മെക്സികോയിൽ മേയറടക്കം 18 പേരെ വെടിവെച്ചുകൊന്നു
text_fieldsമെക്സികോ സിറ്റി: ദക്ഷിണ മെക്സികോയിലെ ഗുറേറോ സംസ്ഥാനത്ത് മേയറും പിതാവും ഉൾപ്പെടെ 18 പേരെ ക്രിമിനൽ സംഘം വെടിവെച്ചുകൊന്നു. സാഗ മിഗ്വേൽ ടോടോലാപാൻ പട്ടണ മേയർ കോൻരാഡോ മെൻഡോസ, അദ്ദേഹത്തിന്‍റെ പിതാവും മുൻ മേയറുമായ ജുവാൻ മെൻഡോ, സിറ്റി കൗൺസിൽ ഉദ്യോഗസ്ഥർ എന്നിവരാണ് കൊല്ലപ്പെട്ടവരിലേറെയും.
12 വയസ്സിൽ താഴെയുള്ള കുട്ടിയും കുരുതിക്കിരയായവരിൽപെടും. പരിപാടിക്കായി സാഗ മിഗ്വേൽ ടൗൺഹാളിലുണ്ടായിരുന്നവർക്കു നേരെയായിരുന്നു സംഘടിത ആക്രമണം. മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റു.ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ലോസ് ടെക്വിലറോസ് എന്ന ക്രിമിനൽ സംഘം ഏറ്റെടുത്തതായി സമൂഹമാധ്യമ റിപ്പോർട്ടുകൾ പറയുന്നു. അധികൃതർ ഇത് സ്ഥിരീകരിച്ചിട്ടില്ല. രാജ്യത്ത് മയക്കുമരുന്നുകടത്ത് സംഘങ്ങൾ തമ്മിൽ സംഘർഷം തുടരുന്ന പ്രദേശത്താണ് ആക്രമണം. ഇതോടെ രാജ്യത്ത് കൊല്ലപ്പെടുന്ന മേയർമാരുടെ എണ്ണം 18 ആയി, എട്ടാമത്തെ സാമാജികനും.
മറ്റൊരു സംഭവത്തിൽ അയൽസംസ്ഥാനമായ മൊറിലോസിലെ ക്വർനാവാകയിൽ നിയമസഭാംഗത്തെ ആക്രമികൾ വെടിവെച്ചുകൊന്നു. ബൈക്കിലെത്തിയ തോക്കുധാരികൾ, കാറിൽനിന്നിറങ്ങവെ സാമാജികയെ വെടിവെച്ചുവീഴ്ത്തുകയായിരുന്നുു. ഏറെയായി പലഭാഗത്തും സമാനമായ ആക്രമണങ്ങൾ തുടരുന്നത് ജനങ്ങളിൽ ആശങ്ക ഇരട്ടിയാക്കിയിട്ടുണ്ട്.
ആക്രമണസംഭവങ്ങൾ അവസാനിപ്പിക്കാൻ സൈനികർക്ക് കൂടുതൽ അധികാരം നൽകുന്ന ചർച്ചകൾക്ക് പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപസ് ഒബ്രഡോർ തുടക്കമിട്ട സമയത്തുതന്നെയാണ് രണ്ടിടത്ത് വൻ ആക്രമണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.