1788 മുറികൾ, സ്വർണവും അമൂല്യ രത്നങ്ങളും ചേർന്ന അലങ്കാരപ്പണികൾ....; ആരെയും വിസ്മയിപ്പിക്കും മോദിക്ക് സ്വീകരണമൊരുക്കിയ ബ്രൂണെയിലെ കൊട്ടാരം
text_fieldsപ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസമാണ് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ ബ്രൂണെ സന്ദർശനത്തിനെത്തിയത്. 57 വര്‍ഷമായി ബ്രൂണെയുടെ ഭരണാധികാരിയായ ഹസനുല്‍ ബോല്‍കിയയുടെ ക്ഷണപ്രകാരമായിരുന്നു മോദിയുടെ സന്ദര്‍ശനം. ഇതോടെ ഇവിടെയെത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി മോദി. രണ്ടുദിവസത്തെ സന്ദർശനത്തിനൊപ്പം അദ്ദേഹത്തിന് സ്വീകരണമൊരുക്കിയ ബ്രൂണെയിലെ ഇസ്താന നൂറുൽ ഇമാൻ കൊട്ടാരത്തെ കുറിച്ചുള്ള വാർത്തകളും മാധ്യമങ്ങളിൽ നിറയുകയാണ്.
കണ്ണഞ്ചിപ്പിക്കുന്ന ആഡംബരമാണ് കൊട്ടാരത്തിലുടനീളം. ഇസ്‍ലാമിക-മലയ വാസ്തുശിൽപ ശൈലികൾ ഇടകലർത്തിയാണ് 21,52,782 ചതുരശ്രയടിയിൽ കൊട്ടാരം നിർമിച്ചിരിക്കുന്നത്. പ്രകാശത്തിന്റെ കൊട്ടാരം എന്നറിയപ്പെടുന്ന ഇതിന്റെ താഴികക്കുടത്തില്‍ 22 കാരറ്റ് സ്വര്‍ണം പൂശിയിട്ടുണ്ട്. 1984ൽ പണിപൂർത്തിയായ കൊട്ടാരത്തിന്റെ നിർമാണത്തിനായി 10,000 കോടിയാണ് ചെലവായതെന്നാണ് റിപ്പോർട്ട്. ഫിലിപ്പീൻസുകാരനായ ലിയനാഡോ ലോക്സിനാണ് രൂപകൽപന നിർവഹിച്ചത്.
1788 മുറികളുള്ള കൊട്ടാരത്തിൽ 257 ബാത്ത്റൂമുകളാണ് ഒരുക്കിയിട്ടുള്ളത്. സ്വർണവും അമൂല്യ രത്നങ്ങളുമെല്ലാം പതിച്ച അലങ്കാരപ്പണികൾ, 1500 പേർക്ക് ഒരേസമയം പ്രാർഥിക്കാവുന്ന പള്ളി, 5000 അതിഥികളെ ഉൾക്കൊള്ളാനാവുന്ന സൽക്കാരമുറി തുടങ്ങിയവയെല്ലാം പ്രൗഢി തെളിയിക്കുന്നു. 38 തരം മാർബിളുകളാണ് നിർമാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. റോൾസ് റോയ്സ്, ഫെരാരി തുടങ്ങിയ അത്യാഡംബര കാറുകളുടെ വൻ ശേഖരവും ഇവക്കായി 110 ഗാരേജുകളുമുണ്ട്. മകളുടെ വിവാഹത്തിന് സ്വർണം പൂശിയ റോൾസ് റോയ്സ് കാർ ഒരുക്കിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. സ്വകാര്യ മൃഗശാലയും നിരവധി സ്വിമ്മിങ് പൂളുകളുമെല്ലാം കൊട്ടാരത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.