പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുണ്ടായ വാഹനാപകടത്തിൽ 18 പേർ മരിച്ചു; മരണസംഖ്യ ഉയർന്നേക്കും
text_fieldsലാഹോർ: ഞായറാഴ്ച രാവിലെ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുണ്ടായ വാനാപകടത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 18 യാത്രക്കാർ മരിക്കുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. കറാച്ചിയിൽ നിന്ന് ഇസ്ലാമാബാദിലേക്ക് പോകുകയായിരുന്ന ബസ് 40-ഓളം യാത്രക്കാരുമായി പുലർച്ചെ 4:30 ഓടെ ലാഹോറിൽ നിന്ന് 140 കിലോമീറ്റർ അകലെ ഫൈസലാബാദ് മോട്ടോർവേയിലെ പിണ്ടി ഭട്ടിയൻ സെക്ഷനിൽ പിക്ക് അപ്പ് വാനുമായി കൂട്ടിയിടിക്കുകയും തീപിടിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരിൽ നിരവധി സ്ത്രീകളും കുട്ടികളുമുണ്ട്.
കറാച്ചിയിൽ നിന്ന് ഇസ്ലാമാബാദിലേക്ക് പോകുകയായിരുന്ന ബസിൽ പുലർച്ചെ 4 മണിക്ക് പിണ്ടി-ഭാട്ടിയൻ ഇന്റർചേഞ്ചിന് സമീപം പിക്കപ്പ് ട്രക്കിൽ ഇടിച്ചതിന് തൊട്ടുപിന്നാലെയാണ് തീ പടർന്നതെന്ന് ഡി.പി.ഒ ഫഹദ് പറഞ്ഞു. പരിക്കേറ്റവരെ പിണ്ടി ഭട്ടിയനിലേക്കും ഫൈസലാബാദ് ആശുപത്രിയിലേക്കും മാറ്റിയതായി മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു. പരിക്കേറ്റവരിൽ നാലുപേരുടെ നില അതീവഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് ഐ.ജി അറിയിച്ചു. രണ്ട് വാഹനങ്ങളിലും തീ പടർന്നതിനാൽ മറ്റുള്ളവർക്ക് ഇറങ്ങാൻ അവസരം ലഭിച്ചില്ല. ഇരു വാഹനങ്ങളിലെയും ഡ്രൈവർമാർ തൽക്ഷണം തന്നെ മരിച്ചു. അപകട കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ഐ.ജി പറഞ്ഞു.
പഞ്ചാബ് മുഖ്യമന്ത്രി മൊഹ്‌സിൻ നഖ്‌വി അപകടത്തിൽ ദുഃഖം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകാൻ ബന്ധപ്പെട്ട അധികാരികളോട് നിർദേശിക്കുകയും ചെയ്തു. ജൂലൈയിൽ പഞ്ചാബിലെ രാജൻപൂർ ജില്ലയിലെ ഫാസിൽപൂർ മേഖലയിൽ ബസ് മറിഞ്ഞ് ഒരു സ്ത്രീയും രണ്ട് പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടെ അഞ്ച് പേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.