക്ക് കുറ്റമറ്റ സേവനങ്ങൾ നൽകുന്ന മന്ത്രാലയ നടപടിയിൽ തീർഥാടകർ ഏറെ സന്തുഷ്‌ടി പ്രകടിപ്പിച്ചു.സൗദി ഭരണകൂടത്തിന്റെ ബഹുമുഖ പദ്ധതികൾ ഏറെ വിലമതിക്കുന്നതാണെന്നും വിദേശികളുടെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.സംയോജിത സേവനങ്ങളും സന്ദർശകർക്കുള്ള വൈവിധ്യമാർന്ന സംവിധാനങ്ങളും തീർഥാടകർക്ക് പരമാവധി സൗകര്യങ്ങൾ നൽകാനുള്ള സൗദി ഗവൺമെന്റിന്റെ താൽപര്യത്തെ സ്ഥിരീകരിക്കുന്നുവെന്ന് വിദേശ തീർഥാടകർ സാക്ഷ്യപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.