ഗസ്സയിൽ 24 മണിക്കൂറിനിടെ 187 മരണം; വെടിനിർത്തൽ ചർച്ച: ഹമാസ് സംഘം കൈറോയിൽ
text_fieldsയുദ്ധം തുടങ്ങി 84 ദിവസം പിന്നിട്ടിട്ടും ബന്ദികളെ പൂർണമായി മോചിപ്പിക്കാൻ കഴിയാത്തതിൽ ഇസ്രായേലിൽ നെതന്യാഹു സർക്കാറിനുമേൽ സമ്മർദം ശക്തം
കൈറോ: ഗസ്സയിൽ വെടിനിർത്തലിന് ഈജിപ്ത് മുന്നോട്ടുവെച്ച നിർദേശങ്ങൾ ചർച്ചചെയ്യാൻ ഹമാസ്, ഇസ്ലാമിക് ജിഹാദ് പ്രതിനിധി സംഘം കൈറോയിൽ. താൽക്കാലിക വെടിനിർത്തൽ, ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റം, സ്ഥിരം വെടിനിർത്തൽ എന്നിങ്ങനെ മൂന്നുഘട്ട പദ്ധതിയാണ് ഈജിപ്ത് നിർദേശിച്ചത്.
ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാതെ ഇനി ചർച്ചക്കില്ലെന്ന് ഒരാഴ്ച മുമ്പ് കൈറോയിൽ നടന്ന കൂടിക്കാഴ്ചയിൽ ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മായിൽ ഹനിയ്യ വ്യക്തമാക്കിയിരുന്നു.
യുദ്ധം തുടങ്ങി 84 ദിവസം പിന്നിട്ടിട്ടും ബന്ദികളെ പൂർണമായി മോചിപ്പിക്കാൻ കഴിയാത്തതിൽ ഇസ്രായേലിൽ നെതന്യാഹു സർക്കാറിനുമേൽ സമ്മർദം ശക്തമാണ്.
ബന്ദികളുടെ കുടുംബാംഗങ്ങളടക്കം പങ്കെടുത്ത വൻ പ്രതിഷേധ പ്രകടനങ്ങൾ കഴിഞ്ഞദിവസങ്ങളിൽ തെൽഅവീവിൽ നടന്നിരുന്നു. ഇസ്രായേൽ തടവറയിൽ കഴിയുന്ന മുഴുവൻ ഫലസ്തീനികളുടെയും മോചനം, ഗസ്സയിൽനിന്ന് സമ്പൂർണ സൈനിക പിന്മാറ്റം എന്നീ ആവശ്യങ്ങൾ ചർച്ചയിൽ മുന്നോട്ടുവെക്കുമെന്ന് ഹമാസ് പ്രതിനിധി എ.എഫ്.പി വാർത്ത ഏജൻസിയോട് പറഞ്ഞു. യുദ്ധത്തിനുശേഷമുള്ള ഫലസ്തീന്റെ ഭരണം, ഗസ്സയുടെ പുനർനിർമാണം തുടങ്ങിയ വിഷയങ്ങളും ചർച്ചയാകുമെന്നറിയുന്നു. അതേസമയം, മഗാസി, നുസൈറാത്, ബുറൈജ് അഭയാർഥി ക്യാമ്പുകളിൽ ഇസ്രായേൽ കൂട്ടക്കൊല തുടരുകയാണ്. 24 മണിക്കൂറിനിടെയുണ്ടായ 20 ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കം 187 പേർ കൊല്ലപ്പെട്ടു. ഇതോടെ ഗസ്സയിൽ മൊത്തം കൊല്ലപ്പെട്ടവരുടെ എണ്ണം 21,507 ആയി. 55,915 പേർക്ക് പരിക്കുണ്ട്. ആക്രമണത്തിന് ഏഴാം ബ്രിഗേഡിനെയും രംഗത്തിറക്കിയതായി ഇസ്രായേൽ സേന അറിയിച്ചു.
നിരന്തര ആക്രമണത്തിൽ ഗസ്സക്കാരിൽ 85 ശതമാനവും ഭവനരഹിതരായി. ടാർപോളിൻകൊണ്ടുണ്ടാക്കിയ താൽക്കാലിക അഭയാർഥി ക്യാമ്പുകളിലാണ് ഇവർ താമസിക്കുന്നത്.
അൽഖസ്സം ബ്രിഗേഡിന്റെ പ്രത്യാക്രമണത്തിൽ ഒരു ഇസ്രായേലി സൈനികൻകൂടി കൊല്ലപ്പെട്ടു. ഇതോടെ കരയുദ്ധം ആരംഭിച്ചതു മുതൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 160 ആയി. വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ നടത്തിയ പരിശോധനയിൽ കുട്ടിയടക്കം 14 ഫലസ്തീനികളെ കസ്റ്റഡിയിലെടുത്തു.
മസ്ജിദുൽ അഖ്സയിൽ വെള്ളിയാഴ്ച ജുമുഅക്കെത്തിയവർക്കുനേരെ ഇസ്രായേൽ ജലപീരങ്കി പ്രയോഗം നടത്തി. സിറിയൻ തലസ്ഥാനമായ ഡമസ്കസിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.