ഇറാഖിൽ നിന്നുണ്ടായ ഡ്രോണാക്രമണത്തിൽ രണ്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു
text_fieldsതെൽ അവീവ്: ഇറാഖിൽ നിന്നുണ്ടായ ഡ്രോണാക്രണത്തിൽ രണ്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. 24 പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്. ഇന്നലെയാണ് ആക്രമണം ഉണ്ടായവിവരം ഇസ്രായേൽ പ്രതിരോധസേന സ്ഥിരീകരിച്ചത്.
ഡാനിയൽ അവീവ് ഹൈം സോഫർ, താർ ഡ്രോറർ തുടങ്ങിയ സൈനികരാണ് കൊല്ലപ്പെട്ടത്. രണ്ട് പൊട്ടിത്തെറികളാണ് ഉണ്ടായതെന്ന് ഇസ്രായേൽ പ്രതിരോധസേന അറിയിച്ചു. ഇറാഖിൽ നിന്നാണ് ആക്രമണങ്ങൾ ഉണ്ടായത്. സ്ഫോടകവസ്തുക്കളുമായെത്തിയ ഡ്രോണുകളിലൊന്നിനെ ഇസ്രായേൽ എയർ ഡിഫൻസ് വെടിവെച്ചിട്ടു. മറ്റൊന്ന് ഗോലാൻ കുന്നുകളിലെ സൈനിക കേന്ദ്രത്തിൽ പതിക്കുകയായിരുന്നു.
ആദ്യ ഡ്രോണെത്തിയപ്പോൾ സൈറണുകൾ മുഴങ്ങിയിട്ടും രണ്ടാമത്തെ ഡ്രോണിനെ പ്രതിരോധിക്കാൻ കഴിയാതിരുന്നത് ഇസ്രായേൽ പരിശോധിക്കുന്നുണ്ട്. രണ്ടാമത്തെ ഡ്രോൺ എത്തിയപ്പോൾ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയിരുന്നില്ല. അതേസമയം, ആക്രമണത്തിൽ 24 പേർക്ക് പരിക്കേറ്റുവെന്നും ഇസ്രായേൽ പ്രതിരോധസേന അറിയിച്ചു.
ഇറാഖിലെ ഇസ്‍ലാമിക് റെസിസ്റ്റൻസ് ഗ്രൂപ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. വടക്കൻ ഇസ്രായേലിനെ ലക്ഷ്യമിട്ട് ഡ്രോണുകൾ തൊടുത്തുവെന്നും ഇവർ അറിയിച്ചു. ഇതിന് മുമ്പും ഇത്തരത്തിൽ ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാഖിൽ നിന്നും ഡ്രോണുകൾ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.