ഘാനയിൽ സ്ഫോടകവസ്തുക്കൾ കയറ്റിയ ട്രക്കും ഇരുചക്രവാഹനവും കൂട്ടിയിച്ച് സ്ഫോടനം; 17 മരണം
text_fieldsഅക്ര: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഘാനയിൽ സ്ഫോടകവസ്തുക്കൾ കയറ്റിയ ട്രക്കും ഇരുചക്രവാഹനവും കൂട്ടിയിച്ചുണ്ടായ വൻ സ്ഫോടനത്തിൽ 17 മരണം. 59 പേർക്ക് പരിക്കേറ്റു. ഇതിൽ 42 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച ബൊഗോസോ ജില്ലയിലെ പടിഞ്ഞാറൻ മേഖലയിലാണ് സ്ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ നൂറുകണക്കിന് കെട്ടിടങ്ങൾ തകർന്നു. രാജ്യ തലസ്ഥാനമായ അക്രയിൽ നിന്ന് 300 കിലോമീറ്റർ അകലെയാണ് സംഭവം.
സ്വർണ ഖനിയിലേക്ക് സ്‌ഫോടകവസ്തുക്കളുമായി പോവുകയായിരുന്ന ട്രക്ക് ഇരുചക്രവാഹനവും മറ്റൊരു വാഹനവുമായും കൂട്ടിയിടിച്ചതിനെ തുടർന്നാണ് സ്ഫോടനമുണ്ടായതെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷങ്ങളിൽ വാതക ചോർച്ചയെ തുടർന്ന് നിരവധി സ്ഫോടനങ്ങളാണ് ഘാനയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2017ൽ അക്രയിൽ പ്രകൃതിവാതകം കയറ്റിക്കൊണ്ടിരുന്ന ടാങ്കർ ട്രക്കിന് തീപിടിച്ചതിനെ തുടർന്ന് മൂന്ന് പേർ കൊല്ലപ്പെടുകയും 12ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
2015 ജൂണിൽ അക്രയിൽ പെട്രോൾ പമ്പിന് തീപിടിച്ച് 150ലധികം പേർ മരിച്ചു. വെള്ളപ്പൊക്കത്തെ തുടർന്ന് പെട്രോൾ പമ്പിൽ അഭയം തേടിയവരാണ് മരിച്ചവരിൽ അധികവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.