ആശുപത്രിവളപ്പിൽ കൂട്ടക്കുഴിമാടം; അൽ ശിഫ ആശുപത്രിക്കരികെ ഒന്നിച്ച് ഖബറടക്കിയത് 179 പേരെ
text_fieldsഗസ്സ സിറ്റി: ബോംബിട്ടും വെടിവെച്ചും ഒപ്പം വൈദ്യുതി മുടക്കിയും ഉപരോധം തീർത്തും ഗസ്സയിലെ അൽ ശിഫ ആശുപത്രിയിൽ ഇസ്രായേൽ കൊന്നൊടുക്കിയ 179 ഫലസ്തീനികളെ ആശുപത്രിവളപ്പിൽതന്നെ കൂട്ടക്കുഴിമാടമൊരുക്കി ഖബറടക്കി. ഇന്ധനം തീർന്ന് ഇരുട്ടിലായ ആശുപത്രിയിൽ ഇൻകുബേറ്ററിൽ കഴിഞ്ഞിരുന്ന ഏഴ് നവജാത ശിശുക്കളും അത്യാഹിത വിഭാഗത്തിലെ 29 രോഗികളും കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങിയിരുന്നു.
ബോംബിങ്ങിലും വെടിവെപ്പിലും കൊല്ലപ്പെട്ടവരുടേതടക്കമുള്ള മൃതദേഹങ്ങൾ സംസ്കരിക്കാനാകാതെ ആശുപത്രി വളപ്പിൽ അഴുകിയ നിലയിലായിരുന്നു. ഇവ പുറത്തേക്കു മാറ്റാൻ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് ആശുപത്രി വളപ്പിൽ തന്നെ ഖബറിടമൊരുക്കിയതെന്ന് അൽ ശിഫ ഡയറക്ടർ മുഹമ്മദ് അബൂ സാൽമിയ പറഞ്ഞു. കനത്ത മഴക്കിടെ ആശുപത്രി മുറ്റത്തുതന്നെ മയ്യിത്ത് നമസ്കാരം നിർവഹിച്ചാണ് ഖബറടക്കം നടത്തിയത്. ഗസ്സയിലെ ഏറ്റവും വലിയ ആതുരാലയമായ അൽ ശിഫയിൽ ആയിരങ്ങൾ ഇപ്പോഴും മരണമുഖത്താണ്.
ചികിത്സയിലുള്ള മാസം തികയാതെ പ്രസവിച്ച മൂന്ന് കുഞ്ഞുങ്ങൾ കൂടി ചൊവ്വാഴ്ച മരിച്ചു. ഇൻകുബേറ്ററിൽ കഴിയേണ്ട 36 കുഞ്ഞുങ്ങളെ ഹാർഡ്ബോർഡ് പെട്ടികളിലാക്കി കിടക്കയിൽ കിടത്തിയ ചിത്രം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ആശുപത്രികൾ ഹമാസ് ആയുധപ്പുരകളാക്കുന്നുവെന്ന ആരോപണം വീണ്ടും ഉന്നയിച്ച ഇസ്രായേൽ അൽ റൻതീസി ചിൽഡ്രൻസ് ഹോസ്പിറ്റലിന്റേതെന്ന് അവകാശപ്പെട്ട് കഴിഞ്ഞദിവസം വിഡിയോ പുറത്തുവിട്ടിരുന്നു. ആശുപത്രിക്കടിയിലെ ചെറിയ ശുചിമുറിയുള്ള ഭൂഗർഭ അറയിലാണ് ബന്ദികളെ പാർപ്പിച്ചിരിക്കുന്നതെന്നാണ് ഇസ്രായേൽ വാദം.
എന്നാൽ, ആരോപണം തള്ളിയ ഗസ്സ ആരോഗ്യമന്ത്രാലയം, അഭയാർഥികളെയാണ് സുരക്ഷ മുൻനിർത്തി ഇവിടെ താമസിപ്പിച്ചിരിക്കുന്നതെന്ന് വിശദീകരിച്ചു. ആരോപണം ശരിയാണെങ്കിൽ തോക്കിൻമുനയിൽ ആശുപത്രി മുഴുവൻ ഒഴിപ്പിച്ചിട്ടും എന്തുകൊണ്ട് ബന്ദികളെയും പോരാളികളെയും കണ്ടെത്താനായില്ലെന്നും മന്ത്രാലയം വാർത്തക്കുറിപ്പിൽ ചോദിച്ചു. അൽ ശിഫ ആശുപത്രിക്കടിയിൽ സൈനിക കേന്ദ്രമുണ്ടെന്ന ആരോപണത്തിന് തെളിവ് നൽകാൻ ഹമാസ് വീണ്ടും ഇസ്രായേലിനെ വെല്ലുവിളിച്ചു. ഗസ്സയിലെ ആകെ മരണം 11,500 കടന്നു.
അഞ്ചു ദിവസത്തെ സമ്പൂർണ വെടിനിർത്തലിന് പകരമായി സ്ത്രീകളും കുട്ടികളുമടക്കം 70 ബന്ദികളെ വിട്ടയക്കാൻ തയാറാണെന്ന് ഹമാസ് ഖത്തറിന്റെ മധ്യസ്ഥന്മാരെ അറിയിച്ചതായി സായുധ വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ പറഞ്ഞു. ഇസ്രായേൽ തടവിലാക്കിയ 200 ഫലസ്തീൻ ബാലന്മാരെയും 75 സ്ത്രീകളെയും മോചിപ്പിക്കുകയും വേണം. ഇസ്രായേൽ ഇതിനോട് അനുകൂലമായാണ് പ്രതികരിച്ചതെന്നും ദിവസങ്ങൾക്കകം തീരുമാനമാകാൻ സാധ്യതയുണ്ടെന്നും ‘വാഷിങ്ടൺ പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു.
ഹമാസുമായി രൂക്ഷപോരാട്ടം നടക്കുന്ന ഗസ്സയിൽ രണ്ട് സൈനികർ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ സേന അറിയിച്ചു. ഇതോടെ കരയുദ്ധം തുടങ്ങിയതുമുതൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 46 ആയി. 12 സൈനിക വാഹനങ്ങൾ തകർത്തതായും ഏഴു സൈനികരെ കൊലപ്പെടുത്തിയതായും അൽ ഖസ്സാം ബ്രിഗേഡ് വക്താവ് പറഞ്ഞു. ഖാൻ യൂനുസിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ രണ്ട് കുടുംബങ്ങളിലെ 13 പേരും ജബലിയ അഭയാർഥി ക്യാമ്പിൽ 31 പേരും കൊല്ലപ്പെട്ടു. വെസ്റ്റ്ബാങ്കിലെ തുൽകറം അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ വെടിവെപ്പിൽ അഞ്ചുപേർ മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.