നേരില്‍ കാണാത്ത ആറുവയസ്സുകാരന് ചികിത്സക്ക് 61 ലക്ഷം നല്‍കി 19കാരന്‍ അര്‍ബുദത്തിന് കീഴടങ്ങി
text_fieldsവാഷിങ്ടണ്‍: ജീവിതത്തില്‍ ഒരിക്കല്‍ പോലും നേരില്‍ കാണാത്ത, അര്‍ബുദം ബാധിച്ച ആറു വയസ്സുകാരന് ചികിത്സക്കായി 61 ലക്ഷം രൂപ സമാഹരിച്ച് നല്‍കി 19കാരന്‍ അര്‍ബുദത്തിന് കീഴടങ്ങി. റൈസ് ലാങ്‌ഫോര്‍ഡ് എന്ന 19കാരനാണ് സുമനസ്സുകളില്‍നിന്നും ഇത്രയും തുക ശേഖരിച്ച് നല്‍കി മറ്റൊരു അര്‍ബുദ രോഗിയുടെ ചികിത്സ ഉറപ്പാക്കിയത്.
കഴിവുറ്റ അത്‌ലറ്റായിരുന്നു റൈസ്. 2020 ഒക്ടോബറിലാണ് ഓസ്റ്റിയോസര്‍കോമ എന്ന അര്‍ബുദം അവന് സ്ഥിരീകരിക്കുന്നത്. ഇതോടെ കീമോയും സര്‍ജറിയുമെല്ലാം ആരംഭിച്ചു. വലത് കാലില്‍മുട്ടിന് മുകളിലെ എല്ലുകള്‍ സര്‍ജറിയില്‍ നീക്കം ചെയ്തതോടെ നടക്കാന്‍ രണ്ട് ഊന്നുവടികള്‍ അനിവാര്യമായി. വീണ്ടും കീമോ തുടരേണ്ടി വന്നെങ്കിലും അസുഖം ഭേദമായെന്ന പ്രതീക്ഷയിലായിരുന്നു റൈസിന്റെ അമ്മയും മുത്തശ്ശിയുമെല്ലാം.
പക്ഷേ, 2021 ഒക്ടോബറില്‍ വീണ്ടും അസുഖ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. ഡിസംബറില്‍ രോഗം ഗുരുതരാവസ്ഥയിലാണെന്ന് റൈസിനെ അറിയിച്ചു. ഈ സമയത്താണ് റൈസ് തന്റെ നാട്ടില്‍ തന്നെയുള്ള ജേക്കബ് ജോണ്‍സിന്റെ അവസ്ഥയെക്കുറിച്ച് അറിയുന്നത്.
ന്യൂറോബ്ലാസ്‌റ്റോമ എന്ന അര്‍ബുദമായിരുന്നു ആറു വയസ്സ് മാത്രം പ്രായമുള്ള ജേക്കബിനെ ബാധിച്ചിരുന്നത്. ജേക്കബിന്റെ മാതാപിതാക്കളാകട്ടെ തങ്ങളുടെ കുഞ്ഞിന്റെ ചികിത്സക്ക് പണം കണ്ടെത്താനുള്ള ശ്രമത്തിലുമായിരുന്നു അപ്പോള്‍. ഇതോടെ റൈസ് തന്റെ സമ്പാദ്യമായ 1000 പൗണ്ട് (ഒരു ലക്ഷം രൂപ) ജേക്കബിന് വേണ്ടി അയച്ചു നല്‍കി. കൂടാതെ 60 ലക്ഷം രൂപ സുമനസ്സുകളില്‍നിന്നും സമാഹരിച്ചും നല്‍കി.
ഒടുവില്‍ കഴിഞ്ഞ ചൊവ്വാഴ്ച റൈസ് മരിച്ചു. എന്നാല്‍, അപ്പോഴേക്കും ജേക്കബിന്റെ ചികിത്സക്കായുള്ള പണം അവന്‍ ഉറപ്പുവരുത്തിയിരുന്നു. തന്റെ അന്ത്യാഭിലാഷങ്ങളിലൊന്ന് ജേക്കബിനെ സഹായിക്കലാണെന്ന് അമ്മ കാതറിനോട് അവന്‍ പറഞ്ഞിരുന്നു. റൈസ് കാണിച്ച ധൈര്യവും സ്‌നേഹവും അനുകമ്പയും അവിശ്വസനീയമായിരുന്നെന്ന് കാതറിന്‍ പിന്നീട് ഫേസ്ബുക്കില്‍ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.