നെറ്റ്ഫ്ലിക്സ് സീരീസ് വഴി തുറന്നു; മാൽകം എക്സ് വധത്തിൽ 20 വർഷം ജയിൽ ശിക്ഷയനുഭവിച്ച രണ്ടു പേരെ കുറ്റവിമുക്തരാക്കുന്നു
text_fieldsവാഷിങ്ടൺ: 1960 കളിൽ അമേരിക്കയിലെ ആഫ്രോ അമേരിക്കൻ മുന്നേറ്റത്തിന്‍റെയും മനുഷ്യാവകാശ പോരാട്ടങ്ങളുടെയും നേതാവായിരുന്ന മാൽകം എക്സിനെ കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ട രണ്ടുപേരെ നിരപരാധികളായി പ്രഖ്യാപിച്ചേക്കും. മുഹമ്മദ് എ അസീസ്(നോർമാൻ 3എക്സ് ബട്ലർ), ഖലീൽ ഇസ്ലാം (തോമസ് 15എക്സ് ജോൺസൺ) എന്നിവരെയാണ് മാൻഹട്ടൻ ഡിസ്ട്രിക്ട് കോടതി കുറ്റവിമുക്തരാക്കാൻ തയാറെടുക്കുന്നത്.
1965 ഫെബ്രുവരി 21ന് വാഷിങ്ടണിൽ ഒരു പരിപാടിയിൽ സംസാരിക്കവെ, ഗർഭിണിയായ ഭാര്യയുടെയും മൂന്ന് മക്കളുടെയും മുന്നിൽ വെച്ചാണ് 39 കാരനായ മാൽകം എക്സ് വധിക്കപ്പെടുന്നത്. സദസ്സിൽനിന്ന് ഒരാൾ മാൽക്കമിനുനേർക്ക് നിറയൊഴിക്കുകയായിരുന്നു. അതേസമയം, രണ്ടുപേർ യന്ത്ര തോക്കുകൾകൊണ്ട് വേദിയിലേക്ക് നിറയൊഴിക്കുകയും ചെയ്തു.
വെടിവെപ്പു നടത്തിയ ഹേഗനെ അവിടെ വെച്ചുതന്നെ പിടികൂടിയിരുന്നു. മുഹമ്മദ് എ അസീസ്, ഖലീൽ ഇസ്ലാം എന്നിവർക്ക് കൃത്യത്തിൽ പങ്കില്ലെന്നു അദ്ദേഹം വിചാരണക്കിടെ വെളിപ്പെടുത്തിയിരുന്നു. കറുത്ത വർഗക്കാരുടെ അവകാശങ്ങൾക്കായി നിലകൊണ്ട മാൽകം എക്സിനെ വംശീയ താൽപര്യങ്ങളോടെ കൊലപ്പെടുത്തുകയായിരുന്നെന്നും യഥാർഥ പ്രതികളെ രക്ഷപ്പെടാൻ ഭരണകൂടം സഹായിച്ചുവെന്നും ആരോപണം നേരത്തെ ശക്തമായിരുന്നു. യഥാർഥ കുറ്റവാളികളെ എഫ്.ബി.ഐ മറച്ചുപിടിക്കുകയാണെന്നും ആരോപണമുണ്ടായി.
എന്നാൽ, ആരോപണങ്ങൾ തള്ളിയ കോടതി ഇരുവരെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 20 വർഷത്തെ തടവിന് ശേഷം 1985 ൽ ജയിൽ മോചിതനായ അസീസിന് ഇപ്പോൾ 83 വയസുണ്ട്. 1987 ൽ ശിക്ഷ പൂർത്തിയാക്കി ജയിൽ മോചിതനായ ഖലീൽ ഇസ്ലാം 2009 ൽ മരിച്ചു. ശിക്ഷ വിധിക്കുേമ്പാൾ അസീസിന് ആറു മക്കളും ഭാര്യയുമുള്ള കുടുംബവും ഖലീലിന് മൂന്നു മക്കളും ഭാര്യയുമുള്ള കുടുംബവും ഉണ്ടായിരുന്നു. കൊലപാതകം നടക്കുേമ്പാൾ ഇരുവരും മറ്റു സ്ഥലങ്ങളിൽ ഉണ്ടായിരുന്നു എന്നതിനുള്ള തെളിവുകളടക്കം വിചാരണക്കിടയിൽ ഹാജരാക്കിയിട്ടും ഇരുവരെയും ശിക്ഷിക്കുകയായിരുന്നു.
കഴിഞ്ഞ വർഷം വന്ന ഒരു നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററി സീരീസാണ് ഈ കേസിലേക്ക് വീണ്ടും ശ്രദ്ധയാകർഷിച്ചത്. അബ്ദുറഹ്മാൻ മുഹമ്മദിന്‍റെ 'ആരാണ് മൽകം എക്സിനെ കൊന്നത്' എന്ന ഡോക്യുമെന്‍ററിയും 'മരിച്ചവർ ഉയർന്നുവരുന്നു' എന്ന പുസ്തകവും മാൽകം എക്സ് വധക്കേസിലെ നിഗൂഡതകൾ ചർച്ചയാക്കി. നെറ്റ്ഫ്ലിക്സ് സീരീസ് പുറത്തു വന്നതിന് ശേഷം കേസ് പുനഃപരിശോധിക്കുമെന്ന് മാൻഹട്ടൻ ഡിസ്ട്രിക്ട് അറ്റോണി സൈറസ് ആർ വാൻസെയുടെ ഓഫിസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.