പെരുന്നാൾ ദിനത്തിൽ തീർത്ഥാടകരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 17 പേർ മരിച്ചു
text_fieldsകറാച്ചി: പാകിസ്താനിലെ സിന്ധ്, ബലൂചിസ്ഥാൻ പ്രവിശ്യകളുടെ അതിർത്തി പട്ടണത്തിന് സമീപം തീർത്ഥാടകരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 17 പേർ മരിക്കുകയും 38 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പെരുന്നാൾ ദിനത്തിൽ ബലൂചിസ്ഥാനിലെ ഖുസ്ദാർ ജില്ലയിലെ വിദൂര മുസ്ലീം സൂഫി ദേവാലയമായ ഷാ നൂറാനിയിൽ ആരാധന നടത്താൻ പോവുകയായിരുന്നു തീർത്ഥാടകർ. കറാച്ചിയിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയാണ് അപകടം നടന്ന സ്ഥലം.
സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ബസ് തോട്ടിലേക്ക് വീഴുകയായിരുന്നുവെന്ന് പറഞ്ഞു. യാത്രക്കാരെല്ലാം സിന്ധ് പ്രവിശ്യയിലെ തട്ട ടൗണിൽ നിന്നുള്ളവരാണ്.
ബുധനാഴ്ച ഉച്ചയ്ക്ക് തട്ടയിൽ നിന്ന് പുറപ്പെട്ട വാഹനം രാത്രി എട്ടു മണിയോടെയാണ് അപകടത്തിൽ പെട്ടത്. മരിച്ചവരെയും പരിക്കേറ്റവരെയും കറാച്ചിയിലെ സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മരിച്ചവരിൽ ചിലർ ഒരേ കുടുംബത്തിൽ പെട്ടവരാണെന്ന് പ്രാദേശിക പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.